Article published in Pradeepam Magazine February 2020 issue

കെ എന്‍ ധര്‍മ്മപാലന്‍.
എന്താണ് ബുള്ളിയിങ്ങ്?
ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക, കടുംകൈ പ്രവര്‍ത്തിക്കുക, മുഠാളത്വം കാണിക്കുക, ഭയപ്പെടുത്തി സ്വന്തം കാര്യം നേടി ഭരിക്കുക എന്നിവപോലുള്ള സ്വഭാവങ്ങളാകുന്നു ഇത്. സിനിമകളില്‍ ഇത്തരം കഥാപാത്രങ്ങളെ സാധാരണയായി കാണം. ഇന്നത്തെ രാഷ്ടീയത്തിലും!!! മലയാളം സിനിമയില്‍ കീരിക്കാടന്‍ അവതരിപ്പിക്കുന്നത്‌പോലെയുള്ള കഥാപാത്രങ്ങള്‍. ഭരണാധികാരികളിലും ഈ സ്വഭാവങ്ങള്‍ ചില രാജ്യങ്ങളില്‍ കാണാം. മനസ്സിനെ വ്രണപ്പെടുത്തുന്ന കരുതിക്കൂട്ടിയുള്ള പെരുമാറ്റമാകുന്നു ബുള്ളിയിങ്ങ്, ഭീഷണിമുഴക്കുക, ദുഷ്പ്രചരണങ്ങള്‍ പ്രചരിപ്പിക്കുക, ശാരീരികമായോ വാക്കുകളില്‍ക്കൂടെയോ ആക്രമിക്കുക,
ബുള്ളിയിങ്ങും റാഗിങ്ങും തമ്മില്‍ ചെറിയവ്യത്യാസങ്ങളെയുള്ളൂ. റാഗിങ്ങ് സാധാരണമായി ഒരു കലാലയ അന്തരീക്ഷത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പുതുതായി വരുന്നവരെ കളിയാക്കാന്‍ തുടക്കത്തില്‍ മാത്രം ചെയ്യുന്നതും, എന്നാല്‍ കാലക്രമേണ പുതുമുഖത്തെ അവരുടെ കൂടെക്കൂട്ടുവാന്‍ തയ്യാറാവുന്നതുമായ ഒരു സാഹചര്യമാണെങ്കില്‍ ബുള്ളിയിങ്ങ് ഒരു കലാലയ അന്തരീക്ഷത്തില്‍ മാത്രം നടക്കുന്നതല്ല. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാത്രം ചെയ്യുന്നതല്ല. അതിന്റെ പ്രതികള്‍ അദ്ധ്യാപകരാവാം, സ്വന്തം മാതാപിതാക്കളാവാം., മറ്റ് സഹജീവികളാവാം. റാഗിങ്ങ്‌പോലെ കാലം കഴിയുമ്പോള്‍ അത് ചെയ്യുന്ന ആള്‍ സാധാരണയായി അത് നിര്‍ത്തുന്നില്ല. ശക്തിമാന്‍ ദുര്‍ബ്ബലനെ ഉപദ്രവിക്കാന്‍ എന്നും തന്റെ കായികബലം ഉപയോഗിക്കുന്നു. റാഗിങ്ങില്‍ തമാശ പലപ്പോഴും കാര്യമായി മാറി പരിധികള്‍ ലംഘിക്കാറുണ്ടെങ്കിലും, ബുള്ളിയിങ്ങ് ഉപദ്രവിക്കണം എന്ന പ്രാഥമിക നിലപാടില്‍ത്തന്നെ ചെയ്യുന്ന ഒന്നാകുന്നു. അതില്‍ ശക്തിമാന്റെ മാനസീക വൈകല്യം ഒരു പ്രധാന കാരണമാകുന്നു.

