ഈ ബ്ലോഗ് ഞാൻ കണ്ണൂർക്കാരനായ എന്റെ പ്രിയപ്പെട്ട ചങ്കുവിന് വേണ്ടി സമർപ്പിക്കുന്നു. എന്റെ ബ്ലോഗ് സൈറ്റിന് കാരണക്കാരനും, എന്നെ എഴുതാൻ പ്രേരിപ്പിച്ചതും ചങ്കു ആണ്. നിങ്ങൾഎല്ലാം അറിയുന്ന സുരേഷ് തെക്കന്മാർ, എന്റെ മരുമകൻ: തന്റെ തറവാടായ അഴീക്കോട്ടെ വീട്ടിൽ എല്ലാ കൊല്ലവും ഓരോ അംഗങ്ങളുടെയും വകയായി തെയ്യം ആഘോഷമുണ്ട്. അത് ഭഗവതിയും, ഗുളികനും ആണെന്ന് ഇതെഴുതിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അതിനെപ്പറ്റിയും ഈ ബ്ലോഗിൽ പ്രതീക്ഷിക്കാം:

പറശിനിക്കടവ് മുത്തപ്പനെപ്പറ്റി എഴുതാം. ഞാൻ ഇതേ ബ്ലോഗിൽ കഴിഞ്ഞ തവണ കുമ്പളയിലെ ഹിന്ദു അമ്പലത്തിലെ മാപ്പിള തെയ്യമായ ആലിത്തെയ്യത്തെപ്പറ്റി എഴുതി. അതിന്റ പിന്നാലെ ഇതാ മുത്തപ്പൻ തിരുവപ്പന തെയ്യങ്ങൾ:

കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്തു അഞ്ചര മനയ്ക്കൽ മന്നനാർ രാജവംശത്തിലെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അന്തർജ്ജനത്തിന്നും അയ്യങ്കര വാഴുന്നോർക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കുളിച്ചു കയറിയപ്പോൾ തിരുനെറ്റിക്കലിൽ ഓരോമനകുഞ്ഞ്.

ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു ഈ ബാലന്. ഇല്ലത്തെ രീതികൾക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നു കള്ളു കുടിച്ചും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും, മത്സ്യമാംസാദികൾ കഴിച്ചും നടന്നിരുന്ന ആ ബാലൻ ഇതൊക്കെയായിട്ടും നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. അച്ഛനായ വാഴുന്നോർക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അമ്മ എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോൾ അവൻ കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുത്തു. അമ്മയോട് അവൻ അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ശിവ ചൈതന്യമുള്ള ആ കണ്ണുകളിൽ നിന്നുള്ള അഗ്നി കണ്ടു ഭയപ്പെട്ട ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു. തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തർക്ക് അനുഗ്രഹം നൽകുന്നതിനു വേണ്ടി ശിവ-വിഷ്ണു സങ്കൽപ്പത്തിൽ പറശ്ശിനി കടവിൽ കുടികൊണ്ടു. കള്ള് അവനു പ്രിയങ്കരമായിരുന്നു. ഒരിക്കൽ ചന്ദൻ എന്ന കള്ളുചെത്തുകാരന്റെ പനയിൽ കയറി കള്ള് മോഷ്ടിച്ച് കുടിച്ചു. സ്ഥിരമായി ഇത് സംഭവിച്ചപ്പോൾ പ്രതിയെ പിടിക്കാൻ ചന്ദൻ പനയുടെ ചുവട്ടിൽ കിടന്നു അപ്പോൾ പനയിൽ മോഷ്ടാവ് കയറുന്നതു കണ്ടു. അത് വിലക്കിയ ഉടമസ്ഥനെ രൂക്ഷമായി നോക്കിയപ്പോൾ അയാൾ ബോധം കെട്ടു വീണു. അയാളുടെ ഭാര്യ; ഭർത്താവിനെ കാണാതെ വന്നു നോക്കിയപ്പോൾ പനയുടെ മുകളിൽ നരച്ച മീശയും താടിയുമായി ഒരാൾ ഇരുന്നു കള്ള് കുടിക്കുന്നു. വൃദ്ധൻ എന്ന രീതിയിൽ മുത്തപ്പാ… എന്ന് ഉച്ചത്തിൽ വിളിച്ചു . ഉടനെ ബോധം കെട്ട ചന്ദൻ എഴുനേറ്റു. അന്ന് ചന്ദന്റെ ഭാര്യ ദയനീയമായി വിളിച്ച ആ വിളിയാണ് മുത്തപ്പൻ എന്ന പേരിനു കാരണം.

