ദുര്യോധനന്ന് ഒരമ്പലം.
തമോഗുണപ്രധാനനായ ദുര്യോധനന്റെ അമ്പലം കൊല്ലം ജില്ലയിലെ കുന്തനൂരിലെ പൊരുവാഴി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു. തെക്കെ ഇന്ത്യയിലെ ഒരേയൊരു ദുര്യോധന അമ്പലമാണിത്. ഉയര്‍ന്ന ആല്‍ത്തറ എന്ന മണ്ഢപവും ആല്‍ത്തറയും മാത്രമാകുന്നു അവിടെ കാണാന്‍ കഴിയുന്നത്. ദുര്യോധനന്‍ വേഷപ്രച്’ന്നരായിക്കഴിയുന്ന പാണ്ഡവരെ അനേഷിച്ചു നടക്കുന്നതിന്നിടയില്‍ ക്ഷീണിച്ച് പരവശനായി വെള്ളം കുടിക്കാന്‍ കയറിയ വീട്ടില്‍നിന്ന് വെള്ളം കുടിച്ചശേഷം ആ വീട്ടുകാര്‍ താണജാതിക്കാരായ കുറവരാണേന്ന് വീട്ടമ്മ ധരിച്ച മാലയില്‍നിന്ന് മനസ്സിലാക്കുന്നു. അന്നത്തെ നാട്ടുനടപ്പനുസരിച്ച് വെള്ളം ചോദിച്ചപ്പോള്‍ കള്ള് ലഭിക്കുന്ന ദുര്യോധനന്‍ അതാസ്വദിച്ച് കുടിയ്ക്കുന്നു. തൊട്ടുകൂടാത്തവരില്‍നിന്ന് പാനീയം വാങ്ങിക്കുടിക്കേണ്ടി വന്ന ദുര്യോധനന്‍; മനസ്സില്‍ സ്വയം സമാധാനിപ്പിച്ച് ആശ്വാസം കണ്ടെത്തിയ ദുര്യോധനന്‍; തൊട്ടടുത്ത മലയില്‍ പോയി തന്റെ പ്രജകള്‍ക്ക് ക്ഷേമം വരാന്‍ ശിവനെ തപസ്സു ചെയ്യുന്നു. പിന്നീട് അവിടെ നൂറുകണക്കിന്ന് ഏക്കര്‍ പ്രജകള്‍ക്ക് നല്‍കുന്നു. ഇപ്പോഴും ദുര്യോധനന്റെ പേരില്‍ നികുതി അടയ്ക്കുന്നുണ്ട്.
മലക്കുട ഉത്സവം എന്ന് പറയുന്ന ആഘോഷം വര്‍ഷംതോറും മീനമാസത്തില്‍ നടത്തുന്നു. മീനമാസത്തില്‍ നടത്തുന്ന ഈ ആഘോഷം വയലുകളില്‍ വിത്തിടുന്നതിന്ന് മുന്‍പ് നടത്തുന്നു. ക്ഷേത്രഭാരവാഹികളായ ഊരാളന്മാര്‍ പരിചാരകരോടുകൂടി അടുത്തുള്ള ഭഗവതിക്ഷേത്രത്തില്‍ പോയി ഭഗവതിയെ ക്ഷണിച്ചു കൊണ്ടുവന്ന് ഭഗവതിക്കായി നീക്കിവെച്ച ഇരിപ്പിടത്തില്‍ ഇരുത്തിക്കുന്നു.
