This article was published in Pradeepam Magazine

ഉറക്കവും ഉറക്കമില്ലായ്മയും

പഴയ ഒരു ഹാസ്യ കഥ
1950-60 കളില്‍ സിഡ് സീസര്‍ (Sid Caesar) എന്ന ഒരു അമേരിക്കന്‍ ഹാസ്യകലാകാരനുണ്ടായിരുന്നു. ഇന്‍സോംനിയ (Insomnia) എന്ന ഉറക്കില്ലായ്മ ഉണ്ടായിരുന്നു അദ്ദേഹത്തിന്ന്. കിടക്കയില്‍ ഉറങ്ങാന്‍ കിടന്നുകഴിഞ്ഞാല്‍ അദ്ദേഹം ഉരുണ്ട്മറിഞ്ഞ് കിടന്നും, ശരീരമിളക്കിയും, കീഴ്‌മേല്‍ മറിഞ്ഞും ഭാര്യയുടെ ഉറക്കം നശിപ്പിക്കുക പതിവായിരുന്നു. അങ്ങിനെ ഭാര്യക്ക് ഒരു സൂത്രം തോന്നി. ഇങ്ങിനെ പറഞ്ഞു ‘നാളെ ഉറങ്ങാന്‍ കിടന്നാല്‍ എനിക്ക് നിങ്ങളുടെ ഒരു സഹായം ആവശ്യമുണ്ട്.’ പിറ്റേ ദിവസം രാത്രിയായപ്പോള്‍… ‘പ്രിയേ ഞാന്‍ ഇന്ന് ഒരു ഉറക്കചികിത്സകനെ കണ്ടു. അതിനാല്‍ അദ്ദേഹം പറഞ്ഞ വിദ്യകള്‍ എനിക്കൊന്ന് പരീക്ഷിക്കണം’. അയാള്‍ കിടക്കയില്‍ കിടന്നു കണ്ണടച്ചുകൊണ്ട് പറഞ്ഞു. ‘ഗുഡ് നൈറ്റ് എന്റെ കാലുകളേ, ഗുഡ് നൈറ്റ് എന്റെ കൈകളേ, അങ്ങിനെ കാലുകളില്‍നിന്നും കൈകളില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ ശരീരത്തിലേക്ക് വന്നു’ അവസാനം മസ്തിഷ്‌കത്തിനോടും ഗൂഡ് നൈറ്റ് പറഞ്ഞു. അങ്ങിനെ സിഡ് സീസര്‍ ശരീരം മുഴുവന്‍ അയച്ചിട്ടു, നിദ്രയിലേക്ക് സഞ്ചരിച്ചു.

ഉറക്കമില്ലായ്മ, തൃപ്തികരമല്ലാത്ത അല്പാല്പമായ ഉറക്ക്, ഉറക്കം പിടിച്ചുകഴിഞ്ഞ്, പകുതിവഴിയില്‍നിന്നുള്ള ഉണരല്‍, മൂത്രമൊഴിക്കാന്‍ എണീറ്റശേഷം പിന്നീടുറങ്ങാതിരിക്കല്‍, ഇവയെല്ലാം ഇന്‍സോമിനിയ (Insomnia) എന്ന ഇംഗ്ലീഷ് വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്നു.

