മണി സിക്ക്‌നസ്സ് സിന്‍ഡ്രൊം
(Money Sickness Syndrome)
പറയിപെറ്റുണ്ടായ പന്തീര്‍ കുലത്തിലുണ്ടായിരുന്ന ഒരു സന്തതിയായിരുന്നു പാക്കനാര്‍. കാട്ടിലെ ഓട ചീന്തി കുട്ടമട്ഞ്ഞു വിറ്റിരുന്ന പാക്കനാര്‍ ഒരുദിവസം പത്‌നിയോടൊപ്പം നടന്നുപോകുമ്പോള്‍ പത്‌നിക്ക് ഒരു തുണിസഞ്ചി ലഭിച്ചു. വഴിപോക്കനായ ഏതെങ്കിലും കച്ചവടക്കാരന്റെതായിരിക്കും എന്ന് പാക്കനാര്‍ അഭിപ്രായപ്പെട്ടു. തുറന്നുനോക്കിയപ്പോള്‍ അത് നിറയെ സ്വര്‍ണ്ണ നാണയങ്ങളായിരുന്നു. പാക്കനാര്‍ ഭീതിയോടെ പറഞ്ഞു ”അയ്യോ അതെടുക്കല്ലെ, അത് ആളെക്കൊല്ലിയാണ്”. ഇതെന്ത് ഭ്രാന്താണ് പറയുന്നതെന്ന് ഭാര്യക്ക് തോന്നി. എന്തായാലും പാക്കനാരുടെ നിര്‍ദ്ദേശപ്രകാരപ്രകാരം ആ സഞ്ചി ഭാര്യ, മനമില്ലാമനസ്സോടെ വഴിയില്‍ത്തന്നെ ഉപേക്ഷിച്ചു. അങ്ങിനെയിരിക്കെ ആ വഴി മൂന്നുപേര്‍ വരുന്നത് കണ്ടു പാക്കനാരും ഭാര്യയും മാറിനിന്നു. വഴിയാത്രക്കാര്‍ സഞ്ചികണ്ടു; ആകാംക്ഷയോടെ അതെടുത്ത തുറന്നുനോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു. സ്വര്‍ണ്ണനാണയങ്ങള്‍ മൂന്നുപേരും തുല്യമായി വീതിച്ചെടുക്കാമെന്ന് തീരുമാനിച്ചു. അതിന്നിടയില്‍, അവര്‍ക്ക് വിശപ്പു തോന്നിയപ്പോള്‍ ഒരാള്‍ ഭക്ഷണം വാങ്ങാന്‍ പോയി. മറ്റു രണ്ടുപേരും അവിടെത്തന്നെ നില്‍ക്കാമെന്ന് പറഞ്ഞു. അങ്ങിനെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് തോന്നി ഭക്ഷണം കൊണ്ട്‌വരുന്ന ചങ്ങാതിയെ അറിയാതെ പിന്നില്‍നിന്ന് ഒരു മരക്കഷ്ണം കൊണ്ട് അടിച്ചു കൊന്നാല്‍ മൂന്നുപേര്‍ക്കുള്ളത് രണ്ടുപേര്‍ക്കാവുമല്ലോ എന്ന.് അവര്‍ പതുങ്ങി നിന്ന് ഭക്ഷണം കൊണ്ടുവന്നആളെ പിന്നില്‍നിന്ന് അടിച്ചുകൊന്നു, ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എന്നാല്‍ ഭക്ഷണം കൊണ്ടുവന്ന ആള്‍ മറ്റു രണ്ടുപേരേക്കാള്‍ ദുഷ്ടബുദ്ധിയായിരുന്നു. അയാള്‍ പണം ഒറ്റക്കെടുക്കാന്‍ വേണ്ടി ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിട്ടുണ്ടായിരുന്നു. രണ്ടുപേരും വിഷം ചേര്‍ത്ത ഭക്ഷണം കഴിച്ച് മരണപ്പെട്ടു. ഇതെല്ലാം പാക്കനാരും ഭാര്യയും ഒളിച്ചുനിന്ന് കാണുന്നുണ്ടായിരുന്നു. പാക്കനാര്‍ പറഞ്ഞത് ഭാര്യക്ക് ബോദ്ധ്യപ്പെട്ടു.ആവശ്യത്തിലേറേ കയ്യില്‍ വരുന്ന ധനം ആപത്തുകള്‍ വരുത്തിവെക്കുമെന്ന് പാക്കനാര്‍ പത്‌നിയെ മനസ്സിലാക്കിച്ചു.

