പത്രാധിപര്‍, മാതൃഭൂമി നഗരം,
കെ പി കേശവമേനോന്‍ റോഡ്,
കോഴിക്കോട്-673001

നമ്മുടെ ട്രാഫിക്ക് സംസ്‌കാരം
28-12-2017ലെ നഗരം പതിപ്പില്‍, ‘ലെഫ്റ്റ് അത്ര ഫ്രീയല്ല’ എന്ന ലേഖനത്തിന്റെ തലക്കെട്ട് ലെഫ്റ്റ് തീരെ ഫ്രീയല്ല എന്നാക്കണമെന്നാണ് എന്റെ അഭിപ്രായം കോഴിക്കോട്ട് ജനിച്ചു വളര്‍ന്ന 72 കാരനായ ഞാന്‍ കഴിഞ്ഞ അന്‍പതിലധികം കൊല്ലമായി വാഹനമോടിക്കുന്നു. അന്ന് അഞ്ചാം ക്ലാസ്സ് മുതല്‍ സാമൂഹ്യ പാഠപുസ്തകത്തില്‍ റോഡ് നിയമങ്ങള്‍ എന്ന ഒരു പാഠം രണ്ടോ മൂന്നോ കൊല്ലം ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ നിരത്തുനിയമങ്ങള്‍ മനസ്സില്‍നിന്ന് മായാത്ത പാഠമായി അവശേഷിക്കുന്നു. ഇരു ചക്രവാഹനത്തില്‍ റോഡിന്റെ ഇടതുവശം ചേര്‍ന്നു യാത്ര ചെയ്തിരുന്ന എനിക്ക് നടക്കാവ് ഗേള്‍സ് ട്രെയിനിങ്ങ് സ്‌കൂളിന്റെ മുന്നില്‍ കണ്ണൂര്‍ റോഡില്‍ വെച്ച് ഒരുദിവസം നല്ല ചീത്തപറച്ചില്‍ കിട്ടി പിന്നില്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന ചെറുപ്പക്കാരനില്‍ നിന്ന്. കാരണം, അയാള്‍ക്ക് ഇടത് വശത്തുകൂടെ മറികടക്കാന്‍ സാധിക്കാത്ത വിധം ഞാന്‍ സ്‌കൂട്ടര്‍ ഓടിച്ചു എന്നതായിരുന്നു. ഇപ്പറഞ്ഞ കണ്ണൂര്‍ റോഡില്‍ നടക്കാവ് പോലീസ് സ്റ്റേഷന്റെ മുന്നില്‍ നിന്ന് വയനാട് റോഡ് ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങള്‍ ട്രെയിനിങ്ങ് സ്‌കൂളിന്റെ മുന്നില്‍ വെച്ചുതന്നെ വലത് വശത്തുകൂടെ വന്നുകൊണ്ട് ഇടത് വശക്കാരെ ബുദ്ധിമുട്ടിക്കുന്നത് പോലീസുകാര്‍ നോക്കി നില്‍ക്കുന്നു. അങ്ങിനെ ഇടതുഭാഗാക്രമണം നഗരത്തിലുടനീളം കാണാവുന്നതാണ്.

കോഴിക്കോട്ടുകാരായ ഞാനടക്കമുള്ളവര്‍ക്ക് ഇവിടുത്തുകാരുടെ മര്യാദ, സല്‍സ്വ്ഭാവം എന്നിവയെപ്പറ്റി പറയുവാന്‍ വലിയ ആവേശമാണ് എന്നാല്‍ ആ തനതായ സിദ്ധികള്‍ എവിടെയോ പോയി മറഞ്ഞിരിക്കുകയാണ്. ഇന്ന് കോഴിക്കോട്ടുള്ളവര്‍ യഥാര്‍ത്ത കോഴിക്കോട്ടുകാരല്ല എന്ന് തോന്നുന്നു. ഈ തോന്നല്‍ ഓട്ടോ റിക്ഷക്കാരുടെ സ്വഭാവമാറ്റത്തിലും കാണാം. മര്യാദക്കാരായ ഓട്ടോക്കാര്‍ക്ക് കണ്ണുപറ്റുന്ന രീതിയില്‍ ചിലര്‍ പെരുമാറുന്നു.

ലേഖനത്തില്‍ എഴുതിയപോലെ ഫ്രീയൊക്കെ ബോര്‍ഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. അത്തരം ട്രാഫിക്ക് കവലകളില്‍ എവിടെ നോക്കിയാലും പോലീസുകാര്‍ നിസ്സഹായരാണ്. സ്ത്രീകളോടുള്ള ബഹുമാനത്തോടുകൂടെ തന്നെ പറയട്ടെ, ട്രാഫിക് ഭംഗപ്പെടുത്തലിലും, ലംഘിക്കലിലും വേഗത്തിന്റെ കാര്യത്തിലും അവരും തീരെ പിന്നിലല്ല. വിട്ടുവീഴച്ചകള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍ നിയമം കൈവെടിയുന്നു എന്നത് ഒരനുഭവമാകുന്നു. ഇനി ട്രാഫിക്ക് ലൈറ്റുകളുടെ കാര്യമെടുത്താല്‍ എന്തൊക്കെയോ അപാകതകളുണ്ട്. പ്രത്യേകിച്ച് കത്തിനില്‍ക്കുന്ന സമയത്തിന്റെ കാര്യത്തില്‍!!!.ഉദാഹരണമായി എരഞ്ഞിപ്പാലത്തെ പച്ച ലൈറ്റ് കാരപ്പറമ്പ് ഭാഗത്തുനിന്ന് വരുന്നവരെ ശിക്ഷിക്കുകയും മുള്‍ മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നു. പിന്നോട്ടേക്ക് ചായ്‌വുള്ള റോഡില്‍ തൊട്ടുപിന്നില്‍ ഉരുമ്മിനില്‍ ക്കുന്ന വാഹനമുള്ളപ്പോള്‍ തന്റെ വാഹനം ബ്രെയിക്കില്‍ ചവുട്ടിക്കൊണ്ട് മിനിറ്റുകളോളം നിര്‍ത്തുക എന്നത് എത്ര വിദഗ്ദ്ധനെ സംബന്ധിച്ചും ബുദ്ധിമുട്ടുള്ള ഒരു പരീക്ഷണമാണ്. വയനാട് റോഡില്‍ നേരെ നേരെ പോകുന്നവര്‍ക്ക് ഇഷടം പോലെ സമയം !!! കാരപ്പറമ്പ്‌നിന്ന് വരുന്നവര്‍ക്ക് ഒരു പൂതിക്ക് പച്ച കത്തിക്കൊടുത്ത് സെക്കന്റുകള്‍ മാത്രം നില നിന്ന് അവസാനിക്കുന്നു. ഇടത്തോട്ട് തിരിയുന്നവര്‍ക്ക് ഇവിടെയും പ്രശ്‌നം തന്നെ. ആരും അവര്‍ക്ക് ഫ്രീ ലഫ്റ്റിനായി മാറുന്നുമില്ല, മാറിക്കൊടുക്കണമെന്ന് ആര്‍ക്കെങ്കിലും സന്മനസ്സുണ്ടെങ്കില്‍ അതിന്ന് സാഹചര്യവും ഇല്ല.സ്റ്റേഡിയം ജങ്ക്ഷന്‍ കുറച്ചുകാലം നിയന്ത്രണമില്ലാതെ വിട്ടിരുന്നപ്പോഴായിരുന്നു തടസ്സമില്ലാതെ വാഹനങ്ങള്‍ പോയിരുന്നത്. ചുകപ്പ് കത്തുന്നതും പച്ച കത്തുന്നതും പലപ്പോഴും വാഹനങ്ങള്‍ ഇല്ലാത്ത അവസ്ഥയിലായിരിക്കാം. ചുകപ്പ് പെട്ടന്ന് പച്ചയാകുമ്പോള്‍ ഉള്ള ഒരു വെപ്രാളം വായുഗുളിക വാങ്ങാന്‍ പോകുന്ന അവസ്ഥയിലാക്കുന്നു. എന്നാല്‍ ഈ വായുഗുളികക്കാരനോ കാരത്തിയോ ശരിക്ക് പോകുന്നത് തിരക്കില്ലാത്ത ഒരു പാര്‍ക്കിലോ ബീച്ചിലോ കാറ്റു കൊള്ളാനായിരിക്കും. അങ്ങിനെയുള്ളവരെപ്പറ്റിയാണ് ഞാന്‍ കഴിഞ്ഞ ഫിബ്രവരി ഇതേ പംക്തിയില്‍ ഒരു ലേഖനത്തില്‍ എഴുതിയത്; ഓടിക്കുന്നവര്‍ യോദ്ധാക്കളാവുന്നു എന്ന്.

കെ എന്‍ ധര്‍മ്മപാലന്‍,
വിധു, നിയര്‍ എസ് ബി ഐ, പാവങ്ങാട്,
പുതിയങ്ങാടി, കോഴിക്കോട്. 673021
9447162097