വടക്കൻ കേരളത്തിലെ കുമ്പള എന്ന സ്ഥലത്തെ പാറ സ്ഥാനത്ത് ഒരു ആലി ഭൂതമുണ്ട്. അവിടെ ആലിഭൂതത്തെ കെട്ടിയാടിക്കപ്പെടുന്നു. ഇവിടെ ജാതിവ്യത്യാസമില്ല. സ്വന്തം പരദേവതയാണ് എല്ലാവര്ക്കും ആലിഭൂതം. കുമ്പള എന്ന സ്ഥലത്തെ ജനങ്ങളുടെ ദൈവമാണത്. ആലി ഭൂതത്തിനു ഒരു തുർക്കിത്തൊപ്പിയുണ്ട്. ദേഹം മുഴുവൻ കരി തേക്കുന്നു. മാപ്പിള കൈലി ഉടുക്കുന്നു. തുർക്കിത്തൊപ്പി സ്വർണ്ണം കൊണ്ടാണ്. ഭക്ത ജനങ്ങൾ പ്രാർത്ഥനയായി മുല്ലപ്പൂ മാലകൾ കൊണ്ട് വരുന്നു. അവരിലേക്ക് ഇറങ്ങിക്കിച്ചെല്ലുന്ന ആലിഭൂതം ആ മുല്ല മാലകൾ സ്വീകരിക്കുന്നു. കൂടെ ഒരു പ്രശ്നക്കാരനുണ്ട്. ഈ പ്രശ്നക്കാരൻ ആലി ദൈവത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെപ്പോലെയാണ്. ആലി ദൈവത്തിനു തൃപ്തിയായോ, മനസ്സിൽ എന്താണ് എന്നൊക്ക പ്രശ്നക്കാരൻ പറഞ്ഞു തരുന്നു. അങ്ങിനെ ദേവ മനസ്സറിയുന്ന പ്രശ്നനക്കാരൻ ആലിദൈവത്തിന്നു സമർപ്പിക്കുന്ന കോഴികളെ വാങ്ങി വെക്കുന്നു. നിരവധി കോഴികൾ അവിടെയെത്തുന്നു. പൊന്നും പണ്ടവും ആലി ദൈവത്തിനു ഇഷ്ടമാണ്. ആലിഭൂതത്തിന്നു വഴിപാടായെത്തുന്ന മുസ്‌ലിം സ്ത്രീകൾ നിരവധിയാണ്. തെക്കുനിന്നു കുടിയേറി വന്ന ദൈവമാണ് ആലി ദൈവം. അന്നൊരു കൂട്ടുകാരനും കൂടെയുണ്ടായിരുന്നു. മരുന്നും മന്ത്രവാദവുമായുള്ള കച്ചവടമായിരുന്നു അന്ന്. മുറി വൈദ്യന്മാരുടെയും മന്ത്രവാദികളുടെയും കാലം. ജനസമ്മതി നേടിയതോടെ ആലി എന്ന മുറിവൈദ്യൻ ആലി ഭൂതമോ ആലി ദൈവമോ ആയി. മാരണം ചെയ്യൽ, ഭീകര മന്ത്രവാദം, ശ്ത്രീ വശ്യം എന്നിവ തുടങ്ങിയപ്പോൾ ആലിയെ കണ്ടാൽ ജനം ഭയക്കാൻ തുടങ്ങി. അക്കാലത്ത് കുമ്പളനാട്ടിൽ മഹാ ദുർഗ്ഗയായ രക്തേശ്വരി ഉപാസകരായ ഒരമ്മയും മകളും വിളിക്കുമ്പോഴേക്കും ദേവി മുന്നിലെത്തും എന്ന വിശ്വാസക്കാരായിരുന്നു. ആണ്മക്കളില്ലാത്ത ആ മാതാവിന്റെ ഒരേയൊരു മകളായിരുന്നു അത്. കുളികഴിഞ്ഞു ഈറനുടുത്തുകൊണ്ട് ആ മകൾ പോകുന്നത് ആലിമാപ്പിള കണ്ടു. ആലി അവളെ കൊതിച്ചു. വശത്താക്കാൻ ചെയ്ത ദുര്മന്ത്രവാദങ്ങളൊന്നും ഫലിച്ചില്ല. അപ്പോൾ ആലി ഭ്രാന്തനെപ്പോലെയായി. ഒരിക്കൽ കാട്ടിൽ വിറകിനുപോയ അമ്മയും മകളും തിരിച്ചുവരാൻ വൈകി ദാഹവും വിശപ്പും കൊണ്ട് വലഞ്ഞു. അപ്പോൾ വഴിയോരത്ത് ഒരാൾ ഇരുന്നു ചക്ക വിൽക്കുന്നു. അവരങ്ങോട്ട് നടന്നു. ചുമടിറക്കി ചക്കക്കാരന്റെ അടുത്തെത്തി. അതാ അലി മാപ്പിള തന്നെ. വിശപ്പിന്റെ കാഠിന്യം കൊണ്ട് അലി മാപ്പിളയുടെ മുന്നിലെത്താൻ നിർബ്ബന്ധിതരായ ആ അമ്മയോടും മകളോടും വൈരാഗ്യം തീർക്കാണെന്ന നിലയിൽ അയാൾ പറഞ്ഞു മുള്ളെണ്ണിയാണ് ചക്കയുടെ വിലയെന്ന്. ദുഷ്ടനായ അലി കാശ് പിന്നെ മതിയെന്നൊരു വിട്ടുവീഴ്ച കൂടി ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞു അലി അവരുടെ വീട്ടിലെത്തി. അന്ന് പണമില്ലായിരുന്നു. ഞാൻ നാളെയും വരും എന്ന് താക്കീത് നൽകി. അങ്ങിനെ അയാളെത്തി. ഒരു പാവയെപ്പോലെ അവർ അലിക്ക് വഴിപ്പെട്ടു അവർ ബോധരഹിതരായി. എഴുന്നേറ്റപ്പോൾ മകളുടെ ചേതനയറ്റ ശരീരം കണ്ടു അവർ രക്തേശ്വരിയോട് പ്രാർത്ഥിച്ചു. ആ പിശാചിന്റെ ശവം കണ്ടേ ഞാൻ ഇനി നിനക്ക് വിളക്ക് വെക്കൂ. ആ പ്രതിജ്ഞ അവിടെ മാറ്റൊലിക്കൊണ്ടു. അധിക ദിവസങ്ങൾ കഴിയുന്നതിനു മുൻപ് ഒരാൾ ധൃതിയിൽ വരമ്പിലൂടെ നടന്നു പോകുന്നു. അത് അലിയാണ്. കുളത്തിൽ നിന്ന് എന്തോ ശബ്ദം കേട്ടു. അലി കുളത്തിലേക്ക് നോക്കിയപ്പോൾ ഒരു സുന്ദരി നീന്തിക്കളിക്കുന്നു. സുന്ദരി അലിയോട് പുഞ്ചിരിച്ചു. അലി പടവുകളിറങ്ങി. അവൾ ഒരുമിച്ചു നീരാടണമെങ്കിൽ കുളത്തിൽ തലങ്ങും വിലങ്ങും നീന്തി കരുത്തു കാണിക്കാൻ ആവശ്യപ്പെട്ടു. അലി സമ്മതിച്ചു. അവൾ അലിയോട് ഉറുക്കും നൂലും അഴിച്ചു വെക്കാൻ ആവശ്യപ്പെട്ടു. നീന്തി ക്ഷീണിച്ച അലി സുന്ദരി യുടെ മുന്നിലെത്തി അവൾ രക്തേശ്വരിയായി മാറി. അലിയെ മുക്കിക്കൊന്നു. കുളത്തിലെ ശവം നാട്ടുവാർത്തയായി. അമ്മയും മകളും പരദേവതയുടെ ഭക്തവാത്സല്യം നേരിൽ മനസ്സിലാക്കി. ദേവിപീഠത്തിൽ തിരികൊളുത്തി. കുറെ നാളുകൾ കഴിഞ്ഞു അമ്മയുടെ വീട്ടിൽ പ്രശ്ന വിചാരം നടന്നു. അപ്പോൾ മനസ്സിലായി ആത്മസ്വരൂപം ആയി മാറിയ അലി മാപ്പിള ഇന്ന് അമ്മയുടെ വീടിന്റെ കാവൽക്കാരനാണെന്ന്. ദൃശ്യമല്ലാത്ത ആ ആത്മസ്വരൂപത്തിനു വേണ്ടി ‘അമ്മ തിരികൊളുത്തി. മനുഷ്യന്റെ ചീത്ത വികാരത്തെ വെറുക്കുകയും മനുഷ്യനെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന തത്വം അലി ഭൂതത്തിന്റെ തിരി കത്തിച്ചുകൊണ്ട് ‘അമ്മ വെളിപ്പെടുത്തി. അലിയുടെ വട്ടക്കുടയും ഉറുക്കും ആ കുളക്കടവിൽ ഉണ്ടെന്നു അവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു. അലിഭൂതത്തിന്റെ തെയ്യാട്ടക്കാലത്ത് ഹിന്ദുക്കളും മുസ്ലീമുകളും അവിടെ ഒത്തു ചേരുന്നു.
*****