Published in Pradeepam Magazine of October 2019 issue.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന്ന് കേരളത്തില്‍ പല ഭാഗങ്ങളിലും പല വാക്കുകളാണ് പറയുന്നത്. എടത്തൊണ്ടയില്‍ പോകുക, തരിപ്പില്‍ പോകുക എന്നിവയാണെന്ന് തോന്നുന്നു സാധാരണ ഉപയോഗിക്കുന്ന പദങ്ങള്‍. അതിന്ന് വിധേയമായ ആളുടെ സമീപത്തിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ നിര്‍ദ്ദേശങ്ങ്ള്‍ പലപ്പോഴും അനുഭവസ്ഥനെ അങ്കലാപ്പിലാക്കുന്നു. ”വെള്ളം കുടിക്ക്” എന്ന് എത്ര വെള്ളം കുടിച്ചാലും തുടര്‍ച്ചയായി നിര്‍ദ്ദേശങ്ങള്‍ വരുന്നു. അപ്പോഴതാ മറ്റൊരാളുടെ ഉപദേശം, ചോറുരുള വിഴുങ്ങാന്‍. വീട്ടിലാണെങ്കില്‍ അടുത്ത് നിന്ന് വിളമ്പിത്തരുന്ന ബന്ധുക്കള്‍ അനുഭവസ്ഥന്റെ തലക്കടിക്കുന്നു, പുറത്ത് തടവുന്നു അങ്ങിനെ പല പ്രയോഗങ്ങളും നടത്തുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളും പ്രാഥമീക ചികിത്സാ രീതിയില്‍ ചെയ്യുന്ന പ്രവര്‍ത്തികളും ഗുണം ചെയ്യുന്നുണ്ടോ? മത്സ്യത്തിന്റെ മുള്ളോ, എല്ലിന്‍ കഷ്ണമോ ആണെങ്കില്‍ ഉരുള വിഴുങ്ങുന്നതും, പഴക്കഷ്ണം വിഴുങ്ങുന്നതും ഗുണം ചെയ്‌തേക്കാം. എന്നാല്‍ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും അനുഭവസ്ഥന്റെ മാനസീക നില തകരാറിലാക്കുവാനേ ഉപകരിക്കൂ എന്നാണ് കോഴിക്കോട്ടെ പ്രഗത്ഭനായ ഇ എന്‍ ടി വിദഗ്ധനുമായും മനോരോഗ വിദഗ്ദ്ധനുമായും ചര്‍ച്ച ചെയ്തപ്പോള്‍ ഒരു കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ എനിക്ക് മനസ്സിലായത്.

ആദ്യത്തെ അടയാളങ്ങള്‍ അഥവാ ലക്ഷണങ്ങള്‍:
ചുമയാണ് ആദ്യത്തെ ലക്ഷണം. ചുമ എന്നത് ശ്വാസകോശത്തെ സംരക്ഷിക്കുവാനുള്ള ഒരു പ്രതിരോധ മാര്‍ഗ്ഗമാകുന്നു. അസ്വസ്ത രൂപത്തിലുള്ള ആ ചുമ കേട്ടയുടെനെ, നിര്‍ദ്ദേശങ്ങളുടെ വരവായി. ഇത് അനുഭവസ്ഥനെ അലോസരപ്പെടുത്തുന്നു. നിശ്ശബ്ദനായിക്കൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കൊടുക്കുകയോ, ധൃതിവെക്കാതെ അതെടുത്ത് കുടിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യാം. എന്നാല്‍ അതോടൊപ്പം മറ്റൊരാള്‍ പുറം തടവുന്നതുകൊണ്ടോ, തലക്കടിക്കുന്നത്‌കൊണ്ടോ പ്രയോജനമില്ല. ഇക്കാര്യത്തില്‍ പുറവും തലയുമായി തൊണ്ടക്ക് യാതൊരു ബന്ധവുമില്ല. ചുമയ്ക്കുന്നത് തന്നെ, ശരീരം ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാകുന്നു. അതിന്റെ കൂട്ടത്തില്‍ മറ്റുള്ളവരില്‍ നിന്നുള്ള അലോസരം ആവശ്യമില്ല.