ഉറക്കനഷ്ടം (Sleep Deprivation):
ഡിപ്രൈവേഷന്‍ എന്നുള്ളത് ഒരു ക്രിയാപദമായി വരുമ്പോള്‍ ഉന്മൂലനം ചെയ്യുക, ഏടുത്തുകളയുക എന്നെല്ലാമാണെങ്കിലും ഉറക്കത്തെ സംബന്ധിച്ച് സ്ലീപ് ഡിപ്രൈവഷന്‍ എന്നത് ആവശ്യമുള്ള ഒന്ന് ഇല്ലാത്തതിലുള്ള വല്ലായ്മ എന്ന് വിവക്ഷിക്കാം. പരീക്ഷണത്തിന്നുവേണ്ടി ഇങ്ങിനെ ഉറക്കിനെ ഇല്ലാതാക്കല്‍ വഴിയാണ് ഉറക്കത്തിന്റെ അഭാവത്തെപ്പറ്റി മനസ്സിലാക്കാനുള്ള പഠനം നടത്തുന്നത്. കുറേദിവസം തുടര്‍ച്ചയായി ഉറക്കമില്ലാതായ ഒരാളുടെ ഇ ഇ ജി റിക്കാഡിങ്ങ് പരിശോധിച്ചാല്‍ മെല്ലെ മെല്ലെ അയാളുടെ പ്രവര്‍ത്തനശക്തിയും ഉത്സാഹാവസ്ഥയും കുറഞ്ഞു കുറഞ്ഞു വന്നതായി കാണാവുന്നതാകുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ തീരെ ഉറക്കമില്ലാതിരുന്നാല്‍ മാനസീകനില മാറിക്കൊണ്ടു വരുന്നു. ആദ്യം കാണുന്നത് ശ്രദ്ധക്കുറവിലുള്ള വര്‍ദ്ധനയാകുന്നു. അതോടൊപ്പം മനസ്സിന്റെ ചാഞ്ചാട്ടവും! പരപ്രേരണകൂടാതെ ഒരു കാര്യത്തിന്ന് മുന്‍കൈ എടുക്കല്‍ എന്ന സ്വഭാവം കുറഞ്ഞുകുറഞ്ഞു വരുന്നു. മനസ്സില്‍ വ്യാധികളുള്ള ഒരു മനുഷ്യന്ന് പെട്ടന്ന് ഒരുറക്കം വന്ന് അതുപോലെതന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

ഉറക്കത്തിന്റെ ശരീരശാത്രത്തെപ്പറ്റിയും (Physiology) ജീവരസതന്ത്രത്തെപ്പറ്റിയും( Biochemistry) നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്നും ഉറക്കെന്ന കര്‍മ്മത്തെപ്പറ്റി അറിയാന്‍ പലതും ബാക്കിയുണ്ട്.

ആരോഗ്യത്തില്‍ ഉറക്കിനുള്ള സ്വാധീനം:
ഏഴുമുതല്‍ ഒന്‍പതുവരെ മണിക്കൂറുകള്‍ ഉറങ്ങുന്ന ഒരാള്‍ക്ക് താരതമ്യേന രോഗങ്ങള്‍ കുറവായിട്ടാണ് കാണുന്നത്. എന്നാല്‍ മറുവശത്ത്; ചില പ്രത്യേക അസുഖങ്ങള്‍ വഴിയുള്ള മരണകാരണങ്ങള്‍ ഉറക്കിന്റെ ആധിക്യം കാരണം വര്‍ദ്ധിയ്ക്കുന്നു എന്നതും ഒരു വാസ്തവമാകുന്നു. പ്രത്യേകിച്ചും അതിരാവിലെ!! ഉദാഹരണമാണ് രക്ത ധമനികളിലെ അസുഖങ്ങള്‍, രാത്രിയത്തെ ആസ്ത്മ, സ്ലീപ് അപ്നിയ (apnea) എന്ന ഉറക്കത്തില്‍ ഉണ്ടാവുന്ന ശ്വാസംനിലയ്ക്കല്‍ എന്നിവ. സ്ലീപ് അപ്നിയ എന്നത് ഇടക്കിടെയുള്ള ഉണരലാകുന്നു.

ചയാപചയം അഥവാ ജീവവസ്തുവിന്റെ ശരീരപോഷണം (മെറ്റബോളിസം) എന്ന കാര്യത്തില്‍ ഉറക്കിനുള്ള സ്വാധീനം ചെറുതല്ല. രാത്രിയത്തെ ഉറക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ച് മുതല്‍ ഇരുപത്തഞ്ച് ശതമാനം വരെ കുറവാണ് ഈ കാര്യത്തില്‍ പകലിലെ ഉറക്കിന്നുള്ളത്. അതുകൊണ്ടുതന്നെ രാത്രിയത്തെ ഉറക്കാണ് പ്രധാനം. കണ്‍സര്‍വേഷന്‍ എനര്‍ജി (Conservation energy) എന്ന് പറയുന്ന ശക്തിസംഭരണക്രിയ ശരീരം ആര്‍ജ്ജിക്കുന്ന സമയമാണ് ഉറക്ക്. ശരീരത്തിന്നാകമാനംആരോഗ്യം വീണ്ടെടുത്തു നല്‍കുന്ന ഓജസ്‌കരമായ ഒരു പ്രവര്‍ത്തനംകൂടിയാണ് ഉറക്കിന്റെ ഇടയില്‍ ശരീരത്തില്‍ നടക്കുന്നത്.

