ആത്മാഭിമാനം
സെല്‍ഫ് എസ്റ്റീം (Self Esteem)

ലാറ്റിന്‍ ഭാഷയില്‍ ഐസ്റ്റിമേര്‍ (Aestimare) എന്നാല്‍ വില മതിക്കുക എന്നാണര്‍ത്ഥം
നമ്മള്‍ എങ്ങിനെ നമ്മളെത്തന്നെ വിലയിരുത്തുന്നു എന്നതാണ് ചുരുക്കത്തില്‍. ചെയ്യുന്ന പ്രവര്‍ത്തിയെല്ലാം വളരെ ഉഗ്രനാണ്, എല്ലാവരില്‍നിന്നും അഭിനന്ദനങ്ങള്‍ ലഭിയ്ക്കുന്നുണ്ട് എന്നൊരു അനുഭവവും, തോന്നലും ഉണ്ടായാല്‍ സെല്‍ഫ് എസ്റ്റീമിന്ന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.എന്നാല്‍ ഞാനൊന്നിനും കൊള്ളില്ല എന്നെ ആര്‍ക്കും ഇഷ്ടമില്ല എന്നുള്ളൊരു ചിന്താഗതിയുള്ള ആള്‍ക്ക് വളരെ താഴ്ന്ന നിലവാരത്തിലുള്ള സെല്‍ഫ് എസ്റ്റീം ആയിരിക്കും.

അവനവനെപ്പറ്റിയുള്ള ഒരു വിലമതിപ്പ് സ്വയം തോന്നുന്ന അവസ്ഥയാകുന്നു ഇത്. അങ്ങിനെയുള്ള അവസ്ഥയില്‍ അയാള്‍തന്നെ ഒരു തീരുമാനത്തിലെത്തുന്നു. ‘ഞാന്‍ മോശക്കാരനല്ല’ എന്ന്. അങ്ങിനെയൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആരെന്തു പറഞ്ഞാലും ആ ഉറച്ച തീരുമാനത്തില്‍ നിന്ന് മാറ്റം വരുന്നില്ല. ഇതാണ് സെല്‍ഫ് എസ്റ്റീമിന്റെ ഒരു അടിസ്ഥാന സ്വഭാവം. സെല്‍ഫ് എസ്റ്റീം ഉള്ള ഒരാള്‍ അയാളുടെ അക്കഡമിക്ക് എച്ചീവ്മന്റ് (Academic achievement) അഥവാ വിദ്യാഭ്യാസ നേട്ടം അഥവാ വിജയം ഭംഗിയായി പൂര്‍ത്തീകരിച്ചു എന്നും, വിവാഹ ജീവിതം ഭംഗിയായി ആഘോഷിക്കുന്നു എന്നും, എനിക്ക് പറ്റിയ കൂട്ടിനെയാണ് ലഭിച്ചിരിക്കുന്നത് എന്നും, എന്റെ ബന്ധങ്ങളെല്ലാം ശരിയാണെന്നും എന്തിനേറേ… ഒരു കുറ്റവാളിയാണെങ്കില്‍ പോലും ഞാന്‍ ചെയ്തത് ശരിയാണെന്ന രീതിയില്‍ ചിന്തിച്ചു സന്തോഷിക്കുന്നു. ആരും അംഗീകരിക്കാത്ത ഒരെഴുത്തുകാരന്ന് സെല്‍ഫ് എസ്റ്റീം ഉണ്ടെങ്കില്‍ അയാള്‍ സ്വയം സന്തോഷിക്കുന്നു ഞാന്‍ നല്ലൊരെഴുത്തുകാരനാണെന്ന്.

1960 ന്റെ മദ്ധ്യ ഘട്ടങ്ങളില്‍ സോഷ്യോളജിസ്റ്റായിരുന്ന മോറിസ് റോസന്‍ബര്‍ഗ്ഗ് (Morris Rosenberg) സെല്‍ഫ് എസ്റ്റീമിന് നിര്‍വ്വചനം നല്‍കി ‘സ്വയം മതിപ്പ്’ എന്ന ധാരണ എന്ന്. റോസന്‍ബര്‍ഗ്ഗിന്റെ അഭിപ്രായത്തില്‍ സെല്‍ഫ് എസ്റ്റീം എന്നാല്‍ അവനവനെപ്പറ്റിയുള്ള പോസറ്റീവോ നെഗറ്റീവോ ആയ ചിന്താഗതി, ഞാന്‍ എത്രകണ്ട് വിലപ്പെട്ട ആളാകുന്നു എന്റെ കാഴ്ച്ചപ്പാടില്‍ എന്നാകുന്നു. അതിന്ന് അന്നദ്ദേഹം ഒരു സ്‌കെയില്‍ അഥവാ ഒരളവുകോലും ഉണ്ടാക്കി. അതിന്ന് ആര്‍ എസ് ഇ എസ് (R S E) അഥവാ റോസന്‍ ബര്‍ഗ്ഗ് സെല്‍ഫ് എസ്റ്റീം സ്‌കെയില്‍ (Rosenberg Self Esteem Scale) എന്ന് പറയുന്നു സാമൂഹ്യ ശാസ്ത്ര രംഗത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു സ്‌കെയില്‍ അഥവാ അളവ്‌കോല്‍ ആണിത്. മന:ശാസ്ത്രത്തില്‍ സാധാരണ ഉപയോഗിക്കുന്ന അളവു കോലുകളെപ്പോലെ തന്നെ ഇതും പലവിധ ചോദ്യ്ങ്ങളാകുന്നു. അതില്‍ രേഖപ്പെടുത്തുന്ന ഉത്തരങ്ങള്‍ അനുസരിച്ചാണ് തീരുമാനങ്ങളില്‍ എത്തിച്ചേരുന്നത്. ഇത് ലോകത്തിലെ പല ഭാഷകളിലും രൂപപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും പേര്‍ഷ്യന്‍, ഫ്രഞ്ച്, ചൈനീസ്, ഇറ്റലിയന്‍, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നിങ്ങിനെ. 53 മൂന്ന് രാജ്യങ്ങളില്‍ അത് ഉപയോഗത്തിലും ഉണ്ട്.

ഒരാളുടെ മാനസീകാവസ്ഥ; ചോദ്യശരങ്ങള്‍ കൊണ്ട് വിലയിരുത്തുന്ന ഒരു സ്മ്പ്രദായമായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തില്‍ അതിനൊരു മാറ്റം വന്നു.ഒരാളുടെ സെല്‍ഫ് എസ്റ്റീം കുറേ ചോദ്യങ്ങളേക്കാളുപരി മറ്റ് പല പരിതസ്ഥിതികള്‍ക്കനുസരിച്ചായിരിക്കും എന്ന തീരുമാനത്തില്‍ മന:ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഈയൊരു സ്വഭാവ വിശേഷം ഉള്ള ഒരാള്‍ക്ക് മാനസീക പ്രശ്‌നമുണ്ടെങ്കില്‍ ശരിയാക്കാനും എളുപ്പമുണ്ടെന്ന് മന:സ്സിലായി. അതില്ലാത്ത ഒരാള്‍ വിഷാദ രോഗത്തിന്ന് വേഗം അടിമപ്പെടുന്നു. വിഷാദം, ആകാക്ഷ, കോപം എന്നിവ കൂടുതലുള്ള വ്യക്തികളുടെ സെല്‍ഫ് എസ്റ്റീം താഴ്ന്ന നിലവാരത്തിലുള്ളതായിരിക്കും. ഇത് ഒരു പാരമ്പര്യമായ സംഗതിയല്ല. എന്നാല്‍ മിക്കവാറും താന്‍ ആര്‍ജ്ജിച്ച വിശ്വാസങ്ങളില്‍ അധിഷ്ടിതമായിരിക്കും. അവനവനെയും ചുറ്റുപാടുമുള്ള ലോകത്തെയും ഒരാള്‍ എങ്ങിനെ വ്യാഖ്യാനിക്കുന്നുവോ അതിന്നനുസരിച്ചിരിക്കും ഒരാളുടെ സെല്‍ഫ് എസ്റ്റീം. എങ്ങിനെ തീരുമാനമെടുക്കുന്നു, എങ്ങിനെ ചിന്തിക്കുന്നു എന്നിങ്ങിനെ. പോസിറ്റീവ് സെല്‍ഫ് എസ്റ്റീം ഉള്ളവര്‍ക്ക് ന്യായാന്യായങ്ങള്‍ പരിഗണിച്ചുകൊണ്ട് തന്റെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നു.

സെല്‍ഫ് എസ്റ്റീം ഉള്ള ഒരാള്‍ക്ക് വിഷാദം ഉണ്ടാവില്ല.അബ്രഹാം മാസ്ലോ (Abraham Maslow) എന്ന ഒരു അമേരിക്കന്‍ മന:ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. അദ്ദേഹം മാനസീകരോഗ്യത്തിന്റെ ചവിട്ടുപടികളായി പല കാര്യങ്ങള്‍ ഒരു പിരമിഡ് രൂപത്തില്‍ വരച്ചുകാട്ടി. ആ പിരമിഡിന്റെ അടിത്തട്ടില്‍ പ്രാഥമീകാവശ്യങ്ങളായ ഭക്ഷണം വസ്ത്രം എന്നീ ആവശ്യങ്ങളായിരുന്നു. അവ കഴിഞ്ഞ്, സുരക്ഷിതത്വം, സ്‌നേഹം എന്നിവ. അതെല്ലാം കഴിഞ്ഞ് പിരമിഡിന്റെ മുകളിലേക്ക് കയറിക്കയറി സെല്‍ഫ് ആക്ചുലൈസേഷന്‍ (Self actualization) എന്ന അവസാനത്തെ അവസ്ഥയെട്ടുന്നതിന്ന് തൊട്ടുമുന്‍പുള്ള ചവിട്ടുപടി സെല്‍ഫ് എസ്റ്റീം (Self Esteem) ആകുന്നു. അതായത് മാനസീകമായി പരിപൂര്‍ണ്ണ സംതൃപ്തിയിലേക്ക് യാത്രയാവുന്ന ഒരു മനുഷ്യന്റെ ചവിട്ടുപടിയിലൊന്നാണ് സെല്‍ഫ് എസ്റ്റീം.അങ്ങിനെ ലക്ഷ്യസ്ഥാനത്തെത്തുന്നയാള്‍ക്ക് യാഥാര്‍ത്ഥ്യബോധം വര്‍ദ്ധിക്കുന്നു എന്നും, അവര്‍ക്ക് സുദൃഢമായ ബന്ധങ്ങളുള്ള യഥാര്‍ത്ത സുഹൃത്തുക്കളായിരിക്കും തങ്ങളുടെ സുഹൃദ് വലയത്തില്‍ ഉണ്ടായിരിക്കുക എന്നും ചപ്പ് ചവറുപോലെയുള്ള ആഴമില്ലാത്ത ബന്ധങ്ങള്‍ ഉണ്ടാവില്ലെന്നും അബ്രഹാം മാസ്ലോ തന്റെ പഠനത്തില്‍ മനസ്സിലാക്കി. ഇന്ന് നമ്മുടെ ഫെയ്‌സ് ബൂക്ക് ബന്ധങ്ങളില്‍ ആഴമില്ലാത്തവ നിരവധിയായിരിക്കും പൊങ്ങച്ചത്തോടെ ‘എനിക്കിത്ര ഫേയ്‌സ്ബുക്ക് സുഹൃത്തുക്കളുണ്ടെന്നും’ എനിക്കിത്ര ലൈക്ക് കിട്ടി എന്നും മറ്റും പറയുന്നവര്‍ നിരവധിയാണ്. അബ്രഹാം മാസ്ലോവിന്റെ മറ്റൊരു നിരീക്ഷണം ഇങ്ങിനെ സെല്‍ഫ് ആക്ചുവലൈസേഷനില്‍ എത്തിയവര്‍ മിക്കവാറും പരാശ്രയമില്ലാതെ ജീവിക്കുന്നവരായിരിക്കും എന്നുള്ളതാകുന്നു. സാമൂഹ്യ ജീവിതത്തില്‍നിന്ന് അവര്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നില്ല. എന്നാല്‍ അവര്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. ഭൂതകാലത്തെപ്പറ്റി സങ്കടപ്പെടാതെയോ ഭാവിയെപ്പറ്റി ആശങ്കപ്പെടാത്തെതോ ആയ ഇവര്‍ വര്‍ത്തമാനകാലത്തില്‍ സന്തോഷത്തോടെ ജീവിയ്ക്കുന്നു. ‘അങ്ങിനെ സംഭവിച്ചാന്‍ എന്തുചെയ്യും’ എന്നൊരാശങ്ക അവര്‍ക്കില്ല. പരാജയങ്ങളില്‍ ധൈര്യംവിടാതെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയും പ്രശ്‌നങ്ങള്‍ വന്നാല്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുമായി സാമ്പത്തീകമോ വ്യക്തിപരമോ ആയ വ്യത്യാസങ്ങള്‍ അവര്‍ക്കില്ല.

സെല്‍ഫ് എസ്റ്റീം കുറഞ്ഞവര്‍ എല്ലായ്‌പ്പോഴും തന്നെത്തന്നെ വിമര്‍ശിച്ചുകൊണ്ടിരിയ്ക്കുന്നു. സ്വയം വന്ന തെറ്റുകളെല്ലാം പെരുപ്പിച്ച് പറയുന്നു. തന്നെ ആരെങ്കിലും വിമര്‍ശിച്ചാല്‍ തന്നെ അതവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിയ്ക്കുന്നില്ല. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് പേടിച്ച് പലതും അവര്‍ വീണ്ടും ചെയ്യാന്‍ മടിയ്ക്കുന്നു. മറ്റുള്ളവരെ വെറുപ്പിക്കേണ്ടെന്ന് കരുതി കൂടുതല്‍ സ്‌നേഹം അഭിനയിച്ചു കാണിയ്ക്കുന്നു. പെര്‍ഫെക്ഷനിസം എന്ന ലക്ഷ്യത്തെ ആഗ്രഹിക്കുന്ന ഇവര്‍ക്ക് ‘ഇത് ശരിയായിട്ടില്ലെന്ന തോന്നലില്‍’ പലതും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. സദസ്സിലോ മറ്റ് പലതിലുമോ സ്ഥാനം ലഭിയ്ക്കുന്നില്ലെന്ന ഒരു തോന്നല്‍ ഇവര്‍ക്ക് സാധാരണം.

ഇതിഹാസമായ മഹാഭാരതത്തിലെ കര്‍ണ്ണന്‍ സ്വന്തം ജീവിതത്തിന്റെ മൂല്യം സംരക്ഷിക്കാന്‍ എന്നും പ്രവര്‍ത്തിച്ച ഒരു വ്യക്തിയായിരുന്നു. കഴിവു കാണിക്കാന്‍ ലഭിച്ച പല സന്ദര്‍ഭ്ഭങ്ങളിലും താന്‍ അര്‍ജ്ജുനനേക്കാള്‍ കേമനാണെന്ന് തെളിയിക്കാന്‍ ഒരുങ്ങുമ്പോഴേക്ക് രാജകുമാരനാണെന്നുള്ള തെളിവില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സെല്‍ഫ് എസ്റ്റീം വ്രണപ്പെട്ടു. അങ്ങിനെയുള്ള ഘട്ടത്തില്‍ ദുര്യോധനന്‍ അംഗരാജാവായി വാഴിച്ചപ്പോള്‍ കര്‍ണ്ണന്റെ സെല്‍ഫ് എസ്റ്റീം വര്‍ദ്ധിച്ചു. ഈയൊരൊറ്റ കാരണം കൊണ്ട് ജീവിതകാലം മുഴുവന്‍ ദുര്യോധനന്റെ ആത്മ സുഹൃത്തായത്, സെല്‍ഫ് എസ്റ്റീമിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നു. പാണ്ഢവര്‍ തന്റെ സഹോദരന്മാരാണെന്ന് കുന്തിയും കൃഷ്ണനും അറിയിച്ചിട്ടുപോലും ആ മനസ്ഥിതിക്ക് മാറ്റം വരുന്നില്ല. എതിരാളിയായ അര്‍ജ്ജുനനോടെതിരിട്ട് വിജയിച്ച് തന്റെ സെല്‍ഫ് എസ്റ്റീം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുവാനായിരുന്നു കര്‍ണ്ണന്റെ ലക്ഷ്യം.

സെല്‍ഫ് എസ്റ്റീം വര്‍ദ്ധിപ്പിക്കാനുള്ള ചില സന്ദേശങ്ങള്‍:
· മനസ്സിലെ അന്ധകാരമായ ഭാഗങ്ങളുമായി മല്ലിട്ട് അവിടെ മാപ്പ് നല്‍കി വെളിച്ചം വരുത്തുക.
· ഞാന്‍ എന്നെയാണ്ശ്രദ്ധിക്കുന്നത്. മറ്റുള്ളവരെയല്ല.
· നിങ്ങളുടെ സ്‌നേഹവും, നിങ്ങളുടെ കടപ്പാടും നിങ്ങള്‍ക്ക് വേണ്ടത് നിങ്ങളോട് തന്നെയാകുന്നു.
· നിങ്ങളുടെ ചുറ്റിലും ഉള്ള നിശ്ശബ്ദത, നിങ്ങളെ അപമാനിക്കാന്‍ ഇട വരരുത്. അതായത് അങ്ങിനെയുള്ള സന്ദര്‍ഭ്ഭങ്ങളില്‍ നിങ്ങള്‍ക്ക് നേരിട്ട അപമാനങ്ങളെക്കുറിച്ച് ചിന്തിക്കരുത് എന്നര്‍ത്ഥം. അത്തരം ഏകാന്തതകള്‍ ഒരാള്‍ക്ക് അസഹനീയമായിരിക്കും എന്നായിരുന്നു മാര്‍ക്ക് ട്വയിന്‍ പറഞ്ഞത്.
· മറ്റാരെങ്കിലുമാവാന്‍ ആഗ്രഹിക്കരുത്. നിങ്ങള്‍ നിങ്ങളാകുന്നു.

വാര്‍സാന്‍ ഷയര്‍ (Wrsan Shire) എന്ന കെനിയന്‍ വംശജയായ ഒരു കവയത്രിയുണ്ട് ലണ്ടനില്‍. അവര്‍ ബ്രിട്ടനിലെ പ്രസിദ്ധയായ ഒരു കവയിത്രി മാത്രമല്ല, ഒരദ്ധ്യാപികയും പത്രാധിപയും കൂടിയാകുന്നു യുവതിയായ അവര്‍ പറയുന്നു..’ഞാന്‍ സുന്ദരിയായിരിക്കണമെന്നത് എന്റെ ഉത്തരവാദിത്വമല്ല. ഞാന്‍ അതിനല്ല ജീവിച്ചിരിക്കുന്നതും. നിങ്ങളെന്നെ എങ്ങിനെ കാണുന്നു എന്നത് എന്റെ വിഷയമല്ല. ഇത് ഫെമിനിസത്തിന്റെ ഒരു സെല്‍ഫ് എസ്റ്റീം ഭാഗമായി കണക്കാക്കപ്പെടുന്നു.

ഒരാളിലെ യഥാര്‍ത്ത വ്യക്തിത്വം എന്താണോ, അതാവാന്‍ അയാളെ അനുവദിക്കുകയാണ് വേണ്ടതെന്ന് ജിം മോറിസണ്‍ (Jim Morrison) എന്ന ഫ്‌ളോറിഡയിലെ റോക്ക് മ്യുസിക്ക് കാരനും, കവിയും പല പുസ്തകങ്ങളുടെ കര്‍ത്താവും ആയ ജിം മോറിസണ്‍ പറയുന്നു. നിങ്ങള്‍ ജീവിതത്തില്‍ പലരും ആയി അഭിനയിക്കുന്നു. ആ അഭിനയമാണ് പലരും നിങ്ങളെ ഇഷ്ടപ്പെടാനോ ഇഷ്ടപ്പെടാതിരിക്കാനോ കാരണം. അതില്‍ നിങ്ങള്‍ എന്ന മനുഷ്യനില്ല അതിനാല്‍ യഥാര്‍ത്ത ത്രിപ്തിയും വരുന്നില്ല.. നിങ്ങളില്‍ സെല്‍ഫ് എസ്റ്റീം (Self esteem) ഇല്ലാത്തതിനാലാണത് സംഭവിക്കുന്നത്. പെര്‍സോണ (Persona) എന്നാല്‍ മുഖം മൂടി എന്നാണര്‍ത്ഥം. അങ്ങിനെ പെര്‍സോണ ധരിച്ച ആളായത് കൊണ്ടാകുന്നു പെര്‍സൊണാലിറ്റി (Personality) എന്ന വാക്കുണ്ടായത്.ഒരു വ്യക്തിയെ താഴോട്ടേക്ക് പിടിച്ചുവലിക്കുന്നത് അയാള്‍ തന്നെയാകുന്നു. അമേരിക്കയിലെ ഒരു വലിയ ഡ്രാമ എഴുത്തുകാരനായിരുന്നു ടെന്നസ്സി വില്യംസ്. അദ്ദേഹം പറയുകയുണ്ടായി. ‘ഒരിക്കല്‍ ഒരു സമയം വരും അന്ന് നിങ്ങള്‍ കണ്ണാടി നോക്കും അപ്പോള്‍ മനസ്സിലാവും ഈ കണ്ണാടിയില്‍ കാണുന്ന ഞാന്‍ മാത്രമാകുന്നു സത്യം. അത് സ്വീകരിക്കും.

സ്വിറ്റ്‌സര്‍ലാന്റ് കാരനായ ലോകപ്രസിദ്ധനായ ഒരു മന:ശാസ്ത്രജ്ഞനായിരുന്നു സി ജി യുങ്ങ്. (Carl Jung) അദ്ദേഹമായിരുന്നു മന:ശാസ്ത്രത്തിലെ എനലറ്റിക്കല്‍ സൈക്കോളജി എന്ന വിഭാഗത്തിന്റെ ഉപജ്ഞാതാവ്. നമ്മള്‍ ഇന്ന് സാധാരണ സംസാരത്തില്‍ മറ്റുള്ളവരെപ്പറ്റി പറയുന്ന സ്വഭാവ സവിശേഷതകളായ എക്‌സ്റ്റ്രോവര്‍ട്ട് (Extrovert), ഇന്റ്രോവര്‍ട്ട് (Introvert) എന്നീ മുഖങ്ങളെപ്പറ്റി വിവരണം നല്‍കിയ ശാസ്ത്രജ്ഞനായിരുന്നു യുങ്ങ്. മന:ശാസ്ത്ര പിതാവെന്നറിയപ്പെടുന്ന വിയന്നക്കാരനായ സിഗ്മ്ണ്ട് ഫ്രോയിഡുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യൂങ്ങ് സെല്‍ഫ് എസ്റ്റീമുമായി ബന്ധപ്പെടുത്തി പറഞ്ഞത് ‘നിങ്ങള്‍ നിങ്ങളുടെ ഉപബോധമനസ്സിലെ കാര്യങ്ങള്‍ ബോധമനസ്സില്‍ കൊണ്ടുവരാത്തത് കാരണം അത് നിങ്ങളുടെ ജീവിതത്തെ നയിക്കുകയും അതിനെ വിധി എന്ന് പറയുകയും ചെയ്യുന്നു, അങ്ങിനെ അത് സെല്‍ഫ് എസ്റ്റീമിനെ ബാധിയ്ക്കുന്നു. പ്രശ്‌നങ്ങളെ നേരിടാന്‍ തയ്യാറാവാത്ത മനുഷ്യന്‍ വിധിയെ പഴിയ്ക്കുന്നു.

ഗൗതമ ബുദ്ധന്റെ വാക്കുകളില്‍ ‘നിങ്ങള്‍ ലോകം മുഴുവന്‍ അന്വേഷിക്കുക, നിങ്ങളുടെ ഏറ്റവും വലിയ അല്ലെങ്കില്‍ പ്രഥമസ്ഥാന സ്‌നേഹത്തിന്ന് നിങ്ങളല്ലാതെ മറ്റാര്‍ക്കും അര്‍ഹതയുണ്ടോ?’ എന്ന്. അവസാനം ഉത്തരം ലഭിക്കും അത് നിങ്ങള്‍ തന്നെയാണ് എന്ന്. നിങ്ങളുടെ മുക്തിക്ക് നിങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുക എന്നദ്ദേഹം പറഞ്ഞു. രത്‌നങ്ങളുടെ ശേഖരമന്വേഷിച്ച് നിങ്ങള്‍ പുറമെയെവിടെയും പോകേണ്ട. അത് നിങ്ങളുടെ മനസ്സില്‍ തന്നെയുണ്ട്.

മാനുഷീക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സെല്‍ഫ് എസ്റ്റീംകാര്‍; കണ്ടത് തുറന്നുപറയുന്നവരാകുന്നു. അംഗീകരിച്ചാലും ഇല്ലെങ്കിലും അതവര്‍ക്ക് വിഷയമല്ല. കൈമാറുന്ന സന്ദേശങ്ങളിലുള്ള മനോഭാവം (feeling) അവര്‍ വേണ്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നു. അതില്‍ അവര്‍ക്ക് മറ്റുള്ളവരെ വേദനിപ്പിക്കണമെന്ന വിചാരം ഉണ്ടായിരിക്കില്ല. മറ്റുള്ളവര്‍ രോഷം, ഭീതി, കുറ്റബോധം എന്നിവ പ്രകടിപ്പിക്കുന്നത് അവര്‍ ഉള്‍ക്കൊള്ളുന്നു.ഞാന്‍ ചെയ്യുന്ന എല്ലാപ്രവര്‍ത്തികള്‍ക്കും ലോകത്തോട് കണക്കുപറയേണ്ടിവരും എന്ന് വിചാരിക്കുന്ന ഇവര്‍ അറിഞ്ഞുകൊണ്ട് ഹാനികരമായ ഒന്നുംതന്നെ ചെയ്യുന്നില്ല. ജനങ്ങളോട് ഒരു വാഗ്ധത്തം ചെയ്യുമ്പോള്‍ എനിക്കത് സാധിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തോടു കൂടിയേ അവരത് ചെയ്യൂ. ഇന്ന് അധികാരത്തിലേറുന്ന രാഷ്ടീയക്കാര്‍ എലക്ഷന് ജയിക്കാന്‍ വേണ്ടീ പറയുന്ന വാക്കുകളെപ്പോലെയല്ല അവ.

Categories: Mental Health