ഇതെഴുതുമ്പോൾ എനിക്ക് 76 വയസ്സായി. എന്റെ ചെറുപ്പകാലം. അതായതു അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന കാലം. മാങ്ങ അന്ന് സുലഭമായിരുന്നു. പണം കൊടുക്കാതെ തന്നെ ലഭിക്കുന്ന മാങ്ങ അച്ചാറിടുന്നത് മിക്കവാറും പതിവായിരുന്നു. മാർക്കറ്റിൽ അച്ചാറുകൾ ഒരു സാധാരണ വസ്തുവായിരുന്നില്ല. അച്ചാർ കമ്പനികൾ കുറവായിരുന്നു. അങ്ങിനെ വീട്ടിലിടുന്ന അച്ചാറുകൾക്ക് സുർക്ക ഒരു ഒഴിച്ചുകൂടാത്ത ചേരുവയും ആയിരുന്നു. അതുകൊണ്ടുതന്നെ പലചരക്കു പീടികകളിൽ ലഭ്യമായ ഒരു സാധാരണ വസ്തുവും ആയിരുന്നു ദ്വീപ്സുർക്ക:
മിനിക്കോയ് ദ്വീപ് സുർക്ക:
എന്റെ വീട്ടിനു സമീപം കിഴക്കേ നടക്കാവിലെ രാരിച്ചൻ റോഡ് വയനാട് റോഡിൽ ചേരുന്ന സ്ഥാനത്ത് വയോധികനും പ്രസന്ന വദനനുമായ ഒരു ഹസ്സൻ കോയയുടെ പീടികയുണ്ടായിരുന്നു. ഹസ്സൻ കോയയുടെ കുറുവ അരി ചാക്കിൽ മുന്നോട്ടാഞ്ഞു കുറുവക്കിടക്കയിൽ അർദ്ധ ശയനം നടത്തിക്കൊണ്ട് ഞാൻ; അയാളുടെ പീടികയിലെ തട്ടിൽ നിരത്തിവെച്ച നിരത്തിവെച്ച കുപ്പിയുടെ ലേബൽ വായിച്ചു. അതിൽ ഒരു പ്രധാന സ്ഥാനം കയ്യടക്കിയിരുന്നത് മിനിക്കോയ് ദ്വീപ് സുർക്ക എന്ന നിറമില്ലാത്ത ഒരു ദ്രാവകമായിരുന്നു. അന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന, 11 വയസ്സുകാരനായ ഞാൻ മിനിക്കോയി സുർക്ക എന്ന വാക്ക് കാണാപ്പാഠമാക്കി ‘അമ്മ ഏൽപ്പിച്ച ഒരു റാത്തൽ പഞ്ചസാരയും വാങ്ങി വീട്ടിലേക്ക് നടന്നു. ഞാൻ അച്ഛനോട് ചോദിച്ചു “മിനിക്കോയ് എന്ന് പറഞ്ഞാൽ എന്താണെന്നു?” അപ്പോൾ അച്ഛനാണ് പറഞ്ഞുതന്നത്. അറബിക്കടലിൽ ലക്ഷ ദ്വീപ് സമൂഹം എന്ന ദ്വീപുകളിൽ ഒന്നാണ് മിനിക്കോയ് എന്നത്.
