Published in Pradeepam Magazine of November issue.
അസാധാരണ ഗോഷ്ടികള്‍ അഥവാ ടിക്ക്
ടിക്ക് എന്നാല്‍ എന്ത്?
ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് വന്ന മിമിക്‌സ് പെരേഡ് എന്ന സിനിമയില്‍ പള്ളീലച്ചനായി അഭിനയിച്ച ഇന്നസന്റ് എന്ന നടന്‍ പ്രേക്ഷകരുടെ ചിരി വാങ്ങിയ ഒരു രംഗം, അദ്ദേഹം സംസാരിക്കുന്നതിന്നിടയില്‍ അനിയന്തിതമായി മുഖത്ത് ഇടക്കിടെ മിന്നല്‍പോലെ വന്ന ഒരു ഗോഷ്ടിക്കളിയായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അനിയന്ത്രിതമായി മിന്നിമറഞ്ഞ കണ്ണിറുക്കുന്നത്‌പോലെയുള്ള ഈ ചേഷ്ട സിനിമയില്‍ പല സ്ത്രീകളെയും ചൊടിപ്പിക്കുകയും ചെയ്തു. അവര്‍ അതിനെ അച്ചന്റെ സ്വഭാവദൂഷ്യമായിട്ടായിരുന്നു കണ്ടത്. ഇത്തരം ചേഷ്ടകളെ ടിക്കിന്റെ പ്രകടമായ പ്രാഥമീക സ്വഭാവമായിക്കാണാം. ത്വരിതമായി, പെട്ടന്നും, ഇടക്കിടെയും താളാത്മകമല്ലാത്തതും, അനിയന്ത്രിതമായി വരുന്നതുമായ ഞരമ്പുവലിപോലെയുള്ള ഈ ചേഷ്ടയെ ടിക്ക് എന്ന് പറയുന്നു. സാധാരണയില്‍ക്കവിഞ്ഞുള്ള, ഇടക്കിടെയുള്ള കണ്ണുചിമ്മിത്തുറക്കലില്‍ തുടങ്ങി വളരെ സങ്കീര്‍ണ്ണമായ പെരുമാറ്റ രീതികളില്‍ വരെ എത്തുന്നു ഈ ഞരമ്പുവലി. ടിക്കുകള്‍ പലതരമുണ്ട്. അവയെ ലഘുവായ മോട്ടോര്‍ ടിക്കുകള്‍, സങ്കീണ്ണമായ മോട്ടോര്‍ ടിക്കുകള്‍, ശബ്ദപരമായ ടിക്കുകള്‍ ടൗററ്റ്‌സ് രോഗം (Tourette syndrome) എന്നിങ്ങിനെ തരംതിരിച്ചിരിക്കുന്നു. മസ്തിഷ്‌കത്തില്‍നിന്നുവരുന്ന മോട്ടോര്‍ പ്രവര്‍ത്തനം എന്ന രീതിയിലാകുന്നു, മോട്ടോര്‍ ടിക്‌സ് എന്ന് പറയുന്നത്. വളരെ ലളിതമായതോ, അസങ്കീര്‍ണ്ണമായതോ ആയ രീതിയിലുള്ളതാകുന്നു, സിനിമയിലെ രംഗമായി ആദ്യം പറഞ്ഞത്.
ലഘുവായ മോട്ടോര്‍ ടിക്കുകള്‍, (Motor tics which are simple.)
