മനസ്സ് 
Published in Pradeepam Magazine of September 2019 edition

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നാണ് മനസ്സ്. ഒരു പ്രത്യേക അവയവമല്ലാത്തതിനാല്‍ രൂപമില്ല, മനസ്സിനെക്കുറിച്ചുള്ള പഠനം വളരെ പ്രയാസകരമാകുന്നു. മനസ്സ് പ്രത്യേക രൂപമുള്ള ഒരു അവയവമായിരുന്നു എങ്കില്‍ സാമ്യതയുള്ള മറ്റേതെങ്കിലും ജീവിയുടെതുമായി താരതമ്യപ്പെടുത്തിയോ, ബന്ധപ്പെടുത്തിയോ പഠനം നടത്താമായിരുന്നു മനുഷ്യന്റെ മനസ്സിന്ന് തുല്യമായ ഒരു ജീവിയുമില്ല. മനുഷ്യന്റെ മനസ്സ് അപഗ്രഥനം ചെയ്യുന്നത് മറ്റൊരു മനുഷ്യന്റെ മനസ്സാകുമ്പോള്‍ അവിടെയും താരതമ്യത്തിന്റെ അല്ലെങ്കില്‍ ആപേക്ഷികതയുടെ പാളിച്ചകള്‍ സംഭവിക്കുന്നു. ഇതിനെല്ലാം പുറമെ മാനുഷീക മൂല്യങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള കര്‍ശന പരീക്ഷണങ്ങള്‍ മനുഷ്യ മനസ്സില്‍ നടത്താന്‍ പരിമിതികളുണ്ട്. മനസ്സിനെ സംബന്ധിച്ചുള്ള ഏതൊരു സാമാന്യ സങ്കല്പവും പ്രദാനം ചെയ്യുന്നത് പൊതുധാരണെയെ ചിലപ്പോള്‍ വികലമായി ബാധിക്കുന്ന ദൂരവ്യാപകമായ ഫലങ്ങളായിരിക്കും. മന:ശാസ്ത്രത്തിലാണെങ്കിലും, കൗണ്‍സലിങ്ങ് മേഖലയിലാണെങ്കിലും, മനോരോഗ ചികിത്സയിലാണെങ്കിലും മനസ്സിനെ ശാന്തമാക്കാനും നിയന്ത്രിക്കാനും ഉപകരിക്കുന്ന വ്യായാമ മുറകളും, വചനങ്ങളും, മരുന്നുകളും ഉണ്ടെങ്കിലും ഒരു മനസ്സിന്റെ അന്തര്‍ഭാഗത്ത് കിടക്കുന്ന എല്ലാ കാര്യങ്ങളും അറിയുവാന്‍ മാര്‍ഗ്ഗങ്ങളില്ലെന്ന് തന്നെ പറയാം. ഹിപ്പ്‌നോട്ടിസം വഴി അത് സാധ്യമാണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. ആയൊരു തോന്നലിന്ന് പ്രായോഗികത കുറവാകുന്നു. ഹിപ്‌നോട്ടിസത്തിന്നുതന്നെ വിധേയമവാന്‍ തയ്യാറാവാത്ത മാനസീകാവസ്ഥയുള്ള ഒരാളെ നിര്‍ബ്ബന്ധിച്ച ഹിപ്‌നോട്ടൈസ് ചെയ്യാന്‍ സാധിക്കില്ല. അങ്ങിനെ ചെയ്യുന്നത് പോലും ഹിപ്‌നോട്ടിസത്തിന്റെ സദാചാരസംഹിതക്കും നിയമത്തിന്നും എതിരാണ്. മനസ്സിനെപ്പറ്റി വല്ലതും വികാരഭരിതമായി പറയുമ്പോള്‍ പലരും സാധാരണയായി നെഞ്ചില്‍ കൈ വെക്കുന്നു. നെഞ്ചില്‍ കൈവെച്ചുകൊണ്ട് പറയാമോ? എന്നത് ഒരു വെല്ലുവിളിച്ചോദ്യമാകുന്നു. ഇതിലെല്ലാം മനസ്സിന്റെ സാങ്കല്പിക സ്ഥാനം നെഞ്ചാകുന്നു. അങ്ങിനെ നമ്മള്‍ പറയുന്ന മനസ്സ് ഹൃദയത്തിന്റെ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒന്നാണെന്നാകുന്നു സങ്കല്പം. ഹൃദയം തുറന്ന് സംസാരിക്കുക എന്ന വാചകം കൊണ്ടു ഉദ്ദ്യേശിക്കുന്നത് മനസ്സ് തുറന്ന് സംസാരിക്കുക എന്നതാകുന്നു. മനസ്സിന്റെ ആരോഗ്യം ശാരീരികാരോഗ്യത്തെക്കാള്‍ പ്രധാനമാകുന്നു എന്ന് ലോകാരോഗ്യ സംഘടനപോലും പറയുന്നു. മാനസീകാരോഗ്യത്തെ പറ്റി ലോകാരോഗ്യ സംഘടന പറയുന്നത് ”വ്യക്തിക്ക് സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ജീവിതത്തിലെ സാധാരണ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ ഉല്പാദനപരമായും ഫലപ്രദമായും പ്രവര്‍ത്തിക്കാനും, അവന്റെ അല്ലെങ്കില്‍ അവളുടെ കമ്യുണിറ്റിക്ക് ഒരു സംഭാവന നല്‍കാനും കഴിയുന്ന ഒരു ക്ഷേമാവസ്ഥ” എന്നാകുന്നു.

