പരസ്പരാശയ വിനിമയം
Communication

കമ്മ്യുണിക്കേഷന്റെ അര്‍ത്ഥം
ലാറ്റിന്‍ ഭാഷയില്‍ കമ്മ്യുണിക്കേഷന്‍ എന്നാല്‍ പങ്കാളികളാവുക എന്നാണ്. അറിവുകൊടുക്കുക, എത്തിക്കുക, വിവരം അറിയിക്കുക, ആശയവിനിമയം നടത്തുക, സമ്പര്‍ക്കം പുലര്‍ത്തുക, ബന്ധപ്പെടുക, വെളിപ്പെടുത്തുക, സംഭാഷണം നടത്തുക, വിവരമെത്തിക്കുക എന്നിങ്ങിനെ പോകുന്നു അതിന്റെ അര്‍ത്ഥങ്ങള്‍. വാക്കുകളാലോ, എഴുത്തുകളാലോ, അടയാളങ്ങളാലോ, ശരീരഭാഷയാലോ, സ്പര്‍ശനത്താലോ മറ്റേതെങ്കിലും രൂപത്തിലോ ആശയവിനിമയം നടക്കുന്നു. രുചിപോലും ഇതിലെ്പടുന്നു. അടുക്കളയില്‍നിന്ന് വരുന്ന മണം പിടിച്ച് ഭക്ഷണത്തിന്റെ സ്വാദ് പോലും ഏതാണ്ടൊക്കെ നമുക്ക് ഊഹിക്കാന്‍ പറ്റുന്നത് ഘ്രാണശതിയില്‍ പോലും ഒരു ആശയവിനിമയം നടക്കുന്നുണ്ട് എന്നത്‌കൊണ്ടാകുന്നു. ചില ഹോട്ടലുകളുടെയോ പാചകശാലകളുടെയോ മുന്നില്‍ക്കൂടെ യാത്രചെയ്യുമ്പോഴും ഇത്തന്നെ അനുഭവപ്പെടുന്നു. വിചാരവികാരങ്ങളും, സന്ദേശങ്ങളു, അറിയിപ്പുകളും അടയാളങ്ങളും എല്ലാം കമ്യുണിക്കേഷന്റെ ഭാഗങ്ങള്‍തന്നെ.

ഒരു കമ്മ്യുണിക്കേഷനില്‍ അയക്കുന്ന ആള്‍ അല്ലെങ്കില്‍ ഒരു സെന്റര്‍, സ്വീകരിക്കുന്ന ഒരു ഉദ്ധിഷ്ടസ്ഥാനം അഥവാ ലക്ഷ്യം ഉണ്ടായിരിക്കും. എന്നാല്‍ ലക്ഷ്യസ്ഥാനത്തുനിന്ന് പ്രതികരണം ഉണ്ടായില്ലെങ്കില്‍ അയക്കുന്നത്‌കൊണ്ട് കാര്യമില്ലാതെവരുന്നു. അങ്ങിനെയുള്ള കമ്മ്യുണിക്കേഷ്‌നെ എറര്‍ അഥവാ പിഴവുപറ്റിയ ആശയവിനിമയം (Error in communication) എന്നാണ് പറയുന്നത്. അത്തരം സന്ദര്‍ഭ്ഭങ്ങളിലെ സ്ഥിരം ചോദ്യമാണ് ‘എന്താ നാക്കിറങ്ങിപ്പോയോ’ എന്നത്. എന്നാല്‍ ഇയാളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന നിഗമനത്തിലെത്താതെ നല്ല രീതിയില്‍ പ്രതികരിക്കുന്ന ഒരു രീതിയിലെത്തിക്കുകയാണ് ഒരു നല്ല കമ്മ്യുണിക്കേഷന്നാവശ്യം ഒരു വാക്കിന്ന് നിരവധി അര്‍ത്ഥങ്ങളുണ്ടാവാം എന്നാല്‍ പറയുന്ന വാക്കുകളുടെ അര്‍ത്ഥം സന്ദര്‍ഭ്ഭങ്ങള്‍ ക്കും പരിതസ്ഥിതിക്കനുസരിച്ചും മനസ്സിലാക്കുക എന്നതും കമ്മ്യുണിക്കേഷനിലെ ഒരു പ്രധാന ഘടകമാകുന്നു. അതല്ലെങ്കില്‍ അതത് വ്യക്തി ഏതുതരത്തിലാണോ ഉള്‍ക്കൊള്ളുന്നത് അതുപ്രകാരം വ്യാഖ്യാനിക്കപ്പെടുന്നു. അപ്പോള്‍ ഇവിടെ ആവശ്യം സംസാരിക്കുന്ന ആള്‍ മനസ്സിലാവുന്ന രീതിയില്‍ പറയുക എന്നുള്ളതാകുന്നു

