മിഥ്യകള്‍
Published in Pradeepam Magazine of December 2018 issue
മരീചിക, മൃഗതൃഷ്ണ, അല്ലെങ്കില്‍ ഒരു വ്യാമോഹമുളവാക്കുന്ന സംഗതി എന്നിവ മരുഭൂമികളിലും കടലിലും കാണുന്ന ഒരു പ്രതിഭാസമാകുന്നു. എന്നാല്‍ ഇതിന്ന് ഭൗതികശാസ്ത്രത്തില്‍ വിശദീകരണം നല്‍കാന്‍ സാധിക്കും; അപഭംഗം അഥവാ റിഫ്രാക്ഷന്‍ (Refraction) എന്ന പ്രതിഭാസം കാരണമാണ് ഈ തോന്നല്‍ വരുന്നത് എന്ന്. അത് ആയൊരു പ്രത്യേക സ്ഥാനത്ത്‌നിന്ന്, കോണില്‍നിന്ന്; നോക്കുന്ന കണ്ണിന്ന് തകരാറില്ലാത്തവര്‍ക്കെല്ലാം അനുഭവപ്പെടുന്ന ഒരു കാര്യമാണ്. മഹാഭാരതത്തിലെ സഭാപര്‍വ്വത്തില്‍ പതിനാലുമാസംകൊണ്ട് മയന്‍ എന്ന ദാനവന്‍ ഒരു സഭാമന്ദിരം യുധിഷ്ഠിരന്ന്‌വേണ്ടി പണികഴിപ്പിച്ച കഥപറയുന്നു. ശ്രീക്രിഷ്ണന്റെ ആവശ്യപ്രകാരം അതുപോലെ മറ്റൊന്ന് ഈ ഭൂമിയില്‍ ഉണ്ടായിരിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമനുസരിച്ചായിരുന്നു അത്. കല്ലിന്റെയും ഇഷ്ടികയുടെയും സ്ഥാനത്ത് സ്പടികമുപയോഗിച്ചു നിര്‍മ്മിച്ച സ്പടികമയമായ ആ സഭാമന്ദിരത്തില്‍ വന്ന ദുര്യോധനാധികള്‍ വെള്ളമാണെന്ന് ധരിച്ചു തുണി പോക്കി നടന്ന ഒരു കഥയുണ്ട്. ഇത്തരം തോന്നലുകളെ ഇല്ല്യുഷന്‍ (Illusion) എന്ന് പറയുന്നു. ഇല്ല്യുഷന്‍ എന്നത് ബാഹ്യവും ഡെല്യുഷന്‍ ആന്തരികവുമാണ.് ഒന്ന് കാഴ്ച്ചാപരമായും, മറ്റൊന്ന് മസ്തിഷ്‌കപരമായും ഉള്ളതാണ്. ഒരു മിഥ്യയായ കാഴ്ച്ചപ്പാടിന്റെ അടുത്തെത്തുമ്പോള്‍ മനസിസിലാവുന്നതാണ് തോന്നിയത് ശരിയായിരുന്നില്ല എന്ന്. എന്നാല്‍ ഡെല്യുഷന്‍ തികച്ചും മസ്തിഷ്‌കത്തില്‍നിന്ന് പുറപ്പെടുന്നതാകയാല്‍ അത് അനുഭവപ്പെടുന്നയാളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരാന്‍ ബുദ്ധിമുട്ടാകുന്നു. ഒന്ന് ശാരീരികമായതും മറ്റേത് മാനസീകമായതും ആകുന്നു.
