വേദനകളുടെ പിന്നില്‍ മന:ശാസ്ത്രമുണ്ടോ? എങ്കില്‍ ആശ്വാസങ്ങള്‍ ഏവ? Published in Pradeepam Magazine March 2020 issue

കെ എന്‍ ധര്‍മ്മപാലന്‍

ഒരുസംഭവത്തിന്റെ പര്യവസാനംനിഷേധാത്മകമല്ലാത്തതും, മാതൃകാനുസാരമായതുമായരീതിയില്‍ (Positive) അവസാനിക്കുമ്പോള്‍ ആശ്വാസം എന്ന മാനസീകാവസ്ഥ വരുന്നു. ആകാംക്ഷ എന്ന അവസ്ഥ കടന്നശേഷം വരുന്ന ഒന്നാണിത്. ആശ്വാസം ലഭിക്കുന്ന സംഗതികള്‍ നിരവധിയാകുന്നു. വലിയൊരു രോഗമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഡോക്ടറെ കണ്ടശേഷം ഒന്നുമില്ലെന്ന് കേള്‍ക്കുന്ന അവസ്ഥ, ശസ്ത്രക്രിയക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന ഒരാളുടെ ബന്ധുക്കളോട് എല്ലാം വിജയപ്രദമായെന്ന് ഡോക്ടര്‍ പുറത്ത് വന്നു പറയുമ്പോള്‍ ഉണ്ടാവുന്ന മാനസീകാവസ്ഥ, തോല്‍ക്കുമെന്ന് പ്രതീക്ഷിച്ച വിദ്യാര്‍ത്ഥി, ജയിച്ചെന്ന് അറിയുമ്പോഴുള്ള അവസ്ഥ, ഡ്രൈവിങ്ങ് ടെസ്റ്റിന്ന് പോയി ഇന്‍സ്‌പെക്റ്റര്‍ ടെസ്റ്റ് കഴിഞ്ഞു പാസ്സായെന്ന വിവരം അറിയിക്കുമ്പോള്‍, സഭാകമ്പം ഉള്ള ഒരാള്‍ ജനങ്ങളുടെ മുന്നില്‍ വെച്ച് മുന്‍കൂട്ടി തീര്‍ച്ചപ്പെടുത്തിയ പ്രസംഗം വേണ്ടെന്ന് വെച്ചപ്പോള്‍ ഉണ്ടാവുന്ന മാനസീകാവസ്ഥ കോടതിവിധി, നികുതി വിധി, എന്നിങ്ങിനെ പലവിഷയങ്ങളും ആകാംക്ഷയില്‍ ഇരിക്കുന്നവയാകുന്നു. എന്നാല്‍ അതില്‍നിന്നെല്ലാം തകരാറൊന്നുമില്ലെന്ന അവസ്ഥയിലേക്ക് വരുമ്പോള്‍ ആശ്വാസം ലഭിക്കുന്നു.

ആശ്വാസത്തിന്നു വേണ്ടി പല നിര്‍ദ്ദേശങ്ങളും ശുപാര്‍ശചെയ്യപ്പെടുന്നു. അവയില്‍ പ്രധാനമായവ, പാട്ടു കേള്‍ക്കുക, ചങ്ങാതിയുമായി തുറന്ന് സംസാരിക്കുക, സ്വയംതന്നെ സംസാരിച്ച് നിവര്‍ത്തിമാര്‍ഗ്ഗം കണ്ടെത്തുക, ചിരിച്ചു തള്ളിക്കളയുക എന്നിവയൊക്കെ ആരോഗ്യകരമായ രീതിയാണെങ്കില്‍ അനാരോഗ്യകരമായ പലതും പലരും മാര്‍ഗ്ഗമായി സ്വീകരിച്ചുവരുന്നു, മദ്യം കഴിക്കുക, പുക വലിക്കുക, മറ്റ് ലഹരിവസ്ഥുക്കല്‍ ഉപയോഗിക്കുക എന്നിവയാണവയില്‍ പ്രധാനം.

