സ്മാര്‍ട്ട് ഫോണ്‍
നമ്മള്‍ കമ്പ്യുട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ മുതലായ സംവിധാനങ്ങള്‍ക്ക് ഇന്ന് അടിമയായിരിക്കുകയാണ് അങ്ങിനെ വാട്‌സ് ആപ്പ് പോലെയുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന സംഗതികളില്‍ അന്ധമായി വിശ്വസിച്ചുകൊണ്ടും, സത്യാവസ്ഥകളെ മറച്ചു പിടിച്ചുകൊണ്ടും കണ്ണുകളെയും കാതുകളെയും മാത്രം വിശ്വസിച്ചുകൊണ്ട് നീതിക്ക് നിരക്കാത്ത സംഗതികളില്‍ ഭ്രമിച്ചിരിക്കുകയാണ്. ചിലര്‍ കല്ലുകളെ മാത്രം പരതുമ്പോള്‍ വജ്രങ്ങള്‍ നഷ്ടപ്പെടുന്നു. റോമിലെ ഒരു ചക്രവര്‍ത്തിയായിരുന്നു മാര്‍ക്കസ് ഔറേലിയസ്. എ ഡി 161 മുതല്‍ 180 വരെ ഭരണാധികാരിയായിരുന്ന അദ്ദേഹം റോമിലെ അഞ്ചു നല്ല ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്നു. ധ്യാനത്തില്‍ തല്പ്പരനായിരുന്ന അദ്ദേഹം ആധുനിക ചിന്താഗതിയുള്ള ഒരു ഭരണാധികാരിയായിരുന്നു. ”നമ്മള്‍ കേള്‍ക്കുന്നതെല്ലാം അഭിപ്രായം മാത്രമാണ്. ഒരു വസ്ഥുതയല്ല. നമ്മള്‍ കാണുന്നതെല്ലാം ഒരു ദൂരക്കാഴ്ച്ചയോ വീക്ഷണകോണോ ആകുന്നു. സത്യമായിരിക്കില്ല.’ എന്നാണദ്ദേഹം പറഞ്ഞത്.
സ്മാര്‍ട്ട് ഫോണ്‍ ഭ്രമം ഒരു മാനസീകപ്രശ്‌നമാണോ?
ഇന്റര്‍നാഷനല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസ് (International Classification of Diseases) അഥവാ ഐ സി ഡി:
ലോകാരോഗ്യ സ്ംഘടന, എല്ലാ രോഗങ്ങളെയും തരം തിരിച്ച് ഒരു പട്ടികയില്‍ ആക്കിയിരിക്കുകയാണ്. ഈ പട്ടികയനുസരിച്ച് ഓരോ രോഗത്തിനെയും മാനസീക വൈകല്യങ്ങളെയും പ്രതേകം പ്രത്യേകം പ്രതിപാദിച്ചു വിവരിച്ചിരിക്കുന്നു. ഇതിനെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഡയഗ്നോസ്റ്റിക് ടൂള്‍ (Standard diagnostic tool) എന്ന് പറയുന്നു. 43 ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പരിപാലനത്തിന്ന് ഡോക്ടര്‍മാര്‍ക്കും നേര്‍സുമാര്‍ക്കും ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടവര്ക്കും ഇത് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശികയാകുന്നു. കാലാനുകാലങ്ങളില്‍ പുതുതായി കാണുന്ന രോഗങ്ങള്‍ക്കനുസരിച്ച് ഇത് പരിഷ്‌കരിക്കപെടുന്നുണ്ട്. ഇപ്പോള്‍ മിക്ക ആധുനിക രാജ്യങ്ങളും ഐ സി ഡി 10 എന്ന പേരിലുള്ളതാണുപയോഗിക്കുന്നത്. ഐ സി ഡി 11 വന്നുകൊണ്ടിരിക്കുന്നു.

