ആള്‍ ദൈവങ്ങള്‍
11-09-2017
സിനിമാനടന്‍ പ്രിത്ഥ്വിരാജ് ദൈവത്തെ കണ്ടുപോലും!!! ക്രിക്കറ്റ് കളിക്കാരന്‍ സചിന്‍ തണ്ടൂല്‍ക്കറിന്റെ രൂപത്തിലായിരുന്നു അത്. ആദംജോണ്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയപ്പോഴായിരുന്നു ഈ അത്ഭുതം സംഭവിച്ചത്. ഈ തണ്ടൂല്‍ക്കര്‍ ദൈവം ഏതാനും ദിവസങ്ങള്‍ മാത്രം നിയമസഭയിലിരുന്നിട്ട് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നു. ക്രിക്കറ്റ് ഇതിഹാസം എന്ന പേരില്‍ ചില തല്പരകക്ഷികള്‍ സംബോധന ചെയ്യുമ്പോള്‍ പാവം ജനം വിചാരിക്കുന്നു ‘ഇത് എന്തോ സംഭവമാണെന്ന്’. വിശക്കുന്നവന്റെ മുന്നില്‍ ആഹാരത്തിന്റെ രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെടുന്നു എന്ന് സാധാരണ പറയാറുണ്ട്. ഒരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ രക്ഷകനായെത്തുന്നവനെ ദൈവം രക്ഷകന്റെ രൂപത്തില്‍ വന്നു എന്ന് വിശേഷിപ്പിക്കാറുമുണ്ട്. ജീവന്‍ രക്ഷിക്കുന്ന ഡോക്ടറെപ്പറ്റിയും ഇങ്ങിനെയുള്ള വിശേഷണങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഈ ആള്‍ദൈവങ്ങള്‍ എന്നു പറയുന്നവര്‍ എപ്പോഴാണ് രക്ഷകനായി വന്നത്? എന്ന് ഒരുഭക്തനും ഇതുവരെ പറയാന്‍ സാധിച്ചിട്ടില്ല. കാരണം അങ്ങിനെയുള്ള അനുഭവങ്ങള്‍ ഇല്ലാത്തതുതന്നെ. ആള്‍ദൈവങ്ങള്‍ പ്രസംഗിക്കുന്നതും എഴുതുന്നതും സാധാരണക്കാരെ ആകര്‍ഷിക്കുന്നരീതിയിലുള്ള നല്ല വിഷയങ്ങളായിരിക്കും എന്നാല്‍ അവരുടെ ആശ്രമങ്ങളില്‍ നടക്കുന്നത് അതിന്ന് വിരുദ്ധമായ കാര്യങ്ങളും!. ആരെങ്കിലും അത് വെളിച്ചത്ത് കൊണ്ടുവന്നാല്‍ ഒന്നുകില്‍ അവരുടെ നാശത്തില്‍ കലാശിക്കും അല്ലെങ്കില്‍ എഴുതുന്നവന്‍ കള്ളനാണെന്ന് മുദ്രകുത്തും. രാം റഹീമിന്റെ ചെയ്തികള്‍ ലോകത്തിന്ന് മനസ്സിലാക്കാന്‍ സാധിച്ചത് ബലാത്സംഗത്തിന്നിരയായ ഒരു സ്ത്രീ അന്നത്തെ പ്രധാനമന്ത്രിക്കെഴുതിയ ഒരു കത്ത് പരിഗണയില്‍ വന്നതുകൊണ്ട് മാത്രമാണ്. ഇങ്ങിനെയുള്ള എത്രയെത്ര കത്തുകള്‍ ചവറ്റുകൊട്ടയില്‍ എത്തുന്നുണ്ടാവും എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. ഒരുകാലത്ത് ദൈവങ്ങളായിരുന്നു എന്നുപോലും ശ്രീകൃഷ്ണനെപ്പറ്റിയോ ശ്രീരാമനെപ്പറ്റിയോ, അതുപോലെയുള്ള ഇതിഹാസ ദേവീ, ദൈവങ്ങളെപ്പറ്റിയോ അനുമാനിക്കാന്‍ ചരിത്രപരമോ, ശാസ്ത്രീയപരമോ ആയ തെളിവുകള്‍ ഒന്നും തന്നെയില്ല.
