മിഠായിത്തെരുവിനെപ്പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍
കെ എന്‍ ധര്‍മ്മപാലന്‍
ഇന്ന് എഴുപത്തിരണ്ടുകാരനായ എന്റെ ഓര്‍മ്മകള്‍ മിഠായിത്തെരുവില്‍ അച്ചുതണ്ട് സ്ഥാപിച്ച് ജയില്‍റോഡ്, പാളയം റോഡ്, മൊയ്തീന്‍പള്ളിറോഡ് എന്നിവയിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്ന ക്ലോക്ക് സൂചികളെപ്പോലെയാണ്. അന്ന് അശോകാ ആസ്പത്രി മാനേജരായിരുന്ന അച്ഛന്റെ കൂടെ വൈകുന്നേരങ്ങളില്‍ മാനാഞ്ചിറയുടെയും ടാഗോര്‍ പാര്‍ക്കിന്റെയും ഇടയില്‍കൂടിയുള്ള റോഡ് വഴി പ്രവേശിച്ച് മിഠായിത്തെരുവില്‍കൂടി നടന്ന് തുടങ്ങിയാല്‍ ആദ്യത്തെ പരിപാടി ലക്കി റസ്റ്റാറണ്ടില്‍ നിന്നോ, എസ് ക്രിഷ്ണമഹാരാജില്‍നിന്നോ ചായ കുടിച്ച് മുന്നോട്ട് നീങ്ങുക എന്നതായിരുന്നു. ലക്കിയില്‍നിന്നാണെങ്കില്‍ ചാപ്‌സും പിട്ടും അല്ലെങ്കില്‍ ചാപ്‌സും പൊറാട്ടയും. അപൂര്‍വ്വമായി ബിരിയാണി. എസ് ക്രിഷ്ണമഹാരാജ് എന്ന സ്റ്റേഷനറിക്കടയില്‍ കയറി സ്റ്റേഷനറി സാധനങ്ങളുടെ ഇടയില്‍കൂടി അകത്തേക്ക് കടന്നാല്‍ ഒരു കോണി കാണാം. ആ മരക്കോണി കയറി മുകളിലെത്തിയാല്‍ മസാലദോശയോ നെയ്‌ദോശയോ ചായ കാപ്പി എന്നിവ മാത്രമല്ല ലൈം ജ്യുസ്, റോസ് മില്‍ക്ക് എന്നിവയും കിട്ടും. ആദ്യമായി റോസ് മില്‍ക്ക് കഴിച്ചതും അവിടെവെച്ചുതന്നെ. അറുപത്‌കൊല്ലം മുന്‍പ് റോസ് മില്‍ക്ക് അപൂര്‍വ്വ വസ്തുവായിരുന്നു, അശോകാ ആസ്പത്രിയുടെ മുന്‍വശത്ത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന മിതവാദി പത്രത്തിലെ വായനക്കാര്‍ക്ക് സുപരിചിതനായിരുന്ന എം കെ എസ് നമ്പ്യാര്‍ എന്ന എന്റെ അച്ഛന്ന് സാഹിത്യകാരന്മാര്‍ പലരും സുഹൃത്തുക്കളായുണ്ടായിരുന്നു. തിക്കോടിയനും എസ് കെ പൊറ്റെക്കാട്ടും അതില്‍ മുന്‍ പന്തിയിലായിരുന്നു. എസ് കെ പൊറ്റെക്കാട്ടും അച്ഛനുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ആ പരിസരത്തുവെച്ച് പലപ്രാവശ്യവും അദ്ദേഹത്തെ കണ്ട് അച്ഛന്‍ കുശലം പറയുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കിനില്ക്കുമായിരുന്നു.കക്ഷത്ത് ഒരു ബേഗും ഇറുക്കിപ്പിടിച്ച് ഇടത് കൈ കൊണ്ട് സപ്പോര്‍ട്ട് കൊടുത്ത് എന്താ മിസ്റ്റര്‍ നമ്പ്യാര്‍ എന്ന അദ്ദേഹത്തിന്റെ സംബോധന ഇന്നും ഓര്‍ക്കുന്നു.
