August 8, 2018

ആദമും ഹവ്വയും ഉണ്ടായിരുന്ന സ്ഥിതിക്ക് ഡാര്‍വ്വിനെ ആര്‍ക്കു വേണം?
തുര്‍ക്കിയില്‍ കാനനച്ചോലയില്‍ ആടുമേക്കുന്ന രമണന്മാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ പോകുന്നു. അവിടുത്തെ സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും കാഴ്ച്ചപ്പാടില്‍ ചാള്‍സ് ഡാര്‍വ്വിന്റെ പരിണാമസിദ്ധാന്തം പോലേയുള്ള സംഗതികള്‍ പഠിയ്ക്കുന്നത്‌കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നാണ്. ആ സ്ഥാനത്ത് പുരാതനകാലത്തെ ആടുമേക്കല്‍ സമ്പ്രദായമാണേറ്റവും നല്ലത്. അതിനാല്‍ ആടുമേക്കുന്നവരുടെ സംഖ്യ കൂടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. തുര്‍ക്കിയിലെ ഗാര്‍ഡിയന്‍ പത്രത്തിന്റെ ഇന്റര്‍നാഷനല്‍ പതിപ്പില്‍ വന്ന വിവരമനുസരിച്ച്,വിദ്യാഭ്യാസബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന Alpaslan Durmuº പറഞ്ഞിരിക്കുന്നത് പരിണാമസിദ്ധാന്തം വിവാദപരമായതും, വിദ്യാര്‍ത്ഥികളെസംബന്ധിച്ച് പഠിക്കാന്‍ വളരെ വിഷമമേറിയതുമാണെന്നാണ്. അതനുസരിച്ച്, ഒന്‍പതാം ക്ലാസ്സിലെ ജീവശാസ്ത്രപാഠത്തിലെ പരിണാമസിദ്ധാന്തപഠനം മാറ്റി. പാരമ്പര്യം, മതേതരത്വം എന്നീ വിഷയങ്ങളും അവര്‍ ഒഴിവാക്കുകയാണ്. മുസ്തഫാ കെമല്‍ പാഷ എന്ന രാഷ്ട നേതാവ് അന്ന് കൊണ്ടുവന്ന പലതും ഇന്നവര്‍ക്ക് സ്വീകരണമല്ല. ആദമിന്റെയും ഹവ്വയുടെയും കഥകള്‍ക്ക് വിരുദ്ധമായ പരിണാമസിദ്ധാന്തം അവര്‍ക്ക് സ്വീകാര്യമാവുന്നില്ല. ഇസ്ലാമിക, തുര്‍ക്കി, ശാസ്ത്രജ്ഞന്മാര്‍ക്ക് ഇനിമുതല്‍ കൂടുതല്‍ പ്രാധാന്യ്ം നല്‍കുകയും അവരുടെ കണ്ടുപിടുത്തങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുകയും ചെയ്യുന്നതാണ്. മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇതില്‍ വലിയ എതിര്‍പ്പുണ്ടെങ്കിലും അത് വിലപ്പോകാന്‍ സാദ്ധ്യതയില്ല.

മേലെ എഴുതിയത് ഒരു കൊല്ലം മുന്‍പുണ്ടായ നീക്കമായിരുന്നു. എന്നാല്‍ ഇന്നത് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. 8, ആഗസ്ത് 2018 ലെ ഹിന്ദുസ്ഥാന്‍ടൈസ് (Hindustan Times) എന്ന പത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ച്, ഇന്നലെ തുര്‍ക്കി; ചാള്‍സ് ഡാര്‍വ്വിന്റെ പരിണാമസിദ്ധാന്തം പാഠ്യപദ്ധതിയില്‍നിന്ന് നീക്കിയെന്നാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ പറയുന്നത്, എര്‍ഡോഗാന്‍(Tayyip Erdogan) എന്ന പ്രസിഡന്റ്, അങ്ങിനെ, തുര്‍ക്കിയിലെ മതേതര ഫൗണ്ടേഷനെ തകിടം മറച്ചിരിക്കുകയാ ണെന്നാണ്.ഇസ്താമ്പൂളിലെ മേയറും, പിന്നീട് തുര്‍ക്കിയിലെ പ്രധാനമന്ത്രിയുമായിരുന്ന ഇയാള്‍, തികഞ്ഞ ഒരു ഇസ്ലാം മതപശ്ചാത്തലത്തില്‍ വളര്‍ന്ന ആളാകുന്നു. എങ്കിലും അയാളുടെ വേഷം പാശ്ചാത്യ രീതിയില്‍ കോട്ടും സൂട്ടുമാകുന്നു. അയാള്‍ അമേരിക്കക്കാരനും ഇസ്ലാം മതസ്ഥനുമല്ലാത്ത തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ച ഇലക്ട്രിക്ക് ബള്‍ബുപയോഗിച്ചുകൊണ്ട് രാത്രി വെളിച്ചം കാണുന്നു. ഇസ്ലാം മതസ്ഥരല്ലാത്ത ജര്‍മ്മന്‍കാര്‍ കണ്ടുപിടിച്ച കാറില്‍ സഞ്ചരിക്കുന്നു. ഇസ്ലാം മതസ്ഥരല്ലാത്ത റൈറ്റ് സഹോദരന്മാര്‍ കണ്ടുപിടിച്ച വിമാനത്തിലും സഞ്ചരിക്കുന്നു. വിരോധം ഡാര്‍വ്വിന്‍ കണ്ടുപിടിച്ച സിദ്ധാന്തത്തോട് മാത്രം. കാരണം, ഇത് മൂപ്പരുടെ ജീവിതനിലവാരത്തെ യാതൊരുതരത്തിലും ബാധിക്കുന്നില്ല.