ഒരു ദിവസം ഒരു പെരുവണ്ണാൻ പറചീനി എന്ന കാട്ടിലൂടെ നടന്നു ഒരു ചൂണ്ടയുമായി വളപട്ടണം പുഴയോരത്ത് വന്നു. പതിവുപോലെ മീൻ പിടിക്കാൻ ചൂണ്ടയിട്ടു. കുറേനേരമായി ഒന്നും ലഭിക്കാതായപ്പോൾ അതുവരെ ഇരുന്ന പാറയിൽ നിന്നിറങ്ങി ഒരു ശ്രമം കൂടി നടത്തി. ധ്യാനിച്ച്, ചൂണ്ട നീട്ടിയിട്ടു. പറശ്ശിനിക്കടവിൽ കുടികൊള്ളുന്ന മുത്തപ്പനെ മനസാ ധ്യാനിച്ചു. ഒരു കൂറ്റൻ തിരുത മൽസ്യം!!!. മുത്തപ്പനോട് മനസാ നന്ദി പറഞ്ഞു; ഇറങ്ങി നടന്നു. പെരുവണ്ണാന്റെ കയ്യിൽ ഒരു ചെറിയ പാത്രം മദ്യവും ഉണ്ടായിരുന്നു. ചുറ്റിലും മൽസ്യം ചുട്ടെടുക്കാൻ പറ്റിയ രീതിയിൽ കുറച്ചകലെ ചുള്ളിക്കാടുകൾക്ക് തീ പിടിച്ച നിലയിൽ അതാ തീപ്പുക ഉയരുന്നു. ചുള്ളിക്കൊമ്പുകൾ വാരിയിട്ടു തീയിട്ടു. “എല്ലാം മുത്തപ്പന്റെ കരുണ” എന്ന് മനസ്സിലായി. ചുട്ട മീനിന്റെ ഒരു ഭാഗവും കുറച്ചു കള്ളും മുത്തപ്പന് വേണ്ടി മാറ്റി വെച്ചു, ബാക്കി അയാളും കഴിച്ചു. അതിന്റെ ശേഷം ചൂണ്ടയിടാൻ വന്നാൽ പെരുവണ്ണാൻ ആദ്യം മുത്തപ്പനെ വണങ്ങും. പിന്നീടങ്ങോട്ട് അയാൾക്ക് മീൻ കിട്ടാതിരുന്നിട്ടില്ല. പറച്ചിനിക്കാടിന് സമീപമുള്ള കുന്നിന്മേൽപുരയിലെ തന്റെ സുഹൃത്തായ തീയൻ പെരുവണ്ണാന് എന്നും കള്ള് നൽകി. മീൻ പിടിക്കാൻ പെരുവണ്ണാൻ പോകുമ്പോൾ ചിലപ്പോൾ ആ കള്ള് നൽകിയ തീയ്യനും ഉണ്ടാവും. ചൂണ്ടയിൽ കുടുങ്ങ്ങുന്ന മീനും, പെരുവണ്ണാന്റെ അനുഭവങ്ങളും കാരണം അയാൾക്കും മുത്തപ്പനിൽ വിശ്വാസം വന്നു. എന്തെങ്കിലും കാരണവശാൽ പെരുവണ്ണാന് പോകാൻ സാധിച്ചില്ലെങ്കിൽ കുന്നിന്മേൽപുര തീയനെ അറിയിച്ചാൽ അയാൾ മുത്തപ്പന്റെ പൂജ മുടക്കാതെ നടത്തും. വാർദ്ധക്യസഹജമായ യാത്രാ ക്ലേശങ്ങൾ ഉണ്ടാവുമ്പോഴും കുന്നിന്മേൽപുരതീയൻ മുടങ്ങാതെ പൂജ നടത്തും. അയാൾക്കും സാധിക്കാതെ വന്നപ്പോൾ അടുത്ത വീട്ടിലെ (പറശ്ശിനി മടപ്പുരക്കൽ) കാരണവരെ വിളിച്ചു വിവരമറിയിച്ചു. അദ്ദേഹത്തെ മുത്തപ്പന്റെ ശക്തി ബോധ്യപ്പെടുത്തി; പൂജ മുടക്കാതെ ചെയ്യണമെന്ന് അപേക്ഷിച്ചു. പറശ്ശിനി മടപ്പുരക്കൽ എന്ന കുടുമ്പമായിരുന്നു പൂജാവിധികൾ പിന്നീട് ചെയ്തിരുന്നത്.

