മിസോഫോണിയ
(Misophonia)

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പും ഇന്നത്തെപ്പോലെതന്നെ പ്രശസ്തമായിരുന്നതും കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമായിരുന്നതുമായ ഒരു സായാഹ്നപത്രമായയിരുന്നു പ്രദീപം. അന്ന് കോഴിക്കോട്ട് സായാഹ്നപത്രമായി അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണെന്റെ ഓര്‍മ്മ.
അത് കൊണ്ടുനടന്ന് വില്‍ക്കുന്ന ഒരു ബാലനുണ്ടായിരുന്നു. പ്രദീപം എന്ന വാക്ക് സ്പുടമായി പറയാന്‍ സാധിക്കാത്ത അവന്റെ വഡീവാ…..വഡീവാ…. എന്ന ആവര്‍ത്തിച്ചുള്ള വിളിച്ചു പറയല്‍ ബസ്സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കുന്നവരും ബസ്സിലിരിക്കുന്നവരും ആസ്വദിച്ചു കേള്‍ക്കുമായിരുന്നു. അന്ന് അഞ്ചോ പത്തോ പൈസ മാത്രം വിലയുള്ള പ്രദീപം ആ ബാലന്റെ കയ്യില്‍നിന്ന് പലരും വാങ്ങി ബസ്സിലിരുന്നുതന്നെ വായിച്ച് സായാഹ്ന വാര്‍ത്തകള്‍ ഉള്‍ക്കൊണ്ടു. ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് എഴുപത് കഴിഞ്ഞിരിക്കും. ബസ്സ്റ്റാന്‍ഡിലെ സര്‍ബത്ത് പീടികക്കാര്‍ക്ക് ഐസും മറ്റും എത്തിച്ച് സഹായിക്കുമായിരുന്ന ആ ബാലനെ വെറുപ്പിക്കുന്നതില്‍ ചില പീടികക്കാര്‍ ആനന്ദം കണ്ടെത്തി. അതിങ്ങിനെയായിരുന്നു : ചെവിയുടെ അടുത്ത് ചെന്ന് ഉച്ചത്തില്‍ എന്തെങ്കിലും അസഭ്യം പറയല്‍. ശക്തി കുറഞ്ഞ അസഭ്യമായാലും അത് ചെവിക്ക് സമീപം പറയുന്നതായിരുന്നു ആ ബാലന്ന് സഹിക്കാന്‍ പറ്റാത്തത്. അവന്‍ അത്യൂച്ചത്തില്‍ ആര്‍ത്തു. ഇങ്ങിനെ ചെവിക്കരികെ ചെന്ന് ആ ബാലനെ ദേഷ്യം പിടിപ്പിക്കുന്നവര്‍ മിക്കവാറും മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മാനസീക വൈകല്യമുള്ളവരായിരിക്കാം എന്ന് ഇന്നെനിക്ക് തോന്നുന്നു.

നമ്മളില്‍ പലര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ഒന്നാകുന്നു ചില ശബ്ദങ്ങള്‍ ഇഷ്ടപ്പെടാന്‍ പറ്റാത്തത്. ഒരോഫീസില്‍ ശ്രദ്ധിച്ചു ജോലിചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് തൊട്ടടുത്ത സീറ്റിലിരുന്ന് സഹപ്രവര്‍ത്തകന്‍ ബാള്‍പെന്നിന്റെ ബട്ടണ്‍ തുടര്‍ച്ചയായി അമര്‍ത്തിക്കൊണ്ടിരിക്കുന്ന ശബ്ദം പോലും അരോചകമാവുന്നു. എത്രതന്നെ ഭക്തനായിരുന്നാലും ലൗഡ്‌സ്പീക്കര്‍ വെച്ച് ആരാധനാലയത്തില്‍നിന്ന് മുഴക്കിക്കൊണ്ടിരിക്കുന്ന ശബ്ദം കര്‍ണ്ണ ചര്‍മ്മത്തിന്ന് താങ്ങാന്‍ പറ്റുന്നില്ല. അയാളുടെ മസ്തിഷ്‌ക വ്യാപാരം പറയുന്നു ചെറിയ ശബ്ദം പോലും അരോചകമാണെന്ന്. അങ്ങിനെ അരോചകമാവുന്നതെന്തുകൊണ്ടാണ്? അയാള്‍ക്ക് മിസോഫോണിയ (Misophonia) എന്ന അവസ്ഥ ഉണ്ടായിരിക്കാം.

