നിരാശയും മോഹംഭംഗവും (Published in Pradeepam of Jan 2020)
കെ എന്‍ ധര്‍മ്മപാലന്‍
നിരാശാ കാമുകന്‍ അല്ലെങ്കില്‍ നിരാശാ കാമുകി എന്നത് എല്ലാവര്‍ക്കും കേട്ടുപരിചയമുള്ള വാക്കാകുന്നു. ചരിത്രത്തിലും സാഹിത്യത്തിലും ജീവിതത്തിലും, ഭരണത്തിലും എന്നുവേണ്ട, എല്ലാ ഘട്ടങ്ങളിലും ഇത് അനുഭവിക്കാത്തവര്‍ ആരുമില്ല. മനോവ്യഥകളില്‍ ഇതിന്ന് ഒരു പ്രധാന സ്ഥാനമുണ്ട്. ഇത് വരുത്തിത്തീര്‍ക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്ന്തന്നെ പറയാം. ആക്രമണസ്വഭാവത്തിന്റെ മൂലകാരണങ്ങളില്‍ നിരാശ അല്ലെങ്കില്‍ മോഹഭംഗം പ്രധാനപ്പെട്ടതാകുന്നു. കള്ളനും കൊള്ളക്കാരനും കവര്‍ച്ചക്കാര്‍ക്കും ഉദ്യമം ഫലിക്കാതിരുന്നാല്‍ നിരാശവരുന്നു. കാമുകീകാമുകന്മാര്‍ ജീവിതം അവസാനിപ്പിക്കുന്നത് ഇതുകൊണ്ടാവാം, വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ സാഹസങ്ങള്‍ക്ക് മുതിരുന്നത് പലപ്പോഴും പരിക്ഷകളിലോ മത്സരങ്ങളിലോ നിരാശവരുന്നത്‌കൊണ്ടാവാം. ഗ്രെയിഡുകള്‍, സമയപരിധി, സാമുദായിക സമ്മര്‍ദ്ദം, സമപ്രായക്കാരുടെ സമ്മര്‍ദ്ദം, പരീക്ഷകള്‍ എന്നിവ ഇച്ഛാഭംഗത്തിന്റെ കാരണങ്ങളാകുന്നു. കോപം, ആക്രമണം, നിരാശ, വിഷാദം എന്നിവയെല്ലാം ഫ്രസ്റ്റ്രേഷന്റെ ബന്ധുക്കളാകുന്നു.
മോഹഭംഗത്തിന്റെയും ആക്രമണത്തിന്റെയും സാങ്കല്പിക സിദ്ധാന്തം
(Frustration Aggression Hypothesis):
മന:ശാസ്ത്രത്തില്‍ ഫ്രസ്റ്റ്രേഷന്‍, അഗ്രഷന്‍ ഹൈപോതിസിസ് അഥവാ ഫ്രസ്റ്റ്രേഷന്‍ അഗ്രസ്സീവ് ഡിസ്‌പ്ലെയ്‌സ്മന്റ് സിദ്ധാന്തം എന്ന ഒന്നുണ്ട്. ജോണ്‍ ഡോളാഡ്, നീല്‍ മില്ലര്‍, ലിയൊണാഡ് ഡൂബ്, ഓര്‍വെല്‍ മോര്‍വര്‍, റോബര്‍ട്ട് സിയേര്‍സ് എന്നീവരില്‍നിന്ന് 1939ല്‍ ഉടലെടുത്ത ഒരു സിദ്ധാന്തമാണിത്. ഈ സിദ്ധാന്തം പറയുന്നത്, ഒരാള്‍ ആക്രമണകാരിയാവുന്നത് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കാത്തപ്പോഴാകുന്നു എന്നാണ്. ശ്രീബുദ്ധന്‍ പറഞ്ഞതുപോലെ ദു:ഖത്തിന്റെ കാരണം ആഗ്രഹമാകുന്നു എന്നത് മറ്റൊരു വിധത്തില്‍ പറയുന്നത്‌പോലെയാകുന്നു ഇത്. ഇവിടെ ദു:ഖത്തിന്റെത് മാത്രമല്ല, ദേഷ്യത്തിന്റെ കാരണവും ആഗ്രഹം ലക്ഷ്യസ്ഥാനത്തെത്താതാകുന്നു. ആക്രമണത്തിന്റെ പിന്നില്‍ നിരാശ ഒരു പ്രധാന കാരണമായി മനുഷ്യാരംഭം മുതല്‍ നിലനില്‍ക്കുന്നു.