ഗ്രാമീണ ഭാഷയിൽ മട എന്നത് വീട് എന്ന അർത്ഥമാകുന്നു. പുര എന്നത് മേൽ പുരയോടുകൂടിയ വീടും. പെരുവണ്ണാനും, കുന്നിന്മേൽപുര തീയ്യനും മുത്തപ്പനെ ആരാധിച്ചുപോന്ന അതേ സ്ഥലത്തു തന്നെയാണ് ഇന്ന് പറശിനിക്കടവ് അമ്പലമുള്ളത്. പറശിനിക്കടവ് മടപ്പുരക്കൽ തറവാട്ടിലെ കാരണവർ തന്നെയാണ് ഇന്നും ആ ആരാധനാലയത്തിൽ സ്ഥാനികൻ. അദ്ദേഹം മടയൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നു.

മുത്തപ്പന്റെ തെയ്യക്കോലം കെട്ടിയാടാനുള്ള പരമ്പര പരമായി തറയിൽ പെരുവണ്ണാന്മാർക്കാണ്. ഈ കാരണം കൊണ്ട് തറയിൽ പെരുവണ്ണാൻ കീഴ്ജാതിയിൽ പ്രമുഖരായി.  മുത്തപ്പന്റെ മറ്റൊരു പേരാണ് തിരുവപ്പൻ എന്ന് പറയുന്നുണ്ടെങ്കിലും ആ വേഷം തന്നെയാണ് മുത്തപ്പന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധന. അതായത് തിരുവപ്പന എന്ന തെയ്യം, ഈ വേഷം കെട്ടിയാടാനുള്ള അവകാശം കടമ്പേരിയിലെ വണ്ണാന്മാർക്കുള്ളതാണ്. തിരുവപ്പന അടിയന്തിരം നടക്കുമ്പോൾ മുത്തപ്പൻ മടപ്പുര തറവാട്ടിലെ കാരണവരെ മടയാ… എന്ന് സംബോധന ചെയ്യുന്നു. ആ മടയ തറവാട്ടിൽ മുത്തപ്പൻ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. നിത്യനിവേദനങ്ങൾക്കുള്ള കള്ള് കലശപാനികളിൽ ആക്കി വെക്കുകയും മറ്റു പൂജാദ്രവ്യങ്ങൾ ഒരുക്കുകയും ചെയ്യുന്നവരെ കഴകക്കാർ എന്ന് വിളിക്കുന്നു. മടയനും കഴകക്കാർക്കും മാത്രമേ മടപ്പുരയിലെ ശ്രീകോവിലിൽ പ്രവേശനമുള്ളൂ. അൽപ്പംകള്ളും മമ്പയർ,കടല, മുതിര എന്നിവയിൽ ഏതെങ്കിലും ഒരു പുഴുങ്ങിയ ധാന്യവും തേങ്ങാപ്പൂളും മൽസ്യക്കറിയും, പുഷ്പങ്ങളും വെള്ളവും മുത്തപ്പന് അർപ്പിക്കുന്ന ലളിതമായ ഈ ചടങ്ങിനെ പൈങ്കുറ്റി എന്ന് പറയുന്നു. കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ വെച്ചു ചെയ്യുന്ന ഒരു വഴിപാടാണിത്. മറ്റു അമ്പലങ്ങളിലെപ്പോലെ നമ്പൂതിരിമാർക്ക് ഇവിടെ വലിയ പ്രസക്തിയില്ല. എന്നാൽ പ്രശ്നംവെച്ച് ജ്യോത്സ്യന്മാർ “മടപ്പുരക്ക് അശുദ്ധി വന്നിരിക്കുന്നു” എന്ന് കണ്ടുപിടിച്ചാൽ പുണ്യാഹം നടത്താൻ കടമ്പേരിയിലെ മാടമന ഇല്ലത്തെ എമ്പ്രാന്തിരിക്കെ അധികാരമുള്ളൂ.

