This article was published in Yukthirajyam Magazine in 2016

ഭക്തിയുടെ മാനസീക വശങ്ങള്‍

ചെവിയില്‍ ചെമ്പരുത്തി വെക്കാനായിട്ടുണ്ടെന്ന് ഒരാളോട് തമാശയായി പറയുകയാണെങ്കില്‍ ‘താന്‍ പറയുന്നതോ ചെയ്യുന്നതോ ഭ്രാന്തായിട്ടാണ് തോന്നുന്നത്” എന്നതിന്റെ സൂചനയാകുന്നു. സിനിമകളിലും നാടകങ്ങളിലും ഇങ്ങിനെയുള്ള രൂപങ്ങളെ കാണിയ്ക്കുന്നതും ഈയൊരര്‍ത്ഥത്തില്‍ തന്നെ. ഇവിടെ ചെമ്പരുത്തി; ഭക്തിയുടെ പ്രതീകവും അയാളുടെ മനസ്സ് ക്രമവിരുദ്ധവും, വിലക്ഷണവും അസാധാരണവുമാകുന്നു എന്നാകുന്നു വിവക്ഷ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ടും തമ്മിലുള്ള പരസ്പരബന്ധം! ഭക്തന്മാര്‍ സമ്മതിക്കാന്‍ തയ്യാറല്ലെങ്കിലും അവരുടെ ഉപബോധമനസ്സിലെങ്കിലും അങ്ങിനെയൊരു തോന്നലുണ്ടെന്നതിന്റെ സൂചനയാണത്. ഒബ്‌സസ്സീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍ പോലെയുള്ള മാനസീക പ്രശ്‌നങ്ങളില്‍ ഏറ്റവും വലിയ ഒബ്‌സഷന്‍ അഥവാ ഒഴിയാബാധയും അമിതമായ ഭക്തിയും മതവിചാരങ്ങളുമാകുന്നു. അങ്ങിനെയുള്ളവര്‍ മതപുസ്തകങ്ങള്‍ വിടാതെ പിടിച്ചുകൊണ്ടിരിയ്ക്കുരിക്കുന്നു. ഭക്തിയില്‍ മാത്രം മുഴുകി ജീവിയ്ക്കുന്നു. ആരാധനാലയങ്ങളില്‍ അടയിരിയ്ക്കുന്നു. മുഴുവന്‍ സമയവും ജപമാലയുടെ മണികള്‍ എണ്ണിക്കൊണ്ട് മന്ത്രിക്കുന്നു. ഒരു ശിക്ഷപോലെ ഇസ്ലാം മതസ്ഥര്‍ നിസ്‌കാരത്തില്‍ മുഴുകാനാഗ്രഹിക്കുന്നുവെങ്കിലും അതിന്റെ മുന്നോടിയായ വുളു എടുക്കല്‍ പടച്ചവനെ സന്തോഷിപ്പിക്കുന്ന ഒരു പ്രവര്‍ത്തി എന്നതിനാല്‍ വ്ര്ത്തിയുടെ പാരമ്യതയിലെത്തിക്കാന്‍ ലൈഫ്‌ബോയ് സോപ്പിന്റെ പരസ്യത്തില്‍ പറയുന്നത്‌പോലെ കഴുകിക്കഴുകി, കഴുകിക്കഴുകി നിസ്‌കാരത്തിന്ന് സമയം മതിയാവാതെ വരുന്നു. അല്ലെങ്കില്‍ നിസ്‌കാരത്തിന്നെത്താന്‍ സാധിക്കാതെയൊ സമയം വൈകുകയോ ചെയ്യുന്നു. ഇതൊരു മാനസീക വൈകല്യമാകുന്നു.

പലതരം അഭീഷ്ടസിദ്ധിക്കായി മനുഷ്യന്‍ വ്യത്യസ്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നു, ദൈവം ഒന്നാണ് എന്ന് ആദര്‍ശം പറയുമെങ്കിലും ഓരോരുത്തരെ ത്ര്പ്തിപ്പെടുത്തുന്ന രീതികള്‍ തമ്മില്‍ യാതൊരൈക്യവുമില്ല. പലതുംകൊടുത്ത് ത്ര്പ്തിപ്പെടുത്തുന്നു. ‘നെയ്യഭിഷേകം സ്വാമിക്ക്’ എന്ന രീതിയില്‍ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ട് അയ്യപ്പനെ മോഹിപ്പിക്കാനും സന്തോഷിപ്പിക്കാനും ശ്രമിക്കുന്നു. മെഴുകുതിരി കത്ത്ച്ചുവെക്കാം എന്ന് ക്ര്‌സ്തുമതസ്ഥരും സക്കാത്ത് കൊടുക്കാം എന്ന് ഇസ്ലാം മതസ്ഥരും ദൈവത്തെ സമാധാനിപ്പിക്കുന്നു. ഇതില്‍ തീരുമാനം മുഴുവനും ഭക്തരാണെടുക്കുന്നത്. ഇത്തരം വൈരുദ്ധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും കാരണക്കാര്‍ മനുഷ്യരായസ്ഥിതിക്ക്, ഇതിന്ന് കാരണം മനുഷ്യന്റെ മാനസീക നിലയല്ലേ?. ചിന്തിക്കുക. കാള്‍ റൊജേര്‍സ് എന്ന മന:ശാസ്ര്തജ്ഞന്റെ അഭിപ്രായത്തില്‍ സ്വന്തമായി അഭിപ്രായം പ്രകടിപ്പിക്കുന്നവനും, പരീക്ഷണങ്ങള്‍ക്ക് വിധേയനാവാന്‍ തയ്യാറുള്ളവനും ആകുന്നു മാനസീകാരോഗ്യമുള്ളവന്‍. നമ്മുടെ ഭക്തിപ്രകടനത്തില്‍ ഇതൊന്നുമില്ല. വിധേയത്വവും അനുസരണശീലവും ആകുന്നു ഭക്തിയുടെ മുമുദ്ര. മുന്‍പേ ഗമിക്കും ഗോവിന്റെ പിന്‍പേ ഗമിക്കുന്നവരാകുന്നു. ചെമ്മരിയാടിന്‍ കൂട്ടത്തെപ്പോലെ!!

മനകള്‍, പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ മനോരോഗികളെ ശ്ര്ഷ്ടിയ്ക്കുന്നതില്‍ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് അതിന്ന് അപൂര്‍വ്വമായി ഒരു നല്ല വശംകൂടിയുണ്ടായിരുന്നു. അതായത് ആധുനീക ചികിത്സാരീതികള്‍ വരുന്നതിന്ന് മുന്‍പ് അവ മനോരോഗികളെ ഒരു പരിധിവര ചികിത്സിക്കാന്‍ കാരണമായിരിക്കുകയും ചെയ്തിരുന്നു. പഴയ രീതിയിലുള്ള മാനസീകരോഗ ചികിത്സാരീതികള്‍ ആധുനീക ചികിത്സാരീതികള്‍ക്ക് ഒരു സഹായമായി അപൂര്‍വ്വമായി സ്വീകരിക്കാവുന്നതാകുന്നു. മണിച്ചിത്രത്താഴിലെ തമ്പി എന്ന കാരണവര്‍ വിളിച്ചത് പ്രകാരം വന്ന മന്ത്രവാദിയായ ബ്രഹ്മദത്തന്‍ നമ്പൂതിരി, ഡോ സണ്ണിക്ക് വേണ്ടി വഴിമാറിക്കൊണ്ട് സഹായിക്കുന്നത് ഇതിന്നൊരുദാഹരണമാകുന്നു. സുപ്രസിദ്ധനായ നിരീശ്വരവാദി പരേതനായ ഡോ: എ ടി കോവൂര്‍ പ്രേതബാധ കൂടിയ ഒരു യുവതിയുടെ ശരീരത്തില്‍ ഒരു നൂല്‍ കെട്ടി നൂലിന്റെ മറുവശം ഒരു തീപ്പെട്ടിക്കൂടില്‍ ഘടിപ്പിച്ച് കുറേനേരം മന്ത്രോച്ചാരണം നടത്തി നൂല്‍വഴി പ്രേതബാധയെ തീപ്പെട്ടിക്കൂടിലേക്കാവാഹിക്കുന്ന രീതിയില്‍ അഭിനയിച്ച്, അവസാനം രോഗിയോട് പറഞ്ഞു പ്രേതത്തെ മുഴുവനായി ഞാന്‍ ഈ തീപ്പെട്ടിക്കൂടില്‍ ആവാഹിച്ചിട്ടുണ്ട്. ഇനി നമുക്കിത് കത്തിക്കാം എന്ന് പറഞ്ഞ് മുന്നില്‍ വെച്ച് കത്തിച്ചു. അങ്ങിനെ പ്രേതബാധ സുമാവുകയും ചെയ്തു. ഇത് ചികിത്സകന്‍ രോഗിയുടെ മനസ്സിന്ന് കൂടെ സഞ്ചരിച്ച ഒരു സംഭവമാകുന്നു.

മനോരോഗ ചികിത്സയുടെ ഭാഗമായി പണ്ടുകാലത്ത് തലയോട് തുരക്കല്‍ അഥവാ trephination ന്ന് വിധേയരായ രോഗികള്‍ പതിനഞ്ച് കൊല്ലം വരെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു. അന്ധവിശ്വാസങ്ങള്‍ക്ക് ഒട്ടും പിന്നിലല്ലാത്ത ചൈന, കൊളമ്പിയന്‍ മീസൊ അമേരിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളില്‍നിന്ന് ലഭിച്ചതും നൂറ്റാണ്ടുകളോളം പഴക്കമുള്ളതുമായ തലയോടുകളില്‍നിന്ന് മനസ്സിലാവുന്നു.

സാധാരണമായാലും അസാധാരണമായാലും പെരുമാറ്റവും സ്വഭാവവും അയാളുടെ മസ്തിഷ്‌കത്തിലെ രാസവസ്തുക്കള്‍ക്കനുസരിച്ചാണിരിക്കുന്നത്. അങ്ങിനെയായിരിക്കുമ്പോള്‍, ഭക്തനായാലും, നിരീശ്വരവാദിയായാലും, മാനസീക രോഗിയായാലും മസ്തിഷ്‌കത്തിലെ രാസവസ്തുക്കള്‍ക്ക് (നോര്‍എപിനെഫ്രിന്‍, സേറട്ടോണിന്‍, ഡോപമിന്‍, ഗാമാ അമിനോ ബ്യൂട്രിക്ക് ആസിഡ് ട്ടക്കങ്ങക്ക) ഏറ്റക്കുറച്ചിലുകളുണ്ടാവും. അത്തരം രാസവസ്തുക്കളില്‍ പ്രധാനമായ ഒന്നാകുന്നു ഡോപാമിന്‍. സന്തോഷം, ഉന്മാദം, വ്യസനം, ക്രോധം എന്നിവയ്ക്കനുസരിച്ച് ഇതില്‍ മാറ്റം വരുന്നു. മറിച്ചും പറയാം. ഇത്തരം രാസവസ്ഥുക്കളെ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ എന്ന് പറയുന്നു. ട്രാന്‍സ്മിറ്റര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ, റേഡിയോ, ടി വി തരംഗങ്ങളെപ്പോലെ ട്രാന്‍സ്മിറ്റ് ചെയ്യുന്നു എന്നണുദ്യേശിക്കുന്നത്. ഇവിടെ, മസ്തിഷ്‌കത്തിലെ ഒരു കോശത്തില്‍നിന്ന് മറ്റൊരു കോശത്തിലേക്കാണ് ട്രാന്‍സ്മിറ്റ് ചെയ്യുന്നത്. മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്കിടയിലാണ് ന്യൂറോട്രാന്‍സ്മിറ്ററുകള്‍ സ്ഥിതി ചെയ്യുന്നത്. കോശങ്ങള്‍ തമ്മില്‍ തൊടുന്നില്ല. അതിനാലാണിവിടെ ന്യൂറോ ട്രാന്‍സ്മിഷ്യന്റെ ആവശ്യവും. അതിനാല്‍ ആധുനിക ശാസ്ര്തത്തില്‍ മനസ്സ് സ്ഥിതി ചെയ്യുന്നത് നമ്മള്‍ തൊട്ടുകാണിക്കാറുള്ള നെഞ്ചിന്റെ ഉള്ളിലല്ല, മറിച്ച് തലച്ചോറിന്റെ ഉള്ളില്‍ മസ്തിഷ്‌ക കോശമായ ന്യൂറോണിന്റെ ഇടയിലാകുന്നു. അങ്ങിനെ വ്യാപരിക്കുന്ന തലച്ചോറിന്റെ ഇടയിലെ മനസ്സാകുന്നു നമ്മളെക്കൊണ്ട് നല്ലതും ചീത്തയും ചെയ്യിക്കുന്നത്. കുട്ടികളിലെ ആ മനസ്സിനെയാണ് രക്ഷിതാക്കള്‍ നേര്‍വഴിക്ക് തിരിച്ചു വിടേണ്ടത്. സത്യം, കരുണ, സ്‌നേഹം എന്നീ വഴികളില്‍കൂടി സഞ്ചരിക്കാന്‍ സഹായിക്കുന്നതോടൊപ്പം അവര്‍ക്ക് സ്വതന്ത്രചിന്ത എന്ന സ്വാതന്ത്ര്യവും നല്‍കണം. ‘നമ്മുടെ ദൈവം ഇതാണ്” ‘ആ ദൈവം പറയുന്നത് മാത്രമാണ് ശരി” എന്ന് ശീലിക്കുന്ന ശിശു പില്‍ക്കാലത്ത് മതഭ്രാന്തിലേക്ക് തിരിയുന്നതില്‍ അല്‍ഭുതമില്ല.
പേര്‍ഷ്യന്‍ കവി ഒമര്‍യ്യാമും ഹിന്ദി കവി ഹരിവംശരായ് ബച്ചനും (അമിതാബ് ബച്ചന്റെ അച്’ന്‍) പറഞ്ഞപോലെ ആരാധനാലയങ്ങള്‍ തച്ചുടച്ചാലെ മനുഷ്യസൗഹാര്‍ദ്ദം വളരുകയുള്ളൂ.