കമ്മ്യുണിക്കേഷന്‍ കുടുമ്പതലത്തില്‍
കുടുമ്പതലത്തിലെ ആശയവിനിമയത്തിന്ന് ഒരു പ്രത്യേകരീതിയുണ്ടായിരിക്കും. ആ പ്രത്യേകരീതിക്ക് എല്ലാ അംഗങ്ങളും ഭാഗഭാക്കുകളായിരിക്കും. കുടുമ്പത്തിലെ ഒരു പ്രശ്‌നം എല്ലാ കുടുമ്പാംഗങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കുന്നു. അതുപോലെ മറിച്ചും. ഒരംഗത്തിന്റെ സംസാരരീതി, കണ്ണിന്റെയോ തലയുടെയോ ചലനങ്ങള്‍ നില്പിന്റെ രീതി ഇവ മാറിയാല്‍ അത് എല്ലാ അംഗങ്ങള്‍ക്കും മനസ്സിലാവുന്നു. യോജിപ്പുള്ള കുടുമ്പാംഗങ്ങളെ സമ്പന്ധിച്ച് അത്തരം ഒരു രീതിയാണാവശ്യം. അങ്ങിനെയുള്ള കുടുമ്പത്തെ ആദര്‍ശമാതൃകയായ കുടുമ്പം (Circumplex model family) എന്ന് പറയുന്നു. ഓരോ അംഗങ്ങളും ഓരോ സമയത്ത് കയറിവന്ന്, പരസ്പരം അധികമൊന്നും സംസാരിക്കാതെ അവരവരുടെ മുറികളിലേക്ക് കയറിപ്പോയി അവരവരുടെ കാര്യങ്ങളില്‍ മാത്രം വ്യാപൃതരാവുന്ന രീതി കുടുമ്പത്തിന്റെ ആരോഗ്യത്തിന്ന് ഹാനികരമാകുന്നു. ഇതില്‍ കുടുമ്പത്തെ ഒരു പ്രത്യേക ഗ്രൂപ്പ് എന്ന രീതിയിലാണ് മനശാസ്ത്ര വിദഗ്ധര്‍ കാണുന്നത്. ആഗ്രൂപ്പില്‍ എല്ലാവര്‍ക്കും ഒരേരീതിയിലുള്ള കഴിവ് അല്ലെങ്കില്‍ ശ്രദ്ധ; മറ്റംഗങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ ഉണ്ടായിരിക്കണം. ഓരോരുത്തരും അവരവരുടെ കാര്യങ്ങള്‍ രഹസ്യമായി കൊണ്ടുനടക്കാന്‍ പാടില്ല. ഏല്ലാവരും അതറിഞ്ഞ് നിര്‍ദ്ദേശങ്ങളോ, പരിഹാരമാര്‍ഗ്ഗങ്ങളോ ചെയ്യേണ്ടതാകുന്നു. ഒരംഗം പറയുമ്പോള്‍ മറ്റംഗങ്ങള്‍ക്ക് തന്മയീഭാവം (Empathy) ഉണ്ടായിരിക്കണം. സമതുലിതാവസ്ഥയിലുള്ള കുടുമ്പാംഗങ്ങള്‍ക്ക് നിഷ്‌കര്‍ഷതയുള്ള ആശയവിനിമയം ഉണ്ടായിരിക്കും. നല്ല ആശയ വിനിമയ ചാതുര്യത്തിന്ന് ഉയര്‍ന്ന നിലയിലുള്ള അവബോധം