ചിലരുടെ ക്രൂരതക്ക് ശിക്ഷ എല്ലാവര്‍ക്കും

‘മൃഗവില്പനനിരോധം ക്ഷണിച്ചുവരുത്തിയ വിന’ എന്ന തലക്കെട്ടില്‍ സി കെ ശശി കൊടുങ്ങല്ലൂര്‍ എഴുതിയതിന്റെ അനുബന്ധമായി എഴുതുകയാണ്. 72 കാരനും മുതിര്‍ന്ന പൗരനുമായ എനിക്ക് രാഷ്ട്രീയമോ മതപരമോ ആയ ചായ്‌വുകളില്ല. എന്നാല്‍ സി കെ ശശി എഴുതിയപോലെ സാമ്പത്തീകമായും ഭക്ഷണപരമായും നമ്മുടെ രാജ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഈ നയം മൃഗങ്ങളോട് ക്രൂരത കാട്ടുന്ന ഒരു വിഭാഗം ജനങ്ങള്‍ക്കൊരു പാഠവുമാണ്. എന്നാല്‍ ഇത്തരം നയം കൊണ്ടുവരുന്നവര്‍ ചിന്തിക്കേണ്ടുന്ന ഒരു കാര്യമുണ്ട്. ഈ തരത്തില്‍ അതിനെ ഉദാഹരിക്കാം: ഒരു ക്ലാസിലെ കുറച്ചു കുട്ടികള്‍ അങ്ങേയറ്റത്തെ അതിക്രമം കാണിച്ചാല്‍ ആ കുട്ടികളെ പുറത്താക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിന്ന് പകരം അധികൃതര്‍ ആ ക്ലാസ്സ് തെന്നെ വേണ്ടെന്ന് വെക്കുകയോ എല്ലാ കുട്ടികളെയും ശിക്ഷിക്കുകയോ ചെയ്യുമോ? മൃഗങ്ങളോട് ക്രൂരത കാട്ടുന്നവരെ കണ്ടുപിടിച്ച് ശിക്ഷിക്കാന്‍ യാതൊരു വിഷമവുമില്ലായിരുന്നു. ഓരോ കാലിച്ചന്തകളില്‍നിന്നും പോകുന്നതും അവിടെനിന്ന് കയറ്റി അയക്കുന്നതുമായ വാഹനങ്ങള്‍ പിടികൂടിയാല്‍ മാത്രം മതി, കുറ്റവാളികളെ കണ്ടുപിടിക്കാന്‍.

ധാരാളം പുല്ലുവളരുന്ന എന്റെ ക്രിഷിസ്ഥലത്ത് വളര്‍ത്താന്‍ വേണ്ടി പോത്തുകളെ നോക്കാന്‍ ഇയ്യിടെ പൊള്ളാച്ചി ചന്തയില്‍ പോയിരുന്നു. തെങ്ങിന്ന് കാലിവളവും കിട്ടുമല്ലോ എന്നു കൂടി കരുതിയായിരുന്നു. വില്പനക്കാരനെക്കണ്ട് എങ്ങിനെ എത്തിക്കും? എന്ന എന്റെ ചോദ്യത്തിന്ന് ‘മിനി ലോറിയില്‍ അയക്കും’ എന്ന് ഉത്തരം പറഞ്ഞു. പൊള്ളാച്ചിക്കും കോഴിക്കോടിന്നും ഇടയില്‍ ‘കാലികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുമോ’ എന്ന എന്റെ ചോദ്യത്തിന്ന് വളരെ പരിഹാസത്തില്‍ അവന്‍ ചോദിച്ചു ”പോത്തിന്‍ കുട്ടികള്‍ക്ക് വഴിയില്‍ വെച്ച് ഭക്ഷണവും വെള്ളവുമോ?” ‘ഡ്രൈവര്‍ കഴിക്കും പോത്തിന്‍ കുട്ടികള്‍ കോഴിക്കോടെത്തിയാല്‍ നിങ്ങള്‍ കൊടുത്താല്‍ മതി’. ഈ മനസ്ഥിതിയുള്ളവര്‍ മനുഷ്യര്‍തന്നെയാണോ? എന്നൊരുനിമിഷം ചിന്തിച്ചുപോയി. പൊള്ളച്ചി ചന്തയില്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഞാന്‍ ചെല്ലുമ്പോള്‍ പൊരിവെയിലില്‍ കിടക്കുന്ന നാല്‍ക്കാലികളെയാണ് കണ്ടത്. ഒരു മൂലയില്‍ വലിയ സിമന്റ് ടേങ്കില്‍ ആരെയോ ബോധിപ്പിക്കാനെന്നുള്ള മട്ടില്‍ എന്നോ നിറച്ച പച്ച നിറമുള്ള കലക്ക് വെള്ളമുണ്ട്. അതുതന്നെ കുടിക്കാന്‍ പറ്റാത്ത രീതിയില്‍ കാലികളെയെല്ലാം ഓരോ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇത്തരം പരിതസ്ഥിതികളില്‍ അധികൃതര്‍ ഒന്ന് സന്ദര്‍ശിച്ച് മാതൃകാപരമായി നടപടിയെടുക്കുകയാണെങ്കില്‍ ക്രൂരതക്ക് ഒരു പരിധിവരെ ശമനമുണ്ടാവുമായിരുന്നു. ഞാന്‍ തിരിചുവരുന്നവഴി എന്റെ കാറിന്റെ നേരെ മുന്നില്‍ ഒരു കാളക്കുട്ടനെ മൂക്കുകയറില്‍ കെട്ടിയിട്ടുകൊണ്ട് ഒരു മിനി ലോറിയുണ്ടായിരുന്നു. തമിള്‍നാട്ടിലെ ഉച്ചവെയിലില്‍ ആ ലോറിയിലുള്ള ആ സാധു മൃഗം വാഹനം കുണ്ടില്‍ ചാടുന്നതിന്നനുസരിച്ച് മൂക്കുകയര്‍ വലിഞ്ഞു മുറുകിക്കൊണ്ടിരിക്കുന്ന ആ രംഗം കണ്ടുകൊണ്ട് യാത്ര ചെയ്യാന്‍ വയ്യാതെ കാര്‍ ഡ്രൈവ് ചെയ്തിരുന്ന എന്റെ മരുമകനോട് എങ്ങിനെയെങ്കിലും അതിനെ ഓവര്‍ ടെയ്ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു.