ഇന്ന് സുർക്ക എന്നത് അസറ്റിക് ആസിഡ് നേർപ്പിച്ചതാണ്. ബി എസ സി യിൽ രസതന്ത്രം പ്രാക്ടിക്കലിൽ Salt analysis എന്ന വിഷയത്തിൽ അസറ്റിക് അസിഡിനെപ്പറ്റി മനസ്സിലാക്കാനുള്ള ടെസ്റ്റുകളിൽ ഒന്ന് മണത്തു നോക്കൽ ആയിരുന്നു അതിൽ പഴങ്ങളുടെ മണം ( Fruity smell ) എന്നായിരുന്നു. ഇന്ന് പ്രകൃതിയുടെ മണമുള്ള ആ ദ്വീപ് സുർക്കയുടെ സ്ഥാനം ചെറുകിട വ്യവസായം കയ്യടക്കി. ഇന്ന് അതിന്റെ ലേബലിൽ Diluted Acetic acid എന്ന് കാണാം. ഞാൻ എട്ടാം ക്‌ളാസിൽ എത്തിയപ്പോൾ ദ്വീപിൽ നിന്ന് വന്ന നാലു വിദ്യാർഥികൾ ഞങ്ങളുടെ ക്ളാസിൽ ഉണ്ടായിരുന്നു. നിഷ്കളങ്കരായ ആ മുസ്‌ലിം വിദ്യാർത്ഥികളെ എല്ലാവരും ഇഷ്ടപ്പെട്ടു. അവരുടെ പേരുകൾ പോലും ഇന്ന് ഞാനോർക്കുന്നു. അന്ന് പടിഞ്ഞാറെ നടക്കാവിൽ നിന്ന് ആറാം ഗെയ്റ്റിലേക്ക് പോകുന്ന പണിക്കർറോഡിലെ ഒരു ഹോസ്റ്റലിൽ ആയിരുന്നു അവരുടെ താമസം. അവരോടു ഞാൻ ചോദിച്ചു സുർക്ക നിങ്ങളുടെ നാട്ടിലല്ലേ ഉണ്ടാക്കുന്നത് എന്ന് അവർ പറഞ്ഞു അതെ അത് തെങ്ങിൽ നിന്നെടുക്കുന്ന ഒരു വസ്തുവാണെന്ന്.
ബി എസ സി ക്ക് സുവോളജി വിഷയം ആയിരുന്നതിനാൽ ആദ്യം ലഭിച്ച ജോലി ലക്ഷദ്വീപിലെ ഫിഷറീസ് ഇൻസ്‌പെക്ടർ ആയിട്ടായിരുന്നു. എന്നാൽ മൽസ്യ ബോട്ടുകളിൽ ദിവസങ്ങളോളം ചെലവഴിക്കണമെന്നും അത് ബുദ്ധിമുട്ടായിരിക്കും എന്നും പറഞ്ഞു എന്റെ ഒരു അമ്മാമന്റെ സുഹൃത്തായ അന്നത്തെ അഡ്മിനിസ്ട്രേറ്റർ നിരുത്സാഹപ്പെടുത്തിയത് കാരണം ആ കേന്ദ്രസർക്കാർജോലി വേണ്ടെന്നു വെക്കുകയാണുണ്ടായത്. അന്ന് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് കോഴിക്കോട്ട് കടപ്പുറത്തായിരുന്നു. കേരള മണ്ണിൽ ജനിച്ച മൂർക്കോത്തു രാമുണ്ണിയെപ്പോലെയുള്ളവരായിരുന്നു അന്നത്തെ അഡ്മിനിസ്ട്രേറ്റർമാർ.
മെഡിക്കൽ റപ്രസന്ററ്റിവായി ജോലി ലഭിച്ചപ്പോൾ ആ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന ഫാർമസി സ്റ്റോറിൽ ജോലി സംബന്ധമായി പല പ്രാവശ്യം പോകേണ്ടിയിരുന്നു. ദ്വീപിലേക്കുള്ള മരുന്നുകൾ ആ സ്റ്റോറിൽ നിന്നായിരുന്നു അയച്ചിരുന്നത്. അവിടുത്തെ ചാർജ്ജായിരുന്ന ഫാര്മസിസ്റ് രാധാകൃഷ്ണൻ കോഴിക്കോട് മൊയ്‌തീൻ പള്ളി റോഡിലെ രഘുലാൽ & കമ്പനി എന്ന സ്ഥാപനത്തിൽ ലക്ഷദ്വീപിലേക്കുള്ള