നിരാശാ ആക്രമണ സിദ്ധാന്തത്തിന്റെ തുടക്കം.
യെയില്‍ സര്‍വ്വകലാശാലയില്‍നിന്നായിരുന്നു (Yale University USA) ഇതിന്റെ തുടക്കം. നരവംശശാസ്ത്രം, മന:ശാസ്ത്രം, സാമൂഹ്യശാസ്ത്രം, മാര്‍ക്‌സിസം, മനോവിശ്ലേഷണം, പെരുമാറ്റശാസ്ത്രം എന്നീ ശാസ്ത്രശാഖകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു ഈ ഈ ഗവേഷണം. ഏതൊരു സിദ്ധാന്തത്തെയും പോലെ ഇതിനെതിരായും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശനം എപ്പോഴും നല്ലതിനാണെന്ന് പറയുമ്പോലെ ഈ സിദ്ധാന്തത്തിലും ഇതിന്റെ ഉപജ്ഞാതാക്കള്‍ മാറ്റം വരുത്തുകയുണ്ടായി. അവനവന്റെ നിലനില്‍പ്പിന്ന് ഭംഗമായി വരുന്ന നിരാശയാണ് ആക്രമണത്തിന്ന് കൂടുതല്‍ കാരണമാവുന്നത് എന്നരീതിയിലായി, പിന്നീട്. സാധാരണക്കാരന്ന് ഈ സിദ്ധാന്തങ്ങളിലോ അതിലെ അഭിപ്രായ വൈരുദ്ധ്യങ്ങളിലേക്കോ സഞ്ചരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ജീവിതത്തിന്റെ താളംതെറ്റിക്കുന്നതും, ജീവിതനിലവാരത്തെ അധ:പതിപ്പിക്കുന്നതുമായ നിരാശയെ എങ്ങിനെ അകറ്റാം എന്നാണ് നോക്കേണ്ടത്.
പ്രതീക്ഷകള്‍
പ്രതീക്ഷകള്‍ക്ക് പാളിച്ചകള്‍ സംഭവിക്കുമ്പോള്‍ നിരാശ വരുന്നു. എന്നാല്‍ നമ്മുടെ പ്രതീക്ഷകള്‍ നമ്മളുടെ കഴിവില്‍ ഒതുങ്ങുന്നതാണോ എന്ന് സ്വയം ചിന്തിക്കേണ്ടതാകുന്നു. ഓരോരുത്തര്‍ക്കും ശാരീരികമായും മാനസീകമായും കഴിവുകളും അതിന്ന് പരിമിതികളും ഉണ്ട്. എന്നാല്‍ പ്രതീക്ഷകള്‍ പരിമിതികളെ കവച്ചുവെക്കുമ്പോള്‍ നിരാശവരുന്നു. ആകാശമാണ് നമ്മുടെ ആഗ്രഹത്തിന്റെ അതിര്‍ത്തി (Sky Is The Limit) എന്ന് പറയുമെങ്കിലും സത്യത്തില്‍ അങ്ങിനെയാണോ? പരിമിതികള്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആ പരിമിതികളില്‍ അധ്വാനിച്ച് ജീവിക്കാതെ കുറുക്കുവഴി തേടുന്നവര്‍ ആനാശാസ്യ വഴികളിലേക്ക് തിരിയുന്നു. അധ്വാനിച്ച് ജീവിക്കാന്‍ ആരോഗ്യമുള്ള ഒരാള്‍ കവര്‍ച്ചക്കും കളവിന്നും, കുറുക്കുവഴികള്‍ക്കും സ്ഥാനം നല്‍കുമ്പോള്‍ അത് നേടാതെ വരുമ്പോള്‍ നിരാശയും ഇച്ഛാഭംഗവും വരുന്നു.
