ഫോബിയകള്‍

Published in Pradeepam magazine

ഫോബോസ് എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ഭയം എന്നാകുന്നു .വിശദീകരിക്കാന്‍ പറ്റാത്തതും, അതിശയോക്തിപരമായതും, യുക്തിസഹമല്ലാത്തതുമായ ഭയത്തെയാണ് ഫോബിയ എന്ന് പറയുന്നത്. ഇത് ഒരു വസ്തുവെയോ, ഒരു പരിതസ്ഥിതിയെയോ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട ജീവികളെയോ അടിസ്ഥാനപ്പെടുത്തിയോ ആയിരിക്കും ഫോബിയകള്‍.

പ്രധാന ഫോബിയകള്‍
നിരവധി ഫോബിയകള്‍ ഉണ്ട്. എന്നാല്‍ സാധാരണയായി കാണുന്നവ പന്ത്രണ്ട് തരമുണ്ട്. അവ പ്രത്യേക ജീവികളെയോ പരിതസ്ഥിതിയെയോ ചുറ്റിപ്പറ്റിയുള്ളതാവാം.
1. Arachnophobia: The fear of spiders. എട്ടുകാലികളെ പേടി!! വലിപ്പച്ചെറുപ്പ ഭേദമെന്യേ ഇവര്‍ക്ക് എട്ടുകാലികളെ പേടിയായിരിക്കും. എട്ടുകാലി, ചിലന്തി എന്നിവ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലത്തെത്തുമ്പോള്‍ തന്നെ ഇവര്‍ക്ക് ഭയം ഉണ്ടാവുന്നു. ചിലന്തി വലകള്‍ കണ്ടാല്‍ മതി ഭയം ഉടലെടുക്കാന്‍. അറക്ക്‌നിഡ് എന്നാല്‍ ജന്തുശാസ്ത്രത്തില്‍ എട്ടുകാലി, തേള്‍ മുതലായ ജീവികളാകുന്നു. ഇവര്‍ക്ക് തേളിനോടും അതുപോലെയുള്ള ജീവികളോടും ഇതേ ഭയം ഉണ്ടായിരിക്കും. ഇതില്‍ തന്നെ ഈച്ച വിഭാഗത്തിലുള്ളവയെ ഭയക്കുന്ന എപ്പീഫോബിയ, എന്റൊമൊഫോബിയ, ഉറുമ്പുകളെ ഭയക്കുന്ന മിര്‍മെക്കോഫോബിയ എന്നിവയും ഇതിനോട് ബന്ധപ്പെട്ട മറ്റുചില ഫോബിയകളാകുന്നു.

2. Ophidiophobia പാമ്പുകളെ പേടി. വിഷമുള്ളതൊ അല്ലാത്തതോ എന്ന വ്യത്യാസമില്ല. ഗ്രീക്കില്‍ ഒഫിസ് എന്നുപറഞ്ഞാല്‍ പാമ്പാകുന്നു. ഈ വിഭാഗത്തിലെ അതായത് ഉരഗ വര്‍ഗ്ഗത്തിലെ ഓന്ത്, ഗൌളി, അരണ മുതലായവയെ ഭയക്കുന്ന മാനസീകാവസ്ഥക്ക് ഹെര്‍പിറ്റോഫോബിയ എന്ന് പറയുന്നു. തവളയെപ്പോലെയുള്ള ഉഭയ ജീവികളിലുള്ള പേടിയും ഇതില്‍ പെടുന്നു. വിഷമുള്ള പാമ്പുകളുടെ മുന്നില്‍ പെട്ടാല്‍ പേടിക്കുന്നത് സ്വാഭാവികം. എന്നാല്‍ പാമ്പിന്റെ ചിത്രം, ടിവിയില്‍ പാമ്പുകളെപ്പറ്റിയുള്ള പരിപാടികള്‍ എന്നിവ ഇവര്‍ ഭയപ്പെടൂന്നു. പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ ഒരു ഭാഗം പാമ്പിനെ ഭയക്കുന്നവരാകുന്നു. എന്നാല്‍ അവരെല്ലാവരും ഈ വിഭാഗത്തില്‍ പെടുന്നില്ല.