സ്‌കൂളുകള്‍ ഭീഷണിയുടെ കേന്ദ്രം
ഓരോ ഏഴു മിനിറ്റിലും ഒരു കുട്ടിവീതം ബുള്ളി ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. അതുപോലെത്തന്നെ, ഓരോ മൂന്ന് കുട്ടികളിലും ഒരാള്‍ സ്‌കൂള്‍ ബുള്ളിയിങ്ങിന്ന് ഭീഷണിക്കിരയാകുന്നു. പ്രായപൂര്‍ത്തിയാവുന്നതിന്ന് മുന്‍പ് സ്‌കൂളിലേക്കോ അല്ലെങ്കില്‍ കോളേജിലേക്കോ വീട്ടിലേക്കോ പോകുമ്പോള്‍ പല കുട്ടികളും ഏതെങ്കിലും തരത്തിലുള്ള സ്‌കൂള്‍ ഭീഷണി അനുഭവിക്കുന്നു. സ്‌കൂള്‍-ഭീഷണിപ്പെടുത്തല്‍ ഇന്ത്യയില്‍ ഒരു പ്രശ്‌നമായി മാറിയിട്ടുണ്ട്. നിരവധി കേസുകളും തിരിച്ചറിഞ്ഞു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അധികാരത്തിന്റെ അസന്തുലിതാവസ്ഥ ഉള്‍പ്പെടുന്ന മറ്റൊരു വ്യക്തിയോടുള്ള മനപ്പൂര്‍വ്വമായ ആക്രമണാത്മക പെരുമാറ്റമാണ് ബുള്ളിയിങ്ങ് എന്ന ഭീഷണിപ്പെടുത്തല്‍. രണ്ടുകുട്ടികള്‍ തുല്യ അളവില്‍ അധികാരം കൈവശം വെച്ചാല്‍ ഒരാള്‍ക്ക് മറ്റൊരാളെ ഭീഷണിപ്പെടുത്താന്‍ സാധിക്കില്ല. അധികാരത്തിന്റെ ഈ അസന്തുലിതാവസ്ഥ പ്രായം, വലുപ്പം, ശക്തി, സാമൂഹികനില സാമ്പത്തിക നില, എന്നിവ ഉള്‍പ്പെടെ വിവിധ ശ്രോതസ്സുകളിനിന്നുണ്ടാവാം. സമുദായത്തില്‍ ഒരാള്‍ക്കുള്ള സ്ഥാനമാനങ്ങള്‍ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്ന പരോക്ഷമായ ബുള്ളിയിങ്ങിനെ കവര്‍ട്ട് ബുള്ളിയിങ്ങ് (Covert bullying) എന്ന് പറയുന്നു അപരിചിതരല്ലാത്ത കുട്ടികള്‍ തമ്മില്‍ ഒരു ബുള്ളിയിങ്ങ് നടക്കുന്നത് യാദൃശ്ചികവും, മുന്‍കൂട്ടി പദ്ധതിയിടാത്തതുമാണെങ്കില്‍ സ്‌കൂള്‍കുട്ടികള്‍ തമ്മില്‍ ബുള്ളിയിങ്ങ് നടക്കുന്നത് കരുതിക്കൂട്ടിയാകുന്നു. ഇത് ഒരിക്കല്‍ സംഭവിക്കുന്നത് പിന്നീടും ആവര്‍ത്തിക്കപ്പെടുന്നു. തുല്യശക്തികളായ രണ്ട് കുട്ടികള്‍ തമ്മില്‍ ബുള്ളിയിങ്ങ് നടക്കില്ല.
കളിയാക്കല്‍ ഇരട്ടപ്പേരു വിളിക്കല്‍, ശാരീരിക ഭീഷണി, ലൈംഗിക ഭീഷണി, അശ്ലീല അംഗ്യങ്ങള്‍, ക്ഷണിക്കപ്പെടാത്ത സ്പര്‍ശനം, ലൈംഗീക നിര്‍ദ്ദേശങ്ങള്‍, വേദനിപ്പിക്കുന്ന ആംഗ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തല്‍ ഇ മെയില്‍ വഴിയും വാട്‌സാപ്പ്, എസ് എം എസ് വഴിയും സന്ദേശമയക്കുന്ന സൈബര്‍ ഭീഷണി എന്നിവയാകുന്നു സാധാരണ ബുള്ളിയിങ്ങുകള്‍.
ബുള്ളിയിങ്ങ് സംഘങ്ങള്‍
പൊതുസ്വഭാവമുള്ള വിശേഷങ്ങള്‍ പങ്കിടുന്ന കുട്ടികള്‍ ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും എളുപ്പത്തില്‍ വിധേയരാവുന്ന കുട്ടികളെ ലക്ഷ്യമിടുകയും ചെയ്യുന്നു. അങ്ങിനെയുള്ള നിസ്സഹായരായ കുട്ടികള്‍ എത്ര വലിയ ക്ലാസ്സിലെത്തിയാലും ഇരയാവുന്നു.
