Published in Pradeepam Magazine

ഏകാന്തയുടെ അപാര തീരം

ഏകാന്തതയും ഒറ്റപ്പെടലും
ഏകാന്തത വേദനാജനകമാകുന്നു. അത് ഒരാള്‍ ആഗ്രഹിക്കാതെ വന്നുചേരുന്ന അവസ്ഥയാകുന്നു. ഏകാന്തത വര്‍ദ്ധിക്കുമ്പോള്‍ ചിലര്‍ക്ക് നെഞ്ചില്‍ ഒരു ഘനം അനുഭവപ്പെടുന്നു. ഓര്‍മ്മശക്തി കുറയുന്നു, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ല. ക്ഷീണം അനുഭവപ്പെടുന്നു, കുറ്റബോധം വര്‍ദ്ധിക്കുന്നു. അശുഭചിന്ത മറ്റെല്ലാ ചിന്തകളേയും ഭരിക്കുന്നു. ഉറക്കം നഷടപ്പെടുത്തുന്നു. കൂടെ ആരെങ്കിലും ഉണ്ടെങ്കിലും ഏകാന്തത അനുഭവപ്പെടാം. ഉദാഹരണമായി അന്നുവരെ ജീവിതം വര്‍ണ്ണശബളമാക്കിയ ഒരാളുടെ സാന്നിദ്ധ്യം പെട്ടെന്ന് നഷ്ടപ്പെടുമ്പോള്‍ ഒരാള്‍ക്ക് ഏകാന്തത അനുഭവപ്പെടാം.. ഏകാന്തതയും ഒറ്റപ്പെടലും ഒരേസമയത്തുണ്ടാവുമ്പോള്‍ അത് കൂടുതല്‍ ദുഷ്‌കരമാവുന്നു. കൂടെ ബന്ധുക്കളുള്ള ഒരാളുടെ ഏകാന്തത അനുഭവപ്പെടല്‍ ബന്ധുക്കള്‍ക്കോ ഒരു നല്ല കൗണ്‍സലര്‍ക്കോ മാറ്റാന്‍ സാധിച്ചേക്കും. ഒറ്റപ്പെടല്‍ എന്ന അവസ്ഥ ചിലപ്പോള്‍ അവര്‍ അങ്ങിനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്‌കൊണ്ടും ആവാം. എന്നാല്‍ ഏകാന്തത അങ്ങിനെയല്ല അത് വന്നു ചേരുന്നു.. ഏകാന്തത എന്ന മാനസീകാവസ്ഥ പഴയ നല്ല സ്മരണകളെ ക്ഷണിച്ചു വരുത്തി, ദുഖിക്കാന്‍ പ്രേരണ നല്‍കുന്നു. ഒരാളൂടെ ഏകാന്തതയും ഒറ്റപ്പെടലും അയാള്‍ മാത്രമായി ഉണ്ടാക്കുന്നതായിരിക്കണമെന്നില്ല. സ്വന്തക്കാരുടെ അവഗണന,, വിവാഹ മോചനം, പ്രായാധിക്യം, മദ്യപാനി അല്ലെങ്കില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ ചികിത്സാ സഹായം കൊടുക്കാതെ അകറ്റി നിര്‍ത്തല്‍ എന്നിവയെല്ലാം കാരണങ്ങളും ഉദാഹരണങ്ങളും ആകുന്നു.
ഏകാന്തത ഇല്ലാതെയുള്ള ഒറ്റപ്പെടല്‍ അവസ്ഥയില്‍ ഒരാള്‍ക്ക് ഒരു മരച്ചുവട്ടിലോ അതുപോലെയുള്ള അന്തരീക്ഷത്തിലോ ഇരുന്ന് വായിച്ച് ഒരു പുസ്ത്കത്തെ ആസ്വദിക്കാന്‍ പറ്റും. വീട്ടിലെ ജോലികള്‍ സ്വയം ചെയ്യാന്‍ സാധിക്കും. പരിഹാരങ്ങള്‍ എന്താണ് ചെയ്യേണ്ടതന്ന് തീരുമാനിക്കാനുള്ള മാനസീകാവസ്ഥ ഉണ്ടായിരിക്കും. സഹായത്തിന് ആരെയെങ്കിലും വിളിക്കണമോ എന്ന് തീരുമാനിക്കാന്‍ സാധിക്കും. ഇവിടെ സ്വയം ശാക്തീകരണം അഥവാ എംപവര്‍മന്റ് എന്ന ഒരവസ്ഥ വരുന്നു. അങ്ങിനെയുള്ള നിരവധിപേരുണ്ട്.
സന്തോഷത്തെ പലരും പലരീതിയില്‍ വ്യാഖ്യാനിക്കുന്നു. ചിലര്‍ പണവും പേരും പ്രശസ്തിയുമാണ്‌സന്തോഷം എന്നു പറയുമ്പോള്‍ ജീവിതം മനസ്സിലാക്കിയവര്‍ പറയുന്നു കുടുമ്പാംഗങ്ങളും സുഹ്ര്ത്തുക്കളുമാണ് സന്തോഷം എന്ന്. ജീവികളില്‍ ഒട്ടുമുക്കാലും സാമൂഹിക ജീവികളാകുന്നു. മനുഷ്യന്‍ പ്രത്യേകിച്ചും! മനുഷ്യ ചരിത്രത്തില്‍ സമൂഹജീവിതം ഒഴ്ച്ചുകൂടാത്ത ഒന്നായാണ് കാണുന്നത്. നിര്‍ധനനും സന്തോഷവാനുമായ ഒരാള്‍ക്ക് ഒരാള്‍ക്ക് ദാനം ചെയ്യാന്‍ പണമില്ല എന്നാല്‍ സന്തോഷം ദാനം ചെയ്യാന്‍ സാധിച്ചാല്‍ അതിന്ന് പണത്തേക്കാള്‍ വിലയുണ്ട്.

