Published in Pradeepam Magazine of October 2018 issue

കെ എന്‍ ധര്‍മ്മപാലന്‍

എന്താണ് കോപം?
കോപം, ദേഷ്യം, രോഷം, രൗദ്രത, അമര്‍ഷം, ക്രോധം എന്നിവയെല്ലാം ഇതിന്റെ പര്യായങ്ങളാകുന്നു.

കോപം വരുന്നത് നല്ലതോ ചീത്തയോ?,
ഒറ്റനോട്ടത്തില്‍ കോപം ഒരു ദൂഷ്യമാകുന്നു. കോപം കൊണ്ട് ഗുണങ്ങളും ഇല്ലെന്ന് പറയാന്‍ വയ്യ. ആകാംക്ഷകള്‍ പങ്കുവെക്കാനുള്ള മാര്‍ഗ്ഗമായി കോപത്തിനെ കണക്കാക്കാം. മറ്റുള്ളവര്‍ തലയില്‍ കയറി തുള്ളുന്നത് ഒഴിവാക്കാം. പോസറ്റീവായി ചില കാര്യങ്ങള്‍ ചെയ്യാന്‍ കോപം പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. മോട്ടിവേഷനല്‍ ക്ലാസ്സുകളില്‍ സാധാരണയായി ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് ദേഷ്യം എങ്ങിനെ പോസിറ്റീവായി മാറ്റാന്‍ കഴിയും എന്നത്. ദേഷ്യം ഒത്തുതീര്‍പ്പിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാല്‍ ഇതില്‍ നിയന്ത്രണ ഘടകമാണ് പ്രധാനം.

കോപം വരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്?
ഒട്ടുമിക്ക കോപങ്ങളും നിരാശ, മോഹഭംഗങ്ങള്‍, ഭീതി,മുന്‍വിധി, എന്നിവ കാരണം ഉടലെടുക്കുന്നതാകുന്നു. അവനവനവനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഒരു സംരക്ഷിത മാര്‍ഗ്ഗമായും പലരും ക്രോധത്തെ ഉപയോഗിക്കുന്നു. ഉള്ളില്‍ പേടിയുണ്ടായാല്‍ കോപം വരുന്നവരുണ്ട്. ട്രാഫിക്ക് കുരുക്കില്‍ പെട്ട് മുന്നോട്ട് പോകാന്‍ സാധിക്കാതെ വരുമ്പോള്‍, സ്വന്തം കുട്ടി പറഞ്ഞത് അനുസരിക്കാതിരിക്കുമ്പോള്‍, പറയുന്നതിനെല്ലാം ഭാര്യയോ ഭര്‍ത്താവോ തറുതല പറയുമ്പോള്‍. ഇതെല്ലാം സമ്മര്‍ദ്ധം കൂട്ടുന്ന സന്ദര്‍ഭ്ഭങ്ങളാണ്

കോപം ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ?
കോപം വരുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. തീര്‍ച്ചയായും ഒരു ആരോഗ്യപ്രശ്‌നമാണിത്. കോപം ഉണ്ടാവുമ്പോള്‍ മസ്തിഷ്‌കം അഡ്രിനാലിന്‍ (adrenaline) ,നോര്‍അഡ്രിനാലിന്‍ (noradrenaline) എന്നീ രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഈ രാസവസ്തുക്കള്‍ ഉപകരിക്കുന്നു. രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കാന്‍ പാന്‍ക്രിയാസ് (pancreas) ഗ്രന്ഥിയെയും ഇത് സഹായിക്കുന്നു. സെറട്ടോണിന്‍ (serotonin) എന്ന രാസവസ്തു കോപവുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റൊരു രാസവസ്തുവാകുന്നു. മസ്തിഷ്‌ക സുഷുംനാ (cerebrospinal areas) ഭാഗങ്ങളില്‍ സെറട്ടോണിന്‍ ലവല്‍ കുറയുമ്പോള്‍ മുന്‍കോപം വരാന്‍ അത് കാരണമാകുന്നു. അക്രമണകാരിയായ സ്വഭാവങ്ങള്‍ക്കും ഇതു തന്നെ കാരണം. കോര്‍ടിസോള്‍ (cortisol) എന്ന പേരിലും അറിയപ്പെടുന്ന ഹൈഡ്രോകോര്‍ടിസോണ്‍ (hydrocortisone.) ഹോര്‍മോണ്‍ സെറട്ടോണിനെ നിയന്ത്രിക്കുന്ന ഒന്നാകുന്നു. അത് കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുമ്പോശ് ദേഷ്യം കുറയുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