നിരന്തരമായ ബുള്ളിയിങ്ങ് കാരണം പത്തില്‍ ഒരു വിദ്യാര്‍ത്ഥി വീതം പഠനം നിര്‍ത്തേണ്ടിവരുന്നു എന്നും കണക്കുകള്‍ പറയുന്നു. ഓരോ കൊല്ലവും മുപ്പത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ബുള്ളിയിങ്ങിന്ന് ഇരയാവുന്നു. ഒരുലക്ഷത്തി അറുപതിനായിരം പിഞ്ചുകുഞ്ഞുങ്ങള്‍ ബുള്ളിയിങ്ങ് ഭയന്ന് വീട്ടിലിരിക്കേണ്ടി വരുന്നു. യുവാക്കളുടെ ആത്മഹത്യകളില്‍ ഏതാണ്ട് അന്‍പത് ശതമാത്തോളം ബുള്ളിയിങ്ങ് ഭയന്നിട്ടാണെന്ന് പറയുന്നു. സെക്കണ്ടറി സ്‌കൂളുകളിലെ രണ്ട് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ ബുള്ളിയിങ്ങിന്റെ പേരില്‍ ശാരീരികമായി ദ്രോഹിക്കപ്പെടുന്നു ബുള്ളിയിങ്ങ് ഒരു തമാശയല്ല, ഒരക്രമമാകുന്നു.
ബുള്ളി (Bully) എന്ന വാക്കിന്ന്, അഞ്ഞൂറുകൊല്ലം മുന്‍പ്, ഇന്നത്തെതില്‍നിന്ന് തികച്ചും കടകവിരുദ്ധമായ അര്‍ത്ഥമായിരുന്നു. അന്ന്, കുടുമ്പാംഗം അല്ലെങ്കില്‍ സുഹൃത്ത് എന്നായിരുന്നു ബുള്ളി എന്ന വാക്കിന്റെ അര്‍ത്ഥം. രണ്ടു തരത്തിലുള്ള ബുള്ളിയിങ്ങ് ഉണ്ട്. ഒന്ന് നേരിട്ടും മറ്റൊന്ന് അല്ലാതെയും. തള്ളുക, ഇടിക്കുക, ചവിട്ടുക, തട്ടിപ്പറിച്ച് ഓടുക, എന്നിവ, ശാരീരികമായുള്ള ഡയറക്റ്റ് ബുള്ളിയിങ്ങ് ആണെങ്കില്‍, പരിഹാസ്യമായി ഇരട്ടപ്പേരുണ്ടാക്കി വിളിക്കുക, അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നിവ, വാക്കുകള്‍ വഴിയുള്ള ഡയറക്റ്റ് ബുള്ളിയിങ്ങ് ആകുന്നു. ഇനി ഇന്‍ഡയറക്റ്റ് ബുള്ളിയിങ്ങ് എന്നാല്‍ ഒരാളെപ്പറ്റി കഥകളുണ്ടാക്കി ദുഷ്പ്രചരണം നടത്തുക, അയാളെ ഒരു ഗ്രൂപ്പില്‍നിന്ന് അപമാനിക്കാന്‍വേണ്ടിമാത്രം ഒഴിവാക്കി നിര്‍ത്തുക. ബുള്ളീസ് എന്ന് പറയുന്ന പരിഹസിക്കുന്ന ആള്‍ സൗമ്യനല്ല, സൗഹൃദമുള്ളവരല്ല, സമുദായത്തില്‍ മാന്യതയുള്ളവരല്ല, ജനസമ്മിതിയുള്ളവരല്ല, സ്വാഗതാര്‍ഹമായ പെരുമാറ്റമുള്ളവരല്ല.
ഒരു കുട്ടിയെ സ്‌കൂള്‍ ബുള്ളിയിങ്ങില്‍നിന്ന് രക്ഷിക്കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടൂന്ന കാര്യങ്ങള്‍:

  1. എല്ലാ ദിവസവും സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയ കുട്ടി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക.
  2. സ്‌കൂള്‍ ചിലപ്പോഴൊക്കെ സന്ദര്‍ശിക്കുകയും, ടീച്ചര്‍മാരുമായി സംസാരിക്കുകയും ചെയ്യുക.
  3. ദയ എന്നത് സ്വ്ഭാവത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കുക.
  4. വീട്ടില്‍ വെച്ച് കുട്ടിയെ പരിഹസിക്കാതിരിക്കുക.
  5. ബുള്ളിയിങ്ങ് ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമല്ലെന്ന് കുട്ടിയെ ബോദ്ധ്യപ്പെടുത്തുക.

കുട്ടികളെ ബുള്ളിയിങ്ങ് എങ്ങിനെ മാനസീകമായി ബാധിക്കുന്നു?
