കണ്ണുനീരിന്റെ സവിശേഷതകള്‍
2018 ഫെബ്രുവരി 22ലെ ഡ്രഗ്ഗ്.കോം (Drugs.com) എന്ന പ്രസിദ്ധമായ അമേരിക്കന്‍ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയാണ് താഴെ കൊടുക്കുന്നത്:
‘ഒരാള്‍ക്ക് പാര്‍ക്കിന്‍സണ്‍ രോഗം വരാനുള്ള സാദ്ധ്യത കണ്ണീരില്‍കൂടി കണ്ടുപിടിക്കാന്‍ കഴിയും’
എന്തുകൊണ്ടാണത് സാധിക്കുന്നത്?
കണ്ണുനീര്‍ പൊഴിയുമ്പോള്‍ ചില പ്രോട്ടീനുകള്‍ അതുവഴി പുറത്തുവിടുന്നു. പാര്‍ക്കിന്‍സണ്‍ രോഗം വരാന്‍ സാദ്ധ്യതയുള്ള ഒരാളുടെ കണ്ണുനീരിലെ പ്രോട്ടീന്‍ മറ്റുള്ളവരതില്‍ നിന്നും വ്യത്യസ്ഥമായിരിക്കും. അതാണ് കാരണം.
തെക്കന്‍ കാലിഫോര്‍ണിയ യൂനിവേര്‍സിറ്റി ഓഫ് മെഡിസിന്‍ വിഭാഗത്തിലെ ഡോ: മാര്‍ക്ക് ല്യു(Dr.Mark Lew) എന്ന ശാസ്ത്രജ്ഞന്റെതാണ് ഈ കണ്ടുപിടുത്തം. പാര്‍ക്കിന്‍സണ്‍ രോഗം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നതും, കേന്ദ്ര ഞരമ്പ് വ്യുഹത്തെ ബാധിക്കുന്നതുമായ ഒരു രോഗമാണ്. കിടുകിടുക്കുന്ന വിറയലും പതറുന്ന ശബ്ദവും ഘനീകരിക്കുന്ന, നിര്‍ഗ്ഗളതയുള്ള അതായത് നിയന്ത്രണം വേണ്ടുന്ന അവസ്ഥയില്‍ സാധിക്കാത്ത പേശികള്‍ രോഗിയെസ്സംബന്ധിച്ച് ദുസ്സഹമാവുന്നു. തുടക്കത്തിലെ രോഗലക്ഷണങ്ങള്‍ നിസ്സാരമാകയാല്‍ ഈ രോഗം തുടക്കത്തില്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഞരമ്പ് ഉത്തേജിക്കപ്പെടുമ്പോള്‍ കണ്ണുനീരില്‍ പ്രോട്ടീന്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത്തരം ഒരു പ്രക്രിയ നടക്കുന്നു എന്ന് മനസ്സിലാക്കിയ ഗവേഷകരാണ് കണ്ണുനീര്‍ അപഗ്രഥനം ചെയതാല്‍ പാര്‍കിന്‍സണ്‍ രോഗസാദ്ധ്യത കണ്ടെത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കിയത്. അമേരിക്കയിലെ ഞരമ്പ്‌രോഗ വിദഗ്ദ്ധരുടെ സമ്മേളനത്തില്‍ ഡോ ല്യു ഇങ്ങിനെ പറയുകയുണ്ടായി ”ഒരു വ്യക്തിയുടെ ആവേശം, വികാരസ്‌തോഭം, കണ്ണുനീരൊഴുക്കല്‍ എന്നിവയുടെ സമ്പ്രദായം എന്നിവയൊക്കെ ഈ രോഗനിര്‍ണ്ണയത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്” ‘ഉള്ളില്‍ കുടികൊള്ളുന്ന പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷ്ണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് വര്‍ഷങ്ങള്‍ക്ക്‌ശേഷമാകയാല്‍ ഇത്തരം മുന്‍നിഗമനങ്ങള്‍ ഗുണം ചെയ്യും’. കണ്ണുനീരിനെപ്പറ്റി, ഒരു വലിയ വിഭാഗം ജനങ്ങളില്‍ ഇനിയും പഠനം നടത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ മസ്തിഷ്‌കവും കണ്ണുനീര്‍ ഗ്രന്ഥിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാലാണ് വൈകാരിക സംഭവങ്ങള്‍ മനുഷ്യനെ കരയിപ്പിക്കുന്നത്. പാര്‍ക്കിന്‍സണ്‍ രോഗത്തെപ്പറ്റി പറഞ്ഞത് പോലെതന്നെ വികാരവിക്ഷോഭങ്ങളുടെ രീതിക്കനുസരിച്ച് കണ്ണുനീരിന്റെ ഘടകങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുന്നു എന്ന് മിന്നസോട്ടയിലെ ഡോ: വില്യം എച്ച് റേ എന്ന ശാസ്ത്രജ്ഞനും പറയുന്നു
സങ്കടം വരുമ്പോഴുള്ള കണ്ണുനീരിന്നും ഉള്ളിത്തൊലി കളയുമ്പോഴുണ്ടാവുന്ന കണ്ണീരിന്നും തമ്മില്‍ വ്യത്യാസമുണ്ട്. വികാരവിക്ഷുഭ്തത വരുമ്പോള്‍ പ്രോട്ടീന്‍ അളവ് കണ്ണീരില്‍ കൂടുന്നു.