കണ്ണ് ഇടക്കിടെ ചിമ്മുകയും, തുറക്കുകയും ചെയ്യുക (Eye Blinking), മൂക്ക് ചുളിക്കുക (Nose wrinkling) കഴുത്തിളക്കിക്കൊണ്ട് ഒരുതരം മസിലുപിടുത്തം പ്രകടിപ്പിക്കുക (Neck jerking) , ചുമലുകള്‍ രണ്ടുഭാഗത്തും മേലോട്ടേക്ക് പിടിച്ചുകൊണ്ട് ഇളക്കിക്കളിക്കുക (Shoulder shrugging), ഒരു വേദനയോ, അല്ലെങ്കില്‍ എനിക്കത് സ്വീകാര്യമല്ലെന്ന് കാണിക്കുകയോ ചെയ്യുന്ന രീതിയിലുള്ള മുഖപ്രകടനം (Facial grimacing), ഉദരം എക്കിപ്പിടിക്കുക (Abdominal tensing). ലഘുവായ മോട്ടോര്‍ ടിക്കില്‍ പെടുന്ന വോക്കല്‍ ടീക്കാകുന്നു. തൊണ്ട ശുദ്ധിയാക്കുന്ന രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കല്‍ നമ്മള്‍ സാധാരണ കാണുന്ന ഒരു ടിക്ക് ആകുന്നു. ചില പ്രാസംഗികന്മാരിലും പാട്ടുകാരിലും ഇത് കാണാം.അമറുന്ന രീതിയില്‍ ശബ്ദമുണ്ടാക്കുക (Grunting) വോക്കല്‍ ടിക്കിന്റെ മറ്റൊരു ചേഷ്ടയാകുന്നു. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന രീതിയില്‍ മൂക്കുകൊണ്ട് ശബ്ദമുണ്ടാക്കുക (Sniffing ) മൂക്കില്‍കൂടെ ശക്തിയായി ശ്വാസം വിടുക (Snorting), കിളികളെപ്പോലെ ചെറിയ ശബ്ദമുണ്ടാക്കുക (Chirping).
ഇതിന്നിടയില്‍ എന്റെയൊരു വ്യക്തിപരമായ കാഴ്ച്ചപ്പാട്കൂടെ ഇതില്‍ പ്രകടിപ്പിക്കുകയാണ്: പരിഷ്‌കാരത്തിന്റെയോ സൗന്ദര്യത്തിന്റെയോ ലക്ഷണമായി പലരും മേലേ എഴുതിയ ചേഷ്ടകള്‍ ഒന്നോ അതിലധികമോ പ്രകടിപ്പിക്കാറുണ്ട്. ‘എനിക്കറിയില്ല’ എന്നൊരു വാക്ക് പറയാതെ ചുമലിന്റെ രണ്ടറ്റവും മേലോട്ട് പൊക്കിക്കാണിക്കുന്നത് ഒരു വിദേശി സ്റ്റൈലാകുന്നു. പരിഷ്‌കാരത്തിന്റെ ലക്ഷണമായോ എന്തോ, അവര്‍ പ്രകടിപ്പിക്കുന്ന ഈ രീതി വിദേശഭ്രമമുള്ള നമ്മുടെ നാട്ടിലെ കറുത്ത സായ്‌വുമാര്‍ അപ്പടി സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നു. ഉദാഹരണമായി ‘ഹലോ’ എന്ന അഭിവാദ്യത്തിന്റെ് നല്ല ഇംഗ്ലീഷ്പദം നമ്മള്‍ ഉപേക്ഷിച്ചുകഴിഞ്ഞു, അമേരിക്കക്കാരന്റെ ഹായ് അതിന്ന് വഴിമാറിക്കൊടുത്തു. എന്റെ ചെറുപ്പകാലത്തൊക്കെ കാള വണ്ടിക്കാര്‍ കാളകള്‍ മുന്നോട്ട് പോകാന്‍ ഉപയോഗിച്ചിരുന്ന ഒരു ശബ്ദമായിരുന്നു ഇത്. അതുപോലെ മറ്റ് മൃഗങ്ങളെ തെളിക്കാനും. നിഷേധാര്‍ത്ഥമുള്ള ചുമലുകള്‍ മേലോട്ട് പൊന്തിക്കുന്ന പരിഷ്‌കാരത്തിന്റെ ഈ ചേഷ്ട ടിക്കില്‍ പെട്ടതല്ലെന്ന് പറഞ്ഞുകൊള്ളുന്നു.
