ഞാന്‍ താമസിക്കുന്ന കോഴിക്കോട്ടെ പാവങ്ങാട് എന്ന സ്ഥലത്തുനിന്ന് വടക്കോട്ടേക്ക് പതിമൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളൂ കാപ്പാട് എന്ന സ്ഥലത്തേക്ക്. 1498ല്‍ പോര്‍ച്ചുഗീസ്‌കാരനായ വാസ്‌കോ ഡ ഗാമ ആദ്യമായി കപ്പലിറങ്ങിയ സ്ഥലമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ഇവിടെയാണ്. അതവിടെ കല്ലില്‍ കൊത്തിവെച്ചിട്ടുമുണ്ട്. ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ചരിത്രം പഠിക്കുന്നതും അങ്ങിനെത്തന്നെ. ഇന്ന് എഴുപത്തിമൂന്ന്കാരനായ എന്റെ ഹൈസ്‌കൂള്‍ (1959-62) പഠനത്തിലും അതുതന്നെ. ചോദ്യക്കടലാസ്സ് വരുമ്പോള്‍ ഇന്ത്യയില്‍ വിദേശാധിപത്യത്തിന്റെ തുടക്കത്തെപ്പറ്റി ചോദിച്ചാല്‍ വാസ്‌കോ ഡ ഗാമയുടെ പേരും ഏത് കൊല്ലം എന്ന് ചോദിച്ചാല്‍ 1498 എന്നും എഴുതേണ്ടി വരും. അന്നത്തെ ചരിത്രപഠനത്തില്‍ മനസ്സില്‍ പതിയുന്നത് വാസ്‌കോ ഡ ഗാമ എന്നയാള്‍ ഒറ്റക്ക് ഒരു പായക്കപ്പലില്‍ വന്നത് പോലെയാണ്. അതും ഒറ്റപ്രാവശ്യം. ചെറിയ ക്ലാസ്സിലെ ചരിത്രം പഠിപ്പിക്കലില്‍ കൊല്ലവും ആളുടെ പേരും പ്രധാനമാണ്‍’. മറ്റുള്ള കാര്യങ്ങള്‍ മനസ്സിലാക്കേണ്ടിവരുന്നത് വിവിധ തരം ചരിത്ര പുസ്തകങ്ങളില്‍നിന്നും.1498 മുതല്‍ 1663 വരെയായിരുന്ന ഇന്ത്യയിലെ പോര്‍ത്തുഗീസ് ആധിപത്യത്തിന്റെ തുടക്കമായിരുന്നു വാസ്‌കോ ഡ ഗാമയുടെ വരവ്.