മതം ഒരു മിഥ്യ
പല മന:ശ്ശാസ്ര്തജ്ഞരും മതത്തെ ഒരു മിഥ്യയായിട്ടാണ് കണക്കാക്കുന്നത്. മനുഷ്യന്‍ പടുത്തുയര്‍ത്തിയ ഒരു മിഥ്യ!!! ഒരാള്‍ പറഞ്ഞു താനൊരു പ്രവാചകനും ദൈവത്തിന്റെ അരുമശിഷ്യനുമാണെന്ന്. മറ്റൊരാള്‍ പറഞ്ഞു ഞാന്‍ ദൈവ പുത്രനാണ്, നിങ്ങളെ നന്നാക്കാന്‍ ഏല്‍പ്പിച്ചിരിക്കയാണെന്ന്. പാപം കഴുകിക്കളയാനാണ് വന്നിരിക്കുന്നതെന്ന്. ഹിന്ദു ദൈവങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചെടുത്തിരിക്കുന്നു. അല്ലെങ്കില്‍ മനുഷ്യന്‍ വിഭജിച്ച് കൊടുത്തിരിക്കുന്നു. ലോകത്തിന്റെ ഭരണം മുഴുവന്‍ അവരുടെ കയ്യിലാണെന്ന് പറയുന്നു. ഇത്തരത്തില്‍ പ്രവാചകനാണെങ്കിലും, ദൈവപുത്രനാണെങ്കിലും ദൈവങ്ങളാണെങ്കിലും ലോകം എന്ന് പറയുന്നത് അതാത് ഭക്തരുടെ കാഴ്ച്ചപ്പാടില്‍ അവരുടെ ചുറ്റുവട്ടമാകുന്നു. മരുഭൂമിയില്‍ വാഴുന്ന ദൈവത്തിന്ന് ഈത്തപ്പഴവും ഒട്ടകവും, ഭാരതത്തിന്റെ അധിപതിയായ ദൈവത്തിന്ന് ഇവിടുത്തെ രീതികള്‍, മുന്തിരിയുള്ള നാട്ടില്‍ ജനിച്ച ദൈവ പുത്രന്ന് വീഞ്ഞ് എന്നിങ്ങിനെ പോകുന്നു അതിന്റെ പട്ടിക. പാപവും പുണ്യവും എല്ലാം അവരുടെ കയ്യിലായിട്ടും മനുഷ്യ്‌നെക്കൊണ്ട് വീണ്ടും വീണ്ടും പാപം ചെയ്യിക്കുന്നു. എന്തുകൊണ്ട് പുണ്യം മാത്രം ചെയ്യിച്ചുകൂടാ? ഒരു മന:ശ്ശാസ്റ്റ്രജ്ഞന്റെ കാഴ്ച്ചപ്പാടില്‍ ഈ ദൈവപുത്രനും പ്രവാചകനും സന്യാസികളും എല്ലാം ഒരു തരം മിഥ്യാബോധത്തില്‍ അഥവാ ഡെല്യൂഷന്റെ അടിമകളാകുന്നു. ഡെല്യൂഷനില്‍ വിജ്ഞാനത്തിന്റെ അവകാശങ്ങളായിരിക്കും കൂടുതല്‍ എന്റെ മതം എന്റെ വിശ്വാസം എന്നിവ അവര്‍ ആവര്‍ത്തിച്ചു പറയുന്നു. സധാരണ ഒരു മത വിശ്വാസിക്ക് തന്റെ വിശ്വാസത്തെപ്പറ്റി മറ്റുള്ളവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന സംശയം ഉണ്ടാവാം. എന്നാല്‍ റിലിജ്യസ് ഡെല്യൂഷനില്‍ അത്തരം ഒരു സംശയം കാണുന്നില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ മാനസീക വൈകല്യ പഠനത്തിന്ന് ഒരു പുതിയ താല്‍പ്പര്യം ഉണ്ടായി. ഇംഗ്ഗ്‌ളണ്ടില്‍ റിലിജ്യസ് മനശാസ്ര്തം ഒരു പ്രത്യേക വിഭാഗമാക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നു. ഫോറെന്‍സിക് സൈക്യാട്രി, മെന്റല്‍ ഹെല്‍ത് ആക്ട് എന്നിവ അതിന്നനുസരിച്ച് രൂപപ്പെട്ടു ഒരു ഡെല്യൂഷനിലെ വിശ്വാസം ഡെല്യൂഷനില്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാകുന്നു. അതിന്ന് ഉള്‍ക്കാഴ്ച്ച ഉണ്ടായിരിക്കയില്ല. മതം ഒരു ഷെയര്‍ ചെയ്ത ഡെല്യൂഷന്‍ അല്ല. കാരണം ഡെല്യൂഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കയില്ല. ഡെല്യൂഷന്‍ അവസാനംവരെ മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്ത ഒന്നാകുന്നു. മതപരമായ അനുഭവങ്ങളും ഡെല്യൂഷനും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന് പറയുന്നു. എന്നാല്‍ ഡെല്യൂഷന്‍ എല്ലായ്‌പ്പോഴും മതപരമല്ല. ഡെല്യൂഷനും മത വിശ്വാസവും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഡെല്യൂഷനില്‍ അചഞ്ചലമായ വിശ്വാസമുണ്ട്. പക്ഷെ മതവിശ്വാസത്തില്‍ ഉള്ളിന്റെ ഉള്ളില്‍ വീണ്ടും ഒരു സംശയം കാണാം. ഡെല്യൂഷന്‍കാരുടെ അവകാശവാദം അവരുടെ വിജ്ഞാനം എന്നാണ് അല്ലാതെ വിശ്വാസത്തില്‍ അധിഷിഠിതമല്ല എന്നാകുന്നു.

ഞാന്‍ നേരത്തെ എഴുതിയപോലെ ന്യൂറോട്രാന്‍സ്മിറ്ററുകളാണ് ഇതെല്ലാം ചെയ്യിക്കുന്നത്. അതിന്റെ ഏറ്റക്കുറച്ചിലുകളനുസരിച്ച പെരുമാറ്റ രീതികളും മരുന്നുകളും ചികിത്സയും അപൂര്‍വ്വമായി ചിലപ്പോള്‍ ചെറിയ രീതിയിലുള്ള ശിക്ഷയുമാണ് വേണ്ടത്. ഇതൊന്നും കൂടാതെ ജനനാല്‍തന്നെയുള്ള ജനിതക വൈകല്യങ്ങളും, വ്യക്തിത്വ അവ്യവസ്ഥ അഥവാ പേര്‍സനാലിറ്റി ഡിസോര്‍ഡര്‍ എന്നിവയും ഉണ്ട്. അവക്ക് മാറ്റം വരുത്തുവാന്‍ വിഷമമാകുന്നു. എന്നാല്‍ അതില്‍ നിന്നുകൊണ്ടുതന്നെ സ്വഭാവ വൈകല്യങ്ങള്‍ ഒരു പരിധിവരെ ശരിയാക്കാവുന്നതാകുന്നു. വ്യക്തിത്വ വൈകല്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ ലോകം തന്നെ നില നില്‍ക്കുന്നതെന്ന് പറയാം. ഒരാള്‍ ചെയ്യുന്ന കാര്യം മറ്റൊരാള്‍ ചോദ്യം ചെയ്യുന്ന പ്രവണത; നിലനില്‍പ്പിന്നും സന്തുലിതാവസ്ഥക്കും ആവശ്യമാകുന്നു. എല്ലാവരും സരിതയെപ്പോലെയോ ഉമ്മന്‍ ചാണ്ടിയെപ്പോലെയോ പിണറായി വിജയനെപ്പോലെയോ ആവുകയില്ല, ആവരുത്.

ദൈവത്തെ വണങ്ങുന്ന റിഫ്‌ളക്‌സ:്
ചിന്താധീനമല്ലാത്തതും, സ്വയം പ്രവര്‍ത്തകമായതുമായ മാനസീക വ്യാപാരത്തെ റിഫ്‌ളക്‌സ് എന്ന് ഇംഗ്ലീഷില്‍ പറയുന്നു. 1849ല്‍ റഷ്യയില്‍ ജനിച്ച ഒരു ശാസ്ര്തജ്ഞനായിരുന്നു ഇവാന്‍ പാവ്‌ലോവ്. ക്ലാസ്സിക്കല്‍ കണ്ടീഷനിങ്ങ് എന്ന സ്വഭാവ വിശേഷത പരീക്ഷിക്കുവാന്‍ അദ്ദേഹം നായയെ ഉപയോഗിച്ചു. ഒരു ബെല്ലടിച്ച ശേഷം നായക്ക് ഭക്ഷണം കൊടുക്കുന്ന രീതി അഭ്യസിപ്പിച്ചു. പിന്നീട് മണിയടിച്ച് ഭക്ഷണം കൊടുക്കാതിരുന്നപ്പോഴും നായയുടെ വായയില്‍ ഉമിനീര്‍ നിറഞ്ഞു കണ്ടു. ആരാധാനലയങ്ങളുടെ മുന്‍വശത്തെത്തുമ്പോള്‍ കൈ കൂപ്പുന്നതും കുരിശുവരയ്ക്കുന്നതുമെല്ലാം ഇതില്‍ പെടുന്നു. രസതന്ത്രം സിനിമയില്‍ വീട്ടുകാര്‍ കൂട്ടപ്രാര്‍ത്ഥന നടത്തുന്ന ഒരു രംഗത്തില്‍ ക്രൂരയായ വീട്ടമ്മ പ്രാര്‍ത്ഥനയുടെ ഇടയിലും വേലക്കാരിയെ പണിയെടുക്കാന്‍ പറഞ്ഞ് പ്രാര്‍ത്ഥനയുടെ ഇടയില്‍ പിച്ചുകയും മാന്തുകയും ചെയ്ത് വേദനിപ്പിയ്ക്കുന്നു. ഇവിടെയും ദൈവത്തില്‍ ശ്രദ്ധിയക്കാത്ത കൈകൂപ്പല്‍ അഥവാ യാന്ത്രിക മന്ത്രോച്ചാരണ പ്രാര്‍ത്ഥന പാവ്‌ലോവിന്റെ ക്ലാസ്സിക്കല്‍ കണ്ടീഷനിങ്ങിന്റെ ഒരു ഉദാഹരണമാകുന്നു.

വാറ്റ്‌സണ്‍ എന്ന ശാസ്ര്തജ്ഞന്‍ ഒരു മനുഷ്യന്റെ പെരുമാറ്റരീതി കണ്ടീഷനിങ്ങ് കൊണ്ടുണ്ടായതാണെന്നും അതില്‍ റികണ്ടീഷനിങ്ങ്‌കൊണ്ട് മാറ്റിയെടുക്കാമെന്നും പറഞ്ഞു. നമ്മുടെ ചിന്ത വാക്കുകളായി, വാക്കുകള്‍ പ്രവര്‍ത്തികളായി, പ്രവര്‍ത്തികള്‍ ശീലമായി ശീലങ്ങള്‍ ചിലപ്പോള്‍ വിധികര്‍ത്താക്കളായും മാറുന്നു.

രക്ഷിതാക്കള്‍ പറഞ്ഞുതന്ന ദൈവമാകുന്നു നമ്മുടെ ദൈവം. അവിടംതൊട്ട് കണ്ടീഷനിങ്ങിന്റെ റിഫ്‌ളക്‌സ് പ്രവര്‍ത്തിക്കുന്നു. സ്വതന്ത്ര ചിന്തക്ക് ഇടമില്ല. മറുത്ത് പറഞ്ഞാല്‍ ധിക്കാരിയെന്ന മുദ്ര കുത്തുകയും ചെയ്യും. ആ പേടി കുട്ടികളില്‍ ദൈവഭയം അടിച്ചേല്‍പ്പിക്കുന്നു. ‘ദൈവഭയം ജ്ഞാനത്തിന്റെ ആരംഭം എന്ന രീതിയിലുള്ള പഴഞ്ചൊല്ലുകള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ ഭക്തിയും ആരാധനയും.

ആരാധനാലയങ്ങള്‍ തമ്മിലുള്ള മത്സരം:
ഇതൊരു തുടര്‍ച്ചയായ ചക്രമാകുന്നു. ഹിന്ദുക്ഷേത്രത്തില്‍നിന്ന് ചെകിടടി ശബ്ദത്തില്‍ കീര്‍ത്തനങ്ങളും ഭക്തി ഗാനങ്ങളും കേട്ട് ബുദ്ധിമുട്ടുന്ന മുസല്‍മാന്‍ പള്ളിയില്‍ അള്ളാഹുവിനെ കേള്‍പ്പിക്കാന്‍ മത്‌സര ബുദ്ധിയോടെ ഉച്ചഭാഷിണി വെച്ച് വാങ്ക് കൊടുക്കുന്നു. പെന്തക്കോസ്ത് ക്ര്‌സ്ത്യാനികള്‍ ‘എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം” എന്ന മട്ടിലുള്ള സ്തുതിഗീതങ്ങള്‍ മുഴക്കി ത്ര്പ്തിയടയുന്നു. കൊല്ലങ്ങള്‍ക്ക് മുന്‍പ് കൊടുങ്ങള്ളൂരിലുണ്ടായ ബുദ്ധമത പ്രചാരത്തെ തകര്‍ക്കാനായി ബുദ്ധമതത്തിന്റെ അഹിംസാസിദ്ധാന്തത്തിനെതിരായി കൊടുങ്ങളൂരമ്പലത്തില്‍ കോഴിയറവ് തുടങ്ങിയ കഥ ചരിത്രങ്ങള്‍ പറയുന്നു. അങ്ങിനെ ദൈവത്തിന്റെ സഹായമില്ലാതെ മനുഷ്യന്ന് അഹിംസ എന്ന മഹാതത്വം പഠിപ്പിച്ച ബുദ്ധമതം കേരളത്തില്‍ തുടങ്ങിയേടത്തുതന്നെ നാമാവശേഷമായി.

മാനസീക രോഗങ്ങള്‍ മൂന്ന് വിധത്തിലുണ്ട് സൈക്കോസിസ്, ന്യൂറോസിസ്, പേര്‍സണാലിറ്റി ഡിസോര്‍ഡര്‍ എന്നിവയാണവ. ഭക്തരില്‍ നല്ലൊരു വിഭാഗം സൈക്കോസിസിലും പേര്‍സണാലിറ്റി ഡിസോര്‍ഡറിലും പെടുന്നവരാകുന്നു.

