Published in Pradeepam Magazine
സന്തോഷത്തിന്റെ മാനങ്ങള്‍
നിഷ്‌കളങ്കരായ പിഞ്ചു കുഞ്ഞുങ്ങള്‍ ആളെ കാണുമ്പോള്‍തന്നെ കാരണമില്ലാതെ ചിരിക്കുന്നു. വളര്‍ന്ന് കൊണ്ടിരിക്കുന്തോറും അത് കുറഞ്ഞു കുറഞ്ഞുവരുന്നു. അതിനുള്ള കാരണക്കാര്‍ വലിയവര്‍ തന്നെ. സമ്മര്‍ദ്ദം അടിച്ചേല്പിക്കുന്നു. മന:ശാസ്ത്രപിതാവായ സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തപ്രകാരം ചെറിയപ്രായത്തിലുള്ള ടോയ്‌ലറ്റ് ട്രെയിനിങ്ങ് പോലും സമ്മര്‍ദ്ദമുണ്ടാക്കുന്നു. നേര്‍സറി സ്‌കൂളില്‍ പോകുമ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട ഉടുപ്പിടാന്‍ സമ്മതിക്കാതെ രക്ഷിതാക്കള്‍ക്കിഷ്ടപ്പെട്ട കുപ്പായം ധരിപ്പിച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു. പിന്നീടങ്ങോട്ട് ഹോം വര്‍ക്ക് എന്ന ശിക്ഷയായി. അടിച്ചും ദേഷ്യപ്പെട്ടും സമ്മര്‍ദ്ദവും വേദനയും ഉണ്ടാക്കുന്നു. ഒരു കുട്ടിയെ കാരണമില്ലാതെ ചീത്ത പറയുമ്പോഴും അടിക്കുമ്പോഴും ആലോചിച്ചിട്ടുണ്ടോ ആ കുഞ്ഞ് മലര്‍ന്ന് കിടന്ന് കാലും കയ്യും കുടഞ്ഞുകൊണ്ട് ചിരിക്കുന്നതും ആയ ഒരു കാലം അവന്ന്/അവള്‍ക്ക് ഉണ്ടായിരുന്നു എന്ന്? അവന്ന്/അവള്‍ക്ക് അതിനുള്ള പ്രോത്സാഹനം നല്‍കിയതുമായ ഭൂതകാലം !! എന്നാല്‍ ഇന്ന് നിസ്സാര കാരണങ്ങള്‍ക്ക് ശകാരിച്ചും ശിക്ഷിച്ചും വേദനിപ്പിച്ചും അവരുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ദു:ഖം പ്രകടിപ്പിക്കാനുള്ള കരച്ചില്‍ എന്ന പ്രകടനത്തിന്ന് പോലും സമ്മതിക്കാതെ ചില രക്ഷിതാക്കള്‍ മിണ്ടിപ്പോവരുത് എന്ന താക്കീതും നല്‍കുന്നു. എന്റെ അടുത്ത വീട്ടില്‍ നിന്ന് സ്ഥിരം കേള്‍ക്കാറുള്ള ഈ കരച്ചിലിനെപ്പറ്റിയും താക്കീതിനെപ്പറ്റിയും രക്ഷിതാക്കളോട അന്വേഷിച്ചപ്പോള്‍ ”വേറുതെ ശാഠ്യം പിടിക്കുകയാണെന്നായിരുന്നു” ഉത്തരം. ഈ ‘വെറുതെ’ എന്ന വാക്ക് പല രക്ഷിതാക്കളുടെയും ഒളിച്ചോടലിന്റെ വാക്കുകളാകുന്നു. അതും കുട്ടികളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാന്‍ സാധിയ്ക്കാത്തവര്‍ക്ക്. അവര്‍ കുട്ടികളെ കുറ്റം പറയുന്നു. വലിയവര്‍ അവരുടെ ദേഷ്യം കുറയ്ക്കാനുള്ള ഉപാധികള്‍ കണ്ടെത്തുകയാണിവിടെ ആവശ്യം. നമ്മുടെ നാട്ടില്‍ കുടുമ്പാസൂത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാത്ത വിദ്യാഭ്യാസം കുറഞ്ഞതും സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നതുമായ ദമ്പതികളില്‍ ഈയൊരു സ്ഥിതിവിശേഷം വളരെ പ്രകടമാകുന്നു
