കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലെ തെക്കന്മാർ തറവാട് പ്രസിദ്ധമാണ്. തെക്കു നിന്ന് വന്നവരായതിനാലാണ് ഈ പേര് എന്ന് അനുമാനിക്കുന്നു. വളരെ ദയാലുക്കളായിരുന്ന ആ കുടുമ്പം സാമുദായികമായ മൈത്രി പുലർത്തി, പരോപകാരപ്രദമായ കാര്യങ്ങളും ചെയ്തു. വളർത്തുമൃഗങ്ങളുടെ ദാഹമകറ്റാൻ റോഡരികിൽ വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനും വെള്ളം നിറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. വേനൽക്കാലത്ത് യാത്രക്കാർക്ക് സംഭാരം വിതരണം ചെയ്യുന്നതിനുള്ള ഏർപ്പാടും ഉണ്ടായിരുന്നു.
ചിറക്കൽ കോവിലകവും തെക്കന്മാർ തറവാടും സൗഹാർദ്ദപരമായിരുന്നു ഒരിക്കൽ ചിറക്കൽ തമ്പുരാൻ, തെക്കന്മാർ കുടുംബത്തിന് ദേവിയുടെ ഒരു വിഗ്രഹം നൽകി, ഒരു തേവർ മഠം പണിയാനും പ്രതിഷ്ഠ നടത്താനും ത്രികാല പൂജ എന്നിവ നടത്താനും ബ്രാഹ്മണർക്ക് സദ്യ തുടങ്ങിയ ചടങ്ങുകൾ നടത്താനും തമ്പുരാൻ നിർദ്ദേശിച്ചു. എന്നാൽ അറുപതുകളിൽ കൂട്ടുകുടുംബം അണുകുടുംബമായി വേർ പിരിഞ്ഞതും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള മാന്ദ്യവും കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഭൂപരിഷ്കരണ ബില്ലും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.1967-ൽ കുടുംബത്തിലെ ഒരു അംഗം പാർട്ടീഷൻ കേസ് ഫയൽ ചെയ്തതിന്റെ ഫലമായി റിസീവർ റൂൾ ഏർപ്പെടുത്തുകയും തകർച്ച സ്ഥാപിക്കുകയും തേവാരമഠം ജീർണാവസ്ഥയിലാവുകയും എല്ലാ ദൈവാരാധനകളും നിലച്ചു പോവുകയും ചെയ്തു .
അങ്ങിനെ കാലം കാലം മുന്നോട്ടു പോയി; കുടുംബാംഗങ്ങൾ വിദേശങ്ങളിൽ പോവുകയും പണം സമ്പാദിക്കുകയും കുടുംബം സാമ്പത്തീകമായി നല്ല നിലയിൽ ആയ സാഹചര്യം ഉണ്ടാവുകയും ചെയ്തപ്പോൾ 1995 ൽ സ്വർണ്ണപ്രശ്നം എന്നപ്രശ്നം വെക്കുകയും മഠം പുതുക്കി പണിയാൻ നിർദ്ദേശിക്കുകയും ചെയ്തു. നാഗ ദേവതമാരെ പുനഃപ്രതിഷ്ഠിക്കുകയുണ്ടായി. പണ്ട് നടത്തിയിരുന്ന ക്രിയകളും പൂജകളും വീണ്ടും തുടർന്ന് നടത്താൻ തീരുമാനിക്കപ്പെട്ടു. കണ്ടെത്തലുകൾ അനുസരിച്ച്, മഠം പുനർനിർമ്മിച്ചു. നാഗദേവതകൾ വീണ്ടും പ്രതിഷ്ഠിക്കുകയും മറ്റെല്ലാ പൂജകളും സാധാരണ നിലയിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. ഗുളികൻ-പ്രതിഷ്ഠ നടത്തി. അതോടൊപ്പം തുടർന്ന് എല്ലാ വർഷവും ഗുളികൻ, വിഷ്ണുമൂർത്തി, പരദേവത, കാരണവർ തെയ്യം എന്ന ധർമ്മദൈവം എന്നിവരുടെ തെയ്യങ്ങളെ ആരാധിക്കാൻ കളിയാട്ടം നടത്തുവാൻ തീരുമാനിക്കപ്പെട്ടു. അത് ഇന്നും എല്ലാ വർഷവും തുടർന്നുകൊണ്ടിരിക്കുന്നു. എല്ലാ വർഷവും ഡിസംബർ 27, 28 തീയതികളിൽ നടക്കുന്ന കളിയാട്ടം എല്ലാ അംഗങ്ങളുടെയും ഒത്തുചേരലായി മാറി.
