Published in Pradeepam Magazine of September 2018 issue

തുപ്പല്‍ എന്ന ദുശ്ശീലം:
നമ്മുടെ നാട്ടില്‍ പലരിലും കാണുന്ന ഒരു ദുശ്ശീലമാകുന്നു പരസ്യമായുള്ള തുപ്പല്‍. പണ്ട് പല പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും മണ്ണുനിറച്ചുവെച്ച ഒരു പാത്രം വെച്ചിട്ട് ഇവിടെ തുപ്പുക എന്ന ഒരു ബോര്‍ഡും സ്ഥാപിക്കുന്ന ഒരേര്‍പ്പാടുണ്ടായിരുന്നു. ഏതാണ്ടൊരു അന്‍പത് കൊല്ലം മുന്‍പ് അവകാശി എന്ന മലയാളം സിനിമയില്‍ പട്ടാളത്തില്‍ ചേരാന്‍ പോയ ഹാസ്യകലാകാരന്മാരായ എസ് പി പിള്ളയും മുതുകുളവും ‘ഇവിടെ തുപ്പുക’ എന്ന ബോര്‍ഡ് വെച്ച മണ്ണു നിറച്ച പൂച്ചട്ടിയില്‍ പട്ടാള നിര്‍ദ്ദേശം അനുസരിക്കണം എന്ന ധാരണയില്‍ തൊണ്ട പൊട്ടുന്നവിധത്തില്‍ തുപ്പല്‍ മെനക്കേട്ട് തൊണ്ടയില്‍നിന്ന് കൊണ്ടുവന്ന് തുപ്പിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പട്ടാളക്കാരന്‍ വന്ന് ഇതെന്താ നിങ്ങള്‍ ചെയ്യുന്നതെന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ മുതുകുളം എന്ന അന്നത്തെ കോമേഡിയന്‍ എസ് പി പിള്ളയെ ചൂണ്ടിക്കൊണ്ട് ”സാര്‍ ഞാന്‍ തുപ്പീട്ടുണ്ട്. ഇവനാ തുപ്പാത്തെ” എന്ന ഒരു രംഗം കണ്ടതോര്‍ക്കുന്നു. പരസ്യമായതും പൊതുസ്ഥലത്തുവെച്ച് തുടര്‍ച്ചായായും തുപ്പുന്നതെന്തുകൊണ്ട് എന്ന് പലരും ചിന്തിച്ചിട്ടുണ്ടാവില്ല. ബസ്സില്‍ യാത്രചെയ്യുന്ന ആള്‍ നടന്നുപോകുന്നവരെ നോക്കാതെ, തുപ്പുന്നതും, മോട്ടോര്‍ സൈക്കളിലോ മറ്റ് വാഹനങ്ങളിലോ യാത്രചെയ്യുന്നവര്‍ കാല്‍നടക്കാരെ ഗൗനിക്കാതെ ചിതറിതുപ്പുന്നത് ഇന്നും നമ്മുടെ പരിഷ്‌കൃതസമൂഹത്തിലും കാണാവുന്നതാണ്. ഇതെല്ലാം മര്യാദകേടിന്റെ അങ്ങേയറ്റമാണ്. പണ്ടൊക്കെ വെറ്റിലമുറുക്കല്‍ ഒരു സാധാരണ സംഭവമായിരുന്ന കാലത്ത് ബസ്സിലിരുന്ന് നീട്ടിത്തുപ്പുന്ന അന്നത്തെ പല വൃദ്ധന്മാരും അവര്‍ക്ക് നീട്ടിയൊന്ന് തുപ്പണം എന്നേ ആലോചിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. വെള്ളഷര്‍ട്ടിട്ട പലരെയും അവര്‍ ഷര്‍ട്ടില്‍ മുറുക്കാന്റെ ഡിസൈന്‍ ഇട്ടുകൊണ്ട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. രാവിലെ പല്ലുതേക്കാന്‍ ബ്രഷ് ചെയ്യുന്നതിന്നിടയില്‍ പലപ്രാവശ്യം തുപ്പുന്നു. ചിലര്‍ പരിസരം മുഴുവന്‍ വൃത്തികേടാക്കിക്കൊണ്ട് നടന്ന് തുപ്പിക്കൊണ്ട് പല്ലുതേക്കുന്നു. അങ്ങിനെ തുപ്പല്‍ എന്ന പ്രക്രിയ ഓരോരുത്തരുടെയും സംസ്‌കാരത്തിന്നും നിലവാരത്തിന്നുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു.