സൈക്കോസിസില്‍ വരുന്ന പ്രധാന ഡിസോര്‍ഡറുകള്‍ അഫക്റ്റീവ് (വൈകാരികമായ) ഡിസോര്‍ഡറുകളാകുന്നു. അതില്‍ മൂഡ് കുറഞ്ഞതും കൂടിയതുമായ രണ്ട് വിഭാഗങ്ങളുണ്ട്. മൂഡ് കൂടിയത് മാനിയാക്ക് അഥവാ ചിത്തഭ്രമപരം; കുറഞ്ഞത് ഡിപ്രസ്സീവ് അഥവാ വിഷാദപരം ആകുന്നു. മാനിയക്കിന്ന് ഉദാഹരണമായി ആദ്യം എഴുതിയ ചെമ്പരത്തിപ്പൂവിന്റെ കാര്യം പറയാം. ഡിപ്രസ്സീവിന്ന് ഉദാഹരണം, ദൈവത്തിന്നു മുന്‍പില്‍ കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന പല രംഗങ്ങളും മാനിക്ക് ഡിസോര്‍ഡര്‍, ഡിപ്രസ്സീവ് ഡിസോര്‍ഡര്‍, ബൈപോളാര്‍ അഫ്ഫക്റ്റീവ് ഡിസോര്‍ഡര്‍ എന്നിവ മാനിക്ക് സൈക്കോസിസില്‍ പെടുന്നു. പ്രസിദ്ധരായ പലര്‍ക്കും അഫക്റ്റീവ് ഡിസോര്‍ഡര്‍ ഉണ്ടായിരുന്നു. ഫ്രഞ്ച് വിപ്ലവകാരിയായ റൂസ്സോ, ഇംഗ്ലണ്ടിലെ രാജാവ് ജോര്‍ജ്ജ് മൂന്നാമന്‍, റഷ്യന്‍ നോവലിസ്റ്റായ ദോത്തൊവ്‌സ്‌കി, അമേരിക്കന്‍ പ്രസിഡന്റ് അബ്രഹാം ലിങ്കണ്‍, റഷ്യന്‍ കമ്പോസറായിരുന്ന് തൈക്കോവ്‌സ്‌കി എന്നിവര്‍ അതില്‍ പെടുന്നു.

വികാര വിചാരങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാകുന്നു സൈക്കോസിസ്. വികലമായ ആരാധനാസമ്പ്രദായങ്ങള്‍ ഇതില്‍ പെടുന്നു ഞരമ്പ്‌സംബന്ധമായ അവസ്ഥയെ ന്യൂറോസിസ് എന്ന് പറയുന്നു, ഇത് മിക്കവാറും ഒരു വിദഗ്ദ ചികിത്സകന്റെ അല്ലെങ്കില്‍ ഡോക്ടറുടെ ആവശ്യമുള്ള ചികിത്സയാകുന്നു. മൂന്നാമതായി വ്യക്തിത്വ ക്രമഭംഗം അഥവാ, അവ്യവസ്ഥ, അലങ്കോലം എന്നിവ. (പേര്‍സണാലിറ്റി ഡിസോര്‍ഡര്‍) ഈ അവസ്ഥയില്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന രീതിയിലുള്ള വികലഭക്തിപ്രകടനങ്ങള്‍ കാണാം. പ്രായ്ത്തിനനുസരിച്ച് ഹോര്‍മോണ്‍ അഥവാ ഗ്രന്ഥിശ്രവ വ്യതിയാനങ്ങള്‍ക്കനുസരിച്ചും ഭക്തിപ്രകടനങ്ങളില്‍ മാറ്റം വരുന്നു സ്ര്തീകള്‍ക്ക് 40-45 വയസ്സുകളില്‍ ആര്‍ത്തവം നിലയ്ക്കുമ്പോഴും പുരുഷന്ന് 60-65 വയസ്സില്‍ ഉദ്ധാരണശേഷി കുറയുമ്പോഴും ഒരുതരം വിഷാദരോഗം ഉടലെടുക്കുന്നു. ഇതിനെ വിഷാദപാരവശ്യത്തിലുള്ള ഒരു മനോരോഗമായി കണക്കാക്കാം. ഈ രണ്ടവസ്ഥയിലും സ്ര്തീപുരുഷന്മാര്‍ കൂടുതലായി ആരാധനാലയങ്ങളില്‍ പോകുന്നു. ഈ ആരാധനാലയങ്ങളിലേക്കുള്ള പോക്ക് ഒരു പരിധിവരെ ചികിത്സയുടെ ഗുണം ചെയ്യുന്നുണ്ടെങ്കിലും ശാരീരിക ബന്ധമില്ലാത്ത ഭാര്യാഭര്‍ത്ര്ബന്ധത്തിന്റെ കുറവ് ഈയൊരു ബന്ധത്തില്‍ വളരെയധികം ഉണ്ട്. മാനസീകാവസ്ഥയും ശാരീരികാവസ്ഥയും നോക്കിയുള്ള കാഴ്ച്ചപ്പാടാണ് ഇതില്‍ വേണ്ടത്. ഒരു കട്ടിലില്‍ കിടക്കുമ്പോള്‍ പോലും ശരീരം പരസ്പരം തോടാതിരിക്കാന്‍ അത്തരം സ്ര്തീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ശ്രമിക്കുന്നു. ഇത് പുരുഷനെ അങ്കലാപ്പിലാക്കുന്നു.

അതല്ലാത്ത കാഴ്ച്ചപ്പാടുള്ളവരില്‍ വാര്‍ദ്ധക്യ കാലത്തുള്ള ഭര്‍ത്താവിന്റെ വിയോഗം ഭാര്യയെസംബന്ധിച്ച് ഒരു കാവല്‍ക്കാരനോ, ചിലപ്പോള്‍ ഒരു ശല്യമോ ഒഴിഞ്ഞത് പോലെയാകുന്നു. ഭര്‍ത്താവിനെക്കാള്‍ കൂടുതലായി ശ്രീക്ര്ഷനെപ്പോലെയുള്ള ദൈവങ്ങളെയാണ് ഹിന്ദുക്കളായ സ്ര്തീകള്‍ ആരാധിക്കുന്നത്. അതില്‍നിന്ന് അവര്‍ക്കൊരു മാനസീക സംത്ര്പ്തി ലഭിയ്ക്കുന്നു. കൊല്ലങ്ങള്‍ക്ക് മുന്‍പ് മണിയറയില്‍ നാണിച്ച് തലതാഴ്ത്തി എന്തും അനുസരിച്ചിരുന്ന ഭാര്യയെവിടെ? ഇന്ന് എല്ലാറ്റിനും നേരെ ഭര്‍ത്താവിന്നു നേരെ ആക്രോശിക്കുന്ന ഭാര്യയെയാണ് കാണുന്നത്.? ഇത് മറിച്ചും ബാധകമാകുന്നു. മനുഷ്യ വികാര വിചാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാത്ത ഭക്തിയാണിവിടെ. ഇതും ഒരു വികലമായ ഭക്തി തന്നെ. പലപ്രാവശ്യം കേട്ടു മടുത്ത ദൈവ പുസ്തക കഥകള്‍ കേള്‍ക്കാനും ആള്‍ദൈവങ്ങളുടെ പ്രസംഗങ്ങളും വചനങ്ങള്‍ കേള്‍ക്കാനും ഒത്തുകൂടുന്ന വ്ര്ദ്ധരായ ദമ്പതികള്‍ക്ക് ഒത്തൊരുമയായി ഒരു കാര്യം ചെയ്യുന്ന മാനസീക സംത്ര്പ്തി ലഭിയ്ക്കുന്നതോടൊപ്പം ജനങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ഒറ്റപ്പെടലില്‍ നിന്നുള്ള മോചനവും. അല്ലാതെ ദൈവ വചനം കൊണ്ട് നന്നായിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ എല്ലാവരും സല്‍ഗുണ സമ്പന്നന്മാരാകുമായിരുന്നു.