കണ്ണീരിനോടുള്ള വൈകാരിക സമീപനങ്ങള്‍:
മേലെ എഴുതിയത് കണ്ണീരിന്റെ ഒരു പുതിയ ശാസ്ത്രീയ വിവരം മാത്രമാകുന്നു. എന്നാല്‍ വൈകാരികമായി കണ്ണീരിന്ന് വളരെയധികം പ്രാധാന്യമുണ്ട്. വികാരാധീനനായി കണ്ണുനീര്‍ പൊഴിക്കുന്ന ഒരാളെ സമാധാനിപ്പിക്കുക എന്നത് അത് കണ്ടുനില്‍ക്കുന്ന ഒരാളുടെ കടമയാകുന്നു. കണ്ണുനീര്‍ അടക്കിപ്പിടിക്കുന്ന ആള്‍; ദു:ഖം അടക്കിപ്പിടിക്കുന്നു. അത് മാനസീകാരോഗ്യത്തിന്ന് നല്ലതല്ല. ആംഗലേയ കവി ടെന്നിസന്റെ ഹോം ദെ ബ്രോട്ട് ഹേര്‍ വാര്യര്‍ ഡെഡ് (Home they brought her warrior dead) എന്ന കവിതയില്‍ പട്ടാളക്കാരന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഭാര്യ കണ്ണുനീര്‍ അടക്കിപ്പിടിച്ചത് മനസ്സിലാക്കിയ സ്വന്തക്കാര്‍ അവളെ കരയിക്കാന്‍ പാടുപെടുന്നു. പൊട്ടിക്കരഞ്ഞിട്ടില്ലെങ്കില്‍ അവള്‍ മരിച്ചുപോകുമെന്ന് അവര്‍ ഭയപ്പെടുന്നു. ഹിന്ദു പുരാണ കഥയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സതീര്‍ത്ഥ്യനായ കുചേലനെ കാണുന്ന ശ്രീകൃഷ്ണന്റെ കണ്ണു നിറയുന്നു. ‘എന്തുകൊണ്ടോ ശൗരി കണ്ണു നീരണിഞ്ഞു ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ??’ എന്ന് കവി പാടി. ഇവിടെ കണ്ണുനീരിന്ന് വാക്കുകളേക്കാള്‍ ശക്തിയേറുന്നു.വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം കവിത ‘അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതന്‍ നേത്രത്തില്‍നിന്നുതിര്‍ന്നൂ ചുടു കണ്ണീര്‍’ എന്ന വരികളോടുകൂടിയാണ് തുടങ്ങുന്നത്തന്നെ. കൂടുതല്‍ വായിക്കുന്തോറും അതിന്റെ കാരണം മനസ്സിലാക്കുന്ന വായനക്കാരന്റെ കണ്ണും നിറയുന്നു.
കണ്ണീര്‍ ദൗര്‍ബല്യമാണോ?