3. Acrophobia ഉയരങ്ങളെ പേടി. തുറന്ന അന്തരീക്ഷത്തിലുള്ള കോണികള്‍ കയറുമ്പോള്‍ ഇവര്‍ നല്ലവണ്ണം മുന്നോട്ട് കുനിഞ്ഞുനിന്ന് പൊത്തിപ്പിടിച്ചു കയറുന്നു. പരിസരത്തേക്ക് നോക്കുന്നില്ല. അക്രോണ്‍ എന്നാല്‍ കൊടുമുടി അഥവാ ഏറ്റവും ഉയരത്തിലുള്ള സ്ഥാനം എന്നര്‍ത്ഥം. മനുഷ്യരില്‍ രണ്ട് ശതമാനം പേര്‍ക്ക് അക്രോഫോബിയ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. സ്വാഭാവികമായും ഉയരം പലര്‍ക്കും പേടിതന്നെ. എന്നാല്‍ ഇത് അങ്ങിനെയല്ല. എന്തൊക്കെ സുരക്ഷിത സംവിധാനങ്ങളുണ്ടെങ്കിലും താഴെ വീണുപോകുമോ എന്ന ഭയമാണിവരെ അലട്ടുന്നത്. അങ്ങിനെ ചിന്തിച്ച് പാനിക്ക് അറ്റാക്ക് (panic attack) എന്ന അവസ്ഥ വരുന്നു. മനുഷ്യരില്‍ മാത്രമല്ല സസ്തന ജീവികളില്‍ പലതിനും ഉയരത്തെ ഭയമാകുന്നു. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ വെര്‍ട്ടിഗൊ എന്ന സിനിമയില്‍ ജയിംസ് സ്റ്റ്യുവാര്‍ട് എന്ന കഥാപാത്രം ഉയരത്തില്‍ കയറുന്നത് പേടിച്ച് പോലീസില്‍ നിന്ന് രാജി വെക്കുന്നു. വെര്‍ട്ടിഗോ എന്നത് തലചുറ്റല്‍ വരുന്ന ഒരു രോഗത്തിന്റെ പേരാകുന്നു. എന്നാല്‍ ഈ പേരുതന്നെയാണ് ഈ അമേരിക്കന്‍ മനശാസ്ത്ര ത്രില്ലര്‍ ഫിലിമിന്റെയും പേര്‍. ശരിക്കുള്ള ജീവിതത്തിലും ഇത്തരം ജോലിക്കാര്‍ക്ക് ഇങ്ങിനെ സംഭവിക്കാം. വലിയ ഗോപുരങ്ങളുടെ മുകളില്‍ കയറി പെയ്ന്റിങ്ങ് ജോലിചെയ്യുന്നവരെ കാണുമ്പോള്‍ തന്നെ പലര്‍ക്കും ഭയം തോന്നുന്നു.

4. Agoraphobia: മാര്‍ക്കറ്റ് പോലെയുള്ള സ്ഥലങ്ങളിലെ ആള്‍കൂട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റില്ലെന്ന പേടി!! ഞാനിവിടെ കുടുങ്ങിപ്പോയി എന്ന തോന്നലുണ്ടാവുന്നു. ഇത് ഗുരുതരമായി വന്നാല്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ വരെ മടിക്കുന്നു. പരിതസ്ഥിതികളും ജനിതകങ്ങളുമായ കാരണങ്ങള്‍ മൂലമാണിത് വരുന്നതെന്ന് പറയുന്നു. കൂടുതലും സ്ത്രീകളെയാണിത് ബാധിക്കുന്നത്. ഏതാണ്ട് പുരുഷന്മാരെക്കാള്‍ ഇരട്ടി!! ഒരു സ്ത്രീക്ക് ഒരു പ്രാവശ്യം ജനക്കൂട്ടത്തില്‍ വെച്ച് അഹിതമായ വല്ലതും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നീട് അതേസ്ഥലത്ത് പോകുമ്പോള്‍ ഭയം തോന്നുന്നു. ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇങ്ങിനെയൊരു തോന്നല്‍ ഉണ്ടാവാം. ബെന്‍സോഡയസപീന്‍സ് (benzodiazepine) എന്ന വകുപ്പില്‍ പെടുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇങ്ങിനെ സംഭവിക്കാം എന്ന് ചില മന:ശാസ്ത്രപഠനങ്ങള്‍ പറയുന്നു.

