ഇത് മൊബൈല്‍ ഫോണ്‍ യുഗമാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണ്‍; ഈ രംഗത്ത് കടന്നുവന്നതോടെ വാര്‍ത്താവിനിമയ രംഗം കൂടുതല്‍ സജീവമായി. ജനങ്ങള്‍ ഒത്തുകൂടുന്ന ഏതൊരു വേദിയിലും പരസ്പരം മുഖത്തേക്ക് നോക്കുന്നതിന്ന് പകരം എല്ലാവരും സ്മാര്‍ട്ട്‌ഫോണില്‍ തിരുപ്പിടിപ്പിച്ചുകൊണ്ട് ഇരിക്കുകയും നടക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണില്‍ മാത്രം നോക്കിക്കൊണ്ട് മുന്‍പോട്ട് നടന്ന്, ടറസില്‍നിന്നും അതുപോലെയുള്ള മറ്റ് പലയിടത്തുനിന്നും താഴെവീണ സംഭവങ്ങളും വിരളമല്ല. സ്മാര്‍ട്ട്‌ഫോണിന്റെ അമിതമായ ഉപയോഗം, വൈകാരികമായ അടുപ്പം നഷ്ടപ്പെടുത്തുന്നു. ഓഫീസില്‍നിന്ന് വീട്ടിലെത്തിയ ഉടനെ തന്റെ കുട്ടികളെയോ പങ്കാളിയെയോ ശ്രദ്ധിക്കാതെ സ്മാര്‍ട്ട്‌ഫോണില്‍ മാത്രം കളിക്കുന്ന ഒരാള്‍ കുടുമ്പജീവിതം നശിപ്പിക്കുന്നു.
ഒരപകടം സഹജീവിക്ക് പറ്റിയാലേ്പാലും ഉടനെ ഫോണെടുത്ത് അത് ഫോണിന്റെ കേമറയിലാക്കുന്നു. നമ്മുടെ സുഹ്ര്ദ്ബന്ധം വളര്‍ന്ന് വ്യാപകമായാല്‍ ഒരാളെ തിരിച്ചറിയുന്നത്‌പോലും സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴിയണെന്ന് ഒരു പ്രസിദ്ധ ജേണലിസ്റ്റ് പറയുകയുണ്ടായി. ആബന്ധം കൂടുതല്‍ വ്യക്തിബന്ധത്തില്‍നിന്ന് മാറിനില്‍ക്കുന്നു. വ്യവസായ രംഗത്ത് ഉല്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നത്‌പോലും വാട്‌സാപ്പോ ഫെയ്‌സ് ബുക്കോ വഴിയാണ്.
വാട്‌സാപ്പ് വഴി നമ്മള്‍ ലോകം മുഴുവനായി ഒറ്റനിമിഷം കൊണ്ട് ബന്ധപ്പെടാനാവുന്ന ഒരു സ്ഥിതി വന്നിരിക്കയാണ്. അത് നല്ല നിലയില്‍ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ ഏറ്റവും നല്ല രീതിയില്‍ ബന്ധങ്ങള്‍ തുടരാന്‍ കഴിയും എന്നാല്‍; ദുരുപയോഗപ്പെടുത്തിയാല്‍ അത്രതന്നെ സമയം മതി അധ:പതനത്തിലേക്ക് വഴുതി വീഴാനും. വാട്‌സാപ്പ് വഴി ഒരു കാര്യം അന്വേഷിച്ചാല്‍ ഉടനെ മറുപടി ലഭിയ്ക്കുന്നു എന്നത് വാട്‌സാപ്പിനെസംബന്ധിച്ച് ഒരു വലിയ നേട്ടമാണ്. എന്നാല്‍ പെട്ടന്ന് മറുപടി ലഭിക്കാതിരുന്നാല്‍ അത് ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
നിന്ദ്യമായ രീതിയിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ അഡിമിന്‍ എന്ന വ്യക്തിയെ ജയിലിടാന്‍ പോലും ശക്തിയുള്ള നിയമമാകുന്നു. ഊഹാപോഹങ്ങളില്‍ ഒരാള്‍ വാര്‍ത്തയോ പ്രചരണങ്ങളോ വാട്‌സ് ആപ്പിലോ ഫെയ്‌സ് ബുക്കിലോ ഇട്ടാല്‍ അത് അഡ്മിനെ പ്രതികൂലമായി ബാധിക്കുന്നു. ഫെയ്‌സ്ബുക്കിലോ വാട്‌സാപ്പിലോ ഒരാള്‍ക്ക് ഗ്രൂപ്പോ ഗ്രൂപ്പുകളോ ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ വാട്ട്‌സാപ്പ് അംഗങ്ങളില്‍ ആരെങ്കിലും നിന്ദ്യമായതോ, കോപജനകമായതോ ആയ ഒരു പോസ്റ്ററോ സന്ദേശമോ ഇട്ടാല്‍ അത് അഡ്മിനെ ബാധിക്കുന്നു. വ്യാജമായ വാര്‍ത്തകള്‍, മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, അസ്വസ്ഥത ജനിപ്പിക്കുന്ന വീഡിയോകള്‍ എല്ലാം ഇതില്‍ പെടുന്നു. ഇത്തരം പ്രവര്‍ത്തികള്‍ സംഘര്‍ഷം, സംക്ഷോഭം, പിരിമുറുക്കം എന്നിവ മറ്റു വ്യക്തികളിലോ സമൂഹങ്ങളിലോ, പ്രദേശങ്ങളിലോ സൃഷ്ടിക്കപ്പെടുന്നു.