ദ്വാപരയുഗം എന്ന കാലത്ത് മനുഷ്യജന്മം പോലും ഉണ്ടായിട്ടില്ല. അന്ധവിശ്വാസികളായ ഭക്തന്മാരുടെ നാക്കോ, തൂലികയോ ചലിപ്പിച്ചാല്‍ അവതാരമുണ്ടാവുന്നു. അതായിരുന്നു അന്നത്തെ സ്ഥിതി. ചരിത്രകാരനായ ഡോ എം ജി എസ് നാരയണന്‍ ഇയ്യിടെ പറയുകയുണ്ടായി. ‘ശ്രീരാമന്‍ അവതാരമാണെന്ന് പറയുന്നത് വാത്മീകിയെ അപമാനിക്കുന്നതിന്ന് തുല്യമാണെന്ന’്. കാരണം വാത്മീകിയുടെ രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് ശ്രീരാമന്‍. അത് വീണ്ടും വീണ്ടും തലമുറകള്‍ പലരീതിയിലാവര്‍ത്തിക്കുമ്പോള്‍ കാലചക്രത്തിലിട്ട് കടഞ്ഞെടുത്ത് അസാധാരണമായ അത്ഭുതകഥകളാവുന്നു. ഗോവര്‍ദ്ധനപര്‍വ്വതത്തെ വിരലില്‍ പൊക്കിയതും, കാളിയന്റെ പത്തിയില്‍ നിന്ന് നൃത്തം ചെയ്തതും ശ്രീകൃഷ്ണന്‍ എന്ന കുഞ്ഞിനെയും കൊണ്ട് പോകുമ്പോള്‍ നദി പിളര്‍ന്നതും എല്ലാം അതിലെ്പട്ടത് തന്നെ. ഈ നദിപിളരല്‍ ക്രിസ്തുമതത്തിലും ഉണ്ട്. നൈല്‍നദിയാണെന്ന് മാത്രം. രാംജി റാവുസ്പീക്കിങ്ങ് എന്ന സിനിമയില്‍ ഒരേ രീതിയിലുള്ള മുഖമ്മൂടി വെച്ചവരോട് മാമുക്കോയ ചോദിയ്ക്കുന്ന ഒരു രസികന്‍ ചോദ്യമുണ്ട് ”നിങ്ങളെ മൂന്നാളെയും എരട്ടപെറ്റതാണോ?” എന്ന്. അതുപോലെയാണ് വിവിധ മതങ്ങളിലെ ഒരേപോലെയുള്ള ഇത്തരംഅത്ഭുത കഥകള്‍.
74 കുട്ടികള്‍ ദാരുണമായി മരണപ്പെട്ട യു പി യില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനാണ് യോഗി ആദിത്യനാഥിന്റെ ഉത്തരവ്. ശ്രീകൃഷ്ണഭക്തന്മാര്‍ നിരവധിയുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. കുട്ടികളുണ്ടാവാത്ത പലര്‍ക്കും വേണ്ടത് ഉണ്ണിക്കണ്ണനെപ്പോലെയുള്ള ഒരു കുഞ്ഞിനെയാണ.് ചിത്രകാരന്‍ നല്‍കിയ മനോഹര രൂപമുള്ള കുഞ്ഞാണ് ഇതിന്ന് കാരണക്കാരന്‍. ശ്രീകൃഷ്ണന്‍ പലര്‍ക്കും മാത്ര്കാപുരുഷനാകുന്നു. 20 കൊല്ലം ജയില്‍ശിക്ഷ ലഭിച്ച ബലാത്സംഗ വീരന്‍ ഗുര്‍മീത് റാം റഹീമിന്റെയും മാതൃകാപുരുഷന്‍ ശ്രീകൃഷ്ണന്‍ തന്നെ.