പിറുപിറുത്തുകൊണ്ട് ജോലി ചെയ്യുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളം. അതില്‍ യജമാനനോടോ മേലുദ്യോഗസ്ഥനോടോ ഉള്ള വിദ്വേഷമായിരിക്കും പ്രധാന അടിസ്ഥാന കാരണം
മസ്തിഷ്‌കത്തിന്റെ മുന്‍ഭാഗത്തെ പ്രി ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് (prefrontal cortex) എന്ന് പറയുന്നു. കോര്‍ട്ടിസോള്‍ മസ്തിഷ്‌ക കോശങ്ങളെ നിര്‍ജ്ജീവമാക്കുമ്പോള്‍ അമിത ക്രോധം ഇല്ലാതാക്കി ന്യായാന്യയായങ്ങളെ വിവേചനശക്തിയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുമ്പോള്‍ ന്യുറോണുകള്‍ നിര്‍ജ്ജീവമാകുന്നു. ഷോര്‍ട് ടേം മെമ്മറി (Short term memory) ഇല്ലാതാവുന്നു. ചില ആളുകള്‍ ദേഷ്യം വന്നാല്‍ പെട്ടന്നൊരു ചാട്ടം ചാടുന്നു പിന്നെ അങ്ങിനെ ക്ഷോഭിച്ച ഒരു കാര്യം തന്നെ പിന്നീട് ഓര്‍മ്മയില്ലാത്ത നിലയില്‍ പെരുമാറുന്നു. അതാണ് ഷോര്‍ട്ട് ടേം മെമ്മറി ഇല്ലാതായാലുള്ള ഗുണം; ദേഷ്യത്തിന്റെ കാര്യത്തില്‍. പുതിയ ഓര്‍മ്മകള്‍ കടന്നു വരുന്നതും തടയുന്നു. ഒരു ചൂടുപിടിച്ച തര്‍ക്കത്തില്‍ വാദപ്രതിവാദത്തിന്റെ അടുത്ത പോയിന്റ് ചിലര്‍ക്ക് കിട്ടാതിരിക്കുന്നതിങ്ങിനെയാണ്. ചാനല്‍ വാഗ്വാദങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്ക് സാധാരണയായി ഇത് കാണാവുന്നതാണ്. ചിലവര്‍ പിന്നെ, പിന്നെ… എന്ന് വാക്കുകള്‍ കിട്ടാതെ ഉഴലുന്നത് കാണാം. മറ്റുചിലര്‍ പുതിയത് കിട്ടാതെ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നതും ചാനലുകാരുടെ ചോദ്യങ്ങളുടെ ഉത്തരം പറയാതെ അവര്‍ പഠിച്ചുവെച്ചത് മാത്രം പറയുന്നതും എല്ലാവരും കാണുന്ന കൗതുകങ്ങളാണ്.

സ്റ്റ്രെസ്സ് ഹോര്‍മോണുകള്‍ എങ്ങിനെയാണ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് നോക്കാം.
രക്തചംക്രമണ വ്യുഹത്തില്‍ ഹൃദയമിടിപ്പ് കൂട്ടുന്നു, രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു, ധമനികളില്‍ ടെന്‍ഷന്‍ കൂട്ടുന്നു, ഗ്ലൂക്കോസ് അളവില്‍ അനാരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നു, അതുപോലെ ഫാറ്റി ആസിഡ് ലവലിലും . ഇമ്മ്യുണിറ്റി സിസ്റ്റത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും അതുപോലെ രോഗപ്രതിരോധത്തിന്നായി പ്രവര്‍ത്തിക്കുന്ന മറ്റ് കോശങ്ങളെയും ബാധിക്കുകയും, നാച്ച്വറല്‍ കില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, വൈറസ് ബാധയുള്ള ഒരാള്‍ക്ക് പ്രതിരോധം കുറയുന്നു. ദഹനേന്ത്രിയങ്ങളെ പറ്റി പറയുകയാണെങ്കില്‍ വായ വരളുന്നു, ചയാപചയങ്ങള്‍ തകരാറിലാവുന്നു, ദഹനരസങ്ങള്‍ ക്രമാതീതമായി ഉല്പാദിപ്പിക്കപ്പെടുകയോ, ആവശ്യാനുസരണം വേണ്ടുന്ന അളവ് കുറയുകയോ ചെയ്യുന്നു. കണ്ണിന്ന്, കാഴ്ച്ച കുറയുന്നു, പ്രഷര്‍ അഥവാ ഗ്ലോക്കോമക്ക് സാദ്ധ്യത കൂടുന്നു. തലയുടെ മറ്റ് ഭാഗങ്ങളെപ്പറ്റി പറയുകയാണെങ്കില്‍ മൈഗ്രെയിന്‍ ഉണ്ടാവുകയോ, ഉള്ളവര്‍ക്ക് അത് വര്‍ദ്ധിക്കുവാന്‍ ഇടയാവുകയോ ചെയ്യുന്നു. അത് പോലെ തല വേദനകളും. അസ്ഥിയുടെ സാന്ദ്രത (Bone density)