പേരിന്റെ പിന്നില്‍?
സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍എന്നീ സ്ഥലങ്ങളിലെ വാക്കാണ് ബാസ്‌ക്ക്. ബാസ്‌ക് എന്നാല്‍ ചില പ്രത്യേക മലയിടുക്കിലെ വര്‍ഗ്ഗത്തിന്റെ പേരാകുന്നു. അതില്‍നിന്നാണ് വാസ്‌കോ എന്ന വാക്കുണ്ടായത്.ബാസ്‌കിലെ കാക്ക എന്നാണ് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ പേരിന്റെ വിശദീകരണം.
മൂന്ന് പായക്കപ്പലുകളിലായിരുന്നു വാസ്‌കോ ഡ ഗാമയുടെ പോര്‍ച്ചുഗലില്‍ നിന്നുള്ള പുറപ്പെടല്‍, ഒന്നില്‍ ശരാശരി എണ്‍പതുപേരുണ്ടായിരുന്നു. ഇന്നത്തെ പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിന്നടുത്തുള്ള ബേലം എന്ന സ്ഥലത്തുനിന്ന് 1497 മാര്‍ച്ച് 25ന്ന് San Raphael എന്ന 100 ടണ്‍ സ്വന്തം കപ്പലിലും San Gabriel (120 Ton) എന്ന കപ്പലില്‍ സഹോദരന്‍ പൗലോ ഡ ഗാമയും, San Miguel (50 Ton) എന്ന കപ്പലില്‍ നിക്കോളാസ് എന്ന കമാണ്ടന്റും പുറപ്പെട്ടു. ഗാമ അഞ്ചു മാസത്തെ യാത്രക്ക് ശേഷം സെന്റ് ഹെലന (Saint Helena) എന്ന സ്ഥലത്തെത്തി. അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ഒരു ദ്വീപാണിത്. ദക്ഷിണ അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ ആഫ്രിക്കയില്‍നിന്നും തെക്കേ അമേരിക്കയില്‍നിന്നും അകന്ന് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണിത്. ഇതേ പേരില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലില്‍ ഒരു സ്ഥലമുണ്ട്. 1815ല്‍ ബ്രിട്ടീഷ്‌സര്‍ക്കാര്‍ നേപ്പോളിയനെ തടവുകാരനാക്കി ഇവിടെ താമസിപ്പിക്കുകയുണ്ടായി. 1497 ആഗസ്ത് 18ന്ന് ഒരു മാസം വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള 3 കപ്പലുകള്‍ പുറം കടലില്‍ യാത്ര തുടര്ന്നു. അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ മാസങ്ങള്‍ കഴിച്ചുകൂട്ടി. കരകാണാതെ രണ്ടു മാസം വീണ്ടും യാത്രതന്നെ. ക്രിസ്ത്മസ് ദിവസം ദക്ഷിണാഫ്രിക്ക കണ്ടു. മൊസാമ്പിയയിലെത്തി ഇരുപത് ദിവസം താമസിച്ചു. ലക്ഷ്യമില്ലാതെ അലഞ്ഞശേഷം 1497 ഡിസമ്പറില്‍ ഒരു കൊടുങ്കാറ്റിലും പെട്ടു. 1498 ജനുവരി 6 ന്ന് മൂന്നാമത്തെ കപ്പലായ സാന്‍ മിഗ്വല്‍ (San Miguel) ഒരു ചുഴലിക്കാറ്റില്‍ പെടുകയും പാടെ തകരുകയും ചെയ്തു. അതോടൊപ്പം മടുത്ത കപ്പലിലെ സഹചാരികള്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അവരെ ചങ്ങലക്കിട്ടു, യാത്ര തുടര്‍ന്നപ്പോള്‍ 1498ല്‍ ആഫ്രിക്കയിലെ മുനമ്പായ ഗുഡ് ഹോപ്പ് (Cape of Good Hope)കണ്ടു. മൂന്നാമത്തെ കപ്പലായ സാന്‍ മിഗ്വല്‍ (San Miguel) മിക്കവാറും തകര്‍ന്നതിനാല്‍ ചരക്കുകള്‍ അതില്‍ നിന്ന് മറ്റ് രണ്ടിലേക്കും മാറ്റി അങ്ങിനെ രണ്ട് കപ്പലുകളിലായി യാത്ര തുടര്‍ന്നു.ഈ പുന:സംഘടനക്ക് ഒരു മാസമെടുത്തു. അത് മെര്‍സിനദിയില്‍ വെച്ചായിരുന്നു. വാസ്‌കോഡഗാമയുടെ യാത്രക്കിടയിലുള്ള ഈ കപ്പല്‍ മാറ്റം നടന്ന നദിയെപ്പറ്റി വില്യം ലോഗന്‍ മെര്‍സി നദി എന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇന്ന് അതിന്റെ പേര്‍ ആഫ്രിക്കയിലെ ഗ്രെയിറ്റ് ഫിഷ് റിവര്‍ എന്ന് കാണുന്നു. ഈ നദിയുടെയും പോര്‍ട്ട് എലിസബത്തിന്റെയും ഇടയിലുള്ള തീരത്തെ സണ്‍ ഷൈന്‍ കോസ്റ്റ് (Sun Shine Coast) എന്ന് പറയുന്നു. പിന്നീട് മെലിന്ത (Malindi) എന്ന സ്ഥലം. ആഫ്രിക്കയിലെ കെനിയയുടെ തീരപ്രദേശമാണിത്. അവിടെ ഇന്നും പില്ലര്‍ ഓഫ് വാസ്‌കോഡഗാമ (Pillar of Vasco Da Gama) എന്ന ഒരു സ്തംഭം കാണാം. അവിടുത്തെ രാജാവിന്റെ സ്വീകരണം ഹൃദ്യമായിരുന്നു. അവിടുത്തെ മൂന്ന് മാസത്തെ താമസം ഇതെല്ലാം കഴിഞ്ഞാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ജൂലായ് മാസത്തിലെ ഒരു അമാവാസി ദിവസം ഗാമ മെലിന്തയില്‍ നിന്ന് പുറപ്പെട്ടു. അങ്ങിനെ 1498 ആഗസ്ത് 26ന്ന് വാസ്‌കോഡഗാമയുടെ രണ്ട് കപ്പലുകള്‍ മലബാര്‍ തീരം കണ്ടു. അങ്ങിനെ വന്നു വന്നു…. 1498 ആഗസ്ത് 6 മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തെ അതിജീവിച്ചുകൊണ്ട് കാലവര്‍ഷക്കാറ്റിനൊത്ത് യാത്രചെയ്തു. നമുക്ക് ഇടവപ്പാതിയെന്ന കാലവര്‍ഷം തരുന്നത്. ആ മഴയാണ് നമ്മുടെ കേരളം/മലബാര്‍ പ്രദേഷങ്ങളില്‍ കുരുമുളക്, ഏലം, ഇഞ്ചി എന്നിവകൊണ്ട് സമ്പന്നമാവാന്‍ കാരണം. ആ സമ്ര്‍ദ്ധിയായിരുന്നു വിദേശ വരവിന്റെയും കാരണവും !!! വാസ്‌കോ ഡ ഗാമയുടെ 2 കപ്പലുകള്‍ 26 ആഗസ്തിന്ന് മലബാര്‍ തീരം കണ്ടു. ഏഴിമല അവര്‍ക്ക് ദൃഷ്ടിഗോചരമായി. ആദ്യം കാണുന്നത് ഏഴിമലയായിരിക്കുമെന്ന് കപ്പിത്താന്മാര്‍ക്കറിയാമായിരുന്നു. അത് കണ്ണൂര്‍ കോലത്തിരി രാജാവിന്റെ അധീനതയിലാണെന്നും അവര്‍ക്ക് വിവരം ലഭിച്ചിരുന്നു. അവര്‍ അവിടെനിന്ന് തെക്കോട്ട് നീങ്ങി അങ്ങിനെ പന്തലായിനിക്കടൂത്ത കൊല്ലത്ത് നങ്കൂരമിട്ടു. 1498ലായിരുന്നു കാപ്പാടെത്തിയത്. Capocate എന്നായിരുന്നു കാപ്പാടിനെ അവര്‍ വിളിച്ചിരുന്നത്. പുറപ്പെടുമ്പോഴുണ്ടായിരുന്ന മൂന്ന് കപ്പലുകളില്‍ ഒന്നായ ഗാമയുടെ സാന്‍ റാഫേല്‍; സഹോദരന്‍ പൗലോ ഡ ഗാമയുടെ സാന്‍ ഗബ്രിയേല്‍ എന്നിവയായിരുന്നു ആ രണ്ട് കപ്പലുകള്‍