മിസോഫോണിയ എന്ന വാക്കിന്റെ അര്‍ത്ഥം ശബ്ദവിരോധം എന്നാണെങ്കിലും ഈ സ്വഭാവ വിശേഷമുള്ള ഒരാള്‍ക്ക് എല്ലാ ശബ്ദങ്ങളോടും വിരോധമുണ്ടായിരിക്കയില്ല. മിസോഫോണിയ ഉള്ള ഒരാള്‍ക്ക് ചിലശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ വിരോധത്തിന്റെ കാഞ്ചി വലിക്കപ്പെടുന്നു. അയാള്‍ക്ക് വിരോധമുള്ള ശബ്ദം മറ്റൊരാള്‍ക്ക് അങ്ങിനെ ആയിരിക്കില്ല. അതങ്ങിനെയാണെന്ന് പലപ്പോഴും അയാള്‍ക്ക് തന്നെ അറിയാവുന്നതും ആകുന്നു.

ഒരു ബോര്‍ഡില്‍ ചോക്കുകൊണ്ടെഴുതുമ്പോഴുള്ള ശബ്ദം, ചുമരിന്മേള്‍ നഖംകൊണ്ടുണ്ടാക്കുന്ന ശബ്ദം, അടുത്തിരിക്കുന്ന ആള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് ഭക്ഷണം ചവച്ചരക്കുന്നത, എന്നിവ അരോചകമാവുന്നു. വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ഉടനെ ‘ആ…സ്’ എന്ന രീതിയില്‍ ഉണ്ടാക്കുന്ന ശബ്ദം, ഏംബക്കത്തിന്റെ ശബ്ദം, ച്യുയിങ്ങ്ഗം ചവക്കുന്ന ശബ്ദം, ചുംബിക്കുന്ന ശബ്ദം, നഖം കടിക്കുന്ന ശബ്ദം, ബിസ്‌കറ്റ്, ഐസ് എന്നിവ കടിച്ചു മുറിക്കുന്ന ശബ്ദം, ഭക്ഷണം വായില്‍ വെച്ചകൊണ്ട് സംസാരിക്കുന്ന ശബ്ദം എന്നിവയുടെ പ്രകടനങ്ങള്‍ പല പരിഷ്‌കൃത രാജ്യങ്ങളിലും മര്യാദകേടായി കണക്കാക്കുന്നു. പല്ലുതേക്കുന്ന ശബ്ദം കൂടാതെ ചിലര്‍ തൊണ്ടയില്‍ കയ്യിട്ട് കഫം പുത്തെടുക്കുന്നത് വൃത്തിയുടെ ലക്ഷണമായി സ്വയം വിചാരിക്കുന്നു എന്നല്ലാതെ ആരോഗ്യപരമായോ വൃത്തിപരമായോ അതിന്ന് വലിയ പ്രാധാന്യമില്ല. ആര്‍ക്കും തൊണ്ടയില്‍ കയ്യിട്ട് തൊണ്ടയെ ഉപദ്രവിച്ചാല്‍ ലഭിക്കുന്ന ശ്ലേഷ്മ ദ്രാവകം അയാള്‍ക്കും ലഭിയ്ക്കുന്നു. ഒരുകണക്കിന്ന് പ്രകൃതിദത്തമായി അവിടെ വേണ്ടുന്ന ഒന്നിനെ അയാള്‍ പുറത്തേക്ക് കളയുന്നു.എന്നാല്‍ കേള്‍ക്കുന്ന അല്ലെങ്കില്‍ അത് സഹിക്കുന്ന ആളെസംബന്ധിച്ച് പ്രയോജനമില്ലാത്ത ഈ ശബ്ദനിര്‍മ്മിതി എത്രത്തോളം അരോചകമാണെന്നവര്‍ മനസ്സിലാക്കുന്നില്ല. മൂക്കിലൂടെ പൊടി വലിച്ചു കയറ്റല്‍, ശരിക്ക് അമര്‍ത്തി അടയ്ക്കാത്ത ടാപ്പില്‍നിന്നുള്ള വെള്ളം ഉറ്റി വീഴല്‍, റസ്‌ക്, ബിസ്‌കറ്റ് മുതലായവ അടുത്തിരിയ്ക്കുന്ന ആള്‍ ആര്‍ത്തിയോടെ ചവച്ചരക്കുന്നത്, നായയുടെ ഭക്ഷണം കഴിക്കല്‍ എന്നിവ ഇതില്‍ പെട്ടതാകുന്നു.

