ഹെല്‍ത്ത് ലിറ്ററസി
ആരോഗ്യ സാക്ഷരത്വം.
ഏതാനും കൊല്ലങ്ങള്‍ക്കു മുന്‍പ് എന്റെ മകളുടെ ഒരു സര്‍ജ്ജറിക്കു വേണ്ടി കോഴിക്കോട്ടെ പ്രസിദ്ധനായ അസ്ഥിരോഗവിദഗ്ദ്ധന്‍ ഡോ: സി കെ എന്‍ പണിക്കരുടെ അടുത്തു പോയപ്പോള്‍ രോഗത്തിന്റെയും സര്‍ജ്ജറിയുടെയും കാര്യങ്ങളെല്ലാം വിവരിച്ചു പറഞ്ഞു തന്നതിന്നു ശേഷം അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു മോഡല്‍ കശേരുവിന്റെ രൂപമെടുത്ത് കാണിച്ചു എവിടെയാണ് ശസ്ത്രക്രിയ നടത്താന്‍ പോകുന്നതെന്നും എന്താണ് ചെയ്യുകയെന്നും വിവരിച്ചു തരികയുണ്ടായി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നിന്ന്ഉന്നത ബിരുദമെടുത്ത അദ്ദേഹത്തിന്റെ രീതി അവിടുന്ന് ലഭിച്ചതായിരിക്കാം. ഇത്തരം രീതികള്‍ നമ്മുടെ നാട്ടിലെ ഓരോ ഡോക്ടറും അവലംബിച്ചിരുന്നുവെങ്കില്‍ രോഗികളുടെ മന:സമാധാനം കുറച്ചൊന്നുമല്ല വര്‍ദ്ധിക്കുക എന്ന് തോന്നുന്നു. നാലു പതിറ്റാണ്ടിലധികം പ്രശസ്ത ഔഷധക്കമ്പനികളിലും അത് കഴിഞ്ഞ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ രംഗത്തും പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ വിദേശ ഡോക്ടര്‍മാരുടെ രീതികള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ പ്രശസ്തമായ ഹെന്റ്രിഫോര്‍ഡ് ഹെല്‍ത്ത്‌സിസ്റ്റം എന്ന ആസ്പത്രി ശ്ര്ംഖലയിലെ ചില ഡോക്ടര്‍മാരുടെ ഡിക്‌റ്റേഷനുകള്‍ ഹെഡ്‌ഫോണില്‍ കേട്ട്‌കൊണ്ട് മെഡിക്കല്‍ ട്രാസ്ന്‍സ്‌ക്രിപ്ഷന്‍ ചെയ്യുമ്പോള്‍ പൊതുവെ അവിടുത്തെ ഡോക്ടര്‍മാര്‍ എല്ലാവരും രോഗിയെ പരിശോധിച്ചതിന്നു ശേഷമുള്ള റിപ്പോര്‍ട്ടിന്റെ അവസാന ഭാഗം ഐ എക്‌സ്‌പ്ലെയിന്‍ഡ് റ്റു ദ പേഷ്യന്റ് വിത്ത് എ മോഡല്‍ (I explanined to the patient with a model) എന്ന വാക്കുകളില്‍ അവസാനിപ്പിക്കുന്നു. ഈ രീതിയില്‍, ഡോക്ടര്‍ക്ക് രോഗിയോടുള്ള ബാദ്ധ്യത വ്യക്തമാണ് അതുപോലെ രോഗിയുടെ ഹെല്‍ത്ത് ലിറ്ററസിയില്‍ ഡോക്ടര്‍ സഹായിക്കുന്ന രീതിയും. ശരീരം രോഗിയുടെതാണെങ്കിലും ചെയ്യുന്നത് ഞാനല്ലേ, അതുകൊണ്ട് ഞാന്‍ തീരുമാനിച്ചുകൊള്ളും എന്ന രീതി അവിടെയില്ല. അമേരിക്കയിലെ ജനങ്ങളില്‍ പന്ത്രണ്ട് ശതമാനത്തിന്ന് നല്ല നിലവാരത്തിലുള്ള ഹെല്‍ത്ത് ലിറ്ററസിയുണ്ടെന്ന് പറയുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് നല്ലൊരു നിലവാരമാകുന്നു. ഇതിന്റെ ഒരു പ്രധാന കാരണം അവിടുത്തെ ഡോക്ടര്‍മാരുടെ മനോഭാവമാകുന്നു. ഡോക്ടര്‍ ഏതൊരു പ്രത്യേക മെഡിക്കല്‍ സ്‌പെഷാലിറ്റി വിഭാഗത്തില്‍ പെട്ട വിദഗ്ദ്ധനാണോ ആ വിഭാഗത്തിന്റെ ശരീര ഭാഗത്തിന്റെ ഒരു മോഡല്‍ രൂപവും ചിത്രങ്ങളും ആ ഡോക്ടറുടെ വശം ഉണ്ടായിരിക്കും. ഹെല്‍ത്ത് ലിറ്ററസിയുള്ള ഒരാള്‍ക്ക് രോഗപ്രതിരോധത്തിന്നു വേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ഒരു ചികിത്സയോ ശസ്ത്രക്രിയയോ കഴിഞ്ഞാല്‍ എന്തൊക്കെ നിബന്ധനകള്‍ പാലിക്കണമെന്ന ഒരു സാമാന്യ വിജ്ഞാനം തന്റെ ഡോക്ടര്‍ പറയാതെ തന്നെയുള്ള ഒരു അവബോധം രോഗിക്കുണ്ടാവുന്നു.