പണം വര്‍ദ്ധിച്ച കാരണംകൊണ്ട് രോഗമുണ്ടാവുമോ? ഇംഗ്ലണ്ടിലെ ഡോ: റോജര്‍ ഹെന്‍ഡെര്‍സണ്‍ എന്ന മാനസീകാരോഗ്യവിദഗ്ദ്ധന്‍ പറയുന്നത് ഉണ്ടാവുമെന്നാണ്. ഏതെങ്കിലും ഒരു വ്യക്തി നിരന്തരമായി പണത്തെപ്പറ്റി മാത്രം ചിന്തിച്ചു ബേജാറായിക്കൊണ്ടിരിക്കുക, എവിടെപ്പോയാലും എന്തു ചെയ്യുമ്പോഴും കണക്കിലധികമുള്ള പണം, കടബാദ്ധ്യത, എന്നിവയെപ്പറ്റി വ്യാകുലപ്പെടല്‍, എന്നിങ്ങിനെ പലതും മണി സിക്ക്‌നെസ്സ് സിന്‍ഡ്രോം (Money Sickness Syndrome) എന്ന മാനസീകാവസ്ഥയുടെ ഭാഗമാവാം . ഒരു വ്യക്തിക്ക് പണം കാരണം അസുഖം വന്നു എന്ന് വിചരിക്കാനോ സങ്കല്പിക്കാനോ ബുദ്ധിമുട്ടാണ്. നോട്ട്‌കെട്ടുകള്‍ അടുക്കിവെച്ച് അത് നോക്കി ആനന്ദിക്കുന്നവര്‍ നിരവധിയാണ്. അത് ഉപയോഗിക്കാന്‍ തയ്യാറില്ലാതെ സൂക്ഷിച്ചു വെച്ചതുകൊണ്ടെന്തു പ്രയോജനം? എന്ന് ചിന്തിക്കുന്നില്ല. എത്ര ഫീസ് കിട്ടിയാലും രോഗിയോട് യാതൊരു ദാക്ഷിണ്യമില്ലാതെ പെരുമാറുന്ന ഡോക്ടര്‍മാര്‍, പാവങ്ങളെ തന്റെ കഴിവുകേട് കൊണ്ട് മാത്രം കേസില്‍ തോല്പിച്ചാലും ഫീസില്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത വക്കില്‍മാര്‍ ഇതെല്ലാം നാട്ടിന്റെ ശാപവും അവരുടെ തന്നെ രോഗവുമാണ്. അമേരിക്കയില്‍ ഇയ്യിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത് ജനങ്ങള്‍ അവിടുത്തെ ഭാവിയെ ഓര്‍ത്ത് വളരെ സമ്മര്‍ദ്ദത്തിലാണെന്നാണ്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ പണവും, ജോലിയുമാണ്. നവമ്പര്‍ 1, 2017 ല്‍ ഡ്രഗ്ഗ്‌സ്.കോം എന്ന വെബ്‌സൈറ്റില്‍ വന്ന ഏറ്റവും പുതിയൊരു വാര്‍ത്തയാണിത്. അതില്‍ 62 ശതമാനവും സാമ്പത്തീക സമ്മര്‍ദ്ദമാകുന്നു.