ഒരു ഗ്രൂപ്പില്‍ ലഭിച്ചതോ വ്യക്തിക്ക് ലഭിച്ചതോ ആയ അത്തരം സംഗതികള്‍ വാസ്തവമാണോ എന്ന് ശരിയായി പരിശോധിക്കാതെ പലരും ഒരു താല്‍ക്കാലില ഹര്‍ഷത്തിന്റെ പേരില്‍ ഫോര്‍വേഡ് ചെയ്യുന്നത് സാധാരണമായി കാണാം. അത് ചെയ്യുന്ന ആള്‍ ഒരു ഹീറോ ആവുന്നു എന്ന് അയാള്‍ സങ്കല്പിക്കുന്നു. ഞാനാണ് ആദ്യം ചെയ്തത് എന്ന ഒരു സ്വയംഅഹങ്കാരം അയാളെ ആ സമയത്ത് കീഴടക്കുന്നു. Pride in Sharing Forward (PISH) എന്നൊരു മാനസീക വികാരമാണതിലുള്ളത്. ഞാന്‍ ഒരു പ്രധാന വ്യക്തിയാണ് എന്ന ഒരു അനുഭൂതി ഇതില്‍ വരുന്നു. FOMO എന്നൊരു ഇംഗ്ലീഷ് ചുരുക്കപ്പേരുണ്ട്. അതിന്റെ അര്‍ത്ഥം, ഫിയര്‍ ഓഫ് മിസ്സിങ്ങ് ഔട്ട് എന്നാകുന്നു (Fear Of Missing Out). പുറംലോകത്ത് നടക്കുന്ന ഈ വാര്‍ത്ത ഞാനും കൂടി അറിഞ്ഞിരിക്കുന്നു, അല്ലെങ്കില്‍ അറിഞ്ഞിരിക്കണം എന്ന ഒരു മാനസീകാവസ്ഥയാണിത്. അതും ഈ ഫോര്‍വേഡ് സ്വഭാവത്തിലെ ഒരു ഘടകമാകുന്നു.സ്വയം ടൈപ്പ് ചെയ്ത് അയക്കുന്നതിനേക്കാളെത്രയോ എളുപ്പമാണ് ഫോര്‍വേഡ് ചെയ്യുക എന്ന രീതി. കയ്യെഴുത്തിനേക്കാള്‍ കൂടുതലായി അച്ചടിയെ വിശ്വസിക്കുന്ന ഒരു മാനസീകാവസ്ഥ മനുഷ്യനുണ്ട്.
ചിലപത്രങ്ങള്‍ അവരുടെ പത്രത്തിന്റെ പേരു പറഞ്ഞ്, ഞങ്ങളുടെ പത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ച് നടപടിയുണ്ടായി എന്ന് അഹങ്കരിച്ചു എടുത്ത്പറയുന്നത് ഇന്ന് സാധാരണമാണ് ആ അഹങ്കാരത്തിന്റെ ചെറിയൊരു വശമാണ് ഇത്തരം ഫോര്‍വേഡ് ചെയ്യുന്നതിലും. ”ഞാനപ്പഴേ പറഞ്ഞില്ലേ” എന്ന ശൈലി പലരും ഉപയോഗിക്കുന്നു. അതുതന്നെയാണിവിടെയും.