ശാസ്ത്രീയമായ രണ്ടുതരം ഉറക്കങ്ങള്‍:
എന്‍ ആര്‍ ഇ എം സ്ലീപ്പും (NREM Sleep) ആര്‍ ഇ എം സ്ലീപ്പും (REM Sleep):
എന്‍ ആര്‍ ഇ എം സ്ലീപ്പ് എന്നാല്‍ നോണ്‍ റാപിഡ് ഐ മോവ്മന്റ് സ്ലീപ്പ് എന്നാകുന്നു. ഇത് സ്വപ്നമില്ലാത്ത ഉറക്കമാകുന്നു. ഇത് രണ്ടും ഇ സി ജി കൊണ്ട് മനസ്സിലാക്കുന്നു. അതേ സമയം ആര്‍ ഇ എം സ്ലീപ്പ് എന്നത് സ്വപ്നം കാണുന്ന ഉറക്കമാകുന്നു. എന്‍ ആര്‍ ഇ എം സ്ലീപ്പിന്റെ മസ്തിഷ്‌ക തരംഗങ്ങള്‍ വേഗതകൂടിയതും ആര്‍ ഇ എം സ്ലീപ്പിന്റെ മസ്തിഷ്‌ക തരംഗങ്ങള്‍ വേഗത കുറഞ്ഞതുമായിരിക്കും

നിദ്രാവൈകല്യങ്ങള്‍:
സ്ലീപ്പ് ഡിസൊര്‍ഡറുകളില്‍ ആദ്യത്തെ വിഭാഗമായ ഡിസ്സോംനിയയില്‍ (Dyssomnia)ഇന്‍സോംനിയ, ഹൈപ്പര്‍ സോംനിയ, ഉണര്‍ച്ചയുടെ എണ്ണങ്ങള്‍ എന്നിവ പെടുന്നു. താളം തെറ്റിയ ഉറക്കമാകുന്നു ഡിസ്സോംനിയ. നിദ്രാവൈകല്യങ്ങളില്‍ ഏറ്റവും സാധാരണമാണിത്.