ഭക്ഷണപദാര്‍ത്ഥത്തിന്റെ സഞ്ചാരം:
അന്‍പത് ജോഡി പേശികളും നിരവധി ഞരമ്പുകളും ഭക്ഷണത്തിന്റെ യാത്രയെ സഹായിക്കുന്നു. വായ മുതല്‍ ഭക്ഷണത്തിന്റെ സഞ്ചാരപഥത്തില്‍ നിരവധി ശ്രവങ്ങളും വഴുവഴുപ്പുള്ള ശ്ലേഷ്മദ്രാവകവും (mucous) ഉണ്ട്. ഇതെല്ലാംകൂടിയാകുന്നു, ഈ സഞ്ചാരത്തെ സഹായിക്കുന്നത്. മറ്റൊരു പ്രധാനകാര്യം ഭക്ഷണം കഴിക്കുന്ന ആളുടെ ആ കാര്യത്തിലെ ശ്രദ്ധയാകുന്നു. ഈ സഞ്ചാര പഥത്തില്‍ തുടക്കത്തില്‍ അപ്പര്‍ ഈസോഫാജിയല്‍ സ്പിന്‍ക്റ്റര്‍ {The upper Esophageal Sphincter (UES)yp എന്ന ഒരു വാല്‍വും, എപിഗ്ലോട്ടിസ് (Epiglottis) എന്ന ഇലരൂപത്തിലുള്ള ഒരു വളരെ മൃദുലമായ കാര്‍ട്ടിലേജ് അസ്ഥിയും ശ്വാസകോശത്തിലേക്കുള്ള ഭക്ഷണപദാര്‍ത്ഥത്തിന്റെ പ്രവേശനത്തെ തടയുന്നു. നാക്ക് പുറപ്പെടുന്ന തൊണ്ടയുടെ ഭാഗത്താണ് എപിഗ്ലോട്ടിസ് (Epiglottis) സ്ഥിതി ചെയ്യുന്നത്. ശ്വാസകോശത്തിലേക്കുള്ള വഴിയുടെ തുടക്കം ലാരിങ്ക്‌സ് (larynx) എന്ന ഭാഗത്താകുന്നു. അതിനാല്‍ എപിഗ്ലോട്ടിസ് എന്ന വാതില്‍ അല്ലെങ്കില്‍ വാല്‍വ് ശ്വാസം കഴിക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് തുറന്ന് കൊടുക്കുകയും ഭക്ഷണം കഴിക്കുമ്പോള്‍ അടയുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്നിടയില്‍ തുടര്‍ച്ചയായി സംസാരിച്ചാല്‍ അതിന്നുവേണ്ടി ശ്വാസകോശത്തില്‍നിന്ന് വായു പുറത്തേക്ക് വിടേണ്ടിവരുന്നു. ഭക്ഷണത്തിന്റെ ഗതി മാറുന്നു, അങ്ങിനെ ഭക്ഷണം തരിപ്പില്‍ പോകുന്നു.എപിഗ്ലോട്ടിസ് ചലിച്ചുകൊണ്ടിരിക്കുന്ന ഒരു മൂടിയാകുന്നു. ദ്രവരൂപത്തിലുള്ളവ കഴിക്കുമ്പോള്‍ അത് നിവര്‍ന്നു നില്‍ക്കുന്നു. വെള്ളം കുടിക്കുന്നതിന്നിടയില്‍ സംസാരിച്ചാലും ചിലപ്പോള്‍ വെള്ളം തരിപ്പില്‍ പോകുന്നു എന്നാല്‍ ഈ അസ്വസ്തത ഖരരൂപം പോലെ അസ്വസ്ഥമായിരിക്കില്ല. എപിഗ്ലോട്ടിസ് സ്ഥിരതയില്‍ നില്‍ക്കുന്ന ഒരു വാല്‍വല്ല. മാനസീക വ്യാപാരങ്ങള്‍ പോലും അതിനെ തുറക്കുകയും അടക്കുകയും ചെയ്യുന്നു ഇതെല്ലാം നടക്കുന്ന ഈ സഞ്ചാരപഥത്തെ ദഹനനാളത്തിന്റെ മുകള്‍ഭാഗം/അപ്പര്‍ ഡൈജസ്റ്റീവ് ട്രേക്റ്റ് (upper digestive tract) എന്നും അത് സ്ഥിതിചെയ്യുന്നത് സ്റ്റൊമക്കിനും ഫാരിങ്ക്‌സ് (pharynx)എന്ന ഭാഗത്തിന്നും ഇടയിലും ആകുന്നു. താഴോട്ട് ഭക്ഷണത്തിന്റെ സഞ്ചാരം സഹായിക്കുന്നത് പെരിസ്റ്റാള്‍സിസ് (Peristalsis) എന്ന അലപോലെയുള്ള മൃദു ചലനമാകുന്നു. ഈ ഭാഗത്തു തന്നെ എപിഗ്ലോട്ടിസ് പോലെ സ്ഥിരതയില്ലാത്ത ഒരു പേശിയും ഉണ്ട്. അതിനെ ക്രിക്കോഫരിംഗസ് (Cricopharyngeus) എന്ന് പറയുന്നു.