മരുന്ന് വാങ്ങാൻ വരുമായിരുന്നു അദ്ദേഹം എന്റെ അടുത്ത സുഹൃത്തായി മാറി. അദ്ദേഹം എനിക്ക് ദ്വീപിലെ ടൂണ മൽസ്യം ടിന്നിൽ പാക്ക് ചെയ്തത് പല പ്രാവശ്യവും തന്നിട്ടുണ്ട്. അത് കിള്ളി വറുത്തു കഴിഞ്ഞാൽ ഇടിച്ചക്ക തോരൻ പോലെയുണ്ടാവും. വളരെ സ്വാദിഷ്ടമായിരുന്നു. ദ്വീപിലേക്ക് രാധാകൃഷ്ണൻ എന്നെ പല പ്രാവശ്യവും ക്ഷണിച്ചിരുന്നു അവിടുത്തെ മനോഹാരിതയെപ്പറ്റി അദ്ദേഹം പറയാറുണ്ട്. എന്നാൽ അന്ന് പോകാതിരുന്നതിനെപ്പറ്റി ഇന്ന് പശ്ചാത്തപിക്കുന്നു. കാരണം ഇന്ന് പുതിയ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വന്നു. ഇന്ത്യാ രാജ്യത്തിലെ തന്നെ ഭാഗമായ ലക്ഷദ്വീപിലേക്ക് പോകാൻ!!! ഭാരതത്തിലെ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന ഭരണ ഘടനയിലെ പൗരാവകാശം എവിടെ?? സുവോളജിയിലെ സീനിയർ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെപ്പറ്റി പറയുമ്പോൾ ആവേശം തോന്നിയിട്ടുണ്ട്. നഷ്ടബോധവും!!. അന്നൊക്കെ ലക്ഷദ്വീപുകളിൽ നിന്ന് കോഴിക്കോടെത്തുന്ന വ്യാപാരികൾ കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഗുജറാത്തികളുടെ പീടികകളിൽ നിന്ന്സുഗന്ധ വ്യഞ്ജനങ്ങൾ വാങ്ങാറുണ്ട്. അന്നുതന്നെയുണ്ട് വാണിക്കുകളായ ഗുജറാത്തികളുടെ കഴുകൻ കണ്ണ് ലക്ഷദ്വീപിലേക്ക് !!! ഇന്ന് ഒരു ഗുജറാത്തി വഴി തന്നെ അവരുടെ സ്വാതന്ത്ര്യം ഹനിച്ചുകൊണ്ടായിപ്പോയി അതിന്റെ തുടക്കം . ആരെയും ഉപദ്രവിക്കാതെ സ്വതന്ത്രരായി, അവരായി അവരുടെ പാടായി എന്ന രീതിയിൽ ജീവിച്ചുകൊണ്ടിരുന്ന ഒരു ജനതയെ ആണ് ഇങ്ങിനെ ഉപദ്രവിക്കാൻ തുടങ്ങിയത്.
ഒരു കാലത്തു ബ്രിട്ടീഷുകാർ വൈസ്രോയിമാരെ അയച്ചു അവരെക്കൊണ്ട് ഭരിച്ച ഒരു രീതിയാണ് സ്വതന്ത്ര ഭാരതത്തിലെ ലക്ഷദ്വീപ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മൽസ്യം ആഹാരത്തിന്റെ പ്രധാന ഭാഗമായ ലക്ഷദ്വീപുകാർക്ക് പൊതുവെ രോഗങ്ങൾ കുറവാണ്. നമ്മുടെ നാട്ടിൽ കോഴിക്കോട്ടും മറ്റും ‘സൂത അയക്കൂറ’ എന്നും കേരളത്തിൽ പൊതുവെ ചൂര എന്നും പറയുന്ന ടൂണ പുഴുങ്ങി ഉണക്കിയുണ്ടാക്കുന്ന മാസ്സ് എന്ന ഭക്ഷ്യവസ്തു വളരെയധികം മാംസ്യം കലർന്ന ഒന്നാണ്. ലക്ഷദ്വീപുകാർക്ക് പ്രതിരോധശക്തി കൂടുതലാണ്.