2019 ഡിസമ്പര്‍ 10ന്റെ ഡ്രഗ്ഗ്‌സ് .കോം എന്ന വെബ്‌സൈറ്റില്‍ ചെറുപ്പത്തില്‍ കുട്ടികളെ ബുള്ളി ചെയ്യുന്നത് ഭാവിയില്‍ അവരുടെ മാനസീകാരോഗ്യത്തെ ബാധിക്കും എന്ന് താക്കീത് നല്‍കുന്നു. ഇത്തരം വ്യക്തികള്‍ കോളേജിലെത്തിയാല്‍ റാഗിങ്ങ് ക്രൂരമാക്കുന്നു. അതിന്ന് വിധേയമായവര്‍ വീണ്ടും അതുതന്നെ ആവര്‍ത്തിക്കുന്നു അങ്ങിനെ അതൊരു ആവര്‍ത്തനച്ചുവയുള്ള ദൂഷിതവലയമായി മാറുന്നു. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നയാളെ ബുള്ളി എന്ന് പറയുന്നു. അവരുടെ വിവാഹജീവിതവും, സാമൂഹ്യജീവിതവും എല്ലാം അവതാളത്തിലായിരിക്കും. എല്ലാവരും അവരില്‍നിന്ന് അകന്നുനില്‍ക്കുന്നു. അതിലവര്‍ക്ക് യാതൊരു മനോവേദനയുമില്ല. എല്ലാവരും അവരെ പേടിച്ചുജീവിക്കണം എന്ന് ആഗ്രഹം മാത്രമേയുള്ളൂ അവര്‍ക്ക്. ആരേയും ഒരിക്കലും ബുള്ളി ചെയ്യാത്ത കുട്ടികളുമായി മന:ശ്ശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ ബുള്ളി ചെയ്തവര്‍ക്ക് ചെറിയ തോതിലുള്ള മാനസീക വൈകല്യങ്ങളുണ്ടെന്നും കണ്ടുപിടിക്കാന്‍ സാധിച്ചു. മാത്രവുമല്ല, ലഹരിവസ്ഥുക്കളുടെ ഉപയോഗവും അവരില്‍ കാണപ്പെട്ടു എന്ന് പറയുന്നു. ഈ പഠനം കൗമാരപ്രായക്കാരുടെ സ്വഭാവത്തെപ്പറ്റിയുള്ള മാസികയില്‍ (Journal of Adolescent Health)പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ മാനസീകാവസ്ഥ പെട്ടന്നുടയുന്നതാകുന്നു. അവര്‍ അനുഭവിക്കുന്നതും കാണുന്നതും എല്ലാം, പഠന മേപ്പ് (Learning Map) എന്ന മനസ്സിന്റെ ഭാഗത്ത് കുറിച്ചിടുന്നു. അങ്ങിനെ അത് പെരുമാറ്റത്തില്‍ സ്വാധീനിക്കുന്നു. അങ്ങിനെയുള്ളവര്‍ വളര്‍ന്ന് രക്ഷിതാവായി വരുമ്പോഴും അതുതന്നെ സംഭവിക്കുന്നു. ബുള്ളികള്‍ക്ക്, ശിഥിലമായ ബന്ധങ്ങളുണ്ടാവാനാണ് സാദ്ധ്യത. അവരുടെ സംസാരശൈലി ആരെയും സ്വാധീനിക്കുന്നില്ല, അവരുടെ വൈകാരികപ്രകടനങ്ങള്‍ മറ്റുള്ളവര്‍ക്ക് അരോചകമാവുന്നു. ഇത്തരം പ്രത്യേകതകള്‍ കാരണം സ്വന്തം പങ്കാളിയുമായോ, കുട്ടികളുമായോ, നല്ല ബന്ധം ശ്ര്ഷ്ടിക്കുവാന്‍ സാധിക്കുന്നില്ല. അവര്‍ കൂടുതല്‍ ശാരീരികമായും മാനസീകമായും, അനാരോഗ്യരായിരിക്കും. ദുശ്ശീലങ്ങള്‍ക്ക് അടിമകളാവാന്‍ സാദ്ധ്യതയുണ്ട്.