എപ്പോഴാണ് കോപം നിയന്ത്രിക്കാന്‍ ഒരു വിദഗ്ദ്ധസഹായം ആവശ്യമുള്ളത്?.
കോപം നിയന്ത്രിക്കുക എന്നത് മാനസീക ചികിത്സാപരമായ ഒരു സംഗതിയാകുന്നു. ആംഗര്‍ മാനേജ്മന്റ് എന്ന കോപത്തെ നിയന്ത്രിച്ചുകൊണ്ടുവരുന്ന പല രീതികള്‍ വഴിയും കോപത്തെ നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നു. ‘മുന്‍കോപം പിന്‍ദുഖം’ എന്ന അവസ്ഥ ഉണ്ടാവാതിരിക്കുന്നത് നല്ലതാകുന്നു. കോപം ഉണ്ടാവുന്ന ആള്‍ക്കും ഉണ്ടാക്കുന്ന ആള്‍ക്കും സ്വയം നിയന്ത്രണം എന്ന സ്വഭാവഗുണം താരതമ്യേന കുറവായിരിക്കും. മറ്റുള്ളരോട് ഇടപെടാനുള്ള കഴിവും കുറവായിരിക്കും. ക്ഷമിക്കുക, അല്ലെങ്കില്‍ കണ്ടഭാവം നടിയ്ക്കാതിരിക്കുക എന്നിവ ദേഷ്യം വരാതിരിക്കാന്‍ നല്ലതാണ്. ദേഷ്യം വരുമ്പോള്‍ എന്തെങ്കിലും തമാശ ഓര്‍മ്മിക്കുക. ഒരു ചെറിയ ബ്രെയിക്ക് എടുക്കുക. അങ്ങിനെ ശാന്തമായതിന്ന് ശേഷം പ്രശ്‌നം കൈകാര്യം ചെയ്യുക.പ്രശ്‌നത്തിന്റെ പരിഹാരം കാണാന്‍ ശ്രമിക്കുക. റിലാക്‌സേഷന്‍ ടെക്ക്‌നിക്കുകള്‍ പരിശീലിക്കുക. ഒരു ചെറിയ നടത്തം ഉപകാരപ്രദമാവും.ദേഷ്യം വരുമ്പോള്‍ പാട്ട് കേള്‍ക്കുക എന്നതും അഭികാമ്യമാകുന്നു.

