Published in Pradeepam Magazine of 2018 September issue.

കാലാവസ്ഥയും മനുഷ്യമനസ്സുമായി വളരെയ്ധികം ബന്ധമുണ്ട്. ഇതിഹാസങ്ങളില്‍ നമുക്ക് കാണാം, മിക്കവാറും ദുര്‍ന്നിമിത്തങ്ങള്‍ നടക്കുമ്പോള്‍ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടിക്കെട്ടിയ അന്തരീക്ഷത്തെപ്പറ്റി എടുത്തുപറയുന്നു. ആധുനിക മന:ശാസ്ത്രത്തില്‍തന്നെ, സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ {seasonal affective disorder (SAD)എന്നത് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു മാനസീകാവസ്ഥയാകുന്നു. ഹിന്ദുമതത്തില്‍ കാലവസ്ഥക്ക് ദേവന്മാര്‍തന്നെയുണ്ട്. അതുപോലെ ഗ്രീസിലും. ഭൂമദ്ധ്യരേഖയില്‍നിന്ന് അകന്ന് ജീവിക്കുന്നവര്‍ക്ക് വിന്റര്‍ ഡിപ്രഷന്‍ (winter depression)എന്നൊരവസ്ഥ കാണുന്നു. കുറഞ്ഞ വെളിച്ചം, ശൈത്യം എന്നിവയുള്ള കാലാവസ്ഥ കടന്നുകിട്ടുമ്പോള്‍ മാനസീകാവസ്ഥക്കും മാറ്റം വരുന്നു. 2013ലെ കാലവര്‍ഷസമയത്ത്, ജൂലായ് മാസത്തില്‍ മുംബൈ നഗരത്തില്‍ ഇടതടവില്ലാതെ മഴ പെയ്തപ്പോള്‍ അനേകം പേര്‍ക്ക് വിഷാദമൂണ്ടായി എന്ന് അവിടുത്തെ മനോരോഗ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.

എന്നാല്‍ നമ്മുടെ കേരളത്തില്‍ 2018 ആഗസ്ത് മാസം സംഭവിച്ചത് ഇതില്‍നിന്നെല്ലാം വ്യത്യസ്ഥമായ മാനസീകാവസ്ഥ സൃഷ്ടിക്കുന്ന ഒരു സ്ഥിതിവിശേഷമകുന്നു. ഒരു ജീവിതത്തില്‍ സമ്പാദിച്ചത് മുഴുവന്‍ ഒറ്റയടിക്ക് വെള്ളപ്പൊക്കം കാരണം നശിക്കുമ്പോള്‍ എത്ര മനോധൈര്യമുള്ള മനുഷ്യനും പതറാതിരിക്കില്ല. അങ്ങിനെയുള്ള സാഹചര്യത്തില്‍ സ്വജീവന്‍പോലും തൃണവല്‍ക്കരിച്ചുകൊണ്ട് മുന്നേറിയ ഓരോ വിഭാഗം ജനങ്ങളും നല്‍കിയ ശാരീരിക സഹായങ്ങള്‍ പോലെതന്നെ പ്രാധാന്യമുള്ളതാണ് മാനസീക സഹായവും പിന്തുണയും. നഷ്ടബോധത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്തലും പ്രതീക്ഷ നല്‍കുകയും ചെയ്യുക എന്നത്. ആരോഗ്യമുണ്ടെങ്കില്‍ എല്ലാം തിരിച്ചുപിടിക്കാം എന്നുള്ള സന്ദേശം നല്‍കേണ്ടത് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തീക്ഷ്ണമായ ഭീതിയും നിസ്സഹായാവസ്ഥയും ഇതില്‍ തരണം ചെയ്യേണ്ടതുണ്ട്. കുട്ടികള്‍; വീണ്ടും വീണ്ടും ഭീതിയോടെ ആ സംഭവം എടുത്തുപറയുന്നു, വലിയവര്‍ കുറേയൊക്കെ മനസ്സില്‍ കടിച്ചമര്‍ത്തുന്നു. എത്ര കടിച്ചമര്‍ത്തിയാലും ചിലപ്പോള്‍ കണ്ണീര്‍ അണപൊട്ടിയൊഴുകുന്നു. 2016 ഏപ്രില്‍ 10ന്ന് പുലര്‍ച്ചെ കൊല്ലം ജില്ലയിലെ പുറ്റൂരമ്പലത്തില്‍ സംഭവിച്ച വെടിക്കെട്ട് ദുരന്തത്തില്‍ മാനസീക വിഭ്രാന്തി സംഭവിച്ചവര്‍ നിരവധിയാണ് എന്നാല്‍ ഈയൊരു വെള്ളപ്പൊക്കദുരന്തത്തിലുണ്ടായ മാനസീക വിഭ്രാന്തി, അതിലെത്രയോ ഇരട്ടിയാണ്. വെള്ളപ്പൊക്കദുരിതം ടി വി യില്‍ കണ്ടവര്‍ക്ക് പോലും പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്.

