ലോഗന്‍സ് മാന്വല്‍:
1887ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗ്രന്ഥം. 1906, 1951 വര്‍ഷങ്ങളില്‍ മദിരാശിസര്‍ക്കാരും പിന്നീട് കേരളസര്‍ക്കാറിന്റെ ഗസറ്റിയേര്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ എജുക്കേഷനല്‍ സര്‍വ്വീസസും ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം എന്റെ അച്ഛന്റെ ഗ്രന്ഥശേഖരത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ എനിക്കിത് അന്ന് കുറച്ചൊക്കെ അവിടെയുമിവിടെയുമായി നോക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വീണ്ടും ഇടക്ക് നോക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. വീട് ഭാഗം വെച്ചപ്പോള്‍ ഞങ്ങള്‍ അഞ്ച് സഹോദരീ സഹോദര്‍ന്മാരില്‍ ഒരാള്‍ക്ക് വീട് നല്‍കിയപ്പോള്‍ എല്ലാവര്‍ക്കും ഒത്തുചേരാനുള്ള ഒരു സ്ഥലമായി അന്ന് ആ വീടിനെ എല്ലാവരും കരുതിയിരുന്നെങ്കിലും നിര്‍ഭ്ഭാഗ്യവശാല്‍ അതുണ്ടായില്ല. ഇന്നത് മറ്റൊരവസ്ഥയിലാണ്. ലോഗന്‍സ് മാന്വലും അതുപോലെ പൊതുവായി ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ പലതും എന്തായെന്നറിയാന്‍ പറ്റാത്ത അവസ്ഥയായി. അമൂല്യമായ ഈ ഗ്രന്ഥം കോഴിക്കോട് സെന്റ്രല്‍ ലൈബ്രറിയില്‍ ഒന്നുണ്ട്. അത് അവര്‍ പുറത്തേക്ക് കൊടുക്കുന്നില്ല. ഒരു റഫറന്‍സ് ഗ്രന്ഥമായി മാത്രമായാണ് ഉപയോഗിക്കുന്നത്. എനിക്ക് അംഗത്വമുള്ള ഒള്ളൂര്‍ ഗ്രാമീണ വായനശാലയില്‍ അടുത്ത ദിവസം ഇതിന്റെ വിവര്‍ത്തനത്തിന്റെ ഒരു പകര്‍പ്പ് (വിവര്‍ത്തനം ടി വി കൃഷ്ണന്‍ പത്താമത് മാതൃഭൂമി പതിപ്പ്) പുതുതായി വാങ്ങിയത് കാണുവാനിടയായി. അവിടെയും ഇതൊരു റഫറന്‍സ് ഗ്രന്ഥമാണ്. എന്റെ മകളുടെ ഭര്‍ത്താവിന്റെ തെങ്ങിന്‍ തോപ്പിലെ തേങ്ങപറിക്കുന്ന സുതന്‍ വായനശാലയിലെ ലൈബ്രേറിയനായതിനാല്‍ ഒരു പ്രത്യേക പരിഗണനയില്‍, അല്പ ദിവസംകൊണ്ട് തിരിച്ചുകൊണ്ടുവരാം എന്ന വാക്കില്‍ ലോഗന്‍സ് മാന്വല്‍ വീട്ടിലേക്ക് കൊണ്ടുവന്നു.

വില്യം ലോഗന്‍:
ജര്‍മ്മന്‍ കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിയില്‍ വന്ന് മലയാളനിഘണ്ടു എഴുതിയത്‌പോലെയുള്ള ഒരു കഥയാണ് ലോഗന്‍സ് മാന്വലിന്റെ പിന്നില്‍. വില്യം ലോഗന്‍ സ്‌കോട്ട്‌ലണ്ട്കാരനായിരുന്നു. എഡിന്‍ബര്‍ഗ്ഗിന്ന് സമീപമുള്ള മുസല്‍ബര്‍ഗ്ഗ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലോഗന്‍ ഏറ്റവും ബുദ്ധികൂടിയ വിദ്യാര്‍ത്ഥിക്കുള്ള ഡ്യുക്‌സ് മെഡല്‍ നേടി (1856). പിന്നീട് എഡിന്‍ബര്‍ഗ്ഗ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നതോടൊപ്പം തന്നെ മദ്രാസ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പങ്കെടുത്തു. അന്നുവരെ വലിയവര്‍ക്ക് മാത്രം നല്‍കിയിരുന്ന സിവില്‍ സര്‍വ്വീസില്‍ ഒരു സാധാരണ കര്‍ഷകന്റെ മകനായ ലോഗന്‍ തിരഞ്ഞെടുക്കപ്പെട്ടു. 1862ല്‍ മദ്രാസ് സിവില്‍ സര്‍വ്വീസില്‍ നിയമനം നേടി. കുറച്ചുകാലം തമിള്‍നാട്ടിലെ ആര്‍ക്കാട്ടിലും മറ്റും സബ് കലക്ടര്‍ ജോലിയിലും മറ്റും ജോലിചെയ്ത ലോഗന്‍ 1875 മുതല്‍ മലബാര്‍ കലക്ടറും മജിസ്‌ത്രേട്ടുമായി പ്രവര്‍ത്തിച്ചു. പട്ടിണി കിടക്കുന്നവരെ എളുപ്പം പഠിപ്പിക്കാന്‍ കഴിയുന്നതല്ല എന്നദ്ദേഹം പറഞ്ഞു.മലബാറിനെപ്പറ്റി ഒരു മാന്വല്‍ എഴുതാന്‍ ബ്രിട്ടീസ് ഗവണ്‍മന്റ് ലോഗനെ ഏല്പിക്കുകയും അത് പൂര്‍ത്തിയായപ്പോള്‍ പ്രത്യേക പ്രതിഫലമായി 1000 ഉറുപ്പിക അദ്ദേഹത്തിന്ന് ലഭിക്കുകയും ചെയ്തു.

1889ല്‍ ലോഗന്‍ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങി. രാജി വെക്കുവാന്‍ കാരണം അദ്ദേഹത്തെ ജ്യൂഡീഷ്യറിയിലേക്ക് മാറ്റിയതായിരുന്നു. അതൊരുതരം ശിക്ഷയായിട്ടാണ് അന്ന് കണക്കാക്കിയിരുന്നത്. അതും പ്രഗത്ഭനായ ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍. മാപ്പിള ലഹള സംബന്ധിച്ച ലോഗന്റെ കുടിയായ്മപരമായ വ്യാഖ്യാനമായിരിക്കാം അതിന്റെ കാരണം എന്ന് കരുതപ്പെടുന്നു. 21 വര്‍ഷം അദ്ദേഹം ജോലിചെയ്തു.മലബാറിന്റെ ഭരണാധികാരിയായിരുന്ന ലോഗന്‍ മലബാറിനെപ്പറ്റിയും സമൂഹത്തിലെ ആചാരങ്ങളെപ്പറ്റിയും അസാമാന്യമായ പരിജ്ഞാനം നേടി. കുടിയാന്‍ പ്രശ്‌നങ്ങള്‍ ക്കു നേരെ സഹാനുഭൂതി കലര്‍ന്ന ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്റെത്. മലബാറിന്റെ സാമ്പത്തീകമായ പുരോഗതിയിലും ശ്രദ്ധാലുവായിരുന്നു. കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ കലക്ടര്‍ ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്. ഈ പുസ്തകം എഴുതിയത് അവിടെയിരുന്നായിരുന്നു തലശ്ശേരിയിലെ ലോഗന്‍സ് റോഡ് അദ്ദേഹത്തിന്റെ സ്മരണയാണ്. എഡിന്‍ബര്‍ഗ്ഗിലെ കോളിന്‍ടണ്‍ എന്ന സ്ഥലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് 1914ല്‍ ലോഗന്‍ അന്തരിച്ചു.

മലബാര്‍ പ്രവിശ്യ (അതിരുകളും ഭൂപരമായ പ്രത്യേകതകളും), ജനങ്ങള്‍ (ജനസംഖ്യ, സാന്ദ്രത, സാമൂഹ്യ നില, സ്ത്രീപുരുഷ അനുപാതം), ചരിത്രം (പരമ്പരാഗത പ്രാചീന ചരിത്രം, ആദ്യകാല ചരിത്രം,ഡച്ച് ഇംഗ്ലീഷ് അധിനിവേശ കേന്ദ്രങ്ങള്‍), ഭൂമി (വസ്തു അവകാശ ബന്ധങ്ങള്‍, റവന്യു തിട്ടപ്പെടുത്തല്‍), റവന്യു നീതിഘടന, അന്നത്തെ ഭൂനികുതി സമ്പ്രദായം എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ച ഈ ഗ്രന്ഥത്തില്‍നിന്ന് പൊതുവെ ഒരു സാധാരണക്കാരന്ന് അറിയാന്‍ താല്പര്യമുള്ള ചില കാര്യങ്ങള്‍ മാത്രമാണ് ഞാനിവിടെ പരാമര്‍ശിക്കുന്നത്:

തുഞ്ചത്തെഴുത്തച്ഛനെപ്പറ്റി ലോഗന്‍:
പതിനേഴാം നൂറ്റാണ്ടില്‍ ശൂദ്രജാതിയിലെ്പട്ട തുഞ്ചത്തെഴുത്തച്ഛന്‍ എന്നൊരാള്‍ തമിള്‍ അക്ഷരമാലയെ ആധാരമാക്കിയുള്ള ഗ്രന്ഥലിപികളുടെ ചുവടുപിടിച്ച് ഗ്രാമ്യ മലയാളത്തിന് തനതായ രൂപകല്പന നല്‍കുകയും (സംസ്‌ക്ത പദങ്ങളുടെ സ്വതന്ത്രമായ പ്രയോഗം) ആധുനിക മലയാളത്തില്‍ പ്രധാന സംസ്‌കൃതികളുടെ സ്വതന്ത്ര വിവര്‍ത്തനത്തിന്നൊരുങ്ങുകയും ചെയ്തപ്പോള്‍ അതൊരു വിപ്ലവമായിരുന്നു. തന്റെ സുധീരമായ നീക്കങ്ങളില്‍ എഴുത്തച്ഛന്ന് നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെയും എതിര്‍പ്പുകളേയും സംബന്ധിച്ച് മലയാളഭാഷയെപ്പറ്റിയുള്ള പ്രബന്ധത്തില്‍ എഫ് ഡബ്ല്യു എല്ലിസ് ഇങ്ങിനെ പറയുന്നു’എഴുത്തച്ഛന്ന് നേരിടേണ്ടിവന്ന പ്രാതികൂല്യങ്ങള്‍ അദ്ദേഹത്തിന്റെ ആന്തരീകമായ ഓജസ്സ് വര്‍ദ്ധിപ്പിച്ചു. ഈ ശക്തിവിശേഷം അദ്ദേഹത്തിന്ന് ജാതിപരമായ പാതിത്യം ഇല്ലായിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്നില്ല. തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിഭയും അറിവും ബ്രാഹ്മണരെ അസൂയാലുക്കളാക്കി. ആഭിചാരവിദ്യ പ്രയോഗിച്ച് അവരദ്ദേഹത്തെ മദ്യപാനിയും ഉന്മത്തനുമാക്കി. അവര്‍ ഭയപ്പെട്ടത് അദ്ദേഹത്തിന്റെ ധിഷണാശക്തിയെയായിരുന്നു. അത് നിര്‍വ്വീര്യമാക്കമെന്ന് അവര്‍ കരുതി. കവിയാകട്ടെ, തന്റെ സ്വഭാവങ്ങള്‍ ഉപേക്ഷിക്കാന്‍ അശക്തനായിരുന്നെങ്കിലും അതിന്റെ ദോഷങ്ങളെ അതിജീവിക്കുകതന്നെ ചെയ്തു. തനിക്കകപ്പെട്ട അപകര്‍ഷത്തിന്നുത്തരവാദിയെന്ന് താന്‍ വിശ്വസിച്ച ബ്രാഹ്മണ്യത്തിന്റെ കാലുഷ്യങ്ങള്‍ക്കും അസഹിഷ്ണതക്കും എതിരെ പരസ്യമായിത്തന്നെ എഴുത്തച്ഛന്‍ പോരാടി. മലയാളഭാഷയെ അത്യൂന്നതങ്ങളിലേക്കുയര്‍ത്തുക എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച പ്രതികാരമാര്‍ഗ്ഗം. തമിഴിന്റെ സമാന്തഭാഷയെന്ന അധ:സ്ഥിതിയില്‍ നിന്ന് മലയാളത്തെ ദേവന്മാരുടെയും ഋഷിമാരുടെയും പുണ്യ ഭാഷയായ സംസ്‌കൃതത്തിന്നുള്ള ഉന്നതാവസ്ഥയിലേക്ക് കരകയറ്റുമെന്ന് അദ്ദേഹം ശപഥം ചെയ്തു. ലക്ഷ്യ നിര്‍വ്വഹണത്തിന്നായിമൂലഭാഷയിലുള്ള (സംസ്‌കൃതം) എല്ലാ സുപ്രധാന ക്രിതികളും മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്തുകൊണ്ട് അതും മദ്യലഹരിയുടെ സ്വാധീനതയില്‍ അദ്ദേഹം സ്വന്തം ഭാഷയെ സമ്പന്നമാക്കി. എഴുത്തച്ഛന്‍ മലയാളത്തിലേക്ക് തര്‍ജ്ജ്മ ചെയ്ത സംസ്‌കൃത ക്രിതികളില്‍ രാമായണം, മഹാഭാരതം, ഭാഗവതം മുതലായവ പെടുന്നു. അദ്ദേഹം തനതായ ക്രിതികള്‍ രചിച്ചതായി അറിവില്ല. ജീവിതകാലത്തുതന്നെ എഴുത്തച്ഛന്‍ കൈവരിച്ച വിജയം വമ്പിച്ചതായിരുന്നുവെന്ന് പറയണം. എഴുത്തുഭാഷയെന്ന നിലയില്‍ മലയാളത്തിന്നുണ്ടായ ആധുനീകവികാസം എഴുത്തച്ചന്റെ സ്വാധീനവും സംഭാവനയും മൂലമാണെന്നത് അവിതര്‍ക്കികമത്രേ.

പൊന്നാനി താലൂക്കില്‍ വെട്ടത്തുപുതിയങ്ങാടിക്കടുത്തുള്ള തൃക്കണ്ടിയൂരില്‍ അദ്ദേഹത്തിന്റെ വീട് നിന്ന പറമ്പ് ഇപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒരാള്‍ മറ്റുള്ളവരില്‍നിന്ന് വ്യതിരിക്തനായി ശ്രദ്ധിക്കപ്പെടുന്നത് സത്യപ്രവര്‍ത്തികള്‍ മൂലമോ ദുഷ്‌കൃത്യങ്ങള്‍ മൂലമോ ആവാം. രണ്ടായാലും അത്തരക്കാരുടെ വാസസ്ഥലത്തെ അന്ധവിശ്വാസപരമായ ആരാധനാഭാവത്തോടെ നോക്കിക്കാണുകയെന്ന മലയാളിയുടെ സഹജമായ പാരമ്പര്യബോധം തുഞ്ചന്‍പറമ്പിന്റെ കാര്യത്തിലും പ്രകടമായിക്കാണാം. തുഞ്ചത്തെഴുത്തച്ഛന്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ തന്റെ മകളോട് ഇന്നവര്‍ഷം, ഇന്നമാസം, ഇന്ന തീയ്യതി ഇന്നസമയം ഒരു യുവാവ് വീട്ടീല്‍ വരുമെന്ന് പറഞ്ഞതായാണ് ഐതീഹ്യം. ഒരുബഹുമാന്യാതിഥിയെ സ്വീകരിക്കുമാറ് വീട് അടിച്ചുതളിച്ചു വിളക്കുവെച്ച് ആഗതന്ന് വരവേല്പരുളുകയും തന്റെ പാദുകങ്ങളും ഗ്രന്ഥങ്ങളും ആ അതിഥിക്ക് നല്‍കുകയും വേണമെന്ന് അച്ഛന്‍ മകളോട് നിര്‍ദ്ദേശിച്ചു. നിശ്ചിത ദിവസം, നിശ്ചിത സമയത്ത് സൂര്യനാരായണന്‍ എഴുത്തച്ഛന്‍ എന്ന പതിനാറ് വയസ്സുള്ള തരകന്‍ ജാതിയില്‍ പെട്ട ഒരു യുവാവ് തുഞ്ചത്ത് വീട്ടില്‍ വന്നു കയറി. തുഞ്ചത്തെഴുത്തച്ഛന്റെ പാദുകങ്ങളും ഗ്രന്ഥങ്ങളും ഏറ്റു വാങ്ങുകയും ചെയ്തു.