മോഹഭംഗം (Frustration) പലതരത്തില്‍
മന:ശാസ്ത്രത്തില്‍ ഫ്രസ്റ്റ്രേഷന്‍ (Frustration) എന്നത് ഒരു അസാധാരണ വൈകാരിക പ്രതികരണമല്ല. അത് ബാഹ്യമായും ആന്തരീകമായും ഉണ്ട്. ബാഹ്യമായത് ആ വ്യക്തിയുടെ കഴിവിന്നുള്ളില്‍ പെടാത്തതാകുന്നു. ശ്രമിച്ചിട്ടും കാര്യമില്ല എന്ന രീതിയിലുള്ളത്. ശ്രമിച്ചാല്‍ എനിക്ക് നേടാമായിരുന്നു എന്നതാകുന്നു ആന്തരീകം.
Environmental Frustration
തന്റെ ചുറ്റുപാടുമുള്ള പരിതസ്ഥിതികളില്‍നിന്നാണിതുണ്ടാവുന്നത്. ഉദാഹരണമായി, ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍, കുടുമ്പ സാഹചര്യങ്ങള്‍ എന്നിവ. അവ അത്യാഹിതരൂപത്തിലും, പ്രക്രിതിയുടെ വിക്രിതി രൂപത്തിലും പ്രത്യക്ഷപ്പെടാം. ഉദാഹരണമായി, ക്ഷാമം, അസമയത്തുള്ള മഴ, വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവ. വാഹനമോടിക്കുമ്പോള്‍ റോഡ് ബ്ലോക്കാവുമ്പോഴുള്ള വികാരം ഇതിന്ന് മറ്റൊരു ഉദാഹരണമാകുന്നു. ഇതില്‍ സമയം വെറുതെ നഷ്ടപ്പെടുന്നു എന്നുള്ള ഒരു അസ്വസ്ഥത മനസ്സിനെ ശല്യപ്പെടുത്തുന്നു. ഉദ്ദ്യേശിച്ച സ്ഥലത്ത് എത്തേണ്ട വലിയ കാര്യമില്ലെങ്കിലും ഈ അസ്വസ്ഥതയുണ്ടാവുന്നു. ഇങ്ങിനെവരുന്ന ഫ്രസ്റ്റ്രേഷന്‍ അനിശ്ചിതാവസ്ഥയില്‍നിന്ന് ഉടലെടുക്കുന്നതാകുന്നു. ഇതൊരു താല്‍ക്കാലിക ഫ്രസ്റ്റ്രേഷന്‍ മാത്രമാകുന്നു. ശ്രദ്ധിച്ചൊരു കാര്യം ചെയ്യുമ്പോഴുണ്ടാവുന്ന ശബ്ദകോലാഹലങ്ങള്‍ പോലെയുള്ള അലോസരവും ഒരു താല്‍ക്കാലിക ഫ്രസ്റ്റ്രേഷനില്‍ പെടുന്നു. നിര്‍ബ്ബന്ധമയി അടിച്ചേല്പിക്കുന്ന നിയമങ്ങള്‍, തടസ്സങ്ങള്‍ എന്നിവ ഫ്രസ്റ്റ്രേഷന്‍ ഉണ്ടാക്കുന്നു. ഒരു വ്യക്തിയുടെ പരിമിതമായ സാഹചര്യങ്ങള്‍, ശാരീരിക വയ്കല്യങ്ങള്‍ എന്നിവ ഫ്രസ്റ്റ്രേഷന്‍ ഉണ്ടാക്കുന്നു. സംഘര്‍ഷങ്ങള്‍ ഫ്രസ്റ്റ്രേഷനുകള്‍ ഉണ്ടാക്കുന്നു. ഫ്രസ്റ്റ്രേഷനില്‍ ഒരു ഏറ്റുമുട്ടല്‍ അഥവാ Conflict എന്ന ഘടകമുണ്ട്. ഉദാഹരണമായി ഒരു പുരുഷന്‍ ഇഷ്ടപ്പെടുന്ന സ്ത്രീയോട് പ്രേമാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ടാല്‍ ഒന്നുകൂടി കാത്തുനിന്ന് ചോദിച്ചു നോക്കണമോ എന്നൊരു ചിന്ത വരുന്നത്. ഇവിടെ വേണമോ വേണ്ടയോ എന്ന സംഘര്‍ഷമാകുന്നു.
