മാര്‍ച്ച് 14, 2016
ആക്ഷേപങ്ങളും അഭിപ്രായങ്ങളും Published in Mathrubumi

വളര്‍ന്നു വരുന്ന സംസ്‌കാരം

‘തീവണ്ടിയില്‍ പേടിയോടെ’ എന്ന തലക്കെട്ടില്‍ ഡോ വിനീത ടി വി എഴുതിയതിന്റെ തുടര്‍ച്ചയാണിത്. ഡോ വിനീതയുടെ അനുഭവം പലരുടെയും അനുഭവമാകുന്നു. മറ്റുള്ളവരുടെ അസൗകര്യങ്ങള്‍ ഇന്നത്തെ തലമുറക്ക് ഒരു പ്രശ്‌നമല്ല. അത്തരം ഒരു സംസ്‌കാരമാകുന്നു നമ്മുടെ നാട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഹൈവേയുടെ വശത്ത് താമസിക്കുന്ന എന്റെ വീട്ടിന്റെ മുന്നില്‍ രണ്ടു ദിവസം മുന്‍പ് എന്റെ ഗെയ്റ്റിനെ തടസ്ഥപ്പെടുത്തിക്കൊണ്ട് ഒരു കാര്‍ നിര്‍ത്തി എന്റെ വാഹനം പുറത്തേക്കോ അകത്തേക്കോ എടുക്കാന്‍ കഴിയാത്ത വിധത്തില്‍. ഉടമസ്ഥന്‍ സ്ഥലം വിട്ടു മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചു വന്നത്. ഊണ് കഴിക്കാന്‍ ഉച്ചക്ക് വീട്ടില്‍ വന്ന എഴുപത് കഴിഞ്ഞ എനിക്ക് അകത്തേക്ക് എന്റെ വാഹനമെടുക്കാന്‍ സാധിച്ചില്ല. എന്റെ ഫോണ്‍ നമ്പര്‍ സഹിതം ആവലാതി ഒരു കടലാസ്സില്‍ എഴുതി കാറിന്റെ ഡ്രൈവറിന്റെ ഭാഗത്തുള്ള കണ്ണാടിയില്‍ എഴുതി പതിച്ചത് അലക്ഷ്യമായി പറിച്ചുകളഞ്ഞു സ്ഥലം വിടുമ്പോള്‍ ഞാന്‍ പിടികൂടി. ഒരു സോറി പോലും പറയാനുള്ള മനസ്ഥിതി ക്വാളിസ് (ന്നന്ത11 . 7807) ഉടമസ്ഥന്ന് ഉണ്ടായില്ല.

കുറച്ചുദിവസം മുന്‍പ് എന്റെ സ്‌കൂട്ടര്‍ ഒരു ആസ്പത്രിയുടെ സ്‌കൂട്ടര്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തു തിരിച്ചു വന്നപ്പോള്‍ അതിനെ തടസ്സപ്പെടുത്തിക്കൊണ്ട് മറ്റൊരാള്‍ മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് പൂട്ടിയിട്ടിരിക്കുന്നു. അത്യാവശ്യമായി ബ്ലഡ്ഡ് കൊടുക്കേണ്ടുന്ന എമര്‍ജന്‍സി ആവശ്യമായതിനാല്‍ ഓട്ടോറിക്ഷ പിടിച്ചു ആവശ്യം നടത്തി. അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് മോട്ടോര്‍ സൈക്കിള്‍ മാറ്റിയത്. സ്വന്തം സ്‌കൂട്ടറെടുക്കാന്‍ സാധിക്കാതെ ഓട്ടോറിക്ഷക്കാരുടെ കാലുപിടിച്ച് ആവശ്യങ്ങള്‍ നടത്തി. കാലുപിടിച്ചെന്ന് പറഞ്ഞതില്‍ അതിശയോക്തിയില്ല. കോഴിക്കോട്ടെ ചില ഓട്ടോറിക്ഷക്കാര്‍പോലും ഇപ്പോഴങ്ങിനെയാണ്. നല്ലകാലമെല്ലാം സ്വപ്നങ്ങള്‍!

ഈയടുത്ത ദിവസം ഇടത്തുഭാഗത്തുകൂടി ഓവര്‍ടെയ്ക്ക് ചെയ്യാനിടം കൊടുക്കാത്തതിന്ന് ഒരു ചെറുപ്പക്കാരന്‍ എന്നെ കുറേ തെറി വിളിച്ചുകൊണ്ട് മോട്ടോര്‍ സൈക്കളില്‍ മറികടന്നു പോയി. ഇതെല്ലാം പലരുടെയും അനുഭവങ്ങളായ ചില സംഭവങ്ങള്‍ മാത്രമാകുന്നു. ഇതിനെക്കാള്‍ അനുഭവമുള്ളവര്‍ വായനക്കാരില്‍ പലരും ഉണ്ടാവും. തീര്‍ച്ച.