സഭ്യത മറക്കുന്ന തുപ്പല്‍:
ചേരികളിലും മറ്റും അസഭ്യവര്‍ഷം ചൊരിഞ്ഞ് പരസ്പരം കലഹിക്കുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും പ്രതിഷേധമറിയിക്കുന്നത് ‘ത്തു’ എന്ന് അമര്‍ത്തിത്തുപ്പിക്കൊണ്ടായിരിക്കും. ഇതരം ചേഷ്ടകള്‍ സിനിമകളില്‍ സാധാരണം. ഇത്തരം തുപ്പലുകള്‍ അപമാനിക്കുന്നതിന്റെയും സംസ്‌കാരശൂന്യതയുടെയും ലക്ഷണവും ഭാഷയും സങ്കോചമില്ലാതെ പ്രകടിപ്പിക്കുന്നു.

തുപ്പല്‍; മാനസീക് പ്രശ്‌നം:
തുപ്പലിന്റെ മാനസീകവശങ്ങള്‍ പലതും ഉണ്ടാവാം. ചിലര്‍ക്ക് ഉമിനീരുല്പാദനം കൂടുതലാണെന്ന് ഒരു തോന്നലുണ്ട്. സംസാരിക്കുന്നതിന്നിടയില്‍ ദേഷ്യമോ ആവേശമോ, സങ്കടമോ വരുമ്പോള്‍ ചിലര്‍ തുപ്പുന്നു. പണ്ടത്തെ തറവാടുകളില്‍ തുപ്പലിന്നായി കോളാമ്പികള്‍ വീട്ടിലെ സാധാരണപാത്രങ്ങളിലൊന്നായിരുന്നു. ചില ചെറിയകുട്ടികള്‍ക്ക് ആവശ്യമുള്ള വസ്ഥുക്കള്‍ നിഷേധിക്കപ്പെട്ടാല്‍, അല്ലെങ്കില്‍ അവരെ ആരെങ്കിലും വിമര്‍ശിച്ചാല്‍, തെറ്റിദ്ധരിച്ചാല്‍, അനുഭാവം പ്രകടിപ്പിക്കാതിരുന്നാല്‍, അവര്‍ വൈകാരികമായി വ്രണിതരാവുന്നു അങ്ങിനെയുള്ള ചില കുട്ടികളിലും തുപ്പല്‍ശീലം കാണാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് അവരുടെ വിഷമ വികാരങ്ങള്‍ തിരിച്ചുവിടാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് അതൊന്നുമില്ല. അവരുടെ ശരീരംകൊണ്ടുതന്നെ അവരുടെ വിഷമങ്ങള്‍ കുറേയൊക്കെ പ്രകടിപ്പിച്ചുതീര്‍ ക്കുന്നു.

