Published in Pradeepam
മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ
ഏതാണ്ടൊരു നാല്പ്ത്തഞ്ച് കൊല്ലം മുമ്പുണ്ടായ സംഭവ കഥയാകുന്നു. അന്ന് ഇരുപത്തഞ്ചുകാരനായ എനിക്ക് അറുപത് വയസ്സുകാരനായ ഒരു വലിയച്ഛനുണ്ടായിരുന്നു. മൂപ്പര്‍ക്ക് പതിവായി ഡോക്ടറെ കാണണം. കോഴിക്കോട്ടെ പ്രസിദ്ധനായ ഭിഷഗ്വരനും മെഡിക്കല്‍ കോളേജിലെ പ്രൊഫസറുമായിരുന്ന പരേതനായ ഡോ: ഗോവിന്ദന്‍ നായരായിരുന്നു വലിയച്ഛന്റെ പ്രിയപ്പെട്ട ഡോക്ടര്‍. ഞാന്‍ വലിയച്ഛന്റെ കൂടെ പോകണമെന്നത് അദ്ദേഹത്തിന്റെ ഒരു നിര്‍ബ്ബന്ധമായിരുന്നു. ഓരോപ്രാവശ്യവും ഒരോരോ അസുഖങ്ങളായിരിക്കും വലിയച്ഛന്റെ പ്രശ്‌നം. എല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കുന്ന ഡോക്ടര്‍ നല്ല രീതിയില്‍ വിശദമായി പരിശോധനകള്‍ നടത്തുകയും അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചിലപ്പോള്‍ ലാബോറട്ട്രി പരിശോധനകള്‍ ചെയ്യിക്കുകയും ചെയ്തിരുന്നുവെങ്കിലും രോഗി അസുഖം ഭേദമായെന്ന് പറയാന്‍ തയ്യാറില്ലായിരുന്നു. അങ്ങിനെയൊരു ദിവസം സ്വതവേ ശാന്തനായ ഡോക്ടര്‍ക്ക് അല്പം ദേഷ്യം വന്നു. വലിയച്ഛനോട് പറഞ്ഞു ”നിങ്ങള്‍ക്ക് എന്റെ പരിശോധനയിലും ലാബറട്ടറി ടെസ്റ്റുകളിലും യാതൊരു രോഗവും കാണുന്നില്ല. ഇത് നിങ്ങളുടെ മനസ്സിലെ തോന്നലാകുന്നു. അതിനാല്‍ സമാധാനമായി ഇരിക്കുക.’.
എന്റെ വലിയച്ഛനെപ്പോലെ നിരവധി പേര്‍ ഈ ലോകത്തുണ്ട്. മറ്റൊരു സുഹൃത്തിന്റെ മുത്തശ്ശി ഇത്തരത്തിലുള്ള മറ്റൊരു കഥാപാത്രമാകുന്നു. അന്നത്തെ പ്രസിദ്ധനായ ജി കെ വാര്യരായിരുന്നു ഡോക്ടര്‍. ഓരോ പരിശോധനക്കും അരമണിക്കൂറോളം എടുക്കുകയും അതിന്നിടയില്‍ പുകവലിക്കാരനായ അദ്ദേഹം ഒന്നോ രണ്ടോ സിഗരറ്റ് വലിച്ചുകൊണ്ട് വളരെയധികം ചിന്തിച്ച ശേഷം നിസ്സാര മരുന്നുകള്‍കൊണ്ട് രോഗം മാറ്റുന്ന രോഗനിര്‍ണ്ണയ വിദഗ്ധന്‍! മൂന്ന് പ്രാവശ്യം അടുപ്പിച്ച് ചെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മുന്‍ശുണ്ഠിക്കാരനായ ഡോക്ടര്‍: ”നിങ്ങള്‍ ഒരു മുദ്രക്കടലാസ്സ് വാങ്ങിക്കൊണ്ടുവരൂ, അതില്‍ ഞാന്‍ എഴുതി ഒപ്പിട്ടു തരാം ഇവര്‍ക്ക് അസുഖം ഒന്നുമില്ലെന്ന്”. പരിശോധനമേശയില്‍നിന്നിറങ്ങാന്‍ മറ്റുള്ളവര്‍ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ അതിന്ന് സമ്മതിക്കാതെ ”അവര്‍ തനിയെ ഇറങ്ങട്ടെ” എന്നും പറഞ്ഞു. അവര്‍ തനിയെ ഇറങ്ങുകയും ചെയ്തു.
