ബ്ലൂവെയ്ല്‍
Published in Nov 2017 issue Pradeepam Magazine
കളിയുടെ പേര്‍:
ലോകത്ത് ഇരുപതോളംതരം തിമിംഗലങ്ങളുണ്ടെന്നാണ് പറയുന്നത്. അവ; കില്ലര്‍വെയില്‍, ഹമ്പ്‌ബേക്ക്‌വെയില്‍, സ്‌പേംവെയില്‍, ബ്ലുവെയില്‍ ബെലുഗാവെയില്‍, നര്‍വാട്ട്‌വെയില്‍, ഫിന്‍വെയില്‍, ഗ്രേവെയില്‍, നോര്‍ത്ത്അറ്റ്‌ലാന്റിക്ക് റൈറ്റ്‌വെയില്‍, സതേണ്‍ റൈറ്റ്‌വെയില്‍, ബൊഹെഡ്‌വെയില്‍, നോര്‍ത്ത്പസഫിക്ക് റൈറ്റ്‌വെയില്‍, ലൈവ്യാറ്റന്‍ ഷോര്‍ട്ട്ഫിന്‍ഡ് പയലറ്റ്‌വെയില്‍, സൈവെയില്‍, പിഗ്മി സ്‌പേംവെയില്‍, ഡ്വാര്‍ഫ് സ്‌പേം വെയില്‍, പിഗ്മിറൈറ്റ് വെയില്‍, ബൈജി, ട്രൂബീക്ക്ഡ്‌വെയില്‍, ഓമുറാസ് വെയില്‍,എന്നിങ്ങിനെ പോകുന്നു. വെയിലിനെ തെരഞ്ഞെടുക്കാനുള്ള കാരണം അതിന്റെ മരണ രീതിയായിരിക്കാം എന്ന് പറയപ്പെടുന്നു. പൊതുവെ തിമിംഗലം (Whale) കരയ്ക്കടിഞ്ഞ് ചാവുന്നത് ഒരാത്മഹത്യാ രീതിയിലാണെന്ന അഭിപ്രായമുണ്ട്. 2009 ജൂണില്‍ 50 തിമിംഗലങ്ങള്‍ ആഫ്രിക്കയിലെ കെയ്പ്പ്ടൗണ്‍ കടപ്പുറത്ത് വന്ന് ചത്തുകിടക്കുന്നതായി കണ്ടുപോലും. കപ്പലിന്റെ ശബ്ദം, കടലിലെ എണ്ണപോലെയുള്ള മാലിന്യങ്ങള്‍ എന്നിവയാവാം കാരണം എന്നാണ് പ്രക്രിതിസ്‌നേഹികളുടെ അനുമാനം. അങ്ങിനെ സ്വയം ആത്മഹത്യ കൈവരിച്ചപോലെയുള്ളൊരു സ്ഥിതിയായിരുന്നതിലായിരിക്കാം ഈ പേരിടാന്‍ കാരണം. ബ്ലുവെയില്‍ ആണ് നമ്മുടെ കഥാപാത്രം. 100 അടിയോളം നീളം വരുന്ന ഇതിനേക്കാള്‍ വലിയ ഒരു സസ്തന ജീവിയെ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്തായാലും കളിയുടെ പേര്‍ ഊഹംതന്നെയായി അവശേഷിക്കുന്നു.
കമ്പ്യുട്ടര്‍ ഗെയിമുകള്‍:
കമ്പൂട്ടര്‍ ഗെയിമുകള്‍ പലതാണ് അവയെ വീഡിയോ ഗെയിംസ്, ഓണ്‍ ലൈന്‍ ഗെയിംസ്, ഓഫ് ലൈന്‍ ഗെയിംസ് എന്നിവയായി തരംതിരിക്കാം. ഒരു ഗെയിംസ് കളിക്കുമ്പോള്‍ നമുക്ക് ഒരു പ്രേരണ അഥവാ മോട്ടിവേഷന്‍ (Motivation) ലഭിയ്ക്കുന്നു. അങ്ങിനെ ഒരു ഉത്തേജനം അഥവാ ഇംഗീഷില്‍ പറഞ്ഞാല്‍ ഡ്രൈവ് (Drive) ലഭിയ്ക്കുന്നു. ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്കോ ഒരു ഗെയിം കളിയ്ക്കാം. മസ്തിഷ്‌കത്തിലെ ഫ്രോണ്ടല്‍ ലോബ് എന്ന ഭാഗത്താണ് ഈ ഉത്തേജനത്തിന്റെ കേന്ദ്രം. കമ്പ്യുട്ടര്‍ ഗെയിംസില്‍ സാഹസീകതയുള്ളതും, പേടിപ്പെടുത്തുന്നതും, ഓട്ടപ്പന്തയങ്ങള്‍ ഉള്ളതും സ്‌പോര്‍ട്‌സ് സംബന്ധമായതിും, പ്രശ്‌നോത്തരി പരമായതുമായ പല കളികളും ഉണ്ട്. വെടിവെച്ച് കളിക്കുന്നതും കാര്‍ഡ് ഗെയിംസും അങ്ങിനെ പലതും….