കണ്ണുനീര്‍ ദൗര്‍ബല്യത്തിന്റെ ലക്ഷണമല്ല. ശുദ്ധിയുള്ള മനസ്സിന്റെ വാതില്‍ തുറക്കുന്നതിന്റെ അടയാളമാണത്. കരയുക, മാപ്പ് നല്‍കുക, ഭാവിയിലേക്കുള്ള സന്തോഷത്തിന്റെ വിത്തുകള്‍ അത്‌കൊണ്ട് നനക്കുക എന്നാണ് സ്റ്റീവ് മാറബോളി (Steve Maraboli) എന്ന പെരുമാറ്റശാസ്ത്ര വിദഗ്ദ്ധന്‍ കണ്ണീരിനെപ്പറ്റി പറഞ്ഞത്. ചാള്‍സ് ഡിക്കന്‍സ് എന്ന പ്രസിദ്ധ ആംഗലേയ നോവലിസ്റ്റ് പറഞ്ഞു ‘സ്വര്‍ഗ്ഗത്തിന്ന് അറിയാം കരയുന്നത്‌കൊണ്ട് നമ്മള്‍ മോശക്കാരാവുന്നില്ല എന്ന്’.നല്ല ഒരു കരച്ചില്‍ വഴി ഒരുപാട് ആശ്വാസം ലഭിയ്ക്കുന്നു. സമ്മര്‍ദ്ദം ലഘൂകരിക്കാനുപകരിക്കുന്ന ഗ്രന്ഥീശ്രവങ്ങള്‍ പുറത്തുവരുന്നു. നമ്മളില്‍ പലര്‍ക്കും എപ്പോഴെങ്കിലും നല്ലൊരു കരച്ചില്‍ കാരണം ഒരുപാട് ആശ്വാസം ലഭിച്ച സന്ദര്‍ഭ്ഭങ്ങളുണ്ടായിട്ടുണ്ടാവാം. ഒരു ബന്ധത്തിന്റെയോ, നിരാശയുടെ പര്യവസാനം എന്നിവ അത്തരത്തില്‍ പെട്ട ചില സന്ദര്‍ഭ്ഭങ്ങള്‍ മാത്രം. എന്നിവ. കണ്ണില്‍ നിന്ന് പുറപ്പെട്ട്, കവിളുകള്‍ വഴി ഒലിച്ചിറങ്ങി താഴോട്ടേക്ക് വന്നുകൊണ്ടിരിക്കുന്ന ആ ഉപ്പുരസമുള്ള നീര്!! താല്‍ക്കാലികമായി കാഴ്ച്ചക്ക് മങ്ങലേല്പിക്കുന്ന ആ ജലം!! അതിന്ന് നല്‍കാന്‍ കഴിയുന്ന മന:സ്സമാധാനം ചെറുതൊന്നുമല്ല. ഒരു ദിവസം ഒരാളുടെ കണ്ണില്‍ പത്തൗണ്‍സ് കണ്ണീര്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഒരു വര്‍ഷം മുപ്പത് ഗാലന്‍. ആ കണ്ണുനീര്‍ ഒഴുക്കിക്കളയുന്നത് നിരവധി മാനസീക സംഘര്‍ഷങ്ങളാകുന്നു. അതിന്റെ മാനസീക വ്യാപ്തി ഒരു പുഴ മാലിന്യങ്ങള്‍ കടലില്‍ കൊണ്ടുപോയി തള്ളുന്നത് പോലെയാകുന്നു. കെട്ടിക്കിടക്കുന്ന കണ്ണീര്‍ മാനസീക പ്രശ്‌നങ്ങളും ശാരീരികാസ്വാസ്ഥ്യങ്ങളും വര്‍ദ്ധിപ്പിക്കുന്നു. അണപൊട്ടിയൊഴുകുന്ന കണ്ണീര്‍ വഴി വികാരവിരേചനം സാദ്ധ്യമാകുന്നു.
കണ്ണീരിന്റെ ആവശ്യം:
പ്രാഥമീകമായി കണ്ണുനീരിന്റെ ആവശ്യം കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് ഒരു തരം എണ്ണയിടല്‍ പോലെ കണ്ണിന്ന് ആവശ്യമായ വഴുവഴുപ്പുണ്ടാക്കുന്നു. വെള്ളം, ഉപ്പ്, അന്റിബോഡികള്‍, ലൈസോസൈം (Lysozyme) എന്നിവയടങ്ങുന്ന ആശ്രുബിന്ദുക്കള്‍ കണ്ണിനെ സംരക്ഷിക്കുന്നതോടൊപ്പം മനസ്സിന്റെ സന്തോഷവും സന്താപവും മറ്റ് പല വികാരങ്ങളും പ്രകടിപ്പിക്കുവാനും മുന്‍കൈ എടുക്കുന്നു. മനസ്സ് വേണ്ടെന്ന് പറഞ്ഞാലും വരുന്നതും വേണമെന്ന് പറഞ്ഞാല്‍ വരാത്തതുമായ അനുസരണമില്ലാത്ത ഒരു കുട്ടിയുടെ സ്വഭാവമാണ് കണ്ണീരിന്ന്. കണ്ണീര്‍ പൂവിന്റെ… എന്നും, കണ്ണുനീര്‍ മുത്തുമായ്… എന്നും മറ്റും തുടങ്ങുന്ന സിനിമാപ്പാട്ടുകള്‍ മാത്രമല്ല, കണ്ണുനീരില്‍ ചാലിച്ചെഴുതിയ കവിതകളും കഥകളും നിരവധിയാകുന്നു.