തെയ്യങ്ങൾ പൊതുവെ:
തെയ്യങ്ങൾ പലവിധമുണ്ട്. അവ ആൺകോലം, പെൺകോലം, നാഗം, മൃഗം, പ്രേതം, യെക്ഷ-ഗന്ധർവ്വ കോലങ്ങൾ എന്നിവയാണ്. ഏതെങ്കിലും ഒരു പ്രധാന ദേവതയുടെ ആരൂഡം എന്ന പേരിലാണ് തെയ്യത്തിന്റെ ആവിർഭാവ സ്ഥലമായഒരു കാവ് അറിയപ്പെടുന്നത്. തെയ്യങ്ങൾക്ക് നിഗ്രഹത്തിനും അനുഗ്രഹത്തിനും ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. അയിത്തത്തിന്റെ പേരിൽ പണ്ടുകാലത്ത് മാറ്റി നിർത്തിരുന്ന സമുദായ അംഗങ്ങൾ തെയ്യം കെട്ടുമ്പോൾ സവർണ്ണർ ഭക്തിയോടെയും ആദരവോടെയും അവരുടെ മുന്നിൽ കൈ കൂപ്പി നിൽക്കുന്നു. ഗ്രാമത്തിലെ ശ്രേഷ്ഠ തറവാടുകളുടെ പടി കാണാത്ത അവർണ്ണ സമുദായം തെയ്യംവേഷം കെട്ടുമ്പോൾ പടിപ്പുര യിൽ സ്വീകരിക്കപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ അവർണ്ണ സവർണ്ണ കൂട്ടായ്മകൾ രൂപപ്പെടുന്നു. വിപ്ലവമില്ലാതെ തന്നെ ഐക്യം സൃഷ്ടിക്കപ്പെടുന്നു. ആകെ നാനൂറോളം തെയ്യങ്ങളുണ്ടെന്നാണ് കണക്കെടുപ്പിൽ പറയുന്നത്. മുൻകാലങ്ങളിൽ ക്ലിപ്തമായ ഒരു ലിസ്റ്റുണ്ടായിരുന്നു. അവരെ മാത്രമേ തെയ്യങ്ങളായി പരിഗണിച്ചിരുന്നുള്ളൂ; വേഷങ്ങൾ കെട്ടിയിരുന്നുള്ളൂ. എന്നാൽ ജനസമൂഹങ്ങളിലെ വീര പുരുഷന്മാർ, വീരാംഗനകൾ, കുടുമ്പത്തിലെ പൂർവ്വികർ എന്നിവർക്കെല്ലാം തെയ്യങ്ങളുണ്ടായി. തച്ചോളി ഒതേനന്റെ തെയ്യവും, കടാങ്കോട്ട് മാക്കത്തിന്റെ തെയ്യവും, കതിവന്നൂർ വീരന്റെ തെയ്യവും, കോരച്ചന്റെ തെയ്യവും ഇതിനുദാഹരണങ്ങളാണ്. വീടോടി തെയ്യം എന്നൊരു തെയ്യമുണ്ട്. ഇതൊരു പരിശീലന തെയ്യമാണ്. എട്ടോ പത്തോ വയസ്സിൽ തന്നെ ആൺകുട്ടികളെക്കൊണ്ട് ഈ തെയ്യ വേഷം കെട്ടിക്കുന്നു. പാർവ്വതീ സങ്കൽപ്പത്തിൽ കർക്കടോത്തി തെയ്യമുണ്ട്. ശിവ സങ്കൽപ്പത്തിൽ കിരാതാർജ്ജുനീയം തെയ്യവുമുണ്ട്. ഇവരെല്ലാം വീടുകളിൽ കയറി ലഭിക്കുന്ന അരി കർക്കിടകത്തിലെ ക്ഷാമകാലത്തു ഒരു