കുട്ടികള്‍ ജീവിതത്തില്‍ ഇതുവരെ കാണാത്ത സംഭവമാണിത്. അവരുടെ മനസ്സ് പക്വതയില്ലാത്തതാകുന്നു. അതുകാരണം ഉള്‍ക്കൊള്ളാനുള്ള കഴിവ് ഇല്ല.അങ്ങിനെ മാനസീകപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. മാതാപിതാക്കള്‍, അധ്യാപകര്‍, സേവന സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് കുട്ടികളെ ശരിയാക്കിക്കൊണ്ടുവരാന്‍ മുന്‍കൈ എടുക്കേണ്ടത്. ആദ്യം ഉണ്ടാവുന്നത് പെട്ടന്നുള്ള ആകസ്മിക ആഘാതവും ഒരു ഞെട്ടലുമാകുന്നു. അപ്പോള്‍ അഡ്ജസ്റ്റ്മന്റ് ഡിസോര്‍ഡറുകള്‍ (adjustment disorders) എന്ന സ്ഥിതിവിശേഷമുണ്ടാവുന്നു. ഇത് ഒരു രോഗമായി കണക്കാക്കേണ്ടതില്ല. കാരണം സമ്മര്‍ദ്ദകാരണങ്ങള്‍ അവസാനിക്കുമ്പോള്‍ അത് സാധാരണഗതിയിലാവുന്നു. ശ്വാസം മുട്ടല്‍, ഭക്ഷണം കഴിക്കാന്‍ സാധിക്കായ്മ, നഷ്ടബോധം, ദു:ഖം, കരച്ചില്‍, ആകാംക്ഷ, തലവേദന എന്നിവയാകുന്നു അഡ്ജസ്റ്റ്മന്റ് ഡിസോര്‍ഡറിന്റെ പ്രകടകായ ലക്ഷണങ്ങള്‍. നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തകരുടെയും സഹായം കിട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് കുട്ടികളുടെ ഈ മാനസീകമാറ്റം അത്രശ്രദ്ധിച്ചെന്ന് വരില്ല. എന്നാല്‍ വീട്ടില്‍ തിരിച്ചുപോകുന്ന സമയത്തുള്ള ഭീകരമായ അവസ്ഥ, മാറ്റം, നഷ്ടങ്ങള്‍ എന്നിവ മനസ്സിനെ ആടിയുലക്കുന്നു. അപ്പോള്‍ എക്യുട്ട് സ്റ്റ്രെസ്സ് റിയാക്ഷന്‍ (Acute Stress Reaction) എന്നൊരവസ്ഥ വരുന്നു. ഇതിനെ ആങ്ക്‌സൈറ്റി റിയാക്ഷന്‍ (anxiety reaction).എന്നും പറയുന്നു.