ആശ്വാസവും സന്തോഷവും വരുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന പ്രക്രിയകള്‍:
എന്ത് വികാരം വരുമ്പോഴും ശരീരത്തില്‍ നിരവധി രാസപദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നു. മാനസീക പിരിമുറുക്കം, വേദന എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുമ്പോള്‍ ഉല്പാദിക്കപ്പെടുന്ന രാസ പദാര്‍ത്ഥങ്ങളെ എന്‍ഡോര്‍ഫിനുകള്‍ (Endorphins) എന്ന് പറയുന്നു. അവ ഓപിയം വകുപ്പില്‍ പെടുന്ന മരുന്നുകള്‍ (Opioid peptides) ഉപയോഗിക്കുമ്പോഴും ഉല്പാദിപ്പിക്കപ്പെടുന്നു. അങ്ങിനെ ഓപിയോയിഡുകള്‍ എന്ന വകുപ്പില്‍ പെടുന്ന മരുന്നുകള്‍ എത്തിക്കുന്ന സന്തോഷകരമായ അവസ്ഥയെ യൂഫോറിയ (Euphoria) എന്ന് പറയുന്നു. അതിരുകടന്ന് ചിലപ്പോള്‍ അത് ഉന്മാദാവസ്ഥയിലും എത്തിക്കുന്നു. എന്റോര്‍ഫിനുകള്‍ (Endorphins) എന്ന രാസവസ്ഥുക്കളെ ഉല്പാദിപ്പിക്കുന്നത് നാഡീ വ്യുഹമാകുന്നു (Nervous System). ഡോപമിന്‍ (Dopamine), ഒക്‌സിട്ടോസിന്‍ (Oxytocin or OXT), സെറട്ടോണിന്‍ (Serotonin) എന്നിവയും സന്തോഷത്തിന്ന് കാരണമായ രാസവസ്ഥുക്കളാകുന്നു. സന്തോഷം പ്രദാനം ചെയ്യുന്ന ഈ രാസപദാര്‍ത്ഥങ്ങളെ ഫീല്‍ ഗുഡ് കെമിക്കത്സ് (Feel good Chemicals) എന്നാണ് പറയുന്നത്. എന്‍ഡൊര്‍ഫിനുകള്‍ ശരീരത്തിന്റെ പല ഭാഗത്തുനിന്നും ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും മസ്തിഷ്‌കത്തിലെ പിറ്റിയൂറ്ററി ഗ്രന്ഥികളില്‍ (Pituitary Gland)നിന്നാകുന്നു. എന്‍ഡോര്‍ഫിനുകള്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും. കൂടുതല്‍ കളിക്കുവാനും നൃത്തം ചെയ്യുവാനും, വിനോദങ്ങളില്‍ ഏര്‍പ്പെടുവാനുമുള്ള പ്രേരണ ചിലരില്‍ ഇങ്ങിനെയാണ് കൂടുതലും ഉണ്ടാവുന്നത്. എന്‍ഡോര്‍ഫിനുകള്‍ വളരെ കുറഞ്ഞവരില്‍ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ക്രിത്രിമമായി എന്‍ഡോര്‍ഫിനുകള്‍ ഉണ്ടാക്കാനുള്ള ഓപിയോയ്ഡ്‌സ് സാധാരണയായി കുറച്ചുകാലത്തേക്ക് മാത്രമേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയുള്ളൂ. കാരണം അതിന്ന് അടിമപ്പെടാതിരിക്കാന്‍. എന്‍ഡോര്‍ഫിന്‍ എന്ന വാക്കുതന്നെ ഉണ്ടായത് എന്‍ഡോജിനസ് (Endogenous) എന്നാല്‍ ശരീരത്തില്‍ നിന്നും, ഓര്‍ഫിന്‍ എന്നാല്‍ മോര്‍ഫിന്‍ എന്നതില്‍ നിന്നുമാകുന്നു. ഓക്‌സികൊഡോണ്‍ (Oxycodone), ഹൈഡ്രോകോഡോണ്‍ (Hydrocodone), കൊഡിന്‍ (Codeine), മോര്‍ഫിന്‍ (Morphine), ഫെന്റാനില്‍ (Fentanyl) എന്നിവ ഇതില്‍ പെടുന്ന മരുന്നുകളാകുന്നു. ഏതൊരു ഉറവിടത്തില്‍നിന്നുമുള്ള വിട്ടുമാറാത്ത വേദന, ശാരീരികമായും മാനസീകമായും ബാധിക്കപ്പെടുന്നു. വേദന എന്നത് ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടിലും അനുഭവത്തിലും ആ വ്യക്തിയെ സംബന്ധിച്ചേടത്തോളം ഏറ്റവും തീക്ഷ്ണമായതാകുന്നു. അതുകൊണ്ടുതന്നെ ഇതിന്ന് മന:ശാസ്ത്രത്തിലും മാനസീക രോഗ ചികിത്സയിലും വളരെ പ്രാധാന്യമുണ്ട്. മരുന്ന് നല്‍കാതെയുള്ള മന:ശാസ്ത്ര ചികിത്സയില്‍ ഗൈഡഡ് റിലാക്‌സേഷന്‍ (Guided Relaxation), സ്റ്റ്രെസ്സ് മാനേജ്മന്റ് (Stress Management), സെല്‍ഫ് ഹിപ്‌നോസിസ് (Self hypnosis), കോഗ്നിറ്റീവ് ബിഹേവിയറല്‍ തിറാപ്പി (Cognitive Behavioural therapy or CBT)എന്നിങ്ങിനെ പല രീതികളും ഉണ്ട് സന്തോഷം കൈവരിക്കാനും, അതിനോട് ബന്ധപ്പെട്ട രാസപദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനും. ഇത് രോഗികളെ അവരുടെ ദുരന്ത ചിന്തകളെ വെല്ലുവിളിക്കാന്‍ സഹായിക്കുന്നു. വേദനസംഹാരികളുടെ പുതിയ ചേരുവകളും, പരമാണുക്കളും, രൂപപ്പെടുത്തുന്നതിന്ന് ശാസ്ത്രജ്ഞര്‍ തലച്ചോറിലേക്ക്പുതിയ ഉള്‍ക്കാഴ്ച്ചകള്‍ ഉപയോഗിക്കുന്നു.മസ്തിഷ്‌കത്തിലെ ഒരു നിര്‍ദ്ദിഷ്ട സര്‍ക്യുട്ടുകളില്‍ സഞ്ചരിക്കുന്ന സിഗ്നലുകളില്‍ നിന്നുള്ള വേദന, ഒന്നിലധികം പാതകളില്‍ക്കൂടെ അരോചകമായ ഇന്ദ്രിയജ്ഞാനത്തിലേക്ക് നീങ്ങുന്നു. ശരീരത്തിലെ പ്രക്ര്തിദത്തമായ ഓപ്പിയോയിഡുകള്‍ ഇത്തരം വേദനകളെ മോഡുലേറ്റ് ചെയ്തുകൊണ്ടാകുന്നു പുറത്തേക്ക് വിടുന്നത്. മസ്തിഷ്‌കത്തിലെ ഫ്രോണ്ടല്‍ ലോബ് (Frontal Lobe) എന്ന ഭാഗമാകുന്നു വേദനകളെ വിലയിരുത്തുന്നത് (Evaluation of pain). അതനുസരിച്ച് വേദന കൂടുതലായോ കുറച്ചായോ അനുഭവപ്പെടുന്നു. എം ആര്‍ ഐ (MRI) പോലെയുള്ള ന്യുറോ ഇമേജിങ്ങ് (Magnetic Resonance Imaging) മസ്തിഷ്‌കത്തിലെ വ്യതിയാനങ്ങള്‍ അറിയുവാന്‍ സഹായിക്കുന്നുണ്ടെങ്കിലും വേദനയുടെ കാര്യത്തില്‍ വൈദ്യശാസ്ത്രപരമായ ഒരു തീരുമാനം വേണമെങ്കില്‍ വ്യക്തിയോടുള്ള ചോദ്യങ്ങള്‍തന്നെ വേണം.