ഗാമയുടെ വരവ് മൂറുകള്‍ എന്ന മുഹമ്മദീയരില്‍ അസൂയയുണ്ടാക്കി. അവര്‍ സാമൂതിരിയെ സേവിച്ചുകൊണ്ട് പേര്‍ഷ്യന്‍ ഗള്‍ഫ് വ്യാപാരം ചെയ്തു ജീവിക്കുന്നവരായിരുന്നു. അവരുടെ വ്യാപാരത്തിന്ന് തകരാറുണ്ടാവുമെന്ന ഭീതിയുണ്ടായി. നവാഗതരെ തകര്‍ക്കാന്‍ പല രീതികളും അവലംബിച്ചു. സാമൂതിരിയുടെ കീഴിലുണ്ടായിരുന്നവര്‍ക്ക് കൈക്കൂലി നല്‍കി.

ഗാമയുടെ രൂപവും പ്രകൃതവും:

തടിച്ചുരുണ്ട്, ചുവന്ന് തുടുത്ത മനുഷ്യന്‍ എന്നാണ് വില്ല്യം ലോഗന്‍ ലോഗന്‍സ് മാന്വലില്‍ ഗാമയുടെ രൂപത്തെപ്പറ്റി പറയുന്നത്. അക്ഷരാഭ്യാസമില്ല. വിദ്യാഭ്യാസമായി കപ്പലോട്ടം പഠിച്ചിരുന്നു. എന്നാല്‍ ജന്മം കൊണ്ട് കുലീനന്‍. ഗാമയുടെ അച്ഛന്‍ ധനികനായിരുന്നു. വാസ്‌കോ ഡ ഗാമ ആര്‍ക്കും വഴങ്ങാത്ത പ്രകൃതമായിരുന്നു. ക്രൗര്യം മുറ്റിനില്‍ക്കുന്ന സ്വഭാവം, നിശ്ചയദാര്‍ഢ്യം എന്നിങ്ങിനെയാണ് വില്യം ലോഗന്റെ മറ്റു വിവരണങ്ങള്‍. പൗലോ ഡ ഗാമ വാസ്‌കോഡ ഗാമയുടെ മൂത്ത സഹോദരനായിരുന്നു. എങ്കിലും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാത്തത് കാരണമായിരുന്നു വാസ്‌കോഡ ഗാമ എന്ന അനുജന്‍ കപ്പലുകളെ നയിച്ചത്. പൊതുവെ ക്രൂരസ്വഭാവക്കാരനും അചഞ്ചലനും ആയിരുന്നുവെങ്കിലും വാസ്‌കോഡ ഗാമക്ക് ജ്യേഷ്ടനെ വലിയ ഇഷ്ടമായിരുന്നു.

1498 ആഗസ്ത് ആറിന്ന് മെലിന്താ (Melinde) നഗരം വിട്ടു ഇന്നത്തെ പേര്‍ Malindi ഇത് കെനിയയുടെ കടല്‍ത്തീരത്താകുന്നു. അവിടെ പില്ലര്‍ ഓഫ് വാസ്‌കോഡ ഗാമ എന്ന പേരില്‍ ഒരു സ്ഥംഭമുണ്ട്. മെലിന്തയിലെ രാജാവ് കോഴിക്കോടിനെ പറ്റി അറിയുന്ന ഒരു മദ്ധ്യസ്ഥനേയും ഗാമക്ക് പരിചയപ്പെടുത്തി കൊടുത്തതിനാല്‍ പിന്നീടുള്ള യാത്ര സുഗമമായി. ഇരുപതാമത്തെ ദിവസം മലബാര്‍ തീരം കണ്ടു. കപ്പിത്താന്‍ പറഞ്ഞിരുന്നു ആദ്യം കണ്ണിലെ്പടുക ഒരു വലിയ മലയായിരിക്കും അത് കണ്ണൂര്‍ രാജാവിന്റെ അധീനതയിലുള്ളതാണ്. 855 അടി, കടല്‍ക്കരയില്‍ ഒറ്റതിരിഞ്ഞ് തലയെടുത്ത് നില്‍ക്കുന്ന ഏഴിമല. അതിപ്രാചീനകാലം മുതല്‍ സമുദ്രസഞ്ചാരികളുടെ ചരിത്രപ്രസിദ്ധമായ വഴികാട്ടിയായി നില്‍ക്കുന്നു. ഇത് വാസ്‌കോ ഡ ഗാമയോട് നാവികര്‍ പറഞ്ഞിരുന്നു. ആ പ്രദേശത്തുകാര്‍ ദെലിയില്ലി മല എന്നും മൗണ്ട് ദെലി എന്നും പറഞ്ഞു കൊടുത്തിരുന്നു. എലികള്‍ ധാരാളമുള്ള ഒരു മലയായതിനാല്‍ ആള്‍വാസം ആ പ്രദേശത്ത് കുറവാണെന്നും ആയിരുന്നു അന്നത്തെ അറിവ്. അന്നതിനെ എലിമല എന്നും ഇന്ന് ഏഴിമല എന്നും പറയുന്നു.