മനുഷ്യന്ന് ശൈശവഘട്ടം മുതല്‍ മത്സരബുദ്ധി തുടങ്ങുന്നു. അത് കൂടെപ്പിറപ്പുകളില്‍ തുടങ്ങി, ചങ്ങാതിമാരില്‍ക്കൂടെയും, സഹപാഠികളുടെയും കൂടെ തുടര്‍ന്നു, ബിസിനസ്സുകളില്‍കൂടെയും, രാഷ്ട്രീയത്തില്‍ കൂടെയും മതത്തില്‍ക്കൂടെയും, ജോലിസംബന്ധമായും, പ്രൊഫഷനല്‍ റൈവലറി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ആ സ്ഥിതി കഴിഞ്ഞ് ഈ ലോകം വിടുന്നതുവരെ മിക്കവരും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതില്‍നിന്നൊക്കെ വിട്ടു ജീവിക്കുന്നവര്‍ സന്യാസി ജീവിതത്തിലേക്കോ, മതര്‍ തെരെസയെപ്പോലെയോ, മഹാത്മാ ഗാന്ധിയെപ്പോലെയോ ആയിത്തീരുന്നു. മനുഷ്യര്‍ സന്ദര്‍ഭം ലഭിച്ചാല്‍ മനസ്സ് മാറുന്ന അവസര സേവകനും (Opportunist) ഒരു സന്ദര്‍ഭ്ഭവും ലഭിച്ചില്ലെങ്കില്‍ മറ്റുള്ളവരുടെ കൂടെ സഞ്ചരിച്ചാല്‍ മതി എന്ന് വിചാരിക്കുന്ന യാത്രക്കാരന്‍ (Passserngers) വിഭാഗത്തിലും
പെടുന്നവരും, മൂന്നാമതായി മദര്‍ തെരേസയേപ്പോലെയോ ഗാന്ധിജിയെപ്പോലെയോ ഉള്ള ജനസേവകരും നിസ്വാര്‍ത്ഥരുമായ ധര്‍മ്മദൂതന്‍ (Missionary) വിഭാഗത്തില്‍ പെടുന്നവരുമാകുന്നു. ഇതില്‍ ആദ്യം പറഞ്ഞ അവസര സേവകന്ന് (Opportunist) ഫ്രസ്റ്റ്രേഷന്‍ എന്ന അനുഭവം കൂടും.