അപ്പോള്‍ വ്യക്തമായി പറയാന്‍ സാധിക്കാത്ത തരത്തിലുള്ള ഭീതി ലക്ഷണങ്ങള്‍, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, വര്‍ദ്ധിച്ച ഹൃദയമിടിപ്പ് എന്നിവയായിരിക്കും. അവര്‍ ഉറക്കത്തില്‍ ഞെട്ടിയുണരുന്നു. ജീവിതത്തിന്റെ താളം തെറ്റുന്നു. കുളിക്കാനും ഭക്ഷണം കഴിക്കാനും താല്പര്യമില്ലായ്മ വരുന്നു, അങ്ങിനെ ഒരു വിഷാദാവസ്ഥയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയാണിത്. അപ്പോള്‍ കൗണ്‍സലിങ്ങ് വേണം. കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം കുറയുന്ന ഈ അവസ്ഥയുടെ വ്യാപ്തിയും ആഴവും വര്‍ദ്ധിക്കുന്നത് പുസ്തകങ്ങളെല്ലാം നശിച്ചത് കാണുമ്പോഴാകുന്നു. കളിപ്പാട്ടങ്ങള്‍ നശിച്ചത് കളിയില്‍ താല്പര്യ്ം കുറയ്ക്കുന്നു. എക്യുട്ട് എന്ന വാക്ക് പെട്ടന്ന് വരുന്ന എന്നുള്ള അര്‍ത്ഥമാണെന്നെല്ലാവര്‍ ക്കും അറിയാം. അങ്ങിനെ പിന്നീട് ഡിലേയ്ഡ് സ്റ്റ്രസ്സ് റിയാക്ഷന്‍ (Delayed Stress Reaction) അഥവാ പോസ്റ്റ് ട്രൊമാറ്റിക്ക് സ്റ്റ്രെസ്സ് ഡിസോര്‍ഡര്‍ {Post Traumatic Stess Disorder (PTSD)yp എന്ന സ്ഥിതിയിലേക്ക് നയിക്കുന്ന ഒരവസ്ഥയാകാം ഇത്. മാസങ്ങള്‍ കഴിയുമ്പോള്‍ പഴയ അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ അല്ലെങ്കില്‍ മനസ്സില്‍നിന്ന് മായാതിരിക്കുന്ന അവസ്തയാണ് പോസ്റ്റ് ട്രോമാറ്റിക്ക് സ്റ്റ്രെസ്സ് ഡിസോര്‍ഡര്‍ {Post Traumatic Stess Disorder (PTSD)yp .അപ്പോള്‍ നെഞ്ചിടിപ്പ്, ശ്വാസം മുട്ടല്‍ എന്നിവ വരുന്നു. ഇത് തടയാന്‍ പ്രിവന്റീവ് കൗണ്‍സലിങ്ങ് വേണം. പേരില്‍തന്നെ ഈ മാനസീകാവസ്ഥയെപ്പറ്റി മനസ്സിലാക്കാന്‍ വിഷമമില്ല. പോസ്റ്റ് എന്നാല്‍ കഴിഞ്ഞ കാലം എന്നും ട്രോമ (Trauma) എന്നാല്‍ പരിക്ക് എന്നും സ്റ്റ്രെസ്സ് എന്നാല്‍ സമ്മര്‍ദ്ദം എന്നും ഡിസോര്‍ഡര്‍ എന്നാല്‍ ഓര്‍ഡറില്‍ അല്ലാത്ത അവസ്ഥ എന്നുമാണല്ലോ? യുദ്ധത്തിന്റെ ഭീകരാവസ്ഥ തരണം ചെയ്ത പട്ടാളക്കാര്‍ക്കും, യുദ്ധം നടന്ന പരിസരത്തെ ജനങ്ങള്‍ക്കും, ഒരു ദാരുണാപകടം നേരില്‍ക്കണ്ട ഏതൊരാള്‍ക്കും ഉണ്ടാവാനിടയുള്ള ഒരു മാനസീകാവസ്ഥയാണിത്. കലിംഗ യുദ്ധം കഴിഞ്ഞപ്പോള്‍ അശോക മഹാരാജാവിന്നും ഈയൊരവസ്ഥയായിരുന്നപ്പോഴായിരുന്നു ബുദ്ധമതം സ്വീകരിച്ച് അഹിംസാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.

കുട്ടികള്‍ക്ക് പി ടി എസ് ഡി വരാതിരിക്കാന്‍ മുന്‍കരുതലായി രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, എന്നിവര്‍ക്ക് കൗണ്‍സലിംഗ് നല്‍കണം. തണല്‍, മൈത്രി എന്നിവ പോലെയുള്ള പല സംഘടനകള്‍ക്കും ഇതില്‍ സഹായിക്കാന്‍ സാധിക്കും. ഇത് കഴിഞ്ഞാലുള്ള അവസ്ഥയാണ് ഡിപ്രഷന്‍. അത് ഒരു രോഗാവസ്ഥയാകുന്നു. അപ്പോഴാണ് ഒരു മാനസീക രോഗവിദഗ്ദ്ധ്‌നന്റെയും മരുന്നിന്റെയും ആവശ്യം വരുന്നത്.