നിര്‍വ്വചിക്കുകയാണെങ്കില്‍ ‘ഒരു വ്യക്തിക്ക് മനസ്സിലാക്കാനും മനസ്സില്‍ അപഗ്രഥിക്കാനും, തദ്വാരാ, പ്രാഥമീകമായ ആരോഗ്യ അറിവുകള്‍ നേടി സ്വന്തം ആരോഗ്യകാര്യങ്ങളില്‍ തീരുമാനമെടുക്കാനും ഉള്ള കഴിവിനെ ഹെല്‍ത്ത് ലിറ്ററസി’ എന്ന് പറയുന്നു. ഇത് ഒരാളുടെ മാനസീകാവസ്ഥയെയും പ്രകടിപ്പിക്കാനുള്ള കഴിവിനെയും ആശ്രയിച്ചിരിക്കുന്നു.സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കാന്‍ നിങ്ങള്‍ക്ക് മടിയുണ്ടോ? ലാബറട്ടറി പരിശോധനാ റിപ്പോര്‍ട്ടുകള്‍ കയ്യില്‍ കിട്ടിയാല്‍ അതില്‍ നിങ്ങളുടെ ആരോഗ്യ സംബന്ധമായ എന്താണെഴുതിയിരിക്കുന്നതെന്നറിയാന്‍ ആകാംക്ഷയില്ലേ? നിങ്ങളുടെ കുഞ്ഞിന്ന് ഒരു മരുന്ന് കുറിച്ചുതന്നാല്‍ അതിന്റെ ഡോസ് തൂക്കത്തിന്നനുസരിച്ച് എത്രയാണെന്നറിയേണ്ടേ? സ്വാഭാവികമായ ചില വിചാരങ്ങളാണിവ. ഈ സംശയങ്ങള്‍ അല്ലെങ്കില്‍ ആകാംക്ഷയുണ്ടാവുന്നത് ഹെല്‍ത്ത് ലിറ്ററസി എന്ന അറിവിന്നുള്ള സ്വാഭാവികമായ വ്യഗ്രതയാകുന്നു. ആരോഗ്യപരമായ കാര്യങ്ങള്‍ ഒരാള്‍ക്ക് ഉള്‍ക്കൊള്ളാനും അപഗ്രഥിക്കാനും, അടിസ്ഥാന പരമായ അറിവു വെച്ച്‌കൊണ്ട് വേണ്ടവിധത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള കഴിവ് ഹെല്‍ത്ത് ലിറ്ററസി കൊണ്ടുണ്ടാവുന്നു.
