എമ്പതി എന്ന മാനുഷിക വികാരം

മാര്‍ച്ച് മദ്ധ്യത്തില്‍ നിക്ക് ഊട്ട് (Nick Ut) എന്ന ലോകപ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ കോഴിക്കോട്ട് വരികയുണ്ടായി. അമേരിക്ക, വിയറ്റ്‌നാമില്‍ നടത്തിയ നിരവധി ആക്രമണ ഫോട്ടോകള്‍ അദ്ദേഹം എടുത്തിരുന്നു. എന്നാല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയുടെ രാസായുധപ്രയോഗത്തില്‍ ദേഹമാസകലം പൊള്ളി നിലവിളിച്ചോടുന്ന കിംഫുക്ക് (Kim Phuc) എന്ന ഒന്‍പത് വയസ്സുകാരിയുടെ ചിത്രം നിക്ക് ഊട്ട് എടുത്തത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കണ്ണു തുറപ്പിച്ചു. യുദ്ധം നിര്‍ത്തി. എമ്പതി എന്ന മാനുഷിക വികാരത്തിന്റെ ഒരുദാഹരണമാണിത്. അമേരിക്കന്‍ പ്രസിഡന്റ് അന്നു കാണിച്ച ഈ വികാരം നമ്മുടെ ലോകനേതാക്കള്‍ കാണിച്ചിരുന്നുവെങ്കില്‍ പല രക്തച്ചൊരിച്ചലുകളും അവസാനിപ്പിക്കുവാന്‍ സാധിക്കുമായിരുന്നു. കിംഫുക്ക് എന്ന പെണ്‍കുട്ടിയെപ്പോലെ പലരും ഹിറൊഷിമയിലും നാഗസാക്കിയിലും അനുഭവിച്ചിട്ടുണ്ടാവും എന്ന് തീര്‍ച്ച. അന്‍പത്തിനാലുകാരിയായ കിം ഫുക്ക് ഇന്നും വിയറ്റ്‌നാം യുദ്ധം ശരീരത്തിലേല്പിച്ച വേദനകളുമായി ജീവിക്കുന്നു. ബോംബ് വര്‍ഷം, മറ്റ് യുദ്ധാക്രമണങ്ങള്‍ എന്നിവ നടത്തുന്നതിന്ന് മുന്‍പ് ലോകനേതാക്കള്‍ എമ്പതിയുടെ ഒരു കണികയെങ്കിലും കാണിച്ചിരുന്നുവെങ്കില്‍!!! ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍! എന്റെ സ്വന്തം കുട്ടിയോ ഭാര്യയോ മറ്റ് സ്വന്തക്കാരോ ആയിരുന്നെങ്കില്‍! എന്നൊരു ചിന്തയാണിവിടെ വരുന്നത്. മറ്റൊരാളുടെ വേദന കാണുമ്പോള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും അത്രതന്നെ വേദന മനസ്സില്‍ തോന്നുന്നു. നമ്മള്‍ക്ക് സംഭവിക്കുന്നത്‌പോലെ!!