Personal Frustration
ഫ്രാന്‍സിസ് എന്റ് ദ സെയിന്റ് എന്ന സിനിമയില്‍ പത്മശ്രീ അവാഡിന്ന് ശ്രമിക്കുന്ന പ്രാഞ്ചിയെപ്പോലെയുള്ളവര്‍ക്കാണിതുണ്ടാവുക. ഒരു വ്യക്തി എത്താന്‍ പറ്റാത്ത ഉയരങ്ങളിലേക്ക് എത്താന്‍ കഴിയാതെവരുമ്പോള്‍ വരുന്ന നിരാശയോ, മോഹഭംഗമോ ആണിത്. ശരാശരി ബുദ്ധിശക്തിയോ, കഴിവോ മാത്രമുള്ള ഒരു വിദ്യാര്‍ത്ഥി ക്ലാസ്സിലെ ഒന്നാം റാങ്കുകാരനാകണം എന്ന് ആഗ്രഹിച്ച് അത് ലഭിക്കാതാവുമ്പോള്‍ ഇത്തരം ഒരു അവസ്ഥയുണ്ടാവുന്നു. ശരീരത്തിനോ, അവയവങ്ങള്‍ക്കോ ബലഹീനതയുള്ള ഒരാള്‍ ഓട്ടമത്സരം പോലെയുള്ള ഒരു കാര്യത്തില്‍ വിജയത്തില്‍ എത്തണമെന്നാഗ്രഹിക്കുമ്പോഴും ഇതു തന്നെ സംഭവിക്കുന്നു.
Conflict-Produced Frustration
നിത്യേനയെന്നോണം ഇടപെടേണ്ടിവരുന്ന ഒരു വ്യക്തിയുമായി മാനസീകപ്പൊരുത്തം ഇല്ലാതാവുമ്പോള്‍ ഇങ്ങിനെയൊരവസ്ഥയുണ്ടാവുന്നു. ഇത് മിക്കവാറും ഒരു മേലുദ്യോഗസ്ഥനുമായോ, സഹപ്രവര്‍ത്തകരുമായോ, ചിലപ്പോള്‍ ദമ്പതികളുമായോ ഉണ്ടാകാവുന്നതാകുന്നു. എന്റെ പരിചയത്തില്‍പെട്ട, അമേരിക്കയില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഇയ്യിടെ ഉണ്ടായ ഒരനുഭവം ഇവിടെ ഓര്‍മ്മിക്കുന്നു. ഭാര്യാഭര്‍തൃബന്ധം അനാരോഗ്യകരമായതോടെ, തമ്മില്‍ പിരിയാനാഗ്രഹിച്ച ആ ചെറുപ്പക്കാരായ ദമ്പതികള്‍ വിവാഹമോചനം വരെ അമേരിക്കയില്‍ ഒരുമിച്ച് താമസിക്കുകയും, ഭാര്യ ഭര്‍ത്താവിന്ന് ഭക്ഷണം പാകം ചെയ്ത് കൊടുക്കുകയും, ഭര്‍ത്താവ് കാറോടിച്ച്, നിയമജ്ഞന്മാരുടെ അടുത്ത് കൊണ്ടൂ പോവുകയും, അങ്ങിനെത്തന്നെ കോടതിയിലേക്ക് പോവുകയും അങ്ങിനെ അവസാനം വേര്‍പിരിയുകയും ചെയ്ത ഒരു നിര്‍ഭ്ഭാഗ്യ സംഭവം.