അമേരിക്കയിലെ മരുന്നുകളെപ്പറ്റിയും അതിന്റെ വിശദവിവരങ്ങളെപ്പറ്റിയും ഉള്ള ഒരു വെബ്‌സൈറ്റാകുന്നു ഡ്രഗ്‌സ്.കോം അതില്‍ 22.11.2016 വന്ന ഒരു വാര്‍ത്തയില്‍ അവിടെ അന്‍പത് ശതമാനം സ്ത്രീകളും സിക്കാ വൈറസ്സിനെ പേടിച്ച് ഗര്‍ഭ്ഭം ധരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല എന്നാകുന്നു. ഇത്തരം ഒരു ചിന്താഗതിയുണ്ടാവുന്നതിന്റെ കാരണം ഹെല്‍ത്ത് ലിറ്ററസിയാകുന്നു. സിക്കാ വൈറസിന്റെ ആക്രമണം തുടങ്ങിയതിന്നു ശേഷം 1845 ജനന വൈകല്യങ്ങളാണ് ബ്രസീലില്‍ ഉണ്ടായത്. മൈക്രോസെഫാലി എന്ന തലച്ചോറിന്റെ വളര്‍ച്ചക്കുറവാണ് ഒരു പ്രധാന വൈകല്യം. ഓരോ നാട്ടിലും ഉള്ള ഭിഷഗ്വരന്മാരുടെ പെരുമാറ്റവും രോഗികളോടുള്ള മനോഭാവവും ഹെല്‍ത്ത് ലിറ്ററസിയെ കാര്യമായി ബാധിക്കുന്നു. രോഗിയുടെ മുന്നില്‍ കാര്യങ്ങള്‍ തുറന്നു പറയാതെ, രോഗിയുടെ മുഖത്ത് ഒന്നു നോക്കുകപോലും ചെയ്യാതെ കടലാസ്സിലും പേനയിലും മാത്രം കാര്യങ്ങള്‍ ഒതുക്കുന്ന ചുണ്ടുകള്‍ അടക്കിപ്പിടിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ ഹെല്‍ത്ത് ലിറ്ററസിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ രോഗിക്ക് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള കഴിവും പരിമിതികളും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, ലാബറട്ടറി ടെക്ക്‌നീഷ്യന്മാര്‍, എക്‌സ് റേ, സ്‌കാനിങ്ങ് വിഭാഗത്തില്‍ പെട്ടവര്‍ എന്നിവരെല്ലാംതന്നെ ഹെല്‍ത്ത് ലിറ്ററസി ഉണ്ടാക്കുവാനും അതുപോലെ ഇല്ലാതാക്കുവാനും പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്നവര്‍തന്നെ.
ആയിരത്തി തൊള്ളായിരത്തിഅന്‍പത്, അറുപതുകളില്‍ തലശ്ശേരിയില്‍ ഒരു റിട്ടയേഡ് മേജര്‍ ഡോക്ടറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മെഡിക്കല്‍ ബിരുദം എല്‍ സി പി & എസ് എന്ന എം ബി ബി എസിനേക്കാള്‍ കുറഞ്ഞതായിരുന്നു. എന്നാല്‍ രോഗനിര്‍ണ്ണയ കാര്യത്തില്‍ ബഹുമിടുക്കനെന്ന് പേരുണ്ടായിരുന്ന തിരക്കുകാരനായ ആ ഡോക്ടറോട് രോഗി തന്റെ വിഷമതകള്‍ അഥവാ രോഗ ലക്ഷണങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഉടനെ പരുക്കന്‍ സ്വഭാവക്കാരനായ ആ ഡോക്ടര്‍ ”എന്നാല്‍ നീ തന്നെ പരിശോധിച്ചോളൂ, എന്റെ ആവശ്യമില്ലല്ലോ’ എന്ന് പറഞ്ഞുകൊണ്ട് സ്റ്റെതസ്‌കോപ്പ് രോഗിയുടെ കയ്യില്‍ കൊടുക്കാന്‍ ഭാവിക്കുമായിരുന്നു. മുന്‍കോപിയായ ഡോക്ടറെ ഭയന്ന് രോഗി, ഡോക്ടര്‍ പിന്നീട് എഴുതിക്കൊടുക്കുന്ന മരുന്ന് ഡോക്ടര്‍ പ്രാക്ടീസ് ചെയ്യുന്ന, വീട്ടില്‍ത്തന്നെയുള്ള, ഡോക്ടറുടെ ഉടമസ്ഥതയില്‍ തന്നെയുള്ള ഫാര്‍മ്മസിയില്‍ നിന്ന് കോഡ് വാക്കുകളില്‍ എഴുതിയ മരുന്നു വാങ്ങുകയും കുറിപ്പ് അവിടെ ഫാര്‍മ്മസിസ്റ്റ് വാങ്ങി വെക്കുകയും ചെയ്യുമായിരുന്നു. അന്നത്തെ രോഗികള്‍ അത്രയും നിസ്സഹായ്രരായിരുന്നുവെന്നര്‍ത്ഥം!! ഡോക്ടര്‍ക്കും ഫാര്‍മ്മസിസ്റ്റിന്നും മാത്രം അറിയുന്ന കോഡ് വാക്കുകള്‍ ഉപയോഗിച്ച് മരുന്നിന്ന് കുറിച്ചുകൊടുക്കുന്നവര്‍ നിരവധിയുണ്ടായിരുന്നു അന്ന്. ഇന്നത്തെ കമ്പനികളുടെ ബ്രാന്‍ഡ് പേരുകള്‍ താരതമ്യേന കുറവുള്ളതും മിക്‌സ്ചര്‍ എന്ന പേരിലുള്ള പലതും കൂട്ടിക്കലര്‍ത്തി കോമ്പൗണ്ടുണ്ടാക്കുന്ന കമ്പോണ്ടര്‍ എന്ന് വിളിക്കുന്ന കോമ്പൗണ്ടര്‍ ആയിരുന്നു അന്ന് ഡോക്ടര്‍മാരുടെ സഹായികളായി ഉണ്ടായിരുന്നത്. ഹെല്‍ത്ത്‌ലിറ്ററസിക്ക് യാതൊരു സ്ഥാനവും ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്.ഇന്നും നമ്മുടെ നാട്ടില്‍ സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ പെടുന്ന ചില വിഭാഗങ്ങളില്‍ പ്രത്യേകിച്ച ഹൃദയം, മസ്തിഷ്‌കം എന്നിവയുടെ ഭാഗങ്ങള്‍ ഒരു സാധാരണ വ്യക്തിക്ക് മനസ്സിലാക്കാന്‍ വിഷമമുണ്ടായിരിക്കും അതുകൊണ്ടായിരിക്കാം അത്തരം ഭിഷഗ്വരന്മാരും താരതമ്യേന മിതഭാഷികളായിക്കാണുന്നത്. എന്നാല്‍ മറ്റു പല അവയവങ്ങളും ശരീര ഭാഗങ്ങളും ഒരു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം സിദ്ധിച്ച വ്യക്തിയെ സംബന്ധിച്ച് ഏതാണ്ടൊരു പരിജ്ഞാനമുണ്ടായിരിക്കും.അത്തരം രോഗികളോട് ഡോക്ടര്‍മാര്‍ ഒരു സാമാന്യ വിവരം നല്‍കുന്നത് അഭികാമ്യമാകുന്നു. ഹെല്‍ത്ത് ലിറ്ററസി ഉണ്ടാക്കാന്‍ അത് സഹായിക്കും.
നമ്മുടെ നാട്ടില്‍ പ്രാഥമീക വാക്‌സിനേഷനുകളായ ട്രിപ്പിള്‍ ആന്റിജന്‍ പോലെയുള്ളവ ഇന്നും തര്‍ക്ക വിഷയങ്ങളാകുന്നു. ഒരു ശസ്ത്രക്രിയ ചെയ്തുകഴിഞ്ഞാല്‍ അതിന്റെ കാരണമായി വന്നുചേരുന്ന പരിമിതികള്‍ രോഗിയും കൂടെ ജീവിക്കുന്നവരും മനസ്സിലാക്കേണ്ട വിഷയങ്ങളാകുന്നു. ഉദാഹരണമായി ഗര്‍ഭ്ഭാശയം എടുത്തുമാറ്റുന്ന ശസ്ത്രക്രിയയായ ഹിസ്റ്ററക്റ്റമി കഴിഞ്ഞാല്‍ ഭാര്യാഭര്‍തൃ ശാരീരിക ബന്ധങ്ങളുടെ പരിമിതികള്‍ ഡോക്ടര്‍ പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഇതില്‍ അണ്ഡാശയം എടുത്തുകഴിഞ്ഞാലുള്ള ഗ്രന്ഥി സംബന്ധമായ പരിമിതി ഭര്‍ത്താവ് മനസ്സിലാക്കാതിരുന്നാല്‍ അത് വൈകാരികവും മാനസീകവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ബന്ധം വഷളാവാന്‍ അത് ധാരാളം!! അമേരിക്കയില്‍ ഫുഡ് ഡ്രഗ്ഗ് അഡ്മിനിസ്റ്റ്രേഷന്‍ (FDA)എന്ന ഒരു ഫെഡറല്‍ ഏജന്‍സിയുണ്ട്. ഇതിനെ യു എസ് എഫ് ഡി എ എന്നു പറയുന്നു. പൗരന്മാരുടെ ആരോഗ്യകരമായ കാര്യങ്ങള്‍ മേല്‍നോട്ടം ചെയ്യുന്ന ആധികാരികമായ ഒരു ഏജന്‍സിയാണിത്. ഭക്ഷണം, ഭക്ഷണത്തിന്ന് മുതല്‍ക്കൂട്ടായി ഉപയോഗിക്കുന്ന വസ്തുക്കള്‍, പുകയില, വാക്‌സിനുകള്‍, ജൈവ ഫാര്‍മസ്യുട്ടിക്കലുകള്‍, മരുന്നു കുറിപ്പടികള്‍, രക്ത ദാനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വൈദ്യൂതി കാന്തിക റേഡിയേഷന്‍ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍, എല്ലാ ജീവ ജാലങ്ങളുടെയും ഭക്ഷണങ്ങള്‍ എന്നിവയില്‍ ആരോഗ്യകരമായ നിയന്ത്രങ്ങള്‍ ഫുഡ് ഡ്രഗ്ഗ് അഡ്മിനിസ്റ്റ്രേഷന്‍ നടപ്പില്‍ വരുത്തുന്നു. അതില്‍ ഹെല്‍ത്ത് ലിറ്ററസി എന്ന വിഷയത്തിന്ന് വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. എഫ് ഡി എ യുടെ നിയമപ്രകാരം കുറിച്ചുകൊടുക്കാവുന്ന മരുന്നുകളുടെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്. ഇന്ത്യയിലും ഇതുണ്ട്. എങ്കിലും അതിനേക്കാള്‍ നിയന്ത്രണമാണ് അമേരിക്കയില്‍ ഉള്ളത്. അല്ലാത്തവയെ ഒ ടി സി അഥവാ ഓവര്‍ ദ കൗണ്ടര്‍ മരുന്നുകള്‍ എന്നു പറയുന്നു. അതായത്, കൗണ്ടര്‍ വഴി കുറിപ്പില്ലാതെ വാങ്ങാവുന്നത്. അതിന്നു പോലും അളവിന്റെയും എണ്ണത്തിന്റെയും നിയന്ത്രണങ്ങളുണ്ട്.കര്‍ശനമായ ഈ നിയമം കാരണം ദോഷങ്ങളുണ്ടെങ്കിലും ഹെല്‍ത്ത് ലിറ്ററസി വര്‍ദ്ധിക്കാന്‍ ഇതുപകരിക്കുന്നു. അനാവശ്യമായി ആരും നിയന്ത്രണമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുന്നില്ല. നമ്മുടെ നാട്ടില്‍ ടി വി പോലെയുള്ള മാധ്യമങ്ങളില്‍ ഇരുമ്പ് ഗുളിക കഴിക്കാന്‍ സിനിമാതാരം പ്രേരിപ്പിക്കുന്നു. ഇതൊരുതരം ഹെല്‍ത്ത് ലിറ്ററസി വര്‍ദ്ധിപ്പിക്കുന്ന പരിപാടിയാണെങ്കിലും ഒരു ആധികാരികതയുള്ള ഡോക്ടറെപ്പോലെയുള്ള ഒരാള്‍ പറയുമ്പോള്‍ കൂടുതല്‍ വിലയുണ്ട്. എന്നാല്‍ രക്തക്കുറവ് പരിഹരിക്കാന്‍ ഇരുമ്പ് മാത്രം ചിലപ്പോള്‍ മതിയായെന്ന് വരില്ല. രക്തക്കുറവിന്റെ കാരണവും കണ്ടെത്തേണ്ടി വരും. അപ്പോള്‍ ഈ ഹെല്‍ത്ത് ലിറ്ററസി പരസ്യ്ം ഒരു പരിധിവരെയെ പ്രയോജനപ്പെടുന്നുള്ളൂ എന്നര്‍ത്ഥം. സിനിമാതാരങ്ങളെ ഉപയോഗിച്ച് ഹെല്‍ത്ത് ലിറ്ററസി വര്‍ദ്ധിപ്പിക്കുന്നതിന്ന് പകരം നല്ലൊരു ഡോക്ടറെക്കൊന്‍ണ്ട് അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അഭികാമ്യമായിരിക്കും. നമ്മുടെ നാട്ടില്‍ ആഭരണത്തിന്റെതാണെങ്കിലും, തുണിയുടെതാണെങ്കിലും ടോയ്‌ലറ്റ് ക്ലീനിങ്ങ് വസ്തുവിന്റെതാണെങ്കിലും സോപ്പിന്റെതാണെങ്കിലും മരുന്നിന്റെതാണെങ്കിലും പരസ്യം പറയുന്നത് സിനിമാതാരം തന്നെ. ജനങ്ങളുടെ കാഴ്ച്ചപ്പാടില്‍ എല്ലാം തികഞ്ഞവര്‍ അവര്‍ എന്നാണോ ഇതിന്റെ അര്‍ത്ഥം?!!