മണി സിക്ക്‌നെസ്സ് സിന്‍ഡ്രോമിന്റെ ആദ്യഘട്ട ലക്ഷണങ്ങള്‍:
ഈയൊരസുഖത്തിന്റെ ആദ്യഘട്ടത്തില്‍ വിഷാദം, പിന്നീട് തൂക്കവര്‍ദ്ധന, ഉറക്കമില്ലായ്മ എന്നിവയായിരിക്കും ലക്ഷണങ്ങള്‍. സ്വന്തം വരുമാനത്തിന്ന് നിയന്ത്രണമില്ലായ്മ, താന്‍തന്നെ വരുത്തിതീര്‍ക്കുന്ന വര്‍ദ്ധിച്ച ചെലവുകള്‍, തന്റെ നിലവാരത്തിലോ, അതില്‍ കൂടുതലോ ഉള്ള മറ്റ് പണക്കാര്‍ എന്നിവരുടെ നിലവാരത്തില്‍ സഞ്ചരിക്കാനുള്ള ആക്രാന്തി അഥവാ വ്യഗ്രത എന്നിവയൊക്കെ ഇതിന്റെ ഭാഗങ്ങളാണ്. അവര്‍ക്ക്തന്നെ അറിയില്ല എങ്ങിനെയാണ് തന്റെ അത്യാഗ്രഹത്തെ നിയന്ത്രിക്കേണ്ടത് എന്ന്. അങ്ങിനെയുള്ളവര്‍ കടക്കെണിയുടെ ചുഴിയിലേക്ക് പതിക്കുന്നു. ഇംഗ്ലണ്ടിലെ പകുതിയിലധികം ജനങ്ങളെ ഈ മനോവ്യാധി ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണനുമാനം. 43% പേര്‍ ഇതനുഭവിച്ചുകഴിഞ്ഞു. 3.8 പേര്‍ സമയം കഴിഞ്ഞിട്ടും ജോലി ചെയ്യുന്നു. കാരണം മണി സിക്ക്‌നസ്സ് സിന്‍ഡ്രോം തന്നെ. ലോകത്തിലെ ബേജാറുകളില്‍ ഏറ്റവും അധികമുള്ളത് പണത്തിനെപ്പറ്റിയുള്ളത് തന്നെയാണ്.

മുന്നറിയിപ്പുകള്‍:
ഇത്തരം ഒരവസ്ഥയിലേക്ക് വരാതിരിക്കാന്‍ നിരവധി മുന്നറിയിപ്പുകളും സിഗ്നലുകളും ഉണ്ട്. അത്യാവശ്യം കഴിഞ്ഞുകൂടാന്‍ നിവര്‍ത്തിയുള്ള ഒരാള്‍ അല്ലെങ്കില്‍ സാമ്പത്തീകമായി നല്ല നിലയിലുള്ള ഒരാള്‍ അയാളുടെ വൈദ്യൂതി, ഫോണ്‍ ബില്ലുകളും അതുപോലെയുള്ള മറ്റ് ബില്ലുകളും അടയ്കാന്‍ സമയത്തിന്ന് സാധിക്കാതിരിക്കുന്നതും അതിന്നുവേണ്ടി ഓവര്‍ടൈം ജോലി ചെയ്യേണ്ടിവരുന്നതും ഇത്തരം സ്വഭാവത്തിന്റെ ചെറിയ ഒരു സിഗ്നലാകുന്നു. എന്നാല്‍ ഇന്നത്തെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ നാട്ടില്‍ എത്രതന്നെ ശ്രമിച്ചാലും സര്‍ക്കാരുകള്‍ സമ്മതിക്കാത്ത ഒരവസ്ഥയും നിലനില്‍ക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

ആസ്ഥി കുറഞ്ഞതിനാലാണ് മണിസിക്ക്‌നസ്സ് സിന്‍ഡ്രോം വരുന്നത് എന്നൊരു ധാരണയുണ്ട്. അത് പൂര്‍ണ്ണമായും ശരിയല്ല. കാരണം കൂടുതല്‍ വരുമാനമുള്ളവര്‍ക്കാണ് ഈ പ്രശ്‌നം കൂടുതലും. പണത്തിന്റെ വിഷമം പലര്‍ക്കും ഉണ്ടാവാം. അവരില്‍ പലരും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. 2009 അവസാനത്തില്‍ ഇംഗ്ലണ്ടില്‍ 87 ശതമാനം പേര്‍ക്കും സാമ്പത്തീക വിഷമം ഉണ്ടായിരുന്നു. അന്നത്തെ സ്ഥിതിവിവരക്കണക്കു പ്രകാരം വിദഗ്ദ്ധരല്ലാത്ത തൊഴിലാളികള്‍, വ്ന്‍കിട മാനേജര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധന്മാര്‍ (പ്രൊഫഷനലുകള്‍) എന്നിവരായിരുന്നു കൂടുതല്‍. സ്ത്രീകള്‍ ഉയര്‍ന്ന നിലയില്‍ സമ്മര്‍ദ്ദമുള്ളവരാകുന്നു. അവരില്‍ അതിന്റെ ഫലമായി പ്രകടമാകുന്ന വികാരം ആകാംക്ഷയാകുന്നു. 2007ല്‍ അമേരിക്കയില്‍ റിസഷന്‍ (Recession) അഥവാ സാമ്പത്തീക മാന്ദ്യമുണ്ടായപ്പോള്‍ 35 ശതമാനം പേര്‍ക്ക് ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായി. നമ്മുടെ നാട്ടിലും നോട്ട് പിന്‍വലിക്കല്‍ ഫലമായി പലരും മാനസീക അസ്വാസ്ഥ്യത്തിന്ന് വിധേയരായിട്ടുണ്ടെന്ന് പറയാതെ വയ്യ. മാനസീക അസ്വാസ്ഥ്യങ്ങളാവും മിക്കവാറും ശാരീരിക അസ്വാസ്ഥ്യങ്ങളിലേക്ക് നയിക്കുന്നതും.ജനങ്ങളുടെ മാനസീകാസ്വാസ്ത്യങ്ങള്‍ സര്‍ക്കാരുകള്‍ക്കൊരു പ്രശ്‌നവുമല്ല. ലോകാരോഗ്യസംഘടന ഏറ്റവും പ്രാധാന്യം കൊടുക്കുന്ന മാനസീകാരോഗ്യം കൊടുക്കാതിരിക്കാന്‍ ശ്രമിക്കുന്നു സര്‍ക്കാരുകള്‍!!