മറ്റു ജീവികളിലെ ഒറ്റപ്പെടല്‍
കൂട്ടിലിട്ട ഒറ്റതത്ത മാനസീകമായി തളരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഒറ്റയാന്‍ ആന ആക്രമണകാരിയാവുന്നു ഒറ്റക്ക് കൂട്ടിലുള്ള നായ യജമാനനെ കാണുമ്പോള്‍ പുറത്ത് വരാന്‍ വെറളിപിടിക്കുന്നു. ഇതിന്ന് ഹൈപ്പര്‍ ബിഹേവിയര്‍ എന്ന് പറയുന്നു. വിദഗ്ധന്മാരുടെ അഭിപ്രായത്തില്‍ മൂന്നോ നാലോ മണിക്കൂറിലധികം സമയം ഒരു നായക്കുട്ടിയെ കൂട്ടിലിടാന്‍ പാടില്ലെന്നുള്ളതാകുന്നു. നായയെ എട്ട് മണിക്കൂറും. പരിസ്ഥിതി എല്ലാ ജീവികള്‍ ക്കും ആവശ്യമാകുന്നു. അത് ലഭിക്കാതിരുന്നാല്‍ മാനസീക പ്രശ്‌നങ്ങള്‍ വരുന്നു., ഒറ്റക്ക് കൂട്ടിലുള്ള സിംഹം കൂടുതല്‍ പ്രാവശ്യം ഗര്‍ജ്ജിക്കുന്നു. മിക്കവാറും ജീവികള്‍ കൂട്ടായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. ഒറ്റയായ ഉറുമ്പിന്ന് ആയുസ്സ് കുറയുന്നു. അത് ജോലിചെയ്യുന്നില്ല.
ഒറ്റക്കിരുന്നാല്‍ മസ്തിഷ്‌കത്തില്‍ വരുന്ന രോഗങ്ങള്‍
ഒറ്റപ്പെടല്‍ മസ്തിഷ്‌കത്തില്‍ പരിക്കുകള്‍ ഉണ്ടാക്കുന്നു. അത്‌വഴി ആയുസ്സ് കുറയുവാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒരു സാമുദായിക ഇടപെടല്‍ ഉണ്ട്. അത് കുറച്ചാവാം, കൂടുതലാവാം. ഓരോരുത്തര്ക്കും ഓരോ രീതിയിലാകുന്നു. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അത് ലഭിച്ചാല്‍ സന്തോഷകരമാവുന്നു. പെര്‍സീവ്ഡ് സോഷ്യല്‍ ഐസൊലേഷന്‍ {Perceived Social Isolation (PSI)yp എന്നാല്‍ ഒരു വ്യക്തിയുടെ ആഗ്രഹപ്രകാരമുള്ള സാമുദായിക ഇടപെടലും അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിയ്ക്കുന്ന ഇടപെടലും തമ്മിലുള്ള അന്തരമാകുന്നു. ഇവ രണ്ടും ഒന്നാകുമ്പോള്‍ അല്ലെങ്കില്‍ ഒരാള്‍ക്ക് ആഗ്രഹിച്ചത് ലഭിക്കുന്നു എന്നര്‍ത്ഥം. അപ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍ ഇത് തമ്മില്‍ വലിയ അന്തരം ഉണ്ടാവുമ്പോള്‍ ബാഹ്യമായ പരിതസ്തിതികളുമായി പൊരുത്തപ്പെടാന്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും വിഷമിക്കേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. ഈ അവസ്ഥ കുരങ്ങന്മാരിലും മറ്റ് പല ജീവികളിലും ഉണ്ട്. അതിന്നനുസരിച്ച് മസ്തിഷ്‌കത്തിലെ പരിക്കുകളിലും മാറ്റം വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരാളുടെ സാമുദായിക ഇടപെടലുകളും മസ്തിഷ്‌ക ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. നമ്മുടെ ഇന്നത്തെ വ്യവസ്തിതി, വരുമാനം അഥവാ സാമ്പത്തീക സ്ഥിതി , സാമുദായിക സ്ഥാനം, മദ്യപാനം, പുകവലി എന്നീ കാര്യങ്ങളെല്ലാം സാമുദായികമായ ഇടപെടലുകളുമായി ബന്ധപ്പെട്ട് കിടക്കുന്നു.
ഇത്തരം പരിത സ്ഥിതികള്‍ രക്തത്തില്‍ അപക്വമായ ശ്വേതരക്താണുക്കളെ അതായത് മോണോസൈറ്റുകളെ (monocyte) കൂടുതലായി ഉല്പാദിപ്പിക്കുകയും അതുവഴി മേല്‍പറഞ്ഞ മസ്തിഷ്‌ക പരിക്കുകള്‍ വരികയും രോഗ പ്രതിരോധ ശക്തി കുറയുകയും ചെയ്യുന്നു. അപക്വമായ മോണോ സൈറ്റുകള്‍ താരതമ്യേന അപ്രാപ്യമായ മസ്തിഷ്‌കത്തിലേക്ക് വേഗത്തില്‍ ഒരു അരിപ്പയില്‍കൂടെ എന്നപോലെ ് പ്രവേശിക്കുന്നു. അവിടെക്കിടന്ന് അവ ചിന്തകള്‍ മാറ്റുന്നു, ഏകാന്തതയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നു.മനുഷ്യനും കുരങ്ങനും ഉയര്‍ന്ന തോതിലുള്ള മോണോസൈറ്റുകള്‍ ഉണ്ട്. 2016, ഏപ്രില്‍ പത്തൊന്‍പതിന്ന് അമേരിക്കയിലെ മരുന്നുകളുടെ വെബ് സൈറ്റായ ഡ്രഗ്‌സ് ഡോട്ട് കോം (Drugs.com) എന്നതില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഇങ്ങിനെ മോണോസൈറ്റ് ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ദ്ധിക്കുന്നു. സാമുദായിക ഒറ്റപ്പെടല്‍ ഇത് മുപ്പത് ശതമാനം വര്‍ദ്ധിപ്പിക്കുന്നു എന്ന് ബ്രിട്ടീഷ് പഠനങ്ങളും തെളിയിക്കുന്നു.