5. Cynophobia: നായ്ക്കളെ പേടി!! വീട്ടില്‍ ഓമനയായി വളര്‍ത്തുന്ന ചെറിയ പോമറേനിയന്‍/പെക്‌നിസ് നായ്ക്കളെപ്പോലും ഇവര്‍ ഭയക്കുന്നു. മുന്‍പ്, നായയുടെ കടി കിട്ടിയവര്‍ക്കായിരിക്കും ഇത് കൂടുതലും. മൃഗങ്ങളെ പേടിക്കുന്ന സ്വഭാവം മാറ്റാനുള്ള ചികില്‍സക്ക് വരുന്നവരില്‍ ഒരു പ്രധാന ഭാഗം നായയോ പൂച്ചയോ ആയിരിക്കും. ഗ്രീക്കില്‍ സൈനോ എന്നാല്‍ നായ എന്നര്‍ത്ഥം. ചിലന്തികളും പാമ്പുകളും എല്ലാം ആനിമല്‍ ഫോബിയയില്‍ പെടുന്നവയാണെങ്കിലും മനുഷ്യന് കൂടുതല്‍ ഇടപെടേണ്ടിവരുന്ന മൃഗമായതിനാല്‍ നായയെ പേടി കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ്. ഫോബിയ നിയന്ത്രിക്കാന്‍ സാധാരണയായി ആ സാഹചര്യത്തില്‍ കൂടുതല്‍ ജീവിക്കാന്‍ വിടുന്ന ഒരു രീതിയുണ്ട്. ഈ രീതി നായയെ പേടിയുള്ളവര്‍ക്ക് വളരെ പ്രയോജനമാകുന്നു. സൌമ്യതയുള്ള നായയുടെ കൂടെ വിടുന്ന ഈ രീതിയില്‍ അനുഭവം കൊണ്ട് വ്യക്തി മനസ്സിലാക്കുന്നു, ‘സാധാരണ ഗതിയില്‍ നായ അപകടകാരിയല്ല’ എന്ന്. നമ്മുടെ നാട്ടിലെ ഇന്നത്തെ തെരുവുനായ്ക്കള്‍ ഇതില്‍ പെടുന്നതല്ല എന്ന് മനസ്സിലാക്കുക. അവ എന്നും ഭീഷണിതന്നെ!!

6. Astraphobia ഇടിമിന്നലിനെ പേടി!! അപകടകാരിയായ ഇടിമിന്നലിനെ പേടിയില്ലാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ ഫോബിയ ഉള്ളവര്‍ വീട്ടില്‍ സുരക്ഷിതമായ രീതിയില്‍ വാതിലുകളും ജനലുകളും അടച്ചിട്ടാലും വിറച്ചിരിക്കുന്നു. അസ്റ്റ്രോ (നക്ഷ്ത്രങ്ങളെ സൂചിപ്പിക്കുന്ന ഉപപദം) എന്ന വാക്കില്‍ നിന്നാണ് അസ്റ്റ്രോളജി എന്ന വാക്കുണ്ടായത്. ഇടിമിന്നലിനെ സാധാരണയില്‍ കവിഞ്ഞ പേടിയുള്ള ആള്‍ കട്ടിലിന്റെ അടിയില്‍ അഭയം തേടുന്നു. പുത്പ്പ് കൊണ്ട് നല്ലവണ്ണം ശരീരം മൂടിക്കിടക്കുന്നു. കൂടെ ആരെങ്കിലും സഹായിയായി ഉണ്ടെങ്കില്‍ അല്പം ആശ്വാസം ഉണ്ടാവും. ഇത്തരക്കാര്‍ പുറത്തിറങ്ങുന്നതിന്ന് മുന്‍പ് കാലാവസ്ഥ പ്രവചനം ടിവിയിലും മറ്റും നോക്കുന്നു. ഇടിമിന്നല്‍ ഉണ്ടാകുമെന്ന സൂചനയുണ്ടെങ്കില്‍ പുറത്തിറങ്ങുന്നില്ല. കുട്ടികള്‍ക്ക് ഇത്തരം ഫോബിയ സാധാരണമാണെങ്കിലും പ്രായപൂര്‍ത്തി ആയാലും ആറുമാസത്തിലധികം ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ അസ്റ്റ്രോഫോബിയ ആയി കണക്കാക്കാം. അസ്റ്റ്രോഫോബിയ ഉള്ള കുട്ടിയെ സംബന്ധിച്ച് ധൈര്യശാലിയായ രക്ഷിതാവ് ഒരു മാതൃകയായി പെരുമാറണം. ആ സമയം ആ കുട്ടിയുടെ കൂടെ സുരക്ഷിതമായി അകത്തിരുന്ന് ഇന്‍ഡോര്‍ ഗെയിംസ് കളിക്കുന്നത് നല്ലതായിരിക്കും.