സങ്കീണ്ണമായ മോട്ടോര്‍ ടിക്കുകള്‍ (Motor Tics which are complex)
ചുമവരാതെയുണ്ടാക്കുന്ന ചുമ, തൊണ്ട ശുദ്ധീകരിക്കുന്നത് പോലെ ഇടക്കിടെ സംസാരിക്കുന്നതിന്നിടയില്‍ ചെയ്യല്‍, തുമ്മല്‍, ദുര്‍ബ്ബലമായ ശബ്ദം പുറപ്പെടുവിക്കല്‍ മൂക്ക് ചുളിക്കല്‍, വയര്‍ എക്കല്‍, ആവശ്യമില്ലാതെ തലകുലുക്കല്‍, അപാക വീക്ഷണം, അല്ലെങ്കില്‍ പെട്ടന്നുള്ള തുറിച്ചു നോട്ടം മൂക്കില്‍ വലിച്ചു കയറ്റല്‍, വീണ്ടും വീണ്ടും ആവര്‍ത്തിച്ചു മണം പിടിക്കല്‍ (Repeatedly smelling an object), മൂക്ക് ചുളിക്കല്‍ എന്നിവയാകുന്നു. സാധാരണ ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, സന്ദര്‍ഭ്ഭത്തിന്നനുസരിച്ച് സ്വരത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്നത് സ്വാഭാവികമാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അതൊരാവശ്യവുമാകുന്നു. സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം, സംസാരിക്കുന്ന വ്യക്തിയുടെ വികാരം എന്നിവയെല്ലാം അതിലുണ്ട്. അതിനെ വോയ്‌സ് മോഡ്യൂലേഷന്‍ അഥവാ ശബ്ദക്രമീകരണം എന്നു പറയുന്നു. എന്നാല്‍ ടിക്‌സ് ഉള്ള ഒരാളെസംബന്ധിച്ച് ഇങ്ങിനെയുള്ള ശബ്ദക്രമീകരണം ടിക്‌സ് ഉള്ള ഒരാള്‍ക്ക് അനാവശ്യസ്ഥാനങ്ങളിലും അസ്ഥാനത്തും വരുന്നു. വാചകങ്ങളില്‍ ശബ്ദക്രമീകരണാ ചെയ്യുന്നതിന്ന് പകരം ഒറ്റവാക്കുപറയുമ്പോള്‍ത്തന്നെ അനാവശ്യമായി ശബ്ദം കൂട്ടുന്നു. കൈകളുടെ ചലനങ്ങളില്‍, ചാട്ടങ്ങളില്‍, മുഖചലനങ്ങള്‍ മുട്ടുമടക്കല്‍, പടിയിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കി, ഇറങ്ങിയെ പടികളുടെ എണ്ണമെടൂക്കല്‍, അസാധാരണമായ സ്ഥലങ്ങളില്‍ ചെന്നു നില്‍ക്കല്‍ എന്നിവയും ഇത്തരക്കാരില്‍ കാണാം. മോട്ടോര്‍ ടിക്‌സ് (Motor Tics) എന്ന അവസ്ഥയിലാകുന്നു, കൂടുതല്‍ സങ്കീര്‍ണ്ണത വരുന്നത്. മോട്ടോര്‍ ടിക്ക് ഡിസോര്‍ഡറെന്നാല്‍ (Motor tic disorder) ഹൃസ്വവും, നിയന്ത്രിക്കാന്‍ പറ്റാത്തതും ആയ ഒരു വലിവാകുന്നു. ഇതിനെ ഫോണിക്ക് ടിക്‌സ് എന്നും പറയുന്നു. മസ്തിഷ്‌കത്തിലെ സന്ദേശങ്ങള്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്ന, ന്യുറോട്രാന്‍സ്മിറ്ററുകള്‍ വേണ്ടുന്ന രീതിയില്‍ ട്രാന്‍സ്മിറ്റ് ചെയ്യാത്തതാകുന്നു മോട്ടോര്‍ ടിക്‌സ്ന്ന് കാരണം എന്ന് പറയുന്നു. അതില്‍ കൈകള്‍ അനാവശ്യമായി കുടയല്‍, പെട്ടന്ന് ചാടല്‍, ഒരു വസ്തുവിനെ വീണ്ടും വീണ്ടും മണത്തു നോക്കല്‍, പതുങ്ങിക്കിടക്കല്‍, കാല്‍മുട്ടുകള്‍ അനാവശ്യമായി മടക്കല്‍, പടികള്‍ ഇറങ്ങുകയോ കയറുകയോ ചെയ്തു കഴിഞ്ഞാല്‍ അവ തിരിഞ്ഞു നോക്കി എണ്ണം പിടിക്കാന്‍ ശ്രമിക്കല്‍, കഴുത്ത് ബലപ്പെടുത്തുന്ന രീതിയില്‍ പിടിക്കല്‍ എന്നിവയോക്കെ ഉണ്ടായി എന്നു വരാം.ക്രോണിക്ക് മോട്ടോര്‍ ടിക്ക് ഡിസോര്‍ഡറുകള്‍ 18 വയസ്സിന്നുമുന്‍പെ തുടങ്ങുന്നു. ചികിത്സ ഗുണം ചെയ്യുന്നു. അഞ്ചോ ആറോ കൊല്ലം കൊണ്ട് വളരെയധികം നിയന്ത്രണവിധേയമാവുകയും ചെയ്യുന്നു.