ആള്‍ദൈവം ഒരു ബിസിനസ്സാകുന്നു. മുടക്കുമുതലില്ലാത്ത ഒരു ബിസിനസ്സ് ഈയൊരു ബിസിനസ്സ് പോലെ ഇത്രയും ലാഭകരമായി മറ്റൊന്നുമില്ല. മുടക്കുമുതല്‍ ഒന്നും വേണ്ട,നിയമപാലകന്മാര്‍ പിടിയ്ക്കുന്നത് വരെ വളരെ സുരക്ഷിതരും. കാള്‍ റോജേര്‍സ് (Carl Rogers) എന്ന ഒരു മന:ശാസ്ത്രജ്ഞനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത;് ‘സ്വന്തമായി അഭിപ്രായം പ്രകടിപ്പിക്കുന്നവനും പരീക്ഷണങ്ങള്‍ക്ക് വിധേയനാവാന്‍ തയ്യാറാവുന്നവനും ആകുന്നു മാനസീകാരോഗ്യമുള്ളവന്‍’ എന്നായിരുന്നു. നമ്മുടെ ഭക്തര്‍ ഇത് രണ്ടിനും തയ്യാറല്ല എന്നുമാത്രമല്ല, വിധേയത്തിന്ന് തയ്യാറായി നില്‍ക്കുകയും ചെയ്യുന്നു. നഗ്നരാജാവിന്റെ കഥയില്‍ നിഷ്‌കളങ്കനായ ബാലന്‍ പറഞ്ഞതുപോലെ പറയുവാന്‍ ആരും ഭക്തരിലില്ല. ആരെങ്കിലും പറഞ്ഞാല്‍ അവന്‍ നിഷേധിയായി.
ആള്‍ ദൈവങ്ങള്‍ നമ്മുടെ ഭരണകൂടങ്ങളെ അടക്കി നിര്‍ത്തുന്നു. മൗണ്ട്ബാറ്റന്‍ പ്രഭു അവസാനത്തെ വൈസ്രോയി ആയിരിക്കുമ്പോഴായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അത് ഒരു അര്‍ദ്ധരാത്രിയിലായിരുന്നു. കാരണം അദ്ദേഹം തീര്‍ച്ചപ്പെടുത്തിയ ആഗസ്ത് 15 പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ ജോത്സ്യന്മാര്‍ കവടി നിരത്തി. അവര്‍ പറഞ്ഞു അതൊരു ചീത്ത ദിവസമായ വെള്ളിയാഴ്ച്ചയാണ്. അതിന്റെ പേരില്‍ ജോത്സ്യന്മാരെയും നേതാക്കളെയും ഇരുത്തി ചര്‍ച്ച ചെയ്തു. അങ്ങിനെ വെള്ളിയാഴ്ച്ച ഒഴിവാക്കിക്കൊണ്ട് 14 ന്ന് അര്‍ദ്ധരാത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്ന് മൗണ്ട്ബാറ്റന്‍ പറഞ്ഞു ”ഇന്ത്യക്ക് അന്ധവിശ്വാസത്തില്‍നിന്ന് ഒരിക്കലും മുക്തിയില്ല’. ഈ കാര്യം വിദേശികളായ ഡൊമിനിക്ക് ലാപ്പിറെയും (Dominique Lapierre) ലാരികോളിന്‍സിന്റെ (Larry Collins) യും ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തില്‍ (Freedom at Midnight) മാത്രം രേഖപ്പെടുത്തി. ഭാരതീയന്ന് അതെഴുതാന്‍പോലും ധൈര്യമുണ്ടായില്ല. 70 വര്‍ഷം കഴിഞ്ഞിട്ടും ഈ അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ല. ഓരോ സംസ്ഥാനത്തും ആള്‍ ദൈവങ്ങള്‍ അടക്കി വാഴുന്നു.
നമ്മള്‍ ചെയ്യേണ്ടുന്നത്.