അതില്‍ പെടുന്ന ഇന്‍സോംനിയയെപ്പറ്റി നോക്കാം:
ഇന്‍സോംനിയ (Insomnia) എന്നപേരിലറിയപ്പെടുന്ന ഉറക്കമില്ലായ്മ എന്ന അവസ്ഥയില്‍ ഉറക്കം പിടിയ്ക്കുവാനുള്ള വിഷമം, അത് നിലനിര്‍ത്താനുള്ള വിഷമം, ഇടക്കിടെ ഉണര്ന്നുകൊണ്ടിരിയ്ക്കുന്ന അവസ്ഥ, പതിവിലും നേരത്തെ എഴുനേറ്റ്‌പോകുന്ന അവസ്ഥ, ഉറങ്ങിയാല്‍ തന്നെ ‘എനിക്ക് ശരിയായ ഉറക്കം കിട്ടിയില്ല’ എന്ന ത്രിപ്തികരമല്ലാത്ത മാനസീക നില അങ്ങിനെ പലതും കാണാം. ഇതില്‍ ഏതെങ്കിലും ഒരനുഭവം 15 മുതല്‍ 30 ശതമാനം വരെ വ്യക്തികളിലും കാണാവുന്നതാണ്. ഒരു ഡോക്ടറുടെ കാഴ്ച്ചപ്പാടില്‍ ഒരു മാസത്തെ അനുഭവം വെച്ചുകൊണ്ടാണെങ്കില്‍ ഒരാഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇങ്ങിനെയൊരനുഭവം രോഗിക്ക് ഉണ്ടായിട്ടുണ്ടോ എന്നായിരിക്കും വിലയിരുത്തുന്നത്. അതില്‍ മെഡിക്കല്‍ കാരണങ്ങളായി വേദനകളോ, ഹൃദ്രോഗമോ, ശ്വാസകോശസംബന്ധമായവയോ, വാര്‍ദ്ധ്ക്യസഹജമോ, ചിത്ത്ഭ്രമമോ ഉണ്ടെന്ന് നോക്കും. പിന്നീട് വരുന്നത് മദ്യത്തിന്റെ ഉപയോഗം അല്ലെങ്കില്‍ അതില്‍നിന്ന് ഒഴിവാവാനുള്ള ചികിത്സ, മയക്ക് മരുന്നുകള്‍, കെഫീന്‍, ആംഫിറ്റമിന്‍ (Amphetamine) എന്നീ ഉത്തേജകങ്ങള്‍ എന്നിവയാണ്. അടുത്തതായി ഇപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള വല്ല മരുന്നും കഴിക്കുന്നുണ്ടോ, പിന്നീട് മാനസീക രോഗങ്ങല്‍ വല്ലതും ഉണ്ടോ, എന്നും ആയിരിക്കും. ഇതെല്ലാം കഴിഞ്ഞാല്‍ കാരണമൊന്നും ഇല്ലാതെയുള്ള ഇന്‍സോംനിയ അഥവാ ഇഡിയോപതിക്ക് (Idiopathic) അഥവാ കാരണമില്ലാതെയുള്ള ഇന്‍സോംനിയ എന്നും നിര്‍ണ്ണയിക്കും.

അമിതനിദ്ര: (Hypersomnia)
ഡിസ്സൊംനിയയുടെ അടുത്ത വിഭാഗമാണ് ഹൈപ്പര്‍സോംനിയ (Hypersomnia) അഥവാ അമിതനിദ്ര.
ഒരാള്‍ വേണ്ടതിലധികം ഉറങ്ങുന്നതിനെ ഹൈപ്പര്‍സോംനിയ എന്ന് പറയുന്നു. വേണ്ടതിലധികം എന്നുദ്ദ്യേശിച്ചത് പകല്‍ സമയങ്ങളിലെ ഉറക്കും പത്ത് മണിക്കൂറിലധികമുള്ള ഉറക്കുമാകുന്നു. ഈ പകലുറക്കത്തെ നാര്‍കോലെപ്‌സി (Narcolepsy) എന്നാണ് പറയുന്നത്. ഇത്തരം ഒരാള്‍ക്ക് പരിസരബോധമില്ലാതെ പെട്ടന്നുറക്കം വരുന്നു. നമ്മുടെ നിയമസഭകളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സാമാജികന്മാര്‍ ബോധംകെട്ട രീതിയിലുറങ്ങുന്നത് പത്രങ്ങളിലും വാട്‌സാപ്പ് പോലെയുള്ള മാദ്ധ്യമങ്ങളിലും സാധാരണ വരാറുള്ളതാണ്. ഹൈപ്പര്‍സോംനിയ ഒന്നുമുതല്‍ പന്ത്രണ്ട് ശതമാനം വരെയുള്ള ആളുകളില്‍ കണ്ടുവരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. യുവാക്കളില്‍ സാധാരണ കണ്ടുവരുന്ന നാര്‍കൊലെപ്‌സിയില്‍ പകല്‍ സമയങ്ങളില്‍ ഇടക്കിടെ ഉറങ്ങുകയും രാത്രികാലങ്ങളില്‍ മുറിഞ്ഞു മുറിഞ്ഞു പോകുന്ന ഉറക്കുമായിരിക്കും ഉണ്ടായിരിക്കുക. അവരില്‍ കാറ്റാപ്ലെക്‌സി (Cataplexy) എന്ന സ്വഭാവ വിശേഷം ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ പൊതുവെ ഒരു ഉഷാറില്ലായ്മയും, വൈകാരിക പ്രതിഫലനങ്ങളായ ഭീതി, അത്ഭുതം ദേഷ്യം എന്നിവയും ഉണ്ടാവാന്‍ ഇടയുണ്ടെന്ന് മെഡിക്കല്‍ പഠനങ്ങള്‍ പറയുന്നു.