സങ്കീര്‍ണ്ണമായ വോക്കല്‍ ടിക്കുകള്‍ (Vocal tics that are complex)
ലാലിയകള്‍ (Lalias)
ഗ്രീക്കുഭാഷയില്‍ ലാലിയ എന്ന പദംകൊണ്ടൂദ്ദ്യേശിക്കുന്നത് ഒരു പ്രത്യേക രീതിയിലുള്ള സംസാരം അല്ലെങ്കില്‍ സ്വരം എന്നാകുന്നു. ഇംഗ്ലീഷില്‍ ലാലിയ (Lalia) എന്ന പദം ചേര്‍ത്തുപറയുന്നത് ശബ്ദവുമായി ബന്ധപ്പെട്ടതാകുന്നു. അങ്ങിനെ വരുമ്പോള്‍ പലതരത്തിലുള്ള ലാലിയകളും ടിക്‌സിന്റെ ഭാഗമായി വരുന്നു. അതില്‍ പ്രധാനമായുള്ള ലാലിയകള്‍ പാലിലാലിയ അഥവാ മറ്റൊരാളുടെ ശബ്ദം അനുകരിക്കല്‍, മറ്റൊരാള്‍ പറഞ്ഞത് ഉള്ളില്‍ തട്ടാത്ത രീതിയില്‍ തത്ത പറയുമ്പോലെ ആവര്‍ത്തിക്കുന്ന എക്കോലാലിയ (Echolalia); (ഈ സ്വഭാവം സ്‌കീസോഫ്രീനിയ എന്ന മാനസീക രോഗത്തിന്റെ ചില അവസ്ഥയിലും കാണാവുന്നതാകുന്നു), കോപ്രോലാലിയ (Coprolalia) അഥവാ കേള്‍ക്കുന്നവര്‍ക്ക് ഹൃദ്യല്ലാത്ത ഭാഷ സംസാരിക്കുക
അങ്ങിനെ വന്നുവന്ന്, അരോചകമായ അംഗചലനങ്ങളില്‍ വരെ ടിക്ക് എത്തിച്ചേരുന്നു. അങ്ങിനെ തീക്ഷ്ണമായ് രീതിയെ കോപ്പോപ്രാക്‌സിയ (Copopraxia) എന്ന് പറയുന്നു. ഉദാഹരമായി ധരിച്ചിരിക്കുന്ന ട്രൗസര്‍ താഴോട്ടേക്ക് വലിച്ചുകൊണ്ടിരിക്കുക എന്ന രീതിയിലുള്ളത്. ഏക്കൊപ്രാക്‌സിയ എന്നാല്‍ (Echopraxia) ഒരാളെ കണ്ട ഉടനെ അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്ന രീതിയാകുന്നു.
ടിക്‌സിനെപ്പറ്റിയുള്ള പഠനങ്ങള്‍:
പൊതുവെ, ടിക്‌സിനെപ്പറ്റിയുള്ള പഠനത്തില്‍ പതിനായിരം ആളുകളില്‍മൂന്നൊ നാലോ എന്ന നിരക്കിലേ ടിക്‌സ് കാണപ്പെടുന്നുള്ളൂ. മുതിര്‍ന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുട്ടികളിലാണ് ടിക്‌സ് കൂടുതലും കാണപ്പെടുന്നത്. ഇനി പെണ്‍കുട്ടികളുമായി താരതമ്യപ്പെടുത്തിയാല്‍ ടിക്‌സ് ആണ്‍കുട്ടികള്‍ക്ക് നാലിരട്ടി കൂടുതലാണെന്ന് പറയുന്നു. പ്രായത്തിന്റെ പരിധി പറയുകയാണെങ്കില്‍ രണ്ടുവയസ്സിന്നും പതിനഞ്ച് വയസ്സിന്നും ഇടയിലാണ് ടിക്‌സിന്റെ സാധ്യതകള്‍ എന്നും പഠനങ്ങളില്‍ കാണുന്നു. അവ നിസ്സാര രീതിയില്‍ കണ്ണില്‍ തുടങ്ങുന്നു, താഴോട്ടേക്ക് അല്പാല്പമായി ഇറങ്ങി, കഴുത്ത്, ചുമല്‍ എന്നിവിടങ്ങളിലേക്ക് ബാധിച്ചു എന്നും വരാം.