വളര്‍ന്നു വരുന്ന മനുഷ്യന്‍ ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാതിരുന്നാല്‍ നിരാശ വരുന്നു. അത് സമ്മര്‍ദ്ദത്തിലേക്കുള്ള മാര്‍ഗ്ഗമാണ്. സ്വയം കൈകാര്യം ചെയ്യാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവാത്ത ആരും തന്നെയില്ല. അത്തരം സാഹചര്യങ്ങളിലാണ് ഒരാള്‍ക്ക് കൗണ്‍സലിങ്ങിന്റെ ആവശ്യം വരുന്നത്.വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെയും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മനുഷ്യന്റെയും സമ്മര്‍ദ്ദകാരണങ്ങളും സമ്മര്‍ദ്ദ രീതിയും തമ്മില്‍ വ്യത്യാസമുണ്ട്. സങ്കടം, വിഷാദം, ആകാംക്ഷ എന്നിവ പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്ഥമാകുന്നു. ഉദാഹരണമായി സങ്കടം വന്ന കുട്ടി കരച്ചില്‍ വഴി ദേഷ്യം പ്രകടിപ്പിക്കുന്ന സ്ഥാനത്ത് വലിയ ആളാണെങ്കില്‍ പലപ്പോഴും ആരോടും മിണ്ടാതെ അധോമുഖിയായി ഇരിയ്ക്കുന്നു. അല്ലെങ്കില്‍ തൊട്ടതിനെല്ലാം കുറ്റം കാണുന്നു, ദേഷ്യം പ്രകടിപ്പിക്കുന്നു.
വിഷാദത്തിന്റെ കാരണങ്ങള്‍
വിശ്വാസക്കുറവ്, ആശയ വിനിമയത്തിലുള്ള വീഴ്ച്ചകള്‍, ബഹുമാനിക്കുന്നതിലെ തകരാറുകള്‍, പണസംബന്ധമായ ബുദ്ധിമുട്ടുകള്‍, കുട്ടികളെ വളര്‍ത്തുന്നതിലെ അപാകതകള്‍, ചാരിത്രപരമായ സംശയങ്ങള്‍ എന്നിവ പല കാരണങ്ങളില്‍ ചിലവ മാത്രം
വിഷാദവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ യോഗ:
യോഗ എപ്പോഴെങ്കിലും പരീക്ഷിച്ചിട്ടുള്ളവര്‍ക്കറിയാം മനസീക സമ്മര്‍ദ്ദം കുറയ്ക്കാന്‍ അത് സഹായിക്കുന്നു എന്ന്. അമേരിക്കയില്‍ നിരവധി പരീക്ഷണങ്ങള്‍ യോഗയില്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവിടെ അമേരിക്കന്‍ യോഗാ അസ്സോസിയേഷന്‍ എന്ന ഒരു സംഘടനതന്നെയുണ്ട്. അവര്‍ പറയുന്നു ‘വിഷാദ ചികിത്സയില്‍ അല്ലെങ്കില്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ചികിത്സാ രീതികളില്‍ യോഗയെ പ്രധാന ചികിത്സയുടെ ഒരു ഭാഗമായി, ഒരു സഹായിയായി , ഉപയോഗപ്പെടുത്താം എന്ന്. എന്നാല്‍ യോഗ ഒരു രോഗത്തിന്റെയും പരിപൂര്‍ണ്ണ ചികിത്സാ രീതിയല്ല. മറ്റ് ചികിത്സകളോടൊപ്പം എട്ടാഴ്ച്ചത്തെ യോഗ ചികിത്സയുടെ സഹായത്താല്‍ മനസ്സിന്റെ പിരിമുറുക്കം കാര്യമായി കുറയ്ക്കാന്‍ സാധിച്ചു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാനസീക സന്തോഷത്തിന്റെ കാരണങ്ങള്‍ പലതാണ് അതില്‍ ജനിതകം, പരിതസ്ഥിതികള്‍, അല്ലെങ്കില്‍ സ്വന്തമായി സ്വരൂപിച്ച് കൂട്ടുന്ന വിചാര വികാരങ്ങള്‍ എന്നിവയാണ്.