വേദന കൈകാര്യം ചെയ്യല്‍.
വേദന എന്ന് രോഗി പറയുമ്പോള്‍ പലപ്പോഴും ഡോക്ടര്‍മാര്‍ അതിന്ന് വേണ്ടത്രെ പ്രാധാന്യം നല്‍കുന്നില്ലെന്ന് വേദന പരിഹരിക്കുന്നതില്‍ വിദഗ്ദ്ധരായ പല ഭിഷ്ഗ്വരന്മാരും അഭിപ്രായപ്പെടുന്നു. സ്ത്രീകളും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും വേദനകള്‍ക്ക് അങ്ങിനെ വേണ്ടുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. ഉദാഹരണമായി ശസ്ത്രക്രിയവഴിയല്ലാതെ സാധാരണ രീതിയിലുള്ള പ്രസവം കഴിഞ്ഞാലുള്ള തുന്നിക്കെട്ടല്‍ പല ഡോക്ടര്‍മാരും രോഗിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ അവഗണിച്ചുകൊണ്ടാണ് ചെയ്യുന്നത്. ഒരു ഡന്റിസ്റ്റിന്റെ ക്ലിനിക്കാണെങ്കില്‍ പല്ല് പറിക്കുന്നിടത്തും, പുതുതായി ക്രിത്രിമപ്പല്ല് വെക്കുന്നിടത്തുമെല്ലാം ഇത് കാണാം മുന്നറിയിപ്പില്ലാതെയുള്ള അമര്‍ത്തലുകളും പിടിച്ചു വലികളും!!! ഒരു വേദന പുറപ്പെടുന്നത് നട്ടെല്ലിന്റെ ഭാഗത്തുനിന്നാണോ, പേശികളുടെ പിരിമുറുക്കത്തില്‍ നിന്നാണോ, അല്ല, രോഗിയുടെ മാനസീകാവസ്ഥയില്‍നിന്നാണൊ എന്നിങ്ങിനെ വസ്തുനിഷ്ടമായ ഒരു വിലയിരുത്തലിന്ന് ഡോക്ടര്‍മാര്‍ കുറച്ചു സമയം ചിലവഴിക്കേണ്ടിവരും. എന്നാല്‍ നമ്മുടെ നാട്ടില്‍ അത് നടക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

വേദനയുടെ അളവുകോല്‍:
പാലിയേറ്റീവ് ക്ലിനിക്കുകളില്‍ സേവനസന്നദ്ധതയുള്ള ആളുകള്‍ സൗജന്യ സര്‍വ്വീസ് നടത്തുന്നത് കാണാം. അവര്‍ വേദനയുടെ ഗ്രെയ്ഡ് ഒന്നുമുതല്‍ പത്തുവരെയുള്ള അക്കങ്ങള്‍ വെച്ച് കൊണ്ട്, ഒന്ന് ഏറ്റവും കുറവും പത്ത് ഏറ്റവും കൂടിയതും എന്ന വിലയിരുത്തലില്‍ രോഗിയോട് വേദന ഇത്രയുണ്ടോ എന്ന് ഈ മാപിനി കാണിച്ച് ഒരുവിധം വിലയിരുത്തുന്നു. ഇത്തരം വിലയിരുത്തുകള്‍ ഏതുതരം മരുന്നാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കാന്‍ സഹായിക്കുന്നു. കമ്പ്യുട്ടര്‍ ഉപയോഗിച്ചുള്ള മുഖഭാവ പരിശോധനകള്‍, വേദന അനുഭവിക്കുമ്പോള്‍ പുറത്തു വിടുന്ന രാസവസ്ഥുക്കളുടെ ടെസ്റ്റുകള്‍, കലകളുടെ (ടിഷ്യൂ-Tissue) തൊലിയുടെ സിലിണ്ടറിക്കല്‍ രൂപത്തിലുള്ള കഷ്ണമെടുത്തുള്ള ബയോപ്‌സി (Skin punch biopsy) എന്നിവയും ഭാവിയില്‍ കൂടുതായി വേദന നിര്‍ണ്ണയത്തിന്റെ മാനദണ്ഢങ്ങളാവും.