പാരാസോംനിയ (Parasomnia)
രണ്ടാമത്തെ വിഭാഗമായ പാരാസോംനിയ സ്വപ്നാടനം, കിടക്കയില്‍ മൂതലായ പ്രശ്‌നങ്ങളുള്ള ഒരു വിഭാഗമാണ്. അതിനൊന്നും ഇവിടെ പ്രസക്തിയില്ലാത്തതിനാല്‍ കൂടുതല്‍ വിവരിയ്ക്കുന്നില്ല.

വിവിധ പ്രായക്കാര്‍ക്ക് വേണ്ടുന്ന ഉറക്കത്തിന്റെ ഏകദേശ കണക്കുകള്‍ ഇവയാണ്:
ആറ് വയസ്സുള്ള ഒരു കുട്ടി പതിനൊന്ന് മണിക്കൂറും, പത്ത് വയസ്സുള്ള കുട്ടി പത്ത് മണിക്കൂറും, പതിനഞ്ച് വയസ്സില്‍ ഒന്‍പത് മണിക്കൂറും, ഇരുപത് വയസ്സില്‍ എട്ടര മണിക്കൂറും, ഇരുപത്തഞ്ച് വയസ്സില്‍ എട്ട് മണിക്കൂറും അറുപത് വയസ്സില്‍ ഏഴ് മണിക്കൂറുമാണ് ഒരു സാധാരണ കണക്ക്.
എന്നാല്‍ വിമാനത്തില്‍ സഞ്ചരിയ്ക്കുന്ന ഒരാള്‍ക്ക് സമയത്തിന്റെ മേഘലകള്‍ പെട്ടന്ന് മാറുമ്പോള്‍ ഉറക്കത്തിന്റെ സമയവും മാറുന്നു. ഉദാഹരണമായി അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സഞ്ചരിച്ച ഒരാള്‍ക്ക് ഈ അനുഭവം ഉണ്ടാവും ഇതിനെ ജെറ്റ് ലാഗ് എന്ന് പറയുന്നു. (Jet Lag or rapid change of time zone).