ഇത് തൊണ്ടയെ സങ്കോചിപ്പിക്കുന്ന പേശിയാകുന്നു. ഭക്ഷണപദാര്‍ത്ഥത്തിന്റെ സഞ്ചാര സമയത്ത് ഈ പേശി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും എടത്തൊണ്ടയില്‍ കുടുങ്ങാനുള്ള ഒരു കാരണമാകുന്നു. ചില വ്യക്തികള്‍ക്ക് സ്ഥിരമായി പ്രശ്‌നമുണ്ടാവുന്നത് ഈ പേശിയുടെ പ്രവര്‍ത്തനക്ഷമതയിലെ തകരാറും ആവാം. അത്തരം സ്ഥിര പ്രശ്‌നക്കാര്‍ ഭക്ഷണത്തിന്നു മുന്‍പ് അല്പം വെള്ളം കുടിക്കുന്നത് നല്ലതാകുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഒരു ധാരണയുണ്ട്. ഭക്ഷണം കഴിച്ചതിന്നുശേഷം മാത്രമേ വെള്ളം കുടിക്കാവൂ എന്ന്. അതിന്റെ പേരില്‍ ചില രക്ഷിതാക്കള്‍ കുട്ടികളെയും, പ്രായമായ പഴയ ചില വീട്ടമ്മമാര്‍ പ്രസവ രക്ഷയുടെ പേരില്‍ സ്ത്രീകളെയും ഭക്ഷണത്തിന്റെ മുന്‍പും ഇടയിലും വെള്ളം കുടിക്കാന്‍ സമ്മതിക്കാതെ ബുദ്ധിമുട്ടിക്കുന്നത് കാണാം. ഇത് വളരെ തെറ്റായതും അശാസ്ത്രീയമായതുമായ ഒരു ധാരണയും അതുവഴി ഒരുതരം ശിക്ഷപോലെയുള്ള നടപടിയും ആകുന്നു. പ്രസവിച്ചസ്ത്രീകല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതിരിക്കാന്‍ ഒരു കാവല്‍ക്കാരനെപ്പോലെ മുന്നിലിരിക്കുന്ന അമ്മമാരെയും പരിചരണക്കാരെയും ധാരാളം കാണാം, നാട്ടിന്‍പുറത്ത് പ്രത്യേകിച്ച്. ജലം എപ്പൊഴും മനുഷ്യന്ന് ആവശ്യമാകുന്നു. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലുള്ള തല്ലാത്തതോ മറ്റുവല്ല അസുഖങ്ങ ളുള്ളതോ ആയ ഒരാളോട് ഡോക്ടര്‍ വെള്ളംകുടി കുറക്കണം എന്ന് നിര്‍ദ്ദേശിച്ചതല്ലാത്ത ഏതൊരാള്‍ക്കും വെള്ളം കുടിക്കണമെന്ന് തോന്നുമ്പോള്‍ കുടിക്കണം.

ശൈശവപ്രായത്തില്‍ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നത് വലിയവരെക്കാള്‍ ഗൗരവമുള്ളതാകുന്നു. അതിനാല്‍ അവര്‍ സ്‌കൂളില്‍ നിന്ന് വിശപ്പോടെ വീട്ടില്‍ വന്നു കയറിയാല്‍ തുരുതുരെ ചോദ്യം ചോദിക്കാതെ കൂടുതല്‍ സംസാരിക്കാന്‍ സാഹചര്യം നല്‍കാതെ ഭക്ഷണത്തില്‍ ശ്രദ്ധിച്ച് കഴിക്കാന്‍ സാവകാശം നല്‍കണം. ശ്രദ്ധിച്ചു ഭക്ഷണം കഴിച്ചിട്ടും സ്ഥിരമായി തോണ്ടയില്‍ കിട്ടുന്ന കുട്ടികളെ പരിശോധനക്ക് വിധേയമാക്കേണ്ടതാകുന്നു.