ബുള്ളിയിങ്ങിന്ന് വിധേയരാവുന്നവര്‍
ബുള്ളിയിങ്ങിന്ന് വിധേയമായ ആള്‍ക്ക് എന്നും മനസ്സില്‍ അതിന്റെ വ്രണിതവികാരങ്ങള്‍ ഉണ്ടാവാമെങ്കിലും അതിന്റെ പേരില്‍ ആരും മാനസീകരോഗികളായിട്ടില്ലെന്ന് എന്ന് ഇതിനെപ്പറ്റി പഠനം നടത്തിയ കൊളമ്പിയാ സര്‍വ്വകലാശാലയിലെ ഗവേഷകയായ Marine Azevedo Da Silva പറയുന്നു. അവരുടെ കണക്ക് പ്രകാരം 12ന്നും 17ന്നും ഇടയിലുള്ള കുട്ടികളില്‍ 40 ശതമാനത്തോളം പേര്‍ മറ്റുള്ളവരെ കഴിഞ്ഞകാലങ്ങളില്‍ ബുള്ളി ചെയ്തു എന്ന് സമ്മതിക്കുന്നു. അതുപോലെതന്നെ ബുള്ളി ചെയ്യപ്പെട്ട കുട്ടികള്‍ ഭാവിയില്‍ നിസ്സഹായരായി വളരാന്‍ സാദ്ധ്യതയുണ്ട്. ആകാംക്ഷ, വിഷാദം, ഏകാന്തത എന്നിവയുണ്ടായെന്ന് വരാം എന്ന് ചില ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്. അവര്‍ പല കാര്യങ്ങളിലും ദുര്‍ബ്ബലരായിരിക്കും. ബുള്ളിയിങ്ങ് അനുഭവിച്ച കുട്ടിയുടെ ജീവിതത്തില്‍ മനോരോഗം എന്ന അവസ്ഥ ഉണ്ടായില്ലെങ്കിലും ഉടനീളം മാനസീകമായി ബുള്ളിയിങ്ങ് ചെയ്യപ്പെട്ടതിന്റെ സ്വാധീനം ഉണ്ടാവുന്നു എന്ന് ദില്ലിയിലെ സോഷ്യല്‍ ആക്റ്റിവിസ്റ്റും സൈക്കോളജിസ്റ്റുമായ അനൂജാ കപൂര്‍ (Anuja Trehan Kapur) പറയുന്നു. ഭാവിയില്‍ ഉറക്കം, ജോലി, വ്യായാമം എന്നിവയെ ബാധിക്കുന്നു. രസകരമായ ഹോബികളില്‍ ഏര്‍പ്പെടുന്നത് അവര്‍ക്ക് വിഷമകരമാവുന്നു. സുഹൃത്തുക്കളുമായോ, റൊമാന്റിക്ക് പങ്കാളികളോ ആയുള്ള ബന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നു.
മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ബുള്ളിയിങ്ങ്:
പല മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ ഭീഷണിപ്പെടുത്തുന്നു. ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാത്തതില്‍ ഒരു അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ലജ്ജിപ്പിക്കുകയാണെങ്കില്‍ ആ അദ്ധ്യാപകന്‍ തന്റെ അധികാരം സ്ഥാപിക്കുകയും അധികാരത്തിന്റെ അസന്തുലിതാവസ്ഥ ശ്ര്ഷ്ടിക്കുകയും ചെയ്യുന്നു. ഇത് ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് ആ വിദ്യാര്‍ത്ഥിയെ അപമാനിക്കുവാനുള്ള ലൈസന്‍സ് നല്‍കുന്നത് പോലെയാകുന്നു. മാതാപിതാക്കളും ഭീഷണിപ്പെടുത്തുന്നതും ആക്രോശിക്കുന്നതും ആ കുട്ടിയെസംബന്ധിച്ച തികച്ചും സ്വാഭാവികമാണെന്ന് തോന്നിയാലേ്പാലും അവിടെ ആ രക്ഷിതാവ് ആ സ്ഥാനത്തിന്ന് അര്‍ഹതയില്ലാതെ ശിക്ഷിതാവായി മാത്രം മാറുന്നു. തന്റെ ജോലികഴിഞ്ഞു ക്ഷീണിച്ച് കയറിവരുന്ന രക്ഷിതാവ് ആദ്യംതന്നെ ചിലപ്പോള്‍ കാണുന്നത്, തന്റെ ചെറിയ മകനോ മകളോ ഒരു മൂലയില്‍ ഇരുന്ന് ആരെയും ഉപദ്രവിക്കാതെ കളിച്ചുകൊണ്ടിരിക്കു ന്നതായിരിക്കും എന്നാല്‍ ക്ഷീണിച്ച് ജോലിസ്ഥലത്തെ സമ്മര്‍ദ്ദമേറിയ പല അനുഭവങ്ങളും കഴിഞ്ഞ് വീട്ടില്‍ കയറിവരുന്ന ആ രക്ഷിതാവ് വികാരത്തിന്റെ നിര്‍ഗ്ഗമനമാര്‍ഗ്ഗം നേരെ നിഷ്‌കളങ്കമായി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയോടായിരിക്കും. അച്ഛാ/അമ്മേ എന്ന് സന്തോഷത്തോടെ വിളിച്ചുകൊണ്ടോടിവരുന്ന ആ കുട്ടിയോടുള്ള ആദ്യത്തെ ചോദ്യം ”ഈ സാധനങ്ങളൊക്കെ ഇവിടെ വലിച്ചുവാരിയിട്ട് വൃത്തികേടാക്കി അല്ലേ?, നല്ല അടി കിട്ടാഞ്ഞിട്ടാ” എന്നോ, നീ ഹോം വര്‍ക്ക് ചെയ്‌തോ എന്നോ മറ്റോ ആണെങ്കില്‍ ഔചിത്യബോധമില്ലാത്തതും, വാത്സല്യമില്ലാത്തതുമായ ഒരു രക്ഷിതാവാണയാള്‍.