ഉണ്ടായിരിക്കണം. കുടുമ്പതലത്തിലെ തുറന്ന ആശയവിനിമയം കുടുമ്പം അലങ്കോലപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. പരസ്പരവാഗ്ദാനങ്ങളില്‍ അത് ഉറച്ചു നില്‍ക്കുന്നു. അങ്ങിനെ ദമ്പതികള്‍ തമ്മിലുള്ള പരസ്പര വാഗ്ദാനങ്ങള്‍ ബന്ധത്തിന്ന് ആഴം വര്‍ദ്ധിപ്പിക്കുന്നു. ദമ്പതികള്‍ തമ്മിലുള്ള കമ്മ്യുണിക്കേഷന്‍ സുതാര്യവും നേരിട്ടുള്ളതുമായിരിക്കണം. മുഖംമൂടിവെച്ച സംസാരങ്ങള്‍ ആരോഗ്യകരമല്ല. മനസ്സില്‍ നിറയെ സന്തോഷമുണ്ടായാലും ദു:ഖമുണ്ടായാലും ഭാര്യയോട് അതിനെപ്പറ്റി ഒരു വാക്ക് മിണ്ടാത്തവര്‍ ഇന്നും നിരവധിയാണ്. കുടുമ്പതലത്തിലെ കമ്മ്യുണിക്കേഷനില്‍ സ്പര്‍ശനം ഒരു പ്രധാനഘടകമാണ്. സ്‌നേഹം വര്‍ദ്ധിപ്പിക്കുവാനും പ്രണയവികാരങ്ങള്‍ പ്രകടിപ്പിക്കുവാനും, ദാമ്പത്യജീവിതത്തിലെ സ്‌നേഹത്തെ പ്രവചിക്കുവാനും, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുവാനും , വിശ്വാസമാര്‍ജ്ജിക്കുവാനും, വിഷമഘട്ടങ്ങള്‍ക്ക് കാരണമാവുന്ന ഗ്രന്ഥിശ്രവങ്ങളെ നിയന്ത്രിക്കുവാനും സ്പര്‍ശനത്തിന്റെ സ്വാധീനം ചെറുതല്ല.പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സ്പര്‍ശനം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കമ്യുണീക്കേഷന്‍ നല്‍കുന്നു.

കമ്മ്യുണിക്കേഷന്റെ രീതികള്‍
ആശയവിനിമയ സമ്പ്രദായം ഓരോരുത്തര്‍ക്കും സ്വതസിദ്ധമാണെങ്കില്‍കൂടി, മനുഷ്യന്‍ കഴിവുകള്‍ക്കനുസരിച്ച അത് രൂപപ്പെടുത്തുന്നു, സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ മാറുന്നു. പ്രസിദ്ധ എഴുത്തുകാരന്‍ ശ്രീ എം എന്‍ കാരശ്ശേരിയുടെ ‘വാക്കുകളുടെ വിസ്മയം’ എന്ന പുസ്തകം ശ്രീ എം ടി വാസുദേവന്‍ നായര്‍ വിവിധ സന്ദര്‍ഭ്ഭങ്ങളില്‍ വ്യത്യസ്ത അവാര്‍ഡുകള്‍ വാങ്ങുന്ന സമയങ്ങളിലും മറ്റുമായി ചെയ്ത 32 പ്രസംഗങ്ങളുടെ ഒരു സമാഹാരമാകുന്നു. അതില്‍ എം ടി ചെയ്ത പ്രസംഗങ്ങളില്‍ ഉപയോഗിച്ച വിസ്മയകരമായ വാക്കുകള്‍ വായിച്ചാല്‍ എം ടി യുടെ ചെറുപ്പകാലത്തെപ്പറ്റി വായിച്ചവര്‍ക്ക് മനസ്സിലാവും