മാമാങ്കത്തെപ്പറ്റി ലോഗന്‍ വിശദമായെഴുതിയതിന്റെ സംക്ഷിപ്ത വിവരണമാണിത്:
ഓരോ പന്തീരാണ്ട് കൂടുമ്പോഴും പുതിയ പെരുമാളിനെ തിരഞ്ഞെടുക്കുന്നതിന്ന് മാഘ മാസത്തിലെ കര്‍ക്കിടക വ്യാഴക്കൂറില്‍ മാമാങ്കമഹോത്സവം നടത്തുന്നു. രാജാവിന്റെ അരിയിട്ടു വാഴ്ച്ചയും. മഹത്തായ (മാഘ) അല്ലെങ്കില്‍ മഹാമഘ എന്ന വാക്ക് ലോപിച്ചുണ്ടായതാണ് മാമാങ്കം. ഈ ആഘോഷത്തിന്റെ സമാപനത്തില്‍ അതേവരെ ബലത്തിലിരുന്ന ഭൂമി കൈമാറ്റക്കരാറുകളും സ്വയം റദ്ദായതായി കരുതപ്പെടുകയും പുതുതായി വരുന്ന പെരുമാള്‍ പുതിയ ഭൂമികൈവശക്കരാറുകള്‍ ഉണ്ടാക്കിവെക്കുകയും ചെയ്യണമെന്നാണ് ചട്ടം. തിരുനാവായയില്‍ വെച്ചാണ് മാമാങ്കം നടത്തുന്നത്. പെരുമാക്കളുടെ കാലത്ത് തുടങ്ങിവെച്ചതാണിത്. 1695ല്‍ ഒരു മാമാങ്കം നടക്കുകയുണ്ടായി. അന്ന് സാമൂതിരി പൊന്നാനിയില്‍ തമ്പടിച്ചു. മാമാങ്കോത്സവത്തിന്നു വേണ്ടി തിരുനാവായ മണല്പുറത്ത് ഒരു മണ്ഡപം സജ്ജീകരിക്കുന്നു. പത്ത് ദിവസങ്ങളോളം സദ്യയും ആര്‍പ്പ് വിളിയും ആഘോഷങ്ങളും. സമാപനച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ആരെങ്കിലും നാലുപേര്‍ രാജാധികാരം കൊതിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് രാജാവിനെ കാത്തു രക്ഷിച്ചു നില്‍ക്കുന്ന നാല്പതിനായിരം നായര്‍ ഭടന്മാരെ നേരിട്ട്, അവരുടെ വലയം ഭേദിച്ച് രാജാവിരിക്കുന്ന മണ്ഡപത്തില്‍ കടന്ന് രാജാവിന്റെ തല വെട്ടിയാല്‍ അയാളായിരിക്കും അടുത്ത സാമൂതിരി. പന്ത്രണ്ട് വര്‍ഷത്തില്‍ക്കൂടുതല്‍ രാജാധികാരത്തിലിരിക്കാന്‍ സാമൂതിരിക്ക് പാടില്ലെന്നതായിരുന്നു പ്രാചീനമായി പിന്തുടര്‍ന്ന്പോന്ന പാരമ്പര്യം.നാട്ടുകൂട്ടങ്ങളുടെ അധികാരം അംഗീകരിക്കുന്നതിന്റെ സൂചനയാണിത്. നാട്ടുകൂട്ടങ്ങളുടെ അധിപന്മാരുടെ പടയെ ചാവേര്‍പട എന്നു പറയുന്നു. അവര്‍ക്ക് തിരുനാവായയില്‍ എത്തി രാജാവിനെ പോര്‍ വിളിക്കാം. അങ്കം വെട്ടാം. രാജാവിനെ അരിഞ്ഞു വീഴ്ത്തുന്ന പക്ഷത്തിന്ന് രാജാധികാരം ലഭിയ്ക്കുന്നു. ഈ ആഘോഷം അഥവാ മാമാങ്കം പെരുമാള്‍ എന്നു വിളിക്കുന്ന രാജാധിരാജാക്കളുടെ കാലത്ത് ആചരിക്കാന്‍ തുടങ്ങിയതായിരുന്നു.അവസാനത്തെ പെരുമാള്‍ മക്കത്തേക്ക് നാടുവിട്ടുപോയി. അതിന്നുശേഷം 1743 വരെ മാമാങ്കം നടന്നു എന്ന് പറയപ്പെടുന്നു. സാമൂതിരിയോട് കൂറുകാണിച്ചിരുന്നവര്‍ കൊടി സമ്മാനിച്ചിരുന്നു. അങ്ങിനെ കൊടികള്‍ നാട്ടിയിരുന്ന പ്രത്യേക സ്ഥലം ഇന്നും തിരുനാവായയില്‍ ഉണ്ട്. വള്ളുവനാട് രാജാവിനെയാണ് വള്ളുവക്കോനാതിരി എന്ന് പറയുന്നത്. അദ്ദേഹത്തിന്ന് സാമൂതിരിയെക്കാള്‍ കഴിവ് കുറവായിരുന്നു. അല്ലെങ്കില്‍ നാട്ടുകാര്‍ വള്ളുവക്കോനാതിരിയെ സാമൂതിരിയുടെ സ്ഥാനത്ത് അവരോധിക്കുമായിരുന്നു. വള്ളുവക്കോനാതിരിയുടെ നായര്‍പട്ടാളം പൊതുവെ വള്ളുവക്കോനാതിരിയോട് കൂറില്ലാത്തവരായിരുന്നു. കാരണം നായര്‍പട കരുത്തുള്ളവരുടെ കൂടെയായിരുന്നു. പൊരുതി മരിക്കാനും രാജാക്കന്മാരെ സേവിക്കാനും അവര്‍ വിമുഖരാണ്. കട്ടിച്ചങ്ങലകള്‍ കഴുത്തിലും സ്വര്‍ണ്ണത്തുടലുകള്‍ കാലുകളിലും അണിയിച്ചുകൊണ്ട് ഒരു ഗജവീരനെ പട്ടം കെട്ടിക്കുന്നതോടെ മാമാങ്കം അരങ്ങേറുന്നു. ആ പട്ടത്തില്‍ അമൂല്യമായ രത്‌നങ്ങളും സ്വര്‍ണ്ണ ഗോളങ്ങളും ഞാത്തുകളും ഉണ്ടായിരിക്കും. സാമൂതിരി എഴുനള്ളി ഇരിക്കുന്ന മാമാങ്കത്തട്ടില്‍ കിഴക്ക് അഭിമുഖമായുള്ള നേര്‍ക്ക് നേരേ കിടക്കുന്ന നടപ്പാതയുടെ ഇരുവശത്തുമായി തടിച്ച മരത്തടികള്‍ കൊണ്ടുള്ള വേലിയുണ്ടായിരിക്കും ആ നടപ്പാതയില്‍കൂടെയാണ് ചാവേര്‍ പടയാളികള്‍ സാമൂതിരിയുടെ തലകൊയ്യാന്‍ മണ്ഢ്പത്തിലേക്ക് ഓടിയടുക്കുന്നത്. വേലിക്കിരുവശവും സാമൂതിരിയുടെ ഭടന്മാര്‍ കുന്തം നീട്ടി പിടിച്ചുകൊണ്ട് നിരന്നു നില്‍ക്കുന്നു. ലോഗന്‍സ് മാന്വല്‍ എഴുതുന്നതിന്ന് 147 കൊല്ലം മുന്‍പായിരുന്നു അവസാനത്തെ മാമാങ്കം എന്നദ്ദേഹം പറയുന്നു. ഇന്നത്തെ റെയില്‍വേ ലൈനിന്ന് സമാന്തരമായും തൊട്ടുസമീപത്തായും കിടക്കുന്ന ഭാരതപ്പുഴയുടെ വടക്കുകരയിലാണ് തിരുനാവായ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീവണ്ടിയില്‍ യാത്രചെയ്യുന്നവര്‍ക്ക് പുഴയുടെ തീരത്തിന്നും റെയില്‍വേ ലൈനിന്നും ഇടക്കുള്ള വിശാലമായ നെല്പാടങ്ങള്‍ക്കപ്പുറത്ത് ക്ഷേത്രം അവ്യക്തമായി കാണാന്‍ സാധിക്കും.

പെരുമാക്കന്മാരും ചേരമാന്‍ പെരുമാളും:
പെരുമാള്‍ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം എന്നാകുന്നു. അന്ന് സാമൂതിരിയുടെ ഭരണം തുടങ്ങുന്നതുവരെ പെരുമാക്കന്മാരായിരുന്നു കേരളം ഭരിച്ചിരുന്നത്. ചേരമാന്‍ പെരുമാളായിരുന്നു അവസാനത്തെ പെരുമാള്‍. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയെന്ന് വിശ്വസിക്കുന്നു. ചേരമാന്‍ പെരുമാള്‍ 36 കൊല്ലം കേരളം ഭരിച്ചു. (Page 236 Malabar Manual) ചേരമാന്‍ പെരുമാളിന്റെ ആസ്ഥാനം കൊടുങ്ങല്ലൂരായിരുന്നു. ഗ്രീക്കുകാര്‍ കൊടുങ്ങല്ലൂരിനെ മുസിരീസ് എന്നും ജൂതന്മാര്‍ മുയിരിക്കോട് എന്നുമാണ് പറഞ്ഞിരുന്നത്. ചേരമാന്‍ ഇസ്ലാമായശേഷം അബ്ദുറഹിമാന്‍ സമിരി എന്ന് പേരിട്ടു. അറേബ്യയില്‍ വെച്ച് റഹബിയത്ത് എന്ന ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് പന്തലായിനിക്കടുത്ത ഇന്ന് പെരുമാളപുരം എന്ന സ്ഥലത്ത് വന്നായിരുന്നു മക്കയിലേക്ക് പോയത്. അറേബ്യയില്‍ ബുയില്‍ഷാര്‍ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. വാസ്‌കോഡഗാമ കപ്പലിറങ്ങിയ പന്തലായ്‌നിക്കടുത്ത കൊല്ലത്തുനിന്നായിരുന്നു ചേരമാന്‍പെരുമാളും മക്കത്തേക്ക് പോകാന്‍ ഒരുദിവസം താമസിച്ചിരുന്നത്. അവിടെനിന്ന് തലശ്ശേരിക്കടുത്ത ധര്‍മ്മടത്തേക്കും. അവിടെ ‘പോയനാട്’ എന്നൊരു സ്ഥലമുണ്ട്. അതായത് പെരുമാള്‍ മക്കത്തേക്ക് പോയത് ഇവിടെനിന്നായിരുന്നു. പെരുമാള്‍; ഇസ്ലാം സംബന്ധമായി അത്ഭുതകരമായ ചില സ്വപ്നങ്ങള്‍ കണ്ടതും, പ്രവാചകനുമായി നേരിട്ട് ബന്ധവും ഉള്ളതും ആയിരുന്നു ഇസ്ലാമിക പരിവര്‍ത്തനത്തിന്റെ കാരണം എന്നു പറയപ്പെടുന്നു. തന്റെ രാജ്യത്തിന്റെ ഭാഗങ്ങള്‍ സാമന്തന്മാര്‍ എന്നപേരിലറിയപ്പെടുന്ന പ്രഭുക്കന്മാര്‍ക്ക് വീതിച്ചുകൊടുത്തിട്ടായിരുന്നു ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് പോയത്. രഹസ്യമായിട്ടായിരുന്നു അത് ചെയ്തത്. മക്കത്തുനിന്ന് തങ്ങളുടെ കുലകുടസ്ഥന്‍ മടങ്ങിവരുന്നതുവരെമാത്രം രാജ്യഭാരം എന്ന് കിരീടധാരണവേളയില്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ലോഗന്റെ കാലത്തും സത്യപ്രതിജ്ഞ ചെയ്യുന്നു എന്നദ്ദേഹം രേഖപ്പെടുത്തുന്നു.