സെല്‍ഫോണ്‍ അഡിക്ഷന്‍ എന്നത് ഇന്റര്‍നാഷനല്‍ കോഡ് ഓഫ് ഡിസീസസസ്സിന്റെ ആധികാരിക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല; എങ്കിലും, ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നത് മറ്റുള്ളവരെ ഒഴിവാക്കാനുള്ള പ്രവണത കാണിക്കുന്നവരിലാണ് കൂടുതല്‍ എന്ന് പഠനങ്ങളില്‍ കാണിക്കുന്നു. ബഹുദൂരത്തുനിന്ന് സ്വന്തക്കാരെ കാണാന്‍ വേണ്ടി വന്ന ഒരാള്‍ വന്നു കയറിയ ഉടനെ കീശയില്‍ നിന്നോ ബേഗില്‍ നിന്നോഫോണെടുത്ത്, ആരോടും സംസാരിക്കാതെ വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്നത് പോലെ വിരലുകള്‍ കൊണ്ട് കളിച്ച് കൊണ്ടിരിക്കുന്നത് അതുവരെ അയാളെ കാണാന്‍ വേണ്ടി ആകാംക്ഷയോടെ കാത്തിരുന്ന എല്ലാവരെയും മാനസീകമായി തളര്‍ത്തുന്നു എന്ന കാര്യം അവര്‍ മറക്കുന്നു. ഈയടുത്ത കാലത്ത് പൊതുപരിപാടിയില്‍ സ്റ്റേജിലിരിക്കുന്ന ഒരു എം എല്‍ എ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംഘാടകന്‍ സംസാരിച്ചപ്പോള്‍ സദസ്യരോട് ഒന്ന് കൈ കൂപ്പി മര്യാദ കാണിക്കാതിരുന്നത് ഞാന്‍ നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ തന്റെ സ്മാര്‍ട്ട് ഫോണില്‍ തിരുപ്പിടിപ്പിക്കലായിരുന്നു. അദ്ദേഹത്തെ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍ അതും കേട്ടില്ല. അടുത്തിരുന്ന ആള്‍ തോണ്ടേണ്ടി വന്നു. ഒരു ജനപ്രതിനിധിക്ക് വോട്ട് ചെയ്ത് ആ സ്ഥാനത്തെത്തിച്ച ജനങ്ങളോടുള്ള ബാദ്ധ്യതപോലും മറക്കാന്‍ കാരണം സ്മാര്‍ട്‌ഫോണല്ലേ? എന്നൊരു നിമിഷം ചിന്തിച്ചുപോയി. ചിലര്‍ തോണ്ടിത്തോണ്ടി തൊലിയെടുത്താല്‍ പോലും അറിയുകയുമില്ല. ആ സമയത്ത് അവര്‍ക്ക് വല്ല ഇഞ്ചക്ഷനോ മറ്റൊ ചെയ്താല്‍ പോലും അറിയുകയില്ലെന്ന് തോന്നിപ്പോകും. ഈയെഴുതിയത് ഒരു പൊതു സമ്മളനത്തിന്റെ കാര്യമാണെങ്കില്‍ സ്വകാര്യ ജീവിതത്തിലും സ്മാര്‍ട്ട് ഫോണ്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അലമ്പുണ്ടാക്കുന്നു.