നിക്കോളേ വാള്‍ടോര്‍ട്ട, (Nicole K Valtorta PhD).യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഈ വിഷയത്തിലെ ഒരു ഗവേഷണ വിദഗ്ദ്ധയാകുന്നു. അവര്‍ പറയുന്നു ” മസ്തിഷ്‌കത്തിലെ ഈ ആരോഗ്യ പ്രശനങ്ങള്‍ക്ക് ഒരു പ്രധാന കാരണം ഏകാന്തതയാകുന്നു’. അവരുടെ പഠനത്തിന്ന് മുന്‍പ്, ഈ വിഷയത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട 23 റിപ്പോട്ടുകളെക്കുറിച്ച് വിശകലനം നടത്തുകയും അതില്‍ നല്ലൊരു വിഭാഗം ഏകാന്തതയും ഒറ്റപ്പെടലും കാരണം ഹൃദ്രോഗം വന്നവരാണെന്നും മനസ്സിലായി. തനിച്ച് താമസിക്കുന്ന ചെറുപ്പക്കാരുടെ അകാല ചരമങ്ങള്‍ക്കും ഏകാന്തത ഇടയാക്കുന്നു. പ്രത്യേകിച്ച് ജോലി സമ്മര്‍ദ്ദംകൂടിയുണ്ടെങ്കില്‍. ഈയൊരു പ്രശ്‌നം ദമ്പതികളില്‍ രണ്ടുപേരും സമ്മര്‍ദ്ദക്കാരായ ജോലിക്കാരാണെങ്കിലും ബാധകമാണ്. ഇവിടെയാണ് പൂമുഖ വാതില്‍ക്കല്‍… എന്ന മലയാളം സിനിമാ ഗാനം പ്രാവര്‍ത്തികമാക്കേണ്ടത്. എന്നാല്‍ പുതിയ തലമുറ അതൊരു അഭിമാന പ്രശനമയി എടുക്കുമ്പോള്‍ സംഗതി നടപ്പില്‍ വരുത്താന്‍ വിഷമമായി വരുന്നു. ജീവിതച്ചിലവു വര്‍ദ്ധനയും ആഢംബര ഭ്രമവും അതുപോലെയുള്ള പലതും അതിന്ന് കാരണമാവുന്നു. ഫലം; നഷ്ടപ്പെടുന്ന മാനസീകാരോഗ്യവും.