ചേരമാന്‍ പെരുമാള്‍ അറേബ്യയിലെ മടക്കയാത്രയില്‍ ഒമാനിലെ Salalah എന്ന സ്ഥലത്തുവെച്ച് അന്തരിച്ചു. അവിടെ അദ്ദേഹത്തിന്റെ ഒരു ശവകുടീരമുണ്ട്. മരിക്കുന്നതിന്ന് മുന്‍പ് ഇസ്ലാംമതം കേരളത്തില്‍ പ്രചരിപ്പിക്കുവാന്‍ ചേരമാന്‍ പെരുമാള്‍ അനുയായികളെ ഏല്പിച്ചിരുന്നു AD649 ല്‍ കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാളിന്റെ പള്ളി പണിയിക്കപ്പെട്ടു. ചേരമാന്‍ പെരുമാള്‍ അയച്ച സന്ദേശപ്രകാരം സാമൂതിരിയും ഇസ്ലാം മതം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയും അത് മുക്കുവര്‍, ചെറുമര്‍ എന്നീ താഴ്ന്ന ജാതികളില്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തു. താണ ജാതിക്കാരായ ചെറുമര്‍ക്ക് പെട്ടന്നൊരു സ്ഥാനക്കയറ്റം ലഭിക്കുന്നത്‌പോലെയായതിനാല്‍ അവരില്‍ നല്ലൊരു വിഭാഗം മതം മാറി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ചെറുമരില്‍ അംഗസഖ്യ പെട്ടന്ന് കുറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസപരമായി മതപഠനം എന്നതിലുപരി ഒന്നും നേടിയില്ല. ഹിന്ദുക്കളുടെ വിദ്യാഭ്യാസത്തില്‍ താല്പര്യം കാണിച്ചില്ല. ചേരമാന്‍ പെരുമാളിന്റെ ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനം, കേരളത്തിന്റെ വടക്കും തെക്കും ഭാഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കി എന്ന് ലോഗന്‍ അനുമാനിക്കുന്നു. (പേജ് 231 മലബാര്‍ മാന്വല്‍). അതിന്ന് വിദേശികള്‍ സ്വാധീനം ചെലുത്തിയിട്ടും ഉണ്ടാവാം.

ഓണം:
കൊല്ലവര്‍ഷാരംഭത്തിന്ന് ആസ്പദമായെടുക്കുന്ന രണ്ട് ചരിത്രസംഭവങ്ങള്‍ മലയാളികളുടെ ഓണാഘോഷവും. കേരളത്തിന്റെ അവസാനത്തെ പെരുമാള്‍ അഥവാ ചക്രവര്‍ത്തി അറേബ്യയിലേക്ക് യാത്രതിരിച്ചതുമാണ്. ഓണം കൊണ്ടാടുന്നത് കൊല്ലവര്‍ഷം കുറിക്കുന്ന തീയ്യതിക്കടുത്താണ്. വടക്കന്‍ കേരളത്തില്‍ വസ്തുകൈമാറ്റങ്ങളും ജാതകങ്ങളും, മറ്റ് രേഖകളും എഴുതുമ്പോള്‍ തിരുവോണത്തിന്ന് ഇത്ര തീയ്യതിക്ക് മുന്‍പ് എന്ന് രേഖപ്പെടുത്തിന്ന ഒരു സമ്പ്രദായമുണ്ട്. സാമൂതിരിക്ക് മുന്‍പുള്ള അവസാനത്തെ ചക്രവര്‍ത്തിയായ ചേരമാന്‍ പെരുമാള്‍ തിരുവോണ ദിവസമാണ് മക്കത്തേക്ക് പുറപ്പെട്ടുപോയതെന്ന ജനവിശ്വാസവും നിലനില്‍ക്കുന്നു. മലയാളികള്‍ ദേശീയോത്സവമായി ഇതിനെ കൊണ്ടാടുന്നു. വീടുകള്‍ അലങ്കരിച്ച് വീട്ടുമുറ്റങ്ങളില്‍ പൂക്കളമിടുന്നു. ഓണപ്പാട്ടുകള്‍ ആലപിച്ചുകൊണ്ട് പൂക്കുടകളുമായി ഓടിച്ചാടി നടക്കുന്ന കുട്ടികളെ ആഘോഷം തുടങ്ങിയാല്‍ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വത്ര കാണാം. തിരുവോണ ദിവസത്തില്‍ പ്രജകളുടെ ക്ഷേമാന്വേഷണത്തിന്നായി പരശുരാമന്‍ അഥവാ വിഷ്ണു ഭൂമിയിലേക്ക് വരുന്നു എന്നാണ് സങ്കല്പം. ഓണാഘോഷത്തിന്ന് പിന്നിലുള്ള മറ്റൊരു സങ്കല്പം മലയാളികള്‍ പുലര്‍ത്തിപ്പോരുന്നു. മഹാബലി എന്ന ഒരു രാജാവ് നാടുവാണീടുന്ന ഒരു സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ചുള്ള മലയാളികളൂടെ ഓര്‍മ്മയാണത്…. എല്ലാം എവിടെയോവെച്ച് എന്നോ നഷ്ടപ്പെട്ടുപോയ ഒരു സുവര്‍ണ്ണ യുഗം പുന:സൃഷ്ടിക്കാനുള്ള ഉത്കടമായ അഭിനിവേശത്തില്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം.

തച്ചോളി ഒതേനനെപ്പറ്റി ലോഗന്‍ രേഖപ്പെടുത്തിയത്:
വടക്കെമലബാറിലെ റോബിന്‍ഹുഡ്. പക്ഷേ റോബിന്‍ഹുഡിനെപ്പോലെ പണക്കാരില്‍നിന്ന് വാങ്ങി പാവങ്ങള്‍ക്ക് കൊടുത്തിട്ടില്ല. തനിക്കും അനുയായികള്‍ക്കും വേണ്ടി ഏതുമാര്‍ഗ്ഗവും സ്വീകരിക്കും. ഒതേനന്റെ പരാക്രമങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ക്രിതികള്‍ അന്നുണ്ടായിരുന്നില്ല. തമിഴ്ഭാഷ; തിരുക്കുറല്‍ പോലെയുള്ള ക്രിതികള്‍ കൊണ്ട് സമ്പന്നമായിരുന്നത്‌പോലെയല്ലായിരുന്നു അന്നത്തെ മലയാള ഭാഷ. എന്നാല്‍ നാടന്‍ പാട്ടുകള്‍കൊണ്ട് സമ്പന്നമായിരുന്നു. അങ്ങിനെയാണ് ഒതേനന്റെ കഥകള്‍ പ്രചരിച്ചത്. (വള്ളത്തോളിന്റെ ‘നാടന്‍പാട്ടുകള്‍ എന്ന കവിതകള്‍ ഞാനോര്‍ ക്കുന്നു-ഞ്ഞാറു നടുന്ന നിരക്ഷരപ്പെണ്ണുങ്ങള്‍ കൂറോടീപ്പാട്ടുകള്‍ നീട്ടിപ്പാടി എന്നദ്ദേഹം എഴുതി). പഴഞ്ചൊല്ലുകള്‍കൊണ്ട് സമ്ര്‍ദ്ധമായിരുന്നു മലയാളം.

സ്മാര്‍ത്തവിചാരം:
നമ്പൂതിരി സ്ത്രീകളെ ചാരിത്ര്യത്തിന്റെ പേരില്‍ വിചാരണ ചെയ്യുന്ന ഒരു സമ്പ്രദായമായിരുന്നു ഇത്. സ്മാര്‍ത്തന്‍ എന്നാല്‍ അദ്ധ്യക്ഷന്‍. വിചാരം എന്നാല്‍ വിചാരണ. വിചാരണയുടെ അദ്ധ്യക്ഷന്‍ ശിക്ഷവിധിക്കുന്നു. അങ്ങിനെ അന്ത്രര്‍ജ്ജനങ്ങളെ പലരേയും ദുര്‍ന്നടപടി ആരോപിച്ച് പുറത്താക്കിയിട്ടുണ്ട്. യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ ചിലര്‍ കാമുകരുടെ കൂടെ പോകുന്നു. സ്മാര്‍ത്തവിചാരത്തിന്ന് കൊണ്ടുപോകുന്നതിന്ന് മുന്‍പ് ചിട്ടകള്‍ എന്നപേരില്‍ പല ചോദ്യങ്ങളും ആരോപണം ചുമത്തപ്പെട്ട അന്തര്‍ജ്ജനത്തിന്റെ ദാസിയുമായും പിന്നീട് വിചാരണ ചെയ്യപ്പെടുന്ന അന്തര്‍ജ്ജനമായും ഒരു നാടകം പോലെ ചെയ്യപ്പെടുന്നു. തുടങ്ങുന്നത് ദാസിയില്‍നിന്നായിരിക്കും. ദാസി പറഞ്ഞാല്‍ കുറ്റവാളിയെ ഒറ്റതിരിക്കുന്നു. അതിന്ന് നാടുവാഴി അധികാരം നല്‍കുന്നു. നാടുവാഴി വാറോല അയക്കുന്നു. അങ്ങിനെ പ്രതിയുടെ വീടിന്നടുത്തുള്ള ഒരമ്പല പരിസരത്തു വെച്ച് വിചാരണ ചെയ്യപ്പെടുന്നു. ആ സ്ത്രീ പറയുന്ന പുരുഷന്‍ നിഷേധിക്കുകയാണെങ്കില്‍ അയാളുടെ കൈ തിളപ്പിച്ച എണ്ണയില്‍ മുക്കി പൊള്ളിയാല്‍ കുറ്റവാളിയായി. വിധി പ്രസ്ഥാവിക്കുന്നത് തമിഴ് ബ്രാഹ്മണനായ പട്ടര്‍ ആയിരിക്കും. ശിക്ഷിക്കപ്പെടുന്ന സ്ത്രീക്ക് സമുദായ സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. പാതിവ്രത്യത്തിന്റെ ചിഹ്നമായ മറക്കുട നീക്കുന്നു. ചില ചടങ്ങുകളോടെ അതവസാനിക്കുന്നു. ചിലര്‍ വ്യഭിചാര പ്രവര്‍ത്തിയിലേക്ക് പോകുന്നു. ചിലരെ കോഴിക്കോട്ടെ ചെട്ടികള്‍ വിവാഹം കഴിക്കുന്നു.