ദമ്പതികളുടെ കിടപ്പറ, ഉറക്കിനും അവരുടെ സ്വകാര്യ സംഭാഷണത്തിന്നും, പ്രണയത്തിനും അതുവഴി ശാരീരിക ബന്ധത്തിനും ഉള്ളതാകുന്നു. അതുകൊണ്ടുതന്നെ ഉറങ്ങാന്‍ പോകുമ്പോള്‍ സെല്‍ഫോണ്‍ ദൂരെ വെക്കേണ്ടത് ഒരു മാനസീകവും ശാരീരികവുമായ ആവശ്യമാകുന്നു. അല്ലാതെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ആ സമയത്ത് ഇന്റര്‍നെറ്റ് സെക്‌സ് പോലെയുള്ള കാര്യങ്ങള്‍ക്കുപയോഗിച്ചാല്‍ ദാമ്പത്യ ജീവിതത്തിന്റെ നിലവാരം താഴുന്നു എന്നോര്‍ക്കുക. സെല്‍ഫോണ്‍ ഉപയോഗിക്കുന്ന ആള്‍ അത് ഉപയോഗിക്കുന്ന സമയത്തിന്ന് ചില നിബന്ധനകള്‍ വെക്കേണ്ടതുണ്ട്. ‘ഞാന്‍ ഇന്ന സമയം മാത്രമെ അതുപയോഗിക്കയുള്ളൂ’ എന്നതാണ് ആദ്യത്തേത്. ഇപ്പോള്‍ ലഭിച്ച സന്ദേശത്തിന്ന് ഞാന്‍ ഫോണുപയോഗിക്കാനുദ്യേശിച്ച ആ സമയത്ത് മറുപടി അയക്കാം എന്നത് രണ്ടാമത്തേത്.
ബിഹേവിയറല്‍ ഹെല്‍ത്ത്:
മന:ശാസ്ത്രത്തിലെ ഒരു പ്രധാന വിഭാഗമാണ് ബിഹേവിയറല്‍ ഹെല്‍ത്ത്. അമേരിക്കയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ ബിഹേവിയോറല്‍ ഹെല്‍ത്തിലെ വിദഗ്ദ്ധന്മാരുടെ അഭിപ്രായപ്രകാരം സെല്‍ഫോണ്‍ അമിതഉപയോഗം മറ്റേതൊരു അഡിക്ഷനെയും പോലെയാകുന്നു എന്നാണ്. കാരണം അത് നിങ്ങളുടെ സാധാരണ ജീവിതത്തില്‍ ഇടപെടുന്നു. അതില്ലാതാകുമ്പോള്‍ നിങ്ങള്‍ക്ക് വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോം (withdrawal syndrome) എന്ന് പറയുന്ന പ്രശ്‌നവും ഉണ്ടാവുന്നു. സ്വയം ചോദിക്കുവാന്‍ അവര്‍ കുറേ നിര്‍ദ്ദേശങ്ങള്‍ തരുന്നു അവ ഇവയാണ്
· നിങ്ങളുടെ സാധാരണ ജോലികളില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തവിധം ഫോണ്‍ നിങ്ങളെ സ്വാധീനിക്കുന്നുണ്ടോ?
· നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുമ്പോഴും അതിനെപ്പറ്റി ചിന്തിക്കുന്നുണ്ടോ?
· അത് കയ്യില്‍ ഇല്ലാത്തപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടോ?
· നിങ്ങള്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നു എന്ന് നിങ്ങളുടെ കുടുമ്പാംഗങ്ങള്‍ പറയുന്നുണ്ടോ?
ഇങ്ങിനെയൊക്കെയാണെങ്കില്‍ നിങ്ങള്‍ അപകട മേഖലയിലാകുന്നു. അപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടുന്നത് കുടുമ്പാംഗങ്ങളുടെ കൂടെ കഴിയുകയോ വായനയില്‍ ഏര്‍പ്പെടുകയോ ആകുന്നു. റിലാക്‌സ് ചെയ്യുകയോ പാട്ട് കേട്ടിരിക്കുകയോ ചെയ്യാം. അലര്‍ട്ടുകളും ഓഫാക്കി വെക്കുക. ആവശ്യമുള്ള ഉറക്കം ലഭിക്കാത്ത രീതിയില്‍ ഫോണ്‍സെറ്റിങ്ങ് ആക്കിവെക്കരുത്. ബെഡ് റൂമില്‍ ചാര്‍ജ്ജ് ചെയ്യാനും വെക്കരുത്. അപ്പോള്‍ വരുന്ന മെസേജ് നിങ്ങളുടെ ഉറക്കം കെടുത്തും. നിങ്ങളുടെ ആരോഗ്യത്തെ അവഗണിച്ചുകൊണ്ട് ഫോണ്‍ ഉപയോഗിക്കരുത്. ആരോഗ്യമാണ് പ്രധാനം.