അങ്ങിനെ വാസ്‌കോഡഗാമയുടെ രണ്ട് കപ്പലുകള്‍ ഏഴിമല ഭാഗത്തുനിന്ന് തെക്കോട്ടേക്ക് വന്നുകൊണ്ടിരുന്നു അങ്ങിനെയുള്ള വഴിയില്‍ അവര്‍ കണ്ട കണ്ണൂരിനെ വിവരിച്ചത് ഒരുള്‍ക്കടലില്‍ ഓലമേഞ്ഞ കുടിലുകളുള്ള ഒരു വലിയ പട്ടണം എന്നായിരുന്നു.പിന്നെയും തെക്കന്‍ ദിശയിലേക്ക് പോയപ്പോള്‍ ഒരുള്‍ക്കടലില്‍ നങ്കൂരമിടാന്‍ കപ്പിത്താന്‍ ഉത്തരവിട്ടു. ആസ്ഥലം കപ്പോറ്റേക്ക് (Kappad) എന്നായിരുന്നു അവര്‍ പറഞ്ഞ പേര്‍ (ഇന്നത്തെ കാപ്പാട്) അവിടുന്ന് വീണ്ടും വടക്കോട്ട് തന്നെ നീങ്ങി 1498 മെയ് 20 ന്ന് പന്തലായിനി (Koyilandi) എന്ന സ്ഥലത്ത് നങ്കൂരമിട്ടു. ഇന്നത്തെ കൊയിലാണ്ടിയുടെ അന്നത്തെ പേര്‍ പന്തലായിനി എന്നായിരുന്നു. എന്റെ ഓര്‍മ്മയില്‍ ചെറുപ്പത്തില്‍ തീവണ്ടി യാത്രചെയ്യുമ്പോള്‍ പന്തലായിനി സ്റ്റേഷനിലായിരുന്നു നിര്‍ത്തിയിരുന്നത്. പന്തലായിനി കൊയിലാണ്ടിയായി. കൊയിലാണ്ടി എന്നതും അന്നും പ്രചാരത്തിലുണ്ടായിരുന്ന മറ്റൊരു പേരായിരുന്നു എന്നുമാത്രം. കൊയിലാണ്ടി എന്നത് കോവില്‍കണ്ടി എന്ന പേരില്‍ നിന്നാണുണ്ടായത്. പന്തലായിനിയില്‍ നിന്ന് അല്പം മാറി ഇന്നുമുണ്ട് കൊല്ലം. അന്നതിനെ വടക്കന്‍ കൊയിലോണ്‍ എന്ന് വിളിച്ചിരുന്നു. അതിന്റെ തൊട്ടുവടക്ക് ഇന്നുമുണ്ട്, പെരുമാളപുരം എന്നൊരു സ്ഥലം. റോഡില്‍ത്തന്നെ പെരുമാളപുരം എന്നൊരു ബോര്‍ഡ് വെച്ചിട്ടുണ്ട്. അതൊരു ബസ് സ്റ്റോപ്പുമാണ്. അവിടെ നിന്നായിരുന്നു സാമൂതിരിക്ക് മുന്‍പുള്ള രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ തന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരില്‍നിന്ന് വന്ന് ഇവിടുന്ന് ധര്‍മ്മടത്തേക്ക് പോയതും മക്കത്തേക്ക് യാത്രയായതും. അങ്ങിനെ പെരുമാള്‍ താമസിച്ചതിനാല്‍ പെരുമാളപുരം എന്ന പേരുണ്ടായി. വാസ്‌കോ ഡ ഗാമ കാപ്പാട് പായക്കപ്പല്‍ നങ്കൂരമിട്ട് പന്തലായിനിയിലായിരുന്നു ഇറങ്ങിയത്.പോര്‍ച്ചുഗീസ് എഴുത്തുകാര്‍ പണ്ടാരാണി എന്നാണ് പന്തലായിനിയെപ്പറ്റി പറഞ്ഞത്.