നീരാളിപ്പിടുത്തം എന്നത് ഒരു ശൈലി മാത്രമാകുന്നു. നീരാളികൾ പവിഴപ്പുറ്റുകളിൽ ഒളിച്ചിരിക്കുമ്പോൾ ലക്ഷ ദ്വീപുകാർ നീരാളികളെ ഒരു പ്രത്യേക സാമർഥ്യത്തോടെ പുറത്തെടുത്തു ഭക്ഷ്യ യോഗ്യമാക്കുന്നു. നീരാളിയുടെ പിന്നാലെ ശത്രുക്കൾ വന്നാൽ അവരെ അകറ്റാൻ പ്രകൃതിദത്തമായി ഒരു മഷി പുറപ്പെടുവിക്കുന്നു. ആ മഷി കളഞ്ഞാണ് ഉപയോഗിക്കുന്നത്. ഉണക്കിയ നീരാളിയെ ഞാൻ സിംഗപ്പൂർ ഉണക്ക മൽസ്യ മാർക്കറ്റിലും കണ്ടിട്ടുണ്ട്. നമ്മുടെ കൂന്തൽ മൽസ്യത്തോട് ഏതാണ്ട് സമാനമായ ഒരു കടൽ ജീവിയാണ് നീരാളി.
കോവിഡ്; ലക്ഷദ്വീപുകാരെ കാര്യമായൊന്നും വിഷമിപ്പിച്ചിരുന്നില്ല. എന്നാൽ പുതിയ നിയമം പറയുന്ന ടൂറിസം ലക്ഷ്യമാക്കി ലക്ഷദ്വീപിലേക്ക് സഞ്ചരിക്കുന്ന ജനങ്ങൾ പകർച്ചവ്യാധികൾ കൊണ്ടുപോയി കൊടുക്കുന്നത് തികച്ചും സ്വാഭാവികം മാത്രം!!!. ലക്ഷദ്വീപിൽ നായ്ക്കളും പാമ്പും ഒന്നുമില്ല. എലിശല്യം വർദ്ധിച്ചപ്പോൾ മുൻപൊരിക്കൽ ചേരയെ നമ്മുടെ നാട്ടിൽനിന്നു അവിടെ കൊണ്ടുപോയി ഇട്ടിട്ടുണ്ടായിരുന്നു.
തെങ്ങുകളുടെ സമൃദ്ധി
തെങ്ങാണ് പ്രധാന കൃഷി എന്ന് മിനിക്കോയ് ദ്വീപ് സുർക്കയെപ്പറ്റി എഴുതിയ കൂട്ടത്തിൽ ഞാൻ പറഞ്ഞു. മുൻപൊക്കെ കോഴിക്കോട്ടെ പച്ചക്കറി പാളയം ഭാഗത്തുള്ള പീടികകളിൽ മിനിക്കോയ് ദ്വീപ് ചക്കരയും ലഭ്യമായിരുന്നു. വടകര ഭാഗത്തൊക്കെ അന്ന് ലഭിക്കുന്ന നാടൻ ചക്കരയുടെ അത്ര മധുരമില്ല അതിന്നു. നാടൻ ചക്കര പനം കള്ളിൽ നിന്നും ദ്വീപ് ചക്കര തെങ്ങിൻ കള്ളിൽ നിന്നും എടുക്കുന്നതിന്റെ വ്യത്യാസമായിരിക്കാം അത്. തെങ്ങിൻ കള്ള് ചെത്തി ഇറക്കിയ ഉടനെയുള്ള ലഹരിയില്ലാത്ത ഒരു പാനീയമാകുന്നു നീര എന്നത്. ഇതിൽ മറ്റൊന്നും ചേർക്കില്ല. അതി മധുരമാണ് ഇതിന്. ഇതിൽ നിന്നാണ് സുർക്കയും ചക്കരയും ഉല്പാദിപ്പിക്കുന്നത്. തെങ്ങിന്റെ ഉത്പന്നങ്ങൾ കേരളത്തിലും മംഗലാപുരത്തും മറ്റും കൊണ്ടുപോയി വിറ്റ് അതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അവർ അരിയും മറ്റും വാങ്ങുന്നു. സുർക്ക മൽസ്യ സംസ്കരണത്തിന് അത്യാവശ്യം വേണ്ട ഒരു വസ്തുവാകുന്നു.