എന്തുകൊണ്ടാവാം ഒരു കുട്ടിക്ക് മറ്റൊരു കുട്ടിയെ ഉപദ്രവിക്കാന്‍ തോന്നുന്നത്?:
ഇതിന്റെ ഒരു പ്രധാന ഉത്തരം അവര്‍ ചെറുപ്പകാലത്ത് ഉപദ്രവിക്കപ്പെട്ടിട്ടുണ്ടായിരിക്കാം എന്നാകുന്നു. അതുവഴി ഗുരുതരമായ മാനസീകമോ ശാരീരികമായോ പരുക്ക് ഉണ്ടായി എന്നും അനുമാനിക്കാവുന്നതാകുന്നു. വീട്ടില്‍ മാതാപിതാക്കള്‍ പരസ്പരം ഉപദ്രവിക്കുന്നത് നേരിട്ട് കാണാനിടവരുക, ക്രൂരമായ സിനിമ, മറ്റ് വിനോദങ്ങള്‍ എന്നിവ കാണുന്ന ശീലമുണ്ടാവുക, മാനുഷിക മൂല്യങ്ങളുടെ വില അറിയായ്മ, തൊട്ടതിനൊക്കെ രക്ഷിതാക്കള്‍ സ്വര്യംകൊടുക്കാതെ അന്വേഷിച്ചുകൊണ്ടിരിക്കുക, താന്‍ റോള്‍ മോഡലായെടുത്ത ആള്‍ അപകടകാരിയാവുക എന്നിവയും പല കാരണങ്ങളില്‍ ചിലത് മാത്രം

ബുള്ളിയിങ്ങിനോട് സാമ്യമുള്ള റേഡിയോ പരിപാടികള്‍
മലയാളം റേഡിയോ ചാനലുകളില്‍ ചിലതിയല്‍ ബുള്ളിയിങ്ങ് രീതിയിലുള്ള ചില പരിപാടികളുണ്ട്. ഒരാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്ത്‌വഴിയോ മറ്റോ സമ്പാദിച്ച് അപ്രതീക്ഷിതമായി അയാളെ റേഡിയോ ശ്രോതാവ് കേള്‍ക്കുന്ന രീതിയില്‍ വിളിച്ച് അയാളുമായി സംസാരിച്ച്, എന്തെങ്കിലും പ്രതീക്ഷനല്‍കി, അവസാനം ഇത് ഇന്ന ചാനലില്‍ നിന്നാണെന്ന് പറയുകവഴി ആ വ്യക്തിയെ തമാശയെന്ന പേരില്‍ വിഡ്ഡിയാക്കുക.

ബുള്ളിയിങ്ങിന്റെ ചില പൊതുസ്വഭാവങ്ങള്‍
സ്ത്രീപുരുഷ വ്യത്യാസമില്ല. ആരും വിധേയരാവാം. ബുള്ളികള്‍ എന്നും അവശരെ ലക്ഷ്യമാക്കുന്നു. ശാരീരികം, സാമുദായികം, വാക്കുകള്‍ മൂലം എന്നിങ്ങിനെ മൂന്ന് തരം ബുള്ളിയിങ്ങ് ഉണ്ട്.