അമേരിക്കയിലെ മരുന്നു നിയന്ത്രണ ഏജന്‍സിയായ എഫ് ഡി എ ഒക്ടോബര്‍ മാസം ഹെല്‍ത്ത് ലിറ്ററസി മാസമായി ആചരിക്കുന്നു. ഇത് ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ അംഗീകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം ഹെല്‍ത്ത് ലിറ്ററസി കുറഞ്ഞ ഒരാള്‍ക്ക് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് കാര്യങ്ങള്‍ പറയാനുള്ള കഴിവ് കുറയുമെന്നതാണ് അനുഭവപഠനങ്ങള്‍ തെളിയിക്കുന്നത്. ഹെല്‍ത്ത് ലിറ്ററസി കുറഞ്ഞ ഒരു കുടുമ്പനാഥന്ന് മറ്റംഗങ്ങളെ രോഗ ലക്ഷണങ്ങളനുസരിച്ച് ഏത് ഡോക്ടറുടെ അടുത്ത് കൊണ്ടുപോകണമെന്ന ധാരണയുണ്ടാവുന്നില്ല. അമ്മക്ക് കുഞ്ഞിനെ ശിശുരോഗ വിദഗ്ദ്ധന്റെ അടുത്ത് കൊണ്ടുപോകണമെന്ന അറിവുണ്ടെങ്കില്‍ പോലും അതില്‍ തന്നെ ഏത് വിഭാഗത്തിലെ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കണമെന്നറിയുന്നില്ല. ശിശുരോഗ സ്‌പെഷാലിറ്റിയില്‍ പിഡിയാട്രിക്ക് അലര്‍ജ്ജി, ഇമ്മ്യൂണോളജി, റുമറ്റൊളജി, പിഡിയാട്രിക്ക് കാര്‍ഡിയോളജി, പിഡിയാട്രിക്ക് എമര്‍ജന്‍സി മെഡിസിന്‍, പിഡിയാട്രിക്ക് എന്‍ഡോക്രൈനോളജി & ഡയബറ്റിസ്, പിഡിയാട്രിക്ക് ഗാസ്റ്റ്രോ എന്ററോളജി & ഹെപ്പറ്റോളജി, ജനറല്‍ പിഡിയാട്രിക്‌സ് & അഡോളസന്റ് മെഡിസിന്‍, പിഡിയാട്രിക്‌സ് ജെനിറ്റിക്‌സ് & മെറ്റബോളിസം, പിഡിയാട്രിക്‌സ് ഹെമറ്റോളജി/ഓങ്കോളജി, പിഡിയാട്രിക്‌സ് ഇന്‍ഫക്ഷ്യസ് ഡിസീസസ്, നിയോനാറ്റല്‍-പെരിനാറ്റല്‍ മെഡിസിന്‍, പിഡിയാട്രിക്‌സ് നെഫ്രോളജി & ഹൈപ്പര്‍ ടെന്‍ഷന്‍, പെഡിയാട്രിക്ക് പള്‍മനോളജി അങ്ങിനെ പോകുന്നു അതിലെ അവാന്തര വിഭാഗങ്ങള്‍. ഒരു ചെറിയെ ഗ്രാമത്തിലോ ഒരു സിറ്റിയില്‍ പോലുമോ ഇതെല്ലാം തന്നെ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ പ്രായോഗികതയും കുറവാകുന്നു. എങ്കിലും വേണ്ടി വന്നാല്‍ ഇത്തരം വിദഗ്ദ്ധന്മാര്‍ ഉണ്ടായിരിക്കും എന്നറിയണം.