ക്രോധത്തിന്റെ പഴങ്കഥകള്‍
കൈകേയിക്ക് കോപിക്കാന്‍ വേണ്ടി ഒരു കോപഗൃഹം പോലും ഉണ്ടായിരുന്നതായി പറയുന്നു. ഹിന്ദു പുരാണങ്ങളില്‍ ക്ഷിപ്രകോപികളായ മുനികള്‍ ധാരാളമുണ്ടായിരുന്നു. ദുര്‍വ്വാസാവ് എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് മനസ്സില്‍ തോന്നുന്ന ഭാവന ദേഷ്യത്തിന്റെതാകുന്നു ലോമപാദ മഹാരാജാവിന്റെ അംഗ രാജ്യത്ത് മഴ പെയ്യിക്കാന്‍ കൊണ്ടുവന്ന മുനികുമാരനായ ഋഷ്യശ്രിംഗന്റെ പിതാവായ വിഭാണ്ഢക മുനി അത്തരത്തിലുള്ള ഒരു മഹര്‍ഷിയായിരുന്നു. (വൈശാലി സിനിമ) ബ്രഹ്മര്‍ഷി സ്ഥാനമുണ്ടായിരുന്ന മുനി വിശാമിത്രനും മോശമല്ല. താന്‍ ജന്മം നല്‍കിയ ശകുന്തള എന്ന കൈക്കുഞ്ഞിനെയും കൊണ്ട് മേനക വന്നപ്പോല്‍ വിശ്വാമിത്രന്ന് കലശലായകോപം വന്നു. അതുപോലെ സ്വര്‍ഗ്ഗത്തില്‍ സ്വീകരണം ലഭിക്കാതെ തിരിച്ചു ത്രിശങ്കു താഴോട്ട് തലകീഴായി വന്നപ്പോഴും മഹര്‍ഷിക്ക് കോപം വന്നു. പരശുരാമന്‍ ജീവിതകാലം മുഴുവന്‍ ക്രോധവും കൊണ്ട് നടന്നു. ദേഷ്യക്കാരനായ അണി മാണ്ഡവ്യന്‍ എന്ന സന്യാസി കോപം വന്നപ്പോള്‍ ശീലാവതിയുടെ ഭര്‍ത്താവ് ഉഗ്രസ്രവസ്സിനെ ‘നാളെ സൂര്യനുദിക്കും മുന്‍പ് നീ ഇല്ലാതാകും എന്ന് ശപിച്ചു. ശാപത്തെ അതിജീവിക്കാന്‍ പതിവ്രതയായ ശീലാവതി സൂര്യനെ ഉദിക്കാതെ ആക്കി എന്ന കഥ പുതിയ തലമുറയില്‍ ചിലര്‍ക്കെങ്കിലും അറിയും അങ്ങിനെ, കോപങ്ങളുടെയും ക്രോധങ്ങളുടെയും വിളനിലമായ പല കഥാപാത്രങ്ങളെയും ഹിന്ദു പുരാണങ്ങളില്‍ കാണം. ശിവന്‍ പോലും ചിലപ്പോള്‍ സംഹാര രുദ്രനാവുന്നു. ബാലി സുഗ്രീവ യുദ്ധത്തില്‍ രണ്ടെതിരാളികളും ക്രോധത്തിന്റെ മൂര്‍ത്തീകരണങ്ങളായി മാറുന്നു. പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും, നില്ലു നില്ലെന്നണഞ്ഞോരു നേരം തഥാ.മുഷ്ടികള്‍ കൊണ്ടു താഡിച്ചിതു, ബാലിയെ; ബാലി സുഗ്രീവനേയും തഥാ എന്നുള്ള വരികളില്‍ ദേഷ്യത്തിന്ന് ശാരീരികമായ പ്രകടനം കാഴ്ച്ചവെക്കുന്നു.

കാമം, ക്രോധം, ലോഭം എന്നിങ്ങിനെ നരകത്തിലേക്ക് മൂന്ന് വാതിലുകള്‍ നരകത്തിനുണ്ടെന്നാണ് ഹിന്ദുപുരാണം പറയുന്നത്. ആത്മാവിന്ന് അനര്‍ത്ഥ ഹേതുകങ്ങളാണിവ. ആകയാല്‍ മൂന്നിനേയും സര്‍വ്വാത്മനാ ത്യജിക്കേണ്ടതാകുന്നു എന്ന തത്വം അറിഞ്ഞിട്ടുപോലും കോപം കൊണ്ടുനടന്നവരാണിവര്‍.