ഇന്നും എന്നും പഠനവിഷയമായ മനുഷ്യമനസ്സിലെ ഡെല്യുഷന്‍ എന്ന തോന്നലിന്ന് മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ പോലെയുള്ള ന്യുറോ ട്രാന്‍സ്മിറ്ററുകളെന്ന് പറയുന്ന ഡോപ്പമിന്‍ പോലെയുള്ള രാസവസ്ഥുക്കളാണ് കാരണമെന്ന് ആധുനീക ശാസ്ത്രത്തിന്ന് പറയാമെന്നല്ലാതെ അനുഭവപ്പെടുന്ന ആളുടെ ആ മനസ്ഥിതി മാറ്റുക എന്നത്, മനശാസ്ത്രത്തിലെ ഒരു ദുര്‍ഘട ഘട്ടമാകുന്നു. മറിമായം, മിഥ്യാഭ്രമം, വഞ്ചന, വ്യാമോഹം എന്നിങ്ങിനെ പല അര്‍ത്ഥങ്ങളുമുണ്ട് ഡെല്യുഷന്‍ (Delusion) എന്ന ഇംഗ്ലീഷ് വാക്കിന്ന്. നാം ജീവിക്കുന്ന ഈ ലോകത്ത് പലരും ഈ മിഥ്യാഭ്രമത്തിന്നടിമകളാണ്. അവ പല രീതിയിലും ആവാം. വെറും സംസാരം കൊണ്ട് മാറ്റാന്‍ പറ്റാത്ത തെറ്റിദ്ധാരണകള്‍ ആകുന്നു ഡെല്യുഷന്‍. വിദ്യാഭ്യാസം, സാമൂഹ്യ സാംസ്‌കാരിക ബന്ധം, എന്നിവകളൊന്നും ബാധകമല്ലാത്ത ഒരു മാനസീകാവസ്ഥയാകുന്നു ഇത്. മിക്കവാറും ഇത് അസാധാരണ സംഭവങ്ങളില്‍നിന്നോ, സാഹചര്യങ്ങളില്‍നിന്നോ ഉടലെടുക്കുന്നു. ചിലപ്പോള്‍ ഇത് മനോരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളും ആവാം. പൊതുവെ ചില ഡെല്യുഷന്‍ ഉള്ള ആള്‍ക്ക് സ്വന്തം വേഷവിധാനത്തില്‍ താല്പര്യമുണ്ടാവില്ല.
സാധാരണയായി മന:ശാസ്ത്രത്തില്‍ കണ്ടുവരുന്ന മിഥ്യാ ബോധങ്ങള്‍:
ഇവ പലതരവും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയില്‍ സംശയ രോഗികളുണ്ട്, അമാനുഷ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്, എന്നെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്നും, എനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരുണ്ടെന്ന് ധാരണയുള്ളവരുണ്ട്. ഈ ലോകം നശിക്കാന്‍ പോകുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട് അങ്ങിനെ പലതരം മിഥ്യാബോധക്കാരും ഉണ്ട്. പലരും ഈയൊരു മാനസീകാവസ്ഥ വെച്ചുകൊണ്ടുതന്നെ അവരുടെ ജോലി നന്നായി ചെയ്യുന്നവരുമായിരിക്കാം.എന്നാല്‍ ചിലര്‍ തന്റെ ആ മിഥ്യാബോധത്തില്‍ തന്റെ കൂടെ പലരെയും ചേര്‍ക്കുവാന്‍ ശ്രമിക്കുന്നു. അവര്‍ അതിന്നു വേണ്ടി പ്രസംഗങ്ങളും സമ്മേളനങ്ങളും നടത്തുന്നു, പിന്‍ഗാമികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഏത് മാറാരോഗവും പ്രാര്‍ത്ഥനകൊണ്ട് മാറ്റാന്‍ ശ്രമിക്കുന്നവരും, ഏത് പ്രശനവും അമാനുഷിക ശക്തികള്‍ക്ക് തീരക്കാന്‍ സാധിക്കുമെന്നും ഇതില്‍ ചിലര്‍ വിശ്വസിക്കുമ്പോള്‍, ഒരു പ്രശ്‌നത്തിന്നും പരിഹാരമില്ലെന്നും, ഈ ലോകം തന്നെ നശിക്കാന്‍ പോവുകയാണെന്നും മറ്റുചിലര്‍ ശാസ്ത്രീയാടിസഥാനമില്ലാത്ത വിശ്വാസവുമായി നടക്കുന്നു.എന്നെ നശിപ്പിക്കാന്‍ അടുത്ത വീട്ടുകാരന്‍ ശ്രമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന മാനസീകാവസ്ഥയുള്ളയാള്‍ അതിന്നുള്ള തെളിവുശേഖരിക്കാന്‍ ബദ്ധപ്പെടുന്നു. പങ്കാളിയെ സംശയിക്കുന്ന മിഥ്യാ ബോധക്കാരന്‍ അസൂയ്യാലുവായി നടക്കുന്നു. അവിടെയും; ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.