ആള്‍ദൈവങ്ങളുടെ മുന്നില്‍ അടിയറ വെക്കാനുള്ളതല്ല നമ്മുടെ വ്യക്തിത്വം. അവരുടെ മുന്നില്‍ കുനിഞ്ഞു നില്ക്കുമ്പോള്‍ നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുന്നു. സ്വന്തം വ്യക്തിത്വം വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുക. ഗ്രാമപ്രദേശങ്ങളില്‍ വളര്‍ന്നു വരുന്ന ആള്‍ദൈവങ്ങളെ പിഴുതെറിയുക. ഇല്ലെങ്കില്‍ അവര്‍ പണം വര്‍ദ്ധിക്കുമ്പോള്‍ ഭരണകൂടത്തെ വിലക്കെടുക്കുന്നു. അവരുടെ അത്ഭുത സിദ്ധികള്‍ക്ക് പിന്നില്‍ ശാസ്ത്രമാണ്.ആള്‍ദൈവങ്ങള്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതും പരസ്യങ്ങള്‍ നല്‍കുന്നതും എല്ലാം വെബ്‌സൈറ്റുകള്‍ പോലെയുള്ള ആധുനീക ശാസ്ത്ര മാദ്ധ്യമങ്ങള്‍ വഴിയാകുന്നു. നമ്മുടെ ലോകത്തിലെ വലിയൊരു ഭീഷണി നമ്മുടെ പ്രശ്‌നങ്ങള്‍ ആള്‍ദൈവങ്ങള്‍ പരിഹരിക്കും എന്ന വിശ്വാസമാകുന്നു. താഴെപ്പറയുന്നവര്‍ നമ്മുടെ നാട്ടിലെ ചില ആള്‍ദൈവങ്ങള്‍ മാത്രം. നിയമത്തിന്റെ കണ്ണില്‍ പെടാത്തവര്‍ ഇനിയും നിരവധിയുണ്ട്.
സന്ത്‌രാംപാല്‍ എന്ന ആള്‍ദൈവം ഇപ്പോള്‍ ജയിലിലാണ്. കൊലപാതകം വരെ ചെയ്ത ഇയാളുടെ അവസാനത്തെ കുറ്റം രാജ്യദ്രോഹമാണ് വളരെയധികം സൂപ്പര്‍ പവറുകളുള്ള ഒരാള്‍ദൈവമാണെന്നായിരുന്നു വെപ്പ്. അയാളെ അനുയായികള്‍ ഒരിക്കലും വിമര്‍ശിക്കാന്‍ പാടില്ലെന്നും ഉള്ള ഒരു കണ്ടീഷനും ഉണ്ട്. സെല്‍ഫ്സ്റ്റയില്‍ഡ് ഗോഡ്‌മേന്‍ (Selfstyled Godman) എന്നാണിയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഹരിയാനക്കാരനാണ്. 2006ല്‍ ആര്യസമാജത്തിനെ വിമര്‍ശിച്ചുകൊണ്ട്, ജനങ്ങളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ച് തമ്മില്‍തല്ലിക്കാന്‍ ഇയാള്‍ക്ക് സാധിച്ചു. ആര്യസമാജക്കാരെ കൊന്നതിന്റെ പേരില്‍ കൊലക്കുറ്റത്തിന്ന് ശിക്ഷിക്കപ്പെട്ടു. 2008ല്‍ ജയിലില്‍നിന്ന് പുറത്തുവന്നു. പലപ്രാവശ്യം കോടതിയില്‍ ഹാജരായില്ല. ദൈവമല്ലേ?. അങ്ങിനെ അറസ്റ്റ്‌ചെയ്യപ്പെട്ടു. അപ്പോഴും നിരവധിപേര്‍ കൂടെയുണ്ടായിരുന്നു. ഐ ടി ഐ യില്‍നിന്ന് ഡിപ്ലൊമ നേടിയ ഇയാള്‍ കുറച്ചുകാലം ഹരിയാന സര്‍ക്കാരിന്റെ ജലസേചനവകുപ്പില്‍ ജൂനിയര്‍ എഞ്ചിനിയറായിരുന്നു. 1966ല്‍ ജോലി രാജിവെച്ച് സന്യാസിയായി, ആള്‍ദൈവമായി.