കവറത്തി എന്ന തലസ്ഥാനം
മുപ്പത്താറു ദ്വീപുകളാണ് ലക്ഷ ദ്വീപ് സമൂഹത്തിൽ. ആകെ മുപ്പത്തി രണ്ടു ചതുരശ്ര കിലോമീറ്റർ. അതിൽ ആകെ പത്തെണ്ണത്തിലേ ജനവാസമുള്ളൂ. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവറത്തി യുടെ ചുറ്റളവ് നാല് കിലോമീറ്ററാണ്കോൺക്രീറ് റോഡുകൾ. കവറത്തിയിൽ പതിനൊന്നായിരം ജനങ്ങളുണ്ട്. സൈക്കിൾ ഓട്ടോറിക്ഷ സ്‌കൂട്ടർ എന്നിവയാണ് സാധാരണ വാഹനങ്ങൾ. ഒരു വീട്ടിൽ ഒന്നിലധികം സൈക്കിളുകൾ ഉണ്ടായിരിക്കും. കവറത്തിയിലെ ഇന്ദിരാഗാന്ധി ആസ്പത്രിയുടെ മുന്നിൽ രോഗികളുടെ ആവശ്യത്തിനായി അഞ്ചോ ആറോ ഓട്ടോറിക്ഷകൾ ഉണ്ടായിരിക്കും. അടിയന്തിര രോഗികൾക്ക് വേണ്ടി ഹെലികോപ്റ്റർ ആംബുലൻസ് ഇതുവരെ ഉണ്ടായിരുന്നതെന്ന് അഡ്മിനിസ്ട്രേറ്ററുടെ പുതിയ നിയന്ത്രണങ്ങൾ വന്നതോടെ കൂടുതൽ പ്രയാസമായിത്തീർന്നു
പെട്രോൾ വിതരണം റേഷൻ പീടിക വഴി:
നമ്മുടെ നാട്ടിൽ റേഷൻ പീടിക വഴി മണ്ണെണ്ണ നല്കുന്നതുപോലെയാണ് ദ്വീപിൽ പെട്രോൾ വിതരണം. അതിന്നു കാർഡും ഉണ്ട്.ഒരു മാസം പത്തു ലിറ്റർ റേഷൻ പീടികയിലേതു പോലെ അളന്നു നൽകുന്നു. ഇപ്പോൾ കവറത്തിയിൽ ഒരു പെട്രോൾ ബങ്ക് ന്റെ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. പ്ലാനറ്റോറിയവും സൂപ്പർ മാർക്കറ്റും ഉണ്ട് കവറത്തിയിൽ.
ഒരുകാലത്തു നൽകിയ പരിഗണനകൾ
എന്റെ ചെറുപ്പകാലത്ത് കോഴിക്കോട് ആകാശവാണി വൈകുന്നേരങ്ങളിൽ ദ്വീപുകാർക്കായി പരിപാടികൾ ഒരുക്കിയിരുന്നു. അതിന്റെ ഭാഗമായി മഹല്ല് ഭാഷയിൽ വാർത്താ പ്രക്ഷേപണവും ഉണ്ടായിരുന്നു. ജെസ്റി എന്ന ഒരു ഭാഷയും ദ്വീപിൽ ഉണ്ടെന്നു കേട്ടിട്ടുണ്ട്. മഹല്ല് എവിടെയൊക്കെയോ മലയാളവും ഉള്ളതായി തോന്നിയിട്ടുണ്ട്.
ജനവാസമുള്ള ദ്വീപുകൾ:
ശുദ്ധജലവും ഭൂപ്രകൃതിയുമൊക്കെ അനുകൂലമായി ഉള്ള കവരത്തി, അഗത്തി, അമിനി, കടമത്ത്, കില്‍ത്താന്‍, ബിത്ര, ആന്ത്രോത്ത്, കല്‍പേനി, മിനിക്കോയി എന്നിവയാണ് ജനവാസമുള്ള ദ്വീപുകള്‍
ലക്ഷദ്വീപിലെ കടലിലാണ് കരയേക്കാള്‍ ഭംഗി. ആഴംകുറഞ്ഞ കടലിലെ തെളിഞ്ഞ വെള്ളത്തിനടിയില്‍ പവിഴപ്പുറ്റുകളും നിറപ്പകിട്ടാര്‍ന്ന കടല്‍ സസ്യങ്ങളും ചേര്‍ന്ന മനോഹരമായ ദൃശ്യമാണ് ലക്ഷദ്വീപിലെ കടലിലെ കര ഭാഗം.