കാരുണ്യം, ദയ എന്നിവപോലെത്തന്നെ എമ്പതി ഒരു മാനുഷിക വികാരമാണ് എന്നാല്‍ പുതിയ ഗവേഷണങ്ങളും പഠനങ്ങളും തെളിയിക്കുന്നത് ഒരാളുടെ ഇത്തരം വികാരങ്ങള്‍ അതത് വ്യക്തികളുടെ ജീനുകളില്‍തന്നെ ഉണ്ടെന്നാണ്. 47000 വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബ്രിട്ടീഷ് പഠനത്തിലാണ് ഇത് തെളിയിക്കപ്പെട്ടത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഒരു ഗവേഷകനായ വരുണ്‍ വാര്യര്‍ എന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായപ്രകാരം എമ്പതി അഥവാ തന്മയീഭാവം എന്ന വികാരം പല മാനസീക സ്ഥിതിവിശേഷങ്ങളിലും ദശാബ്ദങ്ങളോളമായി കണ്ടുവരുന്നുണ്ട് എന്നാണ്. പത്രത്തില്‍ നമ്മള്‍ സാധാരണയായി അഭയാര്‍ത്ഥികളുടെയോ അതുപോലെയുള്ളതോ ആയ ദയനീയങ്ങളായ ചിത്രങ്ങള്‍ കാണുമ്പോള്‍ അതില്‍തന്നെ നോക്കിക്കൊണ്ടിരുന്നാല്‍ മസ്തിഷ്‌കത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു എന്നാണ് ന്യുറോ സയന്‍സിലെ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മുന്‍പൊക്കെ ഈ വികാരത്തെ മലയാളത്തില്‍ തന്മയീഭാവം എന്ന വാക്കുകൊണ്ട് മാത്രം വിവക്ഷിച്ചിരുന്നു; എങ്കില്‍ ഇന്ന് അങ്ങിനെയല്ല. മസ്തിഷ്‌കത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ പരസ്പരബന്ധമുള്ള (interconnectedness) രീതിയില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന് വിയന്നയില്‍ 2017 ല്‍ നടന്ന ഒരു ന്യുറോസയന്‍സ് സിമ്പോസിയത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. ഒരാള്‍ വളര്‍ന്നുവന്ന സാഹചര്യം മാത്രമല്ല എമ്പതിയുടെ കാരണം. അവരുടെ ജീനുകളിലെ ഘടകങ്ങളും അതിലുണ്ട് എന്നാണ് വരുണ്‍ വാര്യര്‍ പറയുന്നത്. എമ്പതിക്ക് രണ്ട് വശങ്ങളുണ്ട്. ഒന്ന് മറ്റുള്ളവരുടെ വികാര വിചാരങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്. മറ്റൊന്ന് അതനുസരിച്ച് പ്രതികരിക്കാനുള്ള കഴിവ്. ആദ്യത്തെ ഭാഗത്തിന്ന് കോഗ്നിറ്റീവ് എമ്പതി (Cognitive empathy) എന്നും രണ്ടാമത്തെ ഭാഗത്തെ അഫക്റ്റീവ് എമ്പതി (Affective empathy) എന്നും പറയുന്നു. മറ്റുള്ളവരുടെ ദു;ഖം അല്ലെങ്കില്‍ വികാരം കാണുന്ന ആള്‍ക്കോ കേള്‍ക്കുന്ന ആള്‍ക്കോ ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ അത് പലര്‍ക്കും മന:ശ്ശാന്തി നല്‍കുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുന്നു. സഹാനുഭൂതി, തന്മയീഭാവശക്തി, സമസൃഷ്ടി സ്‌നേഹം എന്നിങ്ങിനെയെല്ലാം വ്യാഖ്യാനങ്ങളുണ്ട് ഈ വികാരത്തിന്ന്. അപരന്റെ കണ്ണുകൊണ്ട് കാണുകയും, ചെവികൊണ്ട് കേള്‍ക്കുകയും, മനസ്സുകൊണ്ട് അനുഭവിക്കുകയും ചെയ്യുന്ന ഒന്നാണ് എമ്പതി.

സിമ്പതിയും എമ്പതിയും തമ്മിലുള്ള വ്യത്യാസം:
ഒരേ വേരില്‍നിന്നുണ്ടായ രണ്ട് വാക്കുകളാണിവ. പാത്തോസ് എന്ന ഗ്രീക്ക് വാക്കിന്നര്‍ത്ഥം ഫീലിങ്ങ് എന്നാകുന്നു. ഉച്ചാരണത്തില്‍ സാമ്യമുള്ള ഈ രണ്ട് വാക്കുകളും തമ്മില്‍ ഉരുത്തിരിവിലും ബന്ധമുണ്ട്. പതി (Pathy) എന്നത് പാത്തോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. പാത്തോസിസ് (Pathosis) എന്നാല്‍ ഒരു അസുഖത്തിന്റെ അവസ്ഥ എന്നാകുന്നു. അതില്‍നിന്നാകുന്നു പാത്തോളജി എന്ന വാക്കുണ്ടായത്.