വിഷാദവും ദു:ഖവും, സങ്കടവും ഒക്കെയാണ് സാധാരണയായി കണ്ണീരുല്പാദിപ്പിക്കുന്ന വൈകാരിക വശങ്ങള്‍ എങ്കിലും ചിലര്‍ക്ക് ദേഷ്യം വരുമ്പോഴും, പേടി വരുമ്പോഴും ചിരി വരുമ്പോഴും തമാശ ആസ്വദിക്കുമ്പോഴുമൊക്കെ കണ്ണീരുല്പാദിപ്പിക്കപ്പെടുന്നു. ഒരു കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ എന്റെ മുന്നില്‍ വെച്ച് കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ കക്ഷികള്‍ പൊട്ടിക്കരഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭ്ഭങ്ങളിലെല്ലാം തന്മയീഭാവത്തോടെ മാനസീകമായി അവരോടൊപ്പം സഞ്ചരിച്ച് സംസാരിച്ചശേഷം എന്റെ കണ്‍സള്‍ട്ടിങ്ങ് റൂമിലെ വാഷ് ബേസിനില്‍ പോയി മുഖം കഴുകി വരാന്‍ പറഞ്ഞ നിരവധി സന്ദര്‍ഭ്ഭങ്ങ്‌ളുണ്ടായിട്ടുണ്ട്. റി ഇവാലുവേഷന്‍ കൗണ്‍സലിങ്ങ് (Re-evaluation counseling therapy) തിറാപ്പിയില്‍ കരച്ചില്‍ മാനസീകാരോഗ്യത്തിന്ന് ഗുണം ചെയ്യുന്നു എന്നാണ് നിഗമനം.
വികാരരഹിതമായ കണ്ണുനീര്‍ മനുഷ്യനിലും മൃഗങ്ങളിലും കാണാം. മുതലക്കണ്ണീര്‍ കള്ളലക്ഷണമായി പറയുന്നത് മുതല ഇരയെ പിടിക്കാന്‍ സങ്കടഭാവത്തില്‍ പതുങ്ങിയിരിക്കുമ്പോള്‍ കണ്ണില്‍ നിന്ന് ഒലിപ്പ് വരുന്നതിനാലാണ്. എല്ലാ സമയത്തും വെള്ളത്തില്‍ കിടക്കുന്ന മുതലക്ക് കരയില്‍ കയറിയാല്‍ കണ്ണ് സംരക്ഷിക്കുവാന്‍ വേണ്ടിയുള്ളതാണ് മുതലക്കണ്ണീര്‍.മനുഷ്യന്ന് സെറിബ്രല്‍ പാള്‍സി എന്ന രോഗം ഭേദമാവുമ്പോള്‍ പുതിയ ഞരമ്പുകള്‍ ഉടലെടുക്കുമ്പോള്‍ കണ്ണീര്‍ വരുന്നു. പിറന്നു വീഴുമ്പോള്‍ എല്ലാവരും കരയുന്നു. എന്നാല്‍ ആ കരച്ചില്‍ ഉണ്ടായില്ലെങ്കില്‍ എങ്ങിനെയെങ്കിലും കരയിക്കാന്‍ ശ്രമിക്കുന്നു. കാരണം കുഞ്ഞിന്റെ ശ്വസോച്ഛ്വാസത്തിന്ന് അതാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നീടങ്ങോട്ട് കുഞ്ഞിന്ന് അമ്മയോടുള്ള ആശയവിനിമയം പലപ്പോഴും കരച്ചലില്‍കൂടിയാണ്. പിറന്ന ഉടനെയുള്ള ഈ ജീവശാസ്ത്രപരമായ കമ്മ്യുണിക്കേഷന്‍ പിന്നീട് വൈകാരികമായ പ്രകടനമായി മാറുന്നു. പ്രത്യേകിച്ച് കൂടുതല്‍ അടുപ്പമുള്ളവരോട്. ജനിച്ച ഉടനെയുള്ള കുഞ്ഞ് ഒരു ദിവസം ശരാശരി രണ്ട് മണിക്കൂര്‍ കരയുന്നു. ജനിച്ച് ആറുമാസത്തിനുള്ളിലുള്ള കാലഘട്ടത്തില്‍ ശരാശരി ഒരു ദിവസം ഇടക്കിടെയായി മൂന്ന് മണിക്കൂറോളം കരയുന്നു.