മസ്തിഷ്‌കത്തിന്ന് പ്രവര്‍ത്തനം നല്ല രീതിയില്‍ നല്കുന്നതുമായ പല കളികളും ഉണ്ട്. പല പ്രായക്കാരും ഇവ പലതും കളിയ്ക്കുന്നു. എന്നാല്‍ കൗമാര പ്രായക്കാരില്‍ ഇത്തരം കളികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നു. കൗമാരത്തില്‍ നിന്ന് യൗവ്വനത്തിലേക്ക് പ്രവേശിക്കുന്നവരുടെ മസ്തിഷ്‌കം ഒരുതരം കണ്‍ഫ്യുഷന്‍ ഘട്ടത്തിലാകുന്നു. അവര്‍ പൊതുവെ ഹീറോ ആകാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് മനസ്സിലെ ചലനം ദ്രുദഗതിയിലായിരിക്കും, വൈകാരികത കൂടുതലായിരിക്കും. അവര്‍ പൊതുവെ കാരണമില്ലാതെ തര്‍ക്കിക്കുന്ന സ്വഭാവക്കാരായിരിക്കും. അവരുടെ തീരുമാനങ്ങളില്‍ ചിന്തയുടെയും ആലോചനയുടെയും അംശം കുറവായിരിക്കും. 1994ന്ന് ശേഷം ജനിച്ച കുട്ടികളെ ഇ ജെന്‍ കുട്ടികള്‍ എന്നുപറയുന്നു. നമ്മുടെയെല്ലാം വീടുകളില്‍ വലിയവരെക്കാളും സമര്‍ത്ഥമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ചെറിയകുട്ടികളെ കാണാം. അവരുടെ നിരീക്ഷണപാഠവം നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാളപ്പുറമായിരിക്കും.
ബ്ലൂവെയില്‍ ഗെയിമിന്റെ ആരംഭം:
റഷ്യയിലെ ഫിലിപ്പ് ബുഡെയ്ക്കിന്‍ എന്ന 22 കാരനായ യുവാവ് 2013ല്‍ തുടങ്ങിയതാണ് ഈ ഗെയിം. ഈ യുവാവ് മന:ശാസ്ത്രപഠനത്തില്‍നിന്ന് പുറത്താക്കപെട്ട ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഇയാളുടെ വികലമായ ചിന്ത ‘സമൂഹത്തിന്ന് ബാദ്ധ്യതയായവര്‍ ജീവിക്കാന്‍ അര്‍ഹമല്ല’ എന്നായിരുന്നു. അങ്ങിനെയാണ് അയാള്‍ ബ്ലൂ വെയില്‍ കളി തുടങ്ങിവെച്ചത്. 2017ല്‍ ബുഡെയ്ക്കിനെ അറസ്റ്റ് ചെയ്തു. അക്കൊല്ലം തന്നെ ജൂണ്‍ 8 ന്ന് 26 വയസ്സുകാരനായ സിഡോര്‍വോ എന്നയാളെയും ബ്ലൂവെയില്‍ കളിച്ചതിന്റെപേരില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ ഫിലിപ്പ് ബുഡെയ്ക്കിന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പറഞ്ഞത് ‘ഇപ്പോള്‍ മനസ്സിലായില്ലെങ്കിലും പിന്നീട് തന്റെ ഉദ്ദേശശുദ്ധി മനസ്സിലായിക്കൊള്ളും എന്നായിരുന്നു’.
പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ ചാര്‍ള്‍സ് ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന പുസ്തകത്തില്‍ ‘അര്‍ഹതയുള്ളവന്‍ അതിജീവിക്കുക’ അഥവാ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നത് ഒരു പ്രക്രിതിനിയമമാണെന്ന് എഴുതിയിട്ടുള്ളത് ജീവശാസ്ത്രം പഠിച്ച എല്ലാവര്‍ക്കും അറിയുന്ന ഒരു തത്വമാകുന്നു. ആധുനികശാസ്ത്രജ്ഞരില്‍ ഈ സിദ്ധാന്തത്തില്‍ വിയോജിക്കുന്നവരും ഉണ്ട്. ഡാര്‍വ്വിന്റെ ഈ സിദ്ധാന്തം വികലമായി പ്രകൃതിക്ക് പകരം മനുഷ്യന്‍ നടപ്പില്‍ വരുത്തുന്നത്‌പോലെയാണ് ഫിലിപ്പ് ബുഡേയ്ക്കന്‍ ചെയ്തിരിയ്ക്കുന്നത്.