ഹിന്ദുമലയാളികളുടെ ആചാരങ്ങള്‍
ഹിന്ദുക്കളായ മലയാളികളുടെ ആചാരങ്ങളെപ്പറ്റിയും വിശ്വാസങ്ങളെപ്പറ്റിയും ഗഹനമായി പഠനംനടത്തിയ ലോഗന്‍ മരണശേഷം അസ്ഥികള്‍ നശിപ്പിക്കപ്പെടാതെ സൂക്ഷിക്കുന്ന കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രാദ്ധകര്‍മ്മങ്ങളില്‍ പുരോഹിതന്റെ ഇടപെടല്‍ കാരണം ആത്മാവിന്ന് ശാന്തി ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ അന്ധവിശ്വാസികളെ ചൂഷണം ചെയ്തുകൊണ്ട് തടസ്സങ്ങള്‍ നീക്കി എന്ന വ്യാജേന മോക്ഷത്തിലെത്തിക്കാന്‍ ചെലവേറുന്നു. പുരോഹിതന്‍ പറയുന്നതിന്നനുസരിച്ച് കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് നീണ്ടപാത കടന്നു മോക്ഷത്തിലെത്തിയാല്‍ പിന്നെ പുനര്‍ജ്ജന്മമായി അടുത്ത പ്രശ്‌നം!!. ഇവിടെയും പുരോഹിതന്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നു. മലയാളി ഹിന്ദുവിശ്വാസികളുടെ അടിസ്ഥാനരഹിതമായ മതവിശ്വാസത്തിന്നാധാരം മണ്‍മറഞ്ഞവരെ പ്രീതിപ്പെടുത്തിയില്ലെങ്കില്‍ ജീവിക്കുന്നവര്‍ക്ക് ദുര്‍ന്നിമിത്തങ്ങള്‍ വന്നുചേരുമെന്ന ധാരണയാണ്. ദുരന്തങ്ങള്‍ വന്നുപെടുമ്പോള്‍ അയാള്‍ അഭയംതേടുന്നത് ഗതിപിടിക്കാതെ അലഞ്ഞുനടന്നതായി വിശ്വസിക്കപ്പെടുന്ന പ്രേതത്തെ പ്രീതിപ്പെടുത്താനുള്ള ബലികര്‍മ്മങ്ങളിലാകുന്നു എന്ന് ലോഗന്‍ നിരീക്ഷിക്കുന്നു.

ഭഗവതികോപത്തെയും പകര്‍ച്ചവ്യാധികളെപ്പറ്റികളെപ്പറ്റിയും ലോഗന്‍ എഴുതിവെച്ചിരിക്കുന്നത് വിഷൂചിക അഥവാ വസൂരി എന്ന പകര്‍ച്ചവ്യാധി വന്നാല്‍ അത് സമൂഹത്തിന്ന് മുഴുവന്‍ ഭഗവതിയുടെ ശാപംകൊണ്ടൂണ്ടായതാണെന്ന വിശ്വാസത്തെപ്പറ്റിയാണ് അമ്പലത്തിലെ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി അത് നാട്ടുകാരെ അറിയിക്കുന്നു. സ്‌കോട്ട്‌ലണ്ടുകാരനായ ലോഗന്‍ നമ്മുടെ നാട്ടിലെ തട്ടിപ്പുകാരായ പുരോഹിതന്മാരെപ്പറ്റി നന്നായി പഠിച്ചിരുന്നു എന്ന് മനസ്സിലാവുന്നു. അദ്ദേഹത്തിന്റെ നിഷ്പക്ഷമായ നിരീക്ഷണം സത്യത്തെ കണ്ടെത്തുന്നു ഒരു കളിയിലെ സത്യസന്ധനായ റഫറിയെപ്പോലെ.

നാഗാരാധനെയ്പ്പറ്റി ലോഗന്‍ പറയുന്നത് മലയാളി ഹിന്ദുക്കള്‍ക്കിടയില്‍ പാമ്പിന്റെ സ്വാധീനം പലദുര്‍ന്നിമിത്തങ്ങള്‍ക്കും ഇടയാക്കുമെന്ന വിശ്വാസത്തെപ്പറ്റിയാകുന്നു. സര്‍പ്പത്തെ പൂജിക്കണം എന്ന വിശ്വാസക്കാരാണവര്‍. മിക്കവാറും എല്ലാ ഭേദപ്പെട്ട മലയാളിത്തറവാടിന്റെയും തെക്കുപടിഞ്ഞാറേ മൂലയിലായി ഒരു സര്‍പ്പക്കാവുണ്ടായിരിക്കുമെന്നും വള്ളിക്കെട്ടുകള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന സര്‍പ്പക്കാവുകളില്‍ കരിങ്കല്ലില്‍ കൊത്തിവെച്ച ഫണം വിടര്‍ത്തിനില്‍ക്കുന്ന ഒരു സര്‍പ്പത്തിന്റെ ഒരു പ്രതിമ രൂപം ഉണ്ടായിരിക്കുമെന്ന നിരീക്ഷ്ണമാകുന്നു.അങ്ങിനെയുള്ള സര്‍പ്പക്കാവുകളിലെ ഓരോ മരവും, ഓരോ ചില്ലയും, ഓരോ പച്ചിലയും പരിപാവനമായി കരുതപ്പെടുന്നു എന്നാണ്. കുഷ്ഠം, വ്രണം, സ്ത്രീകളിലെ വന്ധ്യത്വം, ബാലമരണം എന്നിവയെല്ലാം നാഗകോപം കാരണമാണെന്ന് വിശ്വസിക്കുന്നു.മലയാളി ഹിന്ദൂയിസം ഇന്ന് കാണുന്നവിധത്തിലുള്ള അസാധാരണമായ ഒരു മിശ്രിതമാണെന്ന് ലോഗന്‍ പറയുന്നു. മലബാറില്‍ ആദ്യമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ക്രിസ്തീയ വിശ്വാസത്തില്‍നിന്ന് അത്യൂദാരമായ ചിന്തകള്‍ കടം വാങ്ങിയിട്ടുണ്ടെന്നാണദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. ബുദ്ധമതവും ജൈനമതവും വിട്ടുപോയ സ്വാധീനമുദ്രകളും പതിഞ്ഞുകിടപ്പുണ്ട്.

ശങ്കരാചാര്യര്‍:
എ ഡി ഒന്‍പതാം നൂറ്റാണ്ടിന്റെ ആദ്യമോ ഏഴാം നൂറ്റാണ്ടിന്റെ അവസാനമോ ജീവിച്ചതായി വിശ്വസിക്കപ്പെടുന്നു. മലയാളി ബ്രാഹ്മണന്‍. വേദാന്തത്തിന്റെ രൂപത്തില്‍ ഹിന്ദുമതം അതിന്റെ പാരമ്യതയിലെത്തി എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ വിധവയില്‍ ജനിച്ചു എന്നത് അദ്ദേഹത്തിന്റെ പിതൃത്വത്തില്‍ കളങ്കം ചാര്‍ത്തുന്നു. എന്നാല്‍ ഈ കിംവദന്ത്ക്കാധാരമായി വസ്തുതകളൊന്നുമില്ല. യേശുക്രിസ്തുവിനെപ്പോലെ ഇദ്ദേഹവും കന്യകാപുത്രനാണെന്ന കഥ കിഴക്കന്‍ നാടുകളില്‍ പ്രചാരത്തിലുണ്ട്. എട്ടാം വയസ്സില്‍ മുതല പിടിച്ചകഥ ലോഗനും പറയുന്നുണ്ട്. നമ്പൂതിരിമാര്‍ക്ക് മാത്രം സ്വായത്തമാക്കാനുള്ള വേദവിജ്ഞാനത്തെ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ചോദ്യം ചെയതതില്‍ കുപിതരായ നമ്പൂതിരിമാര്‍ ശങ്കരന്ന് ഭ്രഷ്ട് കല്പിച്ചു. ശങ്കരനെപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്. വ്യാസനെ വാദത്തില്‍ തോല്പിച്ചു എന്നതാണതിലൊന്ന്. എന്നാല്‍ മലയാളികള്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന ഒന്ന് തന്റെ അമ്മയുടെ മരണസമയത്ത് ദേശാടനം കഴിഞ്ഞ് ശങ്കരന്‍ തിരിച്ചെത്തി എന്നും മാതാവിന്നു വേണ്ടി ശ്രാദ്ധകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചുവെന്നും, നമ്പൂതിരിമാര്‍ സഹകരിക്കാതിരുന്നതിനാല്‍ അധ:കൃതരെ വിളിക്കേണ്ടി വന്നു എന്നും.

കോഴിക്കോട്
പതിനാലാം നൂറ്റാണ്ട് വരെ കോഴിക്കോട് തിരക്കുപിടിച്ച ഒരു വാണിജ്യനഗരമായിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ വന്നതിന്നുശേഷം ക്ഷയിക്കുകയാണുണ്ടായത്. അന്ന് കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒരു കടല്‍കൊള്ളക്കാരനുണ്ടായിരുന്നു. ക്യാപ്റ്റന്‍ കിഡ്. അയാള്‍ പ്രവര്‍ത്തിച്ചിരുന്നത് നാട്ടുകാരായ പ്രഭുക്കന്മാരുടെ സഹായത്തോടുകൂടിയായിരുന്നു. തുറമുഖം ദീപസ്തംഭത്തില്‍നിന്ന് 5-6 ഫാതം ദൂരെയാണ്. 2-3 നാഴിക ഒരു ബോയ് ഉണ്ട്. കുന്നലക്കോന്‍ എന്നായിരുന്നു സാമൂതിരിയുടെ ആദ്യപേര്‍. കുന്നുകളുടെയും അലകളുടെയും രാജാവ് എന്നര്‍ത്ഥം. സാമുദ്രി എന്ന വാക്കില്‍നിന്ന് സാമൂതിരി എന്ന വാക്കുണ്ടായി. പതിനേഴാന്മ് നൂറ്റാണ്ടില്‍ കോഴിക്കോട് തുറമുഖം പ്രസിദ്ധമായിരുന്നു. അന്ന് മക്കയുമായി നല്ല വ്യാപാരബന്ധമുണ്ടായിരുന്നു. അങ്ങിനെ സാമൂതിരി പ്രസിദ്ധനായി.