ഭാഗ്യംചെയ്ത തുപ്പല്‍:
21 കൊല്ലം ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴില്‍ മലബാര്‍ കലക്ടറായി പ്രവര്‍ത്തിച്ചതുമായ വില്ല്യം ലോഗന്‍ എഴുതിയ പുസ്തകമാണ് ലോഗന്‍സ് മാന്വല്‍ (Logans Manual). പ്രസിദ്ധമായ ലോഗന്‍സ് മാന്വലില്‍ മലബാര്‍ വര്‍ണ്ണനയില്‍ ലോഗന്‍ വാസ്‌കോഡഗാമ സാമൂതിരിയെ സന്ദര്‍ശിക്കുന്ന രംഗം വര്‍ണ്ണിച്ചതില്‍; രത്‌നക്കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കോളാമ്പി, പരിചാരകന്‍ പിടിച്ചുനില്‍ക്കുന്ന വിവരണമാണുള്ളത്. ‘ആ സമയത്ത് വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചുകൊടുക്കാനും ഒരാളുണ്ടായിരുന്നു. ഒരു ഇലയില്‍ എന്തെല്ലാമോ തേച്ചു പിടിപ്പിച്ച് പരിചാരകന്‍; സാമൂതിരിരാജാവിന്ന് നല്‍കിക്കൊണ്ടിരുന്നു എന്ന രീതിയിലാണ് വിവരണം. രാജാവിന്റെ ഇരിപ്പടത്തിന്ന്‌തൊട്ടുപിറകെ മുഖ്യ ബ്രാഹ്മണോപദേഷ്ടാവ് രാജാവിന്ന് കൂടെക്കൂടെ മുറുക്കിത്തുപ്പുന്നതിന്ന് ഒരു പച്ചില (വെറ്റില) എടുത്ത് ചുരുട്ടി, അതില്‍ ചിലതെല്ലാം ചേര്‍ത്ത് പലവട്ടം ചെറുതായിച്ചുരുട്ടി രാജാവിന്ന് ഉപചാരപൂര്‍വ്വം കൊടുക്കുന്നു’. അത്, രാജാവ് തിന്നുകയും ഇടക്കിടെ പരിചാരകന്‍ നീട്ടുന്ന സ്വര്‍ണ്ണ പാത്രത്തില്‍ തുപ്പുകയും ചെയ്യുന്നു’. ഇവിടെ രാജാവാകുമ്പോള്‍ ഭക്ഷണം അമൃതേത്തായി മാറുമ്പോലെ തുപ്പലിനും പരിവേഷം മാറുന്നു.

മാന്യന്മാരുടെ തുപ്പല്‍:
പ്രഭാതസവാരിക്കിറങ്ങുന്നവര്‍ ക്ഷീണിക്കുമ്പോള്‍ വഴിയില്‍ തുപ്പുന്ന കാഴ്ച്ച സാധാരണമാണ്. എന്നാല്‍ ഇതിലുള്ള അപാകത; തുപ്പല്‍ എന്ന പ്രക്രിയയിലല്ല, മറിച്ച് രീതിയിലാണ്. റോഡിന്റെ അരികിലുള്ള കുപ്പത്തോട്ടിയിലോ അതുപോലെ ഏതെങ്കിലും അതിന്നുപറ്റിയ അരികിലോ നീങ്ങിക്കൊണ്ട് തുപ്പുന്നതും സ്പീഡില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തുപ്പുന്നതുംതമ്മില്‍ വളരെ വ്യത്യാസമുണ്ട്.

തുപ്പലിന്ന് പ്രസിദ്ധമായ വിദേശരാജ്യങ്ങള്‍:
ആഫ്രിക്കയിലെ ഗാനാ എന്ന സ്ഥലത്ത് തുപ്പല്‍ സര്‍വ്വസാധാരണമാണ്. ഭക്ഷണസാധനങ്ങള്‍ വഴിയോരങ്ങളില്‍ വെച്ച് വില്‍ക്കുന്നവര്‍പോലും അതിന്റെ പാര്‍ശ്വഭാഗത്ത് തുപ്പുന്നത് ഒരു സ്ഥിരം കാഴച്ചയാണെന്ന് പറയുന്നു. തുപ്പലില്‍നിന്ന് പകരുന്ന നിരവധിരോഗങ്ങള്‍ ഇവിടങ്ങളില്‍ വ്യാപകമാണെന്ന് പറയപ്പെടുന്നു. സ്വതസിദ്ധായി വായിലുണ്ടാവുന്ന ഉമിനീര്‍ കൂടാതെ തോണ്ടയില്‍നിന്ന് കഷ്ടപ്പെട്ടെടുത്ത് കാര്‍ക്കിച്ച് തുപ്പുന്നത് ഗാനയില്‍ പതിവാണെന്ന് പറയുന്നു. ചൈനയില്‍ പരസ്യമായി തുപ്പുന്നത് ഒരു സാധാരണ സംഭവമാണെന്ന് പറയുന്നു. അവിടെ ക്ലാസ്സ് റൂമിലിരുന്ന്‌പോലും നിലത്ത് തുപ്പിയിടുന്ന വിദ്യാര്‍ത്ഥികളുണ്ടെന്ന് പറയുന്നു. സാമൂഹ്യമായും സാമ്പത്തീകമായും പിന്നോക്കം നില്‍ക്കുന്നവരിലാണിത് കൂടുതലും !!. ആദ്യം പറഞ്ഞപോലെ നമ്മുടെ നാട്ടിലും പല്ലുതേച്ച് വായകഴുകുമ്പോള്‍ തൊണ്ടയില്‍ കയ്യിട്ട് സ്വതസിദ്ധമായി അവിടെയുണ്ടായിരിക്കേണ്ട മ്യുക്കസ് മെംബറെയിന്‍ (Mucous membrane) എന്ന നേരിയ കഫം പോലെയുള്ള പാടയെ പുറത്തേക്ക് കൊണ്ടുവരുന്നു. അത്രയും വൃത്തിയായി എന്ന് വിശ്വസിച്ചുകൊണ്ടാണീ ഭഗീരഥപ്രയത്‌നം ചെയ്യുന്നത്.

ജീവശാസ്ത്രപരവും, പ്രകൃതിദത്തവുമായ ഉമിനീരുല്പാദനം:
ഭക്ഷണത്തിന്റെ മണം കിട്ടിയാല്‍ വായില്‍ ഉമിനീര്‍ വരുന്നത്‌പോലെ വൃത്തികെട്ട മണം അനുഭവപ്പെട്ടാലും അങ്ങിനെ വരുന്നു. അപ്പോള്‍ അതേ ഉമിനീരിനെ തുപ്പല്‍ എന്ന് പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ ‘വായില്‍ വെള്ളം വന്നു’ എന്ന് അന്തസ്സായി പറയുന്നു. ഉമിനീര്‍ കണക്കിലധികം വായില്‍ ഉല്പാദിപ്പിക്കപ്പെടുന്ന അവസ്ഥയെSialorrhea എന്നാണ് മെഡിക്കല്‍ സയന്‍സില്‍ പറയുന്നത്. ഇതിനെ ഹൈപ്പര്‍ സലൈവേഷന്‍ (Hypersalaivation.) എന്നും ടയലിസം (Ptyalism) എന്നും പറയുന്നു. വൈറ്റമിന്‍ B3 അഭാവം കൊണ്ടുണ്ടാവുന്ന പെല്ലാഗ്ര, ഗാസ്റ്റ്രൊ ഈസോഫാജിയല്‍ റിഫ്‌ളക്‌സ് ഡിസീസ് (Gastro esophageal Reflux Disease), മനം പിരട്ടല്‍, ഛര്‍ദ്ദി മുതലായവ, കരളിന്നുണ്ടാവുന്ന ചില അസുഖങ്ങള്‍, സെറട്ടോണിന്‍ സിന്‍ഡ്രോം എന്ന അവസ്ഥ, വായപ്പുണ്ണ്, എന്നീ അസുഖങ്ങളും ചിലമരുന്നുകളും കൂടുതലായി ഉമിനീര്‍ വായയില്‍ ഉല്പ്പാദിപ്പിക്കുന്നു. മൗത്ത് വാഷ് ഉപയോഗിക്കുന്നതും, വെള്ളം കുടിക്കുന്നതും ബ്രഷ്‌ചെയ്യുന്നതുമെല്ലാം കൂടുതല്‍ ഉമിനീരുല്പാദിപ്പിക്കുന്നതിനെ തടയാനുപകരിക്കുന്ന ഘടകങ്ങളാകുന്നു.

ഉമിനീരിന്റെ ഉല്പാദനവും പ്രവര്‍ത്തനവും അലങ്കാര ഭാഷകളും:
സലൈവ (Saliva) എന്ന ഉമിനീര്‍ ഉല്പാദിപ്പിക്കുന്നത് സലൈവറി ഗ്രന്ഥികള്‍ (Salivary Glands) വഴിയാണ്. ഭക്ഷണത്തെ നനക്കുകയും വിഴുങ്ങാന്‍ സഹായിക്കുകയും നനക്കുകയും, കുതിര്‍ക്കുകയും, ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന എന്‍സൈമുകള്‍ അതിലുണ്ട്. വായയിലെ മുറിവുകളുണങ്ങാന്‍ സലൈവ ഉപകരിക്കുന്നു. രോഗാണുക്കളെ അകറ്റുകയും ഹാനികരമായ വിഷപദാര്‍ത്ഥങ്ങളെ തടയുകയും വായയിലെ വരള്‍ച്ച ഇല്ലാതാക്കുകയും ചെയ്യുന്നു.വായയില്‍ കപ്പലോടുക എന്നത് സ്വാദിഷ്ടമായ ഭക്ഷണത്തെ വിവരിക്കുന്ന ഒറ്റ വാചകമാണ്. എന്നാല്‍ തുപ്പലൊലിക്കുക എന്ന് പറയുമ്പോള്‍ കാര്യം മോശമാകുന്നു. Drool എന്നൊരു വാക്കുണ്ട്. അത് ഉമിനീരിനെപ്പറ്റി പറയുമ്പോള്‍ തുപ്പലൊലിപ്പിക്കുക എന്നും Drool over എന്നുപറയുമ്പോള്‍ സന്തോഷത്തോടെ നോക്കുക എന്നും അര്‍ത്ഥം വരുന്നു. നമ്മള്‍ ഭക്ഷണംകഴിക്കുമ്പോള്‍ ഒരു നായ നമ്മളെ നോക്കിയിരുന്ന് വായില്‍നിന്ന് തുപ്പലുറ്റുമ്പോള്‍ അതിനെ Drools എന്ന് പറയുന്നു. സലൈവേഷന്‍ (Salivation) എന്ന വാക്ക് ഉമിനീരുല്പാദനം എന്ന രീതിയില്‍ മാത്രമല്ല, അതിയായ താല്പര്യം ഉണ്ടാവുക എന്ന രീതിയിലും ആംഗലേയ ഭാഷയില്‍ ഉപയോഗിക്കുന്നു.

രോഗാവസ്ഥയിലെ തുപ്പലുക ളും, നിയന്ത്രിക്കേണ്ടുന്നവയും:
മുതിര്‍ന്നവര്‍ തുപ്പുന്നതിന്ന് പല കാരണങ്ങളുമുണ്ട്. ഗര്‍ഭ്ഭിണികള്‍ക്ക് ഉമിനീരുല്പാദനം കൂടുതലായുണ്ടാവും. അങ്ങിനെയുള്ളവര്‍ ചെറുനാരങ്ങയില്‍ ദ്വാരമുണ്ടാക്കി വലിച്ചുകുടിക്കുകയോ, പഞ്ചസാര വായിലിട്ട് അലിയിക്കുകയോ ചെയ്താല്‍ അല്പം ശമനം ലഭിക്കും. ഒ സി ഡി (Obsessive Compulsive Disorder) എന്ന മാനസീകനിലയുള്ളവര്‍ക്ക് ഉമിനീരുല്പാദനം കൂടും. ഒ സി ഡി ഡിസോര്‍ഡറുള്ള കുട്ടിയോ വലിയവരോ ആരാണെങ്കിലും തന്റെ വായയുടെ അടുത്തുവന്ന് ആരെങ്കിലും സംസാരിച്ചാല്‍ രോഗാണു അപരന്റെ വായില്‍നിന്ന് തന്റെ വായിലേക്ക് പ്രവേശിച്ചു എന്ന ഭയത്താല്‍ തുപ്പല്‍ വര്‍ദ്ധിക്കുന്നു. അങ്ങിനെവരുമ്പോള്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായം ഗുണം