മണി സിക്ക്‌നെസ്സ് സിന്‍ഡ്രോം എങ്ങിനെ നിയന്ത്രിക്കണം?
ഈ പ്രശനം കണ്ടുപിടിച്ച റോജര്‍ ഹെന്റര്‍സണ്‍ തന്നെ ഈ പ്രശ്‌നം നിയന്ത്രിക്കാന്‍ മൂന്ന് വഴികള്‍ നിര്‍ദ്ദേശിക്കുന്നു. അവ 3എ (3A)എന്ന പേരില്‍ അറിയപ്പെടുന്നു.

Avoid (അവോയ്ഡ)്,
Alter (ആള്‍ടര്‍),
Accept (ഏക്‌സപ്റ്റ്) എന്നിവയാണവ.
Avoid- അവോയ്ഡ് എന്നതില്‍നിന്ന് സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങള്‍ ഒഴിവാക്കുക എന്നും അവരവരുടെ വരുമാനത്തിന്നനുസരിച്ച് ജീവിക്കുക എന്നുമാണുദ്ദ്യേശിക്കുന്നത്.

Altering-ആള്‍ട്ടറിങ്ങ് എന്നതിന്ന് ജീവിത നിലവാരത്തിന്ന് മാറ്റം വരുത്താനും, ചെലവിന്നനുസരിച്ച് തൊഴിലില്‍ മാറ്റം വരുത്തി പുതിയ തൊഴിലുകള്‍ കണ്ടെത്തുക എന്നതാകുന്നു.

Accepting-ഏക്‌സപ്റ്റിങ്ങ് അഥവാ സ്വീകരിക്കല്‍ എന്നതിന്ന് സാമ്പത്തീക വിഷമത്തെ അഭിമുഖീകരിക്കുന്ന മാനസീകാവസ്ഥ കൈവരിക്കല്‍ എന്നതാകുന്നു. ‘ഇത് എന്നെപ്പോലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാകുന്നു’ എന്ന് മനസ്സിലാക്കുക. ഉള്‍ക്കാഴ്ച്ചയുണ്ടാവുക.

ഒട്ടകപക്ഷി; തല,പൂഴിയില്‍പൂഴ്ത്തിവെക്കുന്നത്‌പോലെ സ്വന്തം സാമ്പത്തീക പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെയോ, പരിഹാരമാര്‍ഗ്ഗങ്ങള്‍ നോക്കാതെയോ പെരുമാറുന്ന വ്യക്തികളുണ്ട്. ഈയൊരു മനോഭാവംകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. പൂഴ്ത്തിവെച്ച തലയുയര്‍ത്തി പ്രശ്‌നപരിഹാരത്തിന്ന് മുന്നിട്ടിറങ്ങുകയാണാവശ്യം.