എമ്പതിയുടെയും സിമ്പതിയുടെയും ഉദാഹരണങ്ങള്‍ പറയുകയാണെങ്കില്‍ ഒരാളുടെ വീട് കത്തിനശിച്ചു എന്നറിഞ്ഞാല്‍ നമുക്ക് അയാളോട് സിമ്പതിയുണ്ടാവുന്നു. എന്നാല്‍ ഒരാള്‍ക്ക് രോഗം വന്ന് കിമൊതിറാപ്പി ചെയ്യുന്നു എന്നറിഞ്ഞാല്‍ നമുക്ക് എമ്പതിയുണ്ടാവുന്നു. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന സങ്കല്പമാണ് രണ്ടാമത്തേതിന്ന്. സിമ്പതി ഒരു മനസ്സിലാക്കല്‍ മാത്രമാണെങ്കില്‍ എമ്പതി അതില്‍ അലിഞ്ഞു ചേരലാകുന്നു.

ക്ലിനിക്കല്‍ എമ്പതി:
രോഗി തന്റെ വേദന വിവരിക്കുമ്പോള്‍ അത് കേള്‍ക്കുന്ന ഡോക്ടറോ, നേഴ്‌സോ അത് ഉള്‍ക്കൊള്ളുന്ന രീതി വളരെ പ്രധാനമാകുന്നു. ‘അതൊന്നും സാരമില്ല’ എന്ന ഒഴുക്കന്‍ മട്ടിലുള്ള പറച്ചില്‍ പ്രത്യേകിച്ച് പ്രയോജനമില്ലാത്ത ഒരു യാന്ത്രിക വാക്ക് മാത്രമാകുന്നു. ചിലപ്പോള്‍ അത് രോഗിയെ കൂടുതല്‍ വേദനിപ്പിക്കുകയും ചെയ്യുന്നു. 2001 ല്‍ ഡോക്ടര്‍ക്കുള്ള എമ്പതി മനസ്സിലാക്കാന്‍ ജെഫേര്‍സണ്‍സ് സ്‌കെയില്‍ ഓഫ് ഫിസിഷ്യന്‍ എമ്പതി (Jefffersons scale of physician empathy) എന്ന ഒരു അളവ് സ്‌കെയില്‍ ആവിഷ്‌കരിക്കപ്പെട്ടു. അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ജെഫേര്‍സണ്‍ യുനിവേര്‍സിറ്റി ഹോസ്പിറ്റലില്‍ രൂപപ്പെടുത്തിയെടുത്ത ഒരു അളവുകോലാണിത്. 74 രാജ്യങ്ങളില്‍ ഇത് ഉപയോഗിക്കാനുള്ള അനുമതി നല്‍കി. 55 ഭാഷകളില്‍ ഇത് പരിഭാഷപ്പെടുത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍ തുടങ്ങി ആരോഗ്യ രംഗവുമായി ബന്ധപ്പെട്ടവര്‍ക്ക് വേണ്ടി വ്യത്യസ്ഥ വേര്‍ഷനുംകളും ഉണ്ട്, ഇതിന്. ഏറ്റവും അധികം എമ്പതിയുണ്ടാവേണ്ട ഒരു വിഭാഗമാണ് ആരോഗ്യരംഗത്തുള്ളവര്‍ എന്നതാണ് ഈ വ്യത്യസ്ഥ വേര്‍ഷനുകളുടെ കാരണം. സ്റ്റുഡന്‍സിനുള്ളതിനെ എസ് S വേര്‍ഷനെന്നും ഹെല്‍ത്ത് പ്രൊഫഷന്‍ രംഗത്തുള്ളവര്‍ക്ക് വേണ്ടിയുള്ളതിനെ എച് പി എസ് (H P S) വേര്‍ഷന്‍ എന്നും പറയുന്നു.ഇരുപത് ചോദ്യാവലിയുള്ള ഒരു രീതിയാണിത്. ഒരു ഡോക്ടരും രോഗിയും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവുമധികം പ്രാധാന്യവും സ്വാധീനവുമുള്ള ഒരു വികാരമാണ് എമ്പതി. ഡോക്ടര്‍മാരുടെ പെരുമാറ്റത്തില്‍ തന്നെ ഒരു രോഗിക്ക് ഡോക്ടറുടെ എമ്പതി കുറേയൊക്കെ നിര്‍ണ്ണയിക്കാന്‍ സാധിക്കും. രോഗികളോട് വായ തുറക്കാത്ത ഡോക്ടര്‍മാര്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്. അങ്ങിനെയുള്ളവര്‍ ചികിത്സിച്ചാല്‍ രോഗിക്ക് ലഭിക്കുന്ന ആശ്വാസത്തിന്ന് പ്രധാന കാരണം രോഗിക്ക് നല്‍കുന്ന മരുന്നിന്റെ ഗുണമോ, പരിചരിക്കുന്ന നേര്‍സിന്റെ പെരുമാറ്റ രീതിയോ ആയിരിക്കും. അല്ലാതെ വായ തുറക്കാത്ത, ഭൂമിയിലേക്കിറങ്ങിവരാത്ത എമ്പതിയില്ലാത്ത ഡോക്ടറുടെ ഗുണമല്ല. ഇനി, പരിചരിക്കുന്ന നേര്‍സിന്ന് എമ്പതിയില്ലെങ്കില്‍ രോഗിയുടെ നിര്‍ഭ്ഭാഗ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

സങ്കടം എന്ന വികാരത്തില്‍ മാത്രമല്ല, സന്തോഷത്തിലും ഒരു എമ്പതിയുണ്ട്. ഒരു സ്‌നേഹിതന്ന് സന്തോഷമുള്ള കാര്യം സംഭവിക്കുമ്പോള്‍ സ്‌നേഹിതനെപ്പോലെതന്നെ ആവേശഭരിതമായി സന്തോഷത്തില്‍ പങ്കുചേരുന്നതും എമ്പതി തന്നെയാണ്. ഇന്നത്തെ നമ്മുടെ ഭരണാധികാരികള്‍ക്ക് എമ്പതിയുടെ ഒരു കണികപോലും ഇല്ലെന്ന് തന്നെ പറയാം. അവരുടെ വരുമാനവും ആഢംബരങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുമ്പോള്‍ അവര്‍ പട്ടിണിപ്പാവങ്ങളെപ്പറ്റി ഒരു നിമിഷം പോലും ചിന്തിക്കുന്നില്ല. ജീവികളുടെ വര്‍ഗ്ഗത്തില്‍ തന്നെ മനുഷ്യന്മാരെപ്പോലെ പരസ്പരം അപമാനിക്കുകയും, വിമര്‍ശിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ജീവിയും ലോകത്തിലില്ല. പത്രങ്ങളിലും മറ്റ് മാദ്ധ്യമങ്ങളിലും നമ്മള്‍ ദിനം പ്രതി ഇത്തരം സംഭവങ്ങള്‍ കാണുന്നു. സമൂഹത്തിലെ അസമത്വങ്ങളുടെ പ്രധാന കാരണവും എമ്പതിയുടെ അഭാവം തന്നെ. ഒരു കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റ് എമ്പതി വളരെയധികം കാണിക്കേണ്ട ഒരാളാണ്. മനോരോഗികളെ ചികിത്സിക്കുന്നവരും, കൈകാര്യം ചെയ്യുന്നവരും ഇങ്ങിനെ തന്നെ. എന്നാല്‍ ചില സിനിമയില്‍ മനോരോഗാസ്പത്രി രംഗങ്ങള്‍ വരുമ്പോള്‍ പലരും പൊട്ടിച്ചിരിക്കുന്നു. ടീച്ചര്‍മാര്‍, പോലീസുകാര്‍ എന്നിവര്‍ക്ക് എമ്പതിയുണ്ടായിരിക്കണം. സ്വന്തം വാഹനംകൊണ്ട് നടന്നു പോകുന്നവനെ തട്ടിയിട്ട് കടന്നുകളയുന്ന സംഭവങ്ങള്‍ ഇന്ന് നിരവധിയാണ്. അതുപോലെതന്നെ, വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് കിടക്കുന്ന ആളെ തിരിഞ്ഞു നോക്കാതെ കടന്ന് കളയുന്നതും. ഇവയെല്ലാം എമ്പതിയില്ലായ്മയുടെ ഉദാഹരങ്ങളാകുന്നു.