ഇന്ത്യയില്‍ 200 ദശലക്ഷം ആളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതിലെ അഡ്മിന്‍ എന്ന ആള്‍ അതിന്റെ ഉടമസ്തനെപ്പോലെയാണ്. അഡ്മിനിസ്റ്റ്രേറ്റര്‍ ആയ അഡ്മിന്‍ എന്ന ആള്‍ അതില്‍ അംഗങ്ങളായി ചേര്‍ക്കുന്ന ആളെ വ്യക്തിപരമായി അറിഞ്ഞിരിക്കണം എന്നാണ് നിയമം. സാധാരണ അംഗം ഒരു അഡ്മിനോട് ഈ നമ്പറും കൂടെ ചേര്‍ക്കണം അല്ലെങ്കില്‍ ഈ അംഗത്തെയും കൂടി ചേര്‍ക്കണം എന്നാവശ്യപ്പെട്ടാല്‍ ഉടനെത്തന്നെ അത് ചെയ്യുന്നതില്‍ ശരിയില്ല. എന്നാല്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് അങ്ങിനെയാണ്. അങ്ങിനെ ചേര്‍ത്തശേഷം പുതുതായി ചേര്‍ന്നയാള്‍ മറ്റുള്ളവരെ ചൊടിപ്പിക്കുന്ന രീതിയിലുള്ള മേല്പറഞ്ഞ, അഭിപ്രായ വ്യത്യാസങ്ങളുള്ള സന്ദേശങ്ങളോ, പോസ്റ്ററുകളോ ഇട്ടാല്‍ ഉടനെ അയാളെ നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ സുഹൃത്തല്ലെ? അങ്ങിനെ പെട്ടന്ന് നീക്കുന്നത് ശരിയാണോ? അയാളെന്ത് വിചാരിക്കും എന്നീ സാമാന്യ മര്യാദകള്‍ക്ക് ഇവിടെ പ്രസക്തിയില്ല. ഇനി അഥവാ അത്തരം വിഷമങ്ങള്‍ ശക്തിയായ രീതിയില്‍ തോന്നുന്നുണ്ടെങ്കില്‍ രൂക്ഷമായ രീതിയില്‍ ഇതാവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കണം.
കുടുമ്പ വാട്‌സാപ്പുകള്‍ ഇന്ന് സാധാരണമാകുന്നു. കുടുമ്പബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തുടങ്ങുന്ന ഇത്തരം വാട്‌സാപ്പുകള്‍ അവസാനം; നേരെഎതിരായ രീതിയില്‍ ബന്ധങ്ങള്‍ ശിഥിലമാക്കലിലാണ് പര്യവസാനിക്കുന്നതെന്ന ദയനീയസത്യം പലര്‍ക്കും അനുഭവപ്പെടുന്നു. അങ്ങിനെ അവസാനം ഇഷ്ടമില്ലാത്തവര്‍ സ്വയം ഒഴിഞ്ഞു മാറുന്നു. ലെഫ്റ്റ് (left) എന്ന സന്ദേശം അതില്‍ വരുന്നു. ഗ്രൂപ്പിലും കുടുമ്പത്തിലും ഈ ലെഫ്റ്റ് ഇന്ന് സര്‍വ്വസാധാരണമാണ്. അതിന്റെ മുന്നോടിയായി പലതിലും സംഭവിക്കുന്നത് രാഷ്ട്രീയമോ, മതപരമോ ആയിരിക്കും ഒരേകുടമ്പത്തില്‍ മതപരം താരതമ്യേന കുറവായിരിക്കും. എന്നാല്‍ കുടുമ്പാംഗങ്ങളല്ലാത്ത ഗ്രൂപ്പുകളില്‍ മതപരവും രാഷ്ട്രീയവും വ്യക്തിപരവും എല്ലാം കാണാം. തനിക്ക് ചായ്‌വുള്ള രാഷ്ട്രീയപ്പാര്‍ട്ടിയെയോ, നേതാവിനേയോ ആരാധനാ രീതിയില്‍ പൊക്കിപ്പറയുമ്പോള്‍ അതില്‍ അഭിപ്രായവ്യത്യാസമുള്ള മറ്റംഗങ്ങള്‍ക്ക് ദഹിക്കുന്നില്ല. ഉടനെ അതില്‍ തര്‍ക്കം വരുന്നു. അതുപോലെ ഗുഡ് മോണിങ്ങ് പോലെയുള്ള സന്ദേശങ്ങളില്‍ ദൈവ/മത ചിത്രങ്ങള്‍ കാണിക്കുന്നതും ഇഷ്ടപ്പെടാന്‍ മറ്റ് മതസ്ഥര്‍ക്ക് ബുദ്ധിമുട്ടാകുന്നു. സൈബര്‍ ക്രൈം രംഗത്ത് അതിവിദഗ്ധനായ ഡോ: വിനോദ് ഭട്ടതിരിപ്പാട് പറയുന്നത് ഗുഡ്‌മോണിങ്ങ് ഗുഡ്‌നൈറ്റ് എന്നീ ചിത്രരൂപത്തിലുള്ള ചില സന്ദേശങ്ങള്‍ വഴി നമ്മുടെ ഫോണിലെ സെക്യുരിറ്റിപോലും ചോര്‍ന്നുപോകാനിടയുണ്ടെന്നാണ് എന്ത് മതേതരത്വം പറഞ്ഞാലും ഓരോരുത്തരും തന്റെ മതമാണ് ഏറ്റവും ശ്രേഷ്ഠം, തന്റെ ദൈവത്തിനാണ് ഏറ്റവും ശക്തി എന്ന് വിശ്വസിക്കുന്ന ഒരു ജനതയെആര്‍ക്കും മാറ്റാന്‍ കഴിയില്ല
വിശ്വാസത്തിന്റ് മന:ശാസ്ത്രം ഇങ്ങിനെയാണ്: ഒരറിവ്,വിവരം അല്ലെങ്കില്‍ പ്രസ്ഥാവന,അല്ലെങ്കില്‍ പ്രമേയം തികച്ചും സത്യവും, നിരപേക്ഷമായി തെളിഞ്ഞതാണെന്ന ബോദ്ധ്യം വന്ന മാനസീകാവസ്ഥയാണിത്. ഒരാള്‍ ഒരു വിശ്വാസത്തില്‍ എത്തിച്ചേരുന്നത് അവബോധം (Perception), അനുമാനം (Reasoning) പ്രത്യായനം (Suggestion) എന്നിവ കഴിയുമ്പോഴാകുന്നു.{ പ്രത്യായനം എന്നത് മന:ശാസ്ത്രത്തിലെ സാങ്കേതിക പദമാകുന്നു. നിര്‍ദ്ദേശം, ഉപദേശം, പ്രലോഭനം എന്നീ അര്‍ത്ഥങ്ങള്‍ പറയാം ഇതിന്ന്. ഹിപ്‌നോട്ടിസത്തില്‍ ഒരാളെ മയക്കി കിടത്തി ഇന്നത് ചെയ്യണം എന്ന് നിര്‍ദ്ദേശിക്കുന്നത് പ്രത്യായനം (Suggestion) ആകുന്നു.yp അങ്ങിനെ വിശ്വസിച്ചുകഴിഞ്ഞ ഒരു വ്യക്തിക്ക് മറ്റൊരാളുടെ അഭിപ്രായമുണ്ടായിരിക്കണമെന്ന് നിര്‍ബ്ബന്ധമില്ല. അതായത്, ഒരു വിശ്വാസത്തില്‍ എപ്പോഴും വ്യക്തികള്‍ തമ്മില്‍ ഐക്യത ഉണ്ടായെന്ന് വരില്ല. അതില്‍ പരിതസ്ഥിതികള്‍, ജനിതകം, കണ്ടീഷനിങ്ങ് (Conditioning) എന്നിവയുടെയും സ്വാധീനമുണ്ടായിരിക്കും. ജനിതകം എന്നത് ജനിക്കുമ്പോള്‍ത്തന്നെ ജീന്‍സില്‍ ഉള്ളതും കണ്ടീഷനിങ്ങ് എന്നത് ചെറുപ്പത്തിലേ ശീലിച്ചുവന്ന ഒരു രീതിയുമാകുന്നു. ഇത് മന:ശാസ്ത്രത്തിന്റെ ഭാഗമായ ബിഹേവിയറല്‍ സയന്‍സിന്റെ ഒരു പ്രധാന ഭാഗമാകുന്നു. ഇവാന്‍ പാവ്‌ലോവ്, ജെയിംസ് വാറ്റ്‌സണ്‍ എന്നീ ശാസ്ത്രജ്ഞന്‍മാര്‍ ഇതില്‍ വളരെയധികം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സ്ഥിരമായി ഒരേകാര്യം ചെയ്തു ശീലിച്ച ഒരാള്‍ക്ക് അതുതന്നെ യാന്തികമായി വരുന്നു. അതാണ് ശരി അത് മാത്രമാണ് ശരി എന്ന് ഉപബോധമനസ്സില്‍ കുറിച്ചിടുകയും അത് മറ്റുള്ളവരില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അത്തരം വ്യക്തി ഒരു മേലുദ്യോഗസ്ഥനായാല്‍ കീഴ്ജീവനക്കാരും രാജ്യം ഭരിക്കുന്ന അധികാരികളായാല്‍ ജനതയും അത്‌നുഭവിക്കേണ്ടിവരുന്നു. വാട്‌സാപ്പിലെ ഇത്തരം സ്വഭവമുള്ള ഒരംഗം മതി മറ്റുള്ളവരുടെ ചൊടിപ്പിക്കാന്‍.
