ഒക്ടോബര്‍ 26, 2017
പത്രാധിപര്‍, മാതൃഭൂമി നഗരം.
മിഠായിത്തെരുവില്‍ 4 വയസ്സ്മുതല്‍ നടന്ന് ശീലമുള്ള ഒരെഴുപത്തിമൂന്ന്കാരനാകുന്നു ഞാന്‍. നമ്മുടെ കോഴിക്കോടിന്റെ രൂപം മാറ്റിമറിക്കുന്നത് കോഴിക്കോട്ടുകാരല്ലാത്തവരാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പഴയ ഒരു കലക്ടര്‍ അമിതാഭ്കാന്ത്; വികസനത്തിന്റെ പേരില്‍ സംവത്സരങ്ങളോളം നിലനിന്ന ടാഗോര്‍പാര്‍ക്ക് ഇല്ലാതാക്കി. അങ്ങിനെ മാനാഞ്ചിറയുടെയും ടാഗോര്‍പാര്‍ക്കിന്റെയും ഇടയില്‍ക്കൂടിയുള്ള റോഡ് നശിപ്പിച്ചു, ബി ഇ എം റോഡിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചു. അതുപോലെത്തന്നെയാണ് പരിഷ്‌കാരത്തിന്റെയും സൗകര്യത്തിന്റെയും താരതമ്യം ചെയ്യാന്‍ പറ്റാത്ത വിദേശസൗകര്യങ്ങളുടെ പേരു പറഞ്ഞ് മിഠായിത്തെരുവില്‍ മാറ്റം വരുത്തുന്നത്. ഇന്ന് ആ തെരുവിനെ കൊല്ലാതെകൊല്ലുന്നു. ആര്‍ക്കൊക്കെ എന്തൊക്കെ സാമ്പത്തീക നേട്ടങ്ങളാണ് ഇത്‌കൊണ്ട് ഉണ്ടാവുന്നതെന്ന് ചുഴിഞ്ഞും ചൂഴ്ന്നും നോക്കിയാല്‍ മനസ്സിലാവുമായിരിക്കാം. ഇന്നത്തെ (26)പത്രത്തില്‍ എഴുതിയ കെ സേതുമാധവന്‍ പറഞ്ഞിരിക്കുന്നത് ‘വാഹനങ്ങള്‍ കടത്തിവിടാമെന്ന് കലക്ടര്‍ സമ്മതിച്ച കാര്യമാണെന്നാണ്’ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍, ചര്‍ച്ചയില്‍ വാഗ്ദത്തം ചെയ്ത കാര്യങ്ങള്‍ പ്രായാഗികതയില്‍ വരുമ്പോള്‍ കാറ്റില്‍ പറത്തുന്നതിന്റെ ഉദാഹരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഇന്നൊരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുകയാണ്. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് നസിറുദ്ദീന്‍ ‘മരണംവരെ നിരാഹാരസമരം’ ചെയ്യും എന്ന് ഉള്ളില്‍ത്തട്ടിപ്പറഞ്ഞതാണ്. കാരണം ഒരു വ്യാപാരിയെസംബന്ധിച്ചെടത്തോളം അതങ്ങിനെയാണ്. മിഠായിത്തെരുവിന്റെ ഒത്ത നടുവില്‍ക്കൂടി ഇലക്ട്രിക്ക് തൂണൂകള്‍ കുഴിച്ചിട്ടത് ‘ഒരുകാലത്തും ഗുണം പിടിയ്ക്കരുത്’ എന്ന് ശപിച്ചത്‌പോലെയായിപ്പോയി. ഈ പോസ്റ്റുകള്‍ സാധാരണ വൈദ്യൂതിക്കാലുകള്‍ സ്ഥാപിയ്ക്കുന്നത്‌പോലെ ഒരുവശത്താക്കിയാല്‍ എന്തായിരുന്നു പ്രശ്‌നം? അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍, മരാമത്ത്പണി ചെയ്യുന്നതിന്റെ ഇടയില്‍ക്കൂടിത്തന്നെ നിയന്ത്രണവിധേയമായ ഭാഗികഗതാഗതം സാദ്ധ്യമാകുകയും കച്ചവടക്കാരുടെ വയറ്റത്തടിക്കാതെ കാര്യങ്ങള്‍ സാധിക്കുയും ചെയ്യാമായിരുന്നു. മിഠായിത്തെരുവില്‍ക്കൂടി പ്രവേശനമുള്ള കോയന്‍കോ ബസാറില്‍ അവിടേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുള്ള ഒരു കച്ചവടകേന്ദ്രമായിരുന്നു. വിദഗ്ദ്ധരായ തയ്യല്‍ക്കാരെ ആശ്രയിക്കുന്നവര്‍, ടെലിഫോണ്‍, ഇലക്ട്രോണിക്ക് വസ്ഥുക്കള്‍ വേണ്ടുന്നവര്‍ എന്നിവര്‍ക്കെല്ലാം ഒരു സഹായമായിരുന്നു. പൊതുവെ പറഞ്ഞാല്‍ കച്ചവടക്കാരെ മാത്രമല്ല, പൊതുജനങ്ങളെക്കൂടിയാണ് ബുദ്ധിമുട്ടിച്ചിരിയ്ക്കുന്നത്. കോഴിക്കോട്ടെ തീരുമാനങ്ങള്‍ നമ്മുടെ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍പോലെ ജനങ്ങളുടെ സൗകര്യത്തിന്നുവേണ്ടിയായില്ല. സൗമ്യരും, ശാന്തരും, അതിഥിസല്‍ക്കാരപ്രിയരുമായ കോഴിക്കോട്ടുകാരെ ഒരുകാലത്ത് വാസ്‌കോഡഗാമയെപ്പോലെയുള്ള പറങ്കികള്‍ ചൂഷണം ചെയ്‌തെങ്കില്‍ ഇന്ന് കോഴിക്കോടിന്റെ ചരിത്രമറിയാത്ത കോഴിക്കോട്ടുകാരല്ലാത്തവര്‍ ചൂഷണം ചെയ്യുന്നു. അടുത്തദിവസം അന്തരിച്ച എന്റെ സഹപാഠി ഐ വി ശശി പറഞ്ഞപോലെ കോഴിക്കോട് എന്നും ഒരു ലഹരിനഗരമാണ്. ആലഹരി ഇവിടെ വരുന്നവര്‍ ആസ്വദിയ്ക്കുന്നു. ആ ആസ്വാദനത്തിന്റെ ഒരു പ്രധാനഭാഗമായിരുന്നു മിഠായിത്തെരുവ്, അതിന്റെ രൂപം, ഭാവം, താളം, ശബ്ദം. ഇതൊക്കെ മാറുമ്പോള്‍ പൈതൃകം എന്ന വാക്കിന് പ്രസക്തിയുമില്ല.