2500 കൊല്ലങ്ങള്‍ക്ക് മുന്‍പ് ചൈന, ഇന്ത്യ ഗ്രീസ് എന്നീ രാജ്യങ്ങളിലായിരുന്നു മാനസീക സന്തോഷത്തിനുള്ള അന്വേഷണം ആരംഭിച്ചത്. കണ്‍ഫ്യുഷിയസ്, ബുദ്ധന്‍, സോക്രട്ടീസ്, അരിസ്റ്റോട്ടില്‍ എന്നിവര്‍ അതില്‍ പ്രധാന പങ്കു വഹിച്ചു.ഇവരുടെ ചിന്തകള്‍ തമ്മില്‍ നല്ല സാദൃശ്യമുണ്ടായിരുന്നു. അവരുടെ ഉള്‍ക്കാഴ്ച്ച ഏതാണ്ട് ഒരുപോലെയായിരുന്നു. ആധുനിക യുഗത്തില്‍ അബ്രഹാം മാസ്ലോ എന്ന മന:ശാസ്ത്രജ്ഞന്‍ മനുഷ്യന്റെ പരമമായ സന്തോഷത്തിലേക്കുള്ള ലക്ഷ്യത്തെപ്പറ്റി പടിപടിയായ ഒരു ചിത്രം നല്‍കി. ഈ ശ്രേണിയില്‍ ശാരീരികം, സംരക്ഷണം, സ്‌നേഹം, പദവി, അങ്ങിനെയുള്ള പടികള്‍ കയറി മനുഷ്യന്‍ സന്തോഷത്തില്‍ എത്തിച്ചേരുന്നു എന്ന് മാസ്ലോ പറയുന്നു. ഒരു പിരമിഡിന്റെ രൂപത്തില്‍ അദ്ദേഹം വരച്ചുകാട്ടിയ ആ രൂപത്തിന്റെ മുകളിലെ കൂര്‍ത്ത ഭാഗം പാരമ്യതയുടേതായിരുന്നു. മനുഷ്യന്റെ മൗലികമായ ആവശ്യങ്ങളായ ശാരീരികാവശ്യങ്ങളാകുന്നു ഈ പിരമിഡിന്റെ ഏറ്റവും അടിത്തട്ടില്‍. പിന്നീടങ്ങോട്ട് സുരക്ഷിതത്വം, സാമൂഹ്യം, സാമുദായികം, സ്വന്തം അന്തസ്സ് അങ്ങിനെയുള്ള വഴികളില്‍ സഞ്ചരിച്ചുകൊണ്ട് സായുൂജ്യം ലഭിയ്ക്കുന്നു.നാടന്‍ ഭാഷയില്‍ ജന്മസാഫല്യം എന്നൊക്കെപ്പറയുന്നത് ഇതിനൊക്കെത്തന്നെയാണ് അവിടെയാണ് സന്തോഷത്തിന്റെ തുടക്കം പലരെസംബന്ധിച്ചും. എന്നാല്‍ ഇതൊന്നും ഇല്ലാതെ സന്തോഷിക്കുന്നവര്‍ ധാരാളം. 1840 ല്‍ പ്രസിദ്ധീകരിച്ച വില്ലേജ് ബ്ലേക്ക്‌സ്മിത്ത് എന്ന ഹെന്റ്രി വാഡ്‌സ് വര്‍ത്ത് ലോങ്ങ് ഫെലോ എന്ന കവിയുടെ ഒരു കവിതയുണ്ട്. അതില്‍ ഒരു സാധാരണ ഗ്രാമത്തിലെ ഒരു കൊല്ലന്റെ ദിനചര്യയാണ്. ഈ കൊല്ലന്‍ അയാളുടെ കുടുമ്പജീവിതവും ജോലിയും സമതുലിതാവസ്ഥയില്‍ കൊണ്ടുനടക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മാതൃകാ പുരുഷന്‍. സമുദായത്തിനോടും അയാള്‍ കൂറ് കാണിയ്ക്കുന്നു. അധ്വാനിച്ച് വിയര്‍പ്പൊഴുകി ജോലി ചെയ്യുന്ന അയാള്‍ക്ക് ഒരു കടമോ സാമ്പത്തിക ബാധ്യതകളോ ഇല്ല. സ്‌കൂള്‍ വിട്ട് ആ വഴി പോകുന്ന കുട്ടികള്‍ അയാള്‍ ജോലി ചെയ്യുന്നത് നോക്കി നിന്നു പോകുന്നു. ഭാര്യ മരിച്ച അയാള്‍ ഞായറാഴ്ച്ചകളില്‍ കുട്ടികളെ പള്ളിയില്‍ കൊണ്ടുപോകുന്നു. ഉള്ളത്‌കൊണ്ട് മാത്രം തൃപ്തിയോടെ ജീവിയ്ക്കുന്നു. രാത്രി സുഖമായി ഉറങ്ങുന്നു. ഇതുപോലെയുള്ള കഥാപാത്രങ്ങളെ ഇപ്പൊഴും അപൂര്‍വ്വമായെങ്കിലും നമുക്ക് കാണാവുന്നതാണ്. അത് അധികവും സമ്പത്ത് കുറഞ്ഞവര്‍ ആയിരിക്കുകയും ചെയ്യും.