പ്ലാസിബോ (Placebo) യും വേദനയുടെ മാനസീക വശവും:
വേദന കൈകാര്യം ചെയ്യുന്നതിന്നുള്ള ഒരു തന്ത്രമാണ് പ്ലാസിബോ. പ്ലാസിബോ എന്നാല്‍ മരുന്ന് എന്ന രീതിയില്‍ മരുന്നല്ലാത്ത ഒരു വസ്ഥു, കാര്യം അറിയിക്കാതെ രോഗിക്ക് നല്‍കുന്ന പ്രയോഗമാകുന്നു. മാനസീകാവസ്ഥ കാരണമുള്ള വേദനക്ക് ഇത് ഉപകരിച്ചേക്കും. എന്നാല്‍ ശരിയായ വേദനക്ക് അത്ര പ്രായോഗികമാവില്ല. എങ്കിലും ചിലപ്പോള്‍ ശരിയായ വേദനപോലും ഒരു പ്ലാസിബോ നല്‍കിയാല്‍ ചിലപ്പോള്‍ രോഗി, അല്പം കുറവുണ്ടെന്ന് പറഞ്ഞേക്കാം. അപ്പോള്‍ ആ വേദനയില്‍ ചെറിയൊരു മാനസീക ഘടകം കൂടി ഉണ്ടെന്ന് മനസ്സിലാക്കാം.അമേരിക്കയിലെ വാഗര്‍ (Dr Wager) എന്ന ഒരു ഡോക്ടര്‍ പ്ലാസിബോ ആയി വേദനക്ക് ഒരു ലേപനം നല്‍കിയിട്ട് വേദന കുറഞ്ഞു എന്ന് രോഗി പറയുകയും, ഡോക്ടര്‍ രോഗിയോട് കാര്യം തുറന്നു പറയുകയും ചെയ്തു പോലും എന്നിട്ടും രോഗി പറഞ്ഞു ” എന്നാലും ഇതുകൊണ്ട് സുഖമുണ്ട്” എന്ന്. ഇത്തരം ഫലങ്ങള്‍ നമ്മുടെ ദൈവികമായ തീര്‍ത്ഥ ജലം പോലെയുള്ള ചില വസ്തുക്കള്‍ നല്‍കിയാലും കാണാം. എന്നാല്‍ പ്ലാസിബൊയും മറ്റ് വിശ്വാസങ്ങളുമായിചില വ്യത്യാസങ്ങള്‍ കാണാം. വിശ്വാസത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ഒരറിവ്, വിവരം, പ്രസ്താവന അല്ലെങ്കില്‍ പ്രമേയം, അല്ലെങ്കില്‍ അഭിപ്രായം നിരപേക്ഷമായും സത്യമായി തെളിഞ്ഞതും ആണെന്ന് ബോധ്യം വന്ന മാനസീകാവസ്ഥയാണ് വിശ്വാസം. ഒരു വിശ്വാസത്തില്‍ എത്തിച്ചേരുന്നത് അവബോധം അഥവാ പെര്‍സപ്ഷന്‍ (Perception), അനുമാനം അഥവാ റീസണിങ്ങ് (Reasoning) ധ്യാനം അഥവാ കണ്ടപ്ലേഷന്‍ (Contemplation) പ്രത്യായനം അഥവാ സജ്ജഷന്‍ (Suggestion) എന്നിവ കഴിയുമ്പോഴാകുന്നു. അങ്ങിനെ ചെറുപ്പത്തില്‍ തന്നെ രൂപപ്പെട്ട ഒരുവിശ്വാസത്തിന്റെ ഫലമായാണ് തീര്‍ത്ഥജലം കുടിച്ചാല്‍ ഒരു രോഗിക്ക് ആശ്വാസം ലഭിച്ചതായി തോന്നുന്നതെങ്കില്‍ ഇവിടെ പ്ലാസിബോ വിന്ന് ഫലം ലഭിക്കുന്നത് വേദനയുടെ തീക്ഷണതയില്‍ എന്തെങ്കിലും ഒരു മരുന്ന് എന്ന ഒരവ്സ്ഥ വരുന്നതുകൊണ്ടാകുന്നു.

വേദനയുടെ ചികിത്സയില്‍ മന:ശാസ്ത്രത്തിന്ന് വലിയൊരു പ്രാധാന്യമുണ്ട്. അതില്‍ കൂടുതല്‍ പരിക്ഷണഗവേഷണങ്ങള്‍ നടത്തണമെന്ന് ഡോ വാഗര്‍ പറയുകയുണ്ടായി.2014ല്‍ ലക്‌സന്‍ബര്‍ഗ്ഗ് (Luxenberg) സര്‍വ്വകലാശാലയിലെ മന:ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ മന:ശാസ്ത്രത്തിലെ കണ്ടീഷനിങ്ങ് എന്ന സ്വഭാവ വിശേഷത്തിന്ന് വേദന അനുഭവങ്ങളിലുള്ള സ്വാധീനത്തെപ്പറ്റി പഠനം നടത്തിയതില്‍, മറ്റൊരനുഭവം ഒരേസമയത്തുണ്ടായാല്‍ വേദന കുറയുന്നതായി മനസ്സിലായി. ഒരു കാലില്‍ വൈദ്യൂതി ഷോക്കുവഴി വേദന നല്‍കിക്കൊണ്ട് അതേയാളുടെ കൈകള്‍ ഒരു ബക്കറ്റ് ഐസ് വെള്ളത്തില്‍ മുക്കിവെച്ചപ്പോള്‍ ഐസിന്റെ മരവിപ്പില്‍ (The bracing sensation of the ice water) കാലിലെ വേദന കൂടുതലായനുഭവപ്പെട്ടില്ല എന്നായിരുന്നു കണ്ടുപിടുത്തം. അതുപോലെത്തന്നെ വേദന സഹിക്കുന്ന ഒരാള്‍ക്ക് ടെലിഫോണ്‍ റിങ്ങ്‌ടോണ്‍ വേദനകുറക്കുന്നതായി മനസ്സിലായി. കുട്ടികള്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍ കളിക്കോപ്പുകള്‍ നല്‍കിയോ, മറ്റെന്തെങ്കിലും രീതിയില്‍ ശ്രദ്ധ തിരിച്ചോ നമ്മള്‍ വലിയവര്‍ കാര്യം നടത്താറുണ്ട്. ഇതൊരുതരം കബളിപ്പിക്കലാണ്, തലച്ചോറിനെ!!. അതുപോലെത്തന്നെ, വലിയവരുടെ മസ്തിഷ്‌കത്തെ കബളിപ്പിക്കുന്ന മാനസീകമായ ഒരു രീതിയുണ്ട്. വേഗത്തില്‍ നീങ്ങുന്ന പ്രകൃതിദൃശ്യങ്ങള്‍ കാണിക്കലാണിത്. അങ്ങിനെചെയ്യുമ്പോള്‍, കഴുത്തിന്റെ ഇടത്, വലത് ചലനം 70 ഡിഗ്രി മാറിമാറി ഒരു ഓസിലേറ്റിങ്ങ് ഫേനിനെപ്പോലെയാവുന്നു. വേദന ആറോ എഴോ ശതമാനം കുറയുന്നു. ലണ്ടനിലെ ഡോ ഫ്‌ളേവിയ മാന്‍സിനി (Flavia Mancini of University College London) ചില രോഗികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ താപനില വര്‍ദ്ധിച്ചപ്പോള്‍ വേദന