June 8, 2016
മാത്ര്ഭുമി നഗരം
പൊറാട്ട വിരോധം
ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മുന്‍ഡയറക്ടര്‍ ഡോ: സുരേഷ്‌കുമാര്‍ ജൂണ്‍8 നഗരം പതിപ്പില്‍ ‘സ്വാന്തനത്തില്‍’ എഴുതിയ ലേഖനത്തില്‍ പറയുന്ന പല സംഗതികളും ശരിയാണെന്ന അഭിപ്രായക്കാരനാകുന്നു ഞാന്‍. ‘പാവം പൊറാട്ടയെ അത്ര പേടിക്കണോ?’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം തൊട്ടതിനും തൊടുന്നതിന്നും ആരോഗ്യം നോക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. എന്തിനുമേതിനും ക്യാന്‍സര്‍ഭയം കൊണ്ട് ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു പലരും! ഹോട്ടലില്‍ പോയാല്‍ വീറ്റ്‌പൊറാട്ട വാങ്ങുന്നവര്‍ ധാരാളം!!. സംഗതി;;; .. വീറ്റ് പൊറാട്ടക്ക് അതിന്റെതായ പല ഗുണങ്ങളും ഉണ്ടാവാം എന്നാല്‍ സ്വാദെവിടെ? അത് കുറച്ചെങ്കിലും വേണ്ടേ? ഡോക്ടര്‍ എഴുതിയപോലെ ‘സാക്ഷരത കൂടുതലും ശാസ്ത്രബോധം കുറവുമുള്ള’ പല ലക്ഷണങ്ങളും നമ്മള്‍ കാണിക്കുന്നുണ്ട്. അതില്‍പെട്ട ഒന്നാണ് തിളപ്പിച്ചു തണുപ്പിച്ച വെള്ളത്തേക്കാള്‍ ചൂടോടുകൂടിയ വെള്ളം മാത്രം കുടിക്കാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന കക്ഷികള്‍. അതും അതിന്റെ നിറം ഒന്നു മാറ്റിക്കിട്ടിയാല്‍ ഭംഗിയായി!!. ചിരട്ടകഷ്ണം ഇട്ട് നിറം മാറ്റിയാലും അതിന്റെ പേര് കരിങ്ങാലി വെള്ളം എന്നാണ്. ഇത്രയൊക്കെ നിഷ്‌കര്‍ഷിക്കുന്ന ആള്‍ക്ക് പൊങ്ങച്ചഡിന്നറില്‍ പങ്കെടുക്കുമ്പോള്‍ ഐസ്‌ക്രീം കഴിക്കാന്‍ യാതൊരു വിരോധവുമില്ല. നമ്മുടെ നാട്ടിലെ കല്യാണ പാര്‍ട്ടികളില്‍ ഇയ്യിടെ ഒരു പതിവായി മാറിയ കഷ്ണങ്ങളായി നുറുക്കി നടുവില്‍ വെച്ച മേശപ്പുറത്ത് കൂട്ടിയിട്ടിരിക്കുന്ന ഈച്ചയുടെ സാന്നിധ്യമുള്ള ഫ്രൂട്‌സ് എന്ന സാധനം കഴിക്കാന്‍ യാതൊരു മടിയുമില്ല. അതേആള്‍ ഹോട്ടലില്‍ ചെന്നാല്‍ ‘ഒരുഗ്ലാസ്സ് ചൂടുവെള്ളം എന്ന് നിഷ്‌കര്‍ഷിച്ചു പറയുന്നു. ഹോട്ടലിലെ അടുക്കളക്കാരന്‍ ടേപ്പില്‍നിന്നു പിടിച്ചു വെച്ചതോ വെള്ളം വിതരണക്കാര്‍ ഏതെങ്കിലും ജലാശയത്തില്‍നിന്ന് കൊണ്ടുവന്നതോ ആയ വലിയ പാത്രത്തിലെ വെള്ളം പകുതി ഗ്ലാസ്സിലെടുത്ത് ബാക്കി സമാവറില്‍നിന്ന് ചൂടുള്ള വെള്ളം ചേര്‍ക്കുന്നു. അത് തിളച്ചതോ അല്ലാത്തതോ ആവാം.