ബ്ലൂവെയില്‍ ഒരു ലിങ്ക് മാത്രമാണ്. ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ഇത് ഡെസ്‌ക്ക്‌ടോപ്പിലും സ്മാര്‍ട്ട് ഫോണിലും കളിക്കാം. ഇതിനെ ഒരു ഗെയിമായി കാണാന്‍ പറ്റില്ല. കാരണം ഇതൊരു തീക്കളിയായത് തന്നെ!! ഒരു രഹസ്യ ഗ്രൂപ്പാണിതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്യുന്നവരെപ്പോലെതന്നെ, കളിയെ അതിജീവിക്കുന്നവരും ഉണ്ട്. അവരാണ് കളിയുടെ അഡ്മിന്‍ ആവുന്നത്. ഈ അഡ്മിന്‍ ലോകത്ത് എവിടെയൊക്കെയോ ഉണ്ട്. ബ്ലൂവെയില്‍ ഗെയ്മില്‍ പെട്ടുകഴിഞ്ഞാല്‍ തുടക്കം മിക്കവാറും ഇങ്ങിനെയായിരിക്കും എന്ന് അനുമാനിക്കപ്പെടുന്നു. ”എനിക്കൊരു ഗെയിം കളിക്കണം എന്നാവശ്യപ്പെടുന്നതോടെയാണ’് ഈ കെണിയില്‍ പെടുന്നതിന്റെ തുടക്കം.അപ്പോള്‍ അപ്പുറത്തു നിന്ന് അഡ്മിന്‍ ചോദിയ്ക്കുന്നു ”ആര്‍ യു ഷുവര്‍?” കെണിയില്‍ അകപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കളിക്കാരന്‍ ”എന്താണ് അങ്ങിനെ ചോദിയ്ക്കുന്നതെന്നോ, അതുപോലെയുള്ള മറ്റെന്തെങ്കിലും അന്വേഷണം നടത്തിയാല്‍ അഡ്മിന്‍ പറയുന്നു ”ഒരിയ്ക്കല്‍ തുടങ്ങിയാല്‍ കളി നിര്‍ത്താന്‍ പറ്റില്ലെന്ന്”. അങ്ങിനെ ഓരോ ജോലിയായി ഏല്പ്പിച്ചുകൊണ്ടിരിയ്ക്കുന്നതിന്നിടയില്‍ കൂടുതല്‍ കൂടുതല്‍ ദുസ്സഹമാവുമ്പോള്‍ കളിക്കാരന്‍ ”എനിക്ക് ഒഴിവാവണം” എന്ന് ആവശ്യപ്പെട്ടാല്‍ ഭീഷണി സ്വരങ്ങള്‍ വരുന്നു. ഉദാഹരണമായി അഡ്മിന്‍ പറയുന്നു ”നിന്റെ രഹസ്യം മുഴുവന്‍ എന്റെ കയ്യിലുണ്ട്”. അങ്ങിനെ കളിക്കാരന്‍ നിര്‍ബ്ബന്ദിതനാവുന്നു
ടാസ്‌ക് അഥവാ കഠിനജോലി
ടാസ്‌ക്ക് എന്നാല്‍ ഒരു കഠിന ജോലി, അല്ലെങ്കില്‍ നിര്‍ബ്ബന്ധിച്ച് ചെയ്യിപ്പിക്കുന്ന പണി എന്നര്‍ത്ഥം. ആകെ അന്‍പത് ടാസ്‌കുകളുണ്ട്. അതില്‍ അന്‍പതാമത്തേത് ചാടി ആത്മഹത്യ ചെയ്യുക എന്നതാകുന്നു. ആദ്യത്തെ ആദ്യത്തെ ടാസ്‌ക്കുകളില്‍ പ്രധാനം (ഏഴാമത്തേത്) ”ഒരു റെയ്‌സര്‍ എടുത്ത് കയ്യില്‍ f57 എന്നെഴുതി അതിന്റെ ഒരു ഫോട്ടോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്നതാകുന്നു. ഏല്ലാ അഡ്മിനും ഒരോ നിര്‍ദ്ദേശങ്ങളായിരിക്കില്ല നല്‍കുന്നത്. വ്യത്യസ്ത കളിക്കാര്‍ക്ക് വ്യത്യസ്ത രീതിയിലുള്ള ടാസ്‌ക് നല്‍കിസാഡിസ്റ്റിക്ക് (Sadistic)അഥവാ ക്രൂരതയിലും സ്വയം പീഠനത്തിലും ആനന്ദം കണ്ടെത്തുന്ന ഒരു മാനസീകാവസ്ഥ വരുത്തലാണുദ്ദേശ്യം. സ്വയം, കയ്യില്‍ മുറിവേല്പിക്കാന്‍ തുടങ്ങുകയും അതിന്റെ തീക്ഷ്ണത പടിപടിയായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതോടെ മന:ശാസ്ത്രത്തില്‍ ഫോബിയ പോലെയുള്ള മാനസീക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയായ ഡിസെന്‍സിറ്റേഷന്‍ എന്ന അവസ്ഥയിലേക്ക് കളിക്കാരനെ വരുത്തുന്നു.പടിപടിയായി ചെയ്യുന്ന ഈ വേദനയില്‍ തീക്ഷ്ണത കുറഞ്ഞുകുറഞ്ഞു വരുന്നു. ഫോബിയ പോലെയുള്ള മാനസീകാവസ്ഥക്ക് നല്ല രീതിയില്‍ ഉപയോഗിക്കുന്ന ഈ രീതി ഇങ്ങിനെ വികലമായ രീതിയില്‍ ഉപയോഗിക്കാന്‍ തുനിഞ്ഞ ഫിലിപ്പ് ബുഡേയ്ക്കന്‍ എന്ന ബ്ലൂ വെയില്‍ കളിയുടെ ഉപജ്ഞാതാവ്, തന്റെ ബുദ്ധി, നല്ലരീതിയില്‍ തിരിച്ചു വിട്ടിരുന്നുവെങ്കില്‍ എവിടെയെത്തുമായിരുന്നു? എന്ന് ആരും ഒരു നിമിഷം ചിന്തിച്ചുപോകും. ആദ്യത്തെ പടികളില്‍ ഏഴാമത്തേതായ കയ്യില്‍ റെയ്‌സര്‍ ബ്ലെയിഡ്‌കൊണ്ടുള്ള വര എഫ് 57 കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് എല്ലാദിവസവും പുലര്‍ച്ചെ 4.20ന്ന് എണീറ്റ് അഡ്മിന്‍ അയച്ചുകൊടുക്കുന്ന വീഡിയോ കാണലാണ് ജോലി. പുലര്‍ച്ചെ എഴുനേറ്റ് പഠിച്ചാല്‍ പെട്ടന്ന് മനസ്സില്‍ പതിയുന്നത് പോലെ എല്ലാ കാര്യങ്ങളും പെട്ടന്ന് മനസ്സില്‍ പതിയുന്നു.
