സാംക്രമീകരോഗ ഭീതി
(Delusional Parasitosis) Published in Pradeepam Magazine
ശരീരത്തിന്റെയും മനസ്സിന്റെയും നിര്‍ണ്ണായകമായതും പ്രാണരക്ഷക്കുള്ളതോ അപകട ഭീഷണിയില്‍നിന്ന് രക്ഷപ്പെടാനുള്ളഒരു പ്രതികരണമാകുന്നു പേടി. അങ്ങിനെയൊരു വികാരം ഉണ്ടായില്ലെങ്കില്‍ രക്ഷപ്പെടല്‍ എന്ന കാര്യം സാധിക്കുകയില്ല. എന്നാല്‍ പലപ്പോഴും നമ്മള്‍ പേടിക്കുന്നത് ജീവന്‍ മരണ കാരണമായിരിക്കില്ല, യഥാര്‍ത്തത്തില്‍. ഭൂതകാലത്തുണ്ടായ പരിക്കുകളോ, ആഘാതങ്ങളോ, അനുഭവങ്ങളോ ഭയത്തിന്റെ കാഞ്ചിവലിക്കുന്നു. അങ്ങിനെയുള്ള വിചാരങ്ങളെയും സംശയങ്ങളെയും മനസ്സില്‍നിന്ന് അകറ്റാന്‍ സാധിക്കുന്നവന്ന് ഈ കാര്യത്തില്‍ സമാധാനം ലഭിയ്ക്കുന്നു. തനിക്കൊരു രോഗാണുബാധയുണ്ടായെന്ന് ദൃഢമായി വിശ്വസിക്കുന്ന ഒരു രോഗിയെന്നത് ഡോക്ടറെസംബന്ധിച്ച് വലിയൊരു പ്രശ്‌നമാകുന്നു. എത്ര മനസ്സികാക്കിക്കൊടുത്താലും അവര്‍ക്ക് തൃപ്തിവരുന്നില്ല. ഡെല്യുഷനല്‍ പാരസിറ്റോസിസ് (Delusional Parasitosis) എന്നൊരു അവസ്ഥയുണ്ടായിരിക്കും ഇത്തരം രോഗികള്‍ക്ക്.
300 കൊല്ലം മുന്‍പ് കണ്ടുപിടിക്കപ്പെട്ട ഒരു രോഗമാണ് മോര്‍ഗെല്ലന്‍സ് ഡിസീസ് (Morgellons Disease)എന്ന ത്വക്ക് രോഗം. ഇതിന്റെ പ്രത്യേകത, നാരുപോലെയുള്ള വസ്തുക്കള്‍ ത്വക്കില്‍നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്നു എന്നതാണ് ഇത് ഡെല്യുഷനല്‍ പാരസിറ്റോസിസ് എന്ന മാനസീകാവസ്ഥയുമായി ബന്ധപ്പെട്ട ഒരവസ്ഥയാകുന്നു. രോഗാണുകാരണമുള്ള അസുഖമുണ്ടെന്ന മിഥ്യാബോധം!!!. അവര്‍ക്കൊരു തെറ്റിദ്ധാരണ വരുന്നു. ‘തന്റെശരീരത്തില്‍ കടന്നിട്ടുള്ള രോഗാണുവിനെ ചികിത്സിച്ചു ഭേദമാക്കാന്‍ ബുദ്ധിമുട്ടാണെന്ന്’!!! അങ്ങിനെയുള്ളവര്‍ നിസ്സഹായരായി പെരുമാറുന്നു. തന്നെ നല്ലരീതിയില്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുന്ന വിവരമുള്ളവരെ ശ്രദ്ധിക്കാന്‍ കൂട്ടാക്കുന്നുമില്ല. അവരെ ചികിത്സിക്കുന്ന ഭിഷഗ്വരനെ ആന്റിബയോട്ടിക്കോ, ബാക്റ്റീരയെ നശിപ്പിക്കുവാനുള്ള മറ്റ് മരുന്നുകളോ നല്‍കുവാന്‍ പ്രോത്സാഹിപ്പിക്കുന്നു എങ്കിലും അത് കഴിഞ്ഞാല്‍ അവര്‍ അടുത്ത ചികിത്സകനെ തേടിപ്പോകുന്നു. ഇവിടെ നാം സാധാരണപറയാറുള്ള സെക്കന്റൊപ്പീനിയന്‍ ( Second opinion) പോയി തേഡായി, ഫോര്‍ത്തായി അങ്ങിനെ എണ്ണിയാല്‍ തീരാത്തവയില്‍ കലാശിക്കുന്നു. എന്നിട്ടും രോഗി തൃപ്തനാവുന്നില്ല.