എന്റെ ഗ്രൂപ്പുകളിലെ മറ്റുള്ളവര്‍ക്ക് ഞാന്‍ വിജ്ഞാനം പകര്‍ന്നുകൊടുക്കുകയാണ്, അവര്‍ സത്യാവസ്ഥ മനസ്സിലാക്കട്ടെ എന്നുള്ള ചിന്താഗതിക്ക് അടിസ്ഥാനമില്ല. വാട്‌സാപ്പ് സന്ദേശങ്ങളില്‍ ‘കഴിയുന്നെടത്തോളം ഇത് ഫോര്‍വേഡ് ചെയ്യുക’ എന്നൊരു നിര്‍ദ്ദേശം സാധാരണയായി കാണാം. അതില്‍ സത്യം എനിക്കു മാത്രമേ അറിയൂ എന്ന ഒരു ധ്വനി പ്രതിഫലിക്കുന്നു. നേരംപോക്കിന്നുവേണ്ടിയുള്ള ചെറിയ തമാശകള്‍ക്ക് ഇത് ബാധകമല്ല. ചിരിക്കാനുള്ള അത്തരം തമാശകള്‍ മനസ്സിന്ന് സന്തോഷം നല്കുന്നു. എന്നാല്‍ അത് മൂന്നാമതൊരാളെ പരിഹസിക്കുന്ന രീതിയിലോ അപമാനിക്കുന്ന രീതിയിലോ ആവരുത്.
വ്യാജ സന്ദേശങ്ങള്‍:
ഒരിക്കല്‍ ഒരു ഐ എ എസ് കാരി റിക്ഷാവണ്ടി വലിച്ച് സ്വന്തം അച്ഛനായ വയോധികനെ നഗരം കാണിക്കാന്‍ കൊണ്ടുപോകുകയാണെന്നും തന്നെ വളര്‍ത്തി വലുതാക്കിയ അച്ഛനോടുള്ള നന്ദി കാണിക്കുകയാണെന്നും ചിത്രസഹിതം ആരോ ഒരാള്‍ തുടങ്ങിവെച്ചു. ചെറുപ്പക്കാരിയായ ഐ എ എസ് കാരി മകള്‍ വയസ്സായ അച്ഛനെ റിക്ഷാവണ്ടിയില്‍ കയറ്റി വലിച്ചുകൊണ്ടുപോകുന്ന വികാരഭരിതമായ ആ ചിത്രം പലരും ആവേശത്തോടെ ഫോര്‍വേഡ് ചെയ്തു. എന്നാല്‍ അവസാനം പത്രങ്ങളില്‍ വന്നത് അത് വ്യാജവാര്‍ത്തയാണെന്നായിരുന്നു. അത് അച്ഛനും മകളുമായിരുന്നില്ല.
ഈയടുത്തകാലത്ത് പ്രതിരോധമന്ത്രിയുടെ ഫോട്ടോ സൈനിക വേഷമിട്ട ഒരു യുവതിയുടെ കൂടെയുള്ളത്, അതവരുടെ മകളാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഫോട്ടോ പലരും ഫോര്‍വേഡ് ചെയ്തു. കണ്ടില്ലേ പ്രതിരോധമന്ത്രിയുംമകളും നില്‍ക്കുന്നത്. ഇതാണ് രാജ്യസേവനം. ഇവരെയോര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു അതിന്റെ വാട്‌സപ്പ് തലക്കെട്ട്. ജനുവരി 2 ന്റെ മാത്ര്ഭൂമിയില്‍ സത്യവിരുദ്ധമാണ് ഈ വാര്‍ത്തയെന്ന് വന്നിരുന്നു. ആ വാര്‍ത്തയുടെ മാതൃഭൂമി ലിങ്കാണിത്. ഈ വ്യാജപ്രചരണം പങ്കിട്ട് പങ്കിട്ട് പ്രതിരോധ മന്ത്രാലയത്തിന്നുപോലും നിയന്ത്രിക്കാനാവാത്ത വിധത്തില്‍ പടര്ന്നു കഴിഞ്ഞു എന്നായിരുന്നു പത്രവാര്‍ത്ത.