ചിരിക്കാന്‍ മടിയുള്ളവര്‍:
ബൈറണ്‍ എന്ന ആംഗലേയ കവി പറഞ്ഞു ”ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഔഷധമാണ് ചിരി.” മനുഷ്യന്‍ മരിക്കുന്നു എന്ന് വെച്ച് ജീവിതം അതിന്റെ തമാശ അവസാനിപ്പിക്കുന്നില്ല എന്ന്. ബര്‍ണാഡ്ഷാ യും പറഞ്ഞത് ചിരി ഒരു മരുന്നാണെന്നായിരുന്നു. ക്രോധം ശരീരത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും എന്നും നാം സ്ഥിരമായി കേള്‍ക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും ചിരിക്കാന്‍ വലിയ മടിയാണ്. ദേഷ്യം വരാനൊരു കാരണം കിട്ടാന്‍ ശ്രമിക്കുന്നത് പോലെയാണ് അതില്‍ പലരും. ഉത്തരം പറയുന്നതും സൗമ്യമല്ലാത്ത ഒരു ഒരു ചോദ്യരീതിയിലായിരിക്കും. ‘നിങ്ങള്‍ എന്റെ കുട കണ്ടിരുന്നോ അല്ല പേഴ്‌സ് കണ്ടിരുന്നോ എന്ന് മറവിയുള്ള ഒരാള്‍ ചോദിക്കുമ്പോള്‍ ”എനിക്കെന്തിനാ നിങ്ങളുടെ കുട?’ എന്നൊരു ചോദ്യമായിരിക്കും ഉത്തരമായി ലഭിയ്ക്കുന്നത്. ഒരു മയത്തോടു കൂടി ഇല്ല എന്ന് പറയാന്‍ ചിലര്‍ക്കെങ്കിലും മടിയാണ്. ഇത്തരം ഉത്തരങ്ങള്‍ ഭാര്യാ ഭര്‍തൃബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നു. പങ്കാളി, സന്തോഷമുള്ള മയത്തിലുള്ള ഉത്തരം ലഭിയ്ക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ മിണ്ടാതിരിക്കുന്നു. നര്‍മ്മസല്ലാപം എന്ന ഒന്ന് അവരുടെ ബന്ധത്തില്‍ ഉണ്ടായിരിക്കില്ല. ഈ പ്രാവശ്യം അങ്ങിനെ സംഭവിക്കില്ലെന്ന പ്രതീക്ഷയില്‍ ഒരു തമാശ പറഞ്ഞാല്‍തന്നെ ‘നിങ്ങളുടെ ഒരു വളിച്ച തമാശ?!! എന്നോ ഒരു വലിയ തമാശക്കാരനാണെന്നാണ് വിചാരം? എന്നോ ഒരു കമന്റും പാസ്സാക്കും. നര്‍മ്മത്തില്‍ താല്പര്യമുള്ള പങ്കാളി, ഒരു സദസ്സിലോ കുടുമ്പസമ്മേളനത്തിലോ കിട്ടിയ സന്ദര്‍ഭ്ഭം ഉപയോഗിച്ച് എന്തെങ്കിലും തമാശ പറഞ്ഞാലും അതില്‍ മറ്റുള്ളവര്‍ ചിരിച്ചാലും പങ്കാളിക്ക് പിടിക്കുന്നില്ല. അവിടുന്ന് ഇറങ്ങിയ ഉടനെയോ, വീട്ടിലെത്തിയ ഉടനേയോ ഉണ്ടാവുന്ന ആദ്യത്തെ താക്കീത് ‘നിങ്ങള്‍/നീ അവിടുന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല’ എന്നോ അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു എന്നോ, എന്റെ തൊലി ഉരിഞ്ഞുപോയി എന്നോ ആയിരിക്കും.ഇനി ഒരുമിച്ച് അധിക കാലം ഉണ്ടാവില്ലെന്ന രീതിയില്‍ ജീവിക്കുന്ന വൃദ്ധ ദമ്പതികളില്‍ പോലും ഇത്തരം പ്രതികരണങ്ങള്‍ സാധാരണമാണ്. ഒരു കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ എന്റെ അടുത്ത് വന്ന കേസുകളില്‍ പലതിലും ഇതില്‍ സഹകരിക്കാതിരിക്കുന്നത് സ്ത്രീകളായിട്ടാണ് കാണപ്പെട്ടത്. ജീവിത സായാഹ്നത്തില്‍ ഈസ്റ്റ്രോജന്‍ (estrogen)എന്ന ഹോര്‍മോണിന്റെ കുറവ് വരുമ്പോള്‍ സ്വാഭാവികമായും ഭര്‍ത്താവിന്റെ പുരുഷ സ്വഭാവങ്ങളോട് സഹകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