ആശ്വാസമാകുന്നു. മലയരും വണ്ണാൻ സമുദായവുമാണ് ഈ തെയ്യങ്ങളെ അവതരിപ്പിക്കുന്നത്. പൊതുവെ പഴയ കാലത്തു വണ്ണാൻ സമുദായക്കാർ ബാലചികിത്സയിലും അവരുടെ സ്ത്രീകൾ പേറ്റിച്ചി അഥവാ പ്രസവമെടുക്കൽ പ്രവർത്തിയിലും പരിശീലനം ലഭിച്ചവരാണെന്നാണ് വെപ്പ്. എന്റെ വല്യമ്മക്ക് (അമ്മയുടെ ‘അമ്മ)കാതിൽ തൂക്കിയിടുന്ന കൊരണ്ട് എന്ന സ്വർണ്ണാഭരണം ഉണ്ടായിരുന്നു. അത് ആഭരണം ഇടാത്ത സമയത്ത് ഊഞ്ഞാൽ പോലെ ആടി നിൽക്കും അത് കൗതുകത്തോടെ പിടിച്ചു നോക്കുന്ന ഞാൻ ഇതെങ്ങിനെയാ ഇങ്ങിനെ ആക്കിയത് എന്ന് ചോദിച്ചാൽ പരവത്തി വന്നു ഓരോ ദിവസവും പഞ്ഞി നിറച്ചു വലുതാക്കിയത് വിവരിച്ചു തന്നത് ഓർക്കുന്നു. വണ്ണാന്മാർ’ മലയർ, വേലന്മാർ, മാവിലാന്മാർ, കോപ്പാളർ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ, കളനാടികൾ, പുലയർ എന്നിവരാണ് തെയ്യം വേഷം കെട്ടുന്നവർ. അരങ്ങേറാൻ ഇരിക്കുന്ന തെയ്യത്തിന്റെ അവതാരോദ്ദേശ്യ കഥകളും, ശക്തി വിശേഷങ്ങളും വിവരിക്കുന്ന വലിയ രീതിയൊന്നും ഇല്ലാത്ത ഒരു പാട്ടാണ് തോറ്റം പാട്ട് എന്ന് പറയുന്നത്. നമ്മുടെ നാട്ടിൽ നിന്ന് സൃഷ്ടിച്ചെടുത്ത തെയ്യങ്ങൾ കൂടാതെ ചില അന്യദേശ തെയ്യങ്ങളുണ്ട്. അവർ കപ്പലിൽ കയറി വന്നതിനാൽ, മരക്കല തെയ്യങ്ങളെന്നു (മരക്കാപ്പിലെ തെയ്യങ്ങള്) പറയുന്നു. പരദേശികൾ, കുറവന്മാർ, കൊങ്ങിണികൾ, പട്ടന്മാർ, അഡിഗമാർ, ഭട്ട്മാർ എന്നിവർക്ക് തെയ്യങ്ങളില്ല. ചില സമുദായങ്ങൾക്ക് ഒരു കുലദേവദയുണ്ടാവും. മുച്ചിലോട്ട് ഭഗവതി വാണിയ സമുദായത്തിന്റെ കുലദേവതയാണ്. തെയ്യത്തിന്റെ സംബോധനകൾ ഓരോ ജാതിയെയും ഓരോ രീതിയിലായിരിക്കും. തീയ്യരെ എട്ടില്ലം കരുമനെ എന്നും, ആറു കീരിയമേ എന്നും, വാണിയരെ ഏയ് തണ്ടേ എന്നും പൊതുവാളിനെ നാല് നാല്പത്തെണ്ണായിരം എന്നും വിളിക്കുന്നു. ഇതിൽ കൂടുതൽ ഉണ്ട് കൂടുതൽ സമുദായങ്ങൾക്ക് . അത് ഇവിടെ എഴുതുന്നില്ല.