Read more at: https://www.mathrubhumi.com/news/india/that-s-not-nirmala-sitharaman-s-daughter-in-this-viral-photo-1.3445812 വാര്‍ത്ത നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അസത്യമാണെങ്കില്‍ അത് തെറ്റാണ്.
പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കുടുമ്പജീവിതത്തെപ്പറ്റി 2015ല്‍ പറഞ്ഞ നല്ല വാക്കുകള്‍ ഇന്നലെ പറഞ്ഞതാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. സപ്തമ്പര്‍ 2015ന്ന് ക്യുബയില്‍ വെച്ച് സ്പാനിഷ് ഭാഷയില്‍ ചെയ്ത പ്രസംഗത്തിന്റെ പരിഭാഷയായിരുന്നു അത് ഇന്നലെ എന്ന മട്ടില്‍ ഇട്ടത് ഇപ്പോഴും ഇട്ടുകൊണ്ടിരിയ്ക്കുന്നത്. കിട്ടിയത് ഉടനെ മെനക്കേടില്ലാതെ, ആധാരികത പരീക്ഷിക്കാതെയും ഫോര്‍വേഡ് ചെയ്യുന്ന്തിന്റെ തകരാറാണിത്.
ഫെയ്ബുക്ക് വഴിപലരും കാര്‍ട്ടൂണുകള്‍ പോലും ഷെയര്‍ ചെയ്ത് അരസികന്മാരായ ഫെയ്‌സ് ബുക്ക് സ്‌നേഹിതന്മാരുടെ അപ്രീതി സമ്പാദിക്കുന്നു. ഈയെഴുതുന്ന എനിക്കുതന്നെ അടുത്തകാലത്ത് അങ്ങിനെയൊരനുഭവം ഉണ്ടായി. ഇന്ത്യയിലെ ദരിദ്രജനതയെപ്പറ്റി ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്ത എന്നോട്, എന്റെ അടുത്ത ബന്ധുവും മകന്ന് തുല്യവുമായ ഒരാള്‍ കമന്റില്‍ എഴുതി, ‘നിങ്ങള്‍ സ്വന്തം മുഖത്ത്തന്നെ കാര്‍ക്കിച്ചു തുപ്പുകയാണ് ചെയ്തതെന്ന്’ യുവാവായ അയാളുടെ വാക്കുകളില്‍ 73 കാരനായ എന്നോട് പ്രായത്തിന്റെ ഒരു പരിഗണനപോലും ഉണ്ടായില്ല. അയാള്‍ തെറ്റിദ്ധരിച്ചത് ഞാന്‍ അയാള്‍ അനുകൂലിക്കുന്ന സര്‍ക്കാരിനെ കുറ്റം പറയുകയാണെന്നായിരുന്നു. എന്റെ കാഴ്ച്ചപ്പാടില്‍ ഞാന്‍ യാഥാര്‍ത്ഥ്യം ശ്രദ്ധയില്‍ പെടുത്തി എന്നായിരുന്നു. ഞാന്‍ അയാളെ അണ്‍ഫ്രണ്ട് (Unfriend) ആക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിന്ന് അത്തരം ഒരാളെ അണ്‍ഫ്രണ്ട് ആക്കാനുള്ള വ്യക്തിപരമായ ഐച്ഛികമുണ്ട് അതിന്റെ സെറ്റിങ്ങില്‍. എന്നാല്‍ ഗ്രൂപ്പ് വാട്‌സാപ്പില്‍ അത് അഡ്മിന്‍ തന്നെ വിചാരിക്കണം. അതല്ലെങ്കില്‍ അവനവന്‍തന്നെ ഒഴിഞ്ഞു പോവുകയേ (Exit) നിവര്‍ത്തിയുള്ളൂ.