ഏതു വസ്ഥുവും അമിതമായി ഉപയോഗിക്കുന്നതിനെ ഡിപ്പന്‍ഡന്‍സ് സിന്‍ഡ്രോം (dependence syndrome) എന്ന് പറയുന്നു. സിന്‍ഡ്രോം എന്നാല്‍ ഒരുപാട് രോഗലക്ഷണങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന ഒരവസ്ഥയാകുന്നു. ഐ സി ഡി 10 പ്രകാരം ഡിപ്പന്‍ഡന്‍സ് സിന്‍ഡ്രൊം എന്നാല്‍ ശാരീരികവും, പെരുമാറ്റപരവും, ന്യായവിചാരണ അധികാര (Cognition) പ്രകാരവും ഒരു മനുഷ്യന്‍ ഒരു പ്രത്യേക വസ്ഥുവിന്ന് പ്രത്യേകമായി അടിമപ്പെടുന്ന സ്വഭാവമാകുന്നു.
മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാകുന്നു. അഡിക്ഷനുള്ളയാള്‍ അതുവരെയുള്ള തന്റെ ബന്ധങ്ങള്‍ക്കൊന്നും പ്രാധാന്യം നല്‍കാന്‍ പറ്റാത്തവിധം ആയിത്തീരുന്നു. അതായത് പരിഗണനയുടെ സമ്പ്രദായം മാറുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കാത്ത മരുന്നുകള്‍ പതിവായി ഉപയോഗിക്കുന്നവരും ഇതുപോലെയാണ് ഇത്തരം മരുന്നുകളോ, വസ്ഥുക്കളോ തന്നില്‍നിന്ന് മാറ്റിയാല്‍ അവരുടെ മാനസീകാവസ്ഥ മാറുന്നു. സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്ന കുട്ടികളില്‍നിന്ന് പെട്ടന്നതെടുത്ത് അലമാരയില്‍ ഒളിപ്പിച്ചുവെച്ചാല്‍ നമുക്കത് കാണാവുന്നതാകുന്നു. എന്തിന് നമ്മള്‍ കുട്ടികളെ പറയുന്നു. വലിയവര്‍ കുട്ടികളേക്കാള്‍ മോശമാകുന്നു. പണ്ട് ഒരു സിനിമയില്‍ രണ്ടുപേര്‍ തമ്മില്‍ തെറി പറഞ്ഞപ്പോള്‍ ഹാസ്യ താരം കൊച്ചുപ്രേമന്‍ പറഞ്ഞതോര്ക്കുന്നു. ”അയ്യേ ഇത് അസ്ംബ്ലിയേക്കാള്‍ മോശമാണല്ലോ?” എന്ന്. മിക്ക കാര്യങ്ങളിലും വലിയവരുടെ സ്ഥിതി കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതുതന്നെയാണ്. ഫോണ്‍ പിടിച്ചുപറിച്ച് വാങ്ങുന്നതിലും അവരെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തിന്‍ നിയന്ത്രിക്കുന്നതിലും ഒരു വലിയ ആളോട് ചെയ്യുന്നത്‌പോലെ കരുതേണ്ടതാകുന്നു. അഞ്ച് വയസ്സ് കഴിയുമ്പോഴേക്ക് കുട്ടിയുടെ മസ്തിഷ്‌ക വളര്‍ച്ച 90 ശതമാനത്തോളം ആയിരിക്കും എന്ന് മനസ്സിലാക്കുക. അവരുടെ വ്യതിത്വവും ഏതാണ്ട് മുക്കാല്‍ ഭാഗമായിരിക്കും. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ നിഷേധിക്കുന്നത് നയപരമായിരിക്കണം. വ്യക്തിത്വം വ്രണപ്പെടരുത്. പല രക്ഷിതാക്കളും ചെയ്യുന്ന പണി, കുട്ടികളെ ദുശ്ശീലം പഠിപ്പിക്കുകയില്ല എന്ന വ്യാജേന അവരില്‍നിന്ന് തട്ടിപ്പറിച്ച് സ്വയം അതേ പണി ചെയ്യലാണ്. നല്ലൊരു അച്ഛനോ അമ്മയോ ചെയ്യേണ്ടത് സൗമ്യമായ രീതിയില്‍ കുട്ടിയോട് ‘ഇനി നമുക്ക് കുറച്ചു കളിക്കാം’ അല്ലങ്കില്‍ ‘ഒരു കഥ പറഞ്ഞു തരാം’ എന്നുള്ള രീതിയില്‍ വല്ലതും പറഞ്ഞ് സ്മാര്‍ട്ട് ഫോണോ ഐ പാഡോ വാങ്ങി പറഞ്ഞ പ്രകാരം വാക്കു തെറ്റിക്കാതെ ആ കുട്ടിയുമായി കളിക്കുകയോ കഥ പറഞ്ഞു കൊടുക്കുകയോ ആണ് ചെയ്യേണ്ടത്. ജീവിതം വിട്ടുവീഴ്ച്ചകളുടെയും, ക്രമീകരണങ്ങളുടെയും, ഒത്തുതീര്‍പ്പുകളുടെയും ഒരു സമ്മിശ്രമാണ്. അതിനാല്‍ നിങ്ങളും ഈയവസരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ദൂരെ വെച്ച് വിട്ടുവീഴ്ച്ച ചെയ്യുക. കുട്ടികള്‍ക്ക് നിങ്ങളുടെ സാന്നിദ്ധ്യം ആവശ്യമാണെന്ന് തോന്നുമ്പോള്‍ സ്മാര്‍ട്ട് ഫോണില്‍ കളിക്കാതെ ആ സാന്നിദ്ധ്യം നല്‍കുക.
അമേരിക്കന്‍ മന:ശാസ്ത്ര സംഘടനയുടെ കാഴ്ച്ചപ്പാടില്‍ സ്മാര്‍ട്ട് ഫോണ്‍ ഡിപ്പന്‍ഡന്‍സ് ബിഹേവിയൊറല്‍ അഡിക്ഷന്‍ ആകുന്നു. ഇടക്കിടെ സ്മാര്‍ട്ട് ഫോണ്‍ തുറന്നുനോക്കുന്നതിന്നനുസരിച്ച് മാനസീക സമ്മര്‍ദ്ദം കൂടുന്നു. കുട്ടികള്‍ കൂടുതല്‍ നോക്കുന്നതും രക്ഷിതാക്കളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇത് ടാബ്ലറ്റ് ആവാം, ഫോണാവാം !!!പലരും സ്വസ്ഥമായി ഇരിക്കേണ്ട ഒഴിവു ദിവസങ്ങളില്‍ പോലും ഉണര്‍ന്നാല്‍ ഉടനെ ഫോണ്‍ നോക്കുന്നു. താമസിക്കുന്ന ഹോട്ടലിലോ മറ്റ് സ്ഥലങ്ങളിലോ വൈഫൈ ഇല്ലെങ്കില്‍ അസ്വസ്ഥനാവുന്നു. ഫോണിന്റെ ചാര്‍ജ്ജ് കുറഞ്ഞാലും ബേജാറാവുന്നു. വീട്ടിലുള്ള മറ്റംഗങ്ങളെ ശ്രദ്ധിക്കാതെ സുഹൃത്തുക്കളുടെ കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷ വര്‍ദ്ധിക്കുന്നു.