അമേരിക്കയിലെ ബ്രിങ്ങ്ഹാം യെങ്ങ് യൂനിവേര്‍സിറ്റിയിലെ മന:ശാസ്ത്ര, ന്യുറോസയന്‍സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായ ജൂലിയാന്നെ ഹോള്‍ട്ട്-ലുന്‍സ്റ്റാഡ് (Julianne Holt-Lunstad) പറയുന്നത് ഏകാന്തത എന്ന അവസ്ഥയെ ലോകം മുഴുവനുള്ള വൈദ്യശാസ്ത്ര വിഭാഗങ്ങള്‍ കാര്യമായി ഗൗനിക്കേണ്ടതാകുന്നു എന്നും കൂടുതല്‍ കാലം ജീവിക്കുവാനുള്ള പ്രിസ്‌ക്രിപ്ഷന്‍ തനിയെ ജീവിക്കുന്ന സമയം കുറയ്കുക എന്നുമാകുന്നു.. അവരുടെ അഭിപ്രായത്തില്‍ ഇന്റര്‍നെറ്റിനും ഫെയ്‌സ്ബുക്കിനും ഈ ഈ പ്രശ്‌നം ശരിയാക്കുന്നതില്‍ നല്ലൊരു സ്ഥാനമുണ്ട് എന്നാണ്. പ്രത്യേകിച്ചും ഒറ്റപ്പെട്ടവരെ കണ്ടുപിടിക്കുകയും നന്നാക്കിയെടുക്കുകയും ചെയ്യുന്ന സേവനം പ്രാവര്‍ത്തികമാക്കുന്നത് ബുദ്ധിമുട്ടായതിനാല്‍! ജൂലിയാന്നെ പറയുന്നത് ഫെയിസ് ബുക്കിലെ സുഹ്ര്ത്തിന്റെ നല്ല നിലവാരം ഒരു പ്രധാന ഘടകമാണെന്നാണ്. വാര്‍ദ്ധക്യ കാലത്ത് ഫെയ്‌സ് ബുക്ക് സ്ഥിരമായി ഉപയോഗിച്ച് നല്ല സുഹ്ര്ത്തുക്കളുമായി ഇടപെടുന്നവരില്‍ താരതമ്യേന ഇത്തരം പ്രശ്‌നങ്ങള്‍ കുറവായിട്ടാകുന്നു കാണുന്നത്.

ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ പല സന്ദര്‍ഭ്ഭങ്ങളിലും ലഘുവായ പുകവലിയെക്കാളും, മദ്യപാനത്തെക്കാളും, പൊണ്ണത്തടിയേക്കാളും അപകടകാരിയായി ഏകാന്തത വിലസുന്നു എന്നും ചില പഠനങ്ങള്‍ തെളിയിക്കുന്നു. ഒറ്റപ്പെടാത്തവരെ മറ്റുള്ളവര്‍ ഉപദേശിച്ചും സഹായിച്ചും ആരോഗ്യകരമായ ജീവിതം നയിക്കാനും സമയാസമയങ്ങളില്‍ വൈദ്യോപദേശം തേടുവാനും സഹായിക്കുന്നു. കൂടുതല്‍ ആരോഗ്യപരമായ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നു. മറിച്ച് ഒറ്റപ്പെട്ടവര്‍ക്ക് അത് ലഭിയ്ക്കുന്നില്ല.

ശരീരത്തില്‍ തേമാനം പരിഹരിക്കുന്നതിന്നും, പുതിയ കോശങ്ങള്‍ നിര്‍മ്മിക്കുന്നതിന്നും സഹായമായ ഘടകങ്ങളെ ഏകാന്തത എന്ന അവസ്ഥ ദുര്‍ബ്ബലപ്പെടുത്തുന്നു. നിദ്രാവിഹീനത നാഡീവ്യുഹങ്ങളെയും ഗ്രന്ഥികളെയും ദുര്‍ബ്ബലപ്പെടുത്തി പ്രായം തോന്നിപ്പിക്കുന്നു.

ഒറ്റപ്പെട്ട ജീവിതം കൂടുതല്‍ കാണുന്നത് വര്‍ദ്ധിച്ച വരുമാനമുള്ള രാജ്യങ്ങളിലും, നമ്മുടെ ഭാരതത്തിലെപ്പോലെയുള്ള രാജ്യങ്ങളാണെങ്കില്‍ വര്‍ദ്ധിച്ച വരുമാനമുള്ള വിഭാഗം ജനങ്ങളിലും ആകുന്നു. ചെറിയ വരുമാനക്കാര്‍ അടുത്തടുത്ത് വിലകുറഞ്ഞ വീടുകളുണ്ടാക്കി താമസിക്കുന്നു. അവര്‍ക്ക് ആശ്രയത്തിന്ന് അയല്‍ക്കാരുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ കുബേരര്‍ സാധാരണയായി ഒറ്റപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാകുന്നു. ഏകാന്തത എന്ന മാനസീകാവസ്ഥ ഇല്ലാതെ ജീവിക്കുന്നവരും അങ്ങിനെയുള്ളവരില്‍ പലരും ഉണ്ട് . എന്നാല്‍ അവരുടെ ഒറ്റപ്പെടല്‍ എന്ന മാനസീകാവസ്ഥ കൂടി അതിന്ന് പറ്റിയതായിരിക്കും. അപ്പോള്‍ വലിയ പ്രശ്‌നമില്ല.