ദേഷ്യത്തിന്ന് കാഞ്ചിവലിക്കുന്ന ചില ഘടകങ്ങള്‍:
ചില ചുറ്റുപാടുകള്‍ ചിലരെ ദേഷ്യം പിടിപ്പിക്കുന്നു. എനിക്കറിയുന്ന ഒരു പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ ചെന്ന് കയറുമ്പോള്‍ത്തന്നെ ചൂടാവുന്നു. ഭര്‍തൃമാതാപിതാക്കള്‍ മനോഹരമെന്ന് കരുതി വിശാലമായ സ്വീകരണമുറിയില്‍ അലമാരകളില്‍ വെച്ച കൗതുക വസ്ഥുക്കള്‍ കാണുമ്പോള്‍ ഒരു വീടായി തോന്നാതെ കരകൗശല വസ്ഥുക്കള്‍ വില്‍ക്കുന്ന സ്ഥാപനം പോലെയാണുപോലും അവള്‍ക്ക് തോന്നുന്നത്!! ചിലര്‍ക്ക് ജിമ്മിലോ ക്ലബ്ബിലോ പോകുമ്പോള്‍ ചിലരെ കാണുമ്പോള്‍ത്തന്നെ ദേഷ്യം പിടിക്കുന്നു ജിമ്മിലെ മല്ലയുദ്ധം അവരുടെ നേര്‍ക്ക് പ്രയോഗിച്ചാലോ എന്നൊരു തോന്നല്‍?.

ഒരു പ്രത്യേക സ്ഥലം ഇഷ്ടപ്പെടാത്ത അവസ്ഥയുണ്ടായാല്‍, അത് ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റില്ലെന്ന ഒരു പരിതസ്ഥിതിയാണെങ്കില്‍ ഏറ്റവും നല്ല ഒരു മാര്‍ഗ്ഗം, അടുത്ത് വല്ല പാര്‍ക്ക്‌പോലെയോ വിശ്രമിക്കാന്‍ പറ്റിയ ഒരു സ്ഥലമോ ഉണ്ടെങ്കില്‍ ഇഷ്ടപ്പെടാത്ത ആ ചുറ്റുപാടില്‍നിന്ന് കുറച്ചു സമയം മാറിയിരിക്കുക എന്നതാണ്. ഒറ്റക്ക് കുറച്ചു സമയമിരിക്കുക എന്നത് അത്തരം സന്ദര്‍ഭ്ഭങ്ങളില്‍ നല്ലതാണ്. ഒരു ടോയ്‌ലെറ്റ് ആയാല്‍പ്പോലും സാരമില്ല. ദാമ്പത്യത്തില്‍ പങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ ജോലി ചെയ്ത് വിശന്നു വരുമ്പോള്‍ ഭക്ഷണം നല്‍കുന്നതിന്ന് പകരം ഒന്നിനൊന്നായി ചോദ്യം ചോദ്യം ചോദിച്ചുകൊണ്ടിരുന്നാല്‍ സ്വാഭാവികമായി ഏതൊരാള്‍ക്കും ദേഷ്യം വരാവുന്നതാണ് കുഞ്ചന്‍ നമ്പ്യാരുടെ രസകരമായ ചില വരികള്‍ ഇതാ:
നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍,
കായക്കഞ്ഞിക്കരിയിട്ടില്ല,
ആയതു കേട്ടു കലമ്പിച്ചെന്ന
ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു
ചുട്ടുതിളക്കും വെള്ളമശേഷം
കുട്ടികള്‍ തന്നുടെ തലയിലൊഴിച്ചു
കെട്ടിയ പെണ്ണിനെ മടികൂടാതെ
കിട്ടിയ വടികൊണ്ടോന്നു കൊടുത്തു
ഉരുളികള്‍, കിണ്ടികളൊക്കെയുടച്ചു,
ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു
ചിരവയെടുത്തഥ തീയിലെരിച്ചു,
അരകല്ലങ്ങു കുളത്തിലെറിഞ്ഞു.
അതുകൊണ്ടരിശം തീരാഞ്ഞവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു.