ഉറക്കിന്റെ ലക്ഷണങ്ങളും ചില മാര്‍ഗ്ഗങ്ങളും
ശരീരത്തിന്ന് ഉറക്കം ആവശ്യമായി വരുമ്പോള്‍ കോട്ടുവായ് ഇടുന്നത് സാധാരണമാണ്. ശ്വാസകോശത്തിന്ന് കൂടുതല്‍ വായു ലഭിയ്ക്കുവാനുള്ള പ്രകൃതിദത്തമായ ഒരു രീതിയാണിത്. ശരീരത്തിന്ന് ഇപ്പോള്‍ ഉറക്കം ആവശ്യമാണെന്നതിന്റെ ലക്ഷണമാണിത്. അങ്ങിനെയുള്ള അവസ്ഥയില്‍ ഉടനെ ഉറങ്ങാന്‍ കിടക്കണം. അപ്പോള്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഉറങ്ങിക്കൊള്ളും. അങ്ങിനെ സ്പര്‍ശനശക്തിയും, ഘ്രാണേന്ദ്രിയവും, ശ്രവണേന്ദ്രിയവും മെല്ലെ മെല്ലെ മന്ദീഭവിച്ച് അര്‍ദ്ധബോധാവസ്തയിലേക്കും പിന്നീട് സുഖനിദ്രയിലേക്കും നീങ്ങുന്നു. അടഞ്ഞ കണ്ണുകളിലെ ക്രിഷ്ണമണികള്‍ മേലോട്ട് മറിഞ്ഞു മറയുന്നു. പിന്നീട് മസ്തിഷ്‌കവും പഞ്ചേന്ദ്രിയങ്ങളുമായുള്ള ബന്ധം താല്‍ക്കാലികമായി ഇല്ലാതാകുന്നു. ഉറക്കം വരുന്നസമയത്ത് ഉറങ്ങിയില്ലെങ്കില്‍ ഞരമ്പിലെ കോശങ്ങള്‍ ഉദ്ദീപ്തങ്ങളാവുന്നു. അങ്ങിനെ സംഭവിയ്ക്കുമ്പോഴാകുന്നു സമയംതെറ്റി ഉറങ്ങുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നത്. ഉറങ്ങാന്‍ കിടന്നുകഴിഞ്ഞാല്‍ ബോധപൂര്‍വ്വംതന്നെ ദേഹം പൂര്‍ണ്ണമായി തളര്‍ത്തിയിടണം. ദേഹത്തിന്ന് ഭാരമുണ്ടെന്ന്‌പോലും തോന്നാന്‍ പാടില്ല. എങ്ങിനെ കിടന്നാലാണോ അങ്ങിനെ തോന്നുന്നത്, ആ അവസ്ഥയില്‍ ആയിരിക്കണം. ഭാരം മുഴുവന്‍ കട്ടിലിന്ന് വിട്ടുകൊടുത്തിരിയ്ക്കണം. ഇത് പരിശീലനംകൊണ്ട് ഉണ്ടാവേണ്ട ഒരവസ്ഥയാകുന്നു. യാതൊരുവിധ ചിന്തകളിലേക്കും മനസ്സിനെ പോകാന്‍ അനുവദിക്കരുത്. അങ്ങിനെ സംഭവിച്ചാല്‍ സ്വസ്ഥമായ ഉറക്കിന്നുള്ള സാദ്ധ്യത ഇല്ലാതാവുന്നു. മറ്റെല്ലാ ജീവികളും താരതമ്യേന മനുഷ്യനെക്കാള്‍ ഉറങ്ങുന്നത് അവക്ക് ചിന്തിക്കാനും സംസാരിയ്ക്കാനും കഴിവില്ലാത്തതുകൊണ്ടാകുന്നു. മനുഷ്യനെപ്പോലെ വികസിത ബുദ്ധിയില്ല.

പ്രസന്നമായ ഒരു ചിത്രത്തെയോ പ്രക്രിതിരംഗത്തെയോ മനസ്സുകൊണ്ട് കാണുന്നത് നല്ലതാണ്. പ്രക്രിതിരംഗത്തെയാണ് കാണുന്നതെങ്കില്‍ അവിടുത്തെ സുഗന്ധം, ശബ്ദമാധുര്യം, ചലനം എന്നിവയെപ്പറ്റി സൂക്ഷ്മമായി ഗ്രഹിച്ചുകൊണ്ടിരിക്കാം അങ്ങിനെ വിചാരബാധ കൂടാതെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. ചിലര്‍ക്ക് പത്രമോ പുസ്തകമോ എടുത്തുള്ള ലഘുവായനയും മറ്റ് ചിലര്‍ക്ക് ചെറുചൂടോടു കൂടിയ പാലോ ഉറക്കത്തിന്ന് സഹായകമാവുന്നു. എന്റെ ഒരു സുഹ്ര്ത്ത് ഉറങ്ങാന്‍ നേരത്ത് ഐസ്‌ക്രീം കഴിക്കുന്നു. മധുരം ഉറക്കിന്ന് ചെറുതായി സഹായിക്കുന്നു.
ചിലദിവസങ്ങളില്‍ ഉറങ്ങാത്തത്‌കൊണ്ട് അതോര്‍ത്ത് വിഷമിച്ചാല്‍ പിന്നീടുള്ള ഉറക്കത്തെ ആ വിചാരം സ്വാധീനിക്കുന്നു. ഒരുറക്കം കൊണ്ട് എല്ലാം ശരിയാവും എന്നത് ഒരു യാഥാര്‍ത്യമാ ണ്. ആ വിചാരമുണ്ടായാല്‍ അസ്വസ്ഥതയും മാറും.