പരിഹാരങ്ങള്‍:
കൗണ്‍സലിങ്ങ്: വീട്ടില്‍ അംഗങ്ങളുണ്ടായിട്ടും ഏകാന്തത എന്ന മാനസീകാവസ്ഥ മാറാന്‍ വീട്ടിലെ മറ്റംഗങ്ങളുടെ സഹകരണമോ, ഒരു കൗണ്‍സലറുടെ സഹായമോ വേണ്ടിവരും. അഗാധമായി സ്‌നേഹിച്ച ദമ്പതികളില്‍ ഒരാള്‍ ഇഹലോക വാസം വെടിഞ്ഞ അവസ്ഥയിലുള്ള ഏകാന്തതയില്‍ ”മരിച്ചവര്‍ തിരിച്ചു വരുമോ?” ”എന്നായാലും ഒരു ദിവസം മരിക്കേണ്ടതല്ലെ?” എന്നും മറ്റുമുള്ള സാധാരണ നാടന്‍ ചോദ്യരൂപത്തിലുള്ളവ ഒഴിവാക്കണം. ഇവിടെ ”നിങ്ങളുടെ സങ്കടം അല്ലെങ്കില്‍ നഷ്ടം എനിക്ക് മനസ്സിലാവുന്നു എന്ന രീതിയിലുള്ള ഒരു സമീപനമാകുന്നു വേണ്ടത്. അത്തരം സമീപനത്തില്‍ തുടങ്ങി മെല്ലെമെല്ലെ ആ ദുഖിതനെ/ദുഖിതയെ ശാക്തീകരിക്കാന്‍ ശ്രമിക്കണം.
തനിയെ കിടന്നാല്‍ ഉറക്കം വരാത്ത ഒരാള്‍ക്ക് സഹോദരങ്ങളോ, മക്കളോ, പേരക്കുട്ടികളോ ഇതൊന്നുമില്ലെങ്കില്‍ ഏതെങ്കിലും ഒരു സഹായിയോ അതേ മുറിയില്‍ കിടന്നാല്‍ മാറ്റം വരാം. അങ്ങിനെ കിടക്കുന്നവര്‍ ദു:ഖിക്കുന്ന ആള്‍ക്ക് ഇഷ്ടപ്പെട്ട നല്ല കഥകള്‍ പറഞ്ഞുകൊണ്ട് കിടക്കാം ഒരു വേളയില്‍ അവര്‍ ഉറങ്ങിനെന്ന് മനസ്സിലായാല്‍ കഥകള്‍ നിര്‍ത്താം. ഇഷ്ടപ്പെട്ട സാഹചര്യം നല്‍കിയില്ലെങ്കില്‍ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. അബോധപൂര്‍വ്വം സമ്മര്‍ദ്ദം (Stress) മനസ്സില്‍ സൃഷ്ടിച്ചടുക്കുന്ന ചില ഘടകങ്ങളുണ്ട്. അത് വര്‍ദ്ധിക്കുമ്പോഴാകുന്നു രക്തസമ്മര്‍ദ്ദവും (Blood pressure) കൂടുന്നത്. വാര്‍ദ്ധക്യ കാലത്ത് ഒരുമിച്ച് താമസിക്കുന്ന ദമ്പതികളില്‍ ഒരാളുടെ കര്‍ക്കശമായ പെരുമാറ്റം പങ്കാളിയെ ഏകാന്തതയിലേക്ക് നയിക്കുന്നുണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കേണ്ട കാര്യം ഇനിയുള്ള ജീവിതം സന്തോഷിക്കാനുള്ളതാകുന്നു എന്നാണ്.

യോഗപോലെയുള്ള വ്യായാമ മുറകളും, സായഹ്ന സവാരിയും ഇത്തരക്കാര്‍ക്ക് മാനസീകോല്ലാസം നല്കുന്നു.വിഷാദത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഇത് നല്ലൊരു മാര്‍ഗ്ഗമാകുന്നു.വിവാഹങ്ങളോ പിറന്നാള്‍ വിരുന്നുകളോ, ഓണാഘോഷങ്ങളോ പോലെയുള്ള പലതരം ഇടപെടലുകളും ഇവര്‍ക്ക് ഉപകാരപ്പെടും. കുട്ടികളും വലിയവരും സന്തോഷിക്കാന്‍ സമ്മേളിക്കുന്ന ഏതും അഭികാമ്യമാകുന്നു. കലാപരമായി മുന്‍പ് കഴിവു പ്രദര്‍ശിപ്പിച്ച ആളാണെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കണം. പഴയ സുഹ്ര്ത്തുക്കള്‍ക്ക് ഫോണ്‍ ചെയ്യാന്‍ വീട്ടുകാര്‍ പ്രോത്സാഹിപ്പിക്കണം. ഹെല്‍ത്ത് വര്‍ക്കേര്‍സ് എന്ന വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇതില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അവരില്‍ തന്നെ ബിഹേവിയറല്‍ തിറാപ്പി എന്ന മന:ശാസ്ത്ര വിഭാഗം പഠിച്ചവര്‍ക്ക് നല്ലവണ്ണം സഹായിക്കാന്‍ സാധിക്കും. കാരണം വ്യക്തിയുടെ പരിതസ്ഥിതിക്കനുസരിച്ച് ചികിത്സാരീതിയില്‍ പരിഷ്‌കരണങ്ങള്‍ വരുത്തുവാന്‍ സാധിക്കും. ദമ്പതികളില്‍ ഒരു പങ്കാളി നഷ്ടപ്പെട്ടയാളെ കൗണ്‍സല്‍ ചെയ്യാന്‍ അതാത് വ്യക്തികള്‍ക്ക് വേണ്ടുന്ന രീതിയില്‍ ഒരു പദ്ധതി തന്നെ ആവിഷകരിക്കേണ്ടതുണ്ട്. എന്തിലാണ് അവര്‍ ആനന്ദം കണ്ടെത്തുന്നത് എന്ന് കണ്ടുപിടിച്ചശേഷമാണിത് ചെയ്യേണ്ടത്. ദൈവീകമായ ചിന്തയുള്ളവര്‍ക്ക് അങ്ങിനെയുള്ള ഒരു രീതിയും അവലംബിക്കാവുന്നതാണ്. ഇഷ്ടഗാനങ്ങള്‍ ചിലരുടെ ഏകാന്തതക്കൊരു പരിഹാരമാണ്