ചെയ്യും. എന്നാല്‍ നടന്നുതുടങ്ങിയ ഒരു കുഞ്ഞിനെസംബന്ധിച്ച് അവിടെയുമിവിടെയും തുപ്പിക്കളിക്കുന്നത് പരിശീലനംകൊണ്ട് മാതാപിതാക്കള്‍ നിയന്ത്രിക്കേണ്ടതുണ്ട്. പരസ്പരം ശണ്ഠകൂടുന്ന കുട്ടികള്‍ തുപ്പല്‍ ഒരായുധമാക്കി എതിരാളിക്ക്‌നേരെ പ്രയോഗിക്കുന്നതും ചെറിയ ശിക്ഷകള്‍ നല്‍കി നിയന്ത്രിക്കേണ്ടതാണ്. മനസ്സില്‍ സംഘര്‍ഷാവസ്ഥ വരുമ്പോഴും കുട്ടികളുടെ ഉമിനീരുല്പാദനം കൂടുന്നു. അങ്ങിനെയുള്ള അവസ്ഥയില്‍ സംഘര്‍ഷത്തിന്നുള്ള സാദ്ധ്യതകള്‍ കുറച്ചുകൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാകുന്നു. സ്ഥിരമായി തുപ്പുന്ന ഒരു കുട്ടിയുടെ ടോണ്‍സിത്സ് (tonsils) വീങ്ങിയിട്ടുണ്ടോ എന്ന് ഡോക്ടറെക്കൊണ്ട്. പരിശോധിപ്പിക്കേണ്ടതാകുന്നു. അല്‍ഷിമര്‍ രോഗമുള്ളവര്‍ (Alzheimer disease) ഭക്ഷണം പോലും തുപ്പിക്കളയുന്നു. ഭക്ഷണം ഇറക്കുവാനുള്ള വിഷമമാണവരെ ഇതിന്ന് പ്രേരിപ്പിക്കുന്നത്.ഡിമെന്‍ഷിയ (dementia) രോഗമുള്ളവരിലും തുപ്പുന്ന ശീലം വര്‍ദ്ധിച്ചതോതിലായിരിക്കും.

നമ്മുടെ നാട്ടിലെ തുപ്പല്‍ പ്രശ്‌നം നിയമസഭയില്‍:
2016 ജൂലായ് 23 ലെ ടെലഗ്രാഫ് എന്ന പത്രം രാജ്യസഭയിലെ അപൂര്‍വ്വമായ ഒരു ഏകാഭിപ്രായത്തെപ്പറ്റിയായിരുന്നു. വെസ്റ്റ് ബംഗാളിലെ രാജ്യസഭാംഗമായ നദിമല്‍ ഹക്ക്, ‘ഇന്ത്യയെ തുപ്പല്‍ രാജ്യം’ (Spitting Country) എന്ന് വിശേഷിപ്പിച്ച സന്ദര്‍ഭ്ഭത്തിലായിരുന്നു അത്. ഇന്ത്യക്കാരില്‍നിന്ന് ഈയൊരു ദുശ്ശീലം അകറ്റണമെന്നദ്ദേഹം ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. പല നിയമജ്ഞന്മാരും അതനുകൂലിക്കുകയും ചെയ്തു. വടക്കേയിന്ത്യയിലെ പല സര്‍ക്കാരാഫീസുകളുടെയും ചുമരുകളില്‍ പാന്‍ ചവച്ചുതുപ്പിയതിന്റെ കറയായിരുന്നു അതിന്ന് കാരണമായി കാണിച്ചിരുന്നത്. വടക്കെയിന്ത്യയില്‍ ഒരാളെക്കണ്ടു സംസാരിക്കുന്നതിന്നിടയില്‍ പാന്‍ ചവച്ചുകൊണ്ട് സൈഡിലേക്ക് തുപ്പുന്നത് ഒരു സാധാരണ സംഭവമാണ്. ഇത്തരം ദുശ്ശീലങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ശീലിക്കുന്നു. ജീവിതശൈലിയില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടു വളരുന്നു, പഠിയ്ക്കുന്നു.

