അസര്‍ടീവ്‌നെസ്സ് (Assertiveness) എന്ന ആംഗലേയ വാക്കിന്ന് ഇംഗ്ലീഷ് മലയാളം നിഘണ്ടു നോക്കിയാല്‍ മറ്റെല്ലാ വാക്കുകളേയും പോലെതന്നെ പല അര്‍ത്ഥങ്ങളും കാണാം. എന്നാല്‍ കൂടുതല്‍ അനുയോജ്യമായത് നിശ്ചയ ദാര്‍ഢ്യം എന്നതാണെന്ന് തൊന്നുന്നു. എങ്കിലും ഇംഗ്ലീഷില്‍ അസര്‍ടീവ്‌നെസ്സ് എന്ന് പറയുന്നതിന്റെ അത്ര ഉചിതമായ മറ്റൊരു വാക്കില്ലെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു. ‘നിശ്ചയദാര്‍ഢ്യമുള്ള, പ്രസ്താവിതമായ, തീരുമാനിക്കപ്പെട്ട, നിഷ്‌കപടമായ, സ്വയം പ്രമാണീകരിക്കപ്പെട്ട, പിടിവാദമുള്ള, ദൃഢനിശ്ചയമുള്ള, ദൃഢപ്രസ്താവനാപരമായ, ശക്തിയുക്തം സ്ഥാപിച്ച, തറപ്പിച്ചു പറഞ്ഞ’ എന്നെല്ലാമുള്ള വിവിധ വാക്കുകളില്‍, സന്ദര്‍ഭ്ഭത്തിന്നനുസരിച്ച് അസര്‍ട്ടീവ്‌നെസ്സ് എന്ന ആംഗലേയ ഭാഷയെ മലയാളത്തില്‍ വിവക്ഷിക്കുന്നു. ചില സ്ഥലത്ത് ‘തന്റേടം’ എന്ന വാക്കിലും!! എന്നാല്‍ തന്റേടമുള്ള സ്വഭാവം എന്നത് ചില സന്ദര്‍ഭ്ഭങ്ങളില്‍ അഹംഗാരത്തിന്റെ ലക്ഷണമായും മറ്റു ചില സന്ദര്‍ഭ്ഭങ്ങളില്‍ കാര്യപ്രാപ്തിയുള്ള സ്വഭാവമായും വ്യാഖ്യാനിക്കപ്പെടുന്നു. ‘അവള്‍ വല്ലാത്ത തന്റേടിയാണ’് എന്നു പറഞ്ഞാല്‍ അഹങ്കാരി എന്നും ‘അവള്‍ക്ക് നല്ല തന്റേടമുണ്ട്’ എന്നു പറഞ്ഞാല്‍ കാര്യപ്രാപ്തിയുള്ളവള്‍ എന്നും ഉദ്ദ്യേശിക്കപ്പെടുന്നു. എന്നാല്‍ അസര്‍ടീവ് എന്ന ആംഗലേയ വാക്കിന്ന് എറെക്കുറെ ഒരര്‍ത്ഥമേയുള്ളൂ. സെയിത്സ് മേന്മാര്ക്കും, നയതന്ത്രശാലികള്‍ ക്കും കമ്പനി മേധാവികള്‍ക്കും എന്നുവേണ്ട എല്ലാ തുറകളിലുള്ളവര്‍ക്കും പരിതസ്ഥിതികള്‍ക്കനുസരിച്ച കൂടിയും കുറഞ്ഞതും ആയ തോതില്‍ അസ്സര്‍ടീവ്‌നെസ്സ് ആവശ്യമാകുന്നു. അതുകൊണ്ടാകുന്നു, ഈ ലേഖനത്തിന്റെ തലവാചകം ആംഗലേയ ഭാഷയില്‍ തന്നെ കൊടുത്തിരിക്കുന്നത്.