മദ്യപാനിയായ ഒരാളെ ഒറ്റപ്പെടുത്താതെ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് നല്ല മാര്‍ഗ്ഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. കുടുമ്പ ബന്ധങ്ങളില്‍ നിന്ന് അകന്നു നില്ക്കുമ്പോള്‍ അയാള്‍ സ്ഥിരം മദ്യപാനിയായി മാറുന്നു. ഇത് അയാളെ ഒരു അഗാധ ഗര്‍ത്തത്തിലേക്ക് തള്ളിയിടുന്നത് പോലെയാകുന്നു. നമ്മുടെ നാട്ടില്‍ ഇതിന്ന് ഉതകുന്ന നിരവധി സംവിധാനങ്ങളുണ്ട്. സാന്ത്വനം എന്ന സംഘടന അതുപോലെയുള്ള ഒന്നാകുന്നു. അവരുടെ കൂട്ടായ്മകള്‍ പലതും ഇത്തരം വ്യക്തികള്‍ക്ക് ഉപകാരപ്പെടുന്നതാകുന്നു.

കുട്ടികളിലുണ്ടാവുന്ന ഏകാന്തതയുടെ കാരണം ശരിയായി വിശകലനം ചെയ്യേണ്ടതുണ്ട്. പുതിയ പരിതസ്ഥിതികള്‍ നല്‍കിയാല്‍ ഈ മാനസീകാവസ്ഥ മാറ്റിയേക്കാം. അവര്‍ക്ക് എല്ലാ ഗുണങ്ങളും ഉണ്ടെന്ന് പറഞ്ഞു മനസ്സിലാക്കണം. അവര്‍ക്കിഷ്ടപ്പെട്ട പുതിയ സുഹ്ര്ത്തുക്കളുമായുള്ള ചങ്ങാത്തം മനോഭാവത്തെ മാറ്റുന്നു.

ഏകാന്തത വിഷാദ രോഗത്തെയും തദ്വാരാ ആത്മഹത്യാ പ്രവണതയെയും ക്ഷണിച്ചു വരുത്തുന്നു, ഹൃദ്രോഗത്തിന്ന് അടിമയാക്കുന്നു, മാനസീക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു, ഓര്‍മ്മശക്തി ലഘൂകരിക്കുന്നു. അക്രമാസക്തി വര്‍ദ്ധിപ്പിക്കുന്നു, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു, മദ്യപാനത്തെയും മയക്കുമരുന്നുകളെയും ആശ്രയിക്കാന്‍ ഇട വരുത്തുന്നു, അല്‍ഷിമേര്‍സ് രോഗത്തിന്ന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു, മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്നു.
‘ഏകാന്തതയും എന്നെ ആര്ക്കും വേണ്ട’ എന്ന ചിന്താഗതിയുമാണ് ലോകത്തിലെ ഏറ്റവും വലിയ ദൈന്യത എന്ന് മദര്‍ തെരേസ പറഞ്ഞിട്ടുണ്ട്.

Categories: Psycholoogy