ഡിസമ്പര്‍ 10, 2013

മാത്ര്ഭൂമി, ആക്ഷേപങ്ങളും അഭിപ്രായങ്ങളും

ടി മൊയ്തുമാസ്റ്റര്‍ പെരിമ്പലം ഡിസമ്പര്‍ പത്താം തീയ്യതി മാത്ര്ഭൂമിയിലെഴുതിയ ‘ലൈംഗികാരോപണ സംഭവങ്ങള്‍ ആലോചനയുടെ കുറവുമൂലം’ എന്നെഴുതിയ അഭിപ്രായം പരിപൂര്‍ണ്ണമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു. ‘അന്യരായ ഒരു പുരുഷനും ഒരു സ്ര്തീയും മാത്രം ഒരിടത്ത് ഒരുമിക്കാന്‍ ഇടവന്നാല്‍ മൂന്നാമനായ ദുഷ്പ്രവര്‍ത്തി ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്ന പിശാച് അവിടെ രംഗപ്രവേശനം ചെയ്യും’ എന്ന കാര്യം ശരിയാണെങ്കില്‍ പിശാചിന്ന് അതിനേ നേരമുണ്ടാവുകയുള്ളൂ. എത്ര ഓഫീസുകളിലും, സ്ഥാപനങ്ങളിലും പുരുഷനും സ്ര്തീയും മാത്രം മാന്യമായി ജോലിചെയ്യുന്നുണ്ട്? അബദ്ധജടിലമായ തത്വങ്ങള്‍ പ്രചരിപ്പിക്കാതിരിപ്പിക്കുക. അച്’ന്‍ മകളെ പീഢിപ്പിച്ച എത്ര സംഭവങ്ങള്‍ നാം ദിനം പ്രതി പത്രങ്ങളില്‍ വായിയ്ക്കുന്നു? ‘അന്യരായ ഒരു പുരുഷനും സ്ര്തീയും’ എന്ന് മൊയ്തുമാസ്റ്റര്‍ എഴുതിയതിന്ന് ഇവിടെയെന്താണ് പ്രസക്തി?. ഇതെല്ലാം ഒരു മാനസീക വൈകല്യമോ അക്രമ വാസനയോ, സംസ്‌കാരശൂന്യതയോ ആവാം. തത്വങ്ങള്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും ശരിയാവേണമെന്നില്ല. ഒരക്രമമോ കൊലപാതകമോ ചെയ്ത് ജയില്‍ശിക്ഷയോ തൂക്കുമരമോ ശിക്ഷയായി ലഭിച്ച ഒരാളെപ്പറ്റി ‘ജയില്‍ ശിക്ഷ ലഭിക്കേണമെന്ന് അയാളുടെ ജാതകത്തില്‍ എഴുതിയിട്ടുണ്ടെന്നോ അയാളുടെ വിധിയാണെന്നോ ചില വിശ്വാസികള്‍ പറയുന്നു. കുറ്റം ചെയ്ത ആള്‍ നിരപരാധിയാണെന്ന് പറയുന്നത്‌പോലെയാണിത്. തേജ്പാല്‍ സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചത് അയാളുടെ കുറ്റമല്ലേ?, ആ സ്ര്തീയുടെ വിധിയോ പിശാച് ചെയ്യിക്കുന്ന പ്രവര്‍ത്തിയോ ആണോ? എന്നാല്‍ എന്തുകൊണ്ട് ആ പിശാച് കുറ്റം ചെയ്ത ആളെ മാത്രം സ്വാധീനിക്കുന്നു? സ്ര്തീയെ സ്വാധീനിക്കുന്നില്ല? രണ്ടാളും സഹകരിച്ചുകൊണ്ട് ആരുമറിയാതെ ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നത് പിശാചിന്റെ സ്വാധീനം രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ?

മനുഷ്യന്റെ ദുഷ്പ്രവര്‍ത്തിക്ക് ഉത്തരവാദി അവന്‍ തന്നെയാകുന്നു. ഒഴികഴിവിന്ന് വേണ്ടി പിശാചിന്റെ പേരില്‍ പഴി ചാരിയിട്ട് കാര്യമില്ല. കൈക്കൂലിയും അഴിമതിയും, കളവും, കൊള്ളയുമെല്ലാം പിശാച് ചെയ്യിക്കുന്ന ദുഷ്പ്രവര്‍ത്തിയാണെങ്കില്‍ നിയമവും നിയമപാലനവും ആവശ്യമുണ്ടോ? അദ്ര്ശ്യവും സങ്കല്‍പ്പസ്ര്ഷ്ടിയുമായ പിശാചിനെ പഴിചാരാതെ മനുഷ്യന്‍ സ്വയം നന്നാവാന്‍ നോക്കുക. അതിന്നാവശ്യം സംസ്‌കാരമാകുന്നു.

എലിമെന്ററി സ്‌കൂളുകളില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനുള്ള എളുപ്പത്തിന്ന് വേണ്ടി അദ്ധ്യാപിക-അദ്ധ്യാപകന്മാരും വീട്ടില്‍ മറ്റ് മുതിര്‍ന്നവരും പിശാചിന്റെ കഥ പറഞ്ഞുകൊടുക്കാറുണ്ട്. ആയൊരു പ്രായത്തില്‍ അതാവശ്യമായിരിക്കാം പഞ്ചതന്ത്ര കഥകള്‍ പോലെ. അതിലെ കഥാപാത്രങ്ങളായ മൂഷികനും മര്‍ക്കടനും പേനും, കുളക്കോഴിയും, കുരങ്ങനും, മുട്ടനാടും, കുറുക്കനും എല്ലാം സങ്കല്‍പ്പ കഥാപാത്രങ്ങളാകുന്നു എന്ന് വളര്‍ന്നു വരുന്ന മനുഷ്യന്‍ മനസ്സിലാക്കുന്നു, മനസ്സിലാക്കിയേ പറ്റൂ അല്ലെങ്കില്‍ മനസ്സ് ശിശുവായിത്തന്നെയിരിക്കും.

Categories: Irrational