മാനസീക സ്ഥിതികള്‍ക്ക് മാറ്റം വരുത്തുന്ന ശരീരത്തിലെ രാസപദാര്‍ത്ഥങ്ങള്‍:
ശരീരത്തിലും മസ്തിഷ്‌കത്തിലുമുള്ള സെറട്ടോണിന്‍, ഡോപമിന്‍ എന്നീ രാസവസ്തുക്കള്‍ മാനസീകനിലയില്‍ മാറ്റം വരുത്തുന്നു. ഇവയുടെ ഏറ്റക്കുറച്ചിലുകള്‍ മാനസീകാവസ്ഥയനുസരിച്ചാകുന്നു. അതുപോലെ മറിച്ചും. അതായത് മാനസീകാവസ്ഥക്കനുസരിച്ച് ഏറ്റക്കുറച്ചില്‍ ഉണ്ടാവുന്നു. മരുന്നുകളുപയോഗിച്ചും ഡോക്ടര്‍മാര്‍ ആവശ്യത്തിന്നനുസരിച്ച് ഇവ നല്ല രീതിയില്‍ ക്രമീകരിയ്ക്കുന്നു. ഞരമ്പുകളില്‍നിന്നുള്ള സിഗ്നലുകളുടെ വാഹകരാണ് സെറട്ടോണിന്‍. ഇവ കുറയുമ്പോള്‍ വിഷാദം കൂടുന്നു. സന്തോഷം ആകാംക്ഷ എന്നിവ സെറോട്ടോണിനുമായി ബന്ധപ്പെട്ടുകിടക്കുന്നു. രാവിലത്തെ മസ്തിഷ്‌കത്തില്‍ സെറോട്ടോണിന്റെ പ്രവര്‍ത്തനം കുറവായിരിക്കും. അതിനാല്‍ റിലാക്‌സേഷനും കൂടുന്നു. അതിനാല്‍ വായിച്ചാലും കണ്ടാലും കേട്ടാലും പെട്ടന്ന് മനസ്സില്‍ തട്ടുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള ഒരാള്‍ക്ക് ഡോപമിന്‍ ലവല്‍ കുറവായിരിക്കും. അതിനാല്‍ അവരുടെ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ് ഡോപമിന്‍ വര്‍ദ്ധിപ്പിക്കുക എന്നത്. ലീവോഡോപ്പ എന്ന ഒരു ഗുളികയുണ്ട് ഇതിന്ന്. ചലനങ്ങളെ ത്വരിതപ്പെടുത്തുന്ന ഡോപ്പമിന്‍ കുറയുമ്പോള്‍ ശരീരം സ്റ്റിഫ് ആവുന്നു. ഇത് കണക്കിലധികമായാലും തകരാറാവുന്നു. അപസ്മാരം പോലെ പേശികള്‍ ട്രെമര്‍ എന്ന അവസ്ഥയിലാവുന്നു. ജെര്‍ക്കിങ്ങ് കൂടുന്നു. സെറോടോണിന്റെ സ്വാധീനം ചലനങ്ങളില്‍ കാര്യമായി ഇല്ല എന്നാണ് ഇതുവരെയുള്ള അറിവ്. പാര്‍ക്കിന്‍സണ്‍ രോഗത്തിന്ന് ഡോപമിന്‍ കുറച്ചുകാലം കൊടുത്തുകഴിഞ്ഞാല്‍ അവര്‍ക്ക് അഡിക്റ്റീവ് എന്ന ഒരു മാനസീകാവസ്ഥ വരുന്നതായി ചിലപ്പോള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗേംബ്ലിങ്ങ് യാതൊരു ആവശ്യവും ഇല്ലാതെയുള്ള ഷോപ്പിങ്ങ്, ലക്ഷ്യമില്ലാതെയുള്ള ആവര്‍ത്തന സ്വഭാവങ്ങള്‍, ലൈംഗികതയില്‍ അമിതമയ ആസക്തി എന്നിവയും ഉണ്ടാവാം. ഡ്രഗ്ഗ്എബ്യുസും സെറട്ടോണിന്റെ കുറവും ബന്ധപ്പെട്ടുകിടക്കുന്നു. ആത്മഹത്യാ പ്രവണതയും സെറോട്ടോണിന്റെ കുറവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതിനാല്‍ അങ്ങിനെയുള്ള പ്രവണതയുള്ളവര്‍ക്ക് സെറോട്ടോണിന്‍ നല്‍കുക എന്നത് ഒരു ചികിത്സാരീതിും കൂടിയാകുന്നു. അന്ധകാരത്തില്‍ ഡോപമീന്‍ കുറയുകയും വിഷാദം വരികയും ചെയ്യുന്നു. പ്രകാശമുള്ള വെളിച്ചം അതിന്റെ ഒരു ചികിത്സയാകുന്നു.ഇത്രയും എഴുതിയത് ബ്ലൂവെയില്‍ കളിക്കാരന്റെ മനസീകാവസ്ഥയില്‍ വരുത്തുന്ന മാറ്റം കാണിയ്ക്കുവാനാകുന്നു.