സന്തോഷത്തിന്റെ മന:ശാസ്ത്രം:
നമ്മള്‍ ഇന്ന് വളരെയധികം ഉപയോഗിക്കുന്ന വാക്കാണ് പോസിറ്റീവ് ചിന്താഗതി എന്നത്. മന:ശാസ്ത്രത്തിലും ഈ പോസറ്റീവ് ചിന്താഗതിതന്നെയാണ് സന്തോഷം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതത്തിലെ തൃപ്തി. ഒരാളുടെ സന്തോഷം നിര്‍ണ്ണയിക്കുന്നത് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടാകുന്നു. 1998ല്‍ അമേരിക്കന്‍ മന:ശാസ്ത്ര സംഘടനയുടെ പ്രസിഡന്റിന്റെ പ്രസംഗത്തില്‍ മാര്‍ട്ടിന്‍ സെലിഗ് മേന്‍ (Martin Seligman) എന്ന മന:ശാസ്ത്രജ്ഞന്‍ സന്തോഷത്തിന്റെ മന:ശാസ്ത്രത്തെ പോസിറ്റീവ് സൈക്കോളജി എന്ന് വിളിച്ചു. ലോകത്തിലെ എല്ലാ ജനങ്ങളോടും സന്തോഷത്തിന്റെ നിലവാരം അറിയാന്‍ ”നിങ്ങളുടെ ജീവിതം എങ്ങിനെയുണ്ട്?” എന്ന രീതിയിലുള്ള ഒരു ചോദ്യം ചോദിച്ചാല്‍ പ്രതികരണം ഉള്ളില്‍ തട്ടി പ്രതികരിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരില്‍നിന്നാകുന്നു യഥാര്‍ത്ത സ്ഥിതി അറിയാന്‍ കഴിയുക. നമ്മുടെ നാട്ടില്‍ സുഖം തന്നെയല്ലെ? എന്നും ഇംഗ്ലീഷില്‍ ഹൗ ആര്‍ യു എന്നും മറ്റും ചോദിക്കുന്നതിന്ന് സുഖം തന്നെ എന്ന് ഉറപ്പിച്ച് പറയുന്നതിന്ന് പകരം ”ങാ..അങ്ങിനെ പോകു ന്നു ” എന്ന് പറയാനാകുന്നു പലര്‍ക്കും താല്പര്യം. ഇംഗ്ലീഷില്‍ ‘ഐ ആം ഫൈന്‍’ എന്ന് പറയണം എന്ന് കുട്ടിക്കാലത്തു തന്നെ മര്യാദയുടെ ഭാഗമായി പഠിപ്പിക്കുന്നു. അങ്ങിനെ അത് യാന്ത്രിക ഉത്തരമായി മാറുന്നു. ചോദ്യവും അതുപോലെ യാന്ത്രികം തന്നെ.സന്തോഷം എന്നത് ഒരാളുടെ അവബോധം, ഉള്‍ക്കാഴ്ച്ച, പുറമെ നിന്ന് അനുഭവപ്പെടുന്ന സംഗതികള്‍ ഏത് രീതിയില്‍ എടുക്കുന്നു എന്ന രീതിയില്‍ ആയിരിക്കും. കുരുടന്മാര്‍ ആനയെക്കാണാന്‍ പോയി നാലുപേര്‍ നാല് രീതിയില്‍ ഉള്‍ക്കൊണ്ടപോലെയാണ് സന്തോഷത്തിന്റെ അനുഭൂതിയും പ്രകടനവും.