തെക്കന്മാർ വീട്ടിലെ ഒരു തെയ്യം ഗുളികൻ:
ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. ശ്രീമഹാദേവൻറെ ഇടത്തേ തൃക്കാൽപെരുവിരൽ പൊട്ടിപിളർന്നുണ്ടായ ഗുളികനെ അനർത്ഥകാരിയായി കണക്കാക്കുന്നു. അതുപോലെത്തന്നെ പെട്ടന്ന് പ്രസാദിക്കുന്ന ദേവനുമാണ്. ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതായിക്കണ്ടു ഗുളികനെ ആരാധിക്കുന്നു. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ. പുറങ്കാലൻ, കരിങ്കാലൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു. ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്യ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വവ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഗുളികനെ ആരാധിക്കുന്നവർ വിശ്വസിക്കുന്നു. ഗുളികൻ തെയ്യത്തിന്റെ സംസാരം അഥവാ അമ്പല ഭാഷയിൽ ഉരിയാട്ടം പരിഹാസമാണ്.
ജനനമരണകാരകനായ ഗുളികൻറെ സാനിദ്ധ്യമാണ് പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. ഉച്ചക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ. ഗുളികൻറെ പ്രത്യക്ഷദർശ്ശനം മരണത്തിന് കാരണമാകും എന്ന് പറയപ്പെടുന്നു. ഭക്തൻമാർക്ക് വന്നു ഭവിക്കുന്ന സർവ്വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികൻ. ഗുളികന് ഉത്തരകേരളത്തിൻറെ വടക്കും തെക്കുമായ് രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസമുണ്ടെങ്കിലും കാലൻറെ സങ്കൽപ്പത്തിലുള്ള ആരാധനയും ഉപാസനലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ്. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്. പൊതുവെ നൂറ്റൊന്ന് ഗുളികൻമാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിൽ ചിലതാണ് കാലഗുളികൻ(തെക്കൻ ഗുളികൻ), മന്ത്രഗുളികൻ(വടക്കൻ ഗുളികൻ), കരിംഗുളികൻ, മാരണഗുളികൻ, ചൗക്കാർഗുളികൻ, രക്തഗുളികൻ, ചുവന്നഗുളികൻ, സ്ഥാനഗുളികൻ, ജപഗുളികൻ, കാരഗുളികൻ, ഉമ്മട്ട ഗുളികൻ, കുട്ടിഗുളികൻ, മൃത്യുഗുളികൻ, കരിഗുളികൻ, വിഷ്ണുഗുളികൻ, രാഹുഗുളികൻ, അന്തിഗുളികൻ, പാതിരഗുളികൻ എന്നിവ.
തെക്കന്മാർ വീട്ടിലെ മറ്റൊരു തെയ്യം വിഷ്ണുമൂർത്തി:
കേരളത്തിലും കർണാടകത്തിലും ഉള്ള നൃത്താരാധനയുടെ ക്ഷേത്ര ആചാരമാണ് വിഷ്ണുമൂർത്തി തെയ്യം . ആയിരക്കണക്കിന് വർഷം പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളുന്നതാണ് തെയ്യം . പ്രകടനത്തിൽ സങ്കീർണ്ണമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾപ്പെടുന്നു. വിഷ്ണുമൂർത്തി തെയ്യത്തിന്റെ പ്രകടനം നടക്കുന്നിടത്ത് നിന്ന് വളരെ ദൂരെ വിഷ്ണുമൂർത്തി തെയ്യത്തിന്റെ താളമേളങ്ങൾ കേൾക്കാം