7. Trypanophobia: ഇഞ്ചക്ഷനെ പേടി ഇതില്‍ ഇഞ്ചക്ഷന്‍, സൂചി, വാക്‌സിനേഷന്‍ എന്ന വാക്‌സിനോഫോബിയ എന്നിവയെല്ലാം പെടുന്നു. നാലു മുതല്‍ ആറു വയസ്സുവരെയുള്ള കാലഘട്ടങ്ങളിലാണ് ഇത്തരം ഒരു ഭീതി ഉടലെടുക്കുന്നതെന്ന് പറയുന്നു. അസുഖം വരാതിരിക്കുന്നതിന്ന് കുട്ടികളെ നേര്‍വഴിക്ക് നടത്താനെന്ന പേരില്‍ ”മോനേ മഴയത്ത് കളിച്ച് അസുഖം വന്നാല്‍ ഇഞ്ചക്ഷന്‍ ചെയ്യേണ്ടി വരും” എന്ന് പേടിപ്പെടുത്തുന്നത് തെറ്റാണ്. ഇഞ്ചക്ഷന്‍ എന്നാല്‍ എന്തോ ഭീകര സംഭവമാണ് എന്ന തോന്നല്‍ മനസ്സില്‍ രൂപപ്പെടുന്നു. പത്ത് ശതമാനത്തോളം പേരില്‍ ഇത്തരം തോന്നല്‍ രക്ഷിതാക്കള്‍ തന്നെ കുത്തി വെക്കുന്നു.

8. Social Phobias എന്ന ഫോബിയയില്‍ സമ്മേളന സ്ഥലങ്ങള്‍ എല്ലാം ഒഴിവാക്കുന്നു. അതായത് വിവാഹം, ഉത്സവം എന്നിവ. ലിസ്റ്റില്‍ നാലാമത് പറഞ്ഞ അഗാറോ ഫോബിയ എന്ന ജനക്കൂട്ടത്തെ ഭയക്കുന്നതും സോഷ്യല്‍ ഫോബിയയുമായി അല്പ്പം ബന്ധമുള്ളത് പോലെ തോന്നും. അഗാറോ ഫോബിയ സാധാരണയായി ജനക്കൂട്ടത്തില്‍ വെച്ചുണ്ടായ ഏതെങ്കിലും തിക്താനുഭവം കാരണമായിരിക്കും പ്രധാനമായും. എന്നാല്‍ സോഷ്യല്‍ ഫോബിയ എന്നത് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയമാകുന്നു. സോഷ്യല്‍ ഫോബിയക്കാര്‍ തനിച്ചു സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ ഇഷടപ്പെടുന്നില്ല. അഗറോഫോബിയക്കാര്‍ക്ക് ഒറ്റക്ക് യാത്രചെയ്യാനാണ് മടി. അവര്‍ ജനക്കൂട്ടത്തിന്നിടയിലാവുമ്പോളാണ് അട്ടി തെറ്റുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ രക്ഷിക്കാന്‍ ആരുമില്ലല്ലോ എന്ന ഭയമാണവര്‍ക്ക്. അവര്‍ക്ക് പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റക്ക് പെടുമ്പോള്‍ അവര്‍ ഭയക്കുന്നു. സോഷ്യല്‍ ഫോബിയയില്‍ മറ്റുള്ളവര്‍ എന്തെങ്കിലും കാരണത്തിന്ന് വിമര്‍ശിച്ചാല്‍, തന്നെ പരിഹസിക്കുന്നതായി അവര്‍ കാണുന്നു. സോഷ്യല്‍ ഫോബിയ ഉള്ള ഒരാള്‍ക്ക് വിവാഹം, ഉല്‍സവങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ഭയമുണ്ടായിരിക്കും എന്ന് ആദ്യം പറഞ്ഞുവല്ലോ? ആള്‍ക്കൂട്ടത്തിലോ പ്രസംഗ വേദിയിലോ നില്ക്കുവാന്‍ ഭയമായിരിക്കും. സോഷ്യല്‍ ഫോബിയയുടെ കാരണങ്ങളായി പറയുന്നത് ചെറുപ്പകാലത്ത് ക്ലസ്സില്‍ വെച്ച് മറ്റ്കുട്ടികള്‍ വല്ലാതെ പരിഹസിച്ചതാവാമെന്നാകുന്നു. ജനിതകങ്ങളും കാരണമായി പറയുന്നു.