കുടക്,  വയനാട്, തെക്കൻ കർണ്ണാടകം എന്നിവിടങ്ങളിൽ മുത്തപ്പൻ ഒരു നായാട്ടു ദൈവമാണ്. ചില സ്ഥലങ്ങളിൽ മുത്തപ്പൻ ഒരു കൃഷി ദൈവമാണ്

സാധാരാണയായി മുത്തപ്പൻ;  കുടുംബ ദൈവമായി (ഗുരു ദൈവം)ആണ് കുടുംബ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. സംഹാര മൂർത്തിയായ പരമശിവന്റെ ഭൂത ഗണത്തിൽ ഒന്നായ ഭൈരവൻ ആണ് മുത്തപ്പൻ എന്നും പറയപ്പെടുന്നു കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ശൈവ- വൈഷ്ണവ മൂർത്തിയാണ് എന്നാണ് സങ്കൽപ്പം. തെയ്യക്കോലത്തിൽ വരുന്ന പറശ്ശിനിക്കടവ് മുത്തപ്പൻ ഒരേ പരമാത്മാവായ ഭഗവാൻറെ രണ്ട് പ്രധാനപ്പെട്ട ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം ധരിച്ച പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം ധരിച്ച ശ്രീ മഹാവിഷ്ണുവിനേയും. തങ്ങളുടെ സങ്കടങ്ങൾ തെയ്യക്കോലത്തിൽ വരുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞു ആശ്വാസം നേടാം എന്ന വിശ്വാസമാണ് ഭക്തരെ പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കു ആകർഷിക്കുന്നത്.

തിരുവപ്പൻ മുത്തപ്പനെ ക്ഷണിച്ച ഐതിഹ്യം:

ഈ രണ്ട് ദൈവക്കോലങ്ങളെക്കുറിച്ചും വ്യത്യസ്തമായ വിശദീകരണങ്ങൾ ഉണ്ട്. പൊതുവായി കണക്കാക്കപ്പെടുന്ന വിശ്വാസം അയ്യങ്കര ഇല്ലത്ത് വാഴുന്നവർ വളർത്തിയ കുട്ടി യായിരുന്നു തിരുവപ്പൻ എന്നാണ്. അദ്ദേഹത്തിൻറെ കുട്ടിക്കാലത്തു യാത്രക്കിടയിൽ മുത്തപ്പനെ കാണുന്നു. അത് മറ്റൊരു കുട്ടി, അല്ലെങ്കിൽ ശൈവ അംശമുള്ള ദൈവം!!!. ആ ചങ്ങാതിയെ “വാചെറുക്കാ” എന്ന് വിളിച്ചുകൊണ്ട് ചങ്ങാതിയാക്കി കൂടെ കൂട്ടി എന്നാണു പുരാണ കഥ.  അതിനാൽ മുത്തപ്പന്റെ ആരൂഢ സ്ഥാനമായി കണക്കാക്കപ്പെടുന്ന കുന്നത്തൂർ  പാടിയിൽ ഇവ രണ്ടും ഒന്നിച്ച് കെട്ടിയാടിക്കുന്നില്ല. തിരുവപ്പനെയും മുത്തപ്പൻ എന്നു വിളിക്കാറുണ്ട്. തിരുവപ്പന്റെ ചെറുപ്പം പുതിയ മുത്തപ്പൻ എന്ന കോലരൂപത്തിലും, പുറങ്കാല മുത്തപ്പൻ എന്ന രൂപത്തിലും, യുവരൂപം “നാടു വാഴിശ്ശൻ തെയ്യം” ആയും പിന്നീടുള്ള രൂപം തിരുവപ്പന ആയും കെട്ടിയാടിക്കുന്നു. കൂട്ടുകാരനായി കിട്ടിയ മുത്തപ്പനെ (അത് ഒരു വിളിപ്പേരാകാം) ചെറുക്കൻ എന്നാണു വിളിക്കുക.നരച്ച മീശയും വൈക്കോൽ കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള ഈ രൂപമാണ് ശരിക്കുമുള്ള മുത്തപ്പൻ തെയ്യം. ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം.പക്ഷെ തെയ്യം ആരൂഢസ്ഥാനങ്ങളിലും മടപ്പുരകളിലും,പൊടിക്കലങ്ങളിലും മാത്രം കെട്ടിയാടിക്കും. ഇതു കെട്ടാനുള്ള അവകാശം പെരുവണ്ണാൻ സമുദായക്കാർക്ക് മാത്രം. എന്നാൽ തിരുവപ്പന എന്ന വലിയ മുടിയും പൊയ്ക്കണ്ണുമുള്ള തെയ്യക്കോലം കെട്ടുന്നത് അഞ്ഞൂറ്റാൻ എന്ന സമുദായക്കാരാണ്. മുത്തപ്പൻ ഈ കോലത്തെ നായനാർ എന്നാണ് സംബോധന ചെയ്യുക. തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പനും വെള്ളാട്ടത്തിനും നടന്നു വാഴ്ചയുമാണ് ഇഷ്ടം. വൈഷ്ണവ അംശവും ശൈവാംശവും ഉള്ള തിരുവപ്പനെ മുത്തപ്പൻ എന്നു വിളിക്കുന്നതിന്നാൽ ഈ തെയ്യക്കോലങ്ങളുടെ പേരുകൾ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. തിരുവപ്പൻ എന്ന യഥാർത്ഥ ശക്തിരൂപത്തിനു വെള്ളാട്ടം സാധാരണമല്ല.പറശ്ശിനിക്കടവിൽ മുത്തപ്പനെന്നപേർ വെള്ളാട്ടത്തെയാണു കുറിക്കുന്നത്. ഇത് ശൈവാംശമാണ്. പക്ഷെ കുന്നത്തൂരിൽ മുത്തപ്പനെന്ന പേര് തിരുവപ്പനാണ്. മുത്തപ്പൻ എന്ന സഹായിയെ എല്ലാ കാര്യത്തിനും ജോലി ഏൽപ്പിക്കുന്നതിനാൽ തിരുവപ്പനു പകരമായാണ് മുത്തപ്പൻവെള്ളാട്ടത്തെ കെട്ടിയാടിക്കുന്നത്.

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി. കേരളത്തിലെ കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഇവിടെ മുത്തപ്പന് മാത്രമായി ഒരു ക്ഷേത്രമില്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കകല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് ഇത്. മുത്തപ്പന്റെ പരമ്പരയായ മന്നനാർ രാജവംശത്തിന്റെ രാജ്യാധികാരത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്രദേശം. 1902-ൽ മുത്തപ്പന്റെ വംശത്തിലുള്ള ഈ രാജവംശത്തിലെ അവസാന രാജാവായ കുഞ്ഞിക്കേളപ്പൻ  മന്നനാർ കൊല്ലപ്പെടുകയും ബ്രിട്ടീഷ് സർക്കാർ ഈ രാജവംശത്തിന്റെ സ്വത്ത് കണ്ട് കെട്ടുകയും ചെയ്തതോടെ മന്നനാരുടെ സാമന്തനായ കരക്കാട്ടിടം നായനർക്ക് കുന്നത്തൂർ പാടി നടത്തിപ്പിന് അവകാശം ലഭിച്ചു എന്നുമാണ് ചരിത്രം.