ഗാമ സാമൂതിരിയെ കാണുന്നത് ഇഷ്ടമില്ലാതിരുന്ന മാപ്പിളക്കച്ചവടക്കാര്‍ ഉണ്ടായിരുന്നു. ചെങ്കടല്‍ വഴിയും പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴിയും യൂറോപ്പുമായുണ്ടായിരുന്ന വ്യാപാരത്തിന്റെ കണ്ണികള്‍  മൂറുകള്‍ എന്ന് വിളിക്കുന്ന മുഹമ്മദന്മാരുടെ കയ്യിലായിരുന്നു. അവര്‍ അത് വിലക്കാന്‍ പല പണികളും ചെയ്തു. അങ്ങിനെ പലതവണ ശ്രമിച്ചതിന്ന് ശേഷമായിരുന്നു വാസ്‌കോ ഡ ഗാമക്ക് സാമൂതിരിയെ കാണുവാന്‍ സാധിച്ചത്. സാമൂതിരി സന്ദര്‍ശനത്തില്‍ സാമൂതിരിയെ വിവരിക്കുന്നത് കറുത്ത കുറിയ മനുഷ്യനായും മേലാസകലം രത്‌നക്കല്ലുകള്‍ പതിച്ച ആഭരണങ്ങളുമായ ഒരാളായാണ്. സാമൂതിരി മുറുക്കിത്തുപ്പിക്കൊണ്ടിരുന്നു. അതിന്ന് സ്വര്‍ണ്ണക്കോളാമ്പി പിടിച്ചുകൊണ്ട് ഒരു പരിചാരകനും ഉണ്ടായിരുന്നു. ലോഗന്‍, രത്‌നക്കല്ലുപതിച്ച ഓരോ ആഭരണങ്ങളെപ്പറ്റിയും വിവരിച്ചിരിക്കുന്നു. പട്ടുമുണ്ടുടുത്ത ഒരു പരിചാരകന്‍ആണ്‍കുട്ടി, സ്വര്‍ണ്ണം കെട്ടി, മുത്തുകള്‍ പതിച്ച വിശറികൊണ്ട് സാമൂതിരിക്ക് വീശിക്കൊടുത്തുകൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്ത് അംഗരക്ഷകന്‍ സ്വര്‍ണ്ണം കെട്ടിയ പിടിയുള്ള വാള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. മറ്റൊരു വശത്ത് സ്വര്‍ണ്ണത്തില്‍ പണിത കോളാമ്പിയും പിടിച്ചു മറ്റൊരു പരിചാരക ബാലന്‍; തൊട്ടുപിറകെ മുഖ്യ ബ്രാഹ്മണോപദേഷ്ടാവ് എന്നിങ്ങിനെ പോകുന്നു അകമ്പടിക്കാര്‍. രാജാവിന്ന് കൂടെക്കൂടെ മുറുക്കിത്തുപ്പുന്നതിന്നു വേണ്ടി, ഒരു പച്ചില (വെറ്റില) എടുത്തു ചുരുട്ടി, അതില്‍ ചിലതെല്ലാം ചേര്‍ത്തു പലവട്ടം ചെറുതായി ചുരുട്ടി, ഉപചാരപൂര്‍വ്വം കൊടുക്കുന്നു. അത് രാജാവ് തിന്നുകയും ഇടക്കിടെ പരിചാരകന്‍ നീട്ടുന്ന സ്വര്‍ണ്ണപ്പാത്രത്തില്‍ (കോളാമ്പി) തുപ്പുകയും ചെയ്യുന്നു.

രാജസന്നിധിയിലെത്തിയപ്പോള്‍ ഡ ഗാമ, താണുവഴങ്ങി ഉപചാരം ചെയ്തു. രാജാവ്, തന്റെ ശിരസ്സും ശരീരവും അല്പമൊന്ന് കുനിച്ച് പ്രത്യൂപചാരം ചെയ്തു. വിരല്‍ത്തുമ്പ് കൊണ്ട് സൈന്യാധിപന്റെ വലതുകൈത്തലം സ്പര്‍ശിക്കുകയും ചെയ്തു. എന്നിട്ട്, താന്‍ ഉപവിഷ്ടനായ മഞ്ചത്തിന്നഭിമുഖമായി ഒരുഭാഗത്തിരിക്കാന്‍ ആംഗ്യം കാട്ടി. എന്നാല്‍, നിന്നുകൊണ്ട് സംസാരിക്കാനാണ് ഗാമ, ഇഷ്ടപ്പെട്ടത്. രാജാവിന്റെ നാട്ടിലുണ്ടാക്കുന്ന ഉല്പന്നങ്ങള്‍ വ്യാപാരംചെയ്യാനുള്ള അനുമതി നല്‍കണമെന്ന് ഡ ഗാമ അപേക്ഷിച്ചു. പകരമായി രാജാവിന്ന് എന്തെല്ലാം നല്‍കാന്‍ കഴിയുമെന്ന് ഗാമ വിവരിച്ചുകൊടുത്തു. ഇതിനെല്ലാം ഒരു ദ്വിഭാഷിയും ഉണ്ടായിരുന്നു. സാമൂതിരിയുടെ വേഷഭൂഷാദികള്‍ ലോഗന്‍ വിവരിക്കുന്നതിങ്ങിനെ:
‘The King was sitting in his chair, which the factor (Who had preceded the Da Gama with presents.) ‘Had got him to sit upon. ‘He was a very dark man, half-naked and clothed with white cloths from the middle to the knees. One of these cloths ended in a long point on which were threaded several gold rings with large rubies which made a great show. He had on his left arm bracelet above the elbow which seemed like three rings together, the middle one larger than the others all studded with rich jewels particularly the middle one which bore large stones which could not fail to be of very great value. From this middle ring, hung a pendant stone which glittered. It was a diamond of the thickness of a thumb. It seemed a priceless thing. Round his neck was a string of pearls above the size of hazel nuts, the string took two turns and reached to his middle. Above it he wore a thin round gold chain which bore a jewel of the form of a heart surrounded with large pearls and all full of rubies; in the middle was green stone of the size of a large bean which form its showiness, was of great piece which was called an emerald and according to the information which the Castilian afterwards gave the captain major of this Jewel, and of that which was in the bracelet on his arm; and of another pearl which the king wore suspended on his hair. They were all three belonging to the ancient treasury of the Kings of Calicut. The king had long dark hair all gathered up and tied on the top of his head with the knot made in it; and round to the knot he had a string of pearls like those round his neck and at the end of the string a pendant pearl pearl-shaped and larger than the rest which seemed a thing of great value. His ears were pierced with large holes with many gold ear-rings of round beads.
( Logan’s Malabar Manual Page 297)