ഒരു വിദ്യാര്‍ത്ഥിയെസംബന്ധിച്ച്, ടീച്ചര്‍ ബ്ലേക്ക് ബോര്‍ഡില്‍ ചോക്കും ബോര്‍ഡും തമ്മിലുള്ള ഘര്‍ഷണ ശബ്ദമുണ്ടാക്കിക്കൊണ്ട് എഴുതുകയും തന്റെ അടുത്തിരിക്കുന്ന സഹപാഠി നിരന്തരം കാലുകള്‍ തമ്മില്‍ ഇളക്കി, കൂട്ടി മുട്ടിച്ചുകൊണ്ട് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥ അസഹനീയമാകുന്നു. ഈ സന്ദര്‍ഭ്ഭത്തില്‍ ആകാംക്ഷ, ദേഷ്യം, വിരോധം, ഭീതി, വൈകാരിക സമ്മര്‍ദ്ദം, ശബ്ദത്തിന്റെ ഉല്പ്പാദന കാരണത്തെ നശിപ്പിക്കുവാനുള്ള തോന്നല്‍ എന്നിവയുണ്ടാവുന്നു. ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്ന പങ്കാളിയുടെ കൂടെ ഭക്ഷണം കഴിക്കാതെ അതൊഴിവാക്കാന്‍ ചിലപ്പോഴെങ്കിലും ഹോട്ടലിനെ ആശ്രയിക്കുന്നവര്‍പോലുമുണ്ടെന്നു പറയുന്നു.

ശബ്ദമുണ്ടാക്കുന്ന ശീലം:
സാധാരണയായി ഒന്‍പതിന്നും പതിമൂന്ന് വയസ്സിനും ഇടയില്‍ രൂപപ്പെടുന്ന ഈ ശീലം പെണ്‍കുട്ടികളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഇതുണ്ടാവാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത് സഹിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ചെവിയില്‍ പിടിപ്പിക്കാന്‍ ചില യന്ത്രങ്ങള്‍ വിദേശരാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടന്ന് പറയുന്നു. ആ ഉപകരണങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍പ്പിക്കുന്നവയും അടുത്തിരിക്കുന്ന ആളുണ്ടാക്കുന്ന ശബ്ദം കേള്‍പ്പിക്കാത്തവയും ആയിരിക്കും. ഇത്തരം ശബ്ദങ്ങള്‍ സഹിക്കാന്‍ പറ്റാത്ത മാനസീകാവസ്ഥയായ മീസോഫോണിയയും പത്ത് പതിമൂന്ന് വയസ്സിന്നിടയിലാണ് രൂപപ്പെടുന്നത്.

പ്രൊഫസര്‍:ഗ്രിഫിത് (Griffith) ലണ്ടനിലെ യൂനിവേര്‍സിറ്റി കോളേജിലെയും, അമേരിക്കയിലെ ന്യുകാസില്‍ യൂനിവേര്‍സിറ്റിയിലെയും (New Castle University)കോഗ്നിറ്റീവ് ന്യുറോളജി (Cognitive neurology) എന്ന വിഭാഗത്തിലെ പ്രൊഫസറാകുന്നു. കോഗ്നിറ്റീവ് (cognitive) എന്നാല്‍ മനുഷ്യന്റെ ന്യായവിചാരണാധികാരം അല്ലെങ്കില്‍ ഒരു വിഷയം വേണ്ടുന്ന രീതിയില്‍ അപഗ്രഥിച്ചെടുക്കാനുള്ള കഴിവാകുന്നു. മന:ശാസ്ത്രത്തില്‍ കോഗ്നിറ്റീവ് ബിഹേവിയറല്‍ തിറാപ്പി (CBT) എന്ന ഒരു ചികിത്സാരീതിതന്നെയുണ്ട്. അങ്ങിനെ, ഒരാളുടെ രീതി അല്ലെങ്കില്‍ പെരുമാറ്റം മറ്റൊരാളില്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്ന വിഷയത്തില്‍ ആധികാരികതയുള്ള ഒരു പ്രൊഫസറാണിദ്ദേഹം.