  1. ശാരീരികം 2. വാക്കുകളാല്‍ 3. സാമുദായികം
    ശാരീരികത്തില്‍ ഇടിക്കുക, ചവിട്ടുക, തള്ളുക, ശ്വാസം മുട്ടിക്കുക, എന്നിവയും, വാക്കുകളില്‍ കൂടി ബുള്ളി ചെയ്യുന്നതില്‍ ഭീഷണിപ്പെടുത്തല്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഭത്സിക്കല്‍, പരിഹാസ്യമായ ഇരട്ടപ്പേരു വിളിക്കല്‍ എന്നിവയും സാമുദായികമായി ബുള്ളി ചെയ്യുന്നതില്‍ ഒരു വ്യക്തിയെ ഒന്നിലും പെടുത്താതെ കരുതിക്കൂട്ടി മാറ്റി നിര്‍ത്തുക, അയാളെപ്പറ്റി കിംവദന്തികള്‍ പ്രചരിപ്പിക്കുക എന്നിവയുമാണ് സാധാരണയായി കാണുന്നത്. സ്‌കൂളില്‍ വെച്ചും, ടീച്ചര്‍ ക്ലാസ്സിലില്ലാത്ത സമയത്തും, ഭക്ഷണം കഴിക്കുന്ന സമയത്തും, കളിസ്ഥലത്തുവെച്ചും അയല്‍ക്കാരില്‍നിന്നും എല്ലാം ബുള്ളിയിങ്ങ് ഉണ്ടാവാം. രക്ഷിതാക്കള്‍ കുട്ടികളെ ബുള്ളി ചെയ്യുന്നത് മിക്കവാറും രക്ഷിതാക്കള്‍ സത്സ്വഭാവികളാണെന്ന് മിഥ്യാ ബോധത്തിലാകുന്നു. ബുള്ളിയിങ്ങ് മിക്കവാറൂം സഭവിക്കുന്നത് മറ്റ് കുട്ടികള്‍ കൂടപ്പിറപ്പുകള്‍ എന്നിവര്‍ നോക്കിനില്‍ക്കുമ്പോഴായിരിക്കും. ബുള്ളി എന്ന ആളുടെ മാനസീക നിലവാരവും മറ്റുള്ളവര്‍ കാണട്ടെ എന്ന രീതിയിലായിരിക്കും. അവര്‍ ഒരു ഹീറോ ആവുന്നു എന്ന് സ്വയം സങ്കല്പിക്കുന്നു.

രക്ഷിതാവിന്റെ ചുമതലകള്‍:
തന്റെ കുട്ടിയോട് ”സ്‌കൂളിലെ കാര്യങ്ങളെങ്ങിനെയുണ്ട്?, മറ്റ് കുട്ടികളൊക്കെ എങ്ങിനെയുണ്ട്? വല്ല കുട്ടികളും ഉപദ്രവിക്കപ്പെടാറുണ്ടോ? എന്നൊക്കെ അന്വേഷിക്കണം. ആരെങ്കിലും ഉപദ്രവിച്ചാല്‍ ഞാന്‍ സഹായിക്കാന്‍ വരും എന്ന് ആത്മധൈര്യം നല്‍കണം. ‘നീ അങ്ങിനെ പെരുമാറുന്നത് എനിക്കിഷ്ടമില്ല, എന്നോടങ്ങിനെ പെരുമാറരുത്, എന്നോടങ്ങിനെ സംസാരിക്കരുത്, നീ എന്തിനാ എന്നോടിങ്ങനെ കളിക്കുന്നത്? എന്നീ സംഗതികള്‍ പറയാനുള്ള കരുത്ത് രക്ഷിതാവ് കുട്ടിക്ക് നല്‍കണം. പല കുട്ടികള്‍ക്കും, സഹജമായി ഇങ്ങിനെ പ്രതികരിക്കാനുള്ള കഴിവുണ്ടായെന്ന് വരില്ല. അതൊരു പുതിയ ഭാഷ പഠിക്കുന്നത് പോലെ വളരെയധികം പ്രാക്റ്റീസ് ചെയ്യേണ്ട ഒന്നാകുന്നു. അങ്ങിനെ പ്രാക്റ്റീസ് ചെയ്താല്‍ ഉപദ്രവം അസഹനീയമായതിന്റെ മൂര്‍ദ്ധന്ന്യത്തിലെങ്കിലും ഒരു കുട്ടി ഇങ്ങിനെയൊക്കെ പ്രതികരിച്ചേക്കാം. ഇതൊന്നുമില്ലെങ്കിലും ബുള്ളിയിങ്ങ് അനുഭവപ്പെട്ടാല്‍ വീട്ടില്‍ പറയാനുള്ള ധൈര്യമെങ്കിലും കുട്ടിക്ക് ഉണ്ടായേക്കാം. ”നീ അങ്ങിനെ നിന്നുകൊടുത്തിട്ടല്ലേ’ എന്നുള്ള ഒരുത്തരം ഒരിക്കളും ഒരു രക്ഷിതാവില്‍നിന്ന് വരാന്‍ പാടില്ല. ഈ ലേകഖന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അറുപത്‌കൊല്ലം മുന്‍പ് ഉണ്ടായ ഒരനുഭവം ഇന്നും ഓര്‍മ്മിക്കുന്നു. ഒരേബെഞ്ചിലിരിന്നിരുന്ന നിരന്തരം ഉപദ്രവിച്ചിരുന്നതും, അസഹനീയമായ ഇരട്ടപ്പേരുകള്‍ മാറിമാറി വിളിച്ചിരുന്നതുമായ ഒരു ബുള്ളി ഒരിക്കല്‍ എന്റെ കടലാസ്സുപെന്‍സില്‍ എന്റെ കയ്യില്‍നിന്ന് തട്ടിപ്പറിച്ചു വാങ്ങി രണ്ടായി ഒടിച്ചു. നിസ്സഹായതയില്‍ വീട്ടില്‍ ചെന്ന് ആവലാതിപറഞ്ഞപ്പോള്‍ ”നീ ഒന്നിനും കൊള്ളാഞ്ഞിട്ടല്ലേ? അവന്ന് പെന്‍സില്‍ ഒടിക്കാന്‍ കൊടുത്തത് എന്ന മറുചോദ്യം ഉണ്ടായത് ഇന്നും ഓര്‍ക്കുന്നു. ആ സംഭവം മനസ്സില്‍ മായാതെ കിടക്കുന്നു. പെന്‍സില്‍ ഒടിച്ചവനെ ഇന്നും എവിടെവെച്ചെങ്കിലും കാണാറുണ്ട്. അപ്പോഴെല്ലാം ഇന്ന് നിസ്സാരമെന്ന് തോന്നുന്ന ആ സംഭവം ഓര്‍മ്മ വരാറുമുണ്ട്.