മഹാവിഷ്ണുവിന്റെ നരസിംഹാവതാരം ഉൾക്കൊള്ളുന്ന കോലധാരിയുടെ അവതാരം, അതിൽ ഉൾപ്പെട്ടിരിക്കുന്ന ശരീരചലനങ്ങളുടെ ഫലമായി ഭക്തരെയും കാണികളെയും ആവേശഭരിതരാക്കുന്ന ഒരു തെയ്യമാണ് വിഷ്ണുമൂർത്തി തെയ്യം. നീലേശ്വരം കോട്ടപ്പുറത്ത് വൈകുണ്ഠേശ്വര ക്ഷേത്രത്തിലാണ് വിഷ്ണുമൂർത്തിയുടെ ആരൂഡപ്രതിഷ്ഠ. പ്രസ്തുത തെയ്യം; മലയവംശത്തിൽപ്പെട്ട വ്യക്തികൾ അവതരിപ്പിക്കുന്ന, മഹാവിഷ്ണുവിന്റെ അനുയായിയും താഴ്ന്ന ജാതിയിലെ അംഗവുമായ പാലന്തൈ കണ്ണന്റെ ഒരു ദിവ്യ പ്രതിനിധാനമാണ് വിഷ്ണുമൂർത്തി. പാലന്തൈ കണ്ണന്റെ കഥ നീലേശ്വരത്ത് തന്റെ കുട്ടിക്കാലത്തേക്ക് പോകുന്നു, അവിടെ കണ്ണൻ പശുക്കളെ മേച്ചു നടന്നു. അങ്ങിനെ ഒരിക്കൽ
ഉയർന്ന ജാതിക്കാരനായ കുറുവാട്ട് നായരുടെ ഉടമസ്ഥതയിലുള്ള മാവിൽ കയറി മാങ്ങതിന്നുമ്പോൾ അതിന്റെ അണ്ടി കുറുവാട്ട് നായർ തറവാട്ടിലെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ അബദ്ധവശാൽ വീണു. അതിന് കുറുവാട്ട് നായരുടെ വേലക്കാർ കണ്ണനെ ക്രൂരമായി മർദിച്ചു, ഗ്രാമത്തിൽ നിന്ന് ഓടിപ്പോയ കണ്ണൻ മംഗലാപുരത്തെ ഒരു വൃദ്ധ മാതാവിന്റെ ഉടമസ്ഥതയിൽ ഉള്ള നരസിംഹമൂർത്തി ക്ഷേത്രത്തിൽ അഭയം തേടി, അവിടെ അദ്ദേഹം 12 വർഷം വൃദ്ധ മാതാവിന്റെ കൂടെ താമസിച്ചു; ആ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ചുമതലയോടെ. വൃദ്ധ മാതാവിന് കണ്ണനെ ഇഷ്ടമായിരുന്നു. ഒരു ദിവസം മൂർത്തിക്കു വേണ്ടി വെച്ച പാൽ പൂച്ച കുടിച്ചു. പാത്രത്തിൽ പാല് കാണാതിരുന്ന ‘അമ്മ കണ്ണനോട് ചോദിച്ചു പാല്എന്തായി കണ്ണാ എന്ന്? പാല് കാണാത്തതു കൊണ്ടായിരുന്നു ചോദിച്ചത്. കണ്ണന് വിഷമമായി ഉത്തരം പറയാൻ പറ്റാതായി. അപ്പൊ കണ്ണനോട് വൃദ്ധ മാതാവ് സ്വാന്തനിപ്പിക്കുന്ന രീതിയിൽ പറഞ്ഞു “സാരമില്ല കണ്ണാ ഞാൻ നിന്റെ പേര് വിളിച്ചതാണ്” എന്ന് വിചാരിച്ചാൽ മതി. അങ്ങിനെ കണ്ണൻ പാലന്തായി കണ്ണനായി
ഒടുവിൽ വിഷ്ണു; കണ്ണനോട് നീലേശ്വരത്തേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. മടങ്ങിയെത്തിയ അദ്ദേഹം ഉയർന്ന ജാതിക്കാർക്കായി നീക്കിവച്ചിരുന്ന കുളത്തിൽ കുളിച്ചത് കുറുവാട്ട് നായരെയും അനുയായികളെയും ചൊടിപ്പിച്ചു. അവർ പിന്നീട് കണ്ണനെ കൊലപ്പെടുത്തുകയും അതിന്റെ ഫലമായി കുറുവാട്ട് നായർക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്തു. അതിന് വേണ്ടി പ്രശ്നം വെപ്പിച്ചപ്പോൾ കണ്ടു തന്റെ ഭക്തനായ കണ്ണന്റെ മരണത്തിൽ മഹാവിഷ്ണു അസന്തുഷ്ടനാണെന്ന്. പരിഹാരമായി ഒരു കോലം നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ, മംഗലാപുരത്ത് നിന്ന് കണ്ണനെ അനുഗമിച്ച വിഷ്ണുമൂർത്തിയുടെ ബഹുമാനാർത്ഥം ഒരു ക്ഷേത്രം പണിയുകയും ദേവനെ ആരാധിക്കുകയും ചെയ്യണമെന്നും. “ഞാൻ ചൊല്ലും തോറ്റത്തെ കേട്ട് കളിച്ചു വിളയാടി കുടികൊൾ വരിക വേണം വിഷ്ണുമൂർത്തിയാം പരദേവദ”. എന്ന് തുടങ്ങും തോറ്റം. ഉറച്ചിൽ അഥവാ ഉറതുള്ളൽ തോറ്റം തുടങ്ങുമ്പോൾ ചെണ്ട മേളം തുടങ്ങും.