ഡിസെന്‍സിറ്റൈസേഷനെപ്പറ്റിപറഞ്ഞല്ലോ? അങ്ങിനെ ചെയ്ത് ചെയ്ത് ആയാസ, വേദന, രഹിതമായ ഒരവസ്ഥയിലേക്ക് വരുന്ന ബ്ലൂവെയില്‍ കളിക്കാരനെക്കൊണ്ട് ആദ്യം തിമിംഗല ചിത്രം ഒരു കടലാസിലും, കയ്യിലും, പിന്നീട് കാലിലുമെല്ലാം പല പ്രാവശ്യവും വരപ്പിയ്ക്കുന്നു. കാലില്‍ യെസ് എന്ന് റെയ്‌സര്‍ ബ്ലെയ്ഡ് കൊണ്ട് എഴുതിപ്പിക്കുന്നു. അങ്ങിനെ പല പ്രാവശ്യം ഒരു ശിക്ഷപോലെ യെസ് എന്ന് ബ്ലെയിഡ്‌കൊണ്ടെഴുതുന്ന കളിക്കാരന്‍ അപ്പോഴേക്കും തികച്ചും അഡ്മിന്റെ ആജ്ഞാനുവര്‍ത്തിയായിക്കഴിഞ്ഞു. അങ്ങിനെ പോയിപ്പോയി ഏഴാമത്തെ ടാസ്‌ക്കായി എഫ് 40 എന്ന് കയ്യില്‍ ചിത്രം കൊത്തി ഫോട്ടോ എടുപ്പിച്ചയക്കുന്നു. എട്ടാമത്തെ ടാസ്‌ക്കായി ഞാന്‍ ഒരു തിമിംഗലമാകുന്നു എന്ന് കൈത്തണ്ടയില്‍ ബ്ലെയിഡുകൊണ്ട് വരപ്പിക്കുന്നു കളിക്കാരനെക്കൊണ്ട് സമ്മതിപ്പിക്കുന്നു ഒന്‍പതാമത്തെത് ഭീതിയില്‍ നിന്ന് മാറി നില്‍ക്കുക എന്ന കല്പന ലഭിയ്ക്കുന്നു അടുത്ത പടിയായി, 4.20ന്ന് എണീറ്റ് വീടിന്റെ മേല്‍ക്കൂരയില്‍ അല്ലെങ്കില്‍ റൂഫില്‍ പോകാന്‍ ആജ്ഞാപിക്കുന്നു. എത്ര ഉയരത്തിലാണെങ്കില്‍ അത്രയും നല്ലത് എന്ന ധാരണ നല്‍കുന്നു. പിന്നീട് വീണ്ടും തിമിംഗലത്തിന്റെ ചിത്രം കയ്യില്‍ ബ്ലെയ്ഡ്‌കൊണ്ട് വരച്ച് ഫോട്ടോ എടുത്തയയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്നു. പിന്നീട് സൈക്കഡലിക്ക് (psychedelic) ഭീതിജന്യമായ രീതിയിലുള്ള സിനിമ കാണാന്‍ അയച്ചുകൊടുക്കുന്നു. സൈക്കഡലിക്ക് എന്നാല്‍ മയക്കുമരുന്ന് കഴിച്ചശേഷം വരുന്ന അനുഭൂതി രീതിയിലുള്ള എന്നാണുദ്ദ്യേശിക്കുന്നത്. പിന്നീട് ചുണ്ടില്‍ ബ്ലെയ്ഡ്‌കൊണ്ട് മുറിവേല്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഏറ്റവും വേദനയുള്ള ഭാഗം എന്ന നിലയിലാണ് ചുണ്ടിനെ തെരഞ്ഞെടുക്കുന്നത്. അനന്തരം ഒരു സൂചിയെടുത്ത് കയ്യില്‍ പലപ്രാവശ്യം കുത്തിക്കുത്തി മുറിവേല്പിക്കാന്‍ ആജ്ഞാപിക്കുന്നു. അങ്ങിനെ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ വിഷാദാത്മകത വര്‍ദ്ധിയ്ക്കുന്നു. ”എനിക്കാരുമില്ലെന്നൊരവസ്ഥ സൃഷ്ടിക്കപ്പെടുന്നു. വീണ്ടും മേല്പുരക്ക് മേലെ കയറാനും, പാലത്തിന്റെ അറ്റത്ത് ചെന്ന് നില്‍ക്കാനും പറയുന്നു. ക്രെയിനിന്റെ മേലേ കയറിനില്‍ക്കാനും അതിന്ന് പറ്റിയില്ലെങ്കില്‍ അതിന്ന് ശ്രമിയ്ക്കാനും നിര്‍ദ്ദേശിയ്ക്കുന്നു. വിശ്വസ്തനാണോ എന്ന പരീക്ഷണം നടത്താനായി മറ്റൊരു കളിക്കാരനുമായി സംസാരിപ്പിയ്ക്കുന്ന ഒരു രീതി അതായത് ഒരു നെഗറ്റീവ് കൗണ്‍സലിങ്ങ് വഴി ഈ ജീവിതം വേണ്ടെന്ന ഒരു മാനസീകാവസ്ത സൃഷ്ടിക്കപ്പെടുന്നു. വീണ്ടും റൂഫില്‍ പോയി കാല് തൂക്കിയിട്ട് ഇരിയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്നു. ഇതിന്റെ ഇടയിലെല്ലാം നീയൊരു വെയില്‍ (തിമിംഗലം) ആണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവന്‍/അവള്‍ അത് വിശ്വസിക്കുന്ന രീതിയില്‍ ആക്കിത്തീര്‍ക്കുന്നു. ഇരുപത്തിനാലാമത്തെ ടാസ്‌ക്ക് വളരെ രഹസ്യമായ ഒന്നാണ് അത് കഴിഞ്ഞാല്‍ മരണത്തിന്റെ ദിവസം അറിയിക്കുന്നു. അതില്‍ റെയില്പാളമോ ടെറസ്സോ വേണ്ടത് എന്ന ഒരു ചോയ്‌സ് അഥവാ തെരഞ്ഞെടുക്കല്‍ സ്വാതന്ത്ര്യം നല്‍കുന്നു. ഈ കാലം ആരോടും സംസാരിക്കാന്‍ പാടില്ല. ”ഞാനൊരു തിമിംഗലമാണെന്ന്” പ്രതിജ്ഞ ചെയ്യിപ്പിക്കുന്നു. ആരോടും സംസാരിക്കരുത് എന്ന നിര്‍ദ്ദേശം നല്‍കുന്നത് പോസറ്റീവ് സംസാരത്തിന്റെ സാധ്യത ഇല്ലാതാക്കാനാകുന്നു. 30 മുതല്‍ 49 വരെയുള്ള ദിവസങ്ങള്‍ പുലര്‍ച്ചെ 4.20 ന്ന് എണീക്കല്‍, ഹോറര്‍ സിനിമ കാണല്‍ എന്നിവ ആവര്‍ത്തിക്കപ്പെടുന്നു. ശരീരത്തില്‍ മുറിവേല്പിക്കുന്നു. അങ്ങിനെ അവസാനത്തെ ദിവസമായ അന്‍പതാമത്തെ ദിവസം മുകളില്‍നിന്ന് താഴെ ചാടാനോ പുഴയില്‍ ചാടി മരിക്കാനോ ആവശ്യപ്പെടുന്നതോടെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നു.
അന്‍പതാമത്തെ ടാസ്‌ക്ക് ബില്‍ഡിങ്ങിന്റെ മുകളില്‍നിന്ന് താഴെ ചാടുക എന്നതാകുന്നു.. ആദ്യം എഫ്5 എന്ന് കയ്യില്‍ വരയ്ക്കുക. കളിയ്ക്കുന്ന ആളുടെ ആദ്യത്തെ ഉദ്ദേശ്യം ത്രില്‍ എന്ന വികാരം. സ്വന്തക്കാരെ പേടിപ്പിച്ചുകൊണ്ട് ചില കൗമാരക്കാര്‍ ടെറസിന്റെ പാരപ്പെറ്റ് ഭിത്തിയിലും കിണറിന്റെ ആള്‍മറയിലും കയറിയിരിക്കുന്നതും തന്റെ സാഹസീകത കാണിക്കുവാനുള്ള ത്രില്ലില്‍ പെടുന്നു. ഇരുനൂറോളം പേര്‍ ഇതുവരെയായി ഇതിലെ്പട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്. സൈബര്‍ലോകം ബ്ലൂവെയില്‍ എന്ന പുതിയ മരണക്കളിക്ക്മുന്നില്‍ പ്രത്യേകിച്ച് പരിഹാരമില്ലാതെ പകച്ചുനില്‍ക്കുന്നു. പോലീസിന്ന് ഇന്നിതൊരു തലവേദനയായിക്കൊണ്ടിരിയ്ക്കുകയാണ്. പോലീസ്‌മേധാവിപോലും ഇതുവരെ ആധികാരികമായ വിവരങ്ങള്‍ ബ്ലൂവെയിലിനെപ്പറ്റി ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. കമ്പ്യുട്ടറില്‍ ഇതിന്റെ ഒരു സര്‍ച്ച് ഹിസ്റ്ററി ഉണ്ടായിരിക്കയില്ല. ലിങ്ക് ചെയ്യപ്പെടുന്ന ആളുടെ കമ്പ്യുട്ടറിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യപ്പെടും. അത് വെച്ചാണ് ഭീഷണികള്‍ വരുന്നത്. കേരളത്തില്‍ 2000 പേര്‍ ഇതിന്റെ അടിമകളായുണ്ടെന്ന് പറയപ്പെടുന്നു. താന്‍ സാഹസികതക്ക് ഒരുക്കമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രത സ്വതസിദ്ധമായി യുവാക്കളിലുണ്ട്. നിരോധിക്കപ്പെട്ടതെന്തും ചെയ്യാനുള്ള വ്യഗ്രതയും ഇതില്‍ ഉണ്ട്. കുടുമ്പശൈധില്യത്തിന്റെ ഭാഗമാണ് ബ്ലൂ വെയില്‍ കളി. ഗൃഹനാഥന്റെ അമിതമായ ക്രിക്കറ്റ് ഭ്രമം, ഗൃഹനായികയുടെ അമിത സീരിയല്‍ ഭ്രമം ഇവയെല്ലാം ഒരു ചെറിയതോതിലെങ്കിലും മറ്റ് കുടുമ്പാംഗങ്ങളുമായുള്ള ആശയവിനിമയം കുറയ്ക്കുന്നു എന്നത് നമ്മളെല്ലാം കണ്ടുകൊണ്ടിരിയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാകുന്നു. കുടുമ്പാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സ്വര്യസല്ലാപങ്ങള്‍ നടത്തുവാനുള്ള വിലയേറിയ സമയം നഷ്ടപ്പെടുത്തല്‍ മാത്രമല്ല, കുട്ടികളെ നല്ല നിലയിലേക്ക് തിരിച്ചുവിടാനുള്ള വിലയേറിയ സന്ദര്‍ഭ്ഭവുമാണ് ഇതുകൊണ്ടില്ലാതാവുന്നത്.