റിലിജ്യസ് ഡെലുഷന്‍:
റിലിജ്യസ് ഡെലുഷന്‍ എന്നൊരവസ്ഥയുണ്ട്. പല മന:ശ്ശാസ്ര്തജ്ഞരും മിക്കവാറും മതങ്ങളെയും ഒരു ഡെല്യൂഷന്‍ ആയിട്ടാണ് കണക്കാക്കുന്നത്. ദൈവത്തിന്റെ അവതാരങ്ങളായി മാറുന്ന സ്ര്തീപുരുഷന്മാരും, ദൈവവചനം കേട്ടു എന്നവകാശപ്പെടുന്നവരും റിലിജിയസ് ഡെല്യൂഷന്റെ ഇരകളാകുന്നു. ദൈവത്തിന്റെ വചനം കേട്ട് സ്വന്തം മകനെ ബലി നല്‍കാനൊരുങ്ങിയെ അബ്രഹാം, പിന്നീടും ദൈവവചനം കേട്ട് മകനെ ആട്ടിന്‍ കുട്ടിയെ കൊന്ന അതേ അബ്രഹാം, ദൈവവചനം കേട്ട് ജനങ്ങളെ നടത്തിച്ച് സിനായ് പര്‍വ്വത നിരകളില്‍നിന്ന് ദൈവത്തില്‍നിന്ന് പത്ത് കല്‍പ്പനകള്‍ കേട്ട മോസസ്സ്, അങ്ങിനെ ക്ഷാമം തീര്‍ന്ന ദൈവവചനങ്ങള്‍ പല മതങ്ങളിലും ഉണ്ട്. അത് കേള്‍ക്കാനായി കുറേ ‘ഓഡിറ്ററി ഡെല്യുഷന്‍’ കാരും. പറയാത്തത് കേള്‍ക്കുന്നതിനെ ‘ഓഡിറ്ററി ഡെല്യൂഷന്‍’ എന്നും ഇല്ലാത്തത് കാണുന്നതിനെ ‘വിഷ്വല്‍ ഡെല്യൂഷന്‍’ എന്നും പറയുന്നു. ഇതെല്ലാം ‘ഡെല്യൂഷന്‍’ എന്ന മാനസീക രോഗമായിരുന്നു. ദൈവത്തിന്റെ വചനങ്ങള്‍ കേള്‍ക്കുന്ന ഇത്തരത്തിലുള്ളവര്‍ ഓഡിറ്ററി ഡെല്യൂഷന്‍ (auditory delusion) ഉള്ളവരായിരിക്കാം. ഇത്തരം രോഗികള്‍ മറ്റുള്ളവര്‍ പറയാത്തത് കേള്‍ക്കുന്നു. ഇതില്‍ വിഷ്വല്‍ ഡെല്യൂഷന്‍ (Visual delusion)) ഉള്ളവര്‍ ദൈവത്തെയോ ദൈവ ദൂതനെയൊ അങ്ങിനെ ആരെങ്കിലെയുമോ ആയി ഇല്ലാത്തത് കാണുന്നു. 1907ല്‍ സിമണ്ട് ഫ്രോയ്ഡ് എന്ന മനശാസ്ര്തപിതാവ് ‘മതം ഒരു ഒബ്‌സസ്ഷനല്‍ ന്യൂറോസിസ് ആണെന്ന് പറയുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നവണ്ണം അദ്ദേഹം ദൈവത്തില്‍ വിശ്വസിക്കുന്നത് ഒരു ഡെല്യൂഷന്‍ ആണെന്ന് പറയുകയുണ്ടായി. മനുഷ്യ ദൈവങ്ങളും മനുഷ്യ പ്രവാചകരും ഡെല്യൂഷന്‍ ഓഫ് ഗ്രാണ്ടിയര്‍ (delusion of grandeur) എന്ന രോഗത്തിന്നടിമകളായിരിക്കാന്‍ സാധ്യതയുണ്ട്. ഈ രോഗത്തിന്നടിമയായവര്‍ സ്വയം വലിയവരാണെന്ന് വിശ്വസിക്കുന്നു. അവരുടെ പിന്നാലെ ഭീരുക്കള്‍ ശിഷ്യഗണങ്ങളായി സഞ്ചരിക്കുന്നു, മറ്റുള്ളവരോട് ഗുരുവെ ആരാധിക്കുവാന്‍ പ്രത്യക്ഷ്മായോ പരോക്ഷ്മായോ ആവശ്യപ്പെടുന്നു. Delusion of control/ delusion of being controlled എന്ന മാനസീകാവസ്ഥയില്‍ താന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും തന്റെ അധ്വാനം കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് അടിയുറച്ച് വിശ്വസിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു..

കൂട്ടപ്രാര്‍ത്ഥന
ഗ്ലോസ്സൊലാലിയ എന്ന ഒരു മാനസീകാവസ്ഥയുണ്ട് അതിന്നുദാഹരണമാകുന്നു ഹാല്ലേലൂയാ എന്ന് ഒരു കൂട്ടം ജനങ്ങള്‍ ഒരുമിച്ച് പറയുമ്പോള്‍ ലഭിയ്ക്കുന്ന ആഹ്ലാദം. ഈ വാക്കിന്റെ അര്‍ത്ഥം അത് ആവേശത്തോടെ ഉപയോഗിയ്ക്കുന്ന ക്ര്‌സ്തുമത വിശ്വാസികളോട് ചോദിച്ചാല്‍ വ്യക്തമായതും ആധികാരികവുമായ ഒരു നിഘണ്ഡു-അര്‍ത്ഥമില്ല. ദൈവത്തെ സ്തുതിക്കാനുള്ള ഒരു വാക്കാണെന്ന് പറയും. ഹീബ്രു ബൈബിളില്‍നിന്ന് വന്ന ഈ വാക്ക് അര്‍ത്ഥമറിയാതെ കൂട്ടമായി ചൊല്ലുമ്പോളുള്ള മാനസീക സന്തോഷത്തിന്നു വേണ്ടി ഉപയോഗിക്കുന്നു. സ്വാമ്യെ അയ്യപ്പ, അയ്യപ്പ, സാമ്യെ എന്ന് തിരിച്ചും മറിച്ചും ഉരുവിട്ടുകൊണ്ടിരിയ്ക്കുന്നതും യഥാര്‍ത്തത്തില്‍ ഒരു സംബോധന മാത്രമാകുന്നു. ഒരു കൂട്ടം ജനങ്ങള്‍ ഏകീക്ര്തമായി ഉരുവിടുമ്പോഴുള്ള മാനസീകോല്ലാസം അഥവാ ഗ്ലോസ്സോലാലിയ തന്നെ ഇവിടെയും. ഗ്ലോസ്സൊലാലിയ പല മതങ്ങളിലും ഉണ്ട്. അവനവന്ന് ഉള്ളില്‍ തട്ടാതെ പറയുന്ന വാക്കുകളായിരിക്കും അവ.