9. Pteromerhanophobia: ഉയരങ്ങളില്‍ വിമാനങ്ങളില്‍ പറക്കാനുള്ള ഭയം!! പ്ലെയിനില്‍ സീറ്റ് ജനലിന്റെ അടുത്ത് കിട്ടിയാല്‍ ഇവര്‍ പുറത്തേക്ക് നോക്കാതെ കണ്ണടച്ചിരിക്കുന്നു. വിമാനത്തില്‍, പ്രത്യേകിച്ച് ഹെലിക്കോപ്റ്ററില്‍ പറക്കുമ്പോള്‍ അപകടഭയം ഇവര്‍ക്ക് കൂടുതലായിരിക്കും. ഇതിന്ന് ഫ്‌ളയിങ്ങ്‌ഫോബിയ, ഫ്‌ളൈറ്റ്‌ഫോബിയ, ഏവിയേഷന്‍ഫോബിയ എന്നീ പേരുകളും ഉണ്ട്. ഈ ഫോബിയതന്നെ വിമാനത്തിന്റെ ഉള്ളിലിരിക്കുമ്പോള്‍ അതിന്റെ ഉള്ളില്‍നിന്ന് രക്ഷപ്പെടാന്‍ പറ്റില്ലെന്നൊരു ധാരണയില്‍ ക്ലസ്റ്റ്രോഫോബിയ എന്ന ഒരു രീതിയിലും അതുപോലെ രണ്ട് ഫോബിയകളുടെ സമ്മിശ്രമായും വരുന്നു. ജോലിസംബന്ധമായി സ്ഥിരം വിമാനയാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഇത്തരം ഫോബിയയുണ്ടെങ്കില്‍ അതിന്ന് ചികില്‍സയായി വിമാനം എങ്ങിനെ പറക്കുന്നു, ആ പറക്കലില്‍ സുരക്ഷിത കാര്യങ്ങളായി എന്തെല്ലം മുന്‍കരുതലുകള്‍ ഉണ്ട്, പേടിക്ക് യാതൊരു കാരണവുമില്ല എന്ന രീതിയിലുള്ള ബോധവല്‍ ക്കരണമാണ് ചെയ്യുക. ആകാശത്ത് പ്രദര്‍ശനമായി പറക്കുന്ന സ്‌കൈഡൈവ് എന്ന പ്രകടനങ്ങള്‍ കുറേ കണ്ടാല്‍ അത്തരത്തിലുള്ള സ്റ്റ്രെസ്സ് കുറയാന്‍ സാധ്യതയുണ്ട്. മസ്തിഷ്‌കത്തിലെ ഹൈപോതലാമിക്-പിറ്റിയൂറ്ററി സ്റ്റ്രെസ് ആക്‌സില്‍ ഉല്പാദിപ്പിക്കുന്ന സ്റ്റ്രെസ്സ് ഹോര്‍മോണൂകള്‍ കുറക്കാന്‍ സാധിക്കുന്നതാണ് കാരണം.
10. Mysophobia: The fear of germs or dirt. രോഗാണുക്കളോടുള്ള അമിത ഭയംകാരണം എന്തിനുമേതിനും കൈ കഴുകുന്നു. ഇതിന്ന് വെര്‍മോഫോബിയ, ജെര്‍മിഫോബിയ, ബാസിലോ ബാക്റ്റീരിയോഫോബിയ എന്നിങ്ങിനെ പല പേരുകളും ഉണ്ട്. ഇവര്‍ രോഗാണുക്കളെ അമിതമായി ഭയക്കുന്നു. ഒ സി ഡി എന്ന മാനസീകാവസ്ഥയുമായും ഇതിന്ന് ബന്ധമുണ്ട്. മൈസൊ എന്നാല്‍ ഗ്രീക്കില്‍ അണുക്കള്‍ എന്നാകുന്നു. ലോകം മുഴുവന്‍ അഴുക്കാണെന്ന് അവര്‍ വിശ്വസിക്കുന്നു. സോപ്പ്, വാഷിങ്ങ് പൌഡറുകള്‍, ക്ലീനിങ്ങ് സാധനങ്ങള്‍ എന്നിവ വാങ്ങിക്കൂട്ടുന്നു. എന്നിട്ട് അത്തരം രാസവസ്തുകളുക്കളെക്കൊണ്ടുള്ള പരിണത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. മൈസോഫോബിയക്കാര്‍ക്ക് പ്രകൃതിയില്‍നിന്ന് സ്വാഭാവികമായി ലഭിക്കേണ്ടുന്ന രോഗപ്രതിരോധശക്തി ലഭിക്കാതെ ഇടക്കിടെ രോഗം വരാന്‍ കാരണമാകുന്നു. വളരെ ദൂരെനിന്നുപോലും ആരെങ്കിലും തുമ്മിയാലോ ചുമച്ചാലോ ഇവര്‍ ഭയക്കുന്നു. മാധ്യമങ്ങളിലെ രോഗാണുക്കള്‍ക്കെതിരായ പരസ്യങ്ങളും സ്‌കൂളിലെയും രക്ഷിതാക്കളുടെയും അതിരുകവിഞ്ഞ ബോധവല്‍ക്കരണവും ഇവരുടെ മാനസീകാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. മറ്റുള്ളവര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ പോലും ഇവര്‍ മടിക്കുന്നു.