മന:ശാസ്ത്രത്തില്‍ അസര്‍ടീവ്‌നെസ്സ് ട്രെയിനിങ്ങ് എന്നൊരു വിഭാഗമുണ്ട്. ബിഹേവിയര്‍ തിറാപ്പി എന്ന ചികിത്സയുടെ ഭാഗമായി വരുന്ന ഇത്, സ്വന്തം കാലില്‍ നില്ക്കുവാനും അഭിപ്രായങ്ങള്‍ തുറന്നു പറയാനും പഠിപ്പിക്കുന്നു. ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുകയോ, പ്രകടിപ്പിക്കുകയോ ചെയ്യുവാനാണിവിടെ പരിശീലനം നല്‍കുന്നത്. ആക്രമണത്തിന്റെയും അനുസരണത്തിന്റെയും മദ്ധ്യത്തിലുള്ള ഒരു ഭാവമാണിത്. ഇതില്‍ എതിരഭിപ്രായമുള്ളവരെ ബഹുമാനിച്ചുകൊണ്ട് സംസാരിക്കുന്നു അല്ലെങ്കില്‍ പ്രതികരിക്കുന്നു. രണ്ടുപേര്‍ തമ്മിലുള്ള ഒരു സ്പര്‍ദ്ദയോ അത്ര്പ്തിയോ ഇല്ലാത്ത മുഷ്ടിയുദ്ധം പോലയാകുന്നു ഇത്. ഇതില്‍ ശത്രുത ഇല്ല. ഉണ്ടാവാന്‍ പാടില്ല. ജോലിസ്ഥലത്ത് അസര്‍ടീവ്‌നെസ്സ് ഇല്ലാത്തതിനാല്‍ പലരും ചൂഷണം ചെയ്യപ്പെടുന്നു. കൂടുതലും സ്ത്രീകള്‍. മേലുദ്യോഗസ്തനോ, യജമാനനോ എന്ത് വിഡ്ഢിത്തരം പറഞ്ഞാലും അത് അനുസരിക്കേണ്ടിവരുന്നു. തൃപ്തിപ്പെടുത്തലിന്റെ ഭാഗമായി എന്തും ചെയ്യേണ്ടി വരുന്നു.

അസര്‍ടീവ്‌നെസ്സ്‌കൊണ്ട് ഉണ്ടാവുന്ന ഗുണങ്ങള്‍ :
1. ആത്മാഭിമാനം വര്‍ദ്ധിക്കുന്നു.
2. അവനവന്റെ വികാരങ്ങളെ മനസ്സിലാക്കിപ്പിക്കാന്‍ സഹായിക്കുന്നു.
3. മറ്റുള്ളവരുടെ ബഹുമാനത്തിന്ന് പാത്രമാവുന്നു.
4. ആശയവിനിമയം കൂടുതല്‍ എളുപ്പമാവുന്നു.
5. തീരുമാനം എടുക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നു.
6. സത്യസന്ധമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കുന്നു.
7. ജോലിയില്‍ കൂടുതല്‍ തൃപ്തി കൈവരിക്കുന്നു.
8. മനസ്സിന്റെ പിരിമുറുക്കം കുറയുന്നു
9. ഒരു വിന്‍-വിന്‍ രീതിയുണ്ടാവുന്നു. രണ്ടു ഭാഗത്തും പരാജയമില്ല. അതൃപ്തിയില്ല.

അല്പം ചരിത്രം
അമേരിക്കയിലെ ഫെമിനിസ്റ്റ് മോവ്മന്റ വുമന്‍സ് മൂവ്മന്റ്, വുമന്‍സ് ലിബറേഷന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഈ നീക്കത്തില്‍ പല അന്യായങ്ങളൂം ചെറുത്തു നിന്നിരുന്നത് ഇതുവഴിയായിരുന്നു. ഈ അന്യായങ്ങളില്‍ ഉല്പാദനാവകാശത്തിലെ അപാകതകള്‍, ഗാര്‍ഹിക പീഠനം, മെറ്റേണിറ്റി ലീവ്, തുല്യവേതനം, ലൈംഗിക പീഠനം, എന്നീ വിഷയങ്ങളുണ്ടായിരുന്നു. ഓരോ രാജ്യത്തും ഓരോ രീതിയിലാണ് അസര്‍ടീവ്‌നെസ്സ് ഉപകാരപ്പെടുന്നത്.പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് മൂന്ന് അലകളായി പാശ്ചാത്യ രാജ്യങ്ങളില്‍ അടിച്ച അസ്സര്‍ടീവ് മൂവ്‌മെന്റിലെ ആദ്യത്തെ അല ഉയര്‍ന്നതും, മധ്യ നിലവാരത്തിലുമുള്ളതായ വെളുത്ത വര്‍ഗ്ഗക്കാരികളായ സ്ത്രീകളിലായിരുന്നു. അത് രാഷ്ടീയ സമത്വത്തിന്നു വേണ്ടിയായിരുന്നു. രണ്ടാമത്തെ അലയായുള്ള ഫെമിനിസം സാമുദായികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ ക്കു വേണ്ടിയായിരുന്നു. മൂന്നാമത്തെ അലയടിച്ചത് വീണ്ടും രാഷ്ട്രീയ പ്രാതിനിധ്യത്തിന്നു വേണ്ടിയായിരുന്നു. ഇവയെല്ലാം അസര്‍ടീവ് മൂവ്‌മെന്റിന്റെ സംക്ഷിപ്ത ചരിത്രം മാത്രം.