ഇങ്ങിനെ രോഗമില്ലാതെ സ്വയം രോഗിയാണെന്ന് വിചാരിക്കുന്ന മാനസീകാവസ്ഥയെ ഹൈപോകോണ്ട്രിയ (hypochondria) എന്ന് പറയുന്നു. ഇത് ഗ്രീക്കില്‍നിന്ന് ഉരുത്തിരിഞ്ഞ ഒരു വാക്കാകുന്നു. വയറിന്റെ ഇരു ഭാഗങ്ങള്‍ക്കാണ് ഹൈപ്പോകോണ്ട്രിയാക്ക് ഏരിയ എന്ന് പറയുന്നത്. ദഹനക്കേടുണ്ടെന്ന മാനസീകാവസ്ഥയില്‍നിന്നാണിതിന്റെ ഉത്ഭവം. ഇപ്പോഴും നമുക്ക് കാണാം കാരണമൊന്നുമില്ലാതെ വയറിന്ന് രണ്ട് തട്ടും തട്ടിക്കൊണ്ട് ‘വയറിന്ന് നല്ല സുഖമില്ല’ എന്ന് സ്ഥിരമായി പറയുന്നവരെ. വിഷാദത്തിന്റെ ആവിര്‍ഭാവം ആ ഭാഗത്തുനിന്നാണെന്ന ഒരു വിശ്വാസവും പണ്ട് ഗ്രീസില്‍ ഹിപ്പോക്രാറ്റിസ് എന്ന വൈദ്യശാസ്ത്ര പിതാവിന്റെ കാലത്തുണ്ടായിരുന്നു.
ഹൈപ്പോകോണ്ട്രിയാസിസ് പ്രയപൂര്‍ത്തിയായ കാലം മുതല്‍ തുടങ്ങുന്നു. തനിക്ക് ഗുരുതരമായ രോഗമുണ്ടെന്ന് ചേറിയചെറിയ രോഗലക്ഷണങ്ങളില്‍ നിന്ന് ഒരാള്‍ അനുമാനിക്കുന്നു. അങ്ങിനെ മാറി മാറി ഡോക്ടര്‍മാരെ കാണിക്കുന്നു. ഡോക്ടറുടെ രോഗ നിര്‍ണ്ണയം ശരിയല്ല എന്ന സ്വയം ധാരണയില്‍ നിന്നാണിത്. വേദനാപരമായതായിരിക്കും കൂടുതല്‍. അല്ലാത്തതും ഉണ്ട്. എല്ലാം മാനസീക നിലയനുസരിച്ച് സ്വയം വ്യാഖ്യാനിക്കപ്പെടുന്നു. പലതരം മാനസീകാവസ്ഥകളില്‍ നിന്ന് ഉടലെടുക്കുന്ന ഈ ചിന്തകളില്‍ രോഗത്തിന്റെ പേരും കൂടി കണ്ടുപിടിച്ചു ചിലര്‍ ഡോക്ടറോട് പറയുന്നു. ഡോക്ടറെ കാണുന്ന സമയത്ത് ഇവരുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. മാനസീക പിരിമുറുക്കമാണിതിന്ന് കാരണം. ലാബറട്ടറി പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുമ്പോഴും ഇതു തന്നെയുണ്ടാവുന്നു. ഇതിന്ന് വൈറ്റ് കോട്ട് സിന്‍ഡ്രോം (White coat Syndrome) എന്ന് പറയുന്നു. ഇവിടെ ‘നിങ്ങള്‍ക്കൊരു രോഗവും ഇല്ല’ എന്ന് ഡോക്ടര്‍ ആവര്‍ത്തിച്ച് പറയേണ്ടി വരുന്നു. അത് രോഗിയുടെ മന:ശാന്തിക്ക് ഒരാവശ്യമാണെങ്കിലും സമര്‍ത്ഥനായ ഒരു ഡോക്ടര്‍ അത് ഭാഗികമായി സമ്മതിച്ചുകൊണ്ട് ശക്തി കുറഞ്ഞ മരുന്നുകള്‍ നല്കുന്നു അതോടെ ചിലര്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. മന:സ്സമാധാനത്തിന്നു വേണ്ടി നല്കുന്നു ഇതിന്ന് പ്ലാസിബോ (placebo) എന്ന് പറയുന്നു. ഡോക്ടറെപ്പോലെ തന്നെ കുടുമ്പാംഗങ്ങളും സുഹൃത്തുക്കളും ഇയാളെ സമാധാനിപ്പിക്കേണ്ടി വരുന്നു. ചില ഹൈപ്പൊകോണ്ട്രിയക്കാര്‍ രോഗത്തെപ്പറ്റി കേള്‍ക്കുവാന്‍ തന്നെ ആഗ്രഹിക്കുന്നില്ല കാരണം; ഉള്ളില്‍ രോഗമുണ്ടെന്ന് വിശ്വസിക്കുകയും അതിന്റെ ടെസ്റ്റുകളെ ഭയക്കുകയും ചെയ്യുന്നു. മറ്റു ചിലര്‍ ഡോക്ടറെ പതിവായി കാണിക്കുന്നു. ഈ വിഭാഗക്കാരാണ് കൂടുതലും! മാസികകളില്‍ രോഗങ്ങളെപ്പറ്റി ഡോക്ടര്‍മാര്‍ എഴുതുന്ന ലേഖനങ്ങള്‍ അവര്‍ വള്ളിപുള്ളി വിടാതെ വായിച്ച് ലക്ഷണങ്ങള്‍ തന്റെതുമായി ഒത്തു നോക്കി അതുതന്നെയാണ് തന്റെ രോഗം എന്ന നിഗമനത്തില്‍ എത്തുന്നു. ചുമയുള്ള ആള്‍ തനിക്ക് ക്ഷയരോഗമാണെന്ന നിഗമനത്തിലെത്താന്‍ അധികം സമയം വേണ്ട. തലവേദന ട്യുമര്‍ ആയും, ചര്‍മ്മത്തില്‍ വരുന്ന കലകള്‍ സ്‌കിന്‍ കാന്‍സറായും തോന്നുന്നു. തന്റെ ഇല്ലാത്ത രോഗത്തെപ്പറ്റി ചിന്തിച്ച് ചിന്തിച്ച് അങ്ങിനെ വിഷാദക്കാരനായി മാറുന്നു. മറ്റുള്ളവരുടെ കൂടെ സന്തോഷിക്കേണ്ട സമയത്തെല്ലാം അവര്‍ അതില്‍നിന്നു മാറി വിഷാദോന്മുഖരാവുന്നു. അങ്ങിനെ വിഷാദം വര്‍ദ്ധിക്കുമ്പോള്‍ ഡോക്ടറെ കാണിച്ച് ആന്റി ഡിപ്രസ്സന്റ് വകുപ്പില്‍ പെടുന്ന മരുന്നുകള്‍ നല്‍കേണ്ടുന്ന സന്ദര്‍ഭ്ഭങ്ങളും വിരളമല്ല. പ്രമേഹം, സന്ധി വേദന എന്നിവ ഉള്ളവര്‍ക്ക് മാനസീക പിരിമുറുക്കം കൂടുതലായിരിക്കും.
അമേരിക്കന്‍ അക്കാദമി ഫേമലി ഫിസിഷ്യന്‍ ജെഫ്രി ജെ കെയ്ന്‍ (Jeffrey J. Cain, MD, FAAFP) പറയുന്നത് ഹിപ്പൊക്രാറ്റസിന്റെ കാലം മുതല്‍ ഹൈപ്പോകോണ്ട്രിയാസിസ് എന്ന മാനസീക പ്രശ്‌നം ഉണ്ടായിരുന്നു എന്നാകുന്നു. നിറയെ കാത്തിരിക്കുന്ന രോഗികളുള്ള ഏതൊരു ഡോക്ടര്‍ക്കും അറിയാം അതില്‍ വലിയൊരു ശതമാനം ഇത്തരത്തിലുള്ളവരാണെന്ന്. രോഗങ്ങളെക്കുറിച്ചറിയാനുള്ള ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യ ഹൈപ്പോകോണ്ട്രിയാസിസിന്ന് വിധേയമായവരുടെ മാനസീകാവസ്ഥ കൂടുതല്‍ വഷളാക്കുന്നു എന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിന്ന് സൈബര്‍കോണ്ട്രിയ (Cyberchondria) എന്ന് പറയുന്നു. രോഗം കണ്ടുപിടിക്കാന്‍ ഇന്റര്‍നെറ്റില്‍ പരതുന്ന പലരും ഹൈപോകോണ്ട്രിയാസിസ് എന്നതും കൂടെ പരതിയിരുന്നെങ്കില്‍ നന്നായിരുന്നു. എന്നാല്‍ ഈയൊരു വാക്ക് സാധാരക്കാരന്ന് പരിചിതവുമല്ല. തനിക്ക് ഉണ്ടെന്നനുമാനിക്കുന്ന രോഗത്തിന്റെ പേരായിരിക്കും അയാള്‍ ഇന്റര്‍നെറ്റില്‍ പരതുക.നെഞ്ച്‌വേദന, ഓര്‍മ്മക്കുറവ്, ജീവിതസമ്മര്‍ദ്ദം, ചെറുപ്പകാലത്ത് ശാരീരികമായോ, ലൈംഗികമായോ പീഢിപ്പിക്കപ്പെട്ടവര്‍, ചെറുപ്പകാലത്ത് ശ്രദ്ധയോ പരിഗണനയോ ലഭിക്കാത്തവര്‍, സ്വതസിദ്ധമായി വിഷാദം, ആകാംക്ഷ എന്നിവ കൂടുതലായുള്ളവര്‍ എന്നിവര്‍ക്ക് ഈയൊരു മാനസീകാവസ്ഥയുണ്ടാവാന്‍ ഒരു കാരണമാകുന്നു.