മനസ്സ്: പഴയകാല കാഴ്ച്ചപ്പാടുകള്‍ ഐതിഹ്യപരമായും ചരിത്രപരമായും:
ഗ്രീക്കിലെ ഐതിഹാസിക എഴുത്തുകാരനായിരുന്നു ഹോമര്‍. തലക്കുള്ളിലെ ഒരു വസ്തുവാണ് മനസ്സ് അല്ലെങ്കില്‍ സോള്‍ (Soul) എന്ന് വ്യാഖ്യാനിച്ചു. ഭാരതത്തിലെ വേദവ്യാസനെപ്പോലെ യായിരുന്നു ഗ്രീക്ക്കാര്‍ക്ക് ഹോമര്‍. ‘ഇലിയഡ്’ എന്നും ‘ഓഡിസ്സി’ എന്നും രണ്ട് മഹാ കാവ്യങ്ങളുടെ രചയിതാവായിരുന്ന ഹോമര്‍; ആത്മാവിനെ രണ്ടു തരമായി കണ്ടിരുന്നു. ഒന്ന് ശരീരത്തിലെ ആത്മാവ് അഥവാ ബോഡി സോള്‍ (body soul), രണ്ടാമത്തെത് അനശ്വരമായ സ്പിരിറ്റ് (Spirit) എന്ന് ഇംഗ്ലീഷില്‍ പറയുന്ന ഭാഗം. ആദ്യത്തേതില്‍ സന്തോഷം, സന്താപം, ഭീതി ദയ എന്നീ വികാരങ്ങള്‍ കുടികൊള്ളുന്നു എന്നും മറ്റ് വികാരങ്ങള്‍ നെഞ്ചത്തുനിന്ന് വരുന്നതാണെന്നും വിശ്വസിച്ചു. ബി സി മൂന്നാം ശതകത്തില്‍ പ്ലാറ്റൊ എന്ന ചിന്തകന്‍ മനസ്സിനെ പല വിഭാഗങ്ങളായി വിഭജിച്ചു. പ്ലാറ്റോയുടെ സിദ്ധാന്തപ്രകാരം മൂന്ന് തരം മനസ്സുകളുണ്ടായിരുന്നു. ഒന്ന് നശ്വരമായ മനസ്സ്. അത് ശരീരത്തില്‍ കുടി കൊള്ളുന്നു. മറ്റൊന്ന് അനശ്വരമായ മനസ്സ് അത് മരണശേഷം ശരീരം വിട്ടുപോകുന്നു. മൂന്നാമത്തെത് വിശപ്പിന്ന് വേണ്ടി കരളില്‍ സ്ഥിതി ചെയുന്ന മനസ്സ്. പിന്നീട് പ്ലാറ്റോയുടെ ശിഷ്യന്‍ അരിസ്റ്റോട്ടില്‍ വിഭജനത്തില്‍ വീണ്ടും പരിഷ്‌കാരങ്ങള്‍ വരുത്തി. അദ്ദേഹം മനസ്സ് എന്നതിന്നു പകരം ആത്മാവ് എന്ന രീതിയിലാണ് വ്യാഖ്യാനിച്ചത്. സ്‌നേഹത്തിന്ന് ഒരു ആത്മാവ്, വിശപ്പിന്ന് ഒരു ആത്മാവ് എന്നീരീതിയില്‍ വിഭജിക്കുകയും ഇതെല്ലാം ശരീരത്തില്‍ തന്നെ കുടികൊള്ളുന്നു എന്നും വിശ്വസിക്കുകയും ചെയ്തു. അരിസ്റ്റോട്ടില്‍ പറഞ്ഞത് മനസ്സും ശരീരവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു.ആറായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ മനുഷ്യന്‍ സ്വപ്നങ്ങളെ മനസ്സിന്റെ പ്രവര്‍ത്തിയായി അപഗ്രഥിക്കാന്‍ തുടങ്ങിയിരുന്നു എന്ന് മനസ്സിലാവുന്നു.
ഭാരതം പോലേയുള്ള പൗരസ്ത്യ രാജ്യങ്ങളിലെ ചിന്താഗതി ഇതില്‍നിന്നൊക്കെ ഭിന്നമായിരുന്നു ഭാരതത്തിലെ ഹിന്ദുക്കള്‍ ജീവാത്മാവും പരമാത്മാവും ഉണ്ടെന്ന് വിശ്വസിക്കുന്നു.