എന്റെ അയല്‍ക്കാര്‍ എന്നെ നയിക്കുന്നു. എന്ന് വിശ്വസിക്കുന്ന മാനസീകാവസ്ഥക്ക്, മന:ശാസ്ത്രത്തില്‍ ഡെല്യുഷന്‍ ഓഫ് കണ്ട്രോള്‍ (Delusion of Control of delusion of passivity) എന്ന് പറയുന്നു. താന്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മറ്റാരോ ചെയ്യിക്കുന്നതാണെന്ന തോന്നലാണിവിടെ പ്രശ്‌നം. പുറമെനിന്നുള്ള ശക്തി എന്നെ നിയന്ത്രിക്കുന്നു എന്നതിനാലാണിതിനെ ഡെല്യുഷന്‍ ഓഫ് പാസ്സിവിറ്റി എന്ന് പറയുന്നത്. എന്റെ അച്ഛന്ന് ചിരകാല പരിചയമുള്ളതു, കുറേക്കാലം അച്ഛന്‍ മാനേജരായി ജോലിചെയ്ത സ്ഥാപനത്തിലെ തോട്ടക്കാരനായിരുന്നതുമായ ഒരാള്‍ എന്റെ വീട്ടില്‍ വന്നയുടനെ സ്ഥിരം പറയുന്ന ഒരു ആവലാതിയുണ്ട്. സര്‍, ഞാന്‍ പല പ്രാവശ്യവും ഇങ്ങോട്ട് വരാന്‍ പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്റെ വീട്ടിന്റെ ഗെയിറ്റ് കടക്കുമ്പോഴേക്ക് തോന്നും പോകേണ്ട എന്ന്. അടുത്ത വീട്ടിലെ ശത്രുക്കള്‍ ദോഷപ്പണി ചെയ്യുന്നതാണേ?!!!
എത്രപ്രാവശ്യം ഡോക്ടറുടെയടുത്ത് പോയാലും എത്രപ്രാവശ്യം മാറിമാറി ഡോക്ടര്‍മാരെ കാണിച്ച് സംശയനിവര്‍ത്തി വരുത്തിയാലും രോഗമുണ്ടെന്ന് പറയുന്നവരുണ്ട്. ഇത്തരം മാനസീകാവസ്ഥയെ ഹൈപ്പോകോണ്ട്രിയാക്ക് ഡെല്യുഷന്‍ (Hypochondriac delusion) എന്നാണ് പൊതുവെ പറയുക. ഉദാഹരണമായി, ഒരാള്‍ സ്ഥിരം ‘എന്റെ തലയോട്ടില്‍കൂടെ പ്രാണിയരിച്ചുകൊണ്ടിരിക്കുന്നു’ എന്ന് പറയുന്നു. ഒന്നുമില്ലെന്ന് പറഞ്ഞാലും അയാള്‍ക്ക് വിശ്വാസമാവുന്നില്ല.എനിക്ക് രോഗമുണ്ടെന്ന് രോഗമില്ലാത്ത ഒരാള്‍ വിശ്വസിക്കുന്നതോ, ശരീരത്തിലുടനീളം അണുബാധയുണ്ടെന്നോ വിചാരിക്കുന്നതായ അവസ്ഥയെ സോമാറ്റിക്ക് ഡെല്യുഷന്‍ (Somatic Delusion) എന്ന് പറയുന്നു
തന്റെ പങ്കാളിയെ സംശയിക്കുന്ന മാനസീകാവസ്ഥക്ക് ഡെല്യുഷന്‍ ഓഫ് ഇന്‍ഫെഡിലിറ്റി (Delusion of infedility) എന്ന് പറയുന്നു. ഇതിന്ന് ഒഥല്ലോ സിന്‍ഡ്രോം (Othello Syndrome) എന്ന മറ്റൊരു പേരുമുണ്ട്. ഷൈക്‌സ്പിയറിന്റെ ഒഥല്ലോ എന്ന ദു:ഖ പര്യവസാനിയായ കഥയിലെ നായകനായ ഒഥല്ലോ തന്റെ പങ്കാളിയായ ഡെസ്റ്റിമോണയുടെ ചാരിത്ര്യത്തില്‍ സംശയിക്കുകയും അവസാനം അവരെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമാണുണ്ടായത്. ഈ മാനസീകാവസ്ഥ കൂടുതലും പുരുഷന്മാരിലാണ് കാണുന്നത്. രാമായണത്തില്‍ അഹല്യക്ക് ശിലാരൂപത്തില്‍നിന്ന് രാമന്‍ പാദസ്പര്‍ശം കൊണ്ട് മോക്ഷം നല്‍കിയതോടൊപ്പം അഹല്യാപതിയായ ഗൗതമ മഹര്‍ഷിയെ ശ്രീരാമന്‍ ഡെല്യുഷനില്‍നിന്ന് (ലോഭമോഹ വിവര്‍ജ്ജിത) മോചിതനാക്കുന്നു.