ആശ്രംബാപ്പു എന്ന ആള്‍ദൈവം ലൈംഗിക ചൂഷണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സ്ത്രീകളുടെ മാസക്കുളി സംബന്ധമായ ചികിത്സകനായിരുന്നു. സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഇത് നല്ലൊരു വേദിയാണെന്ന് മനസ്സിലാക്കിയിരിക്കാം!! യോഗയില്‍ വിദഗ്ധന്‍ ആണെന്ന് പറയുന്നെണ്ടെങ്കിലും ഒരു യോഗയും ഇതുവരെ ചെയ്തു കണ്ടിട്ടില്ല. 1971ല്‍ സിന്ധ് പ്രവിശ്യയില്‍ ജനിച്ച ഇയാള്‍ സ്വതന്ത്ര ഇന്ത്യയിലെ പാര്‍ട്ടീഷനുശേഷം അഹമ്മദബാദിലേക്ക് വന്നു. ഇന്ത്യയില്‍ ആള്‍ദൈവത്തിന്ന് പറ്റിയ സാഹചര്യമുള്ളതുകൊണ്ടായിരിക്കാം. അച്ഛന്‍ നടത്തിയ മരക്കച്ചവടമായിരുന്നു കുറച്ചുകാലത്തെ ഏര്‍പ്പാട്.ആള്‍ദൈവമായപ്പോള്‍ ബലാത്സംഗവീരനായി.
സ്വാമി നിത്യാനന്ദ എന്നയാള്‍ ഒരു ബലാല്‍സംഗ വീരനാകുന്നു. അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രാര്‍ത്ഥിക്കുന്നതിന്നിടയില്‍ വരം കൊടുക്കാന്‍ ഇയാള്‍ വിദഗ്ധനാകുന്നു. തിരുവണ്ണാമലക്കാരനായ ഇയാള്‍ താരതമ്യേന പ്രായം കുറഞ്ഞ ഒരാള്‍ദൈവമാകുന്നു. നിത്യാന്ദ്‌നന്ദ ധ്യാനപീഠത്തിന്റെ ഉപജ്ഞാതാവുന്നു.
ചന്ദ്രസ്വാമി: നെമിചന്ദ് എന്ന യഥാര്‍ത്ത പേരുള്ള ഇയാള്‍ ഇന്നില്ല. 1948ല്‍ ഒരു പണമിടപാട്കാരന്റെ മകനായി ജനിച്ച ഇയാള്‍ ഒരു സന്യാസിയുടെ കൂടെ കുറച്ചുകാലം ജീവിച്ചു, പിന്നീട് ബീഹാറില്‍ തപസ്സ് ചെയ്‌തെന്ന് പറയപ്പെടുന്നു. അന്നത്തെ പ്രധാനമന്ത്രി നരസിഹറാവുവുമായി വലിയ അടുപ്പത്തിലായിരുന്നു. നരസിഹറാവു ഇയാളുടെ ശിഷ്യനായിരുന്നു. ജൈനമതക്കാരനായിരുന്നു. ഇന്ദിരാഗാന്ധിയുടെ സഹായത്തോടെ ഒരു ആശ്രമം നിര്‍മ്മിക്കുവാനുള്ള സ്ഥലം ലഭിച്ചു. ലണ്ടനിലെ ഒരു വ്യവസായിയെ ഒരു ലക്ഷം ഡോളര്‍ പറ്റിച്ചതിന്റെ പേരില്‍ഫോറിന്‍ എക്‌സ്‌ചേയിഞ്ച് നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു.സദാചാരി സ്വാമി: അറസ്റ്റ് ചെയ്യപ്പെട്ടത് വ്യഭിചാര ശാല നടത്തിയതിന്റെ പേരില്‍. ദൃഷ്ടികൊണ്ട് വസ്തുക്കള്‍ കത്തിക്കുന്ന ശക്തി. അതേ ശക്തി സനല്‍ ഇടമറുക് കാണിച്ചപ്പോള്‍ സംഗതി പാളി.