ഇന്നത്തെ ജീവിത ചുറ്റുപാടുകളില്‍; Assertiveness മാനസീകാരോഗ്യത്തിന്ന്:
ഇന്ന് അസര്‍ടീവ് ട്രെയിനിങ്ങ് മന:ശാസ്ത്രത്തിലും, കോര്‍പൊറേറ്റ് ട്രെയിനിങ്ങിലും, സോഷ്യല്‍സ്‌കില്‍ ട്രെയിനിങ്ങിലും, വൊക്കേഷനല്‍ ട്രെയിനിങ്ങിലും എല്ലാം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. എന്തിനേറെ, നമ്മുടെ സ്വന്തം നിത്യ ജീവിതത്തില്‍ അഛന്റെയും അമ്മയുടെയും മുന്നില്‍ പോലും, സ്‌കൂളില്‍ ടീച്ചറുടെ മുന്നിലും, ടീച്ചര്‍ക്ക് കുട്ടികളുടെ മുന്നിലും, സുഹൃത്തുക്കളുടെ മുന്നിലും ദമ്പതികള്‍ തമ്മിലും കാര്യങ്ങള്‍ തുറന്നു പറയാത്തതിനാല്‍ മാനസീകമായി വിഷമമനുഭവിക്കുന്നവര്‍ നിരവധിയാണ്. പ്രേമം തുറന്നു പറയാന്‍ സാധിക്കാത്ത യുവാക്കള്‍ പ്രേമിച്ച ആള്‍, പ്രേമിക്കപ്പെട്ട ആള്‍ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ച ശേഷം നിരാശപ്പെടുന്നു.

അസര്‍ടീവ്‌നെസ്സ് ട്രെയിനിങ്ങില്‍ അവരവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ആഗ്രഹങ്ങള്‍ സ്വന്തം അഭിമാനം നഷ്ടപ്പെടാതെ പ്രകടിപ്പിക്കാന്‍ പരിശീലനം നല്‍കുന്നു. വ്യക്തമായും സത്യസന്ധമായും കാര്യങ്ങള്‍ പറയുമ്പോള്‍ ബന്ധം കൂടുതല്‍ സുദൃഢമാവുന്നു. ഇത്തരം പരിശീലനങ്ങളില്‍ സംസാരം വഴി ഉണ്ടാവാന്‍ സാധ്യതയുള്ള സംഘട്ടനങ്ങള്‍ ഒഴിവാക്കി സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നു. തദ്വാരാ പിരിമുറുക്കമില്ലാതെ സംസാരിക്കാന്‍ സാധിക്കുന്നു.വൈകാരികവും മാനസീകവുമായ ഗുണങ്ങള്‍ക്ക് പുറമെ, സ്വന്തമായുള്ള നിശ്ചയദാര്‍ഢ്യത്തിന്ന്, ആരോഗ്യപരമായും, മനസീകമായും ഉള്ള ഗുണങ്ങള്‍ നിരവധിയാണ്. ഉദാഹരണമായി; സ്‌നേഹിതരായ മദ്യപാനികളുടെ കൂടെയിരിക്കുമ്പോള്‍ നിര്‍ബ്ബന്ധത്തിന്ന് വഴങ്ങാതിരിക്കുന്നത്, അപകടകരമായതും അനാരോഗ്യകരമായതുമായ ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടാത്രിക്കുന്നതിന്ന്, സഹപാഠികളുടെ നിര്‍ബ്ബന്ധത്തിന്ന് വഴങ്ങി പുക വലിക്കാതിരിക്കുന്നതിന്ന്, ലഹരി സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിന്ന് എന്നു വേണ്ട അടുക്കും ചിട്ടയുമുള്ള ജീവിതത്തില്‍ അസര്‍ടീവ്‌നെസ്സിനുള്ള പ്രാധാന്യം ചെറുതല്ല. ‘അല്ലെങ്കില്‍ അയാള്‍ എന്തു വിചാരിക്കും’ എന്ന രീതിയില്‍ ഇഷ്ടമില്ലാത്ത പ്രവര്‍ത്തി ചെയ്യുമ്പോള്‍ ‘ഞാന്‍ ഇതു ചെയ്യില്ല’ എന്ന് പറയാനുള്ള മനസ്ഥിതി വേണം. അതാണ് അസര്‍ടീവ്‌നെസ്സ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സെല്‍ഫ് കേര്‍ അഥവാ സ്വയം സുരക്ഷിതത്വം എന്നതാണിവിടെ പ്രധാനം. മറ്റുള്ളവരുടെ അടിച്ചേല്പ്പിക്കലല്ല. ശ്വാസകോശരോഗമുള്ള ഒരാളെ നിര്‍ബ്ബന്ധിച്ച് പുകവലിപ്പിക്കല്‍, കരള്‍ രോഗമുള്ള ആളെ മദ്യപിപ്പിക്കല്‍, പ്രമേഹം ഉള്ള ആളെ മധുരം കഴിക്കാന്‍ നിര്‍ബ്ബന്ധിപ്പിക്കല്‍ എന്നപോലെയുള്ള നിരവധി നിര്‍ബ്ബന്ധ പ്രേരണകളെ അസര്‍ടീവ്‌നെസ്സ് കൊണ്ട് നേരിടാന്‍ സാധിക്കും.

മുന്‍കരുതലുകള്‍:
അസര്‍ടീവ്‌നെസ്സ് ഉള്ള ആള്‍ അഗ്രസ്സീവ് (aggressive) ആവാതിരിക്കണം. അതിന്നായി കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് നീങ്ങാതിരിക്കണം. ഇത് സ്ഥിരമായ പരിശീലനം കൊണ്ടേ സാധിക്കുകയുള്ളൂ. മറ്റൊന്ന് സന്ദര്‍ഭ്ഭം നോക്കി മാത്രം പ്രയോഗിക്കേണ്ട ഒന്നാണ് അസര്‍ടീവ്‌നെസ്സ്. അപ്രസക്തമായ സന്ദര്‍ഭ്ഭങ്ങളില്‍ ഇത് പ്രയോഗിക്കേണ്ട ആവശ്യമില്ല. സൗമ്യമായ വാക്കുകളിലും അവനവന്റെ പ്രവര്‍ത്തികളിലും മാത്രം ഒതുങ്ങി നില്‍ക്കണം. മറുവശത്തുള്ള ആള്‍ ശാരീരികമായോ, കടുത്ത വാക്കുകളാലോ ഉപദ്രവിക്കാന്‍ സാദ്ധ്യതയുള്ള ആളാണെങ്കില്‍ അത്തരം രംഗത്ത്‌നിന്ന് ഒഴിഞ്ഞു മാറലാവും ഏറ്റവും നല്ല രീതി.
രീതികള്‍
ഇന്ന് പല ട്രെയിനിങ്ങ് പരിപാടികളിലും അസര്‍ടീവ്‌നെസ്സ് (assertiveness) പഠിപ്പിക്കുന്നു. അതില്‍ തന്നെ സ്റ്റാന്റ് എലോണ്‍ (stand alone) എന്നൊരു രീതിയും ഉണ്ട്. ഇത് സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെ പരിശീലനങ്ങളില്‍ വളരെ പ്രസക്തമാകുന്നു. കാരണം ഒറ്റപ്പെട്ട അവസ്ഥയിലും ഇത് ചെയ്യേണ്ടി വന്നേക്കാം. ഈ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നവരോട് അതാത് വ്യക്തികള്‍ക്ക് ഉള്ളതും ഉണ്ടാവാന്‍ സാധ്യത്യൂള്ളതുമായ ചില സാഹചര്യങ്ങള്‍ മനസ്സില്‍ കാണുവാന്‍ ആവശ്യപ്പെടുന്നു. അങ്ങിനെയുള്ള ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കുന്നു. അതിന്റെ ശേഷം രണ്ടുപേര്‍ റോള്‍പ്ലേ (roleplay) എന്നു പറയുന്ന എതിര്‍ ഭാഗങ്ങളില്‍ ഇരുന്നുകൊണ്ട് സംവദിക്കുന്നു. ഇതൊരു നിര്‍ദ്ദിഷ്ട നിലയില്‍ ഇരുന്നുകൊണ്ടുള്ള പ്രവര്‍ത്തനമാകുന്നു.ഒരാള്‍ പ്രേരിപ്പിക്കുന്ന അല്ലെങ്കില്‍ ആവശ്യപ്പെടുന്ന രീതിയില്‍ സംസാരിക്കുന്നു മറ്റേയാള്‍ അസര്‍ടീവ് രീതിയില്‍ വഴിപ്പെടാതിരിക്കുന്നു. മന:ശാസ്ത്ര പരിശീലനത്തിന്റെ ഭാഗമായി ഒരാള്‍ക്ക് തനിയെപോലും ഇത് ചെയ്യാവുന്നതാകുന്നു. എതിരെയുള്ള രണ്ട് കസാലകളില്‍ മാറി മാറിയിരുന്ന് ഒരാള്‍ തന്നെ രണ്ട് രീതിയില്‍ സംസാരിച്ചുകൊണ്ട് ചെയ്യുന്നു.