സാമൂതിരിയുമായുള്ള ഡ ഗാമയുടെ കൂടിക്കാഴ്ച്ച ഉദ്ദ്യേശിച്ച ഫലം ഉണ്ടാക്കിയോ എന്ന് തീര്‍ത്തുപറയാന്‍ വയ്യ. കാരണം അതിന്നിടയില്‍ നിരവധി ഉപജാപങ്ങളുണ്ടായിരുന്നു. അവര്‍, കൊട്ടാരകാവല്‍ സേനയുടെ തലവനെ കൈക്കൂലികൊടുത്തു വശത്താക്കിയിരുന്നു. ഈ തലവന്ന്, രാജസന്നിധിയില്‍ ആരെങ്കിലും സമ്മതമില്ലാതെ കടന്നുവന്നാല്‍ ശിരച്ഛേദം ചെയ്യാന്‍ പോലും അധികാരവും ഉണ്ടായിരുന്നു. ഇങ്ങിനെയൊക്കെയാണെങ്കിലും ഒരു വ്യാപാരശാല തുടങ്ങാന്‍ സാമൂത്രിരി രാജാവ് പോര്‍ച്ചുഗീസുകാരെ അനുവദിച്ചിരുന്നു. അങ്ങിനെ ആശാവഹമായിത്തന്നെയായിരുന്നു ഗാമ, സാമൂതിരിയുടെ കൊട്ടാരത്തില്‍നിന്ന് തിരിച്ചുപോയത്. പല്ലക്കിലായിരുന്നു, ഗാമ തിരിച്ചു പോയത്. പിന്നീട് ഗാമയെ, താമസിക്കുവാന്‍ നല്‍കിയ വീട്ടിലെത്തിച്ചു. എല്ലാവരും ചോറും, മീന്‍ കറിയും ഒരു ഭരണി വെള്ളവും കഴിച്ച് കിടന്നുറങ്ങി. ജുവാന്‍ നൂസ് എന്ന ഒരു ദ്വിഭാഷി കൂടെയുണ്ടായിരുന്നു. ഗാമയെ സാമൂതിരിയുടെ ആള്‍ക്കാര്‍ കൊണ്ടുപോയിരുന്നത് കാട്ടുവഴികളിലൂടെയും തോണിവഴിയും ആയിരുന്നു. അതിന്നിടയില്‍ ഗാമയെ വധിക്കാന്‍ മുറുകള്‍ (മുഹമ്മദീയര്‍) എന്ന കച്ചവടക്കാര്‍ സൈന്യാധിപനില്‍ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ സൈന്യാധിപന്ന് അറിയാമായിരുന്നു സാമൂതിരിക്ക് അത് ഇഷ്ടപ്പെടില്ലെന്നും, തന്റെ നിലനില്പിന്ന് അത് ഗുണകരമായിരിക്കില്ലെന്നും.

സാമൂതിരി രാജാവിന്റെ അസാന്നിദ്ധ്യത്തില്‍ സാമൂതിരിയുടെ അനുയായികള്‍ വാസ്‌കോഡ ഗാമയെ വിചാരണ ചെയ്തു. വളരെ നിന്ദ്യമായ രീതിയില്‍ വിചാരണക്കാര്‍ പെരുമാറി. വന്നതിന്റെ ഉദ്ദ്യേശമെന്താണെന്ന് അന്വേഷിച്ചു. അത് ഞാന്‍ രാജസന്നിധിയില്‍ പറഞ്ഞുകൊള്ളാമെന്ന് ഗാമ അക്ഷോഭ്യനായി മറുപടി പറഞ്ഞു. ഇങ്ങിനെയുള്ള അടവുകള്‍ ഗാമയുടെ അടുത്ത് നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ പുതിയൊരടവായി കപ്പലിലുള്ള സാധനങ്ങള്‍ മുഴുവന്‍ കരയിലിറക്കാന്‍ ആവശ്യപ്പെട്ടു. ഗാമ സമ്മതിച്ചു. പോര്‍ച്ചുഗീസുകാര്‍ കടല്‍ക്കൊള്ളക്കാരാണെന്ന് ശുദ്ധഗതിക്കാരനായ അന്നത്തെ സാമൂതിരിയെ ഉണര്‍ത്തിച്ചു. എന്നാല്‍ സാമൂതിരിയുടെ പരിചാരകര്‍ ആവശ്യപ്പെടുന്നതൊക്കെ ഡ ഗാമയൂം അനുയായികളും ചെയ്യുന്നുണ്ടന്നും അവസാനം അവര്‍ ചരക്കുകള്‍ കരയില്‍ ഇറക്കി വെച്ച് അവരുടെ നാട്ടിലേക്കുതന്നെ തിരിച്ചു പോകുകയാണെന്നുമറിഞ്ഞ സാമൂതിരി അവരെ തിരിച്ചു വിളിക്കാന്‍ ആളെ അയച്ചു അപ്പോഴേക്കും സാമൂതിരിയും വാസ്‌കോ ഡ ഗാമയും തമ്മിലുള്ള ബന്ധം വഷളായിക്കഴിഞ്ഞിരുന്നു.