കോപം എന്നത് ഒരു പ്രശ്‌നമാണെങ്കിലും അത് കൂടുതല്‍ വലിയ പ്രശ്‌നമാകുന്നത് കൈകാര്യം ചെയ്യുന്ന രീതിയിലാകുന്നു. അതുപോലെ പ്രധാനപ്പെട്ടതാണ് ദേഷ്യം പിടിച്ച ഒരാളെ അഭിമുഖീകരിക്കുക എന്നത്. മനസ്സില്‍ അനുമാനിക്കുന്ന ഭീഷണികളും ദേഷ്യത്തിന്ന് കാരണമാവാം. ക്ഷമ നശിച്ചാല്‍ കോപം ആ വഴി കടന്നു വരുന്നു, പ്രയത്‌ന ഫലങ്ങള്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ കോപം വരുന്നു, അനീതി കാട്ടിയാല്‍ കോപം വരുന്നു. അനീതി കാട്ടുന്നവര്‍ക്ക്, നീതി കാണിക്കുന്നവരോടും കോപം വരുന്നു. പഴയ കാലത്തെ തിക്താനുഭവങ്ങള്‍ സ്മൃതിപഥത്തില്‍ വരുമ്പോള്‍ അതിന്ന് കാരണമാക്കിയവരോട് പകയും കോപവും വരുന്നു. ദേഷ്യത്തിന്ന് കാഞ്ചിവലിക്കുന്ന നിരവധി കാരണങ്ങളുണ്ടാവാം. പണ്ട് പഠിച്ച കാര്യങ്ങളില്‍ നിന്ന് വ്യതിചലനമുണ്ടാവുന്ന എന്തെങ്കിലും ആരെങ്കിലും ചെയതാല്‍ ക്ഷമിക്കാന്‍ പറ്റാത്ത മാനസീകാവസ്ഥയുണ്ടാവുന്നു. ഇന്നത്തെ ലോകത്ത് അതില്‍ പ്രധാനമായ ഒന്ന് മതസ്പര്‍ദ്ധയും രാഷ്ടീയ വിദ്വേഷങ്ങളുമാകുന്നു. ഒരാള്‍ ജീവിച്ച രീതിയില്‍ അല്ലെങ്കില്‍ ശീലിച്ച രീതിയില്‍ ഒരു തരം കണ്ടീഷനിങ്ങ് എന്നൊരു വിധേയത്വ സ്വഭാവ വിശേഷമുണ്ടായിരിക്കും. പാരമ്പര്യ ഘ്ടകങ്ങളും, മസ്തിഷ്‌ക രസതന്ത്രം, ആരോഗ്യ കാരണങ്ങളും മുന്‍ കോപത്തിന്ന് കാരണങ്ങളാവാം. മുന്‍ കോപം വന്നാല്‍ ഉടനെ പ്രകടിപ്പിക്കുന്ന രീതി, അത് അമര്‍ത്തിവെക്കുന്ന കഴിവ്, ശാന്തതയായി മാറ്റാനുള്ള നൈപുണ്യം എന്നിവയെല്ലാം ഇതില്‍ പ്രധാനങ്ങളാണ്
സംസാരിക്കുന്നതിന്ന് മുന്‍പ് ആലോചിക്കുക, ശാന്തമായതിന്നുശേഷം മാത്രം വികാരം പ്രകടിപ്പിക്കുക, വ്യായാമം ചെയ്യുക, ടൈം ഔട്ട് (Timeout) അഥവാ ബ്രെയിക്ക് എടുക്കല്‍ ദേഷ്യത്തിന്റെ ഇടയില്‍ ഒരു ശീലമാക്കുക., ചെയ്ത അബദ്ധങ്ങളെപ്പറ്റി ചിന്തിക്കാതെ പരിഹാരങ്ങളെപ്പറ്റി ചിന്തിക്കുക, പക മനസ്സില്‍ കൊണ്ടുനടക്കാതിരിക്കുക, ഫലിതങ്ങള്‍ ഉപയോഗിക്കുക, ഡീപ്പ് ബ്രീത്തിങ്ങ് പോലെയുള്ള റീലാക്‌സേഷന്‍ ടെക്ക്‌നിക്കുകള്‍ ഉപയോഗിക്കുക. നിയന്ത്രണാതീതമെന്ന് മനസ്സിലാക്കുമ്പോള്‍ മനശ്ശാസ്ത്രജ്ഞരെപ്പോലെയുള്ളവരുടെ പ്രൊഫഷണല്‍ സഹായം തേടുക.