ജറൂസലേം സിന്‍ഡ്രോം:
ജറൂസലേം തീര്‍ത്ഥ യാത്ര കഴിഞ്ഞ് തിരിച്ചുവരുന്ന ചിലര്‍ക്കുണ്ടാവുന്ന ഒരു മാനസീകാവസ്ഥയാണിത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ച് വരുന്ന ഏതൊരു ഭക്തനും ഉണ്ടാവാന്‍ സാധ്യതയുള്ള ഒന്നാണിത്. ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയില്‍ ശബരിമല കയറി തിരിച്ചുവന്ന ശ്രീനിവാസനെപ്പോലെ. മുന്‍പ് യാതൊരു മാനസീക വൈകല്യങ്ങളും ഇവര്‍ക്കുണ്ടായിരിക്കയില്ല. മക്ക, റിഷികേശ്, റോം എന്നീ സ്ഥലങ്ങളില്‍നിന്ന് തിരിച്ചുവരുന്ന ചിലര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ കാണാം എന്ന് ചില മനോരോഗ വിദഗ്ദര്‍ പറയുന്നു.

സ്‌കീസൊഫ്രീനിയ ഒരു സങ്കീര്‍ണ്ണ മാനസീക പ്രശ്‌നമാണെന്ന് പലര്‍ക്കും അറിയാം. ഇവിടെ യാഥാര്‍ത്ഥ്യം മനസ്സിലാവുന്നില്ല. മിക്കവാറും മാനസീക പിരിമുറുക്കങ്ങള്‍ ഇത് വര്‍ദ്ധിപ്പിക്കുന്നു. ജനിതകവും പാരമ്പര്യവും കഴിഞ്ഞാല്‍ അതില്‍ പ്രധാനമായ ഒരു കാരണം മതപരമാകുന്നു. അതിനാല്‍ തന്നെ സ്‌കീസോഫ്രീനിയ കൂടുതലായും പിടികൂടുന്നത് കൂടുതല്‍ ദൈവ ഭക്തിയുള്ളവരെയാകുന്ന്‌നു. ഒരു ആരാധനാലയത്തില്‍ പോകുമ്പോള്‍ നമുക്ക് കാണം ദൈവസ്തുതിക്ക് ഒരു സമയം വെക്കുന്നു. ആ സമയം ഉച്ച ഭാഷിണികളില്‍കൂടെ ആവേശഭരിതമായ നിര്‍ദ്ദേശങ്ങളും ഭക്തി ഗാനങ്ങളും മറ്റും കേള്‍ക്കാം. ഇത്തരം സംഗതികള്‍ ഭക്തരെ ആവേശം കൊള്ളിക്കുന്നു. ഒരു സ്‌കീസോഫ്രീനിയ രോഗിയെ സംബന്ധിച്ചെടത്തോളം ഇതൊരു അപകടാവസ്ഥയാവാം. തോക്കിന്റെ കാഞ്ചി വലിക്കുന്നത് പോലെയുള്ള ഒരു ട്രിഗ്ഗറിങ്ങ് ഫാക്ടര്‍!!

മാസ്ലോവിന്റെ സിദ്ധാന്തം
അബ്രഹാം മാസ്ലൊ എന്ന മനശാസ്ര്തജ്ഞന്റെ സിദ്ധാന്തത്തില്‍ മനുഷ്യന്റെ പ്രധാനമായ ആവശ്യങ്ങള്‍ ഒരു പിരമിഡ് രൂപത്തില്‍ വിവരിക്കുന്നു. അതില്‍ ആദ്യത്തേത് വെള്ളം, വായു, ഭക്ഷണം, ഉറക്കം എന്നിവയാകുന്നു. ഈ പ്രാഥമീക ആവശ്യങ്ങള്‍ നിറവേറ്റിക്കഴിഞ്ഞാല്‍ രണ്ടാമത്തേത് സുരക്ഷിതത്വമാകുന്നു. ഈ സുരക്ഷിതത്വത്തിന്നു വേണ്ടിയാകുന്നു ദൈവത്തിന്റെ മുന്നില്‍ പലരും പ്രാര്‍ത്ഥിക്കുന്നത്. സ്‌നേഹം, പദവി എന്നിവയാണ്‍ പിരമിഡ് രൂപത്തിലുള്ള ഈ സിദ്ധാന്തത്തിന്റെ ഉയരങ്ങളിലേക്ക് പിന്നീട് വരുന്നത്.
അങ്ങിനെ പിരമിഡിന്റെ ഏറ്റവും ഉയരത്തിലെത്തിയാല്‍ വ്യക്തിത്വ പാരമ്യതയിലെത്തിയെന്ന ചാരിതാര്‍ത്ഥ്യം ലഭിയ്ക്കുന്നു. അങ്ങിനെയുള്ള നിലവാരത്തിലെത്തുവാന്‍ മനുഷ്യ്ന്‍ യത്‌നിക്കുന്നതിന്റെ ഒരു മാനസീക പൂരണമാകുന്നു ചില ഭക്തന്മാര്‍ക്കെങ്കിലും ആരാധനകൊണ്ട് ലഭിയ്ക്കുന്നത്. ‘കാശിവിശ്വനാഥ ക്ഷേത്രത്തിലെ വിശ്വനാഥന്റെ പ്രതിമ നിര്‍ജ്ജീവമായ ഒരു കരിങ്കല്‍ കൊണ്ടുണ്ടാക്കിയതാണെന്ന് ഒരു കൊച്ചു കുട്ടിക്ക്‌പോലും അറിയാം എന്നാല്‍, ഒരു ഭക്തനെ സംബന്ധിച്ചെടത്തോളം വിശന്നു വരുന്ന ഒരാള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുമ്പോലെയാകുന്നു അതിന്റെ മുന്നില്‍ വെച്ചുള്ള പ്രാര്‍ത്ഥന’ എന്ന് ഗാന്ധിജി പറഞ്ഞത് ഇവിടെ പ്രസക്തമാവുന്നു.