പുരുഷന്മാരില്‍ ഈ മാനസീകാവസ്ഥ ലൈംഗികപരമായും സ്ത്രീകളില്‍ വൈകാരികപരമായും ആണ് കാണുന്നത്. അതായത് തന്റെ പങ്കാളി മറ്റൊരാളുമായി ലൈംഗികബന്ധം പുലര്‍ത്തി എന്ന് പുരുഷന്‍ വിശ്വസിക്കുമ്പോള്‍, സ്തീ വിശ്വസിക്കുന്നത് തന്റെ പങ്കാളി മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നായിരിക്കും.
ഇത്തരക്കാര്‍ പങ്കാളിയെ നിരന്തരം ചോദ്യം ചെയ്യുകയും, മറ്റുള്ളവര്‍ കാണാതിരിക്കുന്ന രീതിയില്‍ വീട്ടിന്ന് ഉയര്‍ത്തിയ മതിലോ മറയോ കെട്ടുന്നതും അസാധാരണമല്ല. തെളിവ് ശേഖരിക്കാന്‍ അവര്‍ വ്യഗ്രത കാണിക്കുന്നു. മദ്യത്തിന്റെ ഉപയോഗം ഈ മാനസീകാവസ്ഥ വഷളാക്കുന്നു. വിവാഹ ജീവിതത്തെ സാരമായി ബാധിക്കുന്ന ഈ മാനസീകാവസ്ഥ ആത്മഹത്യയിലേക്ക്‌പോലും നയിക്കുന്നു. പങ്കാളി എതിര്‍ ലിംഗത്തിലുള്ളവരുമായി ഇടപഴകുമ്പോള്‍ ഇത്തരക്കാര്‍ അസ്വസ്ഥരാകുന്നു. മൊബൈല്‍ ഫോണില്‍ പങ്കാളിയുടെ കോള്‍ഹിസ്റ്ററി പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വ്യക്തികള്‍ സാധാരണ ജീവിതത്തില്‍ മാന്യന്മാരും ഓഫീസിലെ തന്റെ ജോലി നല്ല രീതിയില്‍ ചെയ്യുന്നവരും ആയിരിക്കാം. എന്നാല്‍ വീട്ടില്‍ വരുമ്പോള്‍ പരിശോധന തുടങ്ങുന്നു.