ചരിത്രപരമായിത്തന്നെ സാംക്രമീകരോഗങ്ങളെയാണ് മറ്റ് രോഗങ്ങളെക്കാള്‍ കൂടുതല്‍ മനുഷ്യന്‍ പേടിക്കുന്നത്. പണ്ട് കാലങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്ലേഗ് അത്തരത്തിലുള്ളൊരു ഭീഷണിയായിരുന്നു. എന്നാല്‍ അന്നൊക്കെ രോഗാണു എന്നതിലുപരി അന്ധവിശ്വാസവും നിലനിന്നിരുന്നു. കറുത്ത പൂച്ച പ്രേതത്തിന്റെ പ്രതീകമെന്ന നിലയില്‍ അവയെ നശിപ്പിച്ചപ്പോള്‍ എലിയെകൊല്ലല്‍ എന്ന പ്രക്രിയ നടക്കാതിരിക്കലും തല്‍ഫലമായി എലികള്‍ പെറ്റ് പെരുകുകയും പ്ലേഗിന്ന് കാരണമാവുകയും ചെയ്തു. അശാസ്ത്രീയമായി പേടിക്കുന്നത് മനസ്സിന്ന് നല്ലതല്ല. അത്തരം ഒരാള്‍ക്ക് മനോരോഗ ചികിത്സയാവും ചിലപ്പോള്‍ ആവശ്യം. മനോരോഗവിദഗ്ദ്ധന്റെ അടുത്തയച്ച് ശക്തികുറഞ്ഞതരം ഗുളികകള്‍ കൊടുത്ത് മനസ്സ് ശാന്തമാക്കിയതിന്നുശേഷം കൗണ്‍സലിങ്ങും വേണ്ടിവരും. ടി വി വാര്‍ത്തയില്‍ തന്റെ നാട്ടിന്റെ ഏതെങ്കിലും ഭാഗത്ത് പുതുതായി ഉണ്ടായ ഒരു സംക്രമീക രോഗത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു ആകാംക്ഷയും പരിഭ്രമവും സംജാതമാവുന്നു. ഇത്തരം മാനസീകാവസ്ഥയുള്ളവര്‍ക്ക് കൈ വിറക്കുന്നു, ചിലര്‍ക്ക് ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നു. ഫ്‌ളൂ എന്നോ പക്ഷിപ്പനിയെന്നോ, നിപ്പ വൈറസ് എന്നീ സാംക്രമീക രോഗങ്ങള്‍ ചിലസ്ഥലങ്ങളില്‍ കണ്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ മരുന്നിനോ വാക്‌സിനേഷനോ വേണ്ടി ഓടുന്ന രംഗങ്ങള്‍ വിരളമല്ല.
ഇത്തരം മാനസീകാവസ്ഥയുള്ളവര്‍ ഡോക്ടറായാല്‍ പോലും കാര്യമില്ല. സാര്‍സ് എന്ന രോഗത്തെപ്പറ്റി ഒരു കോണ്‍ഫറന്‍സ് കഴിഞ്ഞ് തിരിച്ചുപോകുന്ന ഒരു ഡോക്ടര്‍ തൊട്ടടുത്ത് പ്ലെയിനില്‍ യാത്രചെയ്യുന്ന ചൈനക്കാരനായ യാത്രക്കാരന്‍ ഒന്നു ചുമച്ചപ്പോള്‍ പേടിക്കുന്നു. ഒരു ഇന്‍ഫക്ഷിയസ് ഡിസീസ് സ്‌പെഷലിസ്റ്റ് ആയിട്ടുപോലും അയാള്‍ ഞെട്ടാന്‍ കാരണം അദ്ദേഹത്തിന്റെ മാനസീകാവസ്ഥയാകുന്നു. ചിലപ്പോള്‍ ആസ്പത്രികളില്‍ നിന്ന് പരിചരിക്കേണ്ട നര്‍സുമാര്‍ പോലും അവധിയെടുത്ത് വീട്ടിലേക്ക് പോകുന്നു. വിവരമുള്ളവരെപ്പോലും ബാധിക്കുന്ന ഇത്തരം മാനസീകാവസ്ഥക്ക് കൗണ്‍സലിങ്ങും സൈക്കോ ആക്റ്റീവ് (Psycho active) മെഡിക്കേഷന്‍ എന്ന ഗ്രൂപ്പില്‍ പെടുന്ന മരുന്നുകളും പ്രയോജനപ്പെടും. സൈക്കോ ആക്റ്റീവ് മെഡിക്കേഷന്‍ എന്നത് മാനസീകനിലയെ നല്ലനിലയില്‍ കൊണ്ടുവരാനുള്ള മരുന്നുകളാകുന്നു.