11. Ailurophobia: പൂച്ചയെ കണ്ടാല്‍ സമനില തെറ്റുന്നു. അത് അടുത്ത് വരണമെന്നില്ല. ഗ്രീക്കില്‍ അലൊറസ് എന്നാല്‍ പൂച്ചയാകുന്നു. ഫെലിനോഫോബിയ, കാറ്റ്‌ഫോബിയ എന്നും ഇതിനെ പറയുന്നു. മിക്കവാറും സന്ദര്‍ഭ്ഭങ്ങളില്‍ ഇത് പേടിയേക്കാളുപരിയായി ഒരു തരം വെറുപ്പാകുന്നു. പാമ്പിനെയും എലിയെയും പറ്റി പലര്‍ക്കും ഉള്ളതുപോലെതന്നെ. ചിലര്‍ക്ക് മനസ്സില്‍ ആലോചിക്കുമ്പോഴും ചിലര്‍ക്ക് കണ്ടാലും ഈ വെറുപ്പ് ഉടലെടുക്കുന്നു. തുറിച്ചു നോക്കുന്ന പൂച്ചയുടെ കണ്ണുകള്‍ അവര്‍ക്ക് ആലോചിക്കുമ്പോള്‍തന്നെ വെറുപ്പ് വരുന്നു. എവറഡി ടോര്‍ച്ച് ബേറ്ററിമേല്‍ തുറിച്ചു നോക്കുന്ന പൂച്ചയുടെ ചിത്രമുണ്ടായിരുന്നത്‌കൊണ്ട് അത് വാങ്ങാത്തവരും ഉണ്ട്. പൂച്ച മുരളുന്ന ശബ്ദം പലരും വെറുക്കുന്നു. പലതരം വെല്‍വെറ്റുകള്‍ തടവിത്തടവി, പിന്നീട് ടോയ് പൂച്ചക്കുട്ടിയെ തൊട്ട്‌തൊട്ട്, തലോടിത്തലോടി അങ്ങിനെ ചിലപ്പോള്‍ ഇതിന്നൊരു പരിഹാരം കണ്ടെത്താന്‍ സാധിച്ചേക്കും.