തനിക്ക് ഭയംഗരമായ സാമ്പത്തീക ശക്തി, സ്ഥാനം, ബുദ്ധിശക്തി, പവര്‍ എന്നിവയുണ്ടെന്ന് ധരിക്കുന്ന മറ്റൊരു മാനസീകാവസ്ഥയുണ്ട്. ഇതിനെ എക്‌സ്പാന്‍സീവ് ഡെല്യുഷന്‍ അല്ലെങ്കില്‍ ഗ്രാന്‍ഡിയോസ് ഡെല്യുഷന്‍ (Delusion Of Grandeur or Grandiose Delusion) താന്‍ വലിയൊരു കാര്യം ചെയ്തിട്ടുണ്ടെന്നും അതിന്നനുസരിച്ച പരിഗണന തനിക്ക് ലഭിച്ചിട്ടില്ലെന്നും കരുതുന്നവരുണ്ട് ഇതില്‍ ചിലര്‍. ഞാന്‍ ദൈവമാകുന്നു, എനിക്ക് അമാനുഷ ശക്തിയുണ്ട് എന്ന് ഇതില്‍ ചിലര്‍ വിശ്വസിക്കുന്നു. കൗണ്‍സലിങ്ങ് മനശാസ്ത്രത്തില്‍ ഞാന്‍ ഇന്റേര്‍ണ്‍ഷിപ്പ് ചെയ്യുന്ന കാലത്ത് മനോരോഗവിദഗ്ദ്ധനായ ഡോക്ടറുടെ കൂടെ റൗണ്ട്‌സിന്ന് ചെന്നപ്പോള്‍ ഒരു ദിവസം ഒരു രോഗി പറഞ്ഞത് ഇങ്ങിനെയായിരുന്നു അയാള്‍ ഡോക്ടറെ ഗുഡ്‌മോണിങ്ങ് ഡോക്ടര്‍ എന്ന് പറഞ്ഞു സ്വാഗതം ചെയ്തു എന്നാല്‍ സ്വയം പരിചയപ്പെടുത്തിയത് ”ഞാനൊരു ന്യുറോളജിസ്റ്റാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു. ബൈസ്റ്റാന്‍ഡറായി നില്‍ക്കുന്ന തന്റെ ഭാര്യയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ” ഇതിവിടുത്തെ ഗൈനക്കോളജിസ്റ്റാണ് എന്നും പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവില്‍ കുറേ മുന്‍പൊരാളുണ്ടായ്രിരുന്നു. നല്ല രീതിയില്‍ വേഷവിധാനം ചെയ്ത അയാള്‍ താന്‍ പോലീസ് ഓഫീസറാണെന്ന് സ്വയം സങ്കല്പിക്കുന്നു. കയ്യിലുള്ള ഡയറിയും പെന്‍സിലുമെടുത്ത് സൈക്കള്‍ യാത്രക്കാരെ പിടികൂടി എന്തെങ്കിലും കാരണം കണ്ടുപിടിച്ച്, പേരുചോദിച്ച് ഡയറിയില്‍ എഴുതിയെടുക്കുന്നപോലെ അഭിനയിക്കുന്നു. സൈക്കിളുകാരന്‍ പോയിക്കഴിഞ്ഞാല്‍ നോക്കിനില്‍ക്കുന്നവരോട് ”ഞാന്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടൊന്നുമില്ല. വെറുതെ പേടിപ്പിച്ചതാ” എന്നും പറയുന്നു. ഇതിന്റെ തന്നെ ഒരു പടി മുന്നോട്ടായി എനിക്ക് ധാരാളം സ്വത്തുണ്ടെന്ന് വിശ്വസിക്കുന്ന മാനസീകാവസ്ഥയെ എക്‌സ്പാന്‍സീവ് ഡെല്യുഷന്‍ Expansive Delusion എന്നും പറയുന്നു.ഈ ലോകവും തനിക്ക് ചുറ്റുമുള്ള എല്ലാ സംഗതികളും അവസാനിക്കാന്‍ പോകുന്നു എന്നൊരു മാനസീകാവസ്ഥയാണ് Delusion Of Negation or Nihilistic delusion. ഇത് മിക്കവാറും അനാരോഗ്യകരമായതും, വിഷാദോന്മുഖമായതുമായ ഒരു ഡെല്യുഷനാകുന്നു. എന്റെ ശരീരംതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നിവര്‍ വിശ്വസിക്കുന്നു. ഇത്തരക്കാര്‍ അവരുടെ ശരീരത്തെ തീരെ ശ്രദ്ധിക്കുന്നില്ല. അവര്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്ന ഒരുതരം വിഷാദപരമായ അവസ്ഥയാണിത്. ഇതൊരു അപൂര്‍വ്വമായ മനസീകാവസ്ഥയാണെന്ന് പറയാം.