വാട്‌സാപ്പില്‍ പല തരത്തിലുള്ളവരെ കാണാം. അതില്‍ ഒരു വിഭാഗം എല്ലാം കാണുന്നുണ്ട്. അത് രണ്ട് നീല ടിക്ക് മാര്‍ക്ക്‌കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ അവര്‍ ഒന്നിനും അനങ്ങുന്നില്ല. ചിലര്‍ ഗ്രൂപ്പുകള്‍ വിട്ട്‌പോകുന്നത് കാണാം. ചിലര്‍ക്ക് അപ്രസക്തമായതും അശ്ലീലമായതുമായ വീഡീയോകള്‍ ഇടുന്നതിലായിരിക്കും കൂടുതല്‍ താല്പര്യം. അതല്ലാതെയും; കിട്ടിയ വീഡിയോ ഉടനെ ഫോര്‍വേഡ് ചെയ്യുന്നവരെപ്പറ്റി പറയുന്നത് എന്ത് വിഡ്ഢിത്തര വീഡിയോ കിട്ടിയാലും അത് ഫോര്‍വേഡ് ചെയ്യുക എന്നൊരു ഉദ്ദേശ്യം മാത്രമേ അവര്‍ക്കുള്ളൂ; പ്രതികരണം വലിയ കാര്യമായി അവര്‍ കരുതുന്നില്ല. മറ്റുചിലര്‍ പലഗ്രൂപ്പുകളിലും അംഗമായിരിക്കും. അങ്ങിനെ അവര്‍ ഒരു കണ്‍ഫ്യുഷനിലായി സന്ദേശങ്ങള്‍ മാറിയിട്ടുപോകുന്നു. പിന്നീട് സോറി പറഞ്ഞു ഡിലീറ്റ് ചെയ്യുന്നു. മറ്റുചിലര്‍ ഒത്തുകൂടല്‍ പ്ലാന്‍ ചെയ്ത് വാട്‌സാപ്പില്‍ ഇടുന്നു. എന്നാല്‍ മറ്റംഗങ്ങള്‍ക്ക് അയാളുടെ സമയം ഒത്തുവരാത്തതിനാല്‍ പാളിപ്പോകുന്നു. ചിലവ്യക്തികള്‍ എപ്പോഴും മഹാന്മാരുടെ സന്ദേശങ്ങള്‍ മാത്രം ഇടുന്നു അവര്‍ വലിയ ജ്ഞാനിയോ ഉപദേശിയോ ആയി ഭാവിയ്ക്കുന്നു. ഇമോജി കമ്യുണിക്കേറ്റര്‍മാരായ ചിലരുണ്ട്. അവരെപ്പറ്റി പറയുന്നത് ഇമോജികള്‍ക്ക് വാക്കുകളെക്കാള്‍ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണവര്‍ എന്നാണ്. അവര്‍ ഒന്നും എഴുതാതെ ഇമൊജി വഴി മാത്രം ആശയവിനിമയം നടത്തുന്നു. സ്വന്തം ശബ്ദത്തില്‍ ഓഡിയോ സന്ദേശങ്ങള്‍ മാതം അയക്കുന്നവര്‍ അവരുടെ ശബ്ദം ഇഷ്ടപ്പെടുന്നവരാണെന്നാണ് നിഗമനങ്ങള്‍ പറയുന്നത്. ജോലിക്കിടയില്‍ ലഭിയ്ക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ പലപ്പോഴും വിനയാവുന്നു. മേലുദ്യോഗസ്ഥനറിയാതെ സന്ദേശം കേള്‍ക്കണമെങ്കില്‍ സീറ്റില്‍നിന്നെഴുനേറ്റ് ബാത്ത്‌റൂമിലോ, പുറത്തേക്കോ പോകേണ്ടിവന്നേക്കും. രാവിലെ എഴുനേറ്റ ഉടനെ ഗുഡ് മോണിങ്ങും രാത്രി കിടക്കുന്ന നേരം ഗുഡ് നൈറ്റും മാത്രം അയക്കുന്ന ഒരു വിഭാഗമുണ്ട്. ചില അഡ്മിന്‍മാര്‍ ഇടക്കിടെ ഗ്രൂപ്പിന്റെ ചിഹ്നം മാറ്റിക്കൊണ്ടിരിക്കുന്നു. പദസഞ്ചയം കുറവുള്ള ആളുകളാണ് എപ്പോഴും എന്തിനും ഒ കെ മാത്രം എഴുതുന്നത് എന്ന് പറയുന്നു.