ഒരു നര്‍മ്മ കഥ
ഈ ചോദ്യം ഒള്ളൂര്‍ ഗ്രാമവാസികള്‍ അവിടുത്തുകാരന്‍ തന്നെയായ കോമുവിനോട് ചോദിച്ചതാണ്. കോമു ജോലിചെയ്യുന്ന അരമനവീടൊന്നും ഇല്ലാത്ത അഞ്ചേക്കര്‍ തെങ്ങിന്‍ തോട്ടത്തില്‍ രണ്ട് പോത്തിന്‍ കുട്ടികളെ വാങ്ങി വളര്‍ത്തിക്കൊള്ളാന്‍ വിദേശത്തുള്ള ഉടമസ്ഥന്‍ സമ്മതിച്ചപ്പോള്‍ കോമുവിന്ന് വലിയ പ്രതീക്ഷയായിരുന്നു. ഒരു ബല്ലാരി രാജയുടെ ലവലിലേക്കെത്തിയേക്കുമോ എന്നൊരു പ്രതീക്ഷ!!!. തോട്ടമുടമയുടെ അച്ഛനും കോമുവും കൂടി പ്രാരംഭ നടപടികള്‍ക്കായി. ഏറ്റവും അടുത്ത കാലിച്ചന്തയായ കൊടുവള്ളിയില്‍ പോയി അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച്ചയാണ് കൊടുവള്ളിയിലെ കാലിച്ചന്ത. ആദ്യം ഒരു വ്യാഴാഴ്ച്ച പോയി ചന്തയുടെ പരിതസ്ഥിതികള്‍ കാണുകയും കച്ചവടക്കാരനായ മജീദിനെ പരിചയപ്പെടുകയും ചെയ്തു. പോത്തിന്‍ കുട്ടികളെ കുറഞ്ഞവിലക്ക് മജീദില്‍നിന്ന് ലഭിക്കുവാന്‍ നോക്കിയ സൂത്രങ്ങളിലൊന്ന് കൊടുവള്ളിയില്‍ ചിരകാലമായി പ്രാക്റ്റീസ് ചെയ്യുന്ന ജനസമ്മതനായ ഉസ്മാന്‍ ഡോക്ടറും താനുമായുള്ള സൗുഹൃദം അറിയിക്കലായിരുന്നു.
ചന്തയിലെ കച്ചവടക്കാരന്‍ മജീദിന്ന് ബോധിച്ചു. ”ഇങ്ങള് ഡോട്ട്രോഡ് ഇന്റെ ഉപ്പാന്റെ പേര് പറഞ്ഞാമതി”. അപ്പൊ മൂപ്പരിക്ക് മന്‍സിലാവും എന്നൊരു എളുപ്പവഴിയും പറഞ്ഞുതന്നു. ഉപ്പാന്റെ പേര് ചേരമ്മല്‍ മൂസക്കോയ എന്നും പറഞ്ഞുകൊടുത്തു. ചേരമ്മല്‍ മൂസക്കോയ എന്ന പേര് ഉസ്മാന്‍ ഡോകടരുടെ അടുത്ത് പ്രയോഗിക്കാന്‍ സ്ഥലമുടമയുടെ അച്ഛന്‍; ഉടനെ തന്റെ കയ്യിലുള്ള് പോക്കറ്റ് ബുക്കില്‍ കുറിച്ചിടുകയും ചെയ്തു. കോമുവിനെയും കൂട്ടി ചന്തയിലെ പ്രഥമാന്വേഷണം കഴിഞ്ഞ് തിരിച്ചുപോകുന്ന വഴി ഉസ്മാന്‍ ഡോക്ടരുടെ ക്ലിനിക്കില്‍ കാത്തുനിന്ന് രോഗികള്‍ കുറഞ്ഞ ഒരു പഴുതില്‍ക്കൂടെ കയറിപ്പറ്റി.