ഇത് എന്ത് തരത്തിലുള്ള അസുഖമാണെന്ന് ചോദിച്ചാല്‍ സൈക്കോസോമാറ്റിക്ക് (Psychosomatic) എന്ന് പറയാം. സൈക്കോ (Psycho) എന്നാല്‍ മാനസീകവും സൊമാറ്റിക്ക് (Somatic)എന്നാല്‍ ശരീരത്തിന്റെയും ആണെന്നാണ് വിവക്ഷ. എന്തുകൊണ്ടാണിങ്ങനെ പറയുന്നത് എന്ന് വെച്ചാല്‍ ഇത്തരം ചിന്തയുള്ളവര്‍ക്ക് ആകെ അങ്ങിനെയൊരു മാനസീകാവസ്ഥയില്ല. രോഗത്തെപ്പറ്റി മാത്രമേയുള്ളൂ എന്നര്‍ത്ഥം. മറ്റ് ഡെല്യുഷന്‍ (Delusion) അഥവാ മിത്ഥ്യാ ബോധമുള്ളവര്‍ക്ക് എല്ലാചിന്തകളും ഡെല്യുഷന്‍ ഉള്ളവയായിരിക്കും. എന്നാല്‍ ഇത് രോഗത്തെപ്പറ്റി മാത്രമായിരിക്കും. ഇന്റര്‍നാഷനല്‍ ക്ലാസിഫിക്കേഷന്‍ ഡിസീസ് (International Classification of Diseases or ICD) പ്രകാരമുള്ള ഡയഗ്‌ണോസ്റ്റിക് & സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേര്‍സ് (Diagnostic & Statistical Manual of Mental Disorders) എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചതനുസരിച്ച് നോക്കിയാലും ഇത് പരിപൂര്‍ണ്ണമായ ഒരു ഡെല്യുഷനല്‍ ഡിസോര്‍ഡര്‍ എന്ന പട്ടികയില്‍ വരുന്നില്ല.
നായയെ വളര്‍ത്തുന്ന ഒരു സ്ത്രീയുടെ കഥയാണിവിടെ പറയാന്‍ പോകുന്നത്. അവരുടെ നായയുടെ ശരീരത്തില്‍നിന്ന് ചെള്ളുപോലെയുള്ള ചില പ്രാണികള്‍ കൈത്തണ്ടയില്‍ കയറി, അവര്‍ മൂക്ക് ചൊറിഞ്ഞപ്പോള്‍ മൂക്കില്‍ കയറിയെന്നും ചെവിയിലേക്ക് പോയെന്നും സംശയിക്കുന്നു. ഡോക്ടറെ കണ്ടു പരിശോധിച്ചു, ബാക്റ്റീരിയോളജി ടെസ്റ്റുകള്‍ നടത്തി, എല്ലാം നെഗറ്റീവ്. എന്നാല്‍ രോഗിയെന്ന് പറയുന്ന സ്ത്രീ അത് സമ്മതിക്കാന്‍ തയ്യാറില്ല. ഒരുദിവസം വീട്ടില്‍, നായ കിടക്കുന്ന സ്ഥലത്തുനിന്ന് കുറേ പൊടി അടിച്ചുവാരി പ്ലാസ്റ്റിക്ക്‌പേക്കറ്റിലാക്കി ഡോക്ടറുടെയടുത്ത് കൊണ്ടുവന്നു. ഡോക്ടര്‍ ബാക്റ്റീരിയോളജിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിച്ചു ഒന്നുമില്ല. എന്നാല്‍ ഇവിടെ രോഗിയെന്ന് പറയുന്ന സ്ത്രീയെസംബന്ധിച്ച് ഡോക്ടര്‍ പറയുന്നത് അംഗീകരിക്കാന്‍ തയ്യാറില്ലാത്ത മാനസീകാവസ്ഥയാണ്. അപ്പോഴെന്ത് ചെയ്യും? മനോരോഗ വിദഗ്ദ്ധന്റെ അടുത്തേക്കയക്കണോ? അതിനും രോഗിക്ക് താല്പര്യമില്ല. കാരണം താന്‍ മനോരോഗിയാണെന്ന് രോഗി അംഗീകരിക്കുന്നില്ല. ഇത്തരം സഹചര്യങ്ങളില്‍ ഒന്നാമതായി ചെയ്യാനുള്ളത് ചികിത്സിക്കുന്ന ഫേമലി ഡോക്ടര്‍ തന്നെ മനസ്സിനെ ശാന്തമാക്കാനുള്ള ചെറിയതരത്തിലുള്ള ഗുളികകള്‍/മരുന്നുകള്‍ നല്‍കിക്കോണ്ട്, രോഗിയുടെ വഴിയില്‍ സഞ്ചരിക്കേണ്ടതും, അതോടൊപ്പം രോഗിയുടെ മാനസീക നില ശരിയാക്കിയെടുക്കാന്‍ കൗണ്‍സലിങ്ങ് ചെയ്യേണ്ടതുമാണ്.
മറ്റൊരു കഥ: പാരാമെഡിക്കല്‍ സംബന്ധമായ ഒരു വിഷയം പഠിച്ചുകൊണ്ടിരിക്കുന്നപ്പോള്‍ ഒരു യുവാവ് മനസ്സിലാക്കുന്നു, മലത്തില്‍കൂടെ പരോപജീവികള്‍ പുറത്തേക്ക് പോകുന്നു എന്ന്. അയാള്‍ പ്രാക്റ്റിക്കല്‍ ചെയ്യുമ്പോള്‍ രോഗിയുമായി ബന്ധപ്പെട്ടപ്പോള്‍ അയാള്‍ക്ക് വിരയുപദ്രവം വന്നെന്ന് സംശയിക്കുന്നു. നിരവധി ടെസ്റ്റുകള്‍ ചെയ്തു. എല്ലാം നെഗറ്റീവ് ഒരു രോഗബാധയുമില്ല. എങ്കിലും അയാള്‍ക്ക് വിശ്വാസമില്ല. അയാള്‍ വിദഗ്ദ്ധനായ ഒരു ഡോക്ടറെ കാണിച്ചു. അദ്ദേഹം രോഗമൊന്നുമില്ല, പേടിക്കാനില്ല എന്നു പറഞ്ഞിട്ടും സംശയം തീരുന്നില്ല. അവസാനം ഡോക്ടര്‍ക്ക് രോഗനിര്‍ണ്ണയം കാര്യക്ഷമമായി ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന് പറഞ്ഞ് അദ്ദേഹവുമായി തര്‍ക്കത്തില്‍ അവസാനിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലെന്തു ചെയ്യാന്‍ പറ്റും? ഇതേ ഡോക്ടര്‍ രോഗിയുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ലാബറട്ടറി ടെസ്റ്റുകള്‍ ഇത്തരം ആളുകള്‍ സമ്മതിക്കുകയില്ല. അപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നത് പ്ലാസിബോ എന്ന തരത്തിലുള്ള ചികിത്സയാണ്. പ്ലാസിബോ (Placebo) എന്നാല്‍ മരുന്നെന്ന രീതിയില്‍ മരുന്നല്ലാത്ത നിരുപദ്രവിയായ വസ്തുക്കള്‍ നല്‍കുക എന്നതാകുന്നു. രോഗിയുടെ ഈ ചിന്താഗതി മാറുന്നതുവരെ ഈ ചികിത്സയും കൗണ്‍സലിങ്ങും വേണ്ടി വന്നേക്കാം.