ശാരീരിക പ്രശ്‌നങ്ങള്‍:
ആദ്യഘട്ട, ലക്ഷണങ്ങളില്‍ പറഞ്ഞതുപോലെത്തന്നെ മണി സിക്ക്‌നസ്സ് സിന്‍ഡ്രോമിന്റെ ശാരീരിക പ്രശ്‌നങ്ങള്‍ ശരീരത്തിന്റെ തൂക്കം കൂടല്‍, വയറ് എപ്പോഴും കാലിയാണെന്ന തോന്നല്‍, മനംപിരട്ടല്‍, വയറിളക്കം, ദഹനക്കുറവ്,വിഷാദം, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, ലൈംഗികതാല്പര്യക്കുറവ് തീരുമാനങ്ങള്‍ എടുക്കുവാനുള്ള വിഷമം, നെഗറ്റീവ് വിചാരങ്ങള്‍ എന്നിവയാണ്. ഇത്തരം സന്ദര്‍ഭ്ഭങ്ങളില്‍ ഡോക്ടര്‍, മനശ്ശാത്രജ്ഞന്‍, കൗണ്‍സലര്‍ എന്നിവരുടെ സഹായം തേടിയാല്‍ ഫലം കിട്ടും. ചുരുങ്ങിയ വരുമാനക്കാര്‍ക്ക് രോഗഭീഷണി കൂടുതലുണ്ടെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാരണം പോഷകാഹാരക്കുറവും, യഥാര്‍ത്ത ചികിത്സാ രീതികള്‍ അവലംബിക്കാനുള്ള സാമ്പത്തീകശേഷിയില്ലായ്മയും ചിലപ്പോള്‍ വിദ്യാഭ്യാസക്കുറവും ആയിരിക്കാം.