ആധുനിക മന:ശാസ്ത്രപിതാവെന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയ്ഡ് (Sigmund Freud) മനസ്സ് വെള്ളത്തിലിട്ടഒരു ഐസ് കട്ട പോലെയാണെന്ന് പറഞ്ഞു. വെള്ളത്തിന്നടിയില്‍ കിടക്കുന്ന മൂന്നില്‍ രണ്ടുഭാഗം ഉപബോധമനസ്സും, വെള്ളത്തിന്ന് ഉപരിതലത്തില്‍ കിടക്കുന്ന ഭാഗം ബോധമനസ്സും ആണെന്ന് സിദ്ധാന്തിച്ചു. ബോധമുള്ള മനസ്സ് സൂര്യവെളിച്ചത്തില്‍ കളിക്കുന്ന ഒരു നീരുറവയായും അത് പിന്നീട് ഭൂഗര്‍ഭ്ഭക്കുളത്തിലേക്ക് വീഴുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. 1856 മുതല്‍ 1939 വരെ ജീവിച്ച ആസ്ത്രിയക്കാരനായ അദ്ദേഹം വ്യ്ക്തിത്വം, ക്ലിനിക്കല്‍ സൈക്കോളജി, മനുഷ്യ മനസ്സിന്റെ വികാസം, അബ്‌നോര്‍മല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് മന:ശാസ്ത്രത്തിന്ന് സംഭാവനകള്‍ ചെയ്തു. 1904 മുതല്‍ 1990 വരെ ജീവിച്ച അമേരിക്കക്കാരനായ ബി എഫ് സ്‌കിന്നര്‍ (B F Skinner)എന്ന മന:ശാസ്ത്രജ്ഞന്‍ മനസ്സിന്റെ പെരുമാറ്റങ്ങളെപ്പറ്റി പഠനം നടത്തിയ ബിഹേവിയറിസ്റ്റ് (behaviourist) ആയിരുന്നു. മനസ്സിനെ കണ്ടീഷന്‍ ചെയ്ത് കൊണ്ടുവന്നാല്‍ സ്വഭാവരീതിയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നത് തെളിയിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. 1849 മുതല്‍ 1936 വരെ റഷ്യയില്‍ ജീവിച്ച ഇവാന്‍ പാവ്‌ലോവും (Ivan Pavlov) ഇതേ രീതിയിലുള്ള ഒരു ബിഹേവിയര്‍ തിറാപിസ്റ്റ് (Behaviour therapist) ആയിരുന്നു. കാള്‍ റോജേര്‍സ്, ആല്‍ഫ്രഡ് ആഡ്‌ളര്‍, ഗോര്‍ഡന്‍ ആള്‍പോര്‍ട്ട്, ജെയിംസ് മകീന്‍ കാറ്റല്‍, റെയ്മണ്ട് കാറ്റല്‍, റെയ്മണ്ട് കാറ്റല്‍, ജെയിംസ് വാറ്റ്‌സണ്‍, അബ്രഹാം മാസ്ലോ, വില്യം വൂണ്ട് എന്നിങ്ങിനെ മനസ്സിനെയും സ്വഭാവ വിശേഷതകളും പല രീതിയില്‍ പരീക്ഷിച്ച പല മന:ശാത്രജ്ഞന്മാരും ഈ രംഗത്തുണ്ടായി.