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ തന്റെ മൂന്ന് കൊല്ലം ജൂനിയറും പിന്നീട് മരുന്നുകമ്പനി പ്രതിനിധിയും പൂര്‍വ്വ വിദ്യാര്‍ത്ഥി അംഗവുമായ അയാളെ ഡോക്ടര്‍ പെട്ടന്ന് തിരിച്ചറിഞ്ഞു, കസാലയില്‍ ഇരിക്കാന്‍ പറഞ്ഞു. പുറത്ത് രോഗികള്‍ കാത്തുനില്‍ക്കുന്നതിനാല്‍ അധികം സമയമെടുക്കില്ലെന്ന് ഡോക്ടറെ ആശ്വസിപ്പിക്കുന്ന രീതിയില്‍ പറഞ്ഞശേഷം ചന്തയില്‍ വന്ന കാര്യവും സുലഭമായി പുല്ലുവളരുന്ന മകളുടെ അഞ്ചേക്കര്‍ സ്ഥലത്ത് പോത്തിന്‍ കന്നുകളെ വാങ്ങി വളര്‍ത്താന്‍പോകുന്ന വിവരവും മറ്റും ഒരു സാമ്രാജ്യം കീഴടക്കുന്ന രീതിയില്‍ പറഞ്ഞു. പ്രധാന വിഷയമായ പരിചയപ്പെടല്‍ ശ്ര്ംഖലയിലെ കണ്ണിയായ ചേരമ്മല്‍ മൂസക്കോയ. മൂസക്കോയയുടെ പേര് പറഞ്ഞപ്പോള്‍ അറിയാം എന്നു മാത്രം പറഞ്ഞു, മിതഭാഷിയായ ഉസ്മാന്‍ ഡോക്ടര്‍ മൗനം പൂണ്ടു. അടുത്ത ആഴ്ച്ച പോത്തിന്‍ കന്നുകളെ വാങ്ങാന്‍ വരുമ്പോള്‍ കാണാമെന്ന് പറഞ്ഞു സ്ഥലം വിട്ടു. സില്‍ബന്ധി കോമു പുറത്ത് കാത്തുനില്‍ക്കുന്നു. അന്നത്തെ തീരുമാനപ്രകാരം അടുത്ത വ്യാഴാഴ്ച്ച കൊടുവള്ളിച്ചന്തയിലേക്ക് പോത്തിനെ വാങ്ങാന്‍ കോമുവിനെയും കൂട്ടി പുറപ്പെട്ടു. കച്ചവടക്കാരന്‍ മജീദ് പരിചയം നടിച്ചെങ്കിലും പഴയ ലോഗ്യമില്ല. കച്ചവടത്തിരക്കുകൊണ്ടായിരിക്കും എന്ന് സമാധാനിച്ചു സ്വയം ആശ്വാസം കണ്ടെത്തി. പോത്തുകളുടെയും പോത്തിന്‍ കന്നുകളുടെയും പശുക്കന്നുകളുടെയും ഇടയില്‍ വിഹരിച്ചു ചന്തയിലുടനീളം നടന്നുകൊണ്ടിരിക്കുന്ന മജീദ് എന്ന കച്ചവടക്കാരന്‍ ഒരു നോക്ക് കോമുവിന്റെയും മുതലാളിയുടെയും അടുത്തുവന്ന് രണ്ട് പോത്തിന്‍ കന്നുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു ”ഇത് ഞാന്‍ ഇങ്ങക്ക് വേണ്ടി ബെച്ചതാ” കോമുവും മുതലാളിയും അതിനെയൊന്ന് നോക്കി, മറ്റൊരു ജോഡിയെ ശ്രദ്ധിച്ചു. അത് മനസ്സിലാക്കിയ ഒരു തൊപ്പിക്കാരന്‍ കോയ വാങ്ങുന്നവരെ സഹായിക്കുന്നവനാണെന്ന ഭാവത്തില്‍ രണ്ടാമത്തെ ജോഡിയെ ചൂണ്ടി ”ഇങ്ങള് അയ്‌നെ ബാങ്ങിക്കോളീ.., അതാ നല്ലത്” എന്ന പറഞ്ഞു ഗുണകാംക്ഷിയായി. അത് കൂടാതെ തെങ്ങിന്‍ തോപ്പ് വരെ എത്തിക്കേണ്ട റഫീക്ക് എന്ന കൂട് ഓട്ടോക്കാരനും ആ കന്നുകളുടെ ഭാഗത്തുതന്നെയായിരുന്നു. ഭൂരിപക്ഷം കിട്ടിയ ആ ഒന്നരവയസ്സുകാര്‍ പോത്തുകളെ വില പേശി കച്ചവടം ഉറപ്പിച്ചു. എന്നാല്‍ വിലപേശുന്ന സമയം ഞങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും കച്ചവടമൊറപ്പിക്കുമെന്നും തോന്നിയപ്പോള്‍ മജീദ് കൂടുതല്‍ പരുക്കനായി; ഒരുതരം ബെല്ലാരി രാജയായി. ഉസ്മാന്‍ ഡോക്ടറും ചേരമ്മല്‍ മൂസക്കോയ തമ്മിലുള്ള പരിചയമൊന്നും അവിടെ വിലപ്പോയില്ല; എന്നുമാത്രമല്ല, ”ഞങ്ങള്‍ക്ക് ഇനിയും വേണ്ടിവരും അതിനാല്‍ ഇനിയും വരും” എന്ന് പ്രതീക്ഷ നല്‍കിയപ്പോള്‍ ഉത്തരമായി ”ഇങ്ങള് ബന്നിക്കില്ലേങ്കിലും സാരല്ല” എന്ന് മുഖത്തടിച്ചപോലെ നിഷ്‌കരുണം പറയുവാനും മടിയുണ്ടായില്ല.
പോത്തിനെ റഫീക്കിന്റെ കൂടോട്ടോയില്‍ കയറ്റുന്നതിന്ന് മുന്‍പ് ഒരു ചായകുടിക്കാം എന്ന് പറഞ്ഞ് റഫീക്കിനെയും കൂടെക്കൂട്ടി. റഫീക്ക് പറഞ്ഞു അയാക്കെന്തെങ്കിലും കൊടുത്തോളീ. എന്തിനെന്ന് ചോദിച്ചപ്പോള്‍ ”അതൊക്ക്യൊരു മാമൂലല്ലേ? എന്ന ഉത്തരം തൊപ്പിക്കോയ ഒരു ദല്ലാളാനെന്ന സൂചന തന്നു. 100 തൊപ്പിക്കോയക്ക് പാസ്സാക്കി ഹോട്ടലിലേക്ക് നടക്കുമ്പോള്‍ മൂപ്പരെയും ചായക്ക് ക്ഷണിച്ചു. വിനയപൂര്‍വ്വം നിരസിച്ചു. നേരെ മുന്നിലുള്ള ചെറുകിട ഹോട്ടലില്‍ കയറി ഓരൊ പത്തിരിയും ചായയും കുടിയ്ക്കാന്‍ തുടങ്ങുമ്പോഴെക്കതാ തൊപ്പിക്കോയ വന്ന് അടുത്ത സ്റ്റൂളിലിരിക്കുന്നു. ”ന്‍യ്ക്ക് ഗേസിന്റെ അസുകണ്ടേ?” എന്ന് അവ്യക്തമായി പറഞ്ഞു. അല്പ്പം മുന്‍പ് വിളിച്ചപ്പോള്‍ വരാതിരിന്നതോ, ഇപ്പ വന്നതോ എന്താണ് ആ വിശദീകരണത്തിന്റെ ഉദ്ദ്യേശം എന്ന് മനസ്സിലായില്ല. പത്തിരിയും ചായയും കഴിക്കുന്നതിന്നിടയില്‍ തൊപ്പിക്കോയ: ”അത് ഞമ്മളെ മോനാണേ”ആര് മജീദോ? ങാ….എന്നുത്തരവും നല്‍കി. അങ്ങിനെ മോന്റെ കച്ചോടത്തിന്ന് ബാപ്പ ദല്ലാളായ സംഭവവും കണ്ടു…. ചേരമ്മല്‍ മൂസക്കോയ എന്ന ദല്ലാളിനെ അടുത്തറിഞ്ഞു