ഒരു ഗ്രൂപ്പില്‍ പൂജ്യം സാന്നിദ്ധ്യം കാണിക്കുന്ന ചിലരുണ്ട്. അവര്‍ക്ക് ‘നിങ്ങള്‍ എന്തെങ്കിലും ആയേ്ക്കാളീന്‍’ എന്ന ഭാവമായിരിക്കും. എല്ലാവരുടെയും പിറന്നാളുകള്‍ ഓര്‍മ്മവെച്ച് രാവിലെ ആദ്യംതന്നെ ഹേപ്പി ബര്‍ത്ത്‌ഡേ എന്ന സന്ദേശമയക്കുന്ന സഹൃദയന്മാരുണ്ട്. ആരും തമ്മില്‍ തര്‍ക്കിക്കുന്നത് ഇഷ്ടപ്പെടാത്ത അംഗങ്ങള്‍ സമാധാനപ്രിയന്മാരാകുന്നു (Controversy stopper) ഇതുപോലെത്തന്നെ കോണ്ട്രോവര്‍സി സ്റ്റാര്‍ട്ടര്‍ (Controversy starter) എന്ന പ്രത്യേകതക്കാരും ഉണ്ട്. അവര്‍ തര്‍ക്കവിഷയം ഒത്തുതീര്‍പ്പിലെത്തിയാലും വീണ്ടും അതിനെ ചുറ്റിപ്പറ്റി എന്തെങ്കിലും ഇട്ട് വീണ്ടും ഊതിയൂതി തീ കത്തിക്കാന്‍ ശ്രമിക്കുന്നു. ഇങ്ങിനെയുള്ള വ്യത്യസ്ഥ വ്യക്തികളുടെ ഒരു സമ്മിശ്ര സമ്മേളനമാണ് വാട്‌സാപ്പ്. അതുതന്നെയാണ് അതിന്റെ പ്രത്യേകതയും ഒരു തരത്തില്‍ ആകര്‍ഷതയും. നമ്മുടെ ഭാരതത്തിലെ നാനാത്വത്തിലെ ഏകത്വം പോലെ (Unity in diversity)
വാട്‌സാപ്പ് സന്ദേശങ്ങളും ചിത്രങ്ങളും ഫോര്‍വേഡ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. അതിന്റെ ഒരു കാരണം വാട്‌സാപ്പ്‌സൗകര്യത്തിന്ന് പണച്ചെലവില്ലെന്നതാണ്. എത്ര നീളമുള്ള സന്ദേശമായാലും അത് കീശയെ ബാധിക്കുന്നില്ല. 500 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള ഭാരതത്തില്‍ 200 ദശലക്ഷം ആളുകള്‍ക്ക് വാട്ട്‌സാപ്പ് സൗകര്യമുണ്ട്. എളുപ്പത്തില്‍ പങ്കുവെയ്ക്കാന്‍ സാധിക്കുന്നു എന്നുള്ളത് വാട്‌സാപ്പിന്റെ ഒരു ഗുണമാണ്. പങ്കുവെക്കാന്‍ സാധിക്കുന്ന്ത് പോലെത്തന്നെ, എതിരഭിപ്രായക്കാരുടെയോ, ശത്രുപക്ഷത്തുള്ളവരുടെ നേരേയോ ഒരു രാമശരം പോലെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഉപയോഗിച്ച് അയക്കുന്ന ആള്‍ നിര്‍വൃതികൊള്ളുന്നു. പത്രങ്ങളില്‍ വരുന്നതിന്നുമുന്‍പ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്നു.വാട്‌സാപ്പ് വഴി പ്രചരിക്കുന്ന സംഗതികള്‍ ചിലവ നിരുപദ്രവും സത്യവും ആയിരിക്കും. പൊതുവെ സിനിമകള്‍, അപ്‌ഡെയ്റ്റുകള്‍ (updates) എന്നിവ അവയില്‍ പെടുന്നു. നിരുപദ്രവകാരിയായ മറ്റ് സന്ദേശങ്ങള്‍ ഗുഡ് മോണിങ്ങോ അത്‌പോലെയോ ഉള്ള ടൈപ്പ് ചെയ്ത സന്ദേശങ്ങള്‍ എന്നിവയാകുന്നു. ചരിത്രപരമോ, രാഷ്ട്രീയമോ, ഐതിഹാസികമോ ആയവക്ക് സത്യമായിരിയ്ക്കാനുള്ള സാദ്ധ്യത കുറവാകുന്നു. മെഡിക്കല്‍ സന്ദേശങ്ങള്‍, ആരോഗ്യ നിര്‍ദ്ദേശങ്ങള്‍, പ്രക്രിതിദത്തമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ എന്നിവ മിക്കവാറും ശാസ്ത്ര സത്യങ്ങളില്‍നിന്ന് വ്യതിചലിച്ചവയായിരിക്കാം.
കെ എന്‍ ധര്‍മ്മപാലന്‍