കോഴിക്കോട്ടങ്ങാടിയുടെ തുടക്കം:
കിഴക്കന്‍ നാട്ടുകാരനായ അംബരേശന്‍ എന്ന പേരിലുള്ളഒരു ചെട്ടി വ്യാപാരാര്‍ത്ഥം മക്കയിലേക്ക് പോയി. തിരിച്ചുവന്നത് കപ്പല്‍ നിറയെ സ്വര്‍ണ്ണവുമായിട്ടായിരുന്നു. ഭാരക്കൂടുതല്‍കൊണ്ട് മുങ്ങാറായകപ്പല്‍ കരയോടുകൂടുതല്‍ അടുപ്പിച്ചു. ചെട്ടി, സ്വര്‍ണ്ണനിധിയുടെ ഒരുപെട്ടിയെടുത്ത് സാമൂതിരിയുടെ സമക്ഷം സമര്‍പ്പിച്ചുകൊണ്ട് ‘താന്‍ വിഷമത്തിലാണെന്നുണര്‍ത്തിച്ചു’ കപ്പലിലെ നിധി കോവിലകത്തു സൂക്ഷിച്ചുകൊള്ളാന്‍ സാമൂതിരി ചെട്ടിയോട് പറഞ്ഞു. സൗകര്യമായി കടത്താന്‍ കഴിയുന്ന നിധിമാത്രം കപ്പലില്‍ വെച്ചു ബാക്കിമുഴുവന്‍ അറയില്‍ സൂക്ഷിച്ചുവെച്ചതിന്നുശേഷം ചെട്ടി, സ്വദേശത്തേക്ക് തിരിച്ചുപോയി. കുറച്ചുകാലംകഴിഞ്ഞു തിരിച്ചുവന്നപ്പോഴും ചെട്ടിയുടെ പെട്ടി അതുപോലെതന്നെ !!. സാമൂതിരിയുടെ സത്യസന്ധതകണ്ട ചെട്ടി നിധിയുടെ ഒരു പങ്ക് നല്‍കാന്‍ തീരുമാനിച്ചെങ്കിലും സാമൂതിരി സ്വീകരിച്ചില്ല. രാജാക്കന്മാരില്‍ ഏറ്റവും സത്യസന്ധന്‍ സാമൂതിരിയാണെന്ന് തോന്നിയ ചെട്ടി കോഴിക്കോട്ട് വ്യാപാരം നടത്താന്‍ സാമൂതിരിയോട് അനുമതി തേടിയപ്പോള്‍ സാമൂതിരി സസന്തോഷം സമ്മതിക്കുകയും ചെയ്തു. അതായിരുന്നു കോഴിക്കോട്ടങ്ങാടിയുടെ തുടക്കം. (Page 277 Malabar Manual)

വാസ്‌കോഡഗാമ:
തടിച്ചുരുണ്ട്, ചുവന്ന് തുടുത്ത മനുഷ്യന്‍ എന്നാണ് ലോഗന്‍ ഗാമയുടെ രൂപത്തെപ്പറ്റി പറയുന്നത്. അക്ഷരാഭ്യാസമില്ല. എന്നാല്‍ ജന്മം കൊണ്ട് കുലീനന്‍. ആര്‍ക്കും വഴങ്ങാത്ത പ്രകൃതം. ക്രൗര്യം മുറ്റിനില്‍ക്കുന്ന സ്വഭാവം, നിശ്ചയദാര്‍ഢ്യം എന്നിങ്ങിനെയാണ് മറ്റു വിവരണങ്ങള്‍. ഗാമയുടെ കൂടെ ദൗര്‍ബല്യം മാത്ര്യം കൂടെയുള്ള ഒരു സഹോദരനും വന്നിരുന്നുപോലും. എന്നാല്‍ മടക്ക യാത്രയില്‍ അയാള്‍ മരിച്ചുപോയി. മൂന്ന് പായക്കപ്പലുകള്‍ വന്നതില്‍ ഒന്നിന്റെ കപ്പിത്താന്‍ അയാളായിരുന്നു. 1497 മാര്‍ച്ച് 27ന്ന് ലിസ്ബണ്‍ എന്ന സ്ഥലത്തുനിന്നായിരുന്നു പുറപ്പെട്ടത്. സഹോദരന്റെ പേര്‍ പൗലോ ഡ ഗാമ എന്നായിരുന്നു. ഓരൊ കപ്പലിലും എണ്‍പത് പേര്‍ വീതമുണ്ടായിരുന്നു. അഞ്ച് മാസത്തെ യാത്രക്ക് ശേഷം സെന്റ് ഹെലന എന്ന സ്ഥലത്തെത്തി. 1497 ആഗസ്ത് 18ന്ന് അവിടുന്ന് ഒരുമാസം പുറം കടലില്‍ യാത്ര തുടര്‍ന്നു. കരകാണാതെ രണ്ടു മാസം വീണ്ടും യാത്രതന്നെ. ക്രിസ്ത്മസ് ദിവസം ദക്ഷിണാഫ്രിക്ക കണ്ടു. മൊസാമ്പിയയിലെത്തി ഇരുപത് ദിവസം താമസിച്ചു. 1498ല്‍ മെലിന്താ നഗരം വിട്ടു ഇരുപതാമത്തെ ദിവസം മലബാര്‍ തീരം കണ്ടു. കപ്പിത്താന്‍ പറഞ്ഞിരുന്നു ആദ്യം കണ്ണിലെ്പടുക ഒരു വലിയ മലയായിരിക്കും അത് കണ്ണൂര്‍ രാജാവിന്റെ അധീനതയിലുള്ളതാണ്, അത്എലികള്‍ ധാരാളമുള്ള അന്നത്തെ എലിമല എന്നും ഇന്ന് ഏഴിമല എന്നും പറയുന്നു. അങ്ങിനെ അവര്‍ തെക്കോട്ടേക്ക് വന്നുകൊണ്ടിരുന്നു അങ്ങിനെയുള്ള വഴിയില്‍ അവര്‍ കണ്ട കണ്ണൂരിനെ വിവരിച്ചത് ഒരുള്‍ക്കടലില്‍ ഓലമേഞ്ഞ കുടിലുകളുള്ള ഒരു വലിയ പട്ടണം എന്നായിരുന്നു. അങ്ങിനെ പിന്നെയും തെക്കന്‍ ദിശയിലേക്ക് പോയപ്പോള്‍ ഒരുള്‍ക്കടലില്‍ നങ്കൂരമിടാന്‍ കപ്പിത്താന്‍ ഉത്തരവിട്ടു. ആസ്ഥലം കപ്പോറ്റേക്ക് എന്നായിരുന്നു അവര്‍ പറഞ്ഞ പേര്‍ (ഇന്നത്തെ കാപ്പാട്) അവിടുന്ന് വീണ്ടും വടക്കോട്ട് തന്നെ നീങ്ങി പന്തലായിനി എന്ന സ്ഥലത്ത് നങ്കൂരമിട്ടു.

ഗാമ സാമൂതിരിയെ കാണുന്നത് ഇഷ്ടമില്ലാതിരുന്ന മാപ്പിളക്കച്ചവടക്കാര്‍ ഉണ്ടായിരുന്നു എന്ന് ലോഗന്‍ എഴുതിയിരിക്കുന്നു. അവര്‍ അത് വിലക്കാന്‍ പല പണികളും ചെയ്തു. അങ്ങിനെ പലതവണ ശ്രമിച്ചതിന്ന് ശേഷമായിരുന്നു കാണുവാന്‍ സാധിച്ചത്. സാമൂതിരി സന്ദര്‍ശനത്തില്‍ സാമൂതിരിയെ വിവരിക്കുന്നത് കറുത്ത കുറിയ മനുഷ്യനായും മേലാസകലം രത്‌നക്കല്ലുകള്‍ പതിച്ച ആഭരണങ്ങളുമായ ഒരാളായാണ്. സാമൂതിരി മുറുക്കിത്തുപ്പിക്കൊണ്ടിരുന്നു. അതിന്ന് സ്വര്‍ണ്ണക്കോളാമ്പി പിടിച്ചുകൊണ്ട് ഒരു പരിചാരകനും ഉണ്ടായിരുന്നു. ലോഗന്‍, രത്‌നക്കല്ലുപതിച്ച ഓരോ ആഭരണങ്ങളെപ്പറ്റിയും വിവരിച്ചിരിക്കുന്നു. പട്ടുമുണ്ടുടുത്ത ഒരു പരിചാരകന്‍ ആണ്‍കുട്ടി, സ്വര്‍ണ്ണം കെട്ടി, മുത്തുകള്‍ പതിച്ച വിശറികൊണ്ട് സാമൂതിരിക്ക് വീശിക്കൊടുത്തുകൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്ത് അംഗരക്ഷകന്‍. സ്വര്‍ണ്ണം കെട്ടിയ പിടിയുള്ള വാള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. മറ്റൊരു വഷത്ത് സ്വര്‍ണ്ണത്തില്‍ പണിത കോളാമ്പിയും പിടിച്ചു മറ്റൊരു പരിചാരക ബാലന്‍. തൊട്ടുപിറകെ മുഖ്യ ബ്രാഹ്മണോപദേഷ്ടാവ്. രാജാവിന്ന് കൂടെക്കൂടെ മുറുക്കിത്തുപ്പുന്നതിന്നു വേണ്ടി, ഒരു പച്ചില (വെറ്റില) എടുത്തു ചുരുട്ടി, അതില്‍ ചിലതെല്ലാം ചേര്‍ത്തു പലവട്ടം ചെറുതായി ചുരുട്ടി, രാജാവിന്ന് ഉപചാരപൂര്‍വ്വം കൊടുക്കുന്നു. അത് രാജാവ് തിന്നുകയും ഇടക്കിടെ പരിചാരകന്‍ നീട്ടുന്ന സ്വര്‍ണ്ണപ്പാത്രത്തില്‍ (കോളാമ്പി) തുപ്പുകയും ചെയ്യും.