മനസ്സും മസ്തിഷ്‌കവും
ബോധം, ഭാവന, ധാരണ, ചിന്ത, വിധി, ഭാഷ, ഓര്‍മ്മ എന്നീ കഴിവുകളുടെ കൂട്ടമാകുന്നു മനസ്സ്. ആധുനീക മന:ശാസ്ത്രത്തില്‍ അത് തലച്ചോറിലും, ചിലപ്പോള്‍ കേന്ദ്ര നാഡീവ്യുഹം ഉള്‍പ്പെടുന്ന ഭാഗങ്ങളിലും ഉള്‍ക്കൊള്ളുന്നു. വികാരങ്ങളും വിചാരങ്ങളും പ്രോസസ്സ് ചെയ്യുന്നതിന്ന് ഉത്തരവാദിയാകുന്നു മനസ്സ്. അതിന്റെ ഫലമായി മനോഭാവങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാവുന്നു. അതിനെ നിയന്ത്രിക്കുന്നത് അതില്‍ ഉണ്ടാവുന്ന രാസവസ്ഥുക്കളും. ഈ രാസവസ്ഥുക്കളെ ന്യുറോട്രാന്‍സ്മിറ്ററുകള്‍ എന്ന് പറയുന്നു. മസ്തിഷ്‌കത്തിലെ കോശങ്ങളെ ന്യുറോണുകള്‍ എന്ന് പറയുന്നു. ഒരു പ്രത്യേകരീതിയിലുള്ള കോശങ്ങളാണിവ. ശരീരകോശങ്ങളില്‍നിന്ന് വ്യ്ത്യസ്ഥമാണിവ. ഓരോ കോശത്തിനും ആക്‌സോണ്‍ എന്ന ഒരു വാലുണ്ടായിരിക്കും. അങ്ങിനെ ഒന്നില്‍നിന്ന് സന്ദേശങ്ങള്‍ മറ്റൊന്നിലെത്തിക്കുന്നത് മേല്‍പറഞ്ഞ ന്യുറോ ട്രാന്‍സ്മിറ്ററുകളാകുന്നു. ന്യുറോട്രാന്‍സ്മിറ്ററുകള്‍ എന്ന ഈ രാസവസ്ഥുക്കളുടെ ഏറ്റക്കുറച്ചിലുകള്‍ മനുഷ്യമനസ്സിനെ സാരമായി ബാധിക്കുന്നു. വിഷാദം, ഉന്മാദം, അതോടനുബന്ധിച്ചുള്ള മാനസീക രോഗങ്ങള്‍ എന്നിവയെല്ലാം ഈ രാസവസ്ഥുകളുടെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ടുകിടക്കുന്നു. മനോരോഗ ചികിത്സക്കായുള്ള മരുന്നുകളും ന്യുറോട്രാന്‍സ്മിറ്ററുകളുടെ ഏറ്റക്കുറച്ചലിനെ ബാധിക്കുന്നു.