കരച്ചലിന്റെ ശരാശരി കണക്ക് പറയുകയാണെങ്കില്‍ ജര്‍മ്മന്‍ സൊസൈറ്റി ഓഫ് ഒഫ്താല്‍മോളജി എന്ന ജര്‍മ്മനിയിലെ നേത്രരോഗ വിദഗ്ധരുടെ കണക്ക് പ്രകാരം ഒരു സ്ത്രീ ശരാശരി ഒരു വര്‍ഷം 30 മുതല്‍ 64 പ്രാവശ്യവും പുരുഷന്‍ ആറു മുതല്‍ പതിനേഴ് പ്രാവശ്യവും കരയുന്നു. വളരെ ഉള്ളില്‍ തട്ടി സങ്കടം കാണുമ്പോഴും കരയുമ്പോഴും തൊണ്ടയില്‍ ഒരു തടസ്സം അനുഭവപ്പെടുന്നതായി തോന്നുന്നു. ഇത് സിനിമയിലെ സങ്കട രംഗങ്ങള്‍ കാണുമ്പോള്‍ പലര്‍ക്കും അനുഭവപ്പെട്ടിരിക്കും. ഇതിന്ന് ഗ്ലോബസ് സെന്‍സേഷന്‍ (Globus sensation) എന്ന് പറയുന്നു. വിഷാദ സിനിമകള്‍ കാണുമ്പോള്‍ പലര്‍ക്കും അനുഭവപ്പെടുന്ന ഒന്നാണിത്. നാഡീവ്യുഹത്തില്‍ ഉണ്ടാവുന്ന ഒരു സമ്മര്‍ദ്ദമാണിതിന്ന് കാരണം.കോര്‍ണിയയെ നനച്ചുകൊണ്ടിരിക്കുന്ന കണ്ണീരിന്ന് ബേയ്‌സല്‍ ടിയേര്‍സ് എന്നും, പൊടി, ഉള്ളി, പെര്‍ഫ്യും, ടിയര്‍ ഗ്യാസ് എന്നിവപോലെയുള്ള ബാഹ്യ വസ്ഥുക്കള്‍കൊണ്ടുന്നാവുന്ന കണ്ണീരിനെ റിഫ്‌ളക്‌സ് ടിയേര്‍സ് എന്നും സങ്കടം, ദേഷ്യം, വേദന, എന്നിവമൂലമുണ്ടാവുന്ന കണ്ണീര്‍ അല്ലെങ്കില്‍ കരച്ചലിനെ മാനസീക അനുഭവങ്ങളില്‍നിന്നുള്ള കരച്ചില്‍ ആയും വേര്‍തിരിക്കപ്പെടുന്നു. ഇതെല്ലാറ്റിനും പുറമെ കണ്ണുനീര്‍ കണക്കിലധികം പ്രവഹിക്കുന്ന അസുഖങ്ങളും ഉണ്ട്.
സങ്കടത്തിന്ന് നല്ലൊരാശ്വാസം നല്‍കുന്ന ഒന്നാണ് കരച്ചില്‍. എന്നാല്‍ അത് കാണുന്നവരുടെ പ്രതികരണത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നതിന്ന് പകരം ‘നാണമില്ലേ ഇങ്ങിനെ മോങ്ങാന്‍’? എന്ന് ചോദിക്കുന്നത് വ്രണത്തില്‍ കുത്തുന്നതിന്ന് സമമാണ്. വീട്ടില്‍ വെച്ച് കരയുന്നതും ജോലിസ്ഥലത്ത് വെച്ച് കരയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. വീട്ടില്‍ വെച്ച് ഒരു കുട്ടി കരയുന്ന സന്ദര്‍ഭ്ഭത്തില്‍ ക്രൂരരായ മാതാപിതാക്കളല്ലെങ്കില്‍ അനുകമ്പ ലഭിയ്ക്കുന്നു. അങ്ങിനെയുള്ള അനുകമ്പയാണ് ഒരു കുട്ടിയുടെ മാനസീകാവശ്യം.