തുപ്പല്‍ വെളിച്ചം വീശുന്ന രംഗങ്ങള്‍:
സലൈവ അഥവാ ഉമിനീര്‍ അല്ലെങ്കില്‍ തുപ്പല്‍ എന്നത് നിരവധി എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, ആന്റിബോഡികള്‍, ആന്റീ മൈക്രോബിയലുകള്‍ അഥവാ ബാക്റ്റീരിയകള്‍ക്ക് എതിരായിട്ടുള്ള വസ്ഥുക്കള്‍, എന്നിവ അടങ്ങിയതും സലൈവറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്നതുമായ ഒരു ശ്രവവുമാകുന്നു. ഇതില്‍ 2000 തരം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. അതിലെ 27 ശതമാനവും രക്തത്തില്‍ കാണുന്നവയാണ്. രക്തത്തില്‍നിന്ന് ചില സെല്ലുകള്‍ തരണം ചെയ്ത് എത്തുന്ന ഒരു ശ്രവം എന്നതുകൊണ്ടുതന്നെ രക്തത്തിലെ സീറം എന്ന വസ്തുവുമായി സാമ്യമുള്ള ഒന്നാണ് തുപ്പല്‍. അതിനാല്‍ ഒരാളുടെ ആരോഗ്യനിലപോലും തുപ്പലില്‍നിന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. അതിനാല്‍ രക്തം കുത്തിയെടുക്കുന്നത്‌പോലെ ശരീരത്തെ വേദനിപ്പിക്കാതെ ചില രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള ഒരു ഉപാധിയുമാണ് തുപ്പല്‍. ഒരുദിവസം ഒരാല്‍ ഒന്ന്-ഒന്നര ലിറ്ററോളം തുപ്പല്‍ ഉല്പാദിപ്പിക്കുന്നു. ക്യാന്‍സര്‍, എച്ച് ഐ വി, പ്രമേഹം എന്നിവയുടെ പ്രതിഫലനങ്ങള്‍ തുപ്പലില്‍ കാണാം. മസ്തിഷ്‌കത്തിലെ ചില വ്യതിയാനങ്ങള്‍ പോലും തുപ്പലില്‍ കാണാം എന്ന് അതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ നടത്തുന്ന ശാസ്ത്ര്ജ്ഞന്മാര്‍ പറയുന്നു. അതിന്നുദാഹരണമാകുന്നു, പാര്‍ക്കിന്‍സണ്‍ രോഗത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സെറട്ടോനെര്‍ജ്ജിക്ക് ഹോര്‍മോണുകടെ പ്രവര്‍ത്തനം. ഇത്തരം കണ്ടുപിടുത്തങ്ങള്‍ അടുത്തകാലത്തായി, തുപ്പല്‍ എന്ന ശ്രവത്തെ കൂടുതലായി രോഗ നിര്‍ണ്ണയത്തിന്റെ വെളിച്ചത്തില്‍ കൊണ്ടുവരാന്‍ പര്യാപ്തമാകുന്നു.

തുപ്പലിനെ വിശദമായ ഒരു അനാലസിസ് നടത്താതെ പറയുകയാണെങ്കില്‍ മ്യുസിന്‍ (Mucin) , ആല്‍ഫാ അമൈലേസ ്, (alpha amylase) പലതരം അയോണുകള്‍ (Ions) അടങ്ങിയതും, ദഹനം, പല്ലുകളുടെ സം രക്ഷണം, എന്‍സൈമിന്റെ പ്രവര്‍ത്തനം വഴി വായയിലെ കല (Tissue) കളുടെ സംരക്ഷണം, ല്യുബ്രികേഷന്‍, ആന്റി ബാക്റ്റീരിയല്‍ ഗുണങ്ങള്‍ (Antibacterial Properties) എന്നിവ ഉള്ളതുമായ ഒരു ശാരീരിക ശ്രാവമാകുന്നു (Secretion). ഇതുല്പാദിപ്പിക്കുന്ന സലൈവറി ഗ്രന്ഥികള്‍ മൂന്ന് ജോഡികളുണ്ട്. കവിളുകളുടെ ഉള്ളിലും വായയുടെ അടിഭാഗത്തും മറ്റുമായി സ്ഥിതിചെയ്യുന്ന ഇത് മസ്തിഷ്‌കത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.