സാമൂതിരി; ഗാമക്ക് സഹായം വാഗ്ദാനം ചെയ്തതെല്ലാം ഗാമ തിരസ്‌കരിച്ചു. 70 ദിവസത്തോളം ഗാമയുടെ കപ്പലുകള്‍ പന്തലായിനി കടപ്പുറത്ത് നങ്കൂരമിട്ടു. 1498 നവമ്പര്‍ നാലിന്ന് ഗാമ സ്ഥലംവിട്ടു. വടക്കോട്ട് നീങ്ങിയ അവരെ കണ്ണൂര്‍ രാജാവ് കോലത്തിരി അയച്ച തോണികള്‍ പുറം കടലില്‍ വെച്ച് എതിരേറ്റു. കോലത്തിരി രാജാവ് സാമൂതിരിയ്‌ടെ ശത്രുവായിരുന്നു. കണ്ണൂരില്‍ വരാമെന്നും എന്നാല്‍ കരയ്കിറങ്ങില്ലെന്നും ഡ ഗാമ പറഞ്ഞു. തന്റെ സൗമനസ്യം കാണിക്കുവാന്‍ കണ്ണൂര്‍ രാജാവ് അവര്‍ക്കാവശ്യമായ സാധനങ്ങളെല്ലാം കൊടുത്തയച്ചു. ഗാമ പകരവും സമ്മാനങ്ങള്‍ നല്‍കാന്‍ നിപുണനായിരുന്നു. ഇങ്ങിനെയായപ്പോള്‍ കോലത്തിരിക്ക് ഗാമയെ കാണണമെന്നായി. കരക്കിറങ്ങിയില്ലെങ്കില്‍ അങ്ങോട്ട് ചെല്ലാമെന്നായി. കപ്പലിലേക്ക് മരപ്പലകയിട്ട് വീതികുറഞ്ഞ ഒരു പാലമിട്ടു കണ്ണൂര്‍ രാജാവായ കോലത്തിരി രാജാവ് സാമൂതിരിയെ നേരിട്ട് കണ്ടു. സമ്മാനങ്ങള്‍ വീണ്ടും കൈമാറി. കോഴിക്കോട്ടുവെച്ചുണ്ടായ തിക്താനുഭവങ്ങള്‍ കോലത്തിരിയെ ധരിപ്പിച്ചു. 1498 നവമ്പര്‍ 20ന്ന് പോര്‍ച്ചുഗീസ് സംഘം അഞ്ചദീവ് ദ്വീപിലേക്ക് പുറപ്പെട്ടു. ജനുവരി 20 ന്ന് മെലിംഗയിലെത്തി. യാത്ര തുടര്ന്നു. ടെര്‍സറിയില്‍ തങ്ങി. അതിന്നിടയില്‍ രോഗബാധിതനായ സഹോദരന്‍ പൗലോ ഡ ഗാമ അന്തരിച്ചു. അയാളെ സംസ്‌കരിക്കുന്നതിന്നായി രണ്ട് കപ്പലുകളും മെലിംഗയില്‍ തന്നെ നിന്നു.

വാസ്‌കോ ഡ ഗാമ കേരളത്തില്‍നിന്ന് കൊണ്ടുവന്ന ചരക്കുകള്‍ പോര്‍ച്ചുഗലില്‍ നല്ല ലാഭമുണ്ടാക്കി. പോര്‍ച്ചുഗല്‍ രാജാവിന്ന് സന്തോഷമായി. അതിനാല്‍ അടുത്തവര്‍ഷം 1500 ല്‍ മറ്റൊരു കച്ചവടസംഘത്തെ കേരളത്തിലേക്കയച്ചു. ഈ സംഘം കോഴിക്കോട്ടിറങ്ങിയില്ല. കൊച്ചിയിലാണെത്തിയത്. അവിടെ ആദ്യത്തെ അധിനിവേശത്തിന്ന് അടിസ്ഥാനമിട്ടത് ഇവരായിരുന്നു.