നമ്മുടെ ഭാരതം പോലെയുള്ള രാജ്യങ്ങളിലെ മനശാസ്ര്തത്തിന്ന് ഓറിയന്റല്‍ സൈക്കോളോജി എന്നു പറയുന്നു. ബ്രമ്മചര്യം, ഗ്ര്ഹസ്ഥം, വാനപ്രസ്തം, സന്യാസം എന്നീ ഭാരതീയ ചിന്താഗതിക്ക് മാസ്ലൊവിന്റെ സിദ്ധാന്തവുമായി ബന്ധമുണ്ട്. നിഷ്‌കാമ കര്‍മ്മം അഥവാ നിസ്സംഗതയോടെയുള്ള കര്‍മ്മം ചെയ്യല്‍ എന്നത് ഭാരതീയ മ:നശാസ്ര്തത്തിന്റെ മാസ്ലോ സിദ്ധാന്തവുമായി അകന്ന ബന്ധമുള്ള ഒന്നാകുന്നു.

പ്രൈമറി ഒബ്‌സെസ്ഷനല്‍ സ്ലോനെസ്സ് (Primary obsessional slowness)എന്ന ഒരു മാനസീക അവസ്ഥയുണ്ട്. ഈ അവസ്ഥയുള്ളവര്‍ മതാചാരങ്ങളെ മുറുകെ പിടിയ്ക്കുന്നു. ഇത് മറ്റ് ദിനചര്യകളെ സാവധാനത്തിലാക്കുന്നു. മത കാര്യങ്ങള്‍ പെര്‍ഫെക്റ്റ് ആവുക എന്നത് ഇവരുടെ ഒരാവശ്യമാകുന്നു. ജീവിത മാര്‍ഗ്ഗമായ സ്വന്തം ജോലിയില്‍ താല്‍പ്പര്യം കാണിച്ചില്ലെങ്കിലും അതിലും പ്രാധാനം മത കാര്യങ്ങളാണെന്നിവര്‍ വിശ്വസിക്കുന്നു. ഇങ്ങിനെ പൂജാമുറികളില്‍ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം ചെലവഴിക്കുന്ന പലരെയും കാണാം

ഭക്തി സമുദായത്തില്‍ സ്ഥാനത്തിന്നും പദവിക്കും വേണ്ടി:
പെര്‍സോണാ എന്നാല്‍ മും മൂടി എന്നര്‍ത്ഥം. പേര്‍സണാലിറ്റി എന്ന വാക്ക് ഇതില്‍നിന്നുണ്ടായതാകുന്നു. ഈ പെര്‍സോണ നമ്മള്‍ സാധാരണയായി പുറംലോകവുമായി ഇടപഴകുവാന്‍ ഉപയോഗിക്കുന്നു. പേര്‍സോണ മനോഹരമായി ധരിയ്ക്കുന്നവന്‍ നല്ല പേര്‍സനാലിറ്റി. ഇന്നത്തെ സമുദായത്തില്‍ ഏറ്റവും നല്ല പേര്‍സോണ ഭക്തിയുണ്ടെന്ന് കാണിക്കലാകുന്നു. പരേതനായ കെ കരുണാകരന്റെ ഗുരുവായൂര്‍ സന്ദര്‍ശനം പ്രസിദ്ധമാകുന്നു. ആ ദിവസം ഉള്ളുകൊണ്ട് ഭക്തന്മാരായവര്‍ക്ക് രക്ഷയില്ല്. അവര്‍ മാറിക്കൊടുക്കണം. ‘മേപ്പത്തൂരിന്റെ ഭക്തിയേക്കാള്‍ പൂന്താനത്തിന്റെ വിഭക്തിയാണെനിക്കിഷ്ടം” എന്നു പറഞ്ഞ ശ്രീക്രിഷ്ണന്‍ ആ ദിവസം അവിടെയില്ലെന്നുണ്ടോ?

പെര്‍സോണയുടെ ശക്തി
രംഗം ഒരു സര്‍ക്കസ്സ് കൂടാരം: തുടക്കത്തില്‍ ഒരു കുള്ളന്‍ കോമാളി വന്നു പറയുന്നു ‘കൂടാരത്തിന്ന് തീപ്പിടിച്ചു’ എന്ന്. കാണികള്‍ ആരും കാര്യമാക്കിയില്ല. പിന്നീടൊരു സാധാരണഉയരമുള്ളൊരു കോമാളി അതുതന്നെ ആവര്‍ത്തിക്കുന്നു. ആരും കാര്യമാക്കിയില്ല. പല കോമാളികള്‍ വീണ്ടും വന്നു പറഞ്ഞു. ഫലം അതുതന്നെ. അവസാനം ടൈ കെട്ടി ആഡംബര വേഷത്തിലുള്ള സര്‍ക്കസ്സ് മാനേജര്‍ വന്ന് അതുതന്നെ ഗൗരവ രീതിയില്‍ പറയുന്നു. അപ്പോള്‍ എല്ലാവരും കാര്യമാക്കുന്നു. അപ്പോഴേക്കും കൂടാരത്തിന്ന് തീപ്പിടിച്ചു രക്ഷപ്പെടാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു. വീട്ടില്‍ ഭിക്ഷ യാചിക്കാന്‍ വരുന്ന സന്യാസിക്കുള്ള അംഗീകാരവും ഗുരുവായൂരമ്പലത്തിന്നുള്ള അംഗീകാരവും തമ്മിലുള്ള വ്യത്യാസവും ഏതാണ്ടിതുപോലെയാകുന്നു. വലിയവര്‍ ആരാധിക്കുന്നത്‌കൊണ്ട് താനും ആരാധിക്കുന്നു എന്ന മനോഭാവത്തിന്റെ പിന്നിലുള്ള ചേതോവികാരമാകുന്നു. ജസ്റ്റീസ് വി ആര്‍ ക്ര്ഷ്ണയ്യര്‍ പുനര്‍ജ്ജന്മം ഉണ്ടെന്ന് പറഞ്ഞതിനെ അനുകൂലിച്ചവരിലും ‘ഗവര്‍ണ്ണര്‍ മാതാ അമ്ര്താനന്ദമയിയുട അടുത്ത് പോയതിലപ്പുറമുണ്ടോ നിങ്ങള്‍’ എന്ന് പറഞ്ഞവരുടെയും ചേതോവികാരം ഇതു തന്നെ. ചിന്താശക്തിയുള്ള ഒരു സാധാരണ മനുഷ്യന്‍ പറയുന്ന യുക്തിയോടുകൂടിയുള്ള ഒരു വാചകത്തിന്നോ പ്രവര്‍ത്തിക്കോ ഒരു മതപ്രാസംഗികന്റെ ദീര്‍ഘമായ പ്രസംഗത്തെക്കാള്‍ കഴമ്പുണ്ടായിരിക്കാം.

കുട്ടിക്കാലത്തുതന്നെ ശീലിച്ചതും അപ്രായോഗികവുമായ ചില ചിട്ടകളില്‍ ഉറച്ചു നില്‍ക്കല്‍. യുക്തിരഹിതമായി മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിക്കല്‍ എന്നിവ ഒബ്‌സസ്സീവ് കമ്പള്‍സീവ് പെര്‍സനാലിറ്റി ഡിസ് ഓര്‍ഡറിന്റെ പ്രത്യേകത കളാകുന്നു. സാമാന്യ ബുദ്ധിയില്ലാത്ത വ്രതാനുഷ്ടാനങ്ങള്‍ ഇതില്‍ പെടുന്നു

കെ എന്‍ ധര്‍മ്മപാലന്‍

Categories: Mental Health