ഒരു സാധാരണ ബാലന്റെ വിസ്മയകരമായ വാക്കുകളുടെ വളര്‍ച്ചയും സാഹചര്യങ്ങള്‍ക്കനുസരിച്ച രൂപപ്പെടുത്തലും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരു രീതി, മീറ്റിങ്ങില്‍ മറ്റൊരു രീതി, ചര്‍ച്ചകളില്‍ വേറൊന്ന്, പഠിപ്പിക്കലില്‍ അതിന്റെതായ രീതി എന്നിവ ഒരാള്‍ സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭ്ഭാനുസരണവും അവലംബിക്കുന്നു.പണ്ടത്തെ മിക്കവാറുംദമ്പതികള്‍ കമ്മ്യുണിക്കേഷന്റെ കാര്യത്തില്‍ വളരെ പിന്നോക്കമായിരുന്നു. ഭര്‍ത്താവിനെ പേടിച്ചുകൊണ്ടോ അല്ലെങ്കില്‍ കണക്കിലധികം ബഹുമാനിച്ചുകൊണ്ടോ ജീവിച്ച അന്നത്തെ പല നിര്‍ഭ്ഭാഗ്യവതികളായ സ്ത്രീകളും കാര്യങ്ങള്‍ തുറന്നു പറയാന്‍ അവസരം ലഭിക്കാതെ കുട്ടികളെ പ്രസവിക്കാനുള്ള ഒരുപകരണം പോലെ ജീവിതം ഒരുവിധം കഴിച്ചുകൂട്ടി.അത് അച്ചടക്കത്തിന്റെ ലക്ഷ്ണമായിക്കരുതി അവര്‍ സ്വയം അഹങ്കരിക്കുന്ന രീതിയില്‍ പറഞ്ഞു ‘കുട്ടികളുടെ അച്ഛനോട് ഇതുവരെ ഞാന്‍ നേര്‍ക്ക്‌നേര്‍ സംസാരിച്ചിട്ടില്ല’ എന്ന്. ഇന്നും കൊല്ലങ്ങളോളം കൂടെ ജീവിച്ചിട്ടും കമ്മ്യുണിക്കേഷന്റെ അഭാവം കാരണം പരസ്പരം മനസ്സിലാക്കാത്ത ദമ്പതികള്‍ നിരവധിയാണ്. ഇനി കാര്യം പറഞ്ഞാല്‍ത്തന്നെ മനസ്സിലാവുന്ന രീതിയില്‍ പറയുകയുമില്ല. അപ്പോഴും ഫലം ഒന്നുതന്നെ. കേള്‍ക്കുന്ന ആള്‍ക്ക് ശ്രവണചാതുര്യം (Listening skills) ഇല്ലെങ്കിലും കുഴപ്പം തന്നെ

വെര്‍ബല്‍ കമ്മ്യുണിക്കേഷന്‍
വാക്കുകള്‍ ഉപയോഗിച്ചും അല്ലാതെയും ആശയവിനിമയം നടത്താം. വാക്കുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിനെ വെര്‍ബല്‍ കമ്മ്യുണിക്കേഷന്‍ (Verbal Communication)എന്ന് പറയുന്നു.ശൈലി, ശബ്ദം, രീതി, ശ്രുതി, ആരോഹണാവരോഹണങ്ങള്‍ എന്നിവ ഇതിന്റെ പ്രധാന ഭാഗങ്ങളാകുന്നു. വെര്‍ബല്‍ കമ്മ്യുണിക്കേഷനില്‍ ആക്റ്റീവ്, പാസ്സീവ് എന്നീ രീതികളുണ്ട്. ആക്റ്റീവ് എന്നത് നേരിട്ട് പറയുന്നതും പാസ്സീവ് എന്നത് ആത്മഗതം പോലെ അപരനെ ഉദ്ദ്യേശിച്ച് പറയുന്നതുമാകുന്നു.