12. Algophobia: വേദനയെ ആരും ഇഷടപ്പെടുന്നില്ല. എല്ലാവരും ഭയക്കുന്നു എന്നാല്‍ ഇക്കൂട്ടര്‍ക്ക് അസാധരണമായ ഭയമായിരിക്കും. എന്നാല്‍ അല്‍ഗോഫോബിയ ഉള്ള ആള്‍ക്ക് പതിവില്‍ കവിഞ്ഞായിരിക്കും ഇത്. ആല്‍ജിയ എന്നാല്‍ വേദന എന്നാകുന്നു അര്‍ത്ഥം. മുതിര്‍ന്നവരിലാണ് ഇത് കൂടുതലും!! കാരണം മറ്റുള്ളവരുടെ വേദനകള്‍ കൂടുതലും കേള്‍ക്കുന്നത് മുതിര്‍ന്നവരാകുന്നു. പല്ല് പറിക്കാന്‍ പോകുന്ന ഒരാള്‍ വേദന പ്രതീക്ഷിച്ചായിരിക്കും ഡെന്റിസ്റ്റിന്റെ അടുത്ത പോകുന്നത് തന്നെ. ഇതിന്ന് ഡെന്റല്‍ഫോബിയ എന്ന് പറയുന്നു. അല്‍ഗൊഫോബിയ ഉള്ള ഒരാളെ മനസ്സിലാക്കാന്‍ ചാര്‍ട്ട് തന്നെയുണ്ട്. അവരോട് പടി പടിയായി ഓരോ ചോദ്യങ്ങള്‍, വേദനയോടുള്ള പൊരുത്തപ്പെടല്‍ എന്നിവ് ചോദിച്ചു ചോദിച്ച് അല്‍ഗോഫോബിയയുള്ള ആളാണോ എന്ന് മനസ്സിലാക്കുന്നു.

ഫോബിയക്കാര്‍ക്ക് വരുന്ന ശാരീരിക അസ്വാസ്ത്യങ്ങള്‍
തലചുറ്റല്‍, മനം പിരട്ടല്‍, ശ്വാസം മുട്ടല്‍ എന്നിവയും ചില ഗൗരവ സ്ഥിതികളില്‍ അബോധാവസ്ഥ പോലും ഉണ്ടാവാം.

ഇംഗ്ലീഷ് അക്ഷരമാലയില്‍ എ മുതല്‍ സെഡ് വരെ എടുത്താല്‍ ഓരോ വിഭാഗത്തിലും അഞ്ച് ഫോബിയയെങ്കിലും ഉണ്ടായിരിക്കും അത്രക്ക് അധികമുണ്ട് ഫോബിയകള്‍. രക്തം, ഇഞ്ചക്ഷന്‍, പ്രസവം, പാലം കടക്കല്‍, മൃതശരീരം, നിറങ്ങള്‍, ഇരുട്ട്, ആഴമുള്ള കിണറുകള്‍, ഒഴിഞ്ഞ പ്രദേശങ്ങള്‍, ഡോളുകള്‍, മരുന്നുകള്‍, വൈദ്യൂതി, അടഞ്ഞ മുറികള്‍, കാട്, മുടിനാര്, പേന്‍, യന്ത്രങ്ങള്‍, നഗ്നത, മണങ്ങള്‍, സ്‌കൂളുകള്‍, കടല്‍, കോണി, വാഹനം, പുഴുക്കള്‍ എന്നു വേണ്ട അങ്ങിനെ പലരും നിസ്സാരമെന്ന് കരുതുന്ന ചിലവ ഒരു ഫോബിയക്ക് കാരണമാവാം. എനിക്ക് എന്തെങ്കിലും ഫോബിയ ഉണ്ടാവുമോ എന്ന മനസ്സിലെ ആശങ്കക്ക് ഫോബോഫൊബിയ എന്ന് പറയുന്നു.