മോട്ടിവേഷനല്‍ ഫ്രസ്റ്റ്രേഷന്‍ Motivational Frustration)
മോട്ടിവേഷനല്‍ ഫ്രസ്റ്റ്രേഷന്‍ എന്ന ഒന്നുണ്ട്. ഒരു വ്യക്തിക്ക് സ്വതന്ത്രമായി ജീവിക്കണം. എന്നാല്‍ അയാള്‍ക്ക് എല്ലാവരുമായും വളരെ സുദൃഢമായ ബന്ധവും വേണം. ഇതല്പം പരസ്പരവിരുദ്ധമായ ആശയങ്ങളാകുന്നു. ഇവിടെ ബന്ധങ്ങള്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഒരൊഴിവുദിവസം അല്ലലും അലട്ടുമില്ലാതെ വീട്ടിലിരിക്കണമെന്ന് വിചാരിക്കുന്ന അങ്ങിനെയുള്ള ഒരാള്‍ക്ക് അടുത്ത ഒരു സ്‌നേഹിതന്റെയോ, ബന്ധുവിന്റെയോ ഒരു ചടങ്ങില്‍ പങ്കെടുക്കണമെന്ന് മറുഭാഗത്തുനിന്ന് നിര്‍ബ്ബന്ധം വരുമ്പോള്‍ ഇവിടെ മോട്ടിവേഷനല്‍ ഫ്രസ്റ്റ്രേഷന്‍ വരുന്നു. നാട്ടില്‍ അല്ലലും അലട്ടുമില്ലാതെ അടങ്ങിയൊതുങ്ങിയിരിക്കുന്ന ഒരാള്‍ക്ക് മക്കളുടെ നിര്‍ബ്ബന്ധത്തിന്ന് വഴങ്ങി അവരുടെ സ്ഥലത്തേക്ക് മാറിത്താമസിക്കേണ്ടി വരുമ്പോഴും ഇതേ അവസ്ഥയാണ് വരുന്നത്.
മോഹഭംഗത്തിന്റെ ലക്ഷണങ്ങള്‍:
ഉല്‍ക്കണ്ഠയുമായി (Anxiety )താരതമ്യപ്പെടുത്തുമ്പോള്‍ മോഹഭംഗത്തിന്റെ ലക്ഷണങ്ങള്‍ ചെറുതാകുന്നു. ഉല്‍കണ്ഠ ഒരു മനോരോഗലക്ഷണമാവാം. എന്നാല്‍ മോഹഭംഗം മാനസീകാരോഗ്യമുള്ള ഏതൊരാള്‍ക്കും ഉണ്ടാവാം. കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കല്‍, ആക്രമിക്കല്‍, ആക്രമിക്കാതിരിക്കല്‍, കൈ അന്തരീക്ഷത്തിലെക്ക് കുടഞ്ഞുകളിക്കല്‍, പരുക്കന്‍ പെരുമാറ്റം, കൈവിരലുകള്‍ ഇരിപ്പിടങ്ങളിലോ, മേശപ്പുറത്തോ അടിച്ചുകൊണ്ടിരിക്കല്‍ അങ്ങിനെ പല രൂപത്തിലും പല വ്യക്തികളിലും ഈ വികാരപ്രകടനം ഉണ്ടാവാം. മുഖത്തെ അതൃപ്തിപ്രകടനം ഭൂരിഭാഗം വ്യക്തികളിലും ഉണ്ടാവാം. മോഹഭംഗത്തിന്റെ തീക്ഷ്ണതയനുസരിച്ച്, പ്രകടനങ്ങളുടെ എണ്ണവും വ്യാപ്തിയും വര്‍ദ്ധിക്കുന്നു. മോഹഭംഗം സംഭവിക്കുമ്പോള്‍ വെറുതെ ചിരിക്കുന്നവര്‍പോലും ഉണ്ട്.
പരിഹാരമാര്‍ഗ്ഗങ്ങളും കൈകാര്യം ചെയ്യേണ്ടുന്ന രീതികളും:
ഇന്ന് നമുക്ക് വളരെ പരിചയമുള്ള ഒരു വാക്കാണ് പോസിറ്റീവ് തിങ്കിങ്ങ് എന്നത്. കുട്ടികളെസംബന്ധിച്ചെടത്തോളം ഇത് ടീച്ചര്‍-വിദ്യാര്‍ത്ഥി ബന്ധത്തില്‍ വളരെ ആവശ്യമുള്ള ഒരു ഘടകമാകുന്നു. അതായത്, പോസിറ്റീവ് തിങ്കിങ്ങ് കുട്ടികളില്‍ വളര്‍ത്തേണ്ടത് ടീച്ചറാകുന്നു. പഠിക്കാനാവശ്യമുള്ള സഹായം, ഉപകരണങ്ങള്‍ എന്നിവ ഒരു ടീച്ചര്‍ കുട്ടിക്ക് നല്‍കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കുട്ടിയുടെ നിസ്സഹായത മനസ്സിലാക്കുക, അവരോട് അട്ടഹസിക്കാതിരിക്കുക, അവര്‍ക്ക് ക്ലാസ്സില്‍ വല്ല അപകടവും പറ്റിയാല്‍ അവരോടൊപ്പം നില്‍ക്കുക, ആസ്പത്രിയിലോ മറ്റോ കൊണ്ടുപോകണമെങ്കില്‍ അതിന്ന് കൂടെത്തന്നെ പോകുക എന്നിവ വളരെ ആവശ്യമുള്ള പരിചരണ ഭാഗങ്ങളാകുന്നു.