കണ്ണീരിനെ സ്വാഗതം ചെയ്യാത്ത ചുറ്റുപാടുകള്‍:
ജോലിസ്ഥലത്ത് വെച്ച് മുതിര്‍ന്ന ഒരാള്‍ മേലുദ്യോഗസ്ഥന്റെ ശകാരം കേട്ട് കരയുമ്പോള്‍ സാധാരണ ഗതിയില്‍ നിസ്സംഗഭാവത്തില്‍ നോക്കിനില്‍ക്കുന്ന സഹപ്രവര്‍ത്തകരായിരിക്കും കൂടുതലും.ജോലിസ്ഥലത്തുവെച്ച് പ്രത്യേകിച്ച് വിട്ടുവീഴ്ച്ചാ സ്വഭാവമില്ലാത്ത കര്‍ശനക്കാരനായ മേലുദ്യോഗസ്ഥന്റെ ശകാരം കേട്ട് ഒരു പ്രാവശ്യമെങ്കിലും കരയാത്ത സ്ത്രീകള്‍ വിരളമായിരിക്കും. സഹപ്രവര്‍ത്തകര്‍ ഇതിനെ പക്വതയില്ലായ്മ എന്ന് വ്യാഖ്യാനിക്കാനും സാദ്ധ്യതയുണ്ട്. അങ്ങിനെ ജോലിസ്ഥലത്തുവെച്ച് കരച്ചില്‍ വരുന്ന ഒരവസ്ഥയുണ്ടായാല്‍ കരച്ചിലൊഴിവാക്കാന്‍ ചെയ്യേണ്ട വിദ്യകളില്‍ ചിലതാണ് ഇവ: ശ്വാസത്തില്‍ കേന്ദ്രീകരിക്കുക. അതായത് പത്തുപ്രാവശ്യം അകത്തേക്ക് ശ്വാസം എടുത്തുകഴിയുമ്പോള്‍ ഒക്‌സിജന്‍ ലഭിയ്ക്കുന്നു. അത് സമാധാനം തരികയും ശ്രദ്ധ തിരിക്കാന്‍ ഉപകരിയ്ക്കുകയും ചെയ്യുന്നു. രംഗത്തുനിന്ന് പിന്‍വലിയുക, ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കുക, ബലത്തിനു വേണ്ടി ഒരു താങ്ങായി കസാലയെയൊ തൂണുപോലെയുള്ള എന്തിനെങ്കിലെയുമോ പിടിയ്ക്കുക, സങ്കടത്തിന്നു പകരം ദേഷ്യം ആക്കാന്‍ ശ്രമിക്കുക, വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിയ്ക്കുക, ഒരു കടലാസുകഷ്ണമെടുത്ത്, കരയുന്നതല്ലാത്ത മറ്റ് വല്ല സംഗതികളും കുറിച്ചുകൊണ്ടിരിയ്ക്കുക എന്നിങ്ങിനെ പല രീതികളും അവലംബിക്കാവുന്നതാവുന്നു. നിങ്ങള്‍ ആ ജോലിയില്‍ ആ സ്ഥാനത്തിരിക്കുന്നത് തന്നെ നിങ്ങളുടെ കഴിവുകൊണ്ടാണെന്ന് മനസ്സിലാക്കി ആത്മധൈര്യം കൈവരിക്കുക.
ഒരുപാട് സമയം കരഞ്ഞുകഴിഞ്ഞാല്‍ എന്‍ഡോര്‍ഫിനുകള്‍ എന്ന രാസവസ്ഥുക്കള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഈ രാസവസ്ഥുക്കള്‍ എല്ലാതരം മാനസീകവും ശാരീരികവുമായ വേദനകളെ ഇല്ലാതാക്കുന്നു. ഏതാണ്ട് ഒരു വേദനാരഹിതമായ അവസ്ഥ!! വിങ്ങിക്കരയുമ്പോള്‍ ഒരുപാട് പ്രാവശ്യം ശ്വാസമെടുക്കേണ്ടി വരുന്നു. ഒരു തരം തണുത്ത വായു. ഒട്ടാകെ ഒരു നല്ല അവസ്ഥ. ആനന്ദാശ്രുക്കളായാലും, മാനസീക സമ്മര്‍ദ്ദം വന്നാലും എല്ലാം കണ്ണീര്‍ എന്നത് നല്ലതു തന്നെ !!