മലനട അല്ലെങ്കില്‍ പെരുവിരുത്തി മലനട എന്നാണ് ഈ പ്രദേശത്തെ അറിയപ്പെടുന്നത്. ശാസ്താംകോട്ടയില്‍നിന്നും അടൂരില്‍നിന്നും ഒരേ ദൂരമാണിതിന്ന്. കായംകുളത്തുനിന്നും കരുനാഗപ്പള്ളിയില്‍ നിന്നും ദേശീയപാത വഴി ഇവിടെ എത്താം. കുന്നിന്ന് താഴെ തെക്കും പടിഞ്ഞാറും നെല്‍പ്പാടങ്ങള്‍ കാണാം. മറ്റുഭാഗങ്ങളിലും ക്ര്ഷിഭൂമികളാകുന്നു. ദുര്യോധനന്‍ ഒരു സങ്കല്‍പ്പ മൂര്‍ത്തിയാണിവിടെ. തമോഗുണപ്രധാനനായ ഒരു മൂര്‍ത്തി!! അവിടെയുള്ള ജനങ്ങള്‍ക്ക് അത്ഭുതസിദ്ധികളുണ്ടെന്ന് ദുര്യോധനന്‍ വിശ്വസിച്ചു/മനസ്സിലാക്കി. അമ്മ ഗാന്ധാരി, സഹോദരി ദുശ്ശള, കര്‍ണ്ണന്‍, ദ്രോണര്‍ എന്നിവരെ പരിസരങ്ങളില്‍ താമസിപ്പിച്ച് കുറവരെക്കൊണ്ട് പൂജ നടത്തിപ്പിച്ചു. പരിസരത്തെ ഏഴു കരകളിലുള്ളവര്‍ ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്നു. കുറവര്‍ക്ക് ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. ഉത്സവസമയത്ത് ഊരാളിമാര്‍ ഭഗവതിയെ മറ്റൊരു ഭഗവതിയമ്പലത്തില്‍നിന്ന് ആനയിച്ച് ഇരിപ്പിടത്തില്‍ ഇരുത്തിക്കഴിഞ്ഞാല്‍ ഊരാളന്മാര്‍ വസ്ര്തം മാറാന്‍ പോകുന്നു. മഹാമലക്കുട മഹോത്സവം എന്ന ഈ ഉത്സവത്തിന്റെ ഏറ്റവും വര്‍ണ്ണശബളമായ ഭാഗം കെട്ടുകാഴ്ച്ച എന്നതാകുന്നു. എടുപ്പുകാള, എടുപ്പുകുതിര എന്നീ രണ്ട് ഭാഗങ്ങളുണ്ട് ഇതിന്ന്. ഇത് മേല്‍പ്പറഞ്ഞ ഏഴ് കരകളുടെ അവകാശമാകുന്നു. രാത്രി ഇവിടെ കഥകളിയും നിഴല്‍കുത്തും ഉണ്ടായിരിക്കും.
മഹാവിഷ്ണുവിന്ന് അസുര ദോഷം:
സ്ബ്രമണ്യന്‍ വഴി ഇതു മനസ്സിലായി. വേലന്‍ വേണം കര്‍മ്മം ചെയ്യാന്‍. ലോകത്തിലെവിടെയും അവരെ കണ്ടില്ല. അവസാനം എല്ലാമറിയുന്ന പരമേശ്വരന്‍ വേലനായി പ്രത്യക്ഷപ്പെട്ടു. പാര്‍വ്വതി വേലത്തിയായും. ഗണപതിയും സുബ്രമണ്യനും ഭൂതങ്ങളായും. അവര്‍ വന്നു പള്ളിപ്പന എന്ന മഹാകര്‍മ്മം ചെയ്തു മഹാവിഷ്ണുവിനെ ദോഷത്തില്‍നിന്നൊഴിവാക്കി. പള്ളിപ്പന എന്ന ഈ കര്‍മ്മം മനുഷ്യരാശിയില്‍ ആദ്യത്തെ സംഭവമായിരുന്നു എന്ന് പറയപ്പെടുന്നു. ദുഷ്ടശക്തികളെ അകറ്റുവാനുള്ള കര്‍മ്മമാകുന്നു പള്ളിപ്പന. മലനടയില്‍ ഇത് പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ ആചരിക്കപ്പെടുന്നു. അങ്ങിനെ ഇത് ഏഴുകരകളിലുള്ളവരെയും ദുഷ്ടപ്രവര്‍ത്തികളില്‍നിന്ന് ഒഴിവാക്കുവാന്‍ സഹായിക്കുന്നു. ഈ കര്‍മ്മം 11 ദിവസത്തെ ആചാരങ്ങളാകുന്നു.
വിവരങ്ങള്‍ ശേരിച്ചത്: കെ എന്‍ ധര്‍മ്മപാലന്‍
*****