മാനസീകപരിചരണത്തിന്റെ വശങ്ങള്‍:
അനുഭാവം
മറ്റുള്ളവരുടെ ദു;ഖം അല്ലെങ്കില്‍ വികാരം കാണുന്ന ആള്‍ക്കോ കേള്‍ക്കുന്ന ആള്‍ക്കോ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയും അതിന്നനുസരിച്ച് സമാധാനിപ്പിക്കുകയും ചെയ്യാന്‍ സാധിച്ചാല്‍ അത് അനുഭവസ്ഥരായപലര്‍ക്കും മന:ശ്ശാന്തി നല്‍കുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുന്നു. സഹാനുഭൂതി, തന്മയീഭാവശക്തി, സമസൃഷ്ടി സ്‌നേഹം എന്നിങ്ങിനെയെല്ലാം വ്യാഖ്യാനങ്ങളുണ്ട് ഈ വികാരത്തിന്ന്. അപരന്റെ കണ്ണുകൊണ്ട് കാണുകയും, ചെവികൊണ്ട് കേള്‍ക്കുകയും, മനസ്സുകൊണ്ട് അനുഭവിക്കുകയും ചെയ്യുന്ന ഒന്നാണ് എമ്പതി എന്ന് ഇംഗ്ലീഷില്‍ പറയുന്ന തന്മയീഭാവം. നിരവധി കുടുമ്പങ്ങളുടെ വീടുകള്‍ വെള്ളത്തിലകപ്പെടുമ്പോള്‍ നമുക്ക് സിമ്പതിയുണ്ടാവുന്നു. എന്നാല്‍
ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന സങ്കല്പമാണ് എമ്പതി. സിമ്പതി എന്നത്, മനസ്സിലാക്കിക്കഴിഞ്ഞശേഷമുള്ള ദയ എന്ന വികാരമാകുന്നു. എമ്പതി എന്ന വികാരം അതില്‍ അലിഞ്ഞു ചേരലാകുന്നു. ആ എമ്പതിയുടെ മൂര്‍ത്തീകരണങ്ങളായിരുന്നു മത്സ്യത്തൊഴിലാളികളടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍. സമൂഹത്തിലെ അസമത്വങ്ങളുടെ ഒരു പ്രധാനകാരണം എമ്പതിയുടെ അഭാവമാകുന്നു. സാധാരണ ജനങ്ങള്‍ക്ക്തന്നെ ജീവിക്കാന്‍ വിഷമമുള്ള ഒരു സാമ്പത്തീക ചുറ്റുപാടുള്ള സമയത്ത് സ്വന്തം വേതനം വര്‍ദ്ധിപ്പിക്കുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ തന്നെ അതിന്നുദാഹരണമാണ്. എമ്പതി സ്‌കൂളില്‍ സാധാരണയായി പഠിപ്പിക്കാത്ത ഒന്നാകുന്നു. എന്നാല്‍ ശരിക്ക് പറയുകയാണെങ്കില്‍ വീട്ടില്‍, രക്ഷിതാക്കളില്‍നിന്നും, പ്രാഥമീകമായി ക്ലാസ്സില്‍ അദ്ധ്യാപകരില്‍നിന്നും കണ്ടുപഠിക്കേണ്ട ഒന്നാണിത് ദേഷ്യത്തിന്റെ നേര്‍വിപരീതം ശാന്തത, സന്തോഷം, സമാധാനം എന്നൊന്നുമല്ല. മറിച്ച് എമ്പതി അഥവാ തന്മയീഭാവം എന്നാണെന്ന് പറയാം

ഉല്‍ക്കണ്ഠയകറ്റല്‍:
മനുഷ്യനില്‍ സര്‍വ്വവ്യാപ്തിയുള്ള ഒരു വികാരമാകുന്നു ഉല്‍കണ്ഠ. മന:ശാസ്ത്രത്തില്‍ ആങ്ക്‌സൈറ്റി ഡിസോര്‍ഡറുകളുടെ പല വിഭാഗത്തിലുള്ള ഒരു ശ്ര്ംഖലതന്നെയുണ്ട്. ജീവശാസ്ത്രം, മന:ശാസ്ത്രം, നാഡീ സംബന്ധം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള, പരസ്പര ബന്ധപരമായ ധാരണാ പഠനങ്ങള്‍ ഉല്‍കണ്ഠാ രോഗങ്ങളെപ്പറ്റി കൂടുതല്‍ അറിവു നേടാന്‍ പര്യാപ്തമായി. ന്യുറോട്ടിക്ക് പ്രശ്‌നങ്ങള്‍ എന്നു പറയുന്നത് പ്രാഥമികമായി മാനസീക പിരിമുറുക്കവുമായി ബന്ധപ്പെട്ടതാകുന്നു. മനസ്സിന്ന് സമ്മര്‍ദ്ദം വരുമ്പോള്‍ നമ്മള്‍ അതിന്ന് പ്രതികരിക്കാനും അതുമായി പൊരുത്തപ്പെടാനും ശ്രമിക്കുന്നു. ഇങ്ങിനെയുള്ള പൊരുത്തപ്പെടല്‍സാമുദായിക സാമ്പത്തീക ചുറ്റുപാടുകളുമായി ബന്ധപ്പെട്ടതാകുന്നു. ഉല്‍ക്കണ്ഠയുള്ള ഒരാളെ ഒരിക്കലും കളിയാക്കരുത്. അവരോട് തന്മയീഭാവമാണ് വേണ്ടത്. എനിക്ക് ഇങ്ങിനെ വന്നാല്‍ എന്ന ചോദ്യം കളിയാക്കുന്നവര്‍ സ്വയം ചോദിക്കണം. കൗണ്‍സലിങ്ങ് അഥവാ സൈക്കോ തിറാപ്പിയാകുന്നു ഇതിന്റെ ചികിത്സാരീതികള്‍. ചിലപ്പോള്‍ മരുന്നുകളും വേണ്ടി വന്നേക്കാം. പ്രധാന ചികിത്സാരീതിയായ കൗണ്‍സലിങ്ങ് അഥവാ ടോക്ക് തിറാപ്പിയില്‍ (Talk therapy) തിറാപ്പിസ്റ്റിന്റെ കൂടെ കുറേസമയം ചെലവഴിക്കേണ്ടി വരും. അങ്ങിനെയാണ് ആകാംക്ഷ കുറച്ചുകൊണ്ട് വരുന്നത്. ലോകാരോഗ്യ സംഘടനയുടെ കാഴ്ച്ചപ്പാടില്‍ മാനസീകാരോഗ്യം എന്നാല്‍ ആപേക്ഷികമായ നല്ല തോന്നലാകുന്നു. ഒരു വ്യക്തി; ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങള്‍ അവരവരുടെ കാഴ്ച്ചപ്പാടില്‍ നല്ല രീതിയിലാക്കി മാറ്റുവാനുള്ള കഴിവ് എത്രത്തോളം ഉണ്ടാവുന്നോ അതിന്നനുസരിച്ചായിരിക്കും അയാളുടെ മാനസീകാരോഗ്യം. എന്നാല്‍ നമ്മുടെ കേരളത്തില്‍ സംഭവിച്ച പ്രളയത്തില്‍ ഈയൊരു കാഴ്ച്ചപ്പാട് വിചാരിക്കുന്നത്‌പോലെ പ്രായോഗികമല്ല. സംഭവിച്ചതെല്ലാം സഹിക്കാവുന്നതിലപ്പുറമുള്ള കാര്യങ്ങളാണ് അതില്‍നിന്ന് എങ്ങിനെ കരകയറാം എന്നൊരു മാനസീകാവസ്ഥയാണ് സൃഷ്ടിച്ചെടുക്കേണ്ടത്. ഇന്ന് നമ്മള്‍ക്ക് സംഭവിച്ച പ്രളയത്തിന്റെ കാരണം ദൈവകോപമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമുണ്ട്. അത് പുരാതനകാലത്തും, ഇപ്പോള്‍ അപൂര്‍വ്വമായും മന്ത്രവാദം കൊണ്ട് പ്രേതബാധയൊഴിപ്പിക്കുന്നതിന്ന് സമമാണ്. കരുണാമയനെന്ന് വിശ്വസിക്കുന്ന ദൈവം കോപിക്കുകയില്ല, ഇത്രയധികം ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരവസ്ഥ സൃഷ്ടിക്കുകയില്ല, എന്നൊരു ബോധം ഉണ്ടാവേണ്ടതുണ്ട്. അന്ധവിശ്വാസങ്ങള്‍ മനസ്സിനെ ദുര്‍ബ്ബലപ്പെടുത്തുകയേ ചെയ്യൂ. ദൈവകോപമായിരുന്നെങ്കില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദൈവം വിചാരിച്ചാല്‍ നിഷ്‌ക്രിയമാക്കാന്‍ സാധിക്കുമായിരുന്നു. വൈദ്യശാസ്ത്രപിതാവായ ഹിപ്പോക്രാറ്റസ് (Hippocrates) പ്രക്രിതിദത്തമായതോ, മസ്തിഷ്‌ക സംബന്ധമായതോകാരണങ്ങളാലാണ് മാനസീക രോഗം വരുന്നതെന്നും അതിന്ന് ചികിത്സയാണ് വേണ്ടതെന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ചു. വിഷാദം ഒരു മെന്റല്‍ ഹെല്‍ത്ത് പ്രശ്‌നമാകുന്നു. എന്നാല്‍ അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഇല്ലാതാക്കല്‍ അല്ലെങ്കില്‍ സന്തോഷകരമായ ജീവിതത്തിലേക്കുള്ള വഴികള്‍ എന്നിവക്ക്മെന്റല്‍ ഹൈജീന്‍ (Mental Hygiene) എന്ന് പറയുന്നു. ജീവിതപ്രവര്‍ത്തനവും അതില്‍ നേരിടുന്ന മാനസീക സമ്മര്‍ദ്ദങ്ങളും ഒരു തുലാസിലെ രണ്ടു തട്ടില്‍ വെച്ച് സമതുലിതാവസ്ഥ പാലിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മെന്റല്‍ ഹൈജീന്‍ ഉണ്ടെന്ന് പറയാം. ലോകാരോഗ്യസംഘടന ഉല്‍ബോധിപ്പിയ്ക്കുന്ന കാര്യങ്ങളാണ് സ്വയം കഴിവുകള്‍ മനസ്സിലാക്കുക, സാധാരണയുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുക എന്നിവ. ഒരു സ്വീഡിഷ് പഴഞ്ചൊല്ലുണ്ട്. ദു:ഖ പക്ഷികള്‍ എന്ന് മനുഷ്യന്‍ വിശ്വസിക്കുന്ന പക്ഷികള്‍ ആകാശത്ത് നമ്മുടെ മുകളില്‍കൂടെ പറന്നു പോകുന്നത് നമുക്ക് തടയാനാവില്ല. അവ നമ്മുടെ തലയില്‍ കൂടുകെട്ടാതിരിക്കുന്നത് നമുക്ക് തടയാം. ഇതുകൊണ്ടുദ്ദ്യേശിക്കുന്നത് ദു:ഖം മനസ്സിന്റെ ഒരു ഭാഗമാക്കാതെ മനസ്സിനെ ദു:ഖത്തിന്റെ ഒരു നിരീക്ഷകനായി മാറ്റുക എന്നതാകുന്നു. പ്രളയക്കെടുതികള്‍ തീര്‍ന്നിട്ടില്ല. ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. തീക്ഷ്ണമായ പ്രശ്‌നമുള്ളപ്പോള്‍ ഒരുമിച്ച് നിന്നവരില്‍ പലരും ഇപ്പോള്‍ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നു. കഷ്ടപ്പെടുന്നവര്‍ക്ക് വിമര്‍ശനം കൊണ്ട് പ്രയോജനമൊന്നുമില്ല. നിരാശാബോധം, പക, വൈരാഗ്യം എന്നിവ വര്‍ദ്ധിപ്പിക്കാനേ ഉതകൂ. തര്‍ക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടത് മാനസീകാരോഗ്യത്തിന്നാവശ്യമാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരിക്കലും ഇതൊരാശ്വാസമാവുന്നില്ല. വിമര്‍ശിക്കുന്നവര്‍ക്ക് സഹായിക്കാന്‍ സാധിക്കാത്ത സ്ഥിതിയില്‍ പ്രത്യേകിച്ചും!!!