സൗജന്യമായി സ്വാദിഷ്ടമായ സാമ്പാറും, ചോറും മോരും ലഭിക്കുന്ന ക്ഷേത്രം!!! അങ്ങിനെ വയറും മനസ്സും നിറയുന്ന ക്ഷേത്രം. പ്രസാദമായി കള്ളും മീനും പുഴുങ്ങിയ ധാന്യവും ലഭിക്കുന്ന ക്ഷേത്രം മറ്റു തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തം. സങ്കടങ്ങൾ സങ്കടങ്ങൾ ശ്രദ്ധിച്ചു കേട്ട് അപ്പഴപ്പോൾ തന്നെ സമാധാനിപ്പിക്കുന്ന തെയ്യം അഥവാ ദൈവം.

മുത്തപ്പൻ അമ്പലത്തിൽ നായയെ ഒരു പാവന മൃഗമായി കരുതുന്നു. നായ്ക്കളുടെ രണ്ടു പിച്ചള പ്രതിമകൾ ഉണ്ട്. ഒരിക്കൽ കുറച്ചു നായ്ക്കളെ പുറത്താക്കി, അന്ന് തെയ്യത്തിനു ആടാൻ സാധിച്ചില്ല. മുത്തപ്പന്റ് ആദ്യ പ്രസാദം നായ്ക്കാണ് നൽകുന്നത് വേടരാജാവായി മുത്തപ്പനെ ആരാധിക്കുന്ന നിരവധി അമ്പലങ്ങളുണ്ട്. വീട് പണി കഴിഞ്ഞാൽ, മീൻ കിട്ടിയാൽ, ഉദ്യോഗ കയറ്റം കിട്ടിയാൽ, എല്ലാറ്റിനും മുത്തപ്പനെ പൂജിച്ചു പയം കുറ്റി എന്ന അർപ്പണം നടത്തുന്നു. ഇതിൽ ജാതി മത ഭേദമില്ല. വർഷത്തിൽ എല്ലാ ദിവസവും തെയ്യം ഉണ്ടാവും. “മുത്തപ്പനെപ്പോലെ കള്ള് കുടിച്ചു നടന്നാൽ പോരാ” എന്ന് എന്ന് മുത്തപ്പൻ ചിലപ്പോൾ യുവാക്കളെ ഉപദേശിക്കുന്നത് കേൾക്കാം. മുത്തപ്പൻ ശരിക്കും ഒരു ദളിതനായകനാണ്. ദളിതർക്ക് മുത്തപ്പൻ കാവലായി നടന്ന പല കഥകളും ഉണ്ട്. ചിലപ്പോൾ രസകരമായ ഉദാഹരണങ്ങൾ പറയുന്ന ഒരു കഴിവുണ്ട് മുത്തപ്പൻ തെയ്യത്തിന്!! പ്രസാദം വാങ്ങാൻ വരൂ എന്ന് മുത്തപ്പൻ ഭക്തരോട് ആവശ്യപ്പെട്ടാൽ   മുത്തപ്പന്റെ അരികിലേക്ക് ചെന്നിട്ടില്ലെങ്കിൽ ചോദിച്ചത് കേട്ടിട്ടുണ്ട് “പക്ഷികൾ മരത്തിലേക്ക് വരികയല്ലേ വേണ്ടത് ? മരം പക്ഷികളെ തേടി പോകണമോ? എന്ന് അല്പം ഗൗരവത്തോടെ

കണ്ണൂർ റെയിൽ വേ സ്റ്റേഷനിൽ മുത്തപ്പന്റെ ഒരമ്പലമുണ്ട്. അതിനു റെയിൽ വേ മുത്തപ്പൻ എന്ന് പറയുന്നു.അതും കള്ളു മോഷണമായി ബന്ധപ്പെട്ട ഒരു കഥയാണ്. കണ്ണൂർ സെൻട്രൽ ജയിലിനു സമീപവും ഒരു മുത്തപ്പൻ അമ്പലമുണ്ട്. 

ഈ ബ്ലോഗ് ഞാൻ കണ്ണൂർക്കാരനായ എന്റെ പ്രിയപ്പെട്ട ചങ്കുവിന് വേണ്ടി സമർപ്പിക്കുന്നു എന്ന് ആദ്യം പറഞ്ഞത് പോലെ ഒരിക്കൽ കൂടി പറയുന്നു.

ധർമപാലൻ