ഇന്‍ഫെക്ഷന്‍ എന്നാല്‍ സാംക്രമികമാണ്, എത് നിമിഷത്തിലും പകരുന്നതാണ്, നമ്മള്‍ക്ക് കാണാന്‍ സാധിക്കുന്നതല്ല. ഇതിനെല്ലാറ്റിനും ഉപരിയായി പുതിയ രോഗങ്ങള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. എയ്ഡ്‌സ്, സാര്‍സ്, ചിക്കുന്‍ ഗുനിയ, വെസ്റ്റ് നൈല്‍ വൈറസ് എന്നിവ പോലെ. അത് ആദ്യം എവിടെനിന്നാണോ പുറപ്പെട്ടത് ആ സ്ഥലത്തെ എന്‍ഡമിക്ക് (Endemic) ഏരിയ എന്ന് പറയുന്നു.
അങ്ങോട്ടേക്കുള്ള യാത്ര കഴിയുന്നിടത്തോളം മാറ്റി വെക്കുന്നു. കോഴിക്കോട്ടിന്നടുത്തുള്ള പേരാമ്പ്രയില്‍നിന്ന് നിപ്പാ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബസ്സില്‍ യാത്രക്കാര്‍ കുറഞ്ഞു, എല്ലാ ബിസിനസ്സുകളും തകരാറിലായി. പല ബിസിനസ്സ് സ്ഥാപനങ്ങളുടെയും പേരെടുത്ത് പറഞ്ഞ് കഥകള്‍ പ്രചരിച്ചു. കമ്പോളങ്ങള്‍ അവധിദിവസങ്ങള്‍ പോലെ ശൂന്യമായി.ഇതിന്റെ പിന്നിലെല്ലാം ശരിയായ ധാരണകളും തെറ്റിദ്ധാരണകളും രണ്ടുമുണ്ട്.
നമ്മള്‍ക്കിന്ന് രോഗാണുബാധയെപ്പറ്റിയും ഭീതിയും, ധാരണയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത് ചൂഷണം ചെയ്തുകൊണ്ട് സോപ്പ് കമ്പനിക്കാര്‍, ഡിറ്റര്‍ജ്ജന്റ് കമ്പനിക്കാര്‍, പൗഡര്‍ കമ്പനിക്കാര്‍ മുതലായ എല്ലാ കമ്പനിക്കാരും കീടാണു എന്ന പേരും പറഞ്ഞ് അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നു. ബാക്റ്റീരിയക്ക് കുറച്ചുകാലമായി നല്‍കിയ കീടാണു എന്ന പേരും പറഞ്ഞ് കീടാണുഭീഷണി ജനങ്ങളില്‍ കുത്തിവെച്ചുകൊണ്ടിരിക്കുകയാണ്. ഒരു പ്രസിദ്ധകമ്പനിക്കാര്‍ അവരുടെ സോപ്പിനെ പ്രചരിപ്പിക്കുന്നത് ആന്റി സെപ്റ്റിക്കിന്ന് പകരം അവരുടെ സോപ്പ് ഉപയോഗിച്ചാല്‍ മതി എന്ന് പറഞ്ഞുകൊണ്ടാണ്. അമേരിക്കപോലെയുള്ള പുരോഗമന രാജ്യങ്ങളില്‍ പല വീടുകളിലും പുറത്തുപോയി വന്നാല്‍ ഉടനെ വാഷ് ബേസിന്നടുത്ത് വെച്ചിരിക്കുന്ന സാനിറ്റൈസര്‍ (Sanitizer) എന്ന ലായിനിയുപയോഗിച്ച് കൈ കഴുകുന്നു. ഡെറ്റോള്‍ (Dettol) എന്നപോലെയുള്ള ആന്റിസപ്റ്റിക്കുകളിലുള്ള ക്ലോറോക്‌സ്യനലോള്‍ (Chloroxylenol) എന്ന ആന്റിസപ്റ്റിക്ക് (Antiseptic) അഥവാ കീടനാശിനികൊണ്ട് നശിപ്പിക്കാന്‍ കഴിയുന്ന ബാക്റ്റീരിയക്ക് ഒരു ലിസ്റ്റുണ്ട്, ഇന്ന വിഭാഗത്തില്‍ എന്നത്. എന്നാല്‍ ഉപയോഗിക്കുന്ന സാധാരണ മനുഷ്യന്‍ കരുതുന്നു ലോകത്തിലെ എല്ലാ അണുക്കളെയും അതിന്ന് നശിപ്പിക്കാന്‍ സാധിക്കുന്നു എന്ന്. ഇത്തരം ഒരു ധാരണയോ തെറ്റിദ്ധാരണയോ രോഗഭീതിയകറ്റാന്‍ നല്ലതാണ്. എന്നാല്‍ ഇതിന്റെ നേരെ എതിരായിട്ടുള്ള മാനസീക പ്രശ്‌നമാകുന്നു ഡെല്യുഷനല്‍ പാരസിറ്റോസിസ്.
