ഡിസമ്പര്‍ 1, 2016
മെട്രോ മനോരമ

1.12.16 ലെ മെട്രോ മനോരമയില്‍ എഴുതിയ അഞ്ച് നേട്ടങ്ങളും അഞ്ച് നഷ്ടങ്ങളുംഎന്നതില്‍ അല്പം തിരുത്തല്‍ വേണമെന്നാണ് കോഴിക്കോട്ജനിച്ച് വളര്‍ന്ന എഴുപത്തിരണ്ട്കാരനായ എനിക്ക് തോന്നുന്നത്. മാനവേദന്‍ചിറ മാനാഞ്ചിറ ആയതിന്നുശേഷം കോഴിക്കോട്ടുകാര്‍അതാസദിച്ചു ജീവിച്ച ഒരു കാലമുണ്ടായിരുന്നു. അതായിരുന്നു എന്റെ കുട്ടിക്കാലം. മാനാഞ്ചിറയുടെയും അന്നത്തെ ടാഗോര്‍ പാര്‍ക്കിന്റെയും ഇടയില്‍ ഒരു റോഡുണ്ടായിരുന്നു. റോഡ് നശിപ്പിച്ചു, അത് പാര്‍ക്കിലേക്ക് ചേര്‍ത്തു അങ്ങിനെയായിരുന്നു മെട്രോ മനോരമയില്‍ പറഞ്ഞ 1994 നവമ്പര്‍ 10 ലെ മുഖ്യമന്ത്രിയുടെ ഉല്‍ഘാടനം.ഇന്ന് മാനാഞ്ചിറ സ്‌ക്വയറിനെയും മാറ്റം വരുത്തിയ ഉദ്യോഗസ്ഥരെയും വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങള്‍ക്കറിയില്ല 72 കൊല്ലം ഈ നഗരത്തോടലിഞ്ഞു ചേര്‍ന്ന എന്നെപ്പോലെയുള്ളവരുടെ വികാരങ്ങള്‍!!
സി എസ് ഐ പള്ളി കഴിഞ്ഞ് തെക്കോട്ടേക്ക് നീങ്ങിയാല്‍ അന്നത്തെ റോഡ് രണ്ടായി വിഭജിക്കപ്പെട്ട് ഒന്ന് മിഠായി തെരുവിന്റെ ഭാഗത്തേക്കും മറ്റേത് ഇന്നുള്ള മുതലക്കുളം ഭാഗത്തേക്കുള്ളതുമായി പിരിയുന്നു. എന്നാല്‍ ആദ്യം പറഞ്ഞ മിഠായി തെരുവിലേക്കുള്ള റോഡിന്റെ പടിഞ്ഞാറുഭാഗം മാനാഞ്ചിറയും അതിനോട് ചേര്‍ന്നുള്ള ബെഞ്ചുകളിട്ട ഫുട്പാത്തും ആയിരുന്നു. ആ ബെഞ്ചുകള്‍ മുതിര്‍ന്ന പൗരന്മാരുടെ വിശ്രമസ്ഥലമായിരുന്നു. അവിടെയിരുന്നാല്‍ ടാഗോര്‍ പാര്‍ക്കിന്റെ ദൃശ്യവും. ഇന്ന് ബി ഇ എം സ്‌കൂള്‍ മുതല്‍ പോലീസ് ഓഫീസ് വരെയുള്ള തിരക്കിന്റെ ഒരു പ്രധാന കാരണവും അത്തരം ഒരു റോഡ് നശിപ്പിച്ചതായിരുന്നു.ഇല്ലാതാക്കിയ റോഡീല്‍ കൂടി വൈകുന്നേരങ്ങളില്‍ മിഠായിത്തെരുവിലേക്കുള്ള നടത്തം തികച്ചും ഒരാസ്വാദനമായിരുന്നു. അന്ന് ഫുട്ട്പാത്തിലെ ബെഞ്ചില്‍ വൈകുന്നേരങ്ങളീല്‍ വിശ്രമിച്ചിരുന്ന മുതിര്‍ന്നപൗരരെ അധികൃതര്‍; തുരത്തിയത് പോലെയാണുണ്ടായത്. കോഴിക്കോട് നഗരം കാണാന്‍ പുറമെനിന്ന് വരുന്നവര്‍ മാത്രമാണ് ഇന്ന് പാര്‍ക്ക് ഉപയോഗിക്കുന്നത്. ഈ പുരോഗതിയുടെ ഭാഗമായി അധികൃതര്‍ ഒരു കഷ്ണം റോഡുകൂടി ഇല്ലാതാക്കി; മൈതാനത്തിന്റെയും പാര്‍ക്കിന്റെയും ഇടയില്‍ ഉണ്ടായിരുന്നത്. അന്ന് ഒരു കോടിയോളം രൂപ ചെലവാക്കിയ കാര്യം പ്രത്യക്ഷത്തില്‍ ആദ്യമായി കോഴിക്കോട്ട് വരുന്ന ഒരാളെസംബന്ധിച്ച് മാത്രം മതിപ്പ് തോന്നുന്ന ഒരു കാര്യം മാത്രമാകുന്നു. എന്നാല്‍ കോഴിക്കോട്ട് ജനിച്ചു വളര്‍ന്ന എന്നെപ്പോലെയുള്ള ഒരാള്‍ക്ക് ഹജൂര്‍ കച്ചേരി, കോംട്രസ്റ്റ്, എന്നിവ പോലെതന്നെയുള്ള ഒരു നഷ്ടമാകുന്നു പഴയ ആറോഡ്. ലണ്ടനില്‍ ഞാന്‍ കണ്ടിട്ടുണ്ട് ഇടിച്ചു പൊളിക്കാതെ പൊന്നുപോലെ സൂക്ഷിക്കുന്ന പുരാതന കെട്ടിടങ്ങള്‍. നമുക്ക് നശീകരണ വാസനയാണ് കൂടുതലും എന്ന് തോന്നുന്നു.. പേര് പരിഷ്‌കാരത്തിന്റെ ഭാഗമെന്നും!! ഇന്നത്തെ നേതാക്കള്‍ രാജ്യത്തെ ഡിജിറ്റല്‍ ആക്കാന്‍ ശ്രമിക്കുന്നതും ഇത്തരം ഒരു സ്വഭാവത്തിന്റെ ഭാഗം തന്നെ.

കെ എന്‍ ധര്‍മ്മപാലന്‍