ജൂലായ് 4, 2018

ജൂണ്‍ മാസത്തെ ഗൃഹലക്ഷ്മിയില്‍ ഡോ: റോയ് ചാലിയെപ്പറ്റിയുള്ള ലേഖനം വായിച്ചപ്പോള്‍ ഇത് എത്രയോ മുന്‍പ് വരേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി. 1966ല്‍ ഒരു മെഡിക്കല്‍ റപ്രസന്ററ്റീവായി ജോലിയില്‍ പ്രവേശിച്ച് 2005ല്‍ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ എന്ന് കമ്പനിയിലെ ഒരു എക്‌സിക്യുട്ടീവ് പദവിയില്‍നിന്ന് റിട്ടയര്‍ ചെയ്യുന്നത് വരെ ഔദ്യോഗികമായും അതിന്ന് ശേഷ്ം ഇന്നും അദ്ദേഹവുമായി നേരിട്ടും ഫോണ്‍ വഴിയും ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെപ്പറ്റി എത്ര എഴുതിയാലും മതിയാവില്ല, എത്ര പറഞ്ഞാലും അവസാനിക്കില്ല. കാരണം കേരളത്തിലുടനീളമുള്ള നിരവധി ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എന്നെസ്സംബന്ധിച്ച് ഇത്രയും പരിപൂര്‍ണ്ണതയുള്ള ഒരു ഭിഷ്ഗ്വരന്‍ ഇല്ലെന്നാണ് എന്റെ അഭിപ്രായം. അറുപതുകളിലും എഴുപതുകളിലും മെഡിക്കല്‍ കോളേജ് ക്യാമ്പസ്സിലെ ക്വാട്ടേര്‍സില്‍ താമസിച്ചിരുന്ന ഡോ റോയ് ചാലി അന്നും ഇന്നും സൗമ്യതയുടെ പര്യായമാണ്, രോഗനിയന്ത്രണത്തില്‍ അപാര കഴിവുള്ള വ്യക്തിയാണ്. അദ്ദേഹത്തോടുപമിക്കാന്‍ യോഗ്യതയുള്ള മറ്റൊരു ഡോക്ടര്‍ കേരളത്തിലുണ്ടായിരുന്നത് തിരുവനന്തപുരത്തുണ്ടായിരുന്ന ഡോക്ടര്‍ കെ എന്‍ പൈ ആയിരുന്നു. ഇന്ന് അദ്ദേഹത്തോടുപമിക്കാന്‍ അദ്ദേഹം മാത്രം. ഞാന്‍ ആദ്യമായി കമ്പനിസമ്പന്ധമായി ഒരു മെഡിക്കല്‍ റപ്രസന്ററ്റീവ് എന്ന നിലയില്‍ കാണുമ്പോള്‍ സൂപ്പര്‍ സ്‌പെഷ്യലിസ്റ്റായി എം എസ് കഴിഞ്ഞുള്ള എം സി എച്ച് എന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദമുള്ള അദ്ദേഹത്തിന്റെ വീട്ടിന്റെ മുന്നിലുള്ള ബോര്‍ഡ് നോക്കി പകര്‍ത്തിയെടുത്ത, എനിക്കപരിചിതമായിരുന്ന എം സി എച്ച് എന്താണെന്ന് വീട്ടില്‍ പോയി മെഡിക്കല്‍ ഡിക്ഷ്ണറി നോക്കി മനസ്സിലാക്കിയത് ഓര്‍ക്കുന്നു. പിന്നീടങ്ങോട്ട് പ്ലാസ്റ്റിക്ക് സര്‍ജ്ജന്‍ ഡോ അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ ഈ ബിരുദം എഴുതിക്കണ്ടപ്പോള്‍ ഡിക്ഷ്ണറി നോക്കേണ്ടി വന്നില്ല. എനിക്ക് പരിചയമുള്ള ഒരാള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് ചെന്നപ്പോള്‍ അവിടെയുള്ള ഡോക്ടര്‍ അന്ന് ചോദിച്ചുപോലും: ”നിങ്ങളെന്തിനാ കോഴിക്കോട്ട് നിന്ന് ഇങ്ങോട്ട് വന്നത്?, അവിടെ ഡോ റോയ് ചാലിയുണ്ടല്ലോ? എന്ന്.

അദ്ദേഹത്തിന്റെ ചികിത്സയില്‍ സന്താനഭാഗ്യം ലഭിച്ചവര്‍ നിരവധിയാണ്. പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ അദ്ദേഹത്തിന്ന് ഒരു സാധാരണ കാര്യമാണ്. എനിക്ക് 25 വയസ്സുള്ള കാലത്ത്, 65 കാരനായ എന്റെ അമ്മച്ഛന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയക്ക്, അന്ന് മെഡിക്കല്‍ കോളേജിന്റെ സര്‍ജ്ജറി വാര്‍ഡിന്റെ ഒരു സെക്ഷന്‍ മാത്രമായിരുന്ന യൂറോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തിരുന്ന അമ്മച്ഛനെ പരിശോധിക്കാന്‍ റൗണ്ട്‌സിനു വന്ന ചെറുപ്പക്കാരന്‍ ഡോ റോയ്ചാലിയുടെ കൈ പിടിച്ചുകൊണ്ട് അമ്മച്ഛന്‍ ദയനീയമായി വടകരഭാഷയില്‍ ”ഇഞ്ഞി എന്നെ വേദന്യാക്കറെ മോനെ” എന്നപേക്ഷിച്ചപ്പോള്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ ”ഇല്ല” എന്ന് പുറത്തു തട്ടിക്കോണ്ട് പറഞ്ഞതോര്‍മ്മയുണ്ട്.

കെ എന്‍ ധര്‍മ്മപാലന്‍