മുന്‍കരുതലുകള്‍
റഷ്യയില്‍നിന്നുടലെടുത്ത ഈ ഭീകര, സാഹസീക യജ്ഞത്തെ ഒരു ഗെയിസിന്റെ വകുപ്പില്‍ പെടുത്താന്‍ പറ്റില്ല. റഷ്യയിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ വികൊണ്ടാക്തെയെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരില്‍ പലരും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി വകുപ്പും റഷ്യയിലെ സോഷ്യല്‍ നെറ്റ് വര്‍ക്കിനെ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇടുക്കിയില്‍ ബ്ലൂവെയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചയാളുടെപേരില്‍ പോലീസ്‌നടപടിയുണ്ടായി. ഉത്തരപ്രദേശ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിരോധിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഒരു സ്‌കൂളില്‍ സ്‌കൂളില്‍ മുറിക്കയ്യന്‍ ഷര്‍ട്ട് മാത്രമേ ധരിയ്ക്കാന്‍ പാടുള്ളൂ. കയ്യില്‍ ബ്ലെയ്ഡ്‌കൊണ്ട് പരിക്കേല്പിച്ചത് കണ്ടുപിടിയ്ക്കാനാണിത്. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം നടപടികള്‍ അഭികാമ്യമാണ്.
തിരുവനന്തപുരത്തെ 17 കാരനായ ബാലന്‍ ആത്മഹത്യചെയ്തശേഷം സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് മരണകാരണം അറിഞ്ഞത്. മരിച്ച ബാലന്റെ അമ്മക്ക് ചില സംഗതികള്‍ അറിയുമായിരുന്നു. വളരെ സന്തോഷത്തോടെ, സുഹ്ര്ത്തുക്കളെപ്പോലെ ജീവിച്ചിരുന്ന ഒരു കുടുമ്പമായിരുന്നു അത്. ഒരു ദിവസം മകന്റെ ശരീരത്തില്‍ ആഴത്തിലുള്ളൊരു മുറിവ് കണ്ടു. ഫുള്‍ക്കൈ ഷര്‍ട്ടിട്ടിറ്റ് കളിക്കാന്‍ പോകുമ്പോള്‍ അമ്മ ചോദിച്ചിരുന്നു. നീന്തലറിയാത്ത മനോജ് നദിയിലേക്ക് ചാടുന്നത് പലരും കണ്ടിരുന്നു. പലരും അത്ഭുതപ്പെട്ടു. ചിലര്‍ വീഡിയോ എടുത്തു. അയാള്‍ അവസാനകാലത്ത് ഇരുട്ടിനെ ഇഷ്ടപ്പെട്ടിരുന്നുപോലും. അര്‍ദ്ധരാത്രി ശ്മശാനത്തിലേക്ക് പോയിരുന്നു. മറ്റാരും കാണാത്ത ഒരു പൈശാചിക ലോകമായ ബ്ലുവെയില്‍ ഗെയിംസില്‍ അവന്‍ അകപ്പെട്ടുകഴിഞ്ഞിരുന്നു. കളിയുടെ അവസാന ഘട്ടത്തില്‍ കളിക്കാരന്‍ ഭ്രാന്തിന്റെ അവസ്തയില്‍ എത്തുന്നു. സ്വതവെ സൗമ്യനായ മനോജ് അവസാന ഘട്ടത്തില്‍ ദേഷ്യക്കാരനായി മാറിയിരുന്നു. ഹൊറര്‍ സിനിമയുടെ ആരാധകനായി. ഏറ്റവും അടുത്ത കാലത്തായി മധ്യപ്രദേശിലെ പതിനൊന്നാം ക്ലാസുകാരനായ സത്വിക്ക് പാണ്ഡേ തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. ദമോഹാ ജില്ലയിലായിരുന്നു സംഭവം. അയാളുടെ സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത് മരിച്ചയാള്‍ ഇടക്കിടെ ബ്ലുവെയില്‍ ചാലഞ്ചിനെക്കുറിച്ച് പറയാറുണ്ടായിരുന്നുവെന്നും, മരിയ്ക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ്കൂടി പറഞ്ഞിരുന്നുവെന്നും ആയിരുന്നു.