ദഹനേന്ദ്രിയങ്ങളെപ്പറ്റി സാമാന്യവിവരമുള്ള എല്ലാവര്‍ക്കും അറിയാം വായില്‍നിന്ന് ഉമിനീരില്‍ കുഴഞ്ഞ ഭക്ഷണം തൊണ്ടയിലേക്ക് നീങ്ങുമ്പോഴാകുന്നു തരിപ്പില്‍ പോകുക എന്ന പ്രശ്‌നം തുടങ്ങുന്നത്. നാക്ക്, ഭക്ഷണത്തെ തൊണ്ടയിലേക്ക് തള്ളുന്നു. ആയൊരു പ്രത്യേക നിമിഷത്തില്‍ ശ്വാസനാളം അടയുന്നു. ഒരു നിമിഷം ശ്വാസം നിലയ്ക്കുന്നു. ആ സമയത്ത് ദഹനക്കുഴലിലേക്ക് പോകാതെ അവിടെ ഒട്ടിനിന്നാലാകുന്നു ചുമയ്ക്കുന്നത്. നമ്മള്‍ സാധാരണ കാണുന്ന സ്ഥിതിവിശേഷം മാത്രമാകുന്നു ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്. വലിയതോതില്‍ ഇത് സംഭവിക്കുന്നതിന്ന് വൈദികസഹായം വേണ്ടിവന്നേക്കാം. അങ്ങിനെയുള്ള അവസ്ഥയെEsophageal Soft Food Bolus Obstruction (OSFBO) എന്നുപറയുന്നു. അതിവിടെ ചര്‍ച്ചചെയ്യുന്നില്ല. ആരോഗ്യവാനായ ഒരാളെസംബന്ധിച്ച് ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നതിന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഒന്നാമതായി ഒരാള്‍ കുറേ സമയം ഭക്ഷണമോ വെള്ളമോ കഴിക്കാതിരുന്നാല്‍.
2. പെട്ടന്ന് വലിച്ചു വാരിക്കഴിക്കുന്ന സ്വഭാവമുള്ളവര്‍ക്ക്. ഇത് കൂടുതല്‍ വിശപ്പുള്ളതുകൊണ്ടോ, സ്വതവേ അങ്ങിനെയുള്ള ഒരു ശീലമോ ആവാം.
3, ശ്രദ്ധയില്ലാതെ അമിതമായി ഭക്ഷണം വായിലേക്ക് തിരുകിക്കയറ്റുന്നത് പോലെ കഴിക്കുന്നത്.

ഇ എന്‍ ടി രോഗ വിദഗ്ദ്ധന്റെയും, മനോരോഗ വിദഗ്ദ്ധന്റെയും മന:ശാസ്ത്രജ്ഞന്റെയും അഭിപ്രായം ഒന്നുതന്നെയാണ്, ഈ കാര്യത്തില്‍. പെട്ടന്ന് വലിച്ചുകയറ്റുമ്പോള്‍ ഒരുതരം സ്പാസം (spasm) അഥവാ കോച്ചിപ്പിടുത്തം, ഞരമ്പുവലി, അംഗാകര്‍ഷം, പിരിമുറുക്കം, മന:ക്ഷോഭം എന്നിവ വരുന്നു. തനിയെ ശരിയാവുന്ന ആയൊരു സ്ഥിതിവിശേഷത്തെ, മറ്റുള്ളവരുടെ ഇടപെടല്‍ കൂടുതല്‍ വഷളാക്കുന്നു. അനുഭവസ്ഥനെ വെറുതെ വിടുക. അതാണേറ്റവും അഭികാമ്യം. ക്ഷമയോടുകൂടി കുടിക്കാന്‍ അല്പം വെള്ളം മുന്നില്‍ വെച്ചുകൊടുക്കുക. അല്ലെങ്കില്‍ സാവകാശം വായയോട് അടുപ്പിച്ച് കൊടുത്താലും തരക്കേടില്ല. ദഹനനാളത്തിലെ പ്രവര്‍ത്തനവും വൈകാരിക സ്ഥിതിയും തമ്മില്‍ നല്ല ബന്ധമുണ്ട്. നെഗറ്റീവ് വികാരങ്ങള്‍ എന്ന് പൊതുവെ പറയുന്ന ദുര്‍ബ്ബലപ്പെടുത്തുന്ന സമീപനങ്ങളും, അരോചകമായ ശബ്ദങ്ങളും ഭക്ഷണത്തിന്റെ നീക്കത്തെ സഹായിക്കുന്ന പെരിസ്റ്റാള്‍ട്ടിക്ക് മോവ്‌മെന്റിനെ (Peristaltic movement) പ്രതികൂലമായി