രാജസന്നിധിയിലെത്തിയപ്പോള്‍ ഡ ഗാമ, താണുവഴങ്ങി ഉപചാരം ചെയ്തു. രാജാവ്, തന്റെ ശിരസ്സും ശരീരവും അല്പമൊന്ന് കുനിച്ച് പ്രത്യൂപചാരം ചെയ്തു. വിരല്‍ത്തുമ്പ് കൊണ്ട് സൈന്യാധിപന്റെ വലതുകൈത്തലം സ്പര്‍ശിക്കുകയും ചെയ്തു. എന്നിട്ട്, താന്‍ ഉപവിഷ്ടനായ മഞ്ചത്തിന്നഭിമുഖമായി ഒരുഭാഗത്തിരിക്കാന്‍ ആംഗ്യം കാട്ടി. എന്നാല്‍, നിന്നുകൊണ്ട് സംസാരിക്കാനാണ് ഗാമ, ഇഷ്ടപ്പെട്ടത്. രാജാവിന്റെ നാട്ടിലുണ്ടാക്കുന്ന ഉല്പന്നങ്ങള്‍ വ്യാപാരംചെയ്യാനുള്ള അനുമതി നല്‍കണമെന്ന് ഡ ഗാമ അപേക്ഷിച്ചു. പകരമായി രാജാവിന്ന് എന്തെല്ലാം നല്‍കാന്‍ കഴിയുമെന്ന് വിവരിച്ചുകൊടുത്തു.

സാമൂതിരിയുമായുള്ള ഡ ഗാമയുടെ കൂടിക്കാഴ്ച്ച ഉദ്ദ്യേശിച്ച ഫലം ഉണ്ടാക്കിയോ എന്ന് തീര്‍ത്തുപറയാന്‍ വയ്യ. കാരണം അതിന്നിടയില്‍ നിരവധി ഉപജാപങ്ങളുണ്ടായിരുന്നു. അവര്‍, കൊട്ടാര കാവല്‍ സേനയുടെ തലവനെ കൈക്കൂലികൊടുത്തു വശത്താക്കിയിരുന്നു. ഈ തലവന്ന്, രാജസന്നിധിയില്‍ ആരെങ്കിലും സമ്മതമില്ലാതെ കണന്നുവന്നാല്‍ ശിരച്ഛേദം ചെയ്യാന്‍ പോലും അധികാരവും ഉണ്ടായിരുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ഒരു വ്യാപാരശാല തുടങ്ങാന്‍ സാമൂത്രിരി രാജാവ് പോര്‍ച്ചുഗീസുകാരെ അനുവദിച്ചിരുന്നു. അങ്ങിനെ ആശാവഹമായിത്തന്നെയായിരുന്നു ഗാമ, സാമൂതിരിയുടെ കൊട്ടാരത്തില്‍നിന്ന് തിരിച്ചുപോയത്. പല്ലക്കിലായിരുന്നു, ഗാമ തിരിച്ചു പോയത്. അങ്ങിനെ ഗാമയെ താമസിക്കുവാന്‍ നല്‍കിയ വീട്ടിലെത്തിച്ചു. എല്ലാവരും ചോറും, മീന്‍ കറിയും ഒരു ഭരണി വെള്ളവും കഴിച്ച് കിടന്നുറങ്ങി. ജുവാന്‍ നൂസ് എന്ന ഒരു ദ്വിഭാഷി കൂടെയുണ്ടായിരുന്നു. ഗാമയെ സാമൂതിരിയുടെ ആള്‍ക്കാര്‍ കൊണ്ടുപോയിരുന്നത് കാട്ടുവഴികളിലൂടെയും തോണിവഴിയും ആയിരുന്നു. അതിന്നിടയില്‍ ഗാമയെ വധിക്കാന്‍ മുറുകള്‍ എന്ന കച്ചവടക്കാര്‍ സൈന്യാധിപനില്‍ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ സൈന്യാധിപന്ന് അറിയാമായിരുന്നു സാമൂതിരിക്ക് അത് ഇഷ്ടപ്പെടില്ലെന്നും, തന്റെ നിലനില്പിന്ന് അത് ഗുണകരമായിരിക്കില്ലെന്നും

സാമൂതിരി രാജാവിന്റെ അസാന്നിദ്ധ്യത്തില്‍ വാസ്‌കോഡ ഗാമയെ വിചാരണ ചെയ്തു. വളരെ നിന്ദ്യമായ രീതിയില്‍ വിചാരണക്കാര്‍ പെരുമാറി. വന്നതിന്റെ ഉദ്ദ്യേശമെന്താണെന്ന് അന്വേഷിച്ചു. അത് ഞാന്‍ രാജസന്നിധിയില്‍ പറഞ്ഞുകൊള്ളാമെന്ന് ഗാമ അക്ഷോഭ്യനായി മറുപടി പറഞ്ഞു. ഇങ്ങിനെയുള്ള അടവുകള്‍ ഗാമയുടെ അടുത്ത് നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ പുതിയൊരടവായി കപ്പലിലുള്ള സാധനങ്ങള്‍ മുഴുവന്‍ കരയിലിറക്കാന്‍ ആവശ്യപ്പെട്ടു. ഗാമ സമ്മതിച്ചു. പോര്‍ച്ചുഗീസുകാര്‍ കടല്‍ക്കൊള്ളക്കാരാണെന്ന് ശുദ്ധഗതിക്കാരനായ അന്നത്തെ സാമൂതിരിയെ ഉണര്‍ത്തിച്ചു. എന്നാല്‍ സാമൂതിരിയുടെ പരിചാരകര്‍ ആവശ്യപ്പെടുന്നതൊക്കെ ഡ ഗാമയൂം അനുയായികളും ചെയ്യുന്നുണ്ടന്നും അവസാനം അവര്‍ ചരക്കുകള്‍ കരയില്‍ ഇറക്കി വെച്ച് അവരുടെ നാട്ടിലേക്കുതന്നെ തിരിച്ചു പോകുകയാണെന്നറിഞ്ഞ സാമൂതിരി അവരെ തിരിച്ചു വിളിക്കാന്‍ ആളെ അയക്കുകയാണുണ്ടായത്.
സാമൂതിരി ഗാമക്ക് സഹായം വാഗ്ദാനം ചെയ്തതെല്ലാം തിരസ്‌കരിച്ചു. 70 ദിവസത്തോളം ഗാമയുടെ കപ്പലുകള്‍ പന്തലായിനി കടപ്പുറത്ത് നങ്കൂരമിട്ടു. 1498 നവമ്പര്‍ നാലിന്ന് ഗാമ സ്ഥലംവിട്ടു. വടക്കോട്ട് നീങ്ങിയ അവരെ കണ്ണൂര്‍ രാജാവ് കോലത്തിരി അയച്ച തോണികള്‍ പുറം കടലില്‍ വെച്ച് എതിരേറ്റു. കണ്ണൂരില്‍ വരാമെന്നും എന്നാല്‍ കരയ്കിറങ്ങില്ലെന്നും ഡ ഗാമ പറഞ്ഞു. തന്റെ സൗമനസ്യം കാണിക്കുവാന്‍ കണ്ണൂര്‍ രാജാവ് അവര്‍ക്കാവശ്യമായ സാധനങ്ങളെല്ലാം കൊടുത്തു. ഗാമ പകരവും സമ്മാനങ്ങള്‍ നല്‍കാന്‍ നിപുണനായിരുന്നു. ഇങ്ങിനെയായപ്പോള്‍ കോലത്തിരിക്ക് ഗാമയെ കാണണമെന്നായി. കരക്കിറങ്ങിയില്ലെങ്കില്‍ അങ്ങോട്ട് ചെല്ലാമെന്നായി. കപ്പലിലേക്ക് മരപ്പലകയിട്ട് വീതികുറഞ്ഞ ഒരു പാലമിട്ടു. സമ്മാനങ്ങള്‍ വീണ്ടും കൈമാറി. കോഴിക്കോട്ടുവെച്ചുണ്ടായ തിക്താനുഭവങ്ങള്‍ കോലത്തിരിയെ ധരിപ്പിച്ചു. 1498 നവമ്പര്‍ 20ന്ന് പോര്‍ച്ചുഗീസ് സംഘം അഞ്ചദീവ് ദ്വീപിലേക്ക് പുറപ്പെട്ടു. ജനുവരി 20 ന്ന് മെലിംഗയിലെത്തി. യാത്ര തുടര്ന്നു. ടെര്‍സറിയില്‍ തങ്ങി. അതിന്നിടയില്‍ രോഗബാധിതനായ സഹോദരന്‍ പൗലോ ഡ ഗാമ അന്തരിച്ചു. അയാളെ സംസ്‌കരിക്കുന്നതിന്നായി രണ്ട് കപ്പലുകളും മെലിംഗയില്‍ തന്നെ നിന്നു.