ഈ ലോകവും തനിക്ക് ചുറ്റുമുള്ള എല്ലാ സംഗതികളും അവസാനിക്കാന്‍ പോകുന്നു എന്നൊരു മാനസീകാവസ്ഥയാണ് Delusion Of Negation or Nihilistic delusion. ഇത് മിക്കവാറും അനാരോഗ്യകരമായതും, വിഷാദോന്മുഖമായതുമായ ഒരു ഡെല്യുഷനാകുന്നു. എന്റെ ശരീരംതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നിവര്‍ വിശ്വസിക്കുന്നു. ഇത്തരക്കാര്‍ അവരുടെ ശരീരത്തെ തീരെ ശ്രദ്ധിക്കുന്നില്ല. അവര്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്ന ഒരുതരം വിഷാദപരമായ അവസ്ഥയാണിത്. ഇതൊരു അപൂര്‍വ്വമായ മനസീകാവസ്ഥയാണെന്ന് പറയാം.
എല്ലാവരും എനിക്കെതിരാണെന്ന ചിന്ത അഥവാ ഡെല്യുഷന്‍ ഓഫ് പെര്‍സിക്യുഷന്‍, (Delusion Of Persecution) തന്റെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തതായി ഇവര്‍ സംശയിക്കുന്നു. എന്നെ ശത്രുക്കള്‍ അനുഗമിക്കുന്നുണ്ടെന്നും എന്റെ പേരില്‍ കേസുകൊടുക്കാനോ ഉപദ്രവിക്കാനോ ശ്രമിക്കുന്നുണ്ടെന്നുമാവാം ഇവരുടെ ചിന്താഗതി.
അവരെല്ലാവരും എന്നെപ്പറ്റിയാണ് ചര്‍ച്ച ചെയ്യുന്നത് (Delusion Of Reference) ഒരു വിവാഹപ്പന്തലിലോ അതുപോലെയുള്ള ജനങ്ങള്‍ കൂടിയിരിക്കുന്ന മറ്റ് സ്ഥലങ്ങളിലോ കയറിച്ചെല്ലുമ്പോള്‍ ചിലര്‍ വിചാരിക്കുന്നു അവരെല്ലാം സംസാരിക്കുന്നത് എന്നെപ്പറ്റിയാണെന്ന്. ഇത് രണ്ട് രീതിയിലുണ്ട്. ഒന്ന്, എന്നെ കുറ്റം പറയുകയാണെന്ന്. മറ്റൊന്ന് ഞാന്‍ വലിയ ആളായത് കൊണ്ട് അത്തരത്തില്‍ മതിപ്പോടുകൂടി എന്നെപ്പറ്റി പറയുകയാണെന്ന്.
ചിലരില്‍ കാണുന്ന ഒരു മാനസീകാവസ്ഥയാണ് ഇറാട്ടോ മാനിയ (Erotomania )എന്ന അവസ്ഥ. ഇത് സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. ഇതില്‍, വലിയനിലയിലുള്ള ഒരാള്‍ തന്നെ പ്രേമിക്കുന്നുണ്ടെന്നുള്ള തെറ്റിദ്ധാരണയാണ്. അയാള്‍ രഹസ്യമായി തന്നെ പ്രേമിക്കുന്നുണ്ടെന്നു, തന്നെ കാണുവാന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള ഒരു മിഥ്യാ വിചാരമായിരിക്കും.
ഡെല്യുഷന്ന് ചില ഗുണങ്ങളുമുണ്ട്. ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റാത്ത പലതിലും പ്രതീക്ഷയോടെ മനുഷ്യന്‍ വിശ്വസിക്കുന്നു. അതെന്തെന്നില്ലാത്ത സന്തോഷവും, സുരക്ഷിതത്വവും നല്‍കുന്നു. സത്യം എന്തായിരുന്നാലും മാനസീകാരോഗ്യമുള്ള മനുഷ്യന്‍പോലും ഇല്ലാത്ത പലതിലും അല്ലെങ്കില്‍ എന്തിലെങ്കിലും വിശ്വസിക്കുന്നു. ‘അങ്ങിനെയുള്ള മനസ്സില്‍ വെളിച്ചം കടക്കുന്നതിന്നനുസരിച്ച് സൂര്യന്‍ മാത്രമാണ് യഥാര്‍ത്ഥ വെളിച്ചമെന്ന് മനുഷ്യന്‍ മാനസ്സിലാക്കും എന്നായിരുന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്.’
K N Dharmapalan