ചില തൊഴിലുടമകളും മേലുദ്യോഗസ്ഥരും കീഴ് ജീവനക്കാര്‍ക്ക് സ്വര്യം നല്‍കാത്ത അവസ്ഥയാണ് ഇന്നുള്ളത്. ജോലി ചെയ്യുന്ന ആള്‍ക്ക് ജോലിയുടെ കാര്യം മറന്നുകൊണ്ട് ഒഴിവു ദിവസം ആസ്വദിക്കാന്‍ സാധിക്കാത്ത ഒരവസ്ഥയാണ് ചില ജോലിദാദാക്കള്‍ (Employer) ശ്ര്ഷ്ടിക്കുന്നത്!! കസ്റ്റമറും ഇതേ അവസ്ഥയുണ്ടാക്കുന്നു. സെയിത്സിലും സര്‍വ്വീസിലും ഉള്ളവര്‍ കസ്റ്റമര്‍ക്ക് നമ്പര്‍ നല്‍കിയാല്‍ കസ്റ്റമര്‍ അവര്‍ വാങ്ങിയതോ വാങ്ങാന്‍ പോകുന്നതോ ആയ ഉല്പ്പന്നങ്ങളെപ്പറ്റിയുള്ള സംശയം തീര്‍ക്കാന്‍ നല്‍കിയ സെല്‍ ഫോണ്‍ നമ്പറില്‍ വിളിക്കുന്നത് ഇന്നത്തെ പതിവാണ്. അതിന്ന് ഒഴിവുദിവസം എന്ന കണക്കൊന്നുമില്ല. ഇന്ന് സ്മാര്‍ട് ഫോണുള്ള ഒരു മനുഷ്യന്‍ ഉറങ്ങുന്നതിനേക്കാളധികം സമയം ഫോണിലാണ് ചെലവഴിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
വാട്‌സ് ആപ്പ്.
സ്മാര്‍ട്ട് ഫോണിലെ വളരെ പ്രചാരമുള്ള ഒരു ആപ്ലിക്കേഷനാകുന്നു വാട്‌സ് ആപ്പ്. ഒരുപാട് ഗുണങ്ങളും അതുപോലെതന്നെ ദോഷങ്ങളും ഇതിനുണ്ട്. ഒരാളെ അടിയന്തിരമായി ഒരു കാര്യം അറിയിക്കാനുണ്ടെങ്കില്‍ വാട്‌സ്ആപ്പ് സഹായമാവുന്നുണ്ടെന്നത് ഒരു സത്യമാണ്. എന്നാല്‍ അതേ ആളെ അടുത്ത നിമിഷം കാണാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ വായ്‌മൊഴി അറിയിക്കുന്ന ഗൗരവം അക്ഷരങ്ങള്‍ വഴി അറിയിക്കുന്നതിന്നുണ്ടാവില്ല കാരണം നേരിട്ട് പറയുമ്പോള്‍ ശരീരഭാഷയും അതില്‍ വരുന്നു..