ടൗററ്റിന്റെ ചരിത്രം (History of Tourettes)
1857 മുതല്‍ 1904 വരെ സ്വിറ്റ്‌സര്‍ലാണ്ടില്‍ ജീവിച്ച ഒരു ഫ്രഞ്ച് ഫിസിഷ്യനായിരുന്നു ടൗററ്റ്. ടിക്‌സിനോടനുബന്ധിച്ച ചില പ്രത്യേക ലക്ഷണങ്ങളുള്ള സ്ഥിതിയെ ട്രൗററ്റ് സിന്‍ഡ്രോം (Tourette syndrome) എന്നു പറയുന്നു. 1884ല്‍ ഇദ്ദേഹം ഒന്‍പത് രോഗികളില്‍ ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു. കുട്ടികളില്‍ കാണുന്ന ഒരു ന്യുറോ ഡവലപ്‌മെന്റല്‍ സ്ഥിതിയായിട്ടണതിനെ അദ്ദേഹം വിവരിച്ചത്. തുടക്കം കണ്ണുകള്‍ പെട്ടന്നടക്കുകയും തുറക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമായിട്ടാണിതിനെ അദ്ദേഹം കണ്ടത്. പിന്നീടത് സാവധാനം മുഖത്തേക്കും മറ്റുപല ഭാഗത്തേക്കും പടര്‍ന്നേക്കാം എന്ന് മനസ്സിലായി.
നിയന്ത്രിച്ചു വെക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയാകുന്നു ടിക്‌സ്. പേശികളിലോ, തൊണ്ടയിലോ ഈയൊരവസ്ഥയുണ്ടായാല്‍ ഒരു വേദന സഹിച്ചു പിടിക്കുന്നതുപോലെയാകുന്നു എന്ന് പറയുന്നു. നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ സ്വയം പൊട്ടിത്തെറിക്കുന്നോരവസ്ഥയാണെന്ന് പല രോഗികളുടെയും അവസ്ഥ ഇത് ചികിത്സിച്ച മനോരോഗ വിദഗ്ദ്ധരും ന്യുറോസര്‍ജ്ജന്മാരും രേഖപ്പെടുത്തിയതായി കാണുന്നു. ടിക്ക് പ്രദര്‍ശിപ്പിക്കുന്ന രീതി ഒരു രോഗിയെസംബന്ധിച്ച് ഏത് അവസ്ഥയിലാണോ പുറത്തേക്ക് വരുന്നത്, അതേ അവസ്ഥയില്‍ തന്നെ പ്രകടിപ്പിച്ചാലേ രോഗിക്ക് ആശ്വാസം ലഭിക്കുകയുള്ളൂ. ടിക്‌സ് പ്രത്യക്ഷപ്പെടുന്നത്, ഒരു പ്രത്യേക സമയ പരിധിയിലായിരിക്കും, ഒന്നു കഴിഞ്ഞ് രണ്ടാമത്തെ അവസ്ഥ ഒരു പ്രത്യേകിച്ച സമയം കഴിഞ്ഞേ വരൂ. അതേസമയം രാത്രി ഉറങ്ങുമ്പോഴും ലൈംഗിക ചേതനയുള്ള സമയത്തും ടിക്‌സ് അത് ബാധിച്ച ആളെ ഉപദ്രവിക്കുന്നുമില്ല. സ്‌കൂള്‍, ജോലി, വീട് എന്നീ സ്ഥലങ്ങളനുസരിച്ച് ടിക്‌സിന്റെ എണ്ണത്തില്‍ വ്യത്യാസം വരുന്നു. ടി വി കാണല്‍ പോലെയുള്ള വിശ്രമ സമയങ്ങളില്‍ ടിക്ക്‌സ് കൂടുതലായി അലോസരപ്പെടുത്തുന്നു. മാനസീക പിരിമുറുക്കം വരുമ്പോള്‍ ടിക്‌സിന്റെ എണ്ണം വര്‍ദ്ധിക്കുന്നു.