എല്ലാവര്ക്കും ന്യായ വിചാരണാധികാരം എന്നൊരു ഭാഗമുണ്ട് ചിന്തയില്‍. അതുപോലെത്തന്നെ വൈകാരികമായ മറ്റൊരു ചിന്തയും. ന്യായ വിചാരണാധികാരത്തെ ഇംഗ്ലീഷില്‍ Cognitive എന്ന് പറയുന്നു.കോഗ്നിറ്റീവ് കൊംപോണന്റെ ഓഫ് ഹേപ്പിനസ്സ് (Cognitive component of happiness) എന്നത് ഒരാളുടെ വിധിയും മുന്‍ വിധിയും എനിക്ക് ഇനിയങ്ങോട്ട് നല്ല ജീവിതമായിരിക്കും എന്നതാകുന്നു. വൈകാരികമായതിനെ affective എന്ന് പറയുന്നു. അഫ്ഫക്റ്റീവ് കൊംപോണന്റ് എന്നത് കൂടുതല്‍ പോസറ്റീവും വല്ലപ്പോഴും മാത്രം നെഗറ്റീവും ആവുന്ന ചിന്തയുമാകുന്നു. ‘എന്റെ ജീവിതം ഞാന്‍ ആഗ്രഹിച്ചത് പോലെത്തന്നെയാകുന്നു’ എന്നുള്ള വിചാരമായിരിക്കും ഇവര്‍ക്ക് കൂടുതലും. ചിലപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ അസന്തുഷ്ടരായിരിക്കാം. എന്നാല്‍ മറ്റു ചിലര്‍ ആഗ്രഹിക്കുന്നു’നിങ്ങള്‍ നയിക്കുന്നത് പോലെയുള്ള ഒരു ജീവിതം ലഭിച്ചാല്‍ മതിയായിരുന്നു എന്ന്. ഒരു ക്രിഷിസ്ഥലത്തുള്ള കുട്ടി ആകാശത്തുകൂടി പറക്കുന്ന വിമാനം കാണുമ്പോള്‍ ‘അതുപോലെ പറന്നാല്‍ മതിയായിരുന്നു’ എന്നാഗ്രഹിക്കുന്നു. അതേസമയം അതിലെ പയലറ്റ് താഴെക്കാണുന്ന ക്രിഷിസ്ഥലം പോലെയുള്ള ഒന്നില്‍ ജീവിച്ചാല്‍ മതിയെന്നും വീട്ടിലേക്ക് പോകണമെന്നും ആഗ്രഹിക്കുന്നു. ധനമാണ് ജീവിതത്തിന്റെ സന്തോഷമെങ്കില്‍ ധനമുള്ളവരെല്ലാം സന്തോഷത്തോടെ തുള്ളിച്ചാടുന്നത് കാണാം. അത് നമ്മള്‍ കാണുന്നില്ല. യഥാര്‍ത്തത്തില്‍ നിര്‍ദ്ധനരാകുന്നു അങ്ങിനെ ചെയ്യുന്നത്. അധികാരമാണ് സന്തോഷത്തിന്റെ മാനദണ്ഢം എങ്കില്‍ അവര്‍ സ്വതന്ത്രരായി സുരക്ഷക്കുള്ള പരിചാരകരില്ലാതെ നടക്കുന്നത് കാണണം. എന്നാല്‍ നമ്മള്‍ അങ്ങിനെ ആരും ചെയ്യുന്നത് കാണുന്നില്ല. മിതമായ സൗകര്യങ്ങളോടെ ജീവിക്കുന്നവര്‍ സ്വതന്ത്രരായി നടക്കുന്നു. സൗന്ദര്യമാണ് സന്തോഷത്തിന്റെ മാനദണ്ഢമെങ്കില്‍ അങ്ങിനെയുള്ള വലിയവര്‍ക്കെല്ലാം നല്ലൊരു വിവാഹ ജീവിതം കാണണം. അതും കാണുന്നില്ല. അതിനാല്‍ മിതമായ ജീവിതം, എളിമയുള്ള പെരുമാറ്റം, കലര്‍പ്പില്ലാത്ത സ്‌നേഹം ഇതാണ് സന്തോഷത്തിന്റെ അടിത്തറ. പണവും