കൃഷ്ണമഹാരാജ് ഹോട്ടല്‍ എന്നത് മഹരാജ് എന്ന ഒരു ജാതിപ്പേരായിരുന്നു എന്ന് തോന്നുന്നു. അവിടെ കടന്നു ചെല്ലുമ്പോള്‍ നെറ്റിയില്‍ ഒരു പ്രത്യേക തരത്തിലുള്ള കുങ്കുമപ്പൊട്ട് തൊട്ട് ഇരിക്കുന്ന മൊതലാളി മഹരാജിനെ കാണുമ്പോള്‍ കൗമാരപ്രായം എത്തിയിട്ടില്ലാത്ത എനിക്ക് ഇത് ശരിക്കുള്ള രാജാവാണെന്ന് തോന്നിയിരുന്നു. സംശയം തീര്‍ക്കാന്‍ ‘ഇത് രാജാവാണോ’ എന്ന് അച്ഛനോട് ചോദിച്ചപ്പോള്‍ എന്നെ കളിയാക്കാന്‍ ‘അതെ’ എന്ന ഉത്തരവും നല്‍കി. അന്നത്തെ രക്ഷിതാക്കള്‍ ഇന്നത്തെപ്പോലെ മക്കളുടെ സംശയങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതിരിക്കാനാണ് ശ്രദ്ധിച്ചിരുന്നതെന്ന് തോന്നുന്നു. ഹോട്ടലിലും സ്റ്റേഷനറിയിലും ഇരിയ്ക്കുന്ന മഹരാജിന്റെ അനുജന്‍ വാസുദേവ മഹരാജ് എന്റെ സഹപാഠിയായി ഹൈസ്‌കൂളില്‍ വന്നപ്പോള്‍ മഹാരാജാവിന്റെ കൂടെ പഠിക്കാന്‍ അവസരവും ലഭിച്ചത്‌പോലെ തോന്നി. ക്രിഷ്ണമഹരാജ് സ്വീറ്റ്‌സ് എന്ന താഴ്‌ത്തെ സ്ഥാപനം മധുരപലഹാരങ്ങളുടെ, പ്രത്യേകിച്ച് ജിലേബിയുടെ കാര്യത്തില്‍ അന്നും ഇന്നും അഗ്രഗണ്യന്മാര്‍ തന്നെ.
കൃഷ്ണമഹാരാജ് കഴിഞ്ഞാല്‍ മലബാര്‍ ഹല്‍വ എന്ന ബോബിയുടെ സ്ഥാപനം കോഴിക്കോട്ടെ ഏറ്റവും നല്ല ഹല്‍വ ലഭിക്കുന്ന സ്ഥലമായിരുന്നു. ബോബിയുടെ അച്ഛനായിരുന്നു അതിന്റെ സ്ഥാപകന്‍. പിന്നീട് മുന്നോട്ട് നടന്നാല്‍ കുങ്കുറൈട്ടറുടെ രാധാ പിക്ചര്‍പാലസ് എന്ന ഇന്നത്തെ രാധാതിയേറ്റര്‍, അതേ കോമ്പൗണ്ടിന്റെ ഉള്ളില്‍ത്തന്നെയുള്ള ആര്യഭവന്‍ എന്ന സ്ഥാപനം, അതിന്റെ മൊതലാളി ചെരിപ്പു പോലും ഇടാതെ നടക്കുന്ന ഇമ്പച്ചി എന്ന വിനയം മുഖമുദ്രയായി കൊണ്ടു നടക്കുന്ന മുതലാളി!! അദ്ദേഹത്തെ ചിലര്‍ ഇമ്പച്ചന്‍ എന്നും വിളിച്ചിരുന്നു. ആരെക്കണ്ടാലും തൊഴുതുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ആര്യഭവനിലെ അന്നത്തെ ഒരൂണിന്ന് പന്ത്രണ്ടണയായിരുന്നു ആര്യഭവനില്‍!! ഇന്നത്തെ എഴുപത്തഞ്ച് പൈസ. അതുപോലെ രാധപിക്ചര്‍ പാലസിന്റെ മുന്നില്‍ മിഠായിത്തെരുവിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന മോഡേണ്‍ ഹോട്ടലും ഊണിന്ന് പ്രസിദ്ധമായിരുന്നു. ഒന്നൊന്നര അടി ഉയരമുള്ള പത്തോ പന്ത്രണ്ടോ തട്ടുകളുള്ള പിച്ചള ടിഫിന്‍ പാത്രവും കൊണ്ട് പന്ത്രണ്ടണയുടെ ഒരു ഊണ്‍ വാങ്ങിയാല്‍ പാത്രത്തിന്റെ പന്ത്രണ്ട് തട്ടിലും നിറയെ മടുക്കാത്ത വിഭവങ്ങളായിരിക്കും. രാധാ പിക്ചര്‍ പാലസ് എത്തുന്നതിന്ന് മുന്‍പ് അതേ ഭാഗത്തുതന്നെ ഒരു വസന്താ സ്റ്റോര്‍ ഇന്നും ഉണ്ടെന്ന് തോന്നുന്നു. അവിടുത്തെ ഉടമസ്ഥന്‍ സേട്ടു അശോകാ ആസ്പത്രി ജീവനക്കാര്‍ക്ക് ഒരു വിട്ടുവീഴ്ച്ച ചെയ്തിരുന്നു. ഒരുറുപ്പികയുടെ സാധനം വാങ്ങിയാല്‍ ഒരണ കിഴിവ് കൊടുക്കും. ഒരുറുപ്പികയുടെ പതിനാറണക്ക് പകരം പതിനഞ്ചണ കൊടുത്താല്‍ മതി. ആ പീടികയെപ്പറ്റി അശോകാസ്പത്രി ജീവനക്കാര്‍ അടയാളമായി വണ്‍അണാ ലസ്സ് എന്നായിരുന്നു പറയാറ്. ഈ വണ്‍അണാ ലെസ്സിന്റെ കാരണം അശോകാ ആസ്പത്രി അന്നത്തെ ഉടമസ്ഥന്‍ വിദഗ്ദ്ധനായ സര്‍ജ്ജന്‍ ഡോ: ബാലക്രിഷ്ണന്‍ വിദഗ്ദ്ധമായ ഒരു സര്‍ജ്ജറി വഴി സേട്ടുവിന്റെ പ്രീതി നേടിയതായിരുന്നു. കുറച്ചുകൂടി മുന്നോട്ട് നടന്നാല്‍ കോര്‍ട്ട് റോഡ് തുടങ്ങുന്ന വളവില്‍ അറുപതുകളില്‍ സ്ഥാപിച്ച മേയോ ഫാര്‍മ്മ അന്ന് കോഴിക്കോട്ടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് ഷാപ്പായിരുന്നു. പട്യേരി നരേന്ദ്രന്‍ എന്ന ഒരാളും അശോകാ ആസ്പത്രി കുടുമ്പത്തില്‍ പെട്ട ധര്‍മ്മരത്‌നവും കൂടി തുടങ്ങിയതായിരുന്നു അത്. ഈയടുത്ത ദിവസം മറ്റൊരു ലേഖകന്‍ എഴുതിയ കുട്ടന്‍ ബ്രദേര്‍സ് അന്നും തലയുയര്‍ത്തി നിന്നിരുന്നു.മെയോണ്‍ ഫാര്‍മ്മയുടെ എതിര്‍ഭാഗത്ത് പസഫിക്ക് സ്റ്റോര്‍ പിന്നീട് പസഫിക്ക് സാരീസ് ആയി മാറി. ഇനിയും മുന്നോട്ട് നീങ്ങുമ്പോള്‍ മുന്‍പ് അവിടെ പ്രസിദ്ധപ്പെട്ട ഒരു ടെക്സ്റ്റയില്‍ ഷോപ്പായിരുന്നു കണ്ണൂര്‍ ഷോപ്പ്. അതിന്റെ തൊട്ടുള്ള പി കെ ബ്രദേര്‍സ് ഇന്നും ഉണ്ട്. അവര്‍ക്ക് മുന്‍പിലും മറ്റൊരു പി കെ ബ്രദേര്‍സ് ഉണ്ടായിരുന്നു. ഇന്നത്തെ പി കെ ബ്രദേര്‍സ് കഴിഞ്ഞാലുള്ള പീതാമ്പര്‍ സ്റ്റുഡിയോയുടെ ഉടമസ്ഥന്റെ പേരായിരുന്നു സ്റ്റുഡിയോക്കും. അതിന്റെ ഏതാണ്ട് എതിരെയുള്ള അശോകാ എലക്രിക്കത്സ് നല്ല മസാലദോശകിട്ടുന്ന ഒരു ഹോട്ടലായിരുന്നു. അത് കഴിയുമ്പോഴേക്കും സ്വാമിയുടെ കാപ്പി വറുക്കുന്ന സുഖകരമായ മണം ലഭിച്ചിരിക്കും. അതാസ്വദിച്ചുകൊണ്ടങ്ങിനെ നടക്കുമ്പോള്‍ ഹനുമാന്‍ കോവില്‍, ശനിയാഴ്ച്ചകളിലെ അവിടുത്തെ നാളികേരം ഉടയ്ക്കല്‍ എന്നിവ ഓര്‍മ്മകളില്‍ നശിക്കാത്ത ചിരട്ടകള്‍ പോലെ മനസ്സിലുണ്ട്. വണ്‍ അണാ ലസ്സ് സേട്ടുവിന്ന് അത്തരം ഒരു നാളികേരമുടക്കലിലെ പരിക്കായിരുന്നു ഡോ: ബാലകൃഷ്ണന്‍ ശരിയാക്കിയത്.ബാറ്റ അന്നും ഇന്നും ഒന്നു തന്നെ. നേഷനല്‍ സ്റ്റുഡിയോ വളരയധികം മാറി. മനോരമയിലെ അവാര്‍ഡ് വിന്നറായിരുന്ന കാരപ്പറമ്പ് കാരന്‍ നാരായണന്റെ തുടക്കം അവിടെ വെച്ചായിരുന്നു. വിറ്റ്‌കോ പ്ലാസ്റ്റിക്ക് അന്ന് നെടുങ്ങാടി ഇലക്ട്രിക്കത്സ് എന്ന സ്ഥാപനമായിരുന്നു. മീനാ ഇലക്ട്രിക്കത്സും നെടുങ്ങാടി ഇലക്ട്രിക്കത്സും ആയിരുന്നു അന്ന് കോഴിക്കോട്ടെ പ്രസിദ്ധപ്പെട്ട ഇലക്ട്രിക്ക് സ്ഥാപനങ്ങള്‍. മീനാ ചോയിക്കുട്ടി എന്ന മീനാ ഇലക്രിക്കത്സ് സ്ഥാപകന്‍ ചോയിക്കുട്ടി ചെറിയ നിലയില്‍നിന്ന് അധ്വാനംകൊണ്ട് വളര്ന്നു വന്ന ഒരാളായിരുന്നു. നെടുങ്ങാടി ഇലക്ട്രിക്കത്സ് ഉടമസ്ഥന്‍ അന്നത്തെ മര്‍ഫി റേഡിയോ കമ്പനിയുടെ ഡീലറും വാല്‍വ് റേഡിയോയെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ഒരാളുമായിരുന്നു. സി എം മാത്യുസിന്റെ കണ്ണാടിക്കടയും, അവരുടെ ചെരിപ്പ് കടയും ശങ്കരന്‍ ബെയ്ക്കറിയും കഴിഞ്ഞ് തെരുവ് അവസാനിക്കുന്നത് എം എം അബൂബക്കറിന്റെ സ്റ്റേഷനറിക്കടയോടെയാണ് മാത്യൂവിന്റെ ചെരിപ്പ് കടയിലെ ലതര്‍ പെട്ടികളും ട്രങ്ക് പെട്ടികളും നോക്കാത്തവര്‍ യാത്രക്കാരില്‍ ആരും തന്നെ ഉണ്ടായിരിക്കയില്ല. ശങ്കരന്‍ ബെയ്ക്കറിയിലെ പലഹാരങ്ങള്‍ പ്രത്യേകിച്ച് ഹല്‍വയും വറുത്തകായയും അന്നും ഇന്നും പേരുകേട്ടത് തന്നെ.