ഹൈഡ്രോഫോബിയ:
പേപ്പട്ടി കടിച്ചാല്‍ വരുന്ന രോഗത്തിന്ന് ഹൈഡ്രോഫോബിയ എന്ന് പറയുന്നു. ഇവിടെ സംഭവിക്കുന്നത്, ജലപദാര്‍ത്ഥങ്ങള്‍ കഴിക്കാനുള്ള വിഷമം കാരണം അതിനോട് ഭയം വരുന്നതാകുന്നു.
മൃഗങ്ങളെയും ജീവികളെയും ഭയപ്പെടുന്ന സൂഫോബിയ എന്ന ഇനത്തില്‍ വന്യമൃഗങ്ങള്‍ മുതല്‍ ചെറുജീവികള്‍ വരെ ആവാം.

മന:ശാസ്ത്രപരമല്ലാത്ത ഫോബിയ:
മന:ശാസ്ത്രപരമല്ലാത്ത ഫോബിയകളും ഉണ്ട്. അവ പുസ്ത്കത്തിനോടുള്ള വെറുപ്പ്, ആയുധങ്ങളോടുള്ള വിദ്വേഷം, ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അംശം തീരെ പാടില്ലെന്നുള്ള നിലപാട്, എല്ലാ ഗന്ധങ്ങളോടും ഉള്ള വിരോധം, ശബ്ദങ്ങളോടുള്ള നീരസം, വെളിച്ചത്തിനോടുള്ള വൈരാഗ്യം എന്നിവയാകുന്നു. സ്‌കൂള്‍ ഫോബിയ ഉള്ള കുട്ടികള്‍ക്ക് സ്‌കൂളിനെ പേടിയാകുന്നു . സ്‌കൂള്‍ ഫോബിയ എന്നതും സാധാരണ മടിയും തമ്മില്‍ വ്യ്ത്യാസമുണ്ട്. എന്നാല്‍ ഫോബിയ ഒരു തരം ഭയമാകുന്നു.

ഫോബിയക്കാരോട് അവലംബിക്കേണ്ടുന്ന രീതി:
ഫോബിയക്കാരെ ഒരിക്കലും കളിയാക്കുകയോ, അവര്‍ ഭയക്കുന്ന ജീവികളുടെ ഇടയിലോ, ഭയക്കുന്ന അന്തരീക്ഷത്തിലോ കൊണ്ടുചെന്നിടരുത്. മെല്ലെ മെല്ലെ മാറ്റിയെടുകാനുള്ള രീതികളാണ് മാനസീകാരോഗ്യത്തിന്ന് നല്ലത്. ആദ്യം വ്യക്തിയെ റിലാക്‌സ് ചെയ്താല്‍ മാത്രമെ ചികില്‍സ ഫലിക്കുകയുള്ളൂ. റിലാക്‌സ് ചെയ്യാന്‍ വിദഗ്ധ മനോരോഗ വിദഗ്ദ്ധന്റെ മേല്‍നോട്ടത്തിലാണെങ്കില്‍ മരുന്നും നല്കാറൂണ്ട്.മനോരോഗ/ മന:ശാസ്ത്ര വിദഗ്ദ്ധന്ന് മാത്രമേ ഇത് ഫോബിയ ആണോ, മറ്റു വല്ല മാനസീക അസ്വാസ്ത്യ്മാണോ എന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കയുള്ളൂ. ബിഹേവിയോറല്‍ തിറാപ്പി, സൈകൊ തിറാപി എന്നിങ്ങിനെ പല രീതികളും ഫോബിയ ചികില്‍സക്ക് ഉപയോഗിക്കുന്നു.