നല്ല കേള്‍വിക്കാരന്‍:
ഏറ്റവും നല്ല സംഭാഷണക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. നല്ല കേള്‍വിക്കാരന്‍. എമ്പതിയുള്ള ഒരാള്‍ സമയമെടുത്തുകൊണ്ട് ശ്രദ്ധിച്ച് കേള്‍ക്കുവാന്‍ താല്പര്യമെടുക്കുന്നു. ഇവിടെ ദയയല്ല പ്രകടിപ്പിക്കുന്നത് മറിച്ച് തന്മയീഭാവവും സഹാനുഭൂതിയുമാകുന്നു. പറയുന്ന ആളുടെ അല്ലെങ്കില്‍ കാര്യം വിവരിക്കുന്ന ആളുടെ ശരീരഭാഷക്കനുസരിച്ച് പ്രതികരിക്കുന്നു, തലകുലുക്കുന്നു, കാര്യം സന്തോഷമോ സങ്കടമോ ഉള്ളതാവട്ടെ അനുഭവസ്ഥനോടൊപ്പം അതില്‍ പങ്കുചേരുന്നു. ഒരു വിവരണം കേള്‍ക്കുകയാണെങ്കില്‍ ഇവിടെ ഉത്തരം എന്നതിന്ന് പ്രസക്തിയില്ല. താല്പര്യം കാണിക്കുവാന്‍ ചെറിയ ചോദ്യങ്ങള്‍ ചോദിക്കാം ഓ അങ്ങിനെയാണോ എന്ന രീതിയിലായിരിക്കണം അങ്ങിനെ വിവരിക്കുന്ന ആള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. പ്രോത്സാഹനം നല്‍കിയാലേ സത്യങ്ങള്‍ പുറത്തു വരികയുള്ളൂ.വിധി നിര്‍ണ്ണയം പിന്നീടാവാം എന്ന് തീരുമാനിക്കണം.

ഒരാളോട് അഗാധമായ എമ്പതി പ്രകടിപ്പിക്കുമ്പോള്‍ അയാളുടെ ആക്രമണ സ്വഭാവത്തിനുള്ള ശക്തി താനെ താഴെപ്പോവുകയും അതേ സ്ഥാനത്ത് പോസറ്റീവ് എനര്‍ജി സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ഒരാളുടെ എമ്പതി തുടങ്ങുന്നത് മറ്റൊരാളുടെ അനുഭവം കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴായിരിക്കും. നിങ്ങളുടെ വൈകാരിക കഴിവുകള്‍ നിങ്ങളുടെ വശമില്ല, നിങ്ങളുടെ സ്വയം ബോധം കൈവശമില്ല, നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിനെ വിഷമിപ്പിക്കുന്ന വികാരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല, നിങ്ങളുടെ മനസ്സില്‍ എമ്പതി ആരോടും ഇല്ല എന്നു വന്നാല്‍ മാനസീകാരോഗ്യം കുറവാണെന്നര്‍ത്ഥം.

എമ്പതി സ്‌കൂളില്‍ സാധാരണയായി പഠിപ്പിക്കാത്തെ ഒന്നാകുന്നു. എന്നാല്‍ വീടുകളില്‍ രക്ഷിതാക്കളില്‍നിന്നാകുന്നു കുട്ടികള്‍ എമ്പതി പഠിക്കുന്നത്. എമ്പതി വേണ്ടുവോളം മനസ്സിലുണ്ടായാലും അത് പ്രകടിപ്പിക്കാന്‍ ധൈര്യമില്ലാത്ത പലരും ഉണ്ട്. ദേഷ്യത്തിന്റെ വിപരീതപദം ശാന്തതയല്ല, എമ്പതിയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പ്രസംഗിക്കുന്നതിന്ന് പകരം ശ്രദ്ധിക്കുകയും, മറ്റുള്ളവരെ ബഹുമാനിച്ചുകൊണ്ട് അവരുടെ ബഹുമാനം സമ്പാദിക്കുകയും ചെയ്യണം. അപ്പോള്‍ എമ്പതി വളരും. ഒരു ക്ലാസില്‍ വിവിധ തരത്തിലുള്ള കുട്ടികളുണ്ടായിരിക്കുമല്ലോ? ഉയരം കൂടിയവന്‍, കുറഞ്ഞവന്‍, വെളുപ്പ്, കറുപ്പ്, തടിച്ചവന്‍, മെലിഞ്ഞവന്‍ അങ്ങിനെ പലരും. ഈ വ്യത്യസ്തതകള്‍ ഒരു പ്രത്യേകതകളായിക്കാണാതെ, തടിയന്‍, കറുപ്പന്‍, വെളുപ്പന്‍, എന്നീ രീതികളില്‍ വിശേഷിപ്പിക്കാതെ വളര്‍ന്നുവന്ന കുട്ടിക്ക് സാധാരണ രീതിയില്‍ എമ്പതിയുണ്ടായിരിക്കേണ്ടതാകുന്നു. ഒത്തൊരുമിച്ചൊരു ഗാനം പാടുമ്പോള്‍ അതില്‍ ഒരു എമ്പതി ഒളിഞ്ഞിരിപ്പുണ്ട്.