ഓരോകൊല്ലവും ഐക്യരാഷ്ട്ര സംഘടന നടത്തുന്ന സന്തോഷത്തിന്റെയും അക്രമരാഹിത്യത്തിന്റെയും കണക്കെടുപ്പില്‍ ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വ്വേ എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയില്‍. ഏറ്റവുമധികം നിരീശ്വരവാദികളുള്ളതും ഈ രാജ്യങ്ങളില്‍ തന്നെ. സ്വര്‍ഗ്ഗത്തിലും നരകത്തിലും, കര്‍മ്മത്തിലും പുനര്‍ജ്ജന്മത്തിലും വിശ്വസിക്കാത്ത ഇവര്‍ ലോകത്തില്‍ ആരേക്കാളും ദാനശീലരും!!! ദിവസം അഞ്ചു പ്രാവശ്യം പ്രാര്‍ത്ഥിക്കാതെ, നല്ല സമയങ്ങളും, രാഹുകാലവും മറ്റും നോക്കാതെ, ഹോമങ്ങളും യജ്ഞങ്ങളും നടത്താതെ ഏറ്റവും അധികം നോബല്‍ സമ്മാനം നേടിയവരും അവര്‍തന്നെ. നോബല്‍ സമ്മാനം തുടങ്ങിവെച്ച ആല്‍ഫ്രഡ് നോബല്‍ പോലും സ്വീഡന്‍ കാരനാകുന്നു. ഇതിന്റെ അര്‍ത്ഥ്ം, മതവും ദൈവവും നമ്മളെ പിന്നോട്ടാക്കുന്നു. മുന്നോട്ടേക്ക് നയിക്കുന്നില്ല.
യുഗങ്ങള്‍ക്ക് മുന്‍പുള്ള ദൈവങ്ങള്‍:
നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം വര്‍ഷമാണ് കലിയുഗം നിലനില്‍ക്കുക എന്നാണ് ഹിന്ദു പണ്ഢിത ഭാഷ്യം. ദ്വാപരയുഗം അതിന്റെ ഇരട്ടിയായ എട്ട് ലക്ഷത്തി അറുപത്തിനാലായിരം വര്‍ഷവും. ത്രേദായുഗം പന്ത്രണ്ട് ലക്ഷത്തി തൊണ്ണൂറ്റാറായിരവും, കൃതയുഗം പതിനേഴ് ലക്ഷത്തി ഇരുപത്തെട്ടായിരം വര്‍ഷവും ആണെന്നാണ് പറയുന്നത്.നാലുയുഗങ്ങളെ ഒരു ചതുര്‍യുഗം എന്ന് പറയുന്നു. 71 ചതുര്‍ യുഗങ്ങള്‍ ചേര്‍ന്നാല്‍ ഒരു മന്വന്തരവും. പതിനാല് മന്വന്തരമാകുന്നു ഒരു കല്പം. അങ്ങിനെ, ഒരു കല്പാന്തകാലം എന്നു പറഞ്ഞാല്‍ 43,20000 x 71 x 14 ആകുന്നു. അതായത് നാനൂറ്റി ഇരുപത്തൊന്‍പത് കോടി നാല്പത് ലക്ഷത്തി എണ്‍പതിനായിരം വര്‍ഷങ്ങള്‍. എത്ര നിസ്സാരമായാണ് നമ്മുടെ പൂര്‍വ്വീകരെന്ന് പറയപ്പെടുന്ന വാത്മീകിയോ, വേദവ്യാസനോ, മറ്റ് ആചാര്യന്മാരോ ഈ കണക്കുകളെക്കുറിച്ച് എഴുതി വെച്ചത്. ചരിത്രസത്യത്തിന്റെ മുന്‍പില്‍ ഈ എഴുതിപ്പിടിപ്പിച്ച കണക്കുകള്‍ ശുദ്ധ ബഡായിയാകുന്നു. ശ്രീകൃഷ്ണന്റെ മഞ്ഞപ്പട്ടും, സീതയുടെ വഴിയില്‍ വലിച്ചെറിഞ്ഞ ആഭരണങ്ങളും, കര്‍ണ്ണന്റെ കവച കുണ്ഢലങ്ങളും ആ ക്രിതിയുടെ കര്‍ത്താവിന്റെ ഭാവനാശ്ര്ഷ്ടികളാണ്. അത് ഭക്തന്മാരെയും അന്ധവിശ്വാസികളെയും ലഹരിപിടിപ്പിക്കുമ്പോള്‍ യുക്തിവാദിക്ക് ഒരു അറബിക്കഥയോ കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാലകഥകളോ വായിക്കുന്ന നേരമ്പോക്കാണ്. രവിവര്‍മ്മയെപ്പോലെ ഭാവനാശ്ര്ഷ്ടിയുള്ള ചിത്രകാരന്മാര്‍ രൂപങ്ങള്‍ ചിത്രങ്ങളിലാക്കി ഭക്തരെ വിസ്മയിപ്പിച്ചു. മൂക്കിന്ന് പകരം തുമ്പിക്കയ്യും, രണ്ടിലധികം കൈകളും ഓരോകയ്യിലും നിറയെ ദിവ്യമെന്ന് പറയുന്ന ആയുധങ്ങളോ, വസ്ഥുക്കളോ വരച്ചതും അത്തരം ചിത്രകാരന്മാര്‍ തന്നെ. 2017 ഒക്ടോബര്‍ 2, തിങ്കളാഴ്ച്ച മാതൃഭൂമി പത്രത്തിന്റെ നാലാം പേജില്‍ ‘മനുഷ്യന്ന് പ്രായം മൂന്നര വര്‍ഷം’ എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഹോമൊസാപിയന്‍സ് എന്ന് വിളിക്കപ്പെടുന്ന ആധുനീക മനുഷ്യ വര്‍ഗ്ഗത്തിന്ന് പ്രായം മൂന്നരലക്ഷം വര്‍ഷം എന്ന് ഗവേഷകര്‍ കണ്ടുപിടിച്ചതായിട്ടുള്ള ഒരു വാര്‍ത്തയാണിത്. ദക്ഷിണാഫ്രിക്കയില്‍ രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഏഴുപേരുടെ ജനിതക വിവരങ്ങള്‍ വിശകലനം ചെയ്ത് സ്വീഡനിലെ ഉപ്‌സ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ് ഈ നിഗമനത്തിലെത്തിയത്. പൂര്‍വ്വിക മനുഷ്യരില്‍നിന്ന് ആധുനിക മനുഷ്യന്‍ പിറവിയെടുത്തത് ആഫ്രിക്കയിലാണെന്ന ശാസ്ത്രജ്ഞന്മാരുടെ പഴയ നിഗമനം ഈ പുതിയ പഠനവും ശരിവെക്കുന്നു. ഇത്രയും ശാസ്ത്ര സത്യങ്ങ്‌ളുണ്ടായിട്ടും യുഗങ്ങളുടെ കണക്ക് പറഞ്ഞുകൊണ്ട്, അന്നില്ലാത്ത മനുഷ്യരെപ്പറ്റിയുള്ള കഥകള്‍ക്ക് അടിസ്ഥാനമില്ല. അങ്ങിനെയാവുമ്പോള്‍ യുഗങ്ങള്‍ക്ക് മുന്‍പുണ്ടായി എന്നുപറയുന്ന ദൈവങ്ങളെ സാങ്കല്പിക കഥാപാത്രങ്ങളായിത്തന്നെ ഭക്തന്മാര്‍ തിരിച്ചറിയുന്ന ഒരു കാലം വന്നാല്‍ അതൊരു നല്ല കാലമായിരിക്കും. ആ കഥകളിലുള്ള സാങ്കല്പിക ദൈവങ്ങളെ ആള്‍ദൈവങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നു. ആ അനുകരണങ്ങള്‍ സാധാരണ മനുഷ്യര്‍ അംഗീകരിച്ചുകൊടുത്തുകൊണ്ട് അടിമകളായി ജീവിക്കുന്നു. ആ ജീവിതത്തില്‍ ആദര്‍ശമില്ല, ജോലി ചെയ്യുന്ന ഏര്‍പ്പാടില്ല,ധാര്‍മ്മികതയില്ല, ത്യാഗമില്ല, മനുഷ്യത്വമില്ല, മന:സാക്ഷിയില്ല, സ്വഭാവശുദ്ധിയില്ല.