പിന്നെന്തിനാ 100 വാങ്ങിയത് എന്ന് ചോദിക്കാനൊന്നും നിന്നില്ല. നാലു പേരുടെ ചായ, പത്തിരി വില ഹോട്ടലുകാരന്‍ കോയക്ക് കൊടുത്തു, കൂടോട്ടോയില്‍ രണ്ട് പോത്തിന്‍ കന്നുകളെ കയറ്റി, ചന്തയിലെ ക്രൂരതയില്‍നിന്ന് രക്ഷിച്ച, ഒരു ജീവകാരുണ്യപ്രവര്‍ത്തനം ചെയ്‌തെന്നാശ്വസിച്ചുകൊണ്ട് സ്ഥലം വിട്ടു. പുല്ലിന്റെ സമ്ര്ദ്ധിയുള്ള ഒള്ളൂര്‍ ഗ്രാമത്തിലെ പോത്തിനെ വളര്‍ത്താനുദ്ദ്യേശിച്ച തോട്ടത്തില്‍ ഓട്ടോയിലെത്തിയ പോത്തിന്‍ കന്നുകളെ ഇറക്കി, ഭൂമിയിലെത്തുമ്പോഴേക്ക് കന്നുകള്‍ തീറ്റി തുടങ്ങി. നിര്‍ത്താതെയുള്ള തീറ്റി…. അങ്ങോട്ടുമിങ്ങോട്ടും നോട്ടമില്ല. പുല്ല് തിന്നു തീര്‍ക്കലും തെങ്ങിന്നു വേണ്ട ചാണകം ഇടലും എന്നീ രണ്ടുപണികളായിരുന്നു പോത്തിന്‍ കന്നുകളെക്കൊണ്ടുദ്ദ്യേശിച്ചത്. അതില്‍ ആദ്യത്തെ പണി നന്നായി നിര്‍വ്വഹിച്ചു. രണ്ടാമത്തേതിന്ന് കാത്തുനില്‍ക്കേണ്ടത് ഒരു സാധാരണ മര്യാദയല്ലെ? അതിന്ന് പുല്ല് കൂടാതെ കാലിത്തീറ്റയും കൂടി അല്പസ്വല്പം നല്‍കുവാന്‍ തീരുമാനിച്ചു. കോമു ഉള്ളൂരങ്ങാടിയില്‍ കോയയുടെ മസാലപ്പീടികയില്‍ പോയി ഒരു കിലോ കെ എസ് കാലിത്തീറ്റ വാങ്ങി രണ്ട് പോത്തിന്‍ കന്നുകള്‍ക്കും വീതിച്ചു കൊടുത്തു.
ഒള്ളൂരില്‍ പോത്തിനെ വളര്‍ത്തല്‍ പലര്‍ക്കും പരിചയമുള്ള ഒരു സംഗതിയാണ്. അന്‍പത്കാരനായ കോമു തന്റെ ചെറുപ്പകാലത്ത് കന്നുപൂട്ടല്‍കാരന്‍ പോക്കര്‍ പോത്തിനെ കൊണ്ടുനടന്ന സംഭവം അയവിറക്കി, മൊതലാളിയോട് വിവരിച്ചു. ഇവടെ എന്റെ ചെറുപ്പത്തില്‍ പോക്കര്‍ എന്ന ഒരു കന്ന് പൂട്ടുകാരനുണ്ടായിരുന്നു. ഓന്‍ പോത്തിന് മാലയൊക്കെ ഇട്ടിറ്റാ കൊണ്ട്‌നടക്കല്. പെരുന്തല്ലി ഭാഗത്തുള്ള ഓന്റെ ബീട്ട്ന്ന് ഒള്ളൂരില്‍ ദേവന്റെ ചായപ്പിട്യേല്‍ ചായ കുടിക്കാന്‍ പോത്തിന്റെ പൊറത്ത് കാര്യാ ബെരുവ. അത്യോ? എന്ന് മൊതലാളി അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ കോമു വിവരണത്തിന്ന് ആവേശം കൂടി. ങാ… ഓന്‍ മോട്ടോര്‍ സൈക്കള്‍ നിര്‍ത്തുന്ന പോലെ പോത്തിനെ ചായപ്പീട്യേന്റെ പൊറത്ത് നിര്‍ത്തി ചായ കുടിക്കാന്‍ ദേവന്റെ പീട്യേലേക്ക് കാരും. പോത്തിന് ചായ വാങ്ങിക്കൊടുക്കുമോ? എന്ന് ചോദിച്ചപ്പോള്‍ ചെലപ്പൊ അതും ചെയ്യും. പിട്ടെല്ലം വാങ്ങിക്കൊടുക്കും. ഇനിയും സംശയനിവര്‍ത്തി വരുത്ത്യാല്‍ പൊറാട്ടയും ചാപ്‌സും വരെ വാങ്ങിക്കൊടുക്കും എന്ന സ്ഥിതിയിലായിരുന്നു വിവരണത്തിന്റെ ആവേശം. പോത്ത് കച്ചവടക്കാരത്തി മറിയത്തെ ഒള്ളൂരില്‍ എല്ലാവര്‍ക്കും പോത്ത്മറിയം എന്ന പേരില്‍ അറിയാം. മറിയത്തിന്റെ പോത്തുകള്‍ വയലില്‍ ചെല്ലി എന്ന പേരുള്ള നീണ്ട തണ്ടുള്ള പുല്ല് തിന്ന് മേയുന്നത് എല്ലാവര്‍ക്കും അറിയുന്ന സംഗതിയാണ്. സൗദ്യേലുള്ള മറിയത്തിന്റെ മോന്‍ മദ്യം കാറില്‍ ഒളിച്ചു കടത്തിയതിന്റെ പേരില്‍ ജയിലിലായപ്പോള്‍ പണത്തിന്ന് വേണ്ടി തന്റെ പോത്തുകളെ മുഴുവന്‍ വിറ്റ കഥ നാട്ടില്‍ പാട്ടാണ്
ചങ്ങായിക്കല്‍ പറമ്പില്‍ രണ്ട് പോത്തിന്‍ കുട്ടികളെ വാങ്ങിയെന്ന വാര്‍ത്ത കേട്ട് പന്തലും കസാലയും മറ്റും വാടകക്ക് കൊടുക്കുന്ന വാടക അന്ത്രു, തേങ്ങക്കച്ചോടം കുഞ്ഞാപ്പു എന്നിവര്‍ കാണാന്‍ വന്നു. ഭാര്യയുടെ നാലാം കെട്ടും തന്റെ മൂന്നാം കെട്ടും കഴിഞ്ഞ അന്ത്രു, ‘ഇത് വെലുതയാല്‍ നല്ലൊരെരുമേനെ കൊണ്ടേരണം’ എന്ന് മൂപ്പരുടെ അഭിരുചിക്കനുസരിച്ച ഒരഭിപ്രായം പാസ്സാക്കി. സ്ഥലത്തെ പ്രമുഖനും പരസ്പരം കലഹിപ്പിക്കുന്നതില്‍ നാരദമുനിയുടെ അവതാരവുമായ ഇമ്പിച്ചി മൊതലാളിഅഭിപ്രായം പറഞ്ഞു ”എനി മൂന്നെണ്ണത്തിന്യും കൂടി വാങ്ങണം” എന്നാലേ പറമ്പിന് ഒരു ബൗസ് വെരൂ. അന്ത്രു, പോത്തിന്‍ കന്നുകളെ അഴിച്ചു വിടാന്‍ നിര്‍ദ്ദേശിച്ചു. കോമുവിനും ആ അഭിപ്രായമുണ്ട്. എങ്കിലും മൊതലാളിയുടെ നിര്‍ദ്ദേശം തുറന്നു വിടരുത് എന്നാകയാല്‍ അല്പം മടിച്ചു. കുടിയന്‍ കണ്ണന്‍ ഒരു പോത്ത് വിദഗ്ദ്ധനെപ്പോലെ കോമുവിനോട് നിര്‍ദ്ദേശിച്ചു; ”അയ്റ്റിങ്ങളെ തൊറന്ന് വിട്ടേക്ക് കോമൂ. ഇഞ്ഞി പേടിക്കണ്ട ഏട്യും പോവൂല്ല ഞാനെല്ലേ പറേന്നേ, ബുദ്ധിയില്ലാത്തൈറ്റിങ്ങളല്ലെ. കോമു തയ്യാറായില്ല. ബുദ്ധിയില്ലാത്തത് എന്ന അഭിപ്രായത്തോട് കോമൂന്യോജിപ്പില്ല. കാരണം കോമൂന്റെ മണം പിടിച്ച് അത് കോമുവിന്റെ അടുത്തേക്ക് വരുന്നത് അയാളുടെ അനുഭവമാണ്. എന്നാല്‍ കണ്ണേട്ടന്‍ അതിന്ന് ബുദ്ധിയുണ്ടെന്ന് സമ്മതിച്ചുകൊടുക്കാന്‍ തയ്യാറല്ല. അതിന്റെ തെളിവും കണ്ണേട്ടന്‍ പറഞ്ഞു. ”ബുദ്ധ്യൂണ്ടെങ്കില്‍ പിന്ന്യെന്തിനാടോ അയ്‌നെ പോത്ത്ന്ന് ബിളിക്ക്‌ന്നെ? കണ്ണേട്ടനോട് യോജിച്ചുകൊണ്ട് മീന്‍പിടുത്തക്കാരന്‍ ചാത്തുക്കുട്ടിയും തെങ്ങില്‍ കയറുന്ന സന്തോഷും ഇതുതന്നെ പറഞ്ഞു അപ്പൊ കോമുവിന്ന് തോന്നി. അത് ശരിയാണല്ലോ എന്ന്. അല്ലാതെ അയ്‌നെ പോത്ത് ന്ന് വിളിക്കൂല്ലല്ലോ? അങ്ങിനെ രണ്ടും കല്പിച്ചൊരു ദിവസം ബുദ്ധിയില്ലാത്ത പോത്ത് മറ്റെവിടെയും പോകില്ലെന്ന് തീരുമാനിച്ചുറപ്പിച്ച കോമു രണ്ട് പോത്തിന്‍ കന്നുകളെയും അഴിച്ചുവിട്ടു. അരമണിക്കൂര്‍ കഴിഞ്ഞു. പോത്തിന്‍ കന്നുകളെ കാണാനില്ല. പറമ്പ് മുഴുവന്‍ തെരഞ്ഞു അവസാനം പുത്തഞ്ചേരി വെള്ളക്കെട്ടിന്നടുത്തു വെച്ച് പോത്തിന്‍ കന്നുകളെ പിടികൂടി. പിന്നീടങ്ങോട്ട് പോത്തിന്‍ കന്നുകള്‍ക്ക് കെട്ടിയിട്ട ജീവിതമായിരുന്നു. കോമു ഒരുദിവസം പോത്തിന്‍ കന്നുകളെ തോട്ടത്തിലെ വെള്ളച്ചാലിന്നരുകില്‍ കെട്ടിയിട്ട് സ്ഥലം വിട്ടു. വെള്ളം കണ്ട പോത്ത് അതിലേക്ക് ചാടി. കയര്‍ കഴുത്തില്‍ ചുറ്റി, പോത്തിന്‍ കുട്ടിയെ നീന്തം പഠിപ്പിക്കേണ്ട എന്ന പഴഞ്ചൊല്ല് അതിന്ന് വന്നുഭവിച്ചത് കയറില്‍ ചുറ്റി നീന്താന്‍ പറ്റാത്ത വിധത്തില്‍ അറംപറ്റിയ രീതിയിലായിരുന്നു. കോമു വന്നപ്പോള്‍ വെള്ളം കുടിച്ച് വയറുവീര്‍ത്ത പോത്തിന്‍ കുട്ടിയുടെ ജഢം വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു.