ജനറലിസ്ഡ് ആങ്ക്‌സൈറ്റി ഡിസോര്‍ഡര്‍ (GAD)

ആമുഖം
നമ്മളില്‍ ചിലര്‍ക്കെങ്കിലും കണ്ടു വരുന്ന ഒരു പ്രത്യേകതയാണ് ജോലി, സാമുദായിക ബന്ധങ്ങള്‍, സാമ്പത്തീക കാര്യങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അകാരണമായതും ആനുപാതികമല്ലാത്തതുമായ ഉല്‍കണ്ഠകള്‍. ജോലിക്ക് പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തുന്നത് വരെ ഭാര്യ ഉല്‍കണ്ഠപ്പെടുന്നു. അതുപോലെ മറിച്ചും ഉണ്ടാവുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ തിരിച്ചു വരുന്നത് വരെ ഇതേ അവസ്ഥ!! തന്റെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ നിന്ന് വരുന്ന ഏതോ ഒരു വാഹനം അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന ഒരു അവ്യക്ത വാര്‍ത്തയില്‍ ഒരമ്മയോ അച്ഛനോ ബേജാറാവുന്നത് സാധാരണം മാത്രമാകുന്നു. അതില്‍ ഒരു പ്രത്യേകതയും ഇല്ല. എന്നാല്‍ എന്നും കുട്ടി സ്‌കൂളിലേക്ക് പോയിക്കഴിഞ്ഞാല്‍ തിരിച്ചു വരുന്നത് വരെ ബേജാറായി, വീട്ടിലെ മറ്റൊരു ജോലിയും ചെയ്യാതെ, ടി വി യൊന്നും കാണാതെ, മേശപ്പുറത്ത് വന്നുകിടക്കുന്ന മാസികകളൊന്നും മറിച്ചു നോക്കാതെ, ദിനപത്രം പോലും വായിക്കാതെ, ഉല്‍ക്കണ്ഠപ്പെട്ട് ഇരുന്ന് കഴിഞ്ഞാല്‍ അതില്‍ എന്തോ ഒരു തകരാറുണ്ട്. അങ്ങിനെയുള്ള വ്യക്തിക്ക് ചിലപ്പോള്‍ ഒരു കൗണ്‍സലറുടെ ആവശ്യമുണ്ടാവാം.

മനുഷ്യനില്‍ സര്‍വ്വവ്യാപ്തിയുള്ള ഒരു വികാരമാകുന്നു ഉല്‍കണ്ഠ. മന:ശാസ്ത്രത്തില്‍ ആങ്ക്‌സൈറ്റി ഡിസോര്‍ഡറുകളുടെ പല വിഭാഗത്തിലുള്ള ഒരു ശ്ര്ംഖലതന്നെയുണ്ട്. അതുകൊണ്ടുതന്നെ അത് ഒരു ചികിത്സാപരമായ ഒരു ദൃഷ്ടികേന്ദ്രത്തില്‍ പെടുന്നു. നോസൊളജി (nosology)എന്ന രോഗം തരം തിരിക്കുന്ന ശാസ്ത്രം, എപിഡമിയോളജി (epidemiology)എന്ന രോഗ വിഭാഗങ്ങള്‍, ഏരിയ എന്നിവയെ തരം തിരിക്കുന്ന ശാസ്ത്രം, സൈക്കൊ ബയോളജി (psychobiology)എന്ന ജീവ ശാസ്ത്രം, മന:ശാസ്ത്രം, നാഡീ സംബന്ധം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള, പരസ്പര ബന്ധപരമായ ധാരണാ പഠനങ്ങള്‍ എന്നീ ശാസ്ത്ര ശാഖകളുടെ വളര്‍ച്ച, ഉല്‍കണ്ഠാ രോഗങ്ങളെപ്പറ്റി കൂടുതല്‍ അറിവു നേടാന്‍ പര്യാപ്തമായി. ന്യുറോട്ടിക്ക് പ്രശ്‌നങ്ങള്‍ എന്നു പറയുന്നത് പ്രാഥമികമായി മാനസീക പിരിമുറുക്കവുമായി ബന്ധപ്പെട്ടതാകുന്നു. മനസ്സിന്ന് സമ്മര്‍ദ്ദം വരുമ്പോള്‍ നമ്മള്‍ അതിന്ന് പ്രതികരിക്കാനും അതുമായി പൊരുത്തപ്പെടാനും ശ്രമിക്കുന്നു. ഇങ്ങിനെയുള്ള പൊരുത്തപ്പെടല്‍സാമുദായിക സാമ്പത്തീക ചുറ്റുപാടുകളുമായി ബന്ധപ്പെട്ടതാകുന്നു. സംസ്‌കാരം, രോഗ ലക്ഷണങ്ങളെ പ്രകടിപ്പിക്കുന്ന രീതികള്‍ മാറ്റുന്നു. ”എനിക്ക് ഇന്ന രോഗമുണ്ട് അല്ലെങ്കില്‍ എന്റെ മാനസീകാവസ്ഥ ഇന്നതാണെന്ന്” ഒരാള്‍ തുറന്നു പറയുന്നത് അതിന്നനുസരിച്ചായിരിക്കും. ശരീരത്തിന്റെ മറ്റേത് അവയവത്തിന്ന് വരുന്ന രോഗത്തെപ്പോലെ മനസ്സിന്ന് വരുന്ന രോഗത്തേയും തുറന്നു പറയേണ്ടതാകുന്നു അല്ലെങ്കില്‍ അങ്ങിനെയുള്ള ഒരു സാഹചര്യം നമ്മുടെ സമുദായം ഉണ്ടാക്കിയെടുക്കേണ്ടതാകുന്നു. അങ്ങിനെയുള്ള കാഴ്ച്ചപ്പാടില്‍ രോഗിക്ക് സഹജീവികളുടെ സഹായം ലഭിക്കും. മരുന്നിനേക്കാള്‍ ആവശ്യം അത്തരത്തിലുള്ള ഒരു കാഴ്ച്ചപ്പാടാകുന്നു. ഒരു കൗണ്‍സലര്‍ ആയ ഈ ലേഖകന്‍ ഒരു വലിയ ബോര്‍ഡ് വെച്ച് പ്രാക്ടീസ് ചെയ്യാത്തത് ഇതുകൊണ്ടാകുന്നു. കയറിവരുന്ന ആള്‍ക്ക് മനസ്സില്‍ ഒരു വല്ലായ്മ ഉണ്ടാവാന്‍ പാടില്ല. ഉല്‍ക്കണ്ഠയുള്ള ഒരാളെ ഒരിക്കലും കളിയാക്കരുത്. അവരോട് തന്മയീഭാവമാണ് വേണ്ടത്. എനിക്ക് ഇങ്ങിനെ വന്നാല്‍ എന്ന ചോദ്യം കളിയാക്കുന്നവര്‍ സ്വയം ചോദിക്കണം. ഇന്ത്യയില്‍ നടത്തിയ പല പഠനങ്ങളിലും ഈ കാഴ്ച്ചപ്പാട് വളരെ കുറവാകുന്നു.

GAD ലക്ഷണങ്ങള്‍:
അമിതമായതും തുടര്‍ച്ചയായതുമായ ബേജാറുകള്‍, അവയെക്കുറിച്ചുള്ള അയഥാര്‍ത്ഥ്യമായ കാഴ്ച്ചപ്പാടുകള്‍, സ്വയ്‌ര്യ വിഹീനമായതും അസ്വസ്ഥ ചിന്തയുള്ളതുമായ കാഴ്ച്ചപ്പാടുകള്‍, കോപംവരല്‍, പേശീദ്ര്ഢത, വിയര്‍ക്കല്‍, അശ്രദ്ധ, മനം പിരട്ടല്‍, ഇടക്കിടെ ബാത്‌റൂമില്‍ പോകണമെന്ന തോന്നല്‍, ഒന്നുകില്‍ നിദ്രാവിഹീനത അല്ലെങ്കില്‍ കൂടുതലുറക്കം, ചെറിയ വിറയല്‍, പെട്ടന്ന് പരിഭ്രമിക്കല്‍ ഇവയെല്ലാം ജനറല്‍ ആങ്ക്‌സൈറ്റി ഡിസോര്‍ഡറിന്റെ ചില ലക്ഷണങ്ങളാകുന്നു
ഈ ലക്ഷണങ്ങളെല്ലാം ഒരാള്‍ക്ക് ഒരുമിച്ചുണ്ടാവണമെന്നില്ല. ചിലത് മാത്രം ആയിരിക്കും ലക്ഷണം. ഇവയെല്ലാം കൂടാതെ ചിലപ്പോള്‍ ഫോബിയ(phobia) ഉണ്ടാവാം, വിഷാദം (depression) ഉണ്ടാവാം, ഒബ്‌സസ്സീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍ ഉണ്ടാവാം (OCD). അമേരിക്കയില്‍ ഇത് ജനസംഖ്യയുടെ അനുപാതത്തില്‍ 3.1 ശതമാനമാകുന്നു. 68 ലക്ഷം പേര്‍

കാരണങ്ങള്‍:
കാരണങ്ങള്‍ ചിലപ്പോള്‍ പാരമ്പര്യമാവാം, ചിലപ്പോള്‍ മസ്തിഷ്‌കത്തിലെ രസതന്ത്രത്തിലുള്ള വ്യതിയാനങ്ങള്‍ ആവാം, വളരെ അടുത്ത ആരെങ്കിലും മരിച്ച പോലെയുള്ള സാഹചര്യ കാരണങ്ങളും ആവാം. വിവാഹമോചനവും മയക്കുമരുന്നുകളുടെ അടിമത്തവും സാഹചര്യ കാരണങ്ങളില്‍ പെട്ടതു തന്നെ.

രോഗനിര്‍ണ്ണയം:
ആരോഗ്യപരവും, മാനസീകപരവും, കുടുമ്പവിഷയ പരവും ആയ പല വിധ ചോദ്യങ്ങള്‍കൊണ്ടാണിത് കണ്ടുപിടിക്കുന്നത്. നമ്മുടെ നാട്ടില്‍ സാധാരണയായി ഇതിന്ന് ലാബറട്ടറി പരിശോധനകള്‍ വലിയ മാനസീകാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമേ കാണുകയുള്ളൂ. ചെയ്യുന്ന ജോലിയിലുള്ള താല്പര്യക്കുറവ്, ആവശ്യമില്ലാതെ ജോലിക്ക് പോകാതിരിക്കുക എന്നിവ കൊണ്ടും ഇത് ചിലപ്പോള്‍ കണ്ടുപിടിക്കാവുന്നതാണ്. ഒരു മന:ശാസ്ത്ര വിദഗ്ദ്ധനോ, മനോ രോഗ വിദഘ്ദ്ധ്‌നോ, കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റിനോ ഇത് ചികിത്സിക്കാന്‍ സാധിക്കും.

ചികിത്സാ രീതികള്‍:
കൗണ്‍സലിങ്ങ് അഥവാ സൈക്കോ തിറാപ്പിയാകുന്നു ഇതിന്റെ ചികിത്സാരീതികള്‍. ചിലപ്പോള്‍ മരുന്നുകളും വേണ്ടി വന്നേക്കാം. പ്രധാന ചികിത്സാരീതിയായ കൗണ്‍സലിങ്ങ് അഥവാ ടോക്ക് തിറാപ്പിയില്‍ തിറാപ്പിസ്റ്റിന്റെ കൂടെ കുറേസമയം ചെലവഴിക്കേണ്ടി വരും. അങ്ങിനെയാണ് ആകാംക്ഷ കുറച്ചു കൊണ്ട് വരുന്നത്. കോഗ്നിറ്റീവ് ബിഹേവിയറല്‍ തിറാപ്പി എന്ന ഒരു ചികിത്സാ രീതി കൗണ്‍സിലിങ്ങിന്റെ ഭാഗമാകുന്നു. ഇത് വളരെ പ്രയോജനപ്പെടുന്ന ഒരു രീതിയാകുന്നു. ഈ രീതിയില്‍ ചില പ്രത്യേക രീതി വഴി അല്ലെങ്കില്‍ ശേഷി വഴി വ്യക്തി സാധാരണ ജീവിതത്തിലേക്ക് മെല്ലെ മെല്ലെ തിരിച്ചു വരുന്നു. മരുന്നുകളില്‍ പ്രധാനം ആന്റി ഡിപ്രസന്റ്, ആന്റി ആങ്ക്‌സൈറ്റി, ബെന്‍സോഡയാസപീന്‍സ് (benzodiazepine)എന്നീ വിഭാഗത്തില്‍ പെടുന്നവയാകുന്നു. നമ്മുടെ സാധാരണ ജീവിതത്തില്‍ പല ശീലങ്ങളും കൊണ്ടുവന്നാല്‍ ഉല്‍കണ്ഠ കുറയുന്നതാണ്. ചിരിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ ക്കും അറിയാം. ശരിക്ക് ചിരി വരാതെ കള്ളച്ചിരിയായി ചിരിക്കുന്നത് പോലും ഗുണം ചെയ്യുമെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ധ്യാനം, യോഗ എന്നിവയെല്ലാം നല്ലതാകുന്നു. വ്യായാമം തിരഞ്ഞെടുക്കുമ്പോള്‍ അവനവന്‍ ആസ്വദിക്കുന്ന രീതിയിലുള്ളവ തിരഞ്ഞെടുക്കുക. അല്ലാതെ പറഞ്ഞ് ചെയ്യിക്കുന്ന രീതിയിലുള്ളവ ആവാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ വേണ്ടിവന്നാല്‍ അതും ആവാം. വ്യായാമത്തിന്റെ ആദ്യത്തെ ദിവസം തന്നെ ഫലം പ്രതീക്ഷിക്കരുത്. സാധാരണ ഗതിയില്‍ ഒരാഴ്ച്ചയെങ്കിലും വേണ്ടിവരും ഉദ്ദ്യേശിച്ച മാനസീക നില കൈവരാന്‍.

ഒമേഗ3 (Omega3) ഫാറ്റി ആസിഡ് ഉല്‍കണ്ഠ കുറക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാപ്പികുടി കുറച്ച് ആ സ്ഥാനത്ത് ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ നല്ലതാകുന്നു. കൂടുതല്‍ സമയം വിശന്നിരിക്കാന്‍ വയറിനെ അനുവദിക്കരുത്. ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞ ഒരു നേരത്തെയും ഭക്ഷണം ഒഴിവാക്കരുത്. ജോലിയില്‍ ആവുന്നത് പോലെ ചെയ്യുക. പെര്‍ഫെക്ഷന്‍ എന്ന അവസ്ഥക്ക് മെനക്കെടരുത്. ഇതു പോയാല്‍ എനിക്ക് മറ്റൊരു ജോലി ലഭിക്കും എന്ന മാനസീകാവസ്ഥ ഉണ്ടാക്കിയെടുക്കണം ഏതു കാരണത്തില്‍ ആണ് നിങ്ങള്‍ക്ക് ഉല്‍കണ്ഠയുണ്ടാവുന്നത് എന്ന് കണ്ടുപിടിച്ച് അതൊഴിവാക്കുക. ഇന്ന് ഞാന്‍ ഓഫീസില്‍ പോയാല്‍ എനിക്ക് ഇന്ന മാനസീക വിഷമം ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട് എന്ന രീതിയില്‍ മുന്‍കൂട്ടി കണക്ക് കൂട്ടാതിരിക്കുക. എനിക്ക് അങ്ങിനെ ചെയ്യാമായിരുന്നു എന്ന ധാരണ പാടില്ല. കഴിഞ്ഞത് കഴിഞ്ഞു എന്ന സത്യം മനസ്സിലാക്കുക.
ആകാംക്ഷ ഒരു തകരാറല്ല. അത് മനുഷ്യന്റെ ഒരു സാധാരണ വികാരമാകുന്നു. സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള മാനസീകാവസ്ഥയാകുന്നു. മനുഷ്യാരഭകാലം മുതല്‍ തന്നെ അതുണ്ട്. അപകടാവസ്ഥ തരണം ചെയ്‌വാന്‍ സഹായിക്കുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന്ന് ആനുപാതികമല്ലാതാവുമ്പോള്‍ മാത്രം അത് ലഘൂകരിക്കേണ്ടത് ആവശ്യമാകുന്നു.മന:ശാസ്ത്ര പഠനം പുരോഗമിച്ച രാജ്യങ്ങളില്‍ രോഗ നിര്‍ണ്ണയം നടത്തുവാനുള്ള സ്‌ക്രീനിങ്ങ് ഉപകരണങ്ങള്‍ ഉണ്ട്. ഭാരതത്തില്‍ അവ താരതമ്യേന കുറവാകുന്നു. അതുകൊണ്ടുതന്നെ രോഗ നിര്‍ണ്ണയത്തെയും ബാധിക്കുന്നു. അതുപോലെതന്നെ ആദ്യം പറഞ്ഞ എപിഡെമിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയില്‍ കുറവായതിനാല്‍ ഏത് വിഭാഗത്തിലോ, ഏത് പ്രദേശത്തോ ആണ് ഉല്‍ക്കണ്ഠാ രോഗങ്ങള്‍ കൂടുതല്‍ എന്ന് വസ്തുനിഷ്ടമായി കണ്ടുപിടിക്കാനും സാധിച്ചിട്ടില്ല.

2013 ഒക്ടോബര്‍ 6ന്ന്ടൈംസ് ഓഫ് ഇന്ത്യാ പത്രത്തില്‍ ലോക മെന്റല്‍ ഹെല്‍ത്ത് സമ്മേളനത്തോടനുബന്ധിച്ച് വന്ന ഒരു വാര്‍ത്തയില്‍ ഭാരതത്തിലെ നാലില്‍ ഒരാള്‍ക്ക് ഉല്‍കണ്ഠാ ഭീതിയുണ്ടെന്നാണ് പറയുന്നത്. പത്ത് ശതമാനമാണ് വിഷാദക്കാര്‍. ചെറിയ ചെറിയ ആകാംക്ഷകള്‍ വലിയ വലിയ ഉല്‍കണ്ഠകാരായി മാറുമ്പോഴേക്ക് അവര്‍ക്ക് നല്ല അന്തരീക്ഷം നല്‍കി അടുത്ത പടിയിലേക്കെതിക്കാതിരിക്കുക. എപ്പോഴും കോപാകുലനായ സഹപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ മേലുദ്യോഗസ്ഥന്‍, തൊട്ടതിനെല്ലാം കരയുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, എത്ര കഴുകിയാലും തൃപ്തിവരാതെ വൃത്തി എന്ന ഒഴിയാബാധയുമായി നടക്കുന്ന അമ്മായിയമ്മ, സ്റ്റിയറിങ്ങില്‍ കൈവെച്ചാല്‍ നിയന്ത്രണമില്ലാതെ പരക്കം പായുന്ന ഡ്രൈവര്‍ എന്നിവരെല്ലാം നിയന്ത്രണരേഖ കടക്കുവാന്‍ വെമ്പി നില്ക്കുന്നവരാകുന്നു. അവര്‍ക്ക് കടിഞ്ഞാണിടാന്‍ വൈകരുത്.

*********