വാസ്‌കോ ഡ ഗാമ കേരളത്തില്‍നിന്ന് കൊണ്ടുവന്ന ചരക്കുകള്‍ പോര്‍ച്ചുഗലില്‍ നല്ല ലാഭമുണ്ടാക്കി. പോര്‍ച്ചുഗല്‍ രാജാവിന്ന് സന്തോഷമായി. അതിനാല്‍ അടുത്തവര്‍ഷം 1500 ല്‍ മറ്റൊരു കച്ചവടസംഘത്തെ കേരളത്തിലേക്കയച്ചു. ഈ സംഘം കൊച്ചിയിലെത്തി. അവിടെ ആദ്യത്തെ അധിനിവേശത്തിന്ന് അടിസ്ഥാനമിട്ടത് ഇവരായിരുന്നു.

1502 മാര്‍ച്ച് 3ന്ന് വാസ്‌കോ ഡ ഗാമ രണ്ടാമതും കേരളത്തില്‍ വന്നു San Joronymo എന്നായിരുന്നു നേതൃത്വം വഹിച്ച് കപ്പലിന്റെ പേര്‍. പ്രതികാരം ചെയ്യാനായിരുന്നു (Page 305 Malabar Manual) ആ വരവ്. 15 വലിയ കപ്പലുകളും അതിന്ന് തൊട്ടു പിറകെ 5 ചെറിയ കപ്പലുകളും, 800 സായുധരായ പടയാളികളും ഉണ്ടായിരുന്നു. 1502, മാര്‍ച്ച് 25ന്ന് സാമൂതിരിയോട് പകരം വീട്ടാന്‍ പോര്‍ച്ചുഗല്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം പുറപ്പെട്ട ആ പടക്കപ്പല്‍ സമൂഹം 25 മാര്‍ച്ചില്‍ ബ്രസീലിന്റെ തീരത്തെത്തി. സൊഫാല തീര്‍ത്തു വെച്ചായിരുന്നു അത് സംഭവിച്ചത്. പിന്നീട് പഴയ വഴിയായ ഗുഡ് ഹോപ്പ് മുനമ്പ് വഴിതന്നെ വന്നു. അതിനിടയില്‍ സൊഫാല എന്ന സ്ഥലത്തുവെച്ച് ഒരു കപ്പല്‍ കൊടുങ്കാറ്റില്‍ നഷ്ടപ്പെട്ടു. ആദ്യത്തെ വരവില്‍ പോയ മെലിന്തയില്‍ എത്തി. ആഗസ്ത് 18 ന്ന് അവിടുന്നും പുറപ്പെട്ടു. പിന്നീട് ഇന്ത്യാ തീരമായ ഡാബുല്‍ (Dabhol, Ratnagiri District of Maharasthra) തീരത്തെത്തി. ഇത് ബീജാപ്പൂരില്‍ പെടുന്നു.അങ്ങിനെ കോഴിക്കോടെത്തിയ ഗാമ, കടലില്‍ നങ്കൂരമിട്ട ഒരു വലിയ വാണിജ്യക്കപ്പലിനെ കൊള്ളയടിച്ചു. ആ വരവില്‍ ഡ ഗാമ, സാമൂതിരിക്കെതിരെ പലതും ചെയ്തു. അതെല്ലാം കോലത്തിരി അനുമോദിച്ചു. ഡ ഗാമ സാമൂതിരിയോടുള്ള ശത്രുത കാരണം പലരെയും ഉപദ്രവിച്ചതിന്റെ വിവരണം ലോഗന്‍ പറയുന്നത്

സാമൂതിരിയില്ലാത്ത സമയത്ത് കൊട്ടാരത്തില്‍ കടന്ന് നിരവധി അമൂല്യവസ്ഥുക്കളും ഭണ്ഢാരവും കൊള്ളയടീച്ചു. ലോഗന്‍ പറയുന്നത് മനുഷ്യരൂപം ധരിച്ച ഒരു പിശാചായി മാറിയിരുന്നു ഗാമ എന്നാണ്. നിരവധി മുഹമ്മദീയരെ ഗാമ വധിച്ചിട്ടുണ്ട്. കച്ചവടത്തിന്റെ കാര്യത്തില്‍ അവര്‍ ഗാമയുടെ ശത്രുക്കളായിരുന്നതായിരുന്നു കാരണം. മുറു എന്ന ഒരു വര്‍ഗ്ഗത്തെയോ വിഭാഗത്തെയോ പറ്റി ലോഗന്‍ പറയുന്നുണ്ട്. അത് മൊറേഷ്യസില്‍ നിന്ന് വന്നവരാവാം എന്ന് ഞാനനുമാനിക്കുന്നു. അവരും ഗാമയുടെ ശത്രുക്കളായിരുന്നു.അങ്ങിനെ നിരന്തരം അക്രമങ്ങള്‍ ചെയ്തുകൊണ്ട് സാമൂതിരിയുടെ സമുദ്രശക്തിക്കുമേള്‍ പോര്‍ച്ചുഗീസുകാര്‍ ജയം നേടി. സാമൂതിരി പണം നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ഗാമ അത് സ്വീകരിച്ചില്ല. 1503 സപ്തമ്പര്‍ 2ന്ന് കൊച്ചിയിലേക്ക് പോയി പിന്നീട്കണ്ണൂര്‍ ഭാഗത്തേക്ക് പോയി. നാവികമേല്‍ക്കോയ്മ സാധിച്ചു. പോര്‍ച്ചുഗീസുകാര്‍ക്ക് മെല്ലെമെല്ലെ സഹായിച്ച കോലത്തുനാടിനെയും പോര്‍ച്ചുഗീസുകാര്‍ ഉപദ്രവിച്ചുതുടങ്ങി. തോണികടലിലിറക്കാന്‍ വരെ അവരുടെ സമ്മതം വേണമെന്നും, കരം നല്‍കണമെന്നുമായി.പോര്‍ച്ചുഗല്‍ രാജാവ് കോഴിക്കോട് ചുട്ടുനശിപ്പിക്കണം എന്ന ഉത്തരവിട്ടു. സാമൂതിരിയോട് പൊതുവെ ഒരു അസൂയ പലര്‍ക്കും ഉണ്ടായിരുന്നു. അതില്‍ പ്രധാനി കോലത്തിരി രാജാവുതന്നെ.

1510 ജനുവരി 4ന്ന് ഡോണ്‍ ഫെര്‍ണാന്‍ഡോ കുട്ടിന്‍ഹോ എന്ന പോര്‍ച്ചുഗീസുകാരന്‍ കപ്പലില്‍ കൊണ്ടുവന്ന പട്ടാളക്കാരെ സാമൂതിരി സ്ഥലത്തില്ലാത്ത സമയത്ത് കരയിലേക്കിറക്കി. കൊട്ടാരം കൊള്ളയടിച്ചു, രാജകീയ വേഷഭൂഷാദികള്‍ കവര്‍ന്നു. നിരവധി പടയാളികളെ കൊന്നു.

1510 മുതല്‍ ഗോവ പോര്‍ച്ചുഗീസ് അധീനതയിലായി.

ഇന്ത്യയെ ആദ്യമായിക്കണ്ടെത്തിയ വാസ്‌കോഡഗാമ പുതിയ പോര്‍ച്ചുഗീസ് വൈസ്രോയിയായി. 1924 സപ്തമ്പറില്‍ ഗോവയിലെത്തുന്നു. പതിനാലുകപ്പലുകളും മൂവായിരം ഭടന്മാരുമായും ആണെത്തുന്നത്. ഇന്ത്യയിലെ പോര്‍ച്ചുഗീസ്ഭരണം ശുദ്ധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഡ ഗാമ നേരെ കണ്ണൂരേക്കാണ് പോയത്. അവിടെ മൂന്ന് ദിവസം തങ്ങി. അപ്പോഴേക്കും ഡ ഗാമ രോഗശയ്യയിലായിരുന്നു. രോഗമെന്തായിരുന്നുവെന്ന് ലോഗന്‍ പറയുന്നില്ല എങ്കിലും ചരിത്രത്തില്‍ മലേറിയ ആയിരുന്നു. 1524 ഡിസമ്പര്‍ 24ന്ന് വാസ്‌കോ ഡ ഗാമ കൊച്ചിയില്‍ രോഗശയ്യയില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു.

1662ല്‍ കൊടുങ്ങല്ലൂര്‍ ഡച്ചുകാര്‍ക്ക് കീഴടങ്ങി. 1663ല്‍ ഡച്ചുകാര്‍ കൊച്ചി പിടിച്ചടക്കി. റോമന്‍ ബിഷപ്പുമാരോടും പാതിരിമാരോടും കൊച്ചി വിട്ടുപോകാന്‍ ആവശ്യപ്പെട്ടു.

ഫ്രഞ്ചുകാര്‍ മാഹിയില്‍ വന്നതെങ്ങിനെയെന്ന് ലോഗന്‍ പറയുന്നത്:
1674ല്‍ ഡച്ചുകാരാല്‍ പുറംതള്ളപ്പെട്ട ഫ്രഞ്ചുകാര്‍ പോണ്ടിച്ചേരിയില്‍ കുടിയേറി. ഫഞ്ചുകാര്‍ മാഹി കീഴടക്കി. 1699ല്‍ തലശ്ശേരിയില്‍ ഇംഗ്ലീഷ് ആധിപത്യം വന്നു. അവിടെ അവര്‍ കോട്ടയുണ്ടാക്കി. 1725ല്‍ മെയ്ഹി എന്നതും ഇന്ന് മാഹിയെന്ന പേരില്‍ അറിയപ്പെടുന്നതുമായ സ്ഥലം സംരക്ഷിച്ചിരുന്നത് ഇംഗ്ലീഷ് സേനയായിരുന്നു. അങ്ങിനെയിരിക്കെ ഫ്രഞ്ച് സ്‌ക്വാഡ്രന്‍ കടല്‍ക്കരയില്‍ വന്ന് ഇംഗ്ലീഷ്‌കാരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും അതവര്‍ അനുസരിക്കുകയും ചെയ്തു. അങ്ങിനെ മാഹി ഫ്രഞ്ച് അധീനതയിലായി.

Categories: History