ഇതില്‍ ആശയ വിനിമയത്തിന്നും അതിന്ന് ഉപയോഗിക്കുന്ന വാക്കുകള്‍ക്കും വളരെ പ്രാധാന്യമുണ്ട്. സൗമ്യമായ ഭാഷയാണാവശ്യം. അങ്ങിനെ അഭിനയിച്ചു പഠിക്കുന്നു. പരിശീലനസ്ഥലത്തുനിന്ന് ഓരോ ദിവസവും പുറത്തു വന്നാല്‍ സാധാരണ ജീവിതത്തില്‍ അത് പരിശീലിച്ച് പഠിക്കുന്നു. അങ്ങിനെയുണ്ടായ അനുഭവങ്ങള്‍ വീണ്ടും പരിശീലന സ്ഥലത്തു വെച്ച് പറയുന്നു. വീണ്ടും റോള്‍ പ്ലേ ആവര്‍ത്തിക്കുന്നു. അതില്‍ പ്രയോഗിക്കുന്ന വാക്കുകള്‍, ശരീരഭാഷ എന്നിവയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പരിശീലകന്‍ നിര്‍ദ്ദേശിക്കുന്നു. അങ്ങിനെ പരിശീലിച്ച് അതൊരു ദിനചര്യയുടെ ഭാഗമാവുന്നു. മേലുദ്യോഗസ്ഥനോടോ സഹപ്രവര്‍ത്തകരോടോ എങ്ങിനെ പറയണം, എന്തു പറയണം എന്ന ഒരു രീതി കൈവരിക്കുന്നു.
ദമ്പതികളില്‍ പോലും തെറ്റിദ്ധാരണ വരുത്താതെ തന്റെ ഭക്ഷണ രീതികള്‍, ചിട്ടകള്‍ എന്നിവ പറയാന്‍ സാധിക്കുന്ന ഒരവസ്ഥ വന്നു ചേരും. ഇത്തരം സന്ദര്‍ഭ്ഭങ്ങളില്‍ ‘നീ അങ്ങിനെ ചെയ്യണം’ എന്ന് പറയുന്നതിനേക്കാള്‍ എനിക്കതാണിഷടം എന്നു പറയുകയാവും അഭികാമ്യം. അതായത് ‘ഞാന്‍’, ‘എനിക്ക്’ എന്നുള്ള രീതിയില്‍ പറയുമ്പോള്‍ ആരെയും അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നില്ല എന്നൊരു ധ്വനിയുണ്ട്. ഉദാഹരണമായി ‘നീ ഓഫീസില്‍ നിന്ന് താമസിച്ചു വരുന്നത് എനിക്ക് ഉല്‍ക്കണ്ഠയുണ്ടാക്കുന്നു’ എന്നതായിരിക്കും ‘നിണക്ക് താമസിച്ചു വരാന്‍ ഒരു മടിയും ഇല്ലല്ലോ’ എന്നതിനേക്കാള്‍ നല്ലത്. ഇത് കേള്‍ക്കുന്ന ആളെ ദേഷ്യം പിടിപ്പിക്കുന്നില്ല. കാര്യം മനസ്സിലാക്കിക്കുകയും ചെയ്തു.ഇങ്ങിനെ പറയാന്‍ ശീലിച്ചാല്‍ കാര്യങ്ങള്‍ മറ്റുള്ളവരെ വെറുപ്പിക്കാതെ പറയാന്‍ സാധിക്കും. മദ്യപിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന സുഹ്ര്ത്തുക്കളോട് ‘നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്’ എന്ന് പറയുന്നതിനേക്കാള്‍ ‘എനിക്ക് മദ്യപാനം ഇഷ്ടമില്ല’ എന്ന് പറയുന്നത് താരതമ്യേന നല്ല രീതിയാകുന്നു.