പൊറാട്ടവിരോധം അമേരിക്കക്കാരനോടൂള്ള വിരോധത്തില്‍നിന്ന് തുടങ്ങിയതാണെന്ന് തോന്നുന്നു. അമേരിക്കന്‍മാവ് എന്ന ഇരട്ടപ്പേരുള്ള മര്‍ക്കീന്‍ പൊടി അഥവാ മൈദ അമേരിക്കക്കാര്‍ കഴിക്കാതെ വെയിസ്റ്റ് വരുന്നതാണെന്ന ഒരു ധാരണയുണ്ട്.ഇത് പറയുന്നവര്‍ക്കെല്ലാം കേട്ട്‌കേള്‍വിയേ ഉള്ളൂ. ഡോക്ടര്‍ പറഞ്ഞപോലെ വലംപിരി ശംഖുകാര്ക്കും ലവണതൈലത്തിന്നും, വാക്‌സിന്‍ വിരുദ്ധക്കാര്‍ക്കും ഇവിടെ നല്ല മാര്‍ക്കറ്റാണ്. കുട്ടിയുടെ ഇരുപത്തെട്ടിന് കൊടുക്കുന്ന പാലില്‍; കുട്ടി..ഭാവിയില്‍ ചോദിക്കുന്നതിന്ന് ഉത്തരം പറയാന്‍ വേണ്ടി വീടിന്റെ ഉത്തരം ചെത്തിയിട്ട ഒരാളെ എനിക്കറിയാം. യുക്തിരഹിതമായ കാരണത്താല്‍ അകറ്റി നിര്‍ത്തിയ നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയുടെ വില ഇന്ന് ലിറ്ററിന്ന് 96 രൂപയായി കുറച്ചുകൊണ്ട് ഇരിക്കുന്ന മരക്കൊമ്പ് തന്നെ നമ്മള്‍ വെട്ടിക്കൊണ്ടിരിക്കുന്നു.!! അങ്ങിനെ തെങ്ങു ക്രിഷിക്കാരന്റെ വയറ്റത്തും തലയിലും അടിച്ചു. ഇന്നിതാ,, നാളികേര വികസന കോര്‍പ്പറേഷന്‍ തേങ്ങ എങ്ങിനെയെങ്കിലും വിറ്റുകിട്ടാന്‍ പെടാപ്പാട് പെടുന്നു. ‘തേങ്ങാപ്പാല്‍ മുലപ്പാലിനോട് സാമ്യമുള്ള ഏക പാനീയം’ എന്ന് കോക്കനറ്റ് ഡവലപ്പ്മന്റ് ബോര്‍ഡ് മെയ് മാസത്തിലെ നാളികേര ജേണലില്‍ പരസ്യം കൊടുത്തിരിക്കുന്നു.ഞാന്‍ ഇതിലെ, ആധികാരികതയെ ചോദ്യം ചെയ്യുകയോ എനിക്കിതില്‍ വിവരമുണ്ടായിട്ടോ അല്ല. സാധാരണ ഗതിയില്‍ത്തന്നെ വിലകൂടിയ ഒരു വസ്തുവായിരുന്ന തേങ്ങക്ക് ഇങ്ങിനെ ഇപ്പോള്‍ വിപണന തന്തങ്ങള്‍ വേണ്ടി വരുന്നത് നമ്മുടെ ഇടക്കാലത്തുണ്ടായ അമിതമായ ആരോഗ്യ ബോധമായിരുന്നു.
നമ്മുടെ അമിത ആരോഗ്യ ബോധം വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് രോഗമില്ലാതെ രോഗമുണ്ടെന്ന് സ്വയം തോന്നുന്ന ഹൈപ്പോകോണ്ട്രിയ (hypochondria) എന്ന മാനസീകാവസ്ഥയില്‍ പോലും നമ്മളെ എത്തിക്കുന്നു. തൊട്ടതിനെല്ലാം രോഗഭയം!! കുട്ടികളെ വേണ്ടിയും വേണ്ടാതെയും ഡോക്ടറെ കാണിച്ച് ആന്റി ബയോട്ടിക്ക് റസിസ്റ്റന്റ് എന്ന അവസ്ഥയില്‍ എത്തിക്കുന്നു. ‘ഒരു ജലദോഷമല്ലെ സാരമില്ല’ എന്ന് ചിന്തിക്കുവാന്‍ നമുക്ക് സാധിക്കാതെയായിരിക്കുന്നു ഇന്ന്.