തുര്‍ക്കിയെ ഒരു ജനാധിപത്യ രാഷ്ട്രമായി രാഷ്ട്രീയ നിരീക്ഷകരാരും കാണുന്നില്ല. എങ്കിലും ഇത്രത്തോളം അടിച്ചേല്പിക്കലിന്ന് പ്രസിഡന്റെന്ന ആള്‍ വരുംതലമുറയോട് ഉത്തരം പറയേണ്ടിവരും. ദൈവത്തിന്റെ ഇഷ്ടത്തിന്നനുസരിച്ചാണെങ്കില്‍ ഉത്തരത്തിന്റെയും ആവശ്യമില്ലല്ലോ? എത്ര ജനാധിപത്യമില്ലെങ്കിലും ശാസ്ത്രത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും കുട്ടികളുടെ അല്ലെങ്കില്‍ ഭാവിതലമുറയുടെ വളര്‍ച്ചക്കാവശ്യമായതാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. നമ്മുടെ നേതാക്കളില്‍ പലരുടെയും വിദ്യാഭ്യാസയോഗ്യതകള്‍ തര്‍ക്കവിഷയമാവുന്നത് പോലെ ഇയാളുടെയും കാര്യത്തില്‍ അങ്ങിനെയൊരു തര്‍ക്കവിഷയം നിലനില്‍ക്കുന്നു. ഒരുപ്രാവശ്യം ജെയിലിലും പോയിട്ടുണ്ട്. അതും മതഭ്രാന്തില്‍ അധിഷ്ടിതമായ വിചാരം പ്രചരിപ്പിച്ചതിന്റെയോ പ്രസംഗിച്ചതിന്റെയോ പേരിലായിരുന്നു. വിദ്യാഭ്യാസത്തെപ്പറ്റി, ബിസിനസ്സ് മാനേജ്മന്റ്, ഗ്രാജുവേഷന്‍ എന്നിവ തര്‍ക്കവിഷയത്തില്‍ നിലനില്‍ ക്കുന്നു എങ്കിലും ഒരിക്കല്‍ അധികാരസ്ഥാനത്തെത്തിയാല്‍ പിന്നെ അവര്‍ പറയുന്നതാണല്ലോ വേദവാക്യം. ഫെയ്‌സ് ബുക്ക്, വിക്കിപീഡിയ, ട്വിറ്റര്‍ എന്നിവ പലപ്രാവശ്യവും തന്റെ രാജ്യത്തില്‍ ആരും ഉപയോഗിക്കാതിരിക്കാന്‍ ബ്ലോക്ക് ചെയത ആളുകൂടിയാണ് ഈ യോഗ്യന്‍.

പരിണാമസിദ്ധാന്തത്തിന്നെതിരായ ഈ നീക്കത്തിന്നെതിരെ അദ്ധ്യാപകസംഘടനയുടെ ചെയര്‍മാനും അതുപോലെയുള്ള പലരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കുത്താന്‍ വരുന്ന പോത്തിനോട് വേദം ഓതുന്നത്‌പോലെയാണ് കാര്യങ്ങളുടെ കിടപ്പ്. ഇനി, ആരെങ്കിലും പരിണാമസിദ്ധാന്തം പഠിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യുകയും ജിഹാദിന്റെ പേരില്‍ തൂക്കിലേറ്റുകയും ചെയ്യാന്‍ വഴിയുണ്ട്. ഖുറാനിലും ബൈബിളിലും പറഞ്ഞതല്ലാതെ മറ്റൊരു വിശ്വാസത്തിന്റെയും ആവശ്യമില്ലാത്ത ബുദ്ധിശാലികളാണവര്‍.

Categories: Irrational