അനുഭവിക്കുന്നതായി കണ്ടെത്തി. അതുപോലെത്തന്നെ, സാധാരണയില്‍ കൂടുതല്‍ വലുതായിക്കാണുന്ന കണ്ണാടികള്‍ വഴി വേദന അനുഭവിക്കുന്ന ആള്‍ പ്രതിഫലനം ശ്രദ്ധിച്ചപ്പോഴും വേദന വര്‍ദ്ധിച്ചതായി കണ്ടെത്തി. ചെറുതായിക്കണ്ടപ്പോള്‍ വേദന കുറയുകയും ചെയ്തു. വേദന അപകടത്തിന്റെ അലാറം സിഗ്നലാകുന്നു. വേദനക്ക് കാരണമായ സംഭവമായും സന്ദര്‍ഭ്ഭവുമായും ബന്ധപ്പെട്ട വേദനാജനകമായ സംവേദനങ്ങള്‍ മസ്തിഷ്‌കം വ്യാഖ്യാനിക്കുന്നു. പ്രകടമായ പരിക്കില്ലാത്ത വേദന, രോഗലക്ഷണങ്ങളുടെ ഭാഗമല്ലാത്ത വേദന എന്നിവയും കുറഞ്ഞ രീതിയിലാണ് അനുഭവപ്പെടുന്നത്. അങ്ങിനെ വരുമ്പോഴും വേദന കുറക്കാന്‍ മാനസീക നില വളരെ പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയാം. നമ്മുടെ നാട്ടിലെ കാവുകളിലും അമ്പലങ്ങളിലും കനലാട്ടം നടത്തുന്നതും, തല വെട്ടിപ്പൊളിക്കുന്ന രീതിയില്‍ വാള്‍പ്രയോഗം നടത്തുന്നതുമായ വെളിച്ചപ്പാടുകള്‍ ഇതിന്നുദാഹരണമാകുന്നു. സൈക്കോസോഷ്യല്‍ പെയിന്‍ മാനേജ്മന്റ് വിദഗ്ദ്ധനായവാഷിങ്ങ്ടണ്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ മാര്‍ക്ക് ജെന്‍സണ്‍ (Dr. Mark Jensen) പറയുന്നത്, വേദനക്ക് കാരണമായ ജീവശാസ്ത്ര, രസതന്ത്രപരമായ (Biochemical) കാരണങ്ങളൊന്നുംതന്നെ ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍ മന:ശാസ്ത്രപരമായ നീക്കങ്ങള്‍ക്ക് സാധ്യത ഏറെയുണ്ടെന്നാകുന്നു. ജെന്‍സന്‍ വിഭാവനം ചെയ്യുന്നത് ഭാവിയില്‍, ഈ അടിസ്ഥാന ശാസ്ത്ര ഗവേഷണം ക്ലിനിക്കല്‍ ക്രമീകരണങ്ങളിലേക്ക് കൊണ്ടുവരേണ്ടവര്‍ ഡോക്ടര്‍മാര്‍, ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍, നേര്‍സുമാര്‍, ഓക്കുപ്പേഷനല്‍ തിറാപ്പിസ്റ്റുകള്‍, മന:ശാസ്ത്രജ്ഞര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരാകുന്നു.