ഇത്തരത്തില്‍ പ്രത്യേകം പരിശീലിക്കുകയും അവനവനെത്തന്നെ ശ്രദ്ധിക്കുന്ന സെല്‍ഫ് ഒബ്‌സര്‍വേഷന്‍ എന്ന രീതിയും പ്രധാനമാകുന്നു. അവനവന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ സം രക്ഷിക്കുകയും വേണം. ഇതില്‍ പരിശീലിക്കുന്ന വ്യക്തികളോട് അവരവര്‍ക്ക് ഇഷടമുള്ള പത്ത് പാട്ടുകള്‍, സിനിമകള്‍, അഭിരുചികള്‍, ഹോബികള്‍, ഭക്ഷണങ്ങള്‍ എന്നിവയുടെയെല്ലാം ലിസ്റ്റ് ഉണ്ടാക്കി അതില്‍ അസര്‍ടീവ് രീതിയില്‍ എങ്ങിനെ ഉറച്ചു നില്‍ക്കണം എന്ന് പരിശീലിപ്പിക്കുന്നു.
ചില വീടുകളില്‍ കയറി ചെല്ലുമ്പോള്‍ തന്നെ ഉച്ചത്തില്‍ ടി വി യോ പാട്ടോ വെച്ചുകൊണ്ടിരുന്ന് അഥിതി വന്നാലും അത് നിര്‍ത്താന്‍ തയ്യാറാവാത്ത ആതിഥേയന്‍ ആണെങ്കില്‍ ‘ഞാന്‍ പിന്നെ വരാം’ അല്ലെങ്കില്‍ ഇതു കഴിയുന്നത് വരെ പുറത്തിരിക്കാം എന്ന് പറയുമ്പോള്‍ ‘നിങ്ങള്‍ ടി വി ഓഫ് ചെയ്യൂ എന്ന് അധികാരത്തില്‍ പറയുന്നതിനേക്കാള്‍ സുഖമുണ്ട്, ലാഘവമുണ്ട്.
തയ്യാറെടുപ്പ്:
അസര്‍ടീവ്‌നെസ്സ് പരിശീലനത്തിന്ന് ചില തയ്യാറെടുപ്പുകളുണ്ട്. ഈ തയ്യാറെടുപ്പുകള്‍ വ്യക്തികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചിലവര്‍ക്ക് ഒരു തയ്യാറെടുപ്പും ആവശ്യവും ഇല്ല. കാരണം അവരുടെ പ്രകൃതം തന്നെ അങ്ങിനെ ആയിരിക്കും. മറ്റുചിലവര്‍ക്ക് ഒരു കൗണ്‍സലിങ്ങ് ആവശ്യമുണ്ടാവാം. ‘ഇല്ല’ അല്ലെങ്കില്‍ ‘വേണ്ട’ എന്നു പറയുവാന്‍ വിഷമമുള്ള ചില കക്ഷികളുണ്ട്. അവര്‍ക്ക് വ്യക്തി പരിശീലനം എന്ന ഒരു മാനസിക പരിശീലനം വേണ്ടി വരും. പരിശീലനം കഴിഞ്ഞശേഷം ആഫ്റ്റര്‍ കെയര്‍ എന്ന ഒരു സപ്പോര്‍ട്ടീവ് തിറാപ്പിയും ഉണ്ട്.ആഫ്റ്റര്‍ കേയര്‍ എന്ന സപ്പോര്‍ട്ടീവ് തിറാപ്പി കക്ഷികളുടെ മാനസീക സുഖത്തിന്നനുസരിച്ചുള്ള ഒരു രീതിയാണ്. ഇതില്‍ പലവിധ അസര്‍ടീവ് ടെക്‌നിക്കുകളും ഉപയോഗിക്കുന്നു. പലര്‍ക്കും അവരവര്‍ക്ക് തന്നെ സുഖമുള്ള ഒരു സംസാര രീതിയുണ്ടായിരിക്കും. അവ ഉപയോഗിച്ചുതന്നെ ഒരു രീതിയുണ്ടാക്കെയെടുക്കാന്‍ സാധിക്കും. അങ്ങിനെയായാല്‍ വളരെ നന്നായി. ഇതില്‍ അല്പം റിസ്‌ക് ഉണ്ടെങ്കിലും അസര്‍ട്ടീവ്‌നെസ്സ് ഇല്ലാത്തതുകൊണ്ട് അനുഭവിക്കേണ്ടി വരുന്ന അത്ര അപകട സാദ്ധ്യതയുണ്ടാവുകയില്ല. അപകട സാദ്ധ്യത(risk) എന്നത്‌കൊണ്ട് ഇവിടെ ഉദ്ദ്യേശിക്കുന്നത് തെറ്റിദ്ധാരണകളോ, താല്‍ക്കാലിക വിഷമങ്ങളോ ആണ്. ഉദാഹരണമായി, മുന്‍പ് പറഞ്ഞപോലെ കൂടെ മദ്യപിച്ചില്ലെങ്കില്‍ സുഹ്ര്ത്ത് പിണങ്ങും എന്ന ചിന്ത അഥവാ താല്‍ക്കാലിക പിണങ്ങല്‍ എന്നത.