നമ്മുടെ സര്‍ക്കാരുകള്‍ കേന്ദ്രമായാലും സംസ്ഥാനമായാലും, വിലവര്‍ദ്ധനക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ എന്നും അവരുടെ പ്രിയപുത്രര്‍. മറ്റുള്ളവര്‍ അവരുടെ കാഴ്ച്ചപ്പാടില്‍ ജീവിക്കാനവകാശമില്ലാത്തവരും. സാമ്പത്തീകവശം അനുഭവസ്ഥര്‍ നേരിട്ടനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു അതും കൊല്ലങ്ങളോളമായി!! സ്വാതന്ത്ര്യലബ്ദിക്കു ശേഷം. എന്നാല്‍ ഇതിന്റെ മാനസീകവശത്തെപ്പറ്റിയും കൂടി ആലോചിക്കേണ്ടതുണ്ട്. അത് ചിലപ്പോള്‍ സാമ്പത്തീക വശത്തേക്കാള്‍ രൂക്ഷമായിരിക്കും. മാനസീകാരോഗ്യം നഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല. സര്‍ക്കാരുദ്യോഗസ്ഥനല്ലാത്ത ഒരു സാധാരണ ഭാരതീയന്റെ സ്ഥിതിയാണിത്. അതും മുന്നോക്ക വര്‍ഗ്ഗക്കാരനാണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ടതില്ല. സര്‍ക്കാരില്‍ നിന്ന് വിരമിച്ച ക്ലാസ്സ് 4 ജീവനക്കാരടക്കം അവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്റെ പ്രതാപം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഒന്നും ലഭിക്കാത്തതും, വിദ്യാഭ്യാസ സമ്പന്നനായ ഒരാളോട് അഹംഗാരത്തോടെ പറയുന്നത് കേട്ടാല്‍ ‘ഞാനെന്തിന് കൊള്ളും?” എന്ന ചോദ്യം ശ്രോതാവിന്റെ മനസ്സില്‍ ഉടലെടുക്കുന്നു

പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ബൊര്‍ബോണ്‍ (Bourbon) സിംഹാസനത്തില്‍ ഇരുന്നത് ധിക്കാരികളായ ചക്രവര്‍ത്തികളായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണവും അവര്‍തന്നെ. ധിക്കാരപരമായ അവരുടെ പെരുമാറ്റം അവരുടെ മുഖമുദ്രയായിരുന്നു. നാട്ടിലെ സാധാരണ ജനത പട്ടിണി കിടക്കുമ്പോള്‍ അവരും പ്രഭുക്കന്മാരും പുരോഹിതരും അടങ്ങിയ ഒരു വിഭാഗവും ദൂര്‍ത്തടിച്ചു ആഢമ്പരമായി ജീവിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തും ഈയൊരവസ്ഥയുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈയൊരവസ്ഥയുണ്ടാവാന്‍ ഭരണാധികാരികള്‍ സഹായിക്കുന്നുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാനവകാശമുള്ളൊരു നാട്ടില്‍ ഒരു വിഭാഗക്കാരന്ന് ശമ്പളവും പെന്‍ഷനും വാരിക്കോരി ലഭിക്കുന്നു എന്ന മാനസീകാവസ്ഥ അവരുടെ അഹങ്കാരത്തിന്ന് കാരണമാവുമ്പോള്‍ മറുവശത്ത് അതിന്നര്‍ഹതയുണ്ടായിട്ടും അത് ലഭിക്കാതെ നിരാശനായിക്കഴിയുന്ന സ്വകാര്യ ജീവനക്കാരന്ന് മേല്‍പറഞ്ഞ അഹങ്കാരിയോട് പക എന്ന മാനസീകാവസ്ഥ വരുന്നു. കാരണം അവന്‍ ജോലി ചെയ്തിരുന്ന കാലത്ത് ആത്മാര്‍ത്ഥമായി ചെയ്യുകയും ഭാവിക്കു വേണ്ടിയെന്ന് സര്‍ക്കാര്‍ മോഹിപ്പിച്ച് നിര്‍ബ്ബന്ധമായി പിടിച്ചു വാങ്ങിയ സംഖ്യ സര്‍ക്കാര്‍ നിധിയിലേക്ക് നല്‍കുകയും ചെയ്തിരുന്നു. ജോലിയില്‍നിന്ന് പിരിഞ്ഞപ്പോള്‍ അവന്ന് തുച്ഛമായതും ഒരു ദിവസത്തെ ചെലവിന്ന് പോലും കഷ്ടിയായതുമായ സംഖ്യ പ്രതിമാസ പെന്‍ഷനായി കൊടുക്കുകയും ചെയ്യുമ്പോള്‍ അവന്ന് തോന്നുന്ന വികാരം വിഷാദവും പകയും മാത്രമായിരിക്കും. മാനുഷിക വികാരങ്ങള്‍ അവന്ന് ഉണ്ടായിരിക്കാന്‍ പാടില്ല എന്നൊന്നും ഇല്ല. പാരീസിലെ പ്രഭുക്കളൂടെയും പുരോഹിതരുടെയും സ്ഥാനത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തുള്ളത് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നിവരാകുന്നു. ഇതില്‍ മാനസീക വൈരാഗ്യം ഏറ്റവുമധികം വരുന്നത് സര്‍ക്കാരുദ്യോഗസ്ഥരോടാകുന്നു.പ്രകടമായ രീതിയില്‍ പൊതുജനങ്ങളോട് ധിക്കാരം കാണിക്കാന്‍ അവര്‍ക്ക് നല്ല കഴിവുണ്ട്. സാധാരണക്കാരന്ന് വാങ്ങാന്‍ സാധിക്കാത്ത വസ്തുക്കള്‍ അവര്‍ വാങ്ങിക്കൂട്ടുന്നു. വിലക്കയറ്റം അവരെ ബാധിക്കുന്നില്ല. തീവണ്ടിയാത്ര ചെയ്ത ഏതൊരാള്‍ ക്കും അനുഭവപ്പെടുന്ന ഒന്നാണ് വണ്ടിയുടെ പ്ലാറ്റ്‌ഫോമിന്റെതല്ലാത്ത വശത്ത് കാണുന്ന യാചകര്‍. എല്ലാവരും ആവശ്യമില്ലാത്ത ഭകഷണസാധനങ്ങള്‍ വലിച്ചെറിയുന്നതിവിടെയാണ് അവര്‍ ഏതുതരം ഉച്ചിഷ്ടവും ഭക്ഷിക്കാന്‍ വേണ്ടി തയ്യാറാവുന്നു. എന്നാലും പല യാത്രക്കാരും ബാക്കിയാവുന്ന ഭക്ഷണം സൂക്ഷിച്ച്, കേടുകൂടാതെ അവര്‍ക്ക് ഇട്ടുകൊടുക്കാതെ എങ്ങോട്ടെങ്കിലും വലിച്ചെറിയുന്നു. ഇവിടെ സര്‍ക്കാര്‍ ജീവനക്കാരെ തീവണ്ടി യാത്രക്കാരോ, ജനപ്രതിനിധികളോ ആയി വിചാരിക്കാം താഴെനില്ക്കുന്ന യാചകര്‍ പ്രൈവറ്റ് കമ്പനി ജീവനക്കാരോ, ജോലിയില്ലാത്തവരോ ആരും ആവാം.

പാരീസിന്റെ പുറത്തെ ജനം ദാരിദ്ര്യത്തിലാണെന്ന് ലൂയി പതിനാലാമന്‍ തിരിച്ചറിഞ്ഞത് വാര്‍ദ്ധക്യത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാജ്യത്ത് ആ തിരിച്ചറിവ് എന്ന് വരും എന്ന് ദരിദ്രക്കറിയില്ല. ലൂയി പതിനാലാമന്‍ പശ്ചാത്താപ ഭാരത്തോടെ മകനെ ഉപദേശിച്ചുകൊണ്ട് ലോകത്തില്‍നിന്ന് വിടവാങ്ങിയെന്നാണ് ചരിത്രം. എന്നാല്‍ മകനായ ലൂയി പതിനഞ്ചാമന്‍ ചരിത്രം ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തും ഇതൊക്കെത്തന്നെ സംഭവിക്കുന്നു പെരുമാറ്റച്ചട്ടം അഥവാ പ്രോട്ടോക്കോള്‍ എന്ന കേള്‍ക്കാന്‍ സുഖമുള്ള പേരില്‍ നാട്ടിന്റെ ഖജാനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്ന്. നയതന്ത്രത്തിന്റെ യോ അതോടനുബന്ധിച്ച ആചാര മര്യാദകളുടെയോ പേരില്‍ യാത്രച്ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.