ബാധിക്കുന്നു. നായ പൂച്ച എന്നിവ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിച്ചവര്‍ക്കറിയാം, അവ ധൃതിപിടിച്ചു കഴിക്കുന്നു, ചിലപ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യരെപ്പോലെ സഹായിക്കാന്‍ ആരുമില്ല. സ്വയം അത് ശരിയാവുന്നു. ലോകപ്രശ്‌സ്തനായ ഒരു ശിശുരോഗ വിദഗ്ദ്ധനായിരുന്ന ഡോ: മെഹര്‍ബാന്‍സിങ്ങിന്റെ പ്രസംഗം പലപ്പോഴും കേള്‍ക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണചര്യയെപ്പറ്റി അദ്ദേഹം പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ”അവര്‍ ഭക്ഷണം കഴിക്കുന്ന പരിസരം വൃത്തികേടാക്കിക്കൊള്ളട്ടെ?” അതിന്ന് അനുവദിച്ചാല്‍ത്തന്നെ ഭക്ഷണം കഴിക്കില്ലെന്ന രക്ഷിതാവിന്റെ പരാതി മാറിക്കൊള്ളും. ഭക്ഷണം കഴിക്കുന്നതിന്ന് സ്വാതന്ത്ര്യം ആവശ്യമാകുന്നു. മറ്റൊരാള്‍ അത് നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ അത് നോക്കിക്കൊണ്ടിരിക്കുന്നു എന്ന തോന്നല്‍ തന്നെ മതി ആ സ്വര്യത നശിക്കാന്‍. തരിപ്പില്‍ പോകുന്ന പ്രശ്‌നംഹോട്ടലില്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ വീട്ടില്‍ വെച്ചായിരിക്കുന്നതിന്റെ കാരണവും ഇതാണെന്ന് തോന്നിപ്പോകുന്നു. പഠനങ്ങളൊന്നും ഇല്ലെങ്കില്‍ പോലും. വെള്ളം കുടിക്കുന്നത് പോലെത്തന്നെ, സോഡാ വാട്ടര്‍ കുടിക്കുന്നത് നല്ലതാണെന്ന് പറയുന്നു. ഇതിനെ കൊക്കക്കോളാ ട്രിക്ക് എന്നു പറയുന്നു. ചെറിയകഷ്ണം പഴം, വെണ്ണ, വെള്ളത്തിലോ പാലിലോ മുക്കിയ റൊട്ടി, പീനട്ട് ബട്ടര്‍കൊണ്ട് പൊതിഞ്ഞ റൊട്ടിക്കഷ്ണം, ഒലീവ് ഓയില്‍, എന്നിവ ഗുണകരമാകുന്നു. വിനിഗര്‍ മത്സ്യമുള്ള് തൊണ്ടയില്‍ തടഞ്ഞു നില്‍ക്കുന്നത് നീക്കുമെന്ന് പറയുന്നു. കാരണം വിനിഗര്‍ അസറ്റിക്ക് ആസിഡ് ആയതിനാല്‍ അത് പൊടിഞ്ഞുപോകാന്‍ സഹായിക്കുമത്രേ? ഇവിടെ ഒരു കപ്പു വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വിനിഗര്‍ എന്നതാകുന്നു കണക്ക്. ഇതൊക്കെയാണെങ്കിലും അനുഭവസ്ഥന്റെ ഉല്‍കണ്ഠയില്ലായ്മയും, ക്ഷമയുമാകുന്നു ഏറ്റവും പ്രധാനം. ആരോഗ്യമുള്ള ശ്വാസകോശത്തിലേക്ക് അല്പം ഭക്ഷണാവശിഷ്ടം പോയാല്‍ത്തന്നെ അത് പുറത്തേക്ക് പോകുന്നത് വരെ ശ്വാസകോശം പരിശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ ആരോഗ്യമില്ലാത്ത ശ്വാസകോശമാണെങ്കില്‍ ചിലപ്പോള്‍ ഡോക്ടറുടെ സഹായം വേണ്ടിവന്നേക്കാം.
കെ എന്‍ ധര്‍മ്മപാലന്‍

******