ടൗററ്റ്‌സ് സിന്‍ഡ്രോമിന്റെ ഭാഗമായി പല ചേഷ്ടകളും വിവരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനമായവ, വിക്കി വിക്കി സംസാരിക്കല്‍, വാക്കുകള്‍ നാക്കില്‍ ഒട്ടിപ്പിടിച്ചപോലെയുള്ള അവസ്ഥ, വെറുതെ വസ്ഥുക്കളെടുത്ത് മണത്തുനോക്കല്‍, അപരന്റെ ശരീരത്തിലോ നെഞ്ചത്തോ ഇടിക്കല്‍, രഹസ്യഭാഗങ്ങളില്‍ കയറിപ്പിടിക്കല്‍, മുന്‍പ് പ്രസ്താവിച്ചപോലെ അശ്ലീല പദങ്ങള്‍ പറയല്‍ എന്നിവയും പറയുന്നുണ്ട്. ഉറങ്ങുമ്പോള്‍ ഉപദ്രവം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും ചില ഗവേഷകന്മാര്‍ പല്ലുകടി (Bruxism) എന്ന സ്വഭാവത്തെപ്പറ്റി ടിക്‌സിന്റെ ഭാഗമായി പറയുന്നു. ടിക്‌സ് എന്ന അവസ്ഥ, മന:ശാസ്ത്രപരമായ ഒരു നേരിട്ടുള്ള പ്രകടനമായി കണക്കാക്കപ്പെടുന്നില്ല. അല്ലെങ്കില്‍ ഒരു ലഹരിപദാര്‍ത്ഥത്തിന്റെ ഉപയോഗ പരമായ ഒരു കാരണവുമല്ല. ജന്മവൈകല്യം പാരമ്പര്യം, പകര്‍ച്ച വ്യാധികള്‍, തലക്ക് നേരിട്ട പരിക്ക്, എച്ച് ഐ വി, വിഷവസ്ഥുക്കളുമായുള്ള സമ്പര്‍ക്കം, മരുന്നുകള്‍, ക്രോമസോമല്‍ അബ്‌നോര്‍മാലിറ്റികള്‍, ചെറുപ്പകാലത്ത് കുട്ടിയെ കാരണമില്ലാതെ ചീത്തപറയല്‍ അങ്ങിനെപലതും ഗവേഷകന്മാരുടെ ലിസ്റ്റിലുണ്ട്. ഇവ,ടിക്‌സിന്ന് കാരണമാവുന്നോണ്ടോ എന്ന പഠനത്തിലാണിന്ന്.
ടിക്കിന്ന്, പാരമ്പര്യവും ഒരു ഘടകമാകുന്നു. പല രീതിയിലുള്ള ടിക്കുകളും ഉണ്ട്. അതുകൊണ്ടുതന്നെ ചികിത്സകളും പല രീതിയിലുള്ളതാകുന്നു. ശൈശവകാലത്തു വരുന്ന മാനസീക കാരണങ്ങളും, ജനനാല്‍ വരുന്ന കാരണങ്ങളും മസ്തിഷ്‌കത്തിന്നും കേന്ദ്രനാഡീവ്യുഹത്തിന്നുവരുന്ന ചില വൈറല്‍ രോഗങ്ങളും തലക്ക് ഏല്‍ക്കേണ്ടി വരുന്ന ക്ഷതങ്ങളും പരിക്കുകളും, വിഷവസ്തുക്കള്‍, വാതകങ്ങള്‍ എന്നിവയും, ക്രോമസോമിന്റെ ഘടനകളും,ഓട്ടിസം പോലെയുള്ള രോഗങ്ങളും എല്ലാം ടിക്‌സിന്ന് കാരണമാവുന്നു.
വോള്യൂമെറ്റ്രിക്ക് എം ആര്‍ ഐ പഠനം എന്ന രീതിയിലുള്ള ചില നിരീക്ഷണങ്ങളില്‍ മസ്തിഷ്‌കത്തില്‍ പാകപ്പിഴകള്‍ ഇങ്ങിനെയുള്ള വ്യക്തികളില്‍ കാണുന്നു എന്ന് നിരീക്ഷകന്മാര്‍ പറയുന്നു. റിലാക്‌സേഷന്‍, കുടുമ്പത്തിന്നും, രോഗിക്കും കൗണ്‍സലിങ്ങ്, ബോധവല്‍ക്കരണം, സപ്പോര്‍ട്ടീവ് തിറാപ്പി, ഹേബിറ്റ് റിവേര്‍സല്‍ തിറാപ്പി എന്നിങ്ങിനെ പല ചികിത്സാ രീതികളും ഇതിനുണ്ട്. അതുകൂടാതെ മരുന്നുകളും ഗൗരവം കൂടിയ അവസ്ഥയില്‍ കൊടുക്കാന്‍ ലഭ്യമാകുന്നു.