ആദര്‍ശമില്ലാത്ത രാഷ്ടീയം, ജോലി ചെയ്യാതെ നേടുന്ന സമ്പാദ്യം, ധാര്‍മ്മികതയില്ലാത്ത വ്യാപാരം, ത്യാഗമില്ലാത്ത ഈശ്വരപൂജ, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, മനസ്സാക്ഷിക്ക് ചേരാത്ത സുഖം, സ്വഭാവശുദ്ധിയില്ലാത്ത അറിവ് എന്നിവയെല്ലാംവ്യക്തിജീവിതത്തില്‍ ഒഴിവാക്കേണ്ട തിന്മകളാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ തിന്മകളുടെയെല്ലാം വിളനിലങ്ങളായിരുന്നു അല്ലെങ്കില്‍ മൂര്‍ത്തീകരണങ്ങളാണ് ആള്‍ദൈവങ്ങള്‍. അപൂര്‍ണ്ണരായ മനുഷ്യരില്‍കൂടിയാണ് മതങ്ങള്‍ ഉത്ഭവിക്കുന്നതും ആചരിക്കപ്പെടുന്നതും എന്ന് ഗാന്ധി പറഞ്ഞു. അതുകൊണ്ട് അതില്‍ പല തെറ്റുകളും ഉണ്ടാവം. അപ്പോള്‍ ആവശ്യം ഒരു മതമല്ല. പരസ്പര ബഹുമാനവും സഹിഷ്ണതയുമാകുന്നു. ‘സവര്‍ണ്ണ ഹിന്ദുക്കളെയും അവര്‍ണ്ണഹിന്ദുക്കളെയും സൃഷ്ടിച്ച ഈശ്വരന്‍ അദ്ദേഹത്തിന്റെ സന്താനങ്ങള്‍ക്കിടയില്‍ ഇത്ര ഹീനമായി ഒരു വേലികെട്ടിയുറപ്പിക്കുമെന്ന് സങ്കല്പിക്കുന്നത്‌പോലും എന്റെ യുക്തിബോധത്തിന്ന് നിരക്കാത്തതാണ്’ എന്ന് പറഞ്ഞ ഗാന്ധി ജനിച്ച നാട്ടിലെ എം പി യും സിനിമാനടനുമായ ആള്‍ ഈയടുത്ത ദിവസം ബ്രാഹ്മണനായി ജനിക്കാത്ത വിഷമം പ്രകടിപ്പിച്ച നാടാണിത്. അതേ നാട്ടില്‍ ഈയടുത്ത ദിവസം ഒക്ടോബര്‍ 9 തിങ്കളാഴ്ച്ച യദുകൃഷ്ണന്‍ എന്ന പട്ടികജാതിക്കാരന്‍ മണപ്പുറം ദേവീക്ഷേത്രത്തില്‍ കയറിയപ്പോള്‍ എന്ത് പറയുന്നു?; ഞങ്ങളാണ് ഏറ്റവും ബുദ്ധിമാന്മാര്‍ എന്ന് സങ്കല്പിച്ചു നടക്കുന്ന എത്രയോ ബ്രാഹ്മണരുണ്ട്. എന്നാല്‍ ബ്രാഹ്മണരോടൊപ്പം മത്സരപ്പരീക്ഷയില്‍ നാലാം റാങ്കില്‍ ജയിച്ചപ്പോഴെങ്കിലും ബുദ്ധിയും ജാതിയുമായി ബന്ധമില്ലെന്ന് മനസ്സിലാക്കുക.
മൗണ്ട്ബാറ്റന്‍ പറഞ്ഞതുപോലെ, അന്ധവിശ്വാസത്തില്‍നിന്ന് മോചനം നേടില്ലെന്നുതന്നെ ആശ്വസിച്ചുകൊണ്ട് അന്ധവിശ്വാസികള്‍ക്ക് ജീവിക്കാം. എന്നാല്‍ അതൊരു ജീവിതമാണോ എന്നുകൂടി അവര്‍ ചിന്തിക്കുക!!