ഈയടുത്ത ദിവസം അമ്മയും മകനും മോട്ടോര്‍ സൈക്കളില്‍ സഞ്ചരിച്ചപ്പോള്‍ സദാചാര ഗുണ്ടകള്‍ക്ക് സഹിച്ചില്ല. സ്ര്തീയെയും പുരുഷനെയും ഒരുമിച്ച് കണ്ടാല്‍ ചെറുപ്പക്കാര്‍ക്ക് സദാചാരം ഉണരും. എന്റെ ഒരു ബന്ധു ചെറുപ്പക്കാരനുണ്ടായിരുന്നു. പാവാട ഉണങ്ങാനിട്ട വീടു കണ്ടാല്‍ അവിടെക്കയറി വെള്ളം ചോദിക്കുന്ന ഒരു ഒരു മാനസീക വൈകല്യമുണ്ടായിരുന്നു അയാള്‍ക്ക്. പവാട കണ്ടാല്‍ അയാള്‍ക്ക് മരുഭൂമിയില്‍ എത്തിയത്‌പോലെയാണെന്ന് ഞങ്ങള്‍ തമാശയായി പറയാറുണ്ട്, അതുപോലെയാണിത്. സദാചാരഗുണ്ടകള്‍ എന്ന പേര്‍ വളരെ അന്വര്‍ഥമാകുന്നു. ഫ്യൂഡലിസ്റ്റ് തെമ്മാടി എന്ന് ഒരു സിനിമയില്‍ പറഞ്ഞതുപോലെ. വടകരയില്‍ രാഷ്ട്രീയ വൈരാഗ്യം വെച്ച് പുരുഷനെയും സ്ര്തീയെയും പൂട്ടിയിട്ട് അപമാനിക്കാന്‍ ശ്രമിച്ചത് ഈയടുത്ത ദിവസമായിരുന്നു. അക്രമം ചെയ്തവരുടെ ഭാഗം നില്‍ക്കാന്‍ ഇഷ്ടമ്പോലെ സഹായികളുണ്ടാവും. അതുപോലെയുള്ളെ്‌ളാരു സംഭവമാകുന്നു വിജയ് മല്യ കോടികള്‍ വെട്ടിച്ച് കടന്നുകളഞ്ഞപ്പോള്‍ ഭാഗം പറയാനും ന്യായീകരിക്കാനും ഒരു മുന്‍ പ്രധാനമന്ത്രി മുന്നോട്ട് വന്നത്

ഡോ വിനീത എഴുതിയ തീവണ്ടിയിലെ പാട്ടിനെക്കാള്‍ നിരന്തര ശല്യമായിരിക്കയാണ് കര്‍ശന വിലക്കും നിയമ നിയന്ത്രണവുമുള്ള ബസ്സിലെ പാട്ട്. തീവണ്ടിയില്‍ യാത്രക്കാരാണെങ്കില്‍ ബസ്സില്‍ ഡ്രൈവറും കണ്ടക്ടറും തന്നെ പ്രതികള്‍. എറണാകുളത്തുനിന്ന് കോഴിക്കോടുവരെ പ്രൈവറ്റ് ബസ്സില്‍ അര്‍ദ്ധരാത്രിയില്‍ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഉറക്കിനെ ശല്യപ്പെടുത്തി ഉച്ചത്തില്‍ പാട്ടുവെച്ചപ്പോള്‍ ‘ഇങ്ങിനെ ചെയ്യാന്‍ പാടില്ലെന്ന നിയമമുണ്ടല്ലോ?’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘അങ്ങിനെ എന്തൊക്കെ നിയമമുണ്ട്? ‘നിയമം ആരാണ് പാലിക്കുന്നത് സാറേ?’ എന്ന പുച്’ം കലര്‍ന്ന മറുചോദ്യമാണ് ലഭിച്ചത്. കിലുക്കം സിനിമയില്‍ അച്’നായ തിലകനെ മകന്‍ ധിക്കരിക്കുന്ന ഒരു രംഗം കണ്ടതോര്‍മ്മയുണ്ട്. അത് കണ്ടുനിന്ന മോഹന്‍ലാലിനോട് തിലകന്‍ പറഞ്ഞതോര്‍ക്കുന്നു. ‘എന്റെ മകനാ നല്ല അനുസരണം അല്ലേ?” ഇതാണ് കണ്ടക്ടറുടെ പ്രതികരണം കേട്ടപ്പോള്‍ തോന്നിയത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മള്‍ വേണ്ടീട്ടും വേണ്ടാതെയും പറഞ്ഞു നടക്കുന്നു. എവിടെയാണ് ഈ ദൈവമുള്ളത്? അമ്പലങ്ങളില്‍ മാത്രമല്ലേ? പ്രവര്‍ത്തനങ്ങളില്‍ കാണാത്ത ദൈവം അമ്പലങ്ങളില്‍ മാത്രം ഇരുന്നിട്ടെന്ത് കാര്യം? രാഷ്ട്രീയക്കാര്‍ കുട്ടിച്ചോറാക്കുന്ന നാട്, മദ്യം കൊടികുത്തുന്ന നാട്, കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ക്കും അദ്ധ്വാനത്തിന്നും വിലയില്ലാത്ത നാട്, ഗുണ്ടാസദാചാരം പടര്‍ന്നു പന്തലിക്കുന്ന നാട്, കുടിവെള്ളത്തിന്ന് കോടികള്‍ ചെലവാക്കിയിട്ടും നിര്‍മ്മാണ സമയ്ത്ത് കുഴികള്‍ പലരുടെയും ജീവന്‍ അപഹരിച്ചിട്ടും, അപകടങ്ങളുണ്ടാക്കിയിട്ടും ദാഹജലം കിട്ടാതെ തൊണ്ട വരളുന്ന നാട്, പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകളും, വാഹനങ്ങളും അവശ്യ വസ്ഥുക്കളായിക്കരുതുന്ന നാട്, സ്വന്തം ജോലി ചെയ്യുന്നതില്‍ ദുരഭിമാനമുള്ള ചെറുപ്പക്കാര്‍ അയല്‍ സംസ്ഥാനങ്ങളിലെ ചെറുപ്പക്കാരെ വെച്ച് ജോലി ചെയ്യിക്കുന്ന നാട്. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്?

 

Categories: Mental Health