മിസ്‌ഫോണീയയെപ്പറ്റി വളരെയധികം പഠനം നടത്തിയ ഈ പ്രൊഫസര്‍, ഇത്തരം സ്വഭാവ വിശേഷമുള്ളവര്‍ ഇഷ്ടപ്പെടാത്ത ശബ്ദങ്ങള്‍ സഹിക്കുമ്പോള്‍ മസ്തിഷ്‌കത്തിലെ വ്യതിയാനങ്ങളുടെ സ്‌കാനിങ്ങ് നിരീക്ഷിച്ചതില്‍ സാധാരണക്കാരുടേതില്‍നിന്ന് വളരെ വ്യത്യാസം കണ്ടു. പ്രത്യേകിച്ച് വൈകാരിക നിയന്ത്രണങ്ങളില്‍ വളരെ പിന്നോക്കമായാണ് കണ്ടത്. മസ്തിഷ്‌കത്തില്‍ മാത്രമല്ല, ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതായും വിയര്‍പ്പ് കൂടിയതായും കണ്ടു. ന്യു കാസില്‍ യൂനിവേര്‍സിറ്റിയില്‍ ഗ്രിഫിത്തിന്റെ കൂടെ ഈ പഠനങ്ങള്‍ നടത്തിയ ഇന്ത്യക്കാരനായ സുഖ്ബിന്ദര്‍ കുമാര്‍ എന്ന ഗവേഷകന്‍ ഈ പഠനങ്ങള്‍ മസ്തിഷ്‌കത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ സഹായിച്ചതായി പറയുന്നു. ഇതൊരു വൈകല്യമായി കരുതേണ്ടതില്ല. മസ്തിഷ്‌കം പ്രകടിപ്പിക്കുന്ന ഒരു അസഹിഷ്ണത മാത്രം.
2013 ആഗസ്ത് ആറാം തീയ്യതി ബി ബി സി റേഡിയോ ചാനലിലെ വേഡ് ഓഫ് മൗത്ത് (Word of mouth)എന്ന പരിപാടിയില്‍ മീസോഫോണിയ എന്ന വിഷയത്തെ അവതരിപ്പിച്ചിരുന്നു. ഇക്കൊല്ലം (2016) ഫിബ്രവരി മൂന്നാം തീയ്യതിയില്‍ ‘കറണ്ട് ബയോളജി’ (Current Biology) എന്ന മാഗസീനിലും മിസ്‌ഫോണിയയെപ്പറ്റി സുഖ് ബിന്ദര്‍ കുമാര്‍ എന്ന ഗവേഷകന്റെ പഠനങ്ങളുണ്ട്. ഫെയ്‌സ് ബുക്കില്‍ ‘മീറ്റപ്പ് ഹിയര്‍’ എന്ന കോളത്തില്‍ മീസോഫോണിയയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കാണാം. യു കെ യില്‍ മിസോഫോണിയ സപ്പോര്‍ട്ട് ഗ്രൂപ്പില്‍ മൂവായിരത്തോളം അംഗങ്ങളുണ്ട്. http://www.misophonia.com/ എന്ന ഒരു വെബ് സൈറ്റുണ്ട്.മിസോഫോണിയ സപ്പോര്‍ട് ഗ്രൂപ്പായ ഇതില്‍ പതിനാലായിരത്തില്‍ പരം അംഗങ്ങളുണ്ട്.