് ആവര്‍ത്തനപരമായ അസര്‍ടീവ്‌നെസ്സ് കൊണ്ട് ഇത് മാറിവരും. അസര്‍ടീവ്‌നെസ്സ് കാണിക്കുന്ന ആള്‍ അഗ്രസ്സീവ് (aggressive) ആവുമ്പോഴാണ് അടുത്ത റിസ്‌ക്. ഇവിടെ പരിശീലകന്‍ കോപം നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്നു. ആത്മാഭിമാനവും ലജ്ജയും കൂടുതലുള്ളവരിലും ഒരുതരം ഉല്‍കണ്ഠ ഉടലെടുക്കുന്നു. ‘എനിക്കെന്താ പെരുമാറാന്‍ അറിയില്ലേ? ഇയാള്‍ എന്തിനാണ് എന്നെ ഒരു കുട്ടിയെപ്പോലെ പരിശീലിപ്പിക്കുന്നത് എന്നും മറ്റുമുള്ള ചിന്തകള്‍ വരാം. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്നതിന്നനുസരിച്ച് പരിശീലകന്റെ അഭിനന്ദനം ലഭിക്കുന്നതിന്നനുസരിച്ച് അത് ഇല്ലാതാവുന്നു. വര്‍ദ്ധിച്ചുവരുന്ന മാനസീകാരോഗ്യവും സെല്‍ഫ് എസ്റ്റീം എന്ന തന്നെപ്പ്റ്റിത്തന്നെയുള്ള മതിപ്പും അസര്‍ടീവ്‌നെസ്സിന്റെ രണ്ട് പ്രധാന നേട്ടങ്ങളാണ്. നിത്യജീവിതത്തിലെ സമ്മര്‍ദ്ദം വളരെയധികം കുറയുന്നു. പരിശീലനം സിദ്ധിച്ച ഒരാള്‍ക്ക് മറ്റുള്ളവരുമായുള്ള അതിര്‍ വരമ്പുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ നിര്‍ത്തേണ്ടിടത്ത് നിര്‍ത്താന്‍!! അത് ആരോഗ്യകരമായിരിക്കുകയും ചെയ്യും. ‘വേണ്ട’ അല്ലെങ്കില്‍ ഇല്ല എന്ന വാക്ക്, അവനവന്റെതന്നെ രക്ഷകനായി വരുന്നു. അവിടെയും ഇവിടയും തൊടാത്ത രീതിയിലുള്ള ഉത്തരങ്ങള്‍ അതുവരെ നമ്മളെ പല കാര്യത്തിലും അപകടപ്പെടുത്തിയിരിക്കാം, സ്വയം താല്പര്യങ്ങള്‍ ബലി കഴിക്കപ്പെട്ടിരിക്കാം. ആരോഗ്യകരമായ സ്വയം തീരുമാനങ്ങളാകുന്നു അസര്‍ടീവ്‌നെസ്സിന്റെ ഫലം. അങ്ങിനെയുള്ള ഒരു ബാലന്‍സ് ഓരോരുത്തരെയും കൂടുതല്‍ കര്‍മ്മനിരതരാക്കുന്നു. അങ്ങിനെ, ചാഞ്ചല്യമില്ലാത്ത ഒരു മനസ്സിന്റെ ഉടമയാകുന്നതിന്റെ അനുഭൂതി അനുഭവപ്പെടുന്നു. ഉല്‍കണ്ഠ എന്ന ഒരു ദൗര്‍ബല്യം ഇല്ലാത്ത ജീവിതം കൈവരിക്കുമ്പോള്‍ അതിന്റെ സുഖം അനുഭവിക്കുന്നു. മന:ശാസ്ത്ര പഠനത്തില്‍ ബിഹേവിയര്‍ മോഡിഫിക്കേഷന്‍ എന്ന പരിശീലനത്തിന്റെ ഭാഗമായി വരുന്ന ഇതു വഴി പല പ്രയോജനങ്ങളും ഉണ്ടാവും.,