1502 ല്‍ വാസ്‌കോ ഡ ഗാമ രണ്ടാമതും കേരളത്തില്‍ വന്നു. പ്രതികാരം ചെയ്യാനായിരുന്നു ആ വരവ്. 15 വലിയ കപ്പലുകളും അതിന്ന് തൊട്ടു പിറകെ 5 ചെറിയ കപ്പലുകളും, 800 സായുധരായ പടയാളികളും ഉണ്ടായിരുന്നു. ആ വരവില്‍ ഡ ഗാമ, സാമൂതിരിക്കെതിരെ പലതും ചെയ്തു. അതെല്ലാം കോലത്തിരി അനുമോദിച്ചു. ഡ ഗാമ സാമൂതിരിയോടുള്ള ശത്രുത കാരണം പലരെയും ഉപദ്രവിച്ചതിന്റെ വിവരണം ലോഗന്‍ എഴുതിയിരിക്കുന്നതിങ്ങിനെയാണ്:

‘സാമൂതിരിയില്ലാത്ത സമയത്ത് കൊട്ടാരത്തില്‍ കടന്ന് നിരവധി അമൂല്യവസ്ഥുക്കളും ഭണ്ഢാരവും കൊള്ളയടീച്ചു. മനുഷ്യരൂപം ധരിച്ച ഒരു പിശാചായി മാറിയിരുന്നു ഗാമ. നിരവധി മുഹമ്മദീയരെ ഗാമ വധിച്ചിട്ടുണ്ട്. കച്ചവടത്തിന്റെ കാര്യത്തില്‍ അവര്‍ ഗാമയുടെ ശത്രുക്കളായിരുന്നതായിരുന്നു കാരണം.അങ്ങിനെ നിരന്തരം അക്രമങ്ങള്‍ ചെയ്തുകൊണ്ട് സാമൂതിരിയുടെ സമുദ്രശക്തിക്കുമേല്‍ പോര്‍ച്ചുഗീസുകാര്‍ ജയം നേടി. നാവികമേല്‍ക്കോയ്മ സാധിച്ചു. പോര്‍ച്ചുഗീസുകാര്‍ക്ക് മെല്ലെമെല്ലെ സഹായം നല്‍കിയ കോലത്തുനാടിനെയും പോര്‍ച്ചുഗീസുകാര്‍ ഉപദ്രവിച്ചുതുടങ്ങി. തോണി; കടലിലിറക്കാന്‍വരെ അവരുടെ സമ്മതം വേണമെന്നും, കരം നല്‍കണമെന്നുമായി.

പോര്‍ച്ചുഗല്‍ രാജാവ് കോഴിക്കോട് ചുട്ടുനശിപ്പിക്കണം എന്ന ഉത്തരവിട്ടു. സാമൂതിരിയോട് പൊതുവെ ഒരു അസൂയ പലര്‍ക്കും ഉണ്ടായിരുന്നു. അതില്‍ പ്രധാനി കോലത്തിരി രാജാവുതന്നെ. 1510 ജനുവരി 4ന്ന് ഡോണ്‍ ഫെര്‍ണാന്‍ഡോ കുട്ടിന്‍ഹോ (Don Fernando Coutinho) എന്ന പോര്‍ച്ചുഗീസുകാരന്‍ കപ്പലില്‍ കൊണ്ടുവന്ന പട്ടാളക്കാരെ സാമൂതിരി സ്ഥലത്തില്ലാത്ത സമയത്ത് കരയിലേക്കിറക്കി. കൊട്ടാരം കൊള്ളയടിച്ചു, രാജകീയ വേഷഭൂഷാദികള്‍ കവര്‍ന്നു. നിരവധി പടയാളികളെ കൊന്നു. 1510 മുതല്‍ ഗോവ പോര്‍ച്ചുഗീസ് അധീനതയിലായി. ഇന്ത്യയെ ആദ്യമായിക്കണ്ടെത്തിയ വാസ്‌കോഡഗാമ പുതിയ പോര്‍ച്ചുഗീസ് വൈസ്രോയിയായി 1924 സപ്തമ്പറില്‍ ഗോവയിലെത്തുന്നു. പതിനാലുകപ്പലുകളും മൂവായിരം ഭടന്മാരുമായും ആണെത്തുന്നത്. ഇന്ത്യയിലെ പോര്‍ച്ചുഗീസ്ഭരണം ശുദ്ധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഡ ഗാമ നേരെ കണ്ണൂരേക്കാണ് പോയത്. അവിടെ മൂന്ന് ദിവസം തങ്ങി. അപ്പോഴേക്കും ഡ ഗാമ രോഗശയ്യയിലായിരുന്നു. മലേറിയ ആയിരുന്നു. 1524 ഡിസമ്പര്‍ 24ന്ന് അര്‍ദ്ധരാത്രി കഴിഞ്ഞ് മൂന്ന് മണിക്ക് വാസ്‌കോ ഡ ഗാമ കൊച്ചിയില്‍ രോഗശയ്യയില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു.

538ല്‍ വാസ്‌കോഡ ഗാമയുടെ ഭൗതികാവശിഷ്ടം പോര്‍ച്ചുഗല്ലിലേക്ക് നീക്കം ചെയ്തു. ഡ ഗാമ പുറപ്പെട്ട സ്ഥലമായ ബേലം എന്ന സ്ഥലത്തേക്കുമാറ്റി. ഇന്ത്യയിലെ പോര്‍ച്ചുഗീസ് വൈസ്രോയി എന്ന സ്ഥാനത്തായിരുന്നു ഡ ഗാമ എങ്കിലും അധികനാള്‍ ആ സ്ഥാനത്തിരിക്കാന്‍ സാധിച്ചില്ല.
*****

Categories: History