1915ല്‍ സൗത്താഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് വന്ന മഹാത്മാഗാന്ധി 1917 മുതല്‍ 1930 വരെ സബര്‍മതി ആശ്രമത്തില്‍ ജീവിച്ചത് ഇന്ത്യയിലെ പാവങ്ങളായ ദരിദ്ര കര്‍ഷ്‌കരുടെയും സാധാരണക്കാരായ മനുഷ്യരുടെയും ജീവിതം ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു. ബാരിസ്റ്ററുടെ ആകര്‍ഷകമായ വരുമാനവും, ആഢമ്പരവും വലിച്ചെറിഞ്ഞുകൊണ്ട് സാധാരണക്കാരെ മനസ്സിലാക്കാന്‍ തുനിഞ്ഞ ഒരു രാഷ്ട്രീയക്കാരനോ, നേതാവോ അതിന്ന് ശേഷം ഉണ്ടായിട്ടില്ലെന്നു പറയാം ഒരു പരിധിവരെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയൊഴികെ. ഗാന്ധിജിയുടെ എമ്പതി എമ്പതി ആ മഹാനോടൊപ്പം അവസാനിച്ചു. പിന്നീട് ഇന്ത്യ അത്തരം ഒരു വ്യക്തിത്വത്തെ കണ്ടത് മതര്‍ തെരേസയെ മാത്രമാകുന്നു. ഈ മഹദ് വ്യക്തികളുടെ എമ്പതിക്ക് മതങ്ങളുടെയോ രാഷ്ട്രീയത്തിന്റെയോ അതിര്‍ വരമ്പുകളുണ്ടായിരുന്നില്ല. ഞാനൊരു മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും ജൂദനും എല്ലാമാണ് എന്ന് അന്ന് ഗാന്ധിജി പറഞ്ഞ വാക്കുകള്‍ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ എമ്പതറ്റിക്ക് വാക്കായി ഇന്നും നിലകൊള്ളുന്നു. അതിന്ന് ശേഷവും ആരും ഇത്തരം ഒരു വാക്കുച്ചരിച്ചിച്ചിട്ടില്ല.എമ്പതി, നിശ്ചയദാര്‍ഢ്യം, അച്ചടക്കം എന്നീ മൂന്ന് ഗുണങ്ങളും ഒത്തുചേര്‍ന്ന ഒരു മഹതിയായിരുന്നു മതര്‍ തെരേസ. സ്വന്തം ജീവിതം തന്നെ അവര്‍ ദരിദ്രര്‍ക്കായി ഉഴിഞ്ഞുവെച്ചു. പാവങ്ങളുടെ ഭക്ഷണം മാത്രം അവര്‍ കഴിച്ചു. ലോകത്തിന്ന് അവര്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന എമ്പതിയായിരുന്നു. 1946ല്‍ ഡാര്‍ജിലിങ്ങിലെ കോണ്‍ വെന്റ് വിട്ട് ഇന്ത്യയിലെ ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പുറത്തിറങ്ങിയ അവര്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി മറ്റ് പലരോടും യാചിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഡയറിക്കുറിപ്പുകള്‍ പറയുന്നു. എമ്പതിയുടെ മൂര്‍ത്തീകരണമായ മതര്‍ തെരേസയെ ലോകത്തിലെ റോള്‍ മോഡലായി പരിഗണിക്കപ്പെടുന്നു.

*****