തന്റെയോ താനടക്കമുള്ള ഒരു വിഭാഗത്തിന്റെയോ, ആവശ്യങ്ങള്‍ വാഗ്വാദവും തര്‍ക്കവും ആക്രമണവും ഇല്ലാതെ അവതരിപ്പിക്കുന്ന ഒരു രീതിയാണ് അസര്‍ടീവ്‌നെസ്സ്. സാമുദായികമായ ആശയവിനിമയത്തിന്റെ ഒരു ചാരുതയാണിത്. തെറ്റായ സംഗതികള്‍ വിനയത്തോടെ അനുസരിക്കേണ്ടി വരുന്നതും തെറ്റാണെന്ന് തോന്നുവയയോട് ശക്തിയായ ഭാഷയിലോ, മുഷ്ടി ചുരുട്ടിയോ, ബലപ്രയോഗം നടത്തിയോ എതിര്‍ക്കേണ്ടി വരുന്നത് അസര്‍ട്ടീവ്‌നെസ്സ് എന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടാകുന്നു. ഇതിന്റെ അഭാവം മാനസീക പിരിമുറുക്കം കൂട്ടുന്നു. അസര്‍ടീവ് ആയ ഒരാള്‍ മറ്റുള്ളവരുടെ വിചാരങ്ങള്‍, മനോഭാവം, വിശ്വാസം എന്നിവയെ ഹനിക്കുന്നില്ല. മറ്റുള്ളവരുടെ സംസാരത്തെ ശ്രദ്ധിച്ചു കേള്‍ക്കുന്നു. അസര്‍ടീവ്‌നെസ്സ് ഉള്ള ഒരാള്‍ക്ക് തന്റെയും മറ്റുള്ളവരുടെയും മനുഷ്യാവകാശങ്ങളെപ്പറ്റി ബോധമുണ്ടായിരിക്കണം. നിശ്ശബ്ദമായ ആക്രമണവും ശരിയായ ആക്രമണവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ശരിയായ ധാരണ വേണം. വാക്കുകള്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള അസര്‍ടീവ്‌നെസ്സിനെപറ്റി മനസ്സിലാക്കിയിരികണം.
ഗ്രന്ഥികളും അസര്‍ടീവ്‌നെസ്സും തമ്മിലുള്ള ബന്ധം:
പുരുഷനിലും സ്ത്രീയിലും ഉണ്ടാവുന്ന ഹോര്‍മോണാകുന്നു ടെസ്റ്റൊസ്റ്ററോണ്‍. അതിന്റെ ഏറ്റം അസര്‍ടീവ്‌നെസ്സ് കൂട്ടൂന്നു എന്ന് പറയുന്നു. എന്നാല്‍ അതേ സമയം കോര്‍ടിസോണ്‍ എന്ന ഹോര്‍മോണ്‍ സമ്മര്‍ദ്ദം കൂട്ടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കോര്‍ടിസോണിന്റെ വര്‍ദ്ധന, ഫൈറ്റ് ഓര്‍ ഫ്‌ളൈറ്റ് എന്ന അവസ്ഥയുണ്ടാക്കുന്നു.അതേ സമയം നമ്മള്‍ മനസ്സിലാക്കേണ്ട ഒരു സ്ംഗതി, നമ്മുടെ പെരുമാറ്റരീതികള്‍ കാരണവും ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു എന്നുള്ളതാണ്.

Categories: Psycholoogy