24 മാര്‍ച്ചിലെ നഗരം പതിപ്പില്‍ ‘സ്വപ്നത്തിലെ കോഴിക്കോട്’ എന്ന തലവാചകത്തില്‍ ശ്രീ വൈശാ് വര്‍മ്മ തയ്യാറാക്കിയ; മെട്രോമേന്‍ ആയ ഇ ശ്രീധരന്‍ കാലിക്കറ്റ് മാനേജ്‌മെന്റ് അസൊസിയേഷനില്‍ താജ് ഗെയിറ്റ്‌വെ ഹോട്ടലില്‍ വെച്ചു ചെയ്ത പ്രസംഗം കേള്‍ക്കുവാനുള്ള അവസരം ഉണ്ടായ ശ്രോതാക്കളില്‍ ഒരാളായിരുന്നു ഞാന്‍. ഇത്തരം കഴമ്പുള്ള പ്രസംഗം കോഴിക്കോട്ട്കാര്‍ക്കെല്ലാം വായിക്കുവാനുള്ള രീതിയില്‍ അവതരിപ്പിച്ച ലേകന്ന് അഭിനന്ദനങ്ങള്‍. ഒരു ചെറിയ കഷ്ണം കടലാസ്സില്‍ ഓരോ കാര്യങ്ങളുടെ തലവാചകങ്ങളും കുറിച്ച്‌കൊണ്ടുവന്ന അദ്ദേഹത്തിന്റെ അവതരണ രീതിയില്‍പോലും പ്രവര്‍ത്തിപരിചയത്തിന്റെ ആധികാരികമായ ഒരു ശൈലിയുണ്ടായിരുന്നു. പ്രേക്ഷകര്‍ സശ്രദ്ധം ശ്രവിച്ചിരുന്ന ആ പ്രൗഢഗംഭീരമായ നിമിഷങ്ങള്‍ ഇപ്പോഴും മനസ്സില്‍ കാണുന്നു. ജപ്പാന്‍ കുടിവെള്ളപദ്ധതി വെള്ളത്തിലാക്കിയ കേരളാ വാട്ടര്‍ അതോറിട്ടിയുടെ കെടുകാര്യസ്ഥത പറയാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും അതിന്ന് ഒരിക്കല്‍കൂടി അടിവരയിട്ടു. ‘എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല’ എന്ന മനസ്ഥിതിയുള്ള നമ്മുടെ ഇത്തരം സര്‍ക്കാര്‍ വകുപ്പുകളെപ്പറ്റി ആര്‍ക്കും വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന പൊതുജനങ്ങള്‍ക്കറിയാം. തദ്ദേശ ഭരണ സംവിധാനങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞതില്‍ എണ്‍പത് ശതമാനം ശമ്പളം നല്‍കുന്നതിന്നും ബാക്കിയുള്ളത് അനുബന്ധപ്രവര്‍ത്തികള്‍ക്കും വേണ്ടി ചെലവഴിക്കപ്പെടുന്നു എന്നതിനാല്‍ നീക്കി വെക്കാന്‍ ഒന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ ഭാരതത്തിലെ എല്ലാ ഭരണകൂടങ്ങളുടെയും സ്ഥിതി കിട്ടുന്ന പണത്തിന്റെ പ്രധാന ഭാഗവും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ തന്നെയല്ലേ ഉപയോഗിക്കുന്നത് എന്ന് ചോദിക്കാന്‍ തോന്നിപ്പോയി. സര്‍ക്കാര്‍ ജീവനക്കാരെ പ്രീണിപ്പിക്കാന്‍ മാത്രമേ സര്‍ക്കാറുകള്‍ക്ക് താല്‍പ്പര്യമുള്ളൂ. പൊതുജനങ്ങള്‍ അവര്‍ക്ക് പുല്ലാണ
കെ എന്‍ ധര്‍മ്മപാലന്‍.