തുടര്‍ച്ചയായി ലക്ഷ്യസ്ഥാനത്തെത്താന്‍ പറ്റാത്ത വിദ്യാര്‍ത്ഥി ചിലപ്പോള്‍ സ്വയം പിന്തിരിയുന്നു. എന്നാല്‍ വീണ്ടൂം ഉത്സാഹിക്കണമെങ്കില്‍ അവന്നോ അവള്‍ക്കോ വേണ്ടുന്ന മനോധൈര്യവും ആത്മവിശ്വാസവും നല്‍കേണ്ട പ്രഥമ വ്യക്തി ടീച്ചറു,ം, പിന്നീട് രക്ഷിതാക്കളുമാകുന്നു. എന്നാല്‍ അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പരിമിതിയുണ്ടെങ്കില്‍, അവരെ വിഷാദത്തിലേക്കെത്തിക്കാതെ നോക്കേണ്ട ചുമതലയും, മാതാപിതാക്കള്‍ക്കും ടീച്ചര്‍ക്കുമുണ്ട്.
മുതിര്‍ന്നവര്‍ക്ക് മോഹഭംഗമുണ്ടായാല്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. അവ ഇങ്ങിനെയൊക്കെ ആവാം ” ഈ പ്രത്യേക സാഹചര്യത്തില്‍ എന്താണ് പ്രായോഗികം?”, ഏതോക്കെ മാര്‍ഗ്ഗങ്ങളാണ് ഞാന്‍ അവലംബിക്കേണ്ടത്?, ഉദ്ധിഷ്ട സ്ഥാനത്തെത്തുവാന്‍ ഇതുതന്നെയാണോ മാര്‍ഗ്ഗം?, ഒന്നിലധികം പരിഹാരമാര്‍ഗ്ഗങ്ങളുണ്ടോ?, അതിന്ന് എന്ത് മാര്‍ഗ്ഗം സ്വീകരിക്കണം? അതിന്റെ ശേഷം പോസിറ്റീവ് ഫലങ്ങള്‍ മാത്രം മനസ്സില്‍ കാണുക.
ഒരു ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക്, ആ കുട്ടിയുടെ ഫ്രസ്റ്റ്രേഷന്റെ കാരണം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം, അത് നല്‍കി പ്രകടിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ, ”ഓ ഇതിനാ?, അല്ലെങ്കില്‍ ഇത്രയേ ഉള്ളൂ എന്നൊരു പ്രതികരണം പാടില്ല. അവന്റെ കൂടെത്തന്നെ സഞ്ചരിക്കുക. പ്രശ്‌നം വലുതാണോ ചെറുതാണോ, പരിഹരിക്കപ്പേടേണ്ടതാണോ എന്നുള്ള കാര്യം നല്ലരീതിയില്‍ അവനെ/അവളെ ബോദ്ധ്യപ്പെടുത്തുക. കുട്ടികള്‍ക്ക് നേടാന്‍ പറ്റുന്ന ലക്ഷ്യം മാത്രം നല്‍കുക.