പ്രതിഫലനം ബന്ധങ്ങളിലും.:
ചിലര്‍ മിതമായും ആവശ്യത്തിനും ചെലവാക്കുന്നതിന്ന് പകരം ഒന്നുകില്‍ അറുപിശുക്ക്, അല്ലെങ്കില്‍ ധാരാളി എന്ന രീതിയില്‍ വരുമ്പോള്‍ സ്വാഭാവികമായും ബന്ധങ്ങളിലും അത് പ്രതിഫലിയ്ക്കുന്നു. ബേങ്ക് സ്റ്റെയിറ്റ്‌മെന്റും പാസ്സ്ബുക്കും തിരിഞ്ഞു നോക്കാത്തവര്‍ ഈ മാനസീകാവസ്ഥക്ക് വിധേയരായവരില്‍ സാധാരണമാണ്. സമ്പാദ്യം പെരുകുമ്പോള്‍ കുറ്റബോധമുള്ള ഒരു വിഭാഗം ജനങ്ങളുണ്ട്. അവര്‍ അപ്പോഴാണ് പട്ടിണിപ്പാവങ്ങളെപ്പറ്റി ആലോചിക്കുക. എന്നാല്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുകയുമില്ല. ഇത് വരുന്നത് അവനവനെപ്പറ്റി യാതൊരു മതിപ്പും ഇല്ലാത്തവര്‍ക്കായിരിക്കും. അതായത് ലൊസെല്‍ഫ് എസ്റ്റീം (Low self esteem) എന്ന സ്വഭാവമുള്ളവര്‍. ഇനി മറ്റൊരു വിഭാഗം മണി വര്‍ഷിപ്പിങ്ങ് (Money worshiping) വിഭാഗമാണ്. അവരുടെ സ്വഭാവമാണ് ചൂതുകളിയില്‍ ഇടപെട്ട് ഇരട്ടിപ്പിക്കാന്‍ ശ്രമിക്കല്‍. ഇത് അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ വളരെ സാധാരണമാണ്. അവിടെ ലാസ്‌വേഗസ്, മൊഹീഗന്‍ തുടങ്ങി അതിന്നായുള്ള കേന്ദ്രങ്ങളും ഉണ്ട്. ഇവരും ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. സാധാരണ ചെയ്യുന്ന ജോലിയില്‍ നിന്ന് നല്ലവരുമാനം ലഭിച്ചിട്ടും വര്‍ക്കഹോളിക്ക് (workaholic)എന്ന രീതിയില്‍ കുടുമ്പജീവിതത്തെ തകര്‍ത്തുകൊണ്ടുള്ള മുന്നേറല്‍. എന്നിട്ട് ഒരു ത്യാഗിയെപ്പോലെ ‘നിങ്ങള്‍ക്ക് വേണ്ടിയല്ലേ ഞാനീ അധ്വാനിക്കുന്നത്? എന്ന് ഇടക്കിടെ പറയുകയും ചെയ്യും. പണത്തേക്കാള്‍ വിലയുള്ള കുടുമ്പജീവിതം തകര്‍ത്തുകൊണ്ടാണ് അയാള്‍ മുന്നേറുന്നത്. 23% പേരില്‍ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ കാണാം. പങ്കാളിയുമായി ചെലവഴിക്കുന്ന സമയം കുറയുന്നു. ദു:ഖിതനായ ഒരാളുടെ സാമ്പത്തീക തീരുമാനം സാധാരണയായി ചെലവേറിയതായിരിക്കും എന്നാണ് പറയുന്നത്. എന്നാല്‍ പണംകൊണ്ട് സന്തോഷം വാങ്ങാനാകുമോ? അതുമില്ല. ഓരോ ദിവസവും മനുഷ്യന്‍ സന്തോഷം എങ്ങിനെ ലഭിയ്ക്കും? എന്ന് ചിന്തിച്ചുകൊണ്ടിരിയ്ക്കുന്നു. അങ്ങിനെ അവര്‍ എടുക്കുന്ന വികലമായ തീരുമാനങ്ങളില്‍ ഒന്ന് മദ്യം കഴിക്കുക എന്നാവാം, മറ്റൊന്ന് സിനിമ കാണാം എന്നാവാം, എന്നാല്‍ ഇതിനൊന്നിനും ഒരു ശാശ്വത പരിഹാരമില്ല. 1950 മുതല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഏതാണ്ട് ഒരേനിലയില്‍ മുന്നോട്ട് പോയിട്ടുണ്ട്. എന്നാല്‍ അമേരിക്കക്കാരന്റെ സന്തോഷത്തിന്റെ നിലവാരം ഉയര്‍ന്നിട്ടുമില്ല. മനുഷ്യന്റെ പ്രാഥമീകാവശ്യങ്ങളായ ഭക്ഷണം, താമസം എന്നീ അവസ്ഥകള്‍ കൈവരിച്ചിട്ടും സന്തോഷവും സാമ്പത്തീകവും തമ്മില്‍ വലിയ ബന്ധം കണ്ടില്ല/കാണുന്നില്ല. ഇതിനെന്താണ് കാരണം? ശരിയായ ആവശ്യത്തിനല്ല പണം ചെലവാക്കുന്നത് എന്നതു തന്നെ.
ബിഹേവിയറല്‍ ഫിനാന്‍സ് (Behavioral finance)
ന്യായ വിചാരണാധികാരമോ, അത്‌പോലെയുള്ള മറ്റ് ചിന്തകളോ ഇല്ലാതെ ഒരാള്‍ യഥേഷ്ടം പണം ചിലവാക്കുന്ന രീതിയെപ്പെറ്റിയുള്ളശാസ്ത്രമാണിത്. റിച്ചാഡ് താലര്‍ (Richard Thaler) എന്ന സാമ്പത്തീക വിദഗ്ദ്ധനാണ് ഈ വിഷയത്തില്‍ ഇന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍. ഷിക്കാഗൊയിലെ ബിഹേവിയറല്‍ സയന്‍സ് & എക്കണോമികിന്റെ തലവനാകുന്നു ഇദ്ദേഹം. അദ്ദേഹത്തിന്ന് 2017 ലെ നോബല്‍ സ്മാരക സമ്മാനം ലഭിച്ചു. ഷിക്കാഗോ സര്‍വ്വകലാശാലയില്‍ ബിഹേവിയറല്‍ സയന്‍സിന്റെയും സാമ്പത്തീക ശാസ്ത്രത്തിന്റെയും പ്രൊഫസറായ ഇദ്ദേഹം മന:ശാസ്ത്രവും സാമ്പത്തീകവും തമ്മിലുള്ള ബന്ധം കോര്‍ത്തിണക്കി. ഒരാള്‍ ചെലവ് ചെയ്യുന്നത് അയാളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപരിയായി മാനസീകാവശ്യം കൂടിയാണ്. എന്നാല്‍ പിശുക്കും ധാരാളിത്തവും ഒരു മാനസീക വൈകല്യവും.

Categories: Psycholoogy