നോണ്‍ വെര്‍ബല്‍ കമ്മ്യുണിക്കേഷന്‍
എഴുതിയ വാക്കുകള്‍, തലോടല്‍, തൊടല്‍, ശരീരഭാഷ ശബ്ദം, രീതി, വൃത്തിയും വെടിപ്പും, തലയാട്ടല്‍, കയ്കളുടെ ചലനങ്ങള്‍, കണ്ണുകളുടെ ചലനങ്ങള്‍, മുഖഭാവങ്ങള്‍, സ്പര്‍ശനം, ഹസ്തദാനം, മാറിനില്‍ക്കല്‍, അടുത്തുനില്‍ക്കല്‍ എന്നിവ ഇതിന്റെ പ്രധാന ഭാഗങ്ങളാകുന്നു. വാക്കുകളില്ലാതെ ശബ്ദം മാത്രം ഉപയോഗിക്കുന്ന ഒരു രീതിയാകുന്നു ചിരി. തലകുനിച്ചിരിക്കല്‍, തലയിളക്കല്‍, വൃത്തിയില്ലാതെ നടക്കല്‍ എന്നിവയിലെല്ലാം നോണ്‍ വെര്‍ബല്‍ കമ്മ്യുണിക്കേഷന്‍ അടങ്ങിയിരിക്കുന്നു. ഇടക്കിടെ കണ്ണ് ചിമ്മുകയും തുറക്കുകയും ചെയ്യുക അല്ലെങ്കില്‍ കാണാത്തതായി ഭാവിക്കുക, നെറ്റി ചുളിക്കുക എന്നതിലെല്ലാം എന്നതിലെല്ലാം നോണ്‍ വെര്‍ബല്‍ കമ്മ്യുണിക്കേഷന്റെ .

മൗനം വാചാലം:
മൗനം പലപ്പോഴും വാചാലമാകുന്നു. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് പ്രകാരം സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍നിന്ന് വിദ്യ അഭ്യസിച്ച് പിരിഞ്ഞതിന്നുശേഷം കൊല്ലങ്ങള്‍ക്ക്‌ശേഷം ശ്രീകൃഷ്ണനും കുചേലനും പരസ്പരം ക്ണ്ടപ്പോള്‍ ഉണ്ടായ സ്ഥിതി വാചാലമായ മൗനമായിരുന്നു. ‘എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?’ എന്നാണ് കവി സന്ദേഹിച്ചത്. അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു. സിംഹാസനത്തില്‍ കൊണ്ടുപോയിരുത്തി കാല്‍ കഴുകിച്ചു. ഇതിലെല്ലാം വാചാലമായ മൗനമായിരുന്നു ഉണ്ടായിരുന്നത്.

ആക്റ്റീവ് കമ്മ്യുണിക്കേഷനും പാസ്സീവ് കമ്മ്യുണിക്കേഷനും
നേര്‍ക്ക്‌നേര്‍ അല്ലാതെ ആത്മഗതം രീതിയില്‍ സംസാരിക്കുന്നതിനെ പാസ്സീവ് കമ്മ്യുണിക്കേഷന്‍ എന്ന് പറയുന്നു. മറ്റേയാള്‍ കേള്‍ക്കുകയും വേണം എന്നാല്‍ സംഘട്ടനമോ നേരിടലോ ഒഴിവാക്കുകയും വേണം അതാണ് ഇതില്‍ ഉദ്ദ്യേശിക്കുന്നത്. ഉദാഹരണമായി പറഞ്ഞത് അനുസരിക്കാന്‍ മടിയുള്ള മകനെ വെറുപ്പിക്കാതെ ഒരച്ഛന്‍ പറയുന്നത് ‘ഇക്കാലത്തെ മക്കള്‍ക്ക് തീരെ അനുസരണയില്ല എന്ന ഒരു പൊതു പ്രസ്താവനയായിരിക്കും.