കൗമാരപ്രായത്തിലെ വിഷാദവും അവര്‍ക്ക് നല്‍കേണ്ട പരിഗണനയും:
ഇന്ത്യയില്‍ കുട്ടികളുടെ മാനസീകാരോഗ്യത്തിന്ന് നല്‍ കുന്ന പരിഗണന നിസ്സാരമാകുന്നു. ഇവിടെ സ്‌കൂളുകളില്‍ ദേശീയസ്വഭാവമുള്ള, ഒരു പരിപാടിയും മാനസീകാരോഗ്യത്തിന്നുവേണ്ടി നടത്തുന്നില്ല. നമുക്ക്തന്നെ അറിയില്ല നമ്മുടെ കുട്ടികളോട് ഓരോ ദിവസവും എങ്ങിനെയാണ് പെരുമാറേണ്ടതെന്ന്, എങ്ങിനെയാണ് സ്വന്തം കുട്ടിക്ക് ഒരു പ്രശ്‌നം വന്നാല്‍ കൈകാര്യം ചെയ്യേണ്ടതെന്ന ്. ശിക്ഷിക്കലിനും ഉപദേശിക്കലിനും, മറ്റ് കുട്ടികളുമായി താരതമ്യ പഠനം നടത്തുന്നതിനും അഗ്രഗണ്യരാണ് നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍!! ‘ഒരോ സംഗതികളും ചെയ്യാന്‍ പാടില്ലെന്ന് പറയാനേ നമുക്കറിയൂ’ എന്നാണ് മുംബൈയിലെ ഒരു പ്രസിദ്ധ മനോരോഗവിദഗ്ദനായ ഡോ: ഭഗത്തിന്റെ അഭിപ്രായം. കര്‍ണ്ണാടകയിലെ ബേലാഗാവി ഡിസ്റ്റ്രിക്ടിലെ 8 ഉം 9 ഉം ക്ലാസ്സുകളിലെ ഇരുപതോളം വിദ്യാര്‍ത്ഥികളുടെ (16 ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും) കയ്യില്‍ ബ്ലെയിഡ്‌കൊണ്ടുണ്ടാക്കിയ മുറിവ് അന്വേഷണവിധേയമാക്കിയപ്പോള്‍ ബ്ലൂവെയില്‍ ഗെയിംസില്‍ ആകൃഷ്ടരായ വിദ്യാര്‍ത്ഥികള്‍ കളിയില്‍ പങ്കെടുക്കാതെതന്നെ ഒരു വിനോദം പോലെ വരച്ചുവെച്ചതാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. സ്വതസിദ്ധമായ സൗന്ദര്യം നശിപ്പിച്ചുകൊണ്ട്, സിനിമാതാരങ്ങളെ അനുകരിയ്ക്കുന്നത്‌പോലെ!!
റഷ്യയില്‍ 130 ഓളം ആത്മഹത്യകള്‍ ബ്ലൂ വെയില്‍ ഗെയിംസ് കളിച്ചതിന്റെ ഫലമായി ഉണ്ടായിട്ടുണ്ട്.
അമേരിക്കയിലെ ഹ്യുസ്റ്റണിലെ പതിനഞ്ച് വയസ്സുകാരന്‍ ഇസൈയ ഗോണ്‍സാലസ് ജൂലായ് 8 ന്ന് ക്ലോസെറ്റില്‍ തൂങ്ങിമരിച്ചു. സ്വന്തം മരണം സെല്‍ഫോണില്‍ റെക്കോഡ് ചെയ്തുവെക്കുകയും ചെയ്തു. അമേരിക്കയില്‍ നോര്‍ത്ത് കരോലിന എന്ന സ്ഥലത്തെ ഒരു ടി വി വാര്‍ത്തപ്രകാരം 16 വയസ്സുകാരി പെണ്‍കുട്ടി 50 ദിവസത്തെ ടാസ്‌ക്കുകള്‍ക്ക് ശേഷം ആത്മഹത്യ ചെയ്തു.
*****