അകാറോഫോബിയ (Acarophobia) എന്നാല്‍ ചെറിയ പ്രാണികളെയും പരോപജീവികളേയും അനാവശ്യമായി പേടിക്കുന്ന ഒരവസ്ഥയാകുന്നു. എപ്പോഴെങ്കിലും അവ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രത്യക്ഷപ്പെട്ടു, അല്ലെങ്കില്‍ ആരോഗാണു അല്ലെങ്കില്‍ ചെറുപ്രാണിയുടെ ബാധയുണ്ടായി ചികിത്സിച്ചു മാറ്റിക്കഴിഞ്ഞാലും പിന്നീടും ആ ഭയം നിലനില്‍ക്കുന്ന ഒരവസ്ഥയാകുന്നു. കൃത്യമായി വേര്‍തിരിച്ച് ഒരു പ്രത്യേക വിഭാഗത്തില്‍ പെടുത്തിയിട്ടില്ലെങ്കിലും ഒരു ഒബ്‌സസ്ഷന്‍ അഥവാ മനസ്സില്‍നിന്ന് മാറാത്ത ഒരു വ്യാധി, അല്ലെങ്കില്‍ ഒരു മാനിയ അല്ലെങ്കില്‍ ഒരു മതിഭ്രമം, അല്ലെങ്കില്‍ ഒരു ന്യുറോസിസ് അങ്ങിനെ ഏതാണ്ടൊക്കെയുടെ വിഭാഗത്തില്‍ പെടുത്താമെന്നാണ് വിധഗ്ദ്ധരുടെ അനുമാനം. അക്രോഫോബിയയും(Acrophobia) അകാറോഫോബിയയും (Acarophobia) തമ്മില്‍ വ്യത്യാസമുണ്ട്. അക്രോഫോബിയ(Acrophobia) എന്നാല്‍; ഉയരങ്ങളില്‍ നില്‍ക്കുമ്പോഴുള്ള പേടിയാകുന്നു. ഫോബിയയുടെ ലിസ്റ്റില്‍ ഏതാണ്ട് ഇതുപോലെ സാമ്യമുള്ള പേരുകളോടുകൂടിയ മറ്റ് ഫോബിയകളും ഉണ്ട്.
ഡെല്യൂഷന്‍ ഓഫ് പാരസിറ്റോസിസ് അഥവാ അകാറോഫോബിയ എന്ന മാനസീകാവസ്ഥയെപ്പറ്റി ആദ്യം പഠനം നടത്തിയത് വിത്സണ്‍ എന്നും മില്ലര്‍ എന്നും പേരിലുള്ള രണ്ട് ഡോക്ടര്‍മാരായിരുന്നു. അവരുടെ അഭിപ്രായത്തിലും അനുഭവങ്ങളിലും ഈയൊരു മാനസീകാവസ്ഥയുള്ള രോഗികളെ പറഞ്ഞു മനസ്സിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എങ്കിലും മെഡിക്കല്‍ രീതിയിലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള കൗണ്‍സിലര്‍മാര്‍ക്ക് കുറെയൊക്കെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്ന് പറയുന്നു.ക്ഷമയോടുകൂടിയ ഡോക്ടര്‍ വളരെയധികം സമയമെടുത്ത് രോഗികളോട് സംസാരിക്കേണ്ട ഒരു അവസ്ഥയാണിത്.
കെ എന്‍ ധര്‍മ്മപാലന്‍
*****