എന്നാല്‍ പാസ്സീവ്കമ്മ്യുണിക്കേഷന്ന് ഒരുപാട് അപകടകരമായ ഭവിഷ്യത്തുകളുണ്ട്. നിസ്സാരകാര്യങ്ങളെക്കുറിച്ച് ഇഷ്ടപ്പെടാത്ത അഭിപ്രായം അങ്ങിനെ പ്രകടിപ്പിച്ചാല്‍ പ്രശ്‌നം രൂക്ഷമാവാന്‍ സാദ്ധ്യതയുണ്ടാവുന്നു. അത് യഥാര്‍ത്ത പ്രശ്‌നത്തെക്കാള്‍ കൂടുതലായിരിക്കും. തന്നെക്കുറിച്ചാണത് പറഞ്ഞത് എന്ന് മനസ്സിലാക്കുന്ന കേള്‍വിക്കാരന്‍ അതേരീതിയിലോ നേരിട്ടോ പ്രതികരിക്കുന്നു. ഇവിടെയാണ് തുറന്ന സംസാരമില്ലായ്മയുടെ തകരാറ്. അഭിപ്രായം തുറന്നുപറയാന്‍ മടിയുള്ള പാസ്സീവ് സംസാരത്തില്‍ ഒരു നിസ്സഹായത നിഴലിക്കുന്നു. മറ്റുള്ളവര്‍ക്കാണ് തന്നെക്കാള്‍ യോഗ്യത എന്ന് പരോക്ഷമായി സമ്മതിക്കുന്നു. മറ്റുള്ളവരെ കൂടുതല്‍ വിശ്വസിക്കുന്ന ലക്ഷണങ്ങളാണ് ഈ സംസാരത്തിലുള്ളത്. അവനവന്റെ ആവശ്യങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നില്ല. തീരുമാനമെടുക്കുവാന്‍ മറ്റുള്ളവരെ സമ്മതിക്കുന്നു. തനിക്കാവശ്യമുള്ളത് നേടാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ ഇത് ചെയ്യണം, നിങ്ങള്‍ക്ക് എന്നെക്കാള്‍ പരിചയമുണ്ട്. പാസ്സീവ് സംസാരം നടത്തുന്നയാള്‍ മറ്റുള്ളവര്‍ക്ക് വിധേയമാവുന്നു. ഇത്തരം വ്യക്തികള്‍ക്ക് സ്വയം മതിപ്പ് കുറയുന്നു. മറ്റുള്ളവരുടെ അഭിപ്രായം ഇവിടെ കൂടുതല്‍ മാനിക്കപ്പെടുന്നു. താന്‍ എവിടെ നില്‍ ക്കുന്നു എന്ന് മനസ്സിലാക്കുന്നില്ല.

നിശ്ചയദാര്‍ഢ്യമുള്ള കമ്മ്യുണിക്കേഷന്‍:
സംസാരങ്ങളില്‍ ഏറ്റവും അഭികാമ്യമായ ഒരു രീതിയാണിത്. ഈ രീതിയില്‍ ആരുടെയും വെറുപ്പ് സമ്പാദിക്കാതെയും , ആര്‍ക്കും വിധേയമാവാതെയും ആശയവിനിമയം നടത്താന്‍ സാധിക്കുന്നു. അവനവന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കലാണ് ഇതിന്റെ കാതലായ ഭാഗം. ഇതില്‍ പ്രത്യേകിച്ച് കൗശലങ്ങളൊന്നും പ്രയോഗിക്കുന്നില്ല. കൃത്രിമപ്പണികളൊന്നും ചെയ്യുന്നില്ല. ‘എനിക്ക് ഇതില്‍ താല്പര്യമില്ല’ എന്നൊരു രീതിയാണിതില്‍. അങ്ങിനെ വരുമ്പോള്‍ രണ്ട്ഭാഗത്തും താല്പര്യമുള്ളൊരു രീതി അവലംബിക്കാന്‍ സാദ്ധ്യത കൂടുതലാവുകയും അത് നല്ലൊരു പ്രശ്‌നപരിഹാരമാര്‍ഗ്ഗമായിത്തീരുകയും ചെയ്യുന്നു. ഇവിടെ പരസ്പരബന്ധം മാനിക്കപ്പെടുന്നു. സ്വന്തം പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ട് അതിര്‍വരമ്പ് ലംഘിക്കാതെ അതില്‍ ഉറച്ചുനില്‍ ക്കുന്നു. രണ്ടുപക്ഷത്തും ജയം എന്നരീതിയില്‍ കലാശിക്കുന്നു. എന്നാല്‍ നിര്‍ഭ്ഭാഗ്യവശാല്‍ പൊതുവെപറഞ്ഞാല്‍ ഏറ്റവും കുറച്ചുമാത്രം