ആഫ്രിക്കയിലെ ഘാനയില്‍ Dracunculiasis എന്ന വിരരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വാട്‌സ് ആപ്പ് മെസ്സേജുകള്‍ വളരെ ഫലപ്രദമായിക്കണ്ടു. രോഗം കണ്ടാല്‍ ഉടനെ വാട്‌സ് ആപ്പ് വഴി അധികാരികളെ അറിയിച്ചാല്‍ പ്രതിഫലം നല്‍കുന്ന രീതിയിലുള്ളൊരു പദ്ധതിയായിരുന്നു അത്. പെട്ടന്നൊരു വാര്‍ത്ത എത്തിക്കുന്നതിന്നുള്ള സഹായം പോലെതന്നെ ശത്രുതയുണ്ടാക്കുന്നതിന്നും അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാക്കാനും പ്രത്യേകിച്ച് ഗ്രൂപ്പുകള്‍ കാരണമാക്കുന്നു. രാഷ്ട്രീയം, മതം മുതലായവ മറ്റുള്ളവരുടെ അഭിപ്രായം നോക്കാതെതന്നെ ചില അംഗങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്റെ അഭിപ്രായമാണ് ഏറ്റവും ശരി എന്ന് വിചാരിക്കുന്നവര്‍ ഗ്രൂപ്പുകളില്‍ വാദങ്ങള്‍ ശ്ര്ഷ്ടിക്കുന്നു.അതിനാല്‍ ഗ്രൂപ് വാട്‌സാപ്പുകളില്‍ രാഷ്ട്രീയം, മതം മുതലായ തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കുന്നതാണ് നല്ലത്. അതിന്ന് ഗ്രൂപ്പ് അഡ്മിന്‍ ശ്രദ്ധിക്കണം. നിയമനടപടികള്‍ വരുമ്പോള്‍ അഡ്മിനാണുത്തരവാദി. അങ്ങിനെ അടുത്തകാലത്ത് കര്‍ണ്ണാടകയില്‍ ഒരു അഡ്മിനെ അറസ്റ്റ്‌ചെയ്ത സംഭവം പലരും പത്രത്തില്‍ കണ്ടിരിക്കും.മാനുഷീക വികാരങ്ങള്‍ക്ക് വിലകല്പിക്കാത്ത പെരുമാറ്റവും സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. റോഡില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ വല്ല ദാരുണ അപകടവും കണ്ടാല്‍ അതിനുള്ള സഹായം നല്‍കാതെ ഉടനെ ഫോട്ടോയെടുക്കുന്ന പ്രവണത അസാധാരണമല്ല.

ആരോഗ്യംകൊണ്ട് കളിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍:
വാട്‌സ് ആപ് വഴി ആരോഗ്യപരമായി പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും വീഡിയോകളും പലപ്പോഴും അനാരോഗ്യകരമായി മാറുന്നു. വിദഗ്ധനായ ഒരു ഡോക്ടര്‍ എല്ലാവിധ പരിശോധനകളും നടത്തി യശേഷം കൊളസ്റ്ററോളിന്ന് ഗുളിക കഴിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് പെട്ടന്ന് ഒരു ഓഡിയോയോ വീഡിയോയോ വരുന്നു. ‘കൊളസ്റ്ററോളിന്നും ഷുഗറിന്നും പച്ചവെള്ളം കുടിച്ചാല്‍ മതിയെന്ന്.’. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന രോഗി, തീരുമാനം മാറ്റുന്നു. മരുന്ന് നിര്‍ത്തുന്നു. മെഡിക്കല്‍ ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാള്‍ ചെയ്യുന്ന ഇത്തരം പ്രചരണവും അതിന്റെ ഫോര്‍വേഡിങ്ങും കുറ്റകരമാകുന്നു (cyber crime). ഇങ്ങിനെ ഓഡിയോയിലും വീഡിയോവിലും ശാസ്ത്രീയമെന്ന രീതിയില്‍ അശാസ്ത്രീയ പ്രസംഗം നടത്തുന്ന ആള്‍ക്ക് പേരിന്ന് മെഡിക്കല്‍ അല്ലാത്ത വിഷയത്തില്‍ ഒരു ഡോക്ടറേറ്റോ അല്ലെങ്കില്‍ ഡോക്ടര്‍ എന്ന് വിളിക്കാന്‍ പറ്റുന്ന രീതിയിലുള്ള എന്തെങ്കിലും വാലുണ്ടാവുകയും ചെയ്യും. ഇത് രാഷ്ട്രീയത്തിലും മതപ്രചരണത്തിലും എല്ലാം ബാധകമാകുന്നു. വാട്‌സ്ആപ് പലര്‍ക്കും ഇന്ന് ജീവിതതിന്റെ ഒരു ഭാഗമാണ്. രാവിലെ ഉണരുമ്പോള്‍ അത് നോക്കാതെ ഒരു ചായപോലും കുടിയ്ക്കില്ല.