രോഗ നിര്‍ണ്ണയം:
കുറഞ്ഞത് ആറുമാസത്തെ കാലയളവിന്നുള്ളില്‍ രണ്ട് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറയുന്ന രോഗി, പറയുന്നതില്‍ ഒന്നിന്റെ പേര്‍ പ്രത്യേകം എടുത്തു പറയുന്നു. ഇതൊരു ലക്ഷണമാവാം. അല്ലങ്കില്‍ രോഗ നിര്‍ണ്ണയ ലാബറട്ടറി പരിശോധനകളില്‍ യാതൊന്നും കാണാത്ത അവസ്ഥയില്‍ രോഗി തൃപ്തിപ്പെടാതെ തനിക്ക് രോഗമുണ്ടെന്ന് ശഠിച്ച് പറയുന്നു. എന്നിട്ട് പരിശോധനകള്‍ ആവര്‍ത്തിക്കുന്നു. അത് മറ്റൊരു ലക്ഷണമാവാം. ഇന്നത്തെക്കാലത്ത് ഇന്റര്‍നറ്റ് പോലെയുള്ള സംവിധാനങ്ങളെ ആശ്രയിച്ച് രോഗനിര്‍ണ്ണയം നടത്തുന്ന വ്യക്തികളും ഹൈപ്പോകോണ്ട്രിയാക്ക് ആവാം. ഗുരുതര രോഗം ബാധിച്ച് കുടുമ്പത്തില്‍ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഹൈപോകോണ്ട്രിയാക്കിനെ സംബന്ധിച്ച് അതൊരു രോഗ ഭീതിക്ക് കാരണമാവാം.രോഗ നിര്‍ണ്ണയത്തിന്ന് രോഗി നല്കുന്ന വിവരണം, കുടുമ്പാംഗങ്ങളുടെ വിവരണം എന്നിവ പ്രധാനമാകുന്നു.
ചികിത്സ:
കൗണ്‍സലിങ്ങ് ആകുന്നു ഏറ്റവും നല്ല ചികിത്സാ രീതി. ഇതില്‍ കോഗ്നിറ്റീവ് ബിഹേവിയറല്‍ തിറാപ്പി എന്ന ഒരു വിഭാഗമുണ്ട്. അത് രോഗിയുടെ അവബോധം, സൂക്ഷ്മ നിശ്ചിത ജ്ഞാനം, പ്രത്യക്ഷ ബോധം, ഗ്രഹണ ശക്തി എന്നിവ മാറ്റിയെടുക്കാന്‍ സാധിക്കും. ഇത്തരം ചികിത്സയില്‍ മനസ്സില്‍ അടിയുറച്ച അടിസ്ഥാന രഹിതമായ വിശ്വാസത്തെ മാറ്റുകയാണ് ചെയ്യുന്നത്.നല്ല ഒരു വിദഗ്ധന്റെ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള സൈക്കോഫാര്‍മക്കോ തിറാപ്പി എന്ന ഒരു രീതിയും ഉണ്ട്. ഇതില്‍ മരുന്ന് ഉപയോഗിക്കും