എല്ലാവര്ക്കും ന്യായ വിചാരണാധികാരം എന്നൊരു ഭാഗമുണ്ട് ചിന്തയില്‍. അതുപോലെത്തന്നെ വൈകാരികമായ മറ്റൊരു ചിന്തയും. ന്യായ വിചാരണാധികാരത്തെ ഇംഗ്ലീഷില്‍ Cognitive എന്ന് പറയുന്നു.കോഗ്നിറ്റീവ് കൊംപോണന്റെ ഓഫ് ഹേപ്പിനസ്സ് (Cognitive component of happiness) എന്നത് ഒരാളുടെ വിധിയും മുന്‍ വിധിയും എനിക്ക് ഇനിയങ്ങോട്ട് നല്ല ജീവിതമായിരിക്കും എന്നതാകുന്നു. വൈകാരികമായതിനെ affective എന്ന് പറയുന്നു. അഫ്ഫക്റ്റീവ് കൊംപോണന്റ് എന്നത് കൂടുതല്‍ പോസറ്റീവും വല്ലപ്പോഴും മാത്രം നെഗറ്റീവും ആവുന്ന ചിന്തയുമാകുന്നു. ‘എന്റെ ജീവിതം ഞാന്‍ ആഗ്രഹിച്ചത് പോലെത്തന്നെയാകുന്നു’ എന്നുള്ള വിചാരമായിരിക്കും ഇവര്‍ക്ക് കൂടുതലും. ചിലപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ അസന്തുഷ്ടരായിരിക്കാം. എന്നാല്‍ മറ്റു ചിലര്‍ ആഗ്രഹിക്കുന്നു’നിങ്ങള്‍ നയിക്കുന്നത് പോലെയുള്ള ഒരു ജീവിതം ലഭിച്ചാല്‍ മതിയായിരുന്നു എന്ന്. ഒരു ക്രിഷിസ്ഥലത്തുള്ള കുട്ടി ആകാശത്തുകൂടി പറക്കുന്ന വിമാനം കാണുമ്പോള്‍ ‘അതുപോലെ പറന്നാല്‍ മതിയായിരുന്നു’ എന്നാഗ്രഹിക്കുന്നു. അതേസമയം അതിലെ പയലറ്റ് താഴെക്കാണുന്ന ക്രിഷിസ്ഥലം പോലെയുള്ള ഒന്നില്‍ ജീവിച്ചാല്‍ മതിയെന്നും വീട്ടിലേക്ക് പോകണമെന്നും ആഗ്രഹിക്കുന്നു. ധനമാണ് ജീവിതത്തിന്റെ സന്തോഷമെങ്കില്‍ ധനമുള്ളവരെല്ലാം സന്തോഷത്തോടെ തുള്ളിച്ചാടുന്നത് കാണാം. അത് നമ്മള്‍ കാണുന്നില്ല. യഥാര്‍ത്തത്തില്‍ നിര്‍ദ്ധനരാകുന്നു അങ്ങിനെ ചെയ്യുന്നത്. അധികാരമാണ് സന്തോഷത്തിന്റെ മാനദണ്ഢം എങ്കില്‍ അവര്‍ സ്വതന്ത്രരായി സുരക്ഷക്കുള്ള പരിചാരകരില്ലാതെ നടക്കുന്നത് കാണണം. എന്നാല്‍ നമ്മള്‍ അങ്ങിനെ ആരും ചെയ്യുന്നത് കാണുന്നില്ല. മിതമായ സൗകര്യങ്ങളോടെ ജീവിക്കുന്നവര്‍ സ്വതന്ത്രരായി നടക്കുന്നു. സൗന്ദര്യമാണ് സന്തോഷത്തിന്റെ മാനദണ്ഢമെങ്കില്‍ അങ്ങിനെയുള്ള വലിയവര്‍ക്കെല്ലാം നല്ലൊരു വിവാഹ ജീവിതം കാണണം. അതും കാണുന്നില്ല. അതിനാല്‍ മിതമായ ജീവിതം, എളിമയുള്ള പെരുമാറ്റം, കലര്‍പ്പില്ലാത്ത സ്‌നേഹം ഇതാണ് സന്തോഷത്തിന്റെ അടിത്തറ. പണവും സന്തോഷവുമായി വലിയ ബന്ധങ്ങളില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദരിദ്രരുടെ വേദന ഒരു