ഉപയോഗിക്കപ്പെടുന്ന ഒരു രീതിയാണിത്. കഴിവില്ലാത്തവര്‍ അധികാരസ്ഥാനത്ത് കയറിയിരുന്ന് നമ്മളെ ഭരിക്കാനിടവരുന്നത് ഈയൊരു രീതി അവലംബിക്കാത്തതുകൊണ്ടാകുന്നു. പൗരന്റെ അവകാശമായ സമ്മതിദാനം പോലും നമ്മള്‍ക്ക് ഈ സ്വഭാവം കാരണം സത്യസന്ധമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരുടെ അധികാരത്തിന്നോ അപേക്ഷക്കോ വഴങ്ങിക്കൊണ്ട് വോട്ട് ചെയ്യുന്നതിന്റെ ഫലമാണ് അനുഭവിക്കുന്നത്. അസര്‍ട്ടീവ് ആയ ഒരാള്‍ക്ക് എപ്പോഴും ജയം ഉണ്ടാകണമെന്നില്ല. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായും തൃപ്തിയായും കൈകാര്യം ചെയ്തു എന്ന ഒരു സംതൃപ്തിയുണ്ടാവുന്നു. എനിക്ക് അവകാശമുള്ളത്‌പോലെ മറ്റുള്ളവര്‍ ക്കും ഉണ്ടെന്ന ഒരു രീതിയാണിത്. മുന്‍ വിധിപ്രകാരം നേരിടുന്ന ഈ രീതിയില്‍ മറ്റുള്ളവരേയും ബഹുമാനിക്കുന്നു. നര്‍മ്മബോധവും കാര്യക്ഷമതയും, ആത്മവിശ്വാസവും ഉണ്ട് ഈ രീതിയില്‍. ഞാന്‍ പരിഗണിക്കുന്നത് ……… അല്ലെങ്കില്‍ എന്തണ് രണ്ടുകൂട്ടര്‍ക്കും അഭികാമ്യമായ മറ്റൊരു രീതി… എന്ന സന്ദേശങ്ങള്‍ ഇതില്‍ ഉണ്ട്.

ഡിജിറ്റല്‍ കമ്മ്യുണിക്കേഷന്റെ ഗുണങ്ങളും ദോഷങ്ങളും
അടുത്തകാലത്തായി നമ്മുടെ സര്‍ക്കാരുകള്‍ വളരെയധികം പ്രാധാന്യം കൊടുത്ത് പ്രചരിപ്പിക്കുന്ന ഡിജിറ്റല്‍ കമ്മ്യുണിക്കേഷന്ന് നിരവധി ഗുണങ്ങളോടൊപ്പം ഒരുപാട് തകരാറുകളുമുണ്ട്. മനുഷ്യന്റെ നേരിട്ടുള്ള കമ്മ്യുണിക്കേഷന്‍ വഴി നേടുന്ന മാനസീകാരോഗ്യം ഇതുമൂലം നഷ്ടപ്പെടുന്നു. ഉദാഹരണമായി തനിച്ച് വീട്ടിലിരിക്കുന്ന ഒരു വയോധികനെ സംബന്ധിച്ച് ഡിജിറ്റല്‍ ബേങ്കിങ്ങ് മാനസീകാരോഗ്യം നഷ്ടപ്പെടുത്തുന്ന ഒരു ശിക്ഷയാകുന്നു. പോകുന്നവഴിയും ബേങ്കിലെത്തിയാലും, ക്യുവില്‍ നിന്നാലേ്പാലും പരിചയക്കാരെയും അല്ലാത്തവരെയും കണ്ട് സംസാരിക്കുന്ന ഒരു സുഖം ഇതിനില്ല.ആരാധനാലയത്തില്‍ പോയി പരിചയക്കാരെയോക്കെ നേരിട്ട് കണ്ട് കുശലപ്രശ്‌നം നടത്തുന്ന ഒരു സുഖം ടി വി യില്‍ കൂടെ കാണുന്ന ആരാധനാ പരിപാടികള്‍ക്കും ഇല്ല. കഴിഞ്ഞ ഒരു ദശാബ്ദമായി ക്രിസ്തീയ ദേവാലയങ്ങള്‍ ഇത് കൂടുതല്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടെന്നാണ് കണക്ക്. ടി വി കളില്‍ പല മതസ്തരുടെയും ചാനലുകള്‍ തന്നെ ഇതിന്നായുണ്ട്.

*****