സന്തോഷവുമായി വലിയ ബന്ധങ്ങളില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ദരിദ്രരുടെ വേദന ഒരു വേദനതന്നെയാണ് സംശയമില്ല. എന്നാല്‍ ജീവിക്കാന്‍ ആവശ്യമുള്ള വരുമാനമുള്ള/സമ്പത്തുള്ള ഒരാള്‍ക്ക് അതില്‍ കൂടുതല്‍ നേടിയാല്‍ പ്രത്യേകിച്ചൊരു സന്തോഷമൊന്നും ലഭിയ്ക്കുന്നില്ല എന്ന് മാത്രമല്ല, കണക്കിലധികം സമ്പത്ത് മന:സ്സമാധാനം നഷ്ടപ്പെടുത്തുന്നു. എല്ലാറ്റിനും പുറമെ, സന്തോഷം എന്നത് നമ്മുടെ ഇന്നത്തെ സാഹചര്യവുമായുള്ള പൊരുത്തപ്പെടലാകുന്നു.
ഫേമലിയുടെ സന്തോഷം:
പോപ്പ് ഇയ്യിടെ ഫേമലിയെപ്പറ്റി ചില വാക്കുകള്‍ പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ‘ഒരു പെര്‍ഫക്റ്റ് ഫേമലി അഥവാ സമ്പൂര്‍ണ്ണ കുടുമ്പം എന്ന ഒന്നില്ല എന്നാകുന്നു. നമുക്ക് പെര്‍ഫക്റ്റ് മാതാപിതാക്കളും ഇല്ല. നമ്മള്‍ തന്നെ പെര്‍ഫെക്റ്റ് അല്ല. നമ്മള്‍ വിവാഹം കഴിക്കുന്നത് ഒരു പെര്‍ഫെക്റ്റ് ആളെയല്ല. നമുക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും പെര്‍ഫെക്റ്റ് അല്ല. നമുക്ക് തമ്മില്‍ തമ്മില്‍ ആവലാതികളുണ്ട്. നമ്മള്‍ പരസ്പരം നിരാശപ്പെടുത്തുന്നു. അതിനാല്‍ വിട്ടുവീഴ്ച്ചകളില്ലാതെ ഒരു ആരോഗ്യകരമായ വിവാഹമോ, കുടുമ്പമോ ഇല്ല. മാപ്പു നല്‍കല്‍ നമ്മുടെ മാനസീക ആരോഗ്യത്തിന്നും ആത്മീയമായ അതിജീവിക്കലിനും ആവശ്യമാകുന്നു. മാപ്പു നല്‍കല്‍ എന്ന ഒരു സംഗതിയില്ലെങ്കില്‍ സംഘട്ടനങ്ങളുടെയും വേദനകളുടെയും കേളീ രംഗമായിരിക്കും. മാപ്പ് നല്‍കല്‍ എന്ന അവസ്ഥയില്ലാത്ത കുടുമ്പം രോഗാവസ്ഥയില്‍ ആകുന്നു. കുടുമ്പം ജീവിക്കാനുള്ള സ്ഥലമാകുന്നു. മരിക്കാനുള്ള ഇടമല്ല. രോഗം ഭേദമാക്കാനുള്ള സ്ഥലമാകുന്നു.
ചില രാജ്യങ്ങളിലെ ജനത താരതമ്യേന കൂടുതല്‍ സന്തോഷവാന്മാരാണെന്ന് പഠനങ്ങള്‍ കാണിയ്ക്കുന്നു. പ്യുര്‍ട്ടോറിക്കോ, മെക്‌സിക്കോ, ഡെന്മാര്‍ക്ക്, അയര്‍ലാണ്ട്, ഐസ്‌ലാണ്ട്, സ്വിസ്റ്റ്‌സര്‍ലാണ്ട് എന്നീ രാജ്യങ്ങള്‍ മുന്‍പന്തിയിലും മോള്‍ഡോവ, റഷ്യ, അര്‍മേനിയ, യുക്രെയിന്‍ സിംബാബ്‌വെ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ കുറവുമാകുന്നു.