വേദനതന്നെയാണ് സംശയമില്ല. എന്നാല്‍ ജീവിക്കാന്‍ ആവശ്യമുള്ള വരുമാനമുള്ള/സമ്പത്തുള്ള ഒരാള്‍ക്ക് അതില്‍ കൂടുതല്‍ നേടിയാല്‍ പ്രത്യേകിച്ചൊരു സന്തോഷമൊന്നും ലഭിയ്ക്കുന്നില്ല എന്ന് മാത്രമല്ല, കണക്കിലധികം സമ്പത്ത് മന:സ്സമാധാനം നഷ്ടപ്പെടുത്തുന്നു. എല്ലാറ്റിനും പുറമെ, സന്തോഷം എന്നത് നമ്മുടെ ഇന്നത്തെ സാഹചര്യവുമായുള്ള പൊരുത്തപ്പെടലാകുന്നു.
നിലവില്‍ ശാരീരിക, മാനസീക അസ്വസ്ഥതയുള്ളവര്‍ക്ക് പ്രളയം എങ്ങിനെ ബാധിക്കുന്നു?
ബി പി എ ഡി (Bipolar Affective Disorder) എന്ന ഉന്മാദ വിഷാദ രോഗികളില്‍ വിഷാദം കൂടുന്നു. ഇവര്‍ക്ക് അടിയന്തിര പരിചരണം നല്‍കണം. പൊതുവെ രക്തസമ്മര്‍ദ്ദത്തിന്ന് മരുന്നു കഴിക്കുന്നവര്‍ക്ക് പ്രളയഭീതികാരണം സമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുന്നു. പ്രമേഹരോഗികളെയും ബാധിക്കുന്നു. ചര്‍മ്മരോഗമുള്ളവര്ക്കും, ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ക്കും എന്നു വേണ്ട പ്രളയം ബാധിക്കാത്ത ഒരു ശാരീരികാസ്വസ്ത്യങ്ങളും ഇല്ലെന്നുതന്നെ പറയാം. ജലം വഴി പല സാംക്രമീക രോഗങ്ങളും പടരുന്നു. ഇപ്പോള്‍ തന്നെ എലിപ്പനിപോലെയുള്ള പല രോഗങ്ങളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.എലിപ്പനി പോലെയുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ സര്‍ക്കാരിന്റെയും ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് പ്രതിരോധ മരുന്നുകള്‍ കഴിക്കുന്നത്‌പോലെത്തന്നെ പ്രധാനപ്പെട്ടവയാണ് കുട്ടികളുടെ ജീവിതം സാധാരണഗതിയിലാക്കാന്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഹൗസ്‌ബോട്ടുകളില്‍ ക്ലാസ്സുകള്‍ നടത്തിയത് ഇതിന്നൊരുദാഹരണമാണ്. സഹപാഠികളുടെ കൂടെയിരുന്ന് പഠിക്കാന്‍ സാഹചര്യമുണ്ടാവുമ്പോള്‍ അവര്‍ ദു:ഖം മറക്കാന്‍ സാദ്ധ്യതയേറുന്നു. കുട്ടികളാണെങ്കിലും വലിയവരാണെങ്കിലും മയക്കുമരുന്നിലേക്ക് അഭയം തേടുന്ന്ത് തടയാന്‍ സാധിക്കണം. മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ദ്ധനും ഇതില്‍ പ്രധാന കണ്ണികളാകുന്നു. സാമ്പത്തീകം, പാരിസ്തിതികം, ജനങ്ങള്‍ എന്നിവയാണ് വെള്ളപ്പൊക്കത്തിന്റെ പ്രാഥമീകമായ നഷ്ടവശങ്ങള്‍.

കെ എന്‍ ധര്‍മ്മപാലന്‍

Categories: Mental Health