കാരണം പറയാതെ തന്നെ തൊണ്ടവേദന, ചുമ, മനംപിരട്ടല്‍, ഓക്കാനം, വിശപ്പില്ലായ്മ തലവേദന, വയറുവേദന, ക്ലാസ്സില്‍ ശ്രദ്ധയില്ലായ്മ എന്നിവ പ്രകടിപ്പിക്കുന്നകുട്ടികളോട് രക്ഷിതാക്കള്‍ അനുഭാവപൂര്‍വ്വം പെരുമാറിയാല്‍ മൂലകാരണം ചിലപ്പോള്‍ ബുള്ളിയിങ്ങ് ആവാം.തന്റെ കുട്ടിയെ മറ്റുള്ളവരുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ രക്ഷിതാവ് പ്രേരിപ്പിക്കേണ്ടതാകുന്നു. ക്ലാസ്സിലെ ടീം സ്‌പോര്‍ട്ട്‌സ്, മ്യുസിക്ക് ക്ലബ്ബുകള്‍, മ്യുസിക്ക് ഗ്രൂപ്പുകള്‍, സാമൂഹ്യ സേവന സംഘടനകള്‍, എന്നിവപോലെയുള്ള ഗ്രൂപ്പുകളില്‍ അംഗമാവാതെ ഒറ്റപ്പെട്ട് മാറിനില്‍ക്കരുത് എന്ന് കുട്ടികളെ രക്ഷിതാക്കളും അദ്ധ്യാപകരും ബോധവാന്മാരാക്കേണ്ടതാണ്. അങ്ങിനെയുള്ള കുട്ടികളെ ബുള്ളികള്‍ പിടികൂടുകയില്ല. ബുള്ളിയിങ്ങ് സാധാരണയായി ക്ലാസ്സ്‌റൂമിന്ന് പുറത്ത് വെച്ച് നടക്കുന്ന ഒരു സംഭവമായതിനാല്‍, പ്രിന്‍സിപ്പാളെയും, സ്‌കൂള്‍ കൗണ്‍സലറെയും ക്ലാസ് ടീച്ചരേയും, പ്ലെ മോണിറ്ററെയും (Play monitor)അറിയിക്കേണ്ടതാകുന്നു.ഇനി, തന്റെ കുട്ടി മറ്റുള്ള കുട്ടികളെ ബുള്ളി ചെയ്യുന്നുണ്ടെന്ന് ഒരു രക്ഷിതാവ് മനസ്സിലാക്കിയാല്‍ അത് ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാകുന്നു. ശാരീരികമായി വേദനിപ്പിക്കാതെ, അവന്ന് അതുവരെ നല്‍കിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും വെട്ടിച്ചുരുക്കലാണതിന്റെ ശിക്ഷ. ബുള്ളിയിങ്ങ് എന്ന ദുസ്സ്വഭാവം തുടര്‍ന്നുകൊണ്ടിരുന്നാല്‍ തന്റെ കുട്ടിയുടെ ഭാവിതന്നെയാണ് തകരാറാവുന്നതെന്ന് ഓരോ രക്ഷിതാക്കാളും മനസ്സിലാക്കേണ്ടതുണ്ട്. വൈവാഹികം ജീവിതം, ഔദ്യോഗിക ജീവിതം, സാമൂഹ്യ ജീവിതം എന്നിവയെ എല്ലാം ഇത് ബാധിക്കുന്നു.

കെ എന്‍ ധര്‍മ്മപാലന്‍.

Categories: Mental Health