പേക്കിനാവ്: (Nightmares):
യക്ഷിപീഢ, പിശാചിന്റെ ഉപദ്രവം, ദിവ്യദര്‍ശനം എന്നീ വകുപ്പില്‍ പെടുന്നതെല്ലാം പേക്കിനാവാകുന്നു. അവ മിക്കവാറും ഭീകരങ്ങളായിരിയ്ക്കും. അവ കണ്ടവര്‍ വികാരപരവശനാവുന്നു. വികാരപാരവശ്യം ശരീരത്തിന്ന് പീഠനകരമാകുന്നു. അത് കാരണം ഹൃദയാഘാതം വര്‍ദ്ധിയ്ക്കുന്നു. ശ്വാസോച്ഛ്വാസത്തിന്റെ വേഗതയും വര്‍ദ്ധിക്കുന്നു. ഒരു പേക്കിനാവിന്റെ ശരീരാധ്വാനം വലുതാണ്

ഉറക്കമില്ലായ്മക്കുള്ള മരുന്നുകള്‍:
ഒരു ഡോക്ടറുടെ കുറിപ്പോടുകൂടി മാത്രം ലഭിയ്ക്കുന്ന മരുന്നുകളാണിവ. നിരവധി മരുന്നുകളുണ്ട് ഇന്ന് മാര്‍ക്കറ്റില്‍. എന്നാല്‍ മരുന്നുകളില്ലാതെ ചെയ്യാവുന്ന ശീലങ്ങളാണ് കൂടുതല്‍ അഭികാമ്യം. ഉറക്ക് വരുത്താനുള്ള മേല്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ മറ്റുള്ളവരും ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അടുത്തു കിടക്കുന്ന ആള്‍, പ്രത്യേകിച്ചും ദമ്പതികളില്‍ ഒരാള്‍ പങ്കാളിക്ക് ഉറക്ക് വരുന്നു എന്ന് തോന്നിയാല്‍ സംസാരങ്ങളും ചോദ്യങ്ങളും അവസാനിപ്പിക്കണം. കിടപ്പറയില്‍നിന്ന് ഒരിക്കലും കലഹിക്കാന്‍ ശ്രമിക്കുകയോ, ചോദ്യങ്ങള്‍ തുരുതുരെ ചോദിച്ച് ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്. ഇന്ന് ചോദിക്കാനുള്ളത് നാളത്തേക്ക് മാറ്റി വെക്കണം.

ഉറക്കത്തിന്റെ ഘട്ടങ്ങള്‍:
നിദ്രാധീനനായ ഒരാള്‍ ആദ്യത്തെ 4 മണിക്കൂര്‍ ഗാഡനിദ്രയിലായിരിയ്ക്കും. പിന്നത്തെ മൂന്ന് മണിക്കൂര്‍ ലഘുനിദ്രയിലും പിന്നത്തെ ഒരുമണിക്കൂര്‍ സാമാന്യ നിദ്രയിലും ആയിരിക്കും എന്നാണ് കണക്ക്.

ഉണര്‍ത്തുന്ന സമ്പ്രദായം:
ഉറങ്ങുന്ന ആളെ പെട്ടന്ന് വിളിച്ചോ കുലുക്കിയോ ഉണര്‍ത്തരുത്. ആസമയം വല്ല ഭയംഗര സ്വപ്നവും കണ്ടുകൊണ്ടിരിയ്ക്കുന്ന സമയമാണെങ്കില്‍ അങ്ങിനെ പെട്ടന്ന് ചെയ്യുന്നത് ഒരബദ്ധമാണ്. പാതികണ്ട സ്വപ്നം ഒരു പേക്കിനാവാവുകയും ആള്‍ കൂടുതല്‍ ഭയചകിതനാവുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന്ന് ഹാനികരമാകുന്നു. പുതച്ചു കിടക്കുകയാണെങ്കില്‍ പുതപ്പിന്റെ അഗ്രം പിടിച്ചൊന്നിളക്കാം. അതുമല്ലെങ്കില്‍ കിടക്കയില്‍ ചെറിയൊരു ചലനമുണ്ടാക്കാം. അങ്ങിനെ സാവധാനം ഉണര്‍ച്ചയില്‍ എത്തുന്നു.

*****

Categories: Mental Health