ഒരു ലാബറട്ടറി പരിശോധനാ ഫലം ലഭിച്ചാല്‍ അതിനെപ്പറ്റി ഒരു ധാരണയുണ്ടാവണമെന്നാണ് എഫ് ഡി എ അഭിപ്രായപ്പെടുന്നത്. കുറഞ്ഞ ഹെല്‍ത്ത് ലിറ്ററസി കൂടുതല്‍ ആസ്പത്രി അഡ്മിഷനുകള്‍ ഉണ്ടാക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രോഗം വരാതിരിക്കുന്നതിന്നുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാതെ രോഗം വന്നാല്‍ ആസ്പത്രികളിലേക്കോടുന്നു, തദ്വാരാ ചികിത്സാ ചെലവുകള്‍ വര്‍ദ്ധിക്കുന്നു.എഫ് ഡി എ പ്രചരണത്തിന്റെ ആദ്യഘട്ടമായി ചെയ്യുന്ന ഒരു പ്രാഥമീക കാര്യം അവരുടെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള രീതികളാകുന്നു. അവയില്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്നവരില്‍, എത്തിച്ച് വ്യക്തമായതും വളരെ ലളിതമായതുമായ ഭാഷകളില്‍ അവതരിപ്പിക്കുക എന്നതാകുന്നു. മറ്റൊരു കാര്യം കാലാവസ്ഥക്കനുസരിച്ചും പ്രകൃതിക്ഷോഭങ്ങള്‍ക്കനുസരിച്ചും വരുന്ന ഫ്‌ളൂ, വയറിളക്കം, കണ്ണ്‌രോഗം എന്നിവ പോലെയുള്ളവ, കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധമായ സന്ദേശങ്ങള്‍ എന്നിവ കാലാകാലങ്ങളില്‍ അനുഭവസ്ഥരില്‍ എത്തിക്കുക എന്നതാകുന്നു. ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഏതങ്കിലും മരുന്നിന്ന് മുന്‍പ് കാണാത്ത എന്തെങ്കിലും പാര്‍ശ്വഫലം പെട്ടന്ന് അനുഭവപ്പെട്ടാല്‍ അത് ഉടനെ ജനങ്ങളെയും ആരോഗ്യ രംഗത്തുള്ളവരെയും അറിയിക്കുന്നു. ആ മരുന്നിനെ മുഴുവന്‍ തിരിച്ചെടുക്കാന്‍ കമ്പനികളോട് ആവശ്യപ്പെടുകയും അങ്ങിനെ ചെയ്യാതിരുന്നാല്‍ നിയമ നടപടികളെടുക്കുകയും ചെയ്യുന്നു. ഇന്ന് നമ്മുടെ നാട്ടില്‍ നിരവധി ന്യുട്രീഷനല്‍ സപ്ലിമെന്റുകള്‍ ഉണ്ട്. അതായത് ഭക്ഷണം കൂടാതെ പോഷണത്തിന്നു വേണ്ടി കഴിക്കുന്നവ. സാധാരണ ഭക്ഷണത്തില്‍നിന്ന് ലഭിക്കാന്‍ സാദ്ധ്യതയില്ലാത്ത ജീവകങ്ങളോ, പ്രോട്ടീനുകളോ, ട്രേയ്‌സ് എലിമെന്റ്‌സ് എന്ന് വിളിക്കപ്പെടുന്ന് സിങ്ക്, കോപ്പര്‍, സെലനിയം എന്നിവയോ ആയിരിക്കും അതില്‍ ഉണ്ടായിരിക്കുന്നത്. പരസ്യങ്ങള്‍ കണ്ട് അവ വാങ്ങിക്കഴിക്കുന്നതും കുട്ടികള്‍ക്ക് നല്‍ കുന്നതുമായ പലര്‍ക്കും അറിയില്ല തനിക്കോ തന്റെ കുഞ്ഞിനോ അതാവശ്യമുണ്ടോ എന്ന്.എന്നാല്‍ അത് മനസ്സിലാക്കിക്കൊണ്ട് വാങ്ങുന്ന ഒരാള്‍ക്ക് ഹെല്‍ത്ത് ലിറ്ററസിയുണ്ടെന്ന് പറയാം. കറിയുപ്പില്‍ അയോഡിന്‍ ചേര്‍ക്കണമെന്ന നിര്‍ദ്ദേശം നമ്മുടെ നാട്ടിലെ ഹെല്‍ത്ത് ലിറ്ററസിയുടെ ഒരു പ്രധാന നാഴികക്കല്ലാകുന്നു. കൊല്ലങ്ങള്‍ക്ക് മുന്‍പ് കല്ലുപ്പ് മാത്രമായിരുന്നു വീടുകളില്‍ കറിക്കുപയോഗിച്ചിരുന്നത്. അന്ന് സാധാരണ ലഭിച്ചിരുന്ന അയഡിന്‍സമൃദ്ധമായചെമ്മീന്‍, പാല്‍ തൈര്‍, മുട്ട എന്നിവ സാധാരണക്കാരന്ന് ഇന്ന് അപ്രാപ്യമായിരിക്കുകയാണ്. ഡോക്ടര്‍ എഴുതിയ ആന്റി ബയോട്ടിക്ക്, രോഗം അല്പം ഭേദമായാല്‍ ഉടനെ നിര്‍ത്തുന്നത് ഹെല്‍ത്ത് ലിറ്ററസിയുടെ അഭാവമാണ് കാണിക്കുന്നത്. ഒരു ആന്റി ബയോട്ടിക്ക് നല്കുന്നത് ബാക്ടീരിയയെ നശിപ്പാനാണെന്നും അത് രോഗ ലക്ഷണങ്ങള്‍ മാറിയ ഉടെനെ നിര്‍ത്തുന്നത് ശരീരത്തില്‍ അവശേഷിക്കുന്ന ബാക്റ്റീരിയക്ക് പ്രതിരോധ ശക്തി നല്‍കി രോഗം പിന്നീടും ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് വരുത്തും എന്നുമുള്ള സാമാന്യ ജ്ഞാനം ഹെല്‍ത്ത് ലിറ്ററസിയുടെ ഭാഗമാകുന്നു. അത്‌പോലെ അതേ രോഗലക്ഷണങ്ങള്‍ പിന്നീട് കണ്ടാല്‍ അതേ ആന്റി ബയോട്ടിക് സ്വയം തീരുമാനത്തില്‍, ഡോക്ടറെ കാണാതെതന്നെ വാങ്ങിക്കഴിക്കുന്നതും ഹെല്‍ത്ത് ലിറ്ററസിയുടെ അഭാവം കൊണ്ടുണ്ടാവുന്ന വിവരക്കേടില്‍ പെട്ടതാകുന്നു. പ്രാഥമീക സാക്ഷരത്വം, ശാസ്ത്രീയ സാക്ഷരത്വം, പൗര സാക്ഷരത്വം, സാംസ്‌കാരീക സാക്ഷരത്വം എന്നിവയാകുന്നു ആരോഗ്യസാക്ഷരത്വത്തിന്നു വേണ്ട പ്രധാന മാനദണ്ഡങ്ങള്‍. സാമാന്യമായി ഉപയോഗിക്കേണ്ട അല്ലെങ്കില്‍ ഉപയോഗിച്ചുവരുന്ന മെഡിക്കല്‍ പദങ്ങള്‍ കേട്ടാലോ, വായിച്ചാലോ പറഞ്ഞാലോ മനസ്സിലാക്കാന്‍ സാധിച്ചിരിക്കണം. ഉദാഹരണത്തിന്ന് പനി എന്ന വാക്കിന്ന് ഫീവര്‍ എന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ പൈറക്‌സിയ (pyrexia) എന്നതും ശരീര താപത്തിന്റെ മറ്റൊരു വാക്കാകുന്നു. നല്ല പനിയുണ്ടെങ്കില്‍ ഹൈപ്പര്‍ പൈറെക്‌സിയ എന്ന് പറയുന്നു. ഇംഗ്ലീഷില്‍നിന്ന് പ്രാദേശിക ഭാഷകളിലേക്കുള്ള തര്‍ജ്ജമ, ഹെല്‍ത്ത് ലിറ്ററസിയുടെ ഒരു അവിഭാജ്യ ഘടകമാകുന്നു. മെഡിക്കല്‍ സയന്‍സിന്റെ പ്രധാന കാര്യങ്ങളെല്ലാം തന്നെ സാധാരണയായി ഇംഗ്ലീഷ് ഭാഷയിലാണുള്ളത്.