പ്രായം, ലിംഗം, ജാതി എന്നിവയും സന്തോഷവും ആയി ചില ബന്ധങ്ങളുണ്ട്. പ്രായം കൂടുമ്പോള്‍ വൈകാരികതയില്‍ മാറ്റം വരുന്നു. ചെറുപ്പത്തില്‍ തീരെ കരയാത്ത ഒരാള്‍ പ്രായം കൂടുമ്പോള്‍ ചിലപ്പോള്‍ പെട്ടന്ന് കണ്ണില്‍ വെള്ളം നിറയുന്ന രംഗങ്ങളുണ്ടാവാം. കൂടാതെ എംറ്റി നെസ്റ്റ് സിന്‍ഡ്രോം (Empty nest syndrome) എന്ന ഒരു മാനസീകാവസ്ഥക്കും വിധേയരാകുന്നു. മക്കള്‍ ദൂരത്ത് പോവുക, പങ്കാളികളില്‍ ഒരാള്‍ ഇല്ലാതാവുക എന്നീ അവസ്ഥകളിലാകുന്നു ഈ മാനസീകാവസ്ഥ വരുന്നത്. ഇനി ലിംഗ സംബന്ധമായി പറയുകയാണെങ്കില്‍ മാനസീകപിരിമുറുക്കത്തിന്റെ പ്രത്യാഘാതമായി, പുരുഷന്മാര്‍ ആല്‍ക്കഹോളിക്കും സ്ത്രീകള്‍ രോഗത്തിന്റെ അടിമകളും ആവുന്നു. എന്നാല്‍ ലോകത്ത് പല സ്ഥലത്തും നടത്തിയ സര്‍വ്വേകളില്‍ രണ്ടുകൂട്ടരും ഞങ്ങള്‍ സന്തോഷവാന്മാരാണെന്ന് പുറമ്പൂച്ച് പറയുന്നു. ഇനി, വര്‍ഗ്ഗത്തെപ്പറ്റി പറയുകയാണെങ്കില്‍ ആഫ്രിക്കന്‍, അമേരിക്കന്‍ സങ്കരങ്ങളില്‍ പൊതുവെ സന്തോഷം കുറവും യൂറോപ്യന്‍-അമേരിക്കന്‍ സങ്കരങ്ങളില്‍ സന്തോഷം കൂടുതലും ആണെന്നാണ് പഠന റിപ്പോര്‍ട്ട്. സന്തോഷം പ്രകടിപ്പിക്കുന്നവര്‍ കൂടുതലും ജനങ്ങളുമായി കൂടുതല്‍ ഇടപെടുന്നവര്‍, ആത്മാഭിമാനമുള്ളവര്‍, ശുഭാപ്തി വിശ്വാസി, സ്വയം നിയന്ത്രിക്കാന്‍ കെല്പുള്ളവര്‍, ബാഹ്യലോകവുമായി കൂടുതല്‍ ഇടപെടുന്ന സ്വഭാവം എന്നിവ ഉള്ളവരാകുന്നു. മിക്കവര്‍ക്കും ഇതെല്ലാം ഒരു പരിധിവരെ പാരമ്പര്യമായി സിദ്ധിയ്ക്കുന്നതാകുന്നു; പ്രമേഹം, കൊളസ്റ്ററോള്‍ എന്നിവ പോലെ.
സാമൂഹ്യജീവിയായ മനുഷ്യന് ഏകാന്ത ജീവിതം പരിതാപകരമാകുന്നു. മനുഷ്യന് എപ്പഴും ഒരു കൂട്ട് വേണം. അത് അവന്റെ ജന്മ വാസനയാകുന്നു. വിവാഹം കഴിച്ചവരില്‍ ബഹുഭൂരിപക്ഷവും സന്തോഷവാന്മാരാകുന്നു എന്നതിന്ന് ഒരു പ്രധാന തെളിവ് ”വേറിട്ട് നില്‍ക്കുമ്പോള്‍ അവര്‍ക്ക് തോന്നുന്നു ‘അടി കൂടിയാലും ഒരുമിച്ച് നില്‍ക്കുകയായിരുന്നു ഭേദം” എന്ന്.