പുതിയ നിയമത്തോടെ എന്റെ കാര്‍ഷികോദ്യമം വെള്ളത്തിലായി. ആ പോത്തിന്‍ കുട്ടികളെങ്കിലും രക്ഷപ്പെടുമായിരുന്നു. അങ്ങിനെ പല കര്‍ഷകരുടെയും സദുദ്യമങ്ങള്‍ വിഫലമായിരിക്കാം!! ചാണകവളം ഒരപൂര്‍വ്വ വസ്തു ആവുന്ന കാലം വിദൂരമല്ലെന്ന് തോന്നുന്നു. സി കെ ശശി എഴുതിയ ക്ഷീര വ്യവസായവും തുകല്‍ വ്യവസായവും പോലെതന്നെ മറ്റ് പല വ്യവസായങ്ങളും തിരോധാനത്തിന്റെ പട്ടികയില്‍ വരും. നാലു പതിറ്റാണ്ടിലധികം ഔഷധ രംഗത്ത് പ്രവര്‍ത്തിച്ച എനിക്കറിയാം ലിവര്‍ എക്സ്റ്റ്രാക്റ്റ് എന്ന മൃഗക്കരളില്‍ നിന്നെടുക്കുന്ന ജീവകം പല രക്തദായക ടോണിക്കുകളിലും ഉണ്ട്. ലെഡര്‍പ്ലെക്‌സ് (Lederplex) എന്ന പ്രസിദ്ധമായ ബി കോമ്പ്‌ളക്‌സ് കമ്പനിതന്നെ അതിന്റെ ഗുണമായി അവകാശപ്പെട്ടിരുന്നു ലിവര്‍ഡിറൈവ്ഡ് വൈറ്റമിന്‍സ് ആണ് അതിലുള്ളതെന്ന്. ഗര്‍ഭ്ഭ കാലങ്ങളില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന പല ടോണിക്കുകളിലും ലിവര്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത്തരം ആരോഗ്യദായകമായ പല ഔഷധങ്ങള്‍ക്ക് വേണ്ടി പല കമ്പനികളും ആശ്രയിക്കുന്നതും കാലികളുടെ കരളിനെയാണ്.

ലിവര്‍ മാത്രമല്ല, മൃഗക്കൊഴുപ്പും വ്യവസായപരമായി വളരെ പ്രാധാന്യമുള്ള ഒന്നാണ്. രാഷ്ടീയക്കാര്‍ പ്രതികാരബുദ്ധിയോടും വെല്ലുവിളികളോടും കൂടി അന്യോന്യം പെരുമാറുന്നത് സാധരണക്കാരനെയും പാവങ്ങളുടെ ആഹാര സമ്പാദനത്തെയും ബാധിക്കുന്നു. ഒരു കൂട്ടര്‍ നടുറോട്ടില്‍ വെച്ച് മൃഗത്തെ അറത്ത് ക്രൂരത കാട്ടുമ്പോള്‍ എതിര്‍പക്ഷത്തുള്ള നേതാവ് വെല്ലുവിളിക്കുന്നു ‘ഡെല്‍ഹിയില്‍ പോയി ചെയ്തുനോക്ക് അപ്പോള്‍ വിവരമറിയാം’ എന്ന്. ബ്രിട്ടീഷുകാര്‍ ഭരിച്ചപ്പോള്‍ അന്ന് ജനങ്ങള്‍ക്ക് ഐക്യമുണ്ടായിരുന്നു. അന്ന് സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യം. ഇന്ന് ലക്ഷ്യം മാറി അവരവരുടെയോ പാര്‍ട്ടിയുടെയോ നേട്ടമായിരിക്കുകയാണ്. എവിടെയാണീ മത്സരബുദ്ധി അവസാനിക്കുക?