പരദേവത:
പരദേവത, ഭരദേവത,ഒരു കുടുംബമോ ,ഒരു വംശമോ പാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്നതും കുടുംബത്തിന്റെയോ വംശത്തിന്റേയോ രക്ഷയുടെ ചുമതലയുള്ളതുമായി സങ്കല്പിക്കപ്പെടുന്ന ദേവതയാണ്. പരദേവത എന്നാൽ കുടുംബദേവത!!!. കുടുംബത്തിന്റെ അല്ലെങ്കിൽ വംശത്തിന്റെ രക്ഷയുടെ ചുമതലയുള്ളതിനാൽ ആ വംശത്തെ രക്ഷിക്കുന്നവൻ അഥവാ വഹിക്കുന്നവൻ, എന്ന അർത്ഥത്തിൽ പരദേവത ഭരദേവതയായി. കുടുംബ പരദേവത അഥവാ കുലദൈവം പാരമ്പര്യമനുസരിച്ചാണ് വരുന്നത്. അച്ഛൻ വഴി പാരമ്പര്യമുള്ളവർ അങ്ങനെയും അമ്മ…വിവാഹം നടക്കാനും നല്ല ദാമ്പത്യ ജീവിതത്തിനും സന്താനഭാഗ്യത്തിനു എല്ലാം പരദേവതയുടെ അനുഗ്രഹം നിശ്ചയമായും…
തെക്കെൻമാർ വീട്ടിലെ കാരണവർ തെയ്യം എന്ന ധർമ്മദൈവം
വാർഷിക തെയ്യം തിറ കളിയാട്ടം ഉത്സവത്തിൽ അവതരിപ്പിക്കുന്ന വളരെ പ്രശസ്തമായ തെയ്യമാണ് ധര്മ ദൈവം. വിവരമനുസരിച്ച്, ഇതൊരു ആൺ തെയ്യമാണ്, കുലദൈവമാണ്. ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടത്തിൽ നിന്ന് ഉടലെടുക്കുന്ന മനുഷ്യലോകത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ദൈവം അവതരിക്കുന്നതാണ് ധർമ്മദൈവം കഥ. ചില പണ്ഡിതന്മാർ തെയ്യത്തെ കുടുംബദൈവവുമായി ബന്ധിപ്പിക്കുന്നു – അതിനാൽ ധർമ്മദൈവം കുലദൈവം അല്ലെങ്കിൽ കുടുംബദൈവം എന്നും അറിയപ്പെടുന്നു. ശത്രുഭയം അകറ്റാനാണ് തെയ്യം പ്രാർഥിക്കുന്നത്. സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയും ഇത് ആരാധിക്കപ്പെടുന്നു. ഏതെങ്കിലും ക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് ഒരാൾ ആദ്യം ധർമ്മദൈവത്തിൽ പ്രാർത്ഥിക്കണമെന്ന് പറയപ്പെടുന്നു.
ധർമ്മദൈവം വാളും പരിചയും പിടിച്ചിരിക്കുന്നു. അവൻ അനീതിക്കെതിരെ പോരാടുകയും തന്റെ ഭക്തരെ പ്രത്യേകിച്ച് അവൻ ആരാധിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.