മാതൃദിനം, മാതൃഭക്തി ഭാരതീയ കാഴ്ച്ചപ്പാട്
മാതാവിനെ ആദരിക്കുവാനുള്ള മദേര്‍സ് ഡെ. നാല്പതിലധികം രാജ്യങ്ങള്‍ ആഘോഷിക്കുന്നുണ്ട്. ഇന്നത്തെ ആധുനിക മാതൃദിനം അമേരിക്കയിലായിരുന്നു തുടങ്ങിയത്. അന്നാ ജാവിസ് എന്ന വനിത, തന്റെ അമ്മയുടെ സ്മാരകമായായിരുന്നു ഇന്നത്തെ മാതൃദിനം തുടങ്ങിവെച്ചത്. റോമക്കരുടെ ആഘോഷമായ ഹിലാരിയ, ക്രിസ്തുമതക്കാരുടെ ആഘോഷമായ ‘മദറിങ്ങ്ഞായറാഴ്ച്ച’ എന്നിവയെല്ലാം അമ്മയോടുള്ള ആദരവുതന്നെ. ചുരുക്കത്തില്‍, മാതാവ്, ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണെന്നതില്‍ പക്ഷാന്തരമില്ല.നമ്മുടെ ഭാരതത്തില്‍ ഇതിനേക്കാളെത്രയോ മുന്‍പ്തന്നെ ആ ആദരവ് പലരീതിയിലും പ്രകടമായിരുന്നു, അവ കഥകളിലും, ഇതിഹാസങ്ങളിലും ചരിത്രങ്ങളിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. വിദേശികളുടെ കാല്‍ച്ചുവടുകള്‍ പിന്തുടര്‍ന്ന് സഞ്ചരിക്കുമ്പോള്‍ നമ്മള്‍ ഭാരതീയര്‍ അതെല്ലാം മറക്കുന്നു, അല്ലെങ്കില്‍ അതിന്ന് വേണ്ടുന്ന പ്രാധാന്യം ലഭിയ്ക്കുന്നില്ല. കേരളത്തിലെ കാലടിയില്‍ ജനിച്ച്, ലോകപ്രസിദ്ധനായ ആദിശങ്കരന്‍ എന്ന ശങ്കരാചാര്യരുടെ മാതൃഭക്തി മാത്രം മതി നമ്മുടെ സംസ്‌കാരത്തിന്റെ പാരമ്യത എടുത്തുകാണിക്കാന്‍!!
അമ്മ എന്നെയൊന്ന് സ്മരിച്ചാല്‍ മതി ഞാന്‍ മുന്നിലെത്തിക്കൊള്ളാം എന്ന് അമ്മക്ക് വാക്ക്‌കൊടുത്തുകൊണ്ട് അമ്മയെപിരിഞ്ഞ ശങ്കരന്‍ അതുപോലെതന്നെ പ്രവര്‍ത്തിച്ചു. അന്ത്യവേളയില്‍ മകനെസ്മരിച്ച ആ അമ്മയുടെ മുന്നില്‍ ശങ്കരന്‍ എത്തി. മകന്റെ സന്നിധിയില്‍വെച്ച്, ആ അമ്മയുടെ ദേഹി, ദേഹം വെടിഞ്ഞു. ശവസംസ്‌കാരച്ചടങ്ങില്‍ വെച്ച് അദ്ദേഹം ചൊല്ലിയ ശ്ലോകങ്ങള്‍ മാതൃപഞ്ചകം എന്നറിയപ്പെട്ടു.
‘1. ആസ്താം താവദീയം പ്രസൂതി സമയേ ദുർവാര ശൂലവ്യഥനൈരുച്യം തനു ശോഷണം മലമയീ ശയ്യ ച സാംവത്സരീഏകസ്യാപി ന ഗർഭഭാരഭരണ ക്ലേശസ്യയസ്യ ക്ഷമാ ദാതുംനിഷ്കൃതി മുന്നതോപി തനയ തസ്യ ജനന്യൈ നമ:”
2 ”ഗുരുകുലമുപസൃത്യ സ്വപ്നകാലേ തു ദൃഷ്ട്വയതി സമുചിത വേഷം പ്രാരുധോ മാം ത്വമുചൈഗുരുകുലമഥ സർവ്വം പ്രാരുദത്തെ സമക്ഷംസപദി ചരനയൊസ്തൈ മാതുരസ്തു പ്രണാമ:”
3 ”ന ദത്തം മാതസ്തേ മരണ സമയേ തോയമപി വാസ്വഥാ വാ നോ ധെയാ മരണദിവസേ ശ്രാദ്ധ വിധിനന ജപ്തോ മാതസ്തേ മരണ സമയേ താരക മനുഅകാലെ സംപ്രാപ്തെ മയി കുരു ധയാം മതരതുല്യാം”
4 ”മുക്താ മനിസ്ത്വം , നയനം മമേതിരാജേതി ജീവേതി ചിരം സ്തുത ത്വംഇത്യുക്ത വത്യ വാചി മാതാദദാമ്യഹം തണ്ടുലമേവ ശുല്കം.”
5 ”ആംബേതി താതേതി ശിവേതി തസ്മിൻപ്രസൂദികാലേ യദവോച ഉചികൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേതിഅഹോ ജന്യേ രചിതോയം അഞ്ജലി:”
ആ അഞ്ചു ശ്ലോകങ്ങളുടെ സാരം ഒന്നു ശ്രദ്ധിക്കൂ.
(ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെയാണ്
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയത്..
” നിൽക്കട്ടെ പേറ്റുനോവിൻ കഥ
രുചികുറയും കാലമേറും ചടപ്പും
പൊയ്ക്കോട്ടെ കൂട്ടിടേണ്ട മലമതിലൊരു
കൊല്ലം കിടക്കും കിടപ്പും
നോക്കുമ്പോൾ ഗർഭമാകും വലിയ ചുമടെടുക്കുന്നതിൻ കൂലി പോലും
തീർക്കാവതത്ര യോഗ്യൻ മകനുമതി നിലയ്ക്കുള്ളോരമ്മേ തൊഴുന്നേൻ “)
”പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ ദിവസവങ്ങൾ.
ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
“ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്. ‘നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ’ എന്നു കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
” അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമെ ഈ മകനു കഴിയൂ.
” അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.
സന്യാസിയായതിനാൽ ശ്രാദ്ധ മൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
” നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ… എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
” പ്രസവവേദന സഹിക്ക വയ്യാതെ, ‘അമ്മേ, അപ്പാ…. ശിവാ… കൃ ഷ്ണാ… ഗോവിന്ദാ, ഹരേ മുകുന്ദാ…. ‘
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു….. ‘
അദ്വൈതിയായിരുന്ന ശ്രീ ശങ്കരൻ മഹാസന്യാസിയുടെ മനോഭാവം അമ്മയോട് ഇങ്ങനെയായിരുന്നു.
എല്ലാം ത്യജിച്ച സന്ന്യാസി പോലും ‘അമ്മ’ എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്-
വിശ്വജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത്
നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.
ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക’
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.
അമ്മയുടെ അനുഗ്രഹവും വളര്‍ത്തല്‍ രീതിയും ആകുന്നു നമ്മുടെ ഭാവിയുടെ അടിസ്ഥാന ശിലയിടുന്നത്.