പ്രധാനമന്ത്രി അമേരിക്കയിലോ മറ്റ്‌വിദേശ രാജ്യങ്ങളിലോ പോയി കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ കയറ്റി അയക്കുന്നതിന്നും മറ്റും വേണ്ടി ശ്രമിക്കുന്നതോ ഉഴുന്നുപരിപ്പ് പോലെയുള്ള ഭക്ഷ്യ സാധങ്ങളുടെ വില കുതിച്ചുകയറി സാധാരണക്കാരന്റെ ഭക്ഷ്യ സാധനമായ ഇഡ്ഡലി അപ്രാപ്യമായതോ പരിഹരിക്കേണ്ടത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ അപ്രാപ്യമായിക്കൊണ്ടിരിക്കുന്ന ഇഡ്ഡലിയും അതിന്റെ കൂടെക്കഴിക്കാനുള്ള സാമ്പാറിന്റെ പച്ചക്കറികള്‍ ക്കും വില കൂടുമ്പോള്‍ ഒരു നേരത്തെ വിശപ്പുമാറ്റാന്‍ പൊറാട്ട സഹായിക്കുന്നു എന്നുള്ളതാണ് സത്യം. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ കൂടുതല്‍ കഴിക്കുന്ന ഒന്നാണ് പൊറാട്ട. ഇനി അപവാദങ്ങള്‍ കാരണം അതും വേണ്ടെന്നു വെച്ചാല്‍ പിന്നെ എന്തു കഴിക്കണം എന്നുകൂടി പറഞ്ഞുകൊടുക്കണം. ന്യൂട്രീഷ്യനിസ്റ്റുകളും ഡോക്ടര്‍മാരും പച്ചക്കറികള്‍ ധാരാളം കഴിക്കണം എന്ന് ജനങ്ങളെ ഉത്ഭോതിപ്പിക്കുമ്പോള്‍ എങ്ങിനെ വാങ്ങും? എന്ന ചോദ്യം അവശേഷിക്കുന്നു.പുട്ടിന് കടലയോ ചെറുപയറോ വാങ്ങാന്‍ സാധിക്കുന്നില്ല, ദോശയും തഥൈവ!! പച്ചക്കറിയിലെയോ പഴങ്ങളിലെയോ വിഷാംശങ്ങളെപ്പറ്റി ചിന്തിക്കാന്‍ തന്നെ ഇന്ന് ആര്ക്കും താല്പപര്യമില്ല. ഏറ്റവും വില കുറഞ്ഞ പച്ചക്കറി നോക്കി ജനങ്ങള്‍ ഓടുകയാണ്. വില കൂടിയ ജൈവ പച്ചക്കറിയൊന്നും സാധാരണക്കാരന്റെ ലിസ്റ്റില്‍ ഇല്ല. ആയുധങ്ങള്‍ കയറ്റി അയച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമൊ? ഇന്ത്യ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ വരുകയോ സാധാരണക്കാരന്ന് ജീവിതം ദുസ്സഹമാവുകയോ ഏതിനാണ് മുന്‍ഗണന?
കടല്‍ത്തീര നിവാസികളായ കേരളീയര്‍ക്ക് മത്സ്യവും ഇന്ന് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്. മത്സ്യപ്രിയന്മാരായ ബംഗാളികള്‍ നമ്മുടെ കേരളത്തില്‍ വന്ന് മത്സ്യം വാങ്ങുന്ന സാഹചര്യത്തില്‍ നമുക്കുള്ള ലഭ്യതയും കുറയുന്നു. എന്തെങ്കിലും കഴിക്കേണ്ടെ? എന്നുള്ളതാകുന്നു നമ്മുടെ ഇന്നത്തെ ചോദ്യ ചിഹ്നം. ആ സ്ഥിതിക്ക് പൊറാട്ടയെ വെറുതെ വിടുകയാവും നല്ലത്.
കെ എന്‍ ധര്‍മ്മപാലന്‍,