ഇസ്ലാം മതം എങ്ങിനെ വന്നു?
ആറാം നൂറ്റാണ്ടിൽ മത പ്രചാരണത്തിനായി ഉബൈദുല്ല എന്ന ഒരു വ്യക്തി വന്നപ്പോൾ ഇസ്ലാം മതം പ്രചരിപ്പിച്ചു എന്ന് പറയുന്നു. ഇസ്ലാമിന്റെ യാഥസ്ഥികന്മാർ കിൽത്താൻ ദ്വീപിലാണ് കൂടുതൽ അതുകൊണ്ട് കിൽത്താൻ ദ്വീപിനെ ലക്ഷ ദ്വീപിലെ പൊന്നാനി എന്ന് പറയുന്നു. കിൽത്താനിലെ സ്ത്രീകൾക്ക് പുരുഷനോടൊപ്പം സ്ഥാനമുണ്ട്. പെൺ കുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ കൈമാറ്റം ചെയ്യപ്പെടേണ്ട ഒന്നായി അവർ കണക്കാക്കുന്നില്ല. വിവാഹാനന്തരം അവരുടെ അവകാശമോ വിലാസമോ മാറുന്നില്ല. വിവാഹ മോചനത്തിനുള്ള അവകാശം സ്ത്രീക്കും പുരുഷനും തുല്യമാണ് അഥവാ മോചനം നേടിയാൽത്തന്നെ കുട്ടികളുടെ അവകാശം ‘അമ്മ വീടുകാർ ഏറ്റെടുക്കുന്നു. കിൽത്താൻ ദ്വീപിൽ ഒരു അനാഥലയം പോലുമില്ല. ലക്ഷദ്വീപിന്റെ വൈജ്ഞാനിക ഗ്രന്ഥമായ റഹ്മാനി വഴി കടൽ യാത്രക്കാർക്ക് പ്രയോജനകരമായ ദിശാ നിർണ്ണയം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നു.
കുറ്റവാളികളും ജയിലും.
കുറ്റകൃത്യം തീരെയില്ല. അതിനാൽ കവറത്തിയിലെ ജയിലിൽ ആരുമില്ല. അങ്ങിനെയുള്ള ലക്ഷ ദ്വീപിലാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ പുതുതായി ഗുണ്ടാ നിയമം കൊണ്ടുവന്നിരിക്കുന്നത്. ജയിൽ പൂട്ടിയിട്ടിരിക്കുന്നു. മദ്യം ലഭ്യമല്ല. ആരും മദ്യപന്മാരല്ല.
5 Comments
അഷ്ടമൂർത്തി · June 1, 2021 at 11:12 am
ലക്ഷദ്വീപിലേക്കു പോയ അനുഭവം
മറ്റുള്ളവർക്ക് ലക്ഷദ്വീപ് എന്താണ് എന്ന് വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്ന താങ്കളുടെ അക്ഷരക്കൂട്ടുകളെ മാറോടണക്കുന്നു.
അഭിനന്ദനങ്ങൾ
ഇനിയുമിനിയും ഈ ബ്ലോഗ് സംപുഷ്ടി പ്രാപിക്കട്ടെ.
K.N. Dharmapalan · April 4, 2022 at 5:14 pm
താങ്കളുടെ അഭിപ്രായം എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു . നന്ദി
Nadhira · June 6, 2021 at 6:24 am
Super
K.N. Dharmapalan · April 4, 2022 at 5:14 pm
Thank you
K.N. Dharmapalan · April 4, 2022 at 5:16 pm
Thank you
Comments are closed.