മനസ്സിന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ മാനസീക കഴിവുകള്‍ എന്നും, ലോകത്തിലെ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ അനുവദിക്കുന്ന ഒരു മാനസീക പ്രവര്‍ത്തിയാണ് ചിന്ത എന്നും പറയാം. ചിന്തയെ പലപ്പോഴും ഉയര്‍ന്ന വൈജ്ഞാനിക പ്രവര്‍ത്തിയായി വിശേഷിപ്പിക്കുന്നു. ലോകത്തോട് അര്‍ത്ഥവത്തായ രീതിയില്‍ പ്രതികരിക്കാന്‍ ചിന്ത സഹായിക്കുന്നു. അറിവ്, വിവരങ്ങള്‍, അനുഭവങ്ങള്‍ എന്നിവ സംരക്ഷിക്കാനും നിലനിര്‍ത്താനും പിന്നീട് തിരിച്ചു വിളിക്കാനും ഉള്ള കഴിവാകുന്നു ഓര്‍മ്മ. പുതുമയുള്ള സാഹചര്യങ്ങള്‍, ഇമേജുകള്‍, ആശയങ്ങള്‍, എന്നിവ മനസ്സില്‍ സൃഷ്ടിക്കുന്നതിന്നുള്ള പ്രവര്‍ത്തനമാകുന്നു ഭാവന. മന:ശാസ്ത്രത്തില്‍ ഈ പദം സാങ്കേതികമായി ഉപയോഗിക്കുന്നു. സങ്കല്പിച്ച കാര്യങ്ങള്‍ മനസ്സിന്റെ കണ്ണില്‍ കാണാമെന്ന് പറയുന്നു.മറ്റൊരാളുടെ വീക്ഷണകോണില്‍നിന്ന് കാര്യങ്ങള്‍ കാണാന്‍ ഈ സങ്കല്പ്പം ഉപകരിക്കും. അവബോധം മനസ്സിന്റെ ഒരു വശമാകുന്നു.മനസ്സില്‍ ഉണ്ടെന്ന് കരുതപ്പെടുന്നതും, മാനസീക പ്രക്രിയകളും കഴിവുകളും ഉപയോഗിച്ച് രൂപീകരിക്കാനും, കഴിവുള്ളവയാകുന്നു മാനസീക ഉള്ളടക്കം. ഇതിന്നുദാഹരണമായി പറയാവുന്നത് ചിന്തകള്‍, ആശയങ്ങള്‍, ഓര്‍മ്മകള്‍, വികാരങ്ങള്‍, ധാരണകള്‍, ഉദ്ദ്യേശ്യങ്ങള്‍, എന്നിവയാകുന്നു.

പ്രായം കൂടുമ്പോള്‍ മനസ്സ് ദുര്‍ബ്ബലമാകുന്നു, ഓര്‍മ്മശക്തി കുറയുന്നു എന്നെല്ലാം എല്ലാവര്‍ക്കും അറിയാം എങ്കിലും ലണ്ടനിലെ കിങ്ങ്‌സ് കോളേജിലെ ന്യുറല്‍ സ്റ്റെം സെല്‍ ഗവേഷകയായസാന്‍ഡ്രിന്‍ ത്രുറെറ്റ് (Sandrine Thuret)എന്ന ശാസ്ത്രജ്ഞ പറയുന്നത്മസ്തിഷ്‌ക കോശങ്ങളെ പ്രായത്തിന്റെ പരിധിയില്ലാതെ വികസിപ്പിച്ചും വളര്‍ത്തിയും എടുക്കാമെന്നാകുന്നു. അവര്‍ അതിന്ന് പല മാര്‍ഗ്ഗങ്ങളും പറയുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇന്ന രീതികളില്‍ ജീവിച്ചാല്‍ മസ്തിഷ്‌ക കോശങ്ങള്‍ പുതുതായി ജനിക്കുമെന്നും ഇന്ന രീതിയില്‍ ജീവിച്ചാല്‍ നശിക്കുമെന്നും സാന്‍ഡ്രിന്‍ ത്രുറെറ്റ് പറയുന്നു.

ന്യുറോണ്‍ എന്നുപറയുന്ന മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുന്ന എല്ലുകൊണ്ടുണ്ടാക്കിയ ഒരു പന്തുപോലെയുള്ള തലയോട്ടില്‍ ഏതാണ്ടൊരു ഗ്രേ നിറത്തിലുള്ള ഭാഗത്ത് ശതകോടികള്‍ സെല്ലുകളില്‍ സ്വപ്നങ്ങള്‍ ഉടലെടുക്കുന്നു, ചിന്തകള്‍ രൂപപ്പെടുന്നു, നല്ലതും ചീത്തയുമായ വാസനകള്‍ സൃഷ്ടിക്കപ്പെടുന്നു, പല രീതിയിലുള്ള വിചാരവികാരങ്ങള്‍ ഉടലെടുക്കുന്നു; അഭിവൃദ്ധിക്കും, നാശത്തിന്നും എല്ലാം കാരണമായവ.

കെ എന്‍ ധര്‍മ്മപാലന്‍

*****

Categories: Psycholoogy