സെലക്റ്റീവ് സൗണ്ട് സെന്‍സിറ്റിവിറ്റി (Selective Sound Sensitivity) എന്നും, ഫോണോഫോബിയ (Phonophobia)എന്നും അറിയപ്പെടുന്ന അറിയപ്പെടുന്ന മീസോഫോണിയ എങ്ങിനെ തരണം ചെയ്യാം എന്ന പല നിര്‍ദ്ദേശങ്ങളും ചിലപ്പോള്‍ ശ്രവണശാസ്ത്രം അറിയുന്ന വിഭാഗക്കാരായ ഓഡിയോളജിസ്റ്റുകള്‍ക്ക് (audiologist) നല്‍കാന്‍ കഴിയും. ലോകത്തിന്റെ എല്ലാഭാഗത്തും ഈ പ്രശ്‌നമുള്ളവരുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള സംവിധാനങ്ങള്‍ കൂടുതലും ഉള്ളത് യു കെ യില്‍ ആകുന്നു.

1991ല്‍ അമേരിക്കയിലെ പാവല്‍, മാര്‍ഗരറ്റ് (Pawel and Margaret Jastreboff)എന്നീ ന്യുറോ ശാസ്ത്രജ്ഞന്മാരായിരുന്നു മീസോഫോണിയ എന്ന പദം ആദ്യമായി പറഞ്ഞത്.
മസ്തിഷകത്തില്‍ മാത്രമല്ല, വൈകാരികതയിലും മീസോഫോണിയ ഉണ്ട്. ഒന്നുകില്‍ ദേഷ്യം അല്ലെങ്കില്‍ ഓടി രക്ഷപ്പെടാനുള്ള വ്യഗ്രത അഥവാ പ്രവണത. ഭക്ഷണം കഴിക്കല്‍, ശ്വാസം കഴിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ശബ്ദങ്ങളോടാണ് കൂടുതല്‍ വൈരാഗ്യം. ‘ഇപ്പോള്‍ അങ്ങിനെയുള്ള ഒരു ശബ്ദം വരും’ എന്ന തോന്നല്‍ പോലും വിരോധമാവുന്നു.

വായ തുറന്നുവെച്ചുകൊണ്ട് ഭക്ഷണം ചവച്ചരക്കുന്നത് ഒരു ദുശ്ശീലമാകുന്നു. പുറമെ തീരെ ശബ്ദം കേള്‍പ്പിക്കാതെ ബിസ്‌കറ്റ്, ചിപ്‌സ് മുതലായവ ചവച്ചരയ്ക്കാന്‍ ബുദ്ധിമുട്ടാകുന്നു. എന്നല്‍ അല്പ്പം ശ്രമിച്ചാല്‍ താന്‍ ഉണ്ടാക്കുന്ന ശബ്ദത്തിന്റെ വലിയൊരു ഭാഗം പുറത്ത് കേള്‍പ്പിക്കാതിരിക്കാന്‍ സാധിക്കും. പ്രകൃതിതന്നെ നല്‍കിയ ചവച്ചരയ്ക്കാനുള്ള പിന്‍നിര പല്ലുകള്‍ ഉപയോഗിച്ച് വായ അടച്ചുകൊണ്ട് ചവയ്ക്കുന്നത് നല്ല ശീലമാകുന്നു. അതും സാവധാനം ചെയ്യുക. മീസോഫോണിയ അനുഭവപ്പെടുന്ന ഒരാള്‍ക്ക് ചെവിയുടെ തകരാറല്ല കാരണം. മറിച്ച് ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍ പ്രേരണകളാകുന്നു. സെലക്റ്റ് സൗണ്ട് സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം (select sound sensitivity syndrome) എന്നും സൗണ്ട് റെയ്ജ് (sound rage) എന്നും ഇതിനെ പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശബ്ദത്തോടുള്ള അമര്‍ഷം. ഒരാള്‍ വായ തുറന്നു പിടിച്ചുകൊണ്ട് ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുന്നത് മിസോഫോണിയ ഉള്ള ഒരാള്‍ കാണുമ്പോള്‍ വായ തുറന്നു പിടിച്ച ആ ദൃശ്യത്തിന്ന് വിഷുവല്‍ ട്രിഗര്‍ (visual trigger)എന്നും അതില്‍നിന്ന് ഉല്പ്പാദിപ്പിക്കുന്ന ശബ്ദത്തിനോടുള്ള വൈരാഗ്യത്തിന്ന് മിസോഫോണിയ എന്നും പറയുന്നു. ഈ വിഷ്വല്‍ ടിഗര്‍ (visual trigger)കാണുമ്പോള്‍ ആ ഉല്പ്പാദന കേന്ദ്രത്തിനോട് (ഇവിടെ വായ) അങ്ങേയറ്റത്തെ വെറുപ്പ് വരുന്നു. ഇനി ശബ്ദമില്ലാതെ തന്നെ വായ തുറന്നുപിടിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത് കാണുമ്പോഴും വിഷുല്‍ ട്രിഗ്ഗര്‍ ഉണ്ടാവുന്നു.
അമേരിക്കയിലെ നടി, ടെലിവിഷനിലെ ടോക് ഷോ ഹോസ്റ്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കെല്ലി റിപ എന്നവര്‍ക്ക് സിനിമ കാണാന്‍ പോയിരുന്നാല്‍ തൊട്ട സീറ്റിലുള്ള ആള്‍ പോപ് കോണ്‍, ച്യുയിങ്ങ് ഗം എന്നിവ ചവക്കുന്ന ശബ്ദം സഹിക്കാന്‍ പറ്റുമായിരുന്നില്ല.അങ്ങിനെ ഉണ്ടായാല്‍ സിനിമ കാണാതെ തിരിച്ചുവരും പോലും.

ചികിത്സകള്‍:
മന:ശാസ്ത്രജ്ഞന്മാര്‍ Psychologist), ശ്രവണ ശാസ്ത്ര വിഭാഗക്കാര്‍(Audiologist), മനോരോഗ വിദഗ്ധന്മാര്‍ (Psychiatrist), ന്യുറോളജി വിഭാഗക്കാര്‍ ( Neurologist), ഓക്കുപ്പേഷനല്‍ തിറാപ്പിസ്റ്റുകള്‍ എന്നിവരാണ് പ്രധാന ചികിത്സകര്‍. ഓക്കുപ്പേഷനല്‍ തിറാപ്പിസ്റ്റുകള്‍ മിക്കവാറും ഫിസിക്കല്‍ തിറാപ്പി, സ്പീച്ച് തിറാപ്പി, സോഷ്യല്‍ വര്‍ക്ക് എന്നിവയുമായി ബന്ധപ്പെട്ടവരായിരിക്കും.
പ്രത്യക്ഷത്തില്‍ വ്യക്തമായ ചികിത്സാരീതികള്‍ ഇല്ലെങ്കിലും ടിനിറ്റസ് റിട്രെയിനിങ്ങ് തിറാപ്പി (tinnitus retraining therapy) എന്ന ഒരു രീതിയുണ്ട്. ടിനിറ്റസ് എന്നത് പ്രായം കൂടുമ്പോള്‍ കണ്ടുവരുന്ന ഒരു അവസ്ഥയാകുന്നു. ചെവിയില്‍ ഒരു ചെറിയ റിംഗിങ്ങ് രീതിയിലുള്ള ശബ്ദം അനുഭവപ്പെടുന്ന അവസ്ഥയാകുന്നു ടിനിറ്റസ് (tinnitus). ഈ അവസ്ഥക്കുള്ള ചികിത്സാരീതിയുമായി ബന്ധപ്പെട്ടുള്ളതാകുന്നു ടിനിറ്റസ് റി ട്രെയിനിങ്ങ് തിറാപ്പി അഥവാ ടി ആര്‍ ടി (TRT) ഈ രീതിയില്‍ ചില ശബ്ദങ്ങളെ എങ്ങിനെ സഹിക്കാം എന്ന രീതി പരിശീലിപ്പിക്കുന്നു. ഡി സെന്‍സിറ്റൈസേഷന്‍ അഥവാ ഡി കണ്ടീഷനിങ്ങ് എന്ന മന:ശാസ്ത്ര രീതികളും ചികിത്സയില്‍ ഉണ്ട്. എന്നാല്‍ ഇവക്ക് അത്രതന്നെ പ്രചാരം ലഭിച്ചിട്ടില്ല.
രണ്ടാമത്തെ രീതി കോഗ്നിറ്റീവ് ബിഹേവിയോറല്‍ തിറാപ്പി അഥവാ സി ബി ടി (Cognitive Behavioral Therapy or CBT) എന്ന രീതിയാകുന്നു. ഇതില്‍ ‘ഞാന്‍ ഈ ശബ്ദം വെറുക്കുന്നു’ എന്ന നെഗറ്റീവ് ചിന്താഗതി മാറ്റിയെടുക്കലാകുന്നു. മൂന്നാമത്തെത് സൈക്കോ തിറാപ്യുട്ടിക്ക് ഹിപ്‌നോ തിറാപ്പി (psychotherapeutic hypnotherapy) എന്ന രീതിയാകുന്നു. ഈ രീതിയില്‍ ഹിപ്‌നോസിസ് ഉപയോഗപ്പെടുത്തുന്നു.
നാലാമതായി ആകാംഷ അകറ്റാനുള്ള മരുന്നുകളാകുന്നു. ഇതിന്ന് ഒരു വിദഗ്ദ്ധനായ ഡോക്ടര്‍ തന്നെ വേണം.
ഇതൊക്കെയാണെങ്കിലും ഏതാണ്ട് ഒരു ഇരുപത്‌കൊല്ലം മുന്‍പ് മാത്രം പഠനവിധേയമായ ഒരു വിഷയം എന്ന രീതിയില്‍ ഒരു പരിപൂര്‍ണ്ണ ചികിത്സാരീതി ഇതിന്ന് വേണ്ടി മാത്രം ഉരുത്തിരിഞ്ഞിട്ടില്ല.ചില

ചില അനുഭവങ്ങള്‍:
അറുപത് കൊല്ലം മുന്‍പ് അന്ന് എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ റേഷനരിയിലെ കല്ലു പെറുക്കുന്ന അമ്മ, ആ പണി കഴിഞ്ഞശേഷം നിലത്തുനിന്ന് അരിയുടെ അവസാന ഭാഗം പെറുക്കിയെടുക്കുന്ന ഒരു പണിയുണ്ട്. അതില്‍ നഖം നിലത്ത് ഉരസിയുണ്ടാക്കുന്ന ആ ശബ്ദം !! അവിടെനിന്ന് ഞാന്‍ രക്ഷപ്പെടുമായിരുന്നു. മലബാര്‍ കൃസ്ത്യന്‍ കോളേജ് പ്രൈമറി സെക്ഷനില്‍ പഠിയുക്കുമ്പോള്‍ നാലാം ക്ലാസ്സിലെ മേരിടീച്ചര്‍ ചോക്കിന്റെ ശബ്ദമുണ്ടാക്കിക്കൊണ്ട് കറുത്ത ബോര്‍ഡിലെഴുതുകയും നിറയെ ചോക്കുപൊടിയുള്ള വരണ്ട; ഡസ്റ്റര്‍ എന്ന ഓമനപ്പേരുള്ള തുണികൊണ്ട് എഴുതിയത് മായ്ക്കുകയും ചെയ്യുമ്പോള്‍ എനിക്ക് ക്ലാസില്‍നിന്നോടിപ്പോകാന്‍ തോന്നിയിട്ടുണ്ട്. എന്റെ വീട്ടില്‍ അച്ഛന്‍ വളര്‍ത്തുന്ന നായ കൂറയെ (cockroach)കറുമുറെ കടിച്ചു മുറിച്ച് അരിമുറുക്കോ അച്ചപ്പമോ പോലെയുള്ള
ഒരു എണ്ണപ്പലഹാരം കഴിക്കുന്നത്‌പോലെ തിന്നുമായിരുന്നു. എന്നാല്‍ വീട്ടുകാരെപ്പോലും കടിക്കാന്‍ മടിക്കാത്ത ഡിക്ക് എന്ന ശൂരനായ നായയെ അടിയ്ക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ടൈപ്പ് റൈറ്റിങ്ങ് പഠിക്കാന്‍ പോയപ്പോള്‍ കീ ബോര്‍ഡിന്റെ ശബ്ദം സഹിക്കവയ്യാതെ ആ പഠിപ്പ് നിര്‍ത്തിയ ഒരു സുഹൃത്തുണ്ട് എനിക്ക്. അയാള്‍ ഇന്നത്തെ കമ്